Sunday, February 10, 2013

ഗൂഗിൾ സ്കോളറും മതപ്രചാരണ ബോണസും!


ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും, പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ പ്രബന്ധങ്ങളെക്കുറിച്ചു മറ്റ് ഗവേഷകർ പിന്നീട് വരുന്ന പ്രബന്ധങ്ങളിൽ പരാമർശിക്കുകയും ചെയ്യുന്ന "സൈറ്റേഷൻ" എന്ന എടപാടിനെക്കുറിച്ച്  ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. 

പബ്മെഡ് പോലെയുള്ള തിരച്ചിൽ സംവിധാനങ്ങളുണ്ടെങ്കിലും ഗവേഷണവിവരങ്ങൾ എളുപ്പം തിരഞ്ഞ് കണ്ടെത്താൻ സാധാരണക്കാരും, ഗവേഷകരും ഒക്കെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിളും ഗൂഗിൾ സ്കോളറും ഒക്കെയാണെന്ന് തോന്നുന്നു. അതിൽ തന്നെ ഗൂഗിൾ സ്കോളർ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു തിരച്ചിൽ സംവിധാനമാണ്.

തിരച്ചിൽ ഫലമായി കിട്ടുന്ന ആർട്ടിക്കിളുകളോടൊപ്പം പ്രസ്തുത ആർട്ടിക്കിളിനു  എത്ര സൈറ്റേഷൻ കിട്ടിയിട്ടുണ്ട് എന്നത് സൂചിപ്പിക്കാൻ "സൈറ്റഡ് ബൈ" എന്ന് കൊടുത്തിട്ട് ഒരു സംഖ്യയും ഒപ്പം കൊടുക്കാറുണ്ട്.  സൈറ്റേഷന്റെ എണ്ണം കൂടുന്തോറും ആ പേപ്പറിന്റെ പ്രാധാന്യം, പോപ്പുലാരിറ്റി ഒക്കെ കൂടുന്നുവെന്നും, കൂടുതൽ ആധികാരികവും, മുഖവില"യ്ക്കെടുക്കപ്പെടേണ്ടതാണെന്നും ആളുകൾ കരുതും. അതാണതിന്റെ ഒരു രീതി.

എന്നാൽ ഗൂഗിൾ സ്കോളറിലെ സൈറ്റേഷൻ സംഖ്യ എത്രകണ്ട് വിശ്വസനീയമാണ് എന്ന് ഗൂഗിൾ സ്കോളർ ഉപയോഗിച്ചിട്ടുള്ള നിങ്ങളിൽ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?  ഇല്ലെങ്കിൽ നമുക്ക് അതൊന്ന് പരിശോധിക്കാം.

ഈയിടെ  ബയാന്റെ ഗൂഗിൾ പ്ലസ് പോസ്റ്റിൽ  ആത്മീയത, മതവിശ്വാസം എന്നിവയ്ക്ക് മനുഷ്യാരോഗ്യവുമായുള്ള ശക്തമായ ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന വാദം ചർച്ചയിൽ ഉയർന്നു വരികയും അതിനു ഉപോൽബലകമായി സിബു.സി.ജെ ഗൂഗിൾ സ്കോളറിൽ തിരഞ്ഞ് കിട്ടിയ ചില പഠനങ്ങൾ  കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.   അവിടെ സൂചിപ്പിക്കപ്പെട്ട സൈക്കോളജി പഠനങ്ങളുടെയെല്ലാം പ്രാധാന്യവും ആധികാരികതയും ഉറപ്പിക്കാൻ  ഒപ്പം തന്നെ സൈറ്റേഷൻ സംഖ്യയും കൊടുത്തിരുന്നു.    സൈക്കോളജി പോലെ ധാരാളമായി പേപ്പറുകൾ ഇറങ്ങുന്ന മേഖലയിൽ, മതപ്രചാരണ സോദ്ദേശ മനശാസ്ത്രസാഹിത്യം അച്ചടിച്ചിറക്കാൻ കൂണുകൾ പോലെ ജേണലുകൾ മുളച്ച് പൊന്തുന്ന ഇക്കാലത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സാമാന്യം  ഉയർന്ന സൈറ്റേഷനുകൾ ഉണ്ടാകുന്നതിൽ അൽഭുതമൊന്നും തോന്നേണ്ടതില്ല.  

എങ്കിലും പേപ്പറുകളുടെ സൈറ്റേഷൻ ക്രോസ് ചെക്ക് ചെയ്യുന്ന ശീലമുള്ളത് കൊണ്ട് 2003-ൽ ഇറങ്ങിയ ഒരു പഠനത്തിനു കിട്ടിയ ആയിരത്തിലധികം (1041) സൈറ്റേഷനുകൾ ഏതു തരത്തിലുള്ളതാണെന്ന് നോക്കുകയുണ്ടായി. പ്രസ്തുത പേപ്പറിന്റെ സൈറ്റേഷനിലുള്ള  2011-ൽ ഇറങ്ങിയ മറ്റൊരു പുസ്തകത്തിനു രണ്ട് വർഷത്തിനുള്ളിൽ 277 സൈറ്റേഷൻ എന്ന് കണ്ടപ്പോൾ ഒരു ചെറിയ സ്പെല്ലിങ്ങ് മിസ്റ്റേക്ക് തോന്നി. അതിനെ തുടർന്ന് ചുമ്മാ നടത്തിയ തിരച്ചിലിന്റെ  ഫലമാണ് ഈ പോസ്റ്റ്. സംഭവം രസകരമാണ്.  ഗൂഗിൾ സ്കോളറിൽ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനുള്ള ടൈം മെഷീൻ  ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഈ സൈറ്റേഷൻ മഷിനോട്ടത്തിൽ തെളിയുന്നത്. 

എങ്ങിനെയാണെന്ന് നോക്കാം.

ഇതാണ് 1041 സൈറ്റേഷനുകളുള്ള 2003-ലെ സ്പിരിച്വാലിറ്റി പേപ്പർ. പീറ്റർ ഹില്ലും, കെന്നത്ത് പർഗമെന്റും എഴുതിയത്.
--------

Advances in the conceptualization and measurement of religion and spirituality: Implications for physical and mental health research.

PC Hill, KI Pargament - 2008 - psycnet.apa.org

Cited by 1041
---------
ഇത് ശരിക്കും 2003-ൽ ഇറങ്ങിയ പേപ്പറാണ്. 2008-ൽ വീണ്ടും ഇറക്കിയതാണ് (സ്പിരിച്വാലിറ്റി റിലോഡഡ്!).

 Cited by 1041 ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ പേപ്പറിന്റെ സൈറ്റേഷൻ വിവരങ്ങൾ കിട്ടും. അതിന്റെ 
സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു.





































ഇതിൽ KI Pargament എഴുതി 2011-ൽ പുറത്തിറക്കിയ പുസ്തകത്തിനു 277 സൈറ്റേഷൻ ഉണ്ടെന്ന് കൊടുത്തിരിക്കുന്നു .
----------

[BOOK] Spiritually integrated psychotherapy: Understanding and addressing the sacred

KI Pargament - 2011 - books.google.com

----------

Cited by 277 എന്ന ലിങ്കിൽ  ഞെക്കിയാൽ കിട്ടുന്ന പേജിൽ പർഗാമെന്റിന്റെ പുസ്തകത്തിനു കിട്ടിയ സൈറ്റേഷനുകളുടെ വിശദാംശങ്ങൾ കിട്ടും. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു. 






































ചിത്രത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന വർഷങ്ങൾ ശ്രദ്ധിക്കുക.  2011-ൽ ഇറങ്ങിയ പർഗമെന്റിന്റെ പുസ്തകത്തെ  2010, 2009, 2008, 2007 എന്നീ വർഷങ്ങളിൽ ഇറങ്ങിയ പേപ്പറുകൾ/പുസ്തകങ്ങൾ  ഒക്കെ സൈറ്റ് ചെയ്തിരിക്കുന്നതായി ഗൂഗിൾ സ്കോളർ കാണിക്കുന്നു!  
ഏറ്റവും വലിയ തമാശ 2011-ൽ പർഗമെന്റ് ഇറക്കിയ പുസ്തകത്തെ അതിനും നാലു വർഷം മുൻപ് 2007-ൽ അങ്ങേരു തന്നെ മറ്റൊരു പേപ്പറിൽ സൈറ്റ് ചെയ്തിരിക്കുന്നു എന്നാണ് ഗൂഗിൾ സ്കോളർ നമ്മോട് പറയുന്നത്! വേണമെങ്കിൽ നാലു വർഷം മുന്നേ സൈറ്റ് ചെയ്തേക്കാമെന്ന് യേത്!  അന്യായ ടൈംട്രാവൽ തന്നെ ഗൂഗിൾ സ്കോളറേ... :)

ഒരു പേജിന്റെ സ്ക്രീൻ ഷോട്ട് മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ.  277 സൈറ്റേഷനുകളിൽ എത്ര എണ്ണം 2011-നും 2013-നും ഇടയ്ക്ക് (പുസ്തകം ഇറങ്ങിയ ശേഷം) ഉള്ളതാണെന്ന് നോക്കാൻ ഈ കാലഘട്ടം  (കസ്റ്റം റേഞ്ച്)  സെറ്റ് ചെയ്തിട്ട് തിരഞ്ഞാൽ മതിയാകും. അതിന്റെ ഫലം ഇവിടെ നോക്കുക. മൊത്തം 134 എണ്ണം ഉണ്ടെന്ന് കാണാം. അതായത് 277-ൽ 134 എണ്ണം പുസ്തകം ഇറങ്ങിയശേഷം കിട്ടിയ സൈറ്റേഷനുകളാണ്. ബാക്കിവരുന്ന  143 എണ്ണം (51.62%) ഗൂഗിൾ സ്കോളറിന്റെ വക ബോണസായി കൊടുത്തിരിക്കുന്ന  ഭൂതകാലസൈറ്റേഷനുകളാണ്. 

ആത്മീയതാഗവേഷണത്തിനും,  മത-അശാസ്ത്രീയ ഉഡായിപ്പുകൾക്കും പാമ്പൻ പാലത്തിന്റെ ഉറപ്പും ബലവും , ആധികാരികതയും നൽകാൻ ഗൂഗിൾ സ്കോളർ കണ്ടെത്തിയ കുറുക്കുവഴിയാണോ ഈ സൈറ്റേഷൻ സംഭാവന?  അതോ ഗൂഗിൾ സ്കോളറിന്റെ സൈറ്റേഷൻ കൗണ്ടറിലെ സാങ്കേതിക പോരായ്മയോ?  സാങ്കേതിക പോരായ്മയാണെങ്കിൽ മറ്റു വിഷയത്തിലെ സൈറ്റേഷനുകൾക്കും ഇതേ പ്രശ്നം ഉണ്ടായിരിക്കണം. 

ഉദാഹരണത്തിനു ബയോളജി വിഷയം നോക്കാം. 2012-ൽ ഫിസിയോളജി&മെഡിസിനു നോബൽ സമ്മാനം കിട്ടിയ ഷിന്യാ യമനാക്കയുടെ 2006-ലെ പ്രശസ്തമായ 'സെൽ' പേപ്പറിന്റെ സൈറ്റേഷനുകൾ ഗൂഗിൾ സ്കോളറിൽ പരിശോധിച്ച് നോക്കാം.
-----------

Induction of pluripotent stem cells from mouse embryonic and adult fibroblast cultures by defined factors

K Takahashi, S Yamanaka - cell, 2006 - Elsevier
Cited by 6726
-------------
Cited by 6726 എന്ന ലിങ്കിൽ ഞെക്കിപ്പോയാൽ ഈ 6726 സൈറ്റേഷനുകളുടെ വിശദാംശങ്ങൾ കിട്ടും. നിരവധി പേജുകളിലായി നീണ്ടു കിടക്കുന്ന ഇതിൽ പേപ്പർ ഇറങ്ങിയ 2006-നു മുൻപ് എത്ര സൈറ്റേഷൻ ഉണ്ടെന്ന് അറിയാൻ 2002-2006 എന്ന നിശ്ചിത കാലഘട്ടം സെറ്റ് ചെയ്ത് സെർച്ച് ചെയ്ത് നോക്കിയാൽ മതി. അതിന്റെ ഫലം ഇവിടെ.  മൊത്തം  നാലു സൈറ്റേഷനേ 2006-നു മുൻപായി ലിസ്റ്റ് ചെയ്തിട്ടുള്ളൂ (2002-ൽ 1, 2004-ൽ 1, 2005-ൽ 2). മൊത്തം 6726-ൽ നാലെണ്ണം മാത്രമേ ഗൂഗിൾ സ്കോളറിന്റെ വക ബോണസ് കൊടുത്തിട്ടുള്ളൂ. അതായത്  വെറും തുച്ഛമായ  0.059%!  

സ്റ്റെം സെൽ റിസർച്ചും, യമനാക്കയും എന്താ രണ്ടാം കെട്ടിലുള്ളതാണോ ഗൂഗിൾ സ്കോളറേ? :)
അവർക്ക് കുറച്ച് സൈറ്റേഷൻ ബോണസ് കൂട്ടിക്കൊടുത്താൽ എന്താ പുളിക്കുമോ? :)

ഈ പ്രതിഭാസത്തിനു പലതരം വ്യാഖ്യാനങ്ങൾക്ക് സ്കോപ്പുണ്ട്.
  1. സ്റ്റെം സെൽ റിസർച്ചിനെ എതിർക്കുന്ന,  ആത്മീയ-മത-ശാസ്ത്ര-ഉഡായിപ്പിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വലതുപക്ഷ ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ കറുത്ത കരങ്ങൾ ഈ ഗൂഗിൾ സ്കോളർ സ്കാമിനു പിന്നിലുണ്ടാവാം. (കോൺസ്പിരസി തിയറി ഒന്ന്)
  2. ശാസ്ത്രത്തെ ഏറെക്കുറെ കൃത്യമായും, മത/ആത്മീയ ഉഡായിപ്പുകളെ തെറ്റായും ചിത്രീകരിക്കുന്നതിലൂടെ ഗൂഗിൾ സ്കോളർ ശാസ്ത്രത്തിനൊപ്പം നിൽക്കുന്നു.  തെറ്റിദ്ധാരണയുണ്ടാക്കുന്ന "ഫീൽ ഗുഡ്" ഫാക്റ്റർ മാത്രമാണ് മതം എന്ന് ഉറക്കെ വിളിച്ച് പറയുന്നു. (കോൺസ്പിരസി തിയറി രണ്ട്)
  3. ഗൂഗിൾ സ്കോളറിന്റെ സൈറ്റേഷൻ കൗണ്ടറിനു സാമൂഹ്യ/മനശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സാരമായ തകരാറുണ്ട്. (ശരിക്കും ഇതാവും പ്രശ്നം. ഗൂഗിൾ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരനടപടികൾ കൈക്കൊള്ളുമെന്ന് ആശിക്കുന്നു. )

എന്തായാലും ഗൂഗിൾ സ്കോളർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇതുപോലെയുള്ള സൈറ്റേഷനുകളുടെ എണ്ണം കണ്ണുമടച്ചങ്ങ് വിശ്വസിക്കരുത്. അല്ലെങ്കിൽ തന്നെ ഒരു കാര്യവും കണ്ണടച്ച് വിശ്വസിച്ച് മുഖവിലയ്ക്കെടുക്കരുത്.  സംശയിക്കാനും ചോദ്യം ചെയ്യാനും ഉള്ള വിദ്യാർത്ഥിമനസ്സോടെ വേണം എന്ത് വിഷയത്തെയും, പ്രത്യേകിച്ച് പഠനവിഷയങ്ങളെ സമീപിക്കാൻ.    


പി.എസ്: ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഗൂഗിൾ സ്കോളറിന്റെ ഇത്തരം പോരായ്മകളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റ് ചില ലേഖനങ്ങളും ശ്രദ്ധയിൽപ്പെട്ടു. അതിൽ ഒരെണ്ണം ഇതാ ഇവിടെ.

Sunday, February 03, 2013

അനശ്വരതയുടെ കീഴാളകോശങ്ങൾ ( ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഭാഗം രണ്ട്

1966 സെപ്റ്റംബർ.
ഡോ.സ്റ്റാൻലി ഗാർട്ലർ
ചിത്രത്തിനു കടപ്പാട്
പെൻസിൽവാനിയയിലെ ബെഡ്ഫോഡ് എന്ന ചെറുഗ്രാമത്തിലെ ഒരു ഹോട്ടലിൽ വെച്ച് ഡോക്ടർ ജോർജ് ഗയ്  ഉൾപ്പെടെ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള  എഴുന്നൂറോളം വിദഗ്ദർ പങ്കെടുത്ത  ഒരു കോൺഫറൻസിൽ വെച്ചാണ്  ഏവരെയും ഞെട്ടിച്ച് കൊണ്ട്,  താരതമ്യേന അപ്രശസ്തനായിരുന്ന സ്റ്റാൻലി ഗാർട്ലർ എന്ന ജനിതകശാസ്ത്രജ്ഞൻ   "ഹീലാബോംബ്"  പൊട്ടിക്കുന്നത്.  ടിഷ്യൂ കൾച്ചർ രംഗത്തെ ഒരു 'സാങ്കേതികപ്രശ്നം' എന്ന മുഖവുരയോടെ ഗാർട്ലർ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതായിരുന്നു. കോശങ്ങളെ തമ്മിൽ വേർതിരിച്ചറിയാനുതകുന്ന നൂതനമായ അടയാളങ്ങൾ (പ്രോട്ടീൻ മാർക്കറുകൾ) കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാർട്ലർ. ഇതിന്റെ ഭാഗമായി പരിശോധിക്കപ്പെട്ട പതിനെട്ട് വ്യത്യസ്ത തരം കോശങ്ങളിലും ഗ്ലൂക്കോസ്-6-ഫോസ്ഫേറ്റ് ഡീഹൈഡ്രജനേസ്-എ (G6PD-A) എന്ന പ്രത്യേക പ്രോട്ടീൻ  അടയാളമുള്ളതായി കണ്ടെത്തി. 

കറുത്ത വർഗ്ഗക്കാരായ അമേരിക്കക്കാരിൽ മാത്രം കാണപ്പെടുന്ന (അവരിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന)  ഈ അടയാളം എങ്ങിനെ പതിനെട്ട് കോശങ്ങളിലും എത്തി എന്നത് ഒരു കുഴയ്ക്കുന്ന പ്രശ്നമായിരുന്നു. പതിനെട്ടു കോശങ്ങളിൽ ചിലതിന്റെയൊന്നും വംശീയഉറവിടം അറിയില്ലായിരുന്നുവെങ്കിലും, പലതും വെള്ളക്കാരിൽ (കോക്കേഷ്യൻ) നിന്നുമെടുത്തതും, ഒരെണ്ണം മാത്രം, ഹീലാ എന്ന അനശ്വരകോശം മാത്രം 'നീഗ്രോ'യുടേതാണെന്നും ഗാർട്ലർക്ക് അറിയാമായിരുന്നു. വെള്ളക്കാരുടെ കോശത്തിൽ കറുത്തവർഗക്കാരന്റെ അടയാളം കാണപ്പെട്ടതിന് ഏറ്റവും ലളിതമായ ഒരു വിശദീകരണമാണ് ഗാർട്ലർ മുന്നോട്ട് വെച്ചത്.   ഈ പതിനെട്ട് കോശങ്ങളിലും ഹീലാകോശങ്ങൾ കലർന്നിരിക്കുന്നു! അതല്ലെങ്കിൽ അവയെല്ലാം ഹീലാകോശങ്ങൾ തന്നെയാണ്!

കൂട്ടത്തിൽ മറ്റ് ചില പ്രസക്തമായ നിരീക്ഷണങ്ങൾ കൂടി ഗാർട്ലർ നടത്തി.

ഹീലായുടെ ഉൽഭവശേഷം മനുഷ്യരുടേതും, മറ്റ് മൃഗങ്ങളുടെയുമൊക്കെയായി നിരവധി കോശങ്ങൾ വളർത്തിയെടുക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ കാൻസർ കോശങ്ങളല്ലാത്ത, നോർമൽ കോശങ്ങളും ഉണ്ടായിരുന്നു.   വളർത്തിയെടുത്ത നോർമൽ കോശങ്ങൾ ചിലപ്പോഴൊക്കെ തളികകളിൽ  പൊടുന്നനെ  കാൻസർ കോശങ്ങളായി മാറുന്ന "സ്പോണ്ടേനിയസ് ട്രാൻസ്ഫർമേഷൻ" എന്ന പ്രതിഭാസവും ഇക്കാലയളവിൽ കണ്ടെത്തിയിരുന്നു. 1966-ലെ പ്രസ്തുത കോൺഫറൻസിനു ഏതാനും വർഷങ്ങൾക്ക് മുൻപ് ഗവേഷകർ ബാക്റ്റീരിയ, വൈറസ് എന്നിവയുടെയും, കോശങ്ങൾ പരസ്പരവും നടക്കാവുന്ന കൂടിക്കലരലുകൾ  ഒഴിവാക്കാനായി കർശനമായ അണുവിമുക്ത സാഹചര്യങ്ങളും, സാങ്കേതികരീതികളും ഒക്കെ നടപ്പിലാക്കി ഉപയോഗിച്ച് തുടങ്ങിയിരുന്നു.  ഈ നടപടിക്രമങ്ങളെ തുടർന്ന് പൊതുവെ കോശങ്ങളെ വളർത്തുക എന്നത്  കുറെക്കൂടി ദുഷ്കരമാവുകയും, വളരെ ചുരുക്കം മാത്രം പുതിയതരം കോശങ്ങളുടെ വികസനം  റിപ്പോർട്ട് ചെയ്യപ്പെടുകയും, തളികകളിൽ നോർമൽ കോശങ്ങൾ പൊടുന്നനെ കാൻസർ കോശങ്ങളാകുന്ന പ്രതിഭാസം ഏതാണ്ട് നിലയ്ക്കുകയും ചെയ്തു!

ഗാർട്ലറുടെ ഈ നിരീക്ഷണങ്ങൾ കേട്ടിരുന്നവർക്ക് അപ്പോൾ തന്നെ കാര്യം പിടികിട്ടി.  ഇത്തരം പൊടുന്നനെയുള്ള ട്രാൻസ്ഫമേഷനും,  "എളുപ്പത്തിലുള്ള" വളർച്ചയും ഒക്കെ ഉണ്ടാക്കിയത്  ഹീലാ എന്ന അതിവേഗവളർച്ചയുള്ള കാൻസർ കോശത്തിന്റെ സാന്നിധ്യം ആയിരുന്നു. മിക്ക ലാബുകളിലും നിത്യവും ഉപയോഗിച്ചിരുന്ന ഹീലാ കോശങ്ങൾ   കർശനമായ സങ്കേതങ്ങൾ വരുന്നതിനു മുൻപ് തന്നെ, ഉപകരണങ്ങൾ വഴിയും,   കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധയും ഒക്കെ കാരണം മറ്റു കോശങ്ങൾക്കൊപ്പം കടന്നുകൂടുകയും, അതിവേഗം പെരുകി മറ്റ് കോശങ്ങളെ മറികടക്കുകയും ചെയ്തു.  സൂക്ഷ്മദർശിനിയിൽ കൂടി നോക്കിയാൽ മിക്ക  കോശങ്ങളും ഒരേപോലെയിരിക്കും എന്നത് കൊണ്ട്  ഒറ്റനോട്ടത്തിൽ ഇവയെ പരസ്പരം വേർതിരിച്ചറിയാനും എളുപ്പമായിരുന്നില്ല.
ഹീലാ കോശങ്ങൾ  ചിത്രത്തിനു കടപ്പാട്

ചുരുക്കത്തിൽ അതുവരെ തൊലിയുടെയും, കരളിന്റെയും,  ശ്വാസകോശത്തിന്റെയും എന്നൊക്കെ കരുതി ഗവേഷണം നടത്തിയിരുന്ന കോശങ്ങളെല്ലാം ഹെൻറിയറ്റ ലാക്സ് എന്ന നീഗ്രോവീട്ടമ്മയുടെ ഗർഭാശയഗളത്തിലെ അർബുദത്തിൽ നിന്നും ഉദയം കൊണ്ട ഹീലാകോശങ്ങൾ തന്നെയായിരുന്നു!
ഫലത്തിൽ മില്യൺ കണക്കിനു ഡോളറുകളുടെ ഗവേഷണം വെള്ളത്തിലായെന്നാണ് ഗാർട്ലർ പറയാതെ പറഞ്ഞത്. 

ഗാർട്ലറുടെ വെളിപ്പെടുത്തലുകൾക്ക് സാക്ഷിയായിരുന്ന പ്രശസ്തനായ ഒരു വെള്ളക്കാരന്‍ പ്രൊഫസര്‍ ലെനാഡ് ഹെഫ്ലിക് അന്നേ ദിവസം അവിടെ മറ്റൊരു സെഷനിൽ സംസാരിക്കുകയുണ്ടായി.  ഹെഫ്ലിക്ക് സ്വന്തമായി തന്റെ  മകൾ ഭ്രൂണനിദ്രയിൽ കഴിഞ്ഞിരുന്ന ഗർഭസഞ്ചിയിലെ (ആംനിയോട്ടിക് സാക്ക്) കോശങ്ങൾ വേർതിരിച്ചെടുത്ത് വളർത്തിയിരുന്നു. ഫിലഡെല്ഫിയയിലെ വിസ്താർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെയും മകൾ സൂസന്റെയും പേരക്ഷരങ്ങൾ വിളക്കിച്ചേർത്ത്  വിഷ് (WISH, Wistar Institute Susan Heyflick) എന്നു വിളിച്ച ഈ കോശം അക്ഷരാർത്ഥത്തിൽ ഹെഫ്ലിക്കിന്റെ മകൾകോശം (ഡോട്ടർ സെൽ) തന്നെയായിരുന്നു.  ഗാർട്ലർ പൊട്ടിച്ച ഹീലാബോംബിൽ വീണു തകർന്ന കോശങ്ങളുടെ ലിസ്റ്റിൽ 'വിഷ്' കോശവും ഉൾപ്പെട്ടിരുന്നു.   തന്റെ പ്രബന്ധാവതരണത്തിനു മുന്നോടിയായി ഹെഫ്ലിക്ക് ഇതിനോട് പ്രതികരിച്ചത് ഒരു തമാശയിലൂടെയാണ്.  മകൾ സൂസന്റെ അച്ഛൻ താൻ തന്നെയാണോ എന്ന്  ഭാര്യയെ വിളിച്ച് അന്വേഷിച്ചുവെന്നും,  ആണെന്ന കാര്യത്തിനു ഭാര്യ ഉറപ്പ് നൽകിയെന്നുമാണ്  ഹെഫ്ലിക്ക് പറഞ്ഞത്. അതായത് തന്റെ ഭാര്യ കറുത്ത വര്‍ഗക്കാരനുമായി ലൈംഗിക ബന്ധത്തിനു പോയിട്ടില്ല എന്ന് അയാള്‍ക്ക് ഉറപ്പു നൽകിയെന്ന്.  തമാശ കേട്ട് ജനം ആർത്ത് ചിരിച്ചു.

കൂടിക്കലർന്ന കോശത്തെ
 അടയാളപ്പെടുത്തിയിരിക്കുന്ന
ചിത്രം. കടപ്പാട്
ചിരിച്ചും അവഗണിച്ചും ഹീലാബോംബ് എന്ന ഭൂതത്തെയും ഗാർട്ലർ എന്ന ശത്രുവിനെയും കുടത്തിലടച്ചതായി നടിച്ച് മിക്ക ഗവേഷകരും അതാത് കോശങ്ങളിൽ പണി തുടർന്നുകൊണ്ടേയിരുന്നു. അന്നവിടെയുണ്ടായിരുന്ന വാൾട്ടർ നെൽസൺ റീസ് എന്ന ശാസ്ത്രജ്ഞൻ പക്ഷെ അടങ്ങിയിരുന്നില്ല. ക്യൂബയിൽ ജനിച്ച് ജർമ്മനിയിൽ വളർന്ന് അമേരിക്കൻ പൗരത്വം സ്വീകരിച്ച വാൾട്ടറിന്റെ ജീവിതം ഈ സംഭവത്തോടെ മാറ്റിമറിക്കപ്പെട്ടു.  നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തോടെ,  ഓക്ക്ലാൻഡിലെ നാഷണൽ നേവൽ ബയോസയൻസസ് എന്ന സ്ഥാപനത്തിൽ   സ്ഥാപിച്ച സെൽ കൾച്ചർ ലാബിന്റെ ഡയറക്റ്റർ ആയിരുന്നു വാൾട്ടർ. കോശങ്ങളെ ശേഖരിച്ച്, വർഗീകരിച്ച്, വിതരണത്തിനും, ഗവേഷണത്തിനുമായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹീലയുടെ കൂടിക്കലരൽ കോശബാങ്കിനും ഗവേഷണത്തിനും വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കിയ വാൾട്ടറിന്റെ ജീവിതലക്ഷ്യം  ഇതിനെ തടയുകയും,  മലിനീകരിക്കപ്പെട്ട കോശങ്ങളെ തേടിപ്പിടിച്ച്  കരിമ്പട്ടികയിൽ പെടുത്തുക എന്നതുമായിരുന്നു.  ഇതിന്റെ പേരിൽ "സെൽഫ് അപ്പോയിന്റഡ് വിജിലാന്റെ" എന്നറിയപ്പെട്ട വാൾട്ടറിന്  ഗവേഷകലോകത്തിന്റെ കടുത്ത ശത്രുതയാണ് നേരിടേണ്ടി വന്നത്.  
-------

1970-കളുടെ തുടക്കത്തിൽ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിയറ്റ്നാം യുദ്ധമേൽപ്പിച്ച രാഷ്ട്രീയപരിക്കുകളെ അതിജീവിച്ച്  പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി റിച്ചാഡ് നിക്സൺ അമേരിക്കൻ പൊതുജനത്തിനു മുന്നിൽ മറ്റൊരു 'യുദ്ധം' പ്രഖ്യാപിച്ചിരുന്നു, കാൻസറിനെതിരെയുള്ള യുദ്ധം.  ചുരുങ്ങിയ കാലത്തിനുള്ളിൽ കാൻസറിന്റെ  മൂലകാരണത്തെയും, അതിനുള്ള പ്രതിവിധിയെയും കണ്ടെത്തുവാനുള്ള പരക്കം പാച്ചിലിനു തുടക്കം കുറിച്ചു കൊണ്ട്  1971-ൽ നിക്സൺ "നാഷണൽ കാൻസർ ആക്റ്റിൽ" ഒപ്പു വെച്ചു.  ഇക്കാലത്ത് വൈറസുകളാണ് കാൻസറുണ്ടാക്കുന്നതെന്ന സിദ്ധാന്തം അതിശക്തമായി ഉയർന്നു വന്നിരുന്നു. ഒപ്പം കാൻസർ വൈറസിനെ കണ്ടെത്തി വാക്സീനുകൾ ഉണ്ടാക്കാനുള്ള  തീവ്രശ്രമവും.  ഇതിന്റെ ഫലമായി  അമേരിക്കൻ ഗവേഷകർ നിരവധി വൈറസുകളെ കണ്ടെത്തിയെങ്കിലും മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിയിക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈറസുകളെ (എപ്സ്റ്റൈൻ ബാർ വൈറസും ബർക്കിറ്റ് ലിംഫോമയുമായുള്ള സാഹചര്യബന്ധം  ഒഴിവാക്കിയാൽ) കണ്ടെത്താനായിരുന്നില്ല.

ഡോ.വാൾട്ടർ നെൽസൺ റീസ്
ചിത്രത്തിനു കടപ്പാട്
വിയറ്റ്നാം യുദ്ധത്തിൽ ശത്രുവായിരുന്നെങ്കിലും കാൻസറിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയുമായുള്ള സഹകരണം തേടിയിരുന്നു നിക്സൺ.   നിക്സൺ-ബ്രഷ്നേവ്  സഹകരണത്തിന്റെ ഭാഗമായി 1972-ൽ അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞർ തമ്മിൽ ഒരു പരസ്പധാരണയുണ്ടാവുകയും, ഗവേഷണകാര്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു.  ഏതാണ്ട് മുപ്പതോളം ഇനം മൃഗവൈറസുകളെ അമേരിക്ക റഷ്യക്ക് കൈമാറിയപ്പോൾ പകരം റഷ്യൻ ശാസ്ത്രജ്ഞന്മാർ അമേരിക്കയ്ക്ക് നൽകിയത്  അഞ്ച് തരം അർബുദകോശങ്ങളായിരുന്നു. അഞ്ച് വ്യത്യസ്ത ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യത്യസ്ത അർബുദരോഗികളിൽ നിന്നും വേർതിരിച്ചെടുത്ത  ഈ റഷ്യൻ കോശങ്ങളിൽ കാൻസർ ഉണ്ടാക്കുന്ന വൈറസിനെയും കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞപ്പോൾ അമേരിക്കൻ ശാസ്ത്രജ്ഞർ ശരിക്കും ഞെട്ടിപ്പോയി. തങ്ങൾക്ക് കഴിയാത്ത കാര്യം റഷ്യക്കാർക്ക് സാധിച്ചു എന്നതിലെ നിരാശ മറച്ച് വെച്ച് അവർ ഈ കോശങ്ങളെ കൂടുതൽ പരിശോധനക്കായും, സൂക്ഷിപ്പിനായും വാൾട്ടർ നെൽസൺ റീസിനെ ഏൽപ്പിച്ചു. കോശങ്ങളെ വിശദമായി  പരിശോധിച്ചതിന്റെ ഫലം വാൾട്ടറിനെപ്പോലും അൽഭുതപ്പെടുത്തുന്നതായിരുന്നു.    ഈ അഞ്ച് റഷ്യൻ കോശങ്ങളും ഹീലാ തന്നെയായിരുന്നു! അധികം താമസിയാതെ  കുരങ്ങുകളിൽ കാണപ്പെടുന്ന ഒരുതരം വൈറസ് ഈ കോശങ്ങളിൽ കലർന്നിരുന്നതായി അവർ മനസ്സിലാക്കി.

1973-ൽ  വാൾട്ടർ തന്നെ ഈ വിവരങ്ങൾ അമേരിക്കയിലെത്തിയ റഷ്യൻ ഗവേഷകരെ അറിയിച്ചു.  കടുത്ത നിരാശയും പ്രതിഷേധങ്ങളുമുണ്ടായെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാകാതെയിരിക്കാനായി പരസ്പരമുള്ള എക്സ്ചേഞ്ച് പ്രോഗ്രാം തുടരാനായിരുന്നു റഷ്യൻ തീരുമാനം. കാൻസറിനെ കീഴടക്കിയ കാലത്തെ അമേരിക്കൻ പ്രസിഡന്റായിരിക്കുക എന്ന നിക്സന്റെ മോഹം  അങ്ങിനെ ഹീലാ എന്ന കീഴാളകോശത്തിൽ തട്ടി പൊലിഞ്ഞുവീണു എന്ന് വേണമെങ്കിൽ പറയാം. തങ്ങൾ തേടിക്കൊണ്ടിരുന്ന കാൻസർ വൈറസുകളിൽ ഒരെണ്ണമാണ് ഹീലയെ ഹീലയാക്കിയതെന്നറിയാൻ ഗവേഷകർക്കു പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

അധികം താമസിയാതെ 1974-ൽ വാട്ടർഗേറ്റ് അപവാദത്തെത്തുടർന്ന് നിക്സൺ രാജിവെയ്ക്കുകയും, 1981-ൽ ഹീലാപവാദത്തെത്തുടർന്ന് ശത്രുക്കളുടെ നിരന്തരസമ്മർദ്ദത്താൽ സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന  'ഫണ്ടിങ്ങിന്റെ അഭാവം'  കാരണം വാൾട്ടർ നെൽസൺ റീസ്  കോശങ്ങളുടെ ലോകത്ത് നിന്നും സ്വയം വിരമിക്കുകയും ചെയ്തു.

ജീവിച്ചിരുന്നപ്പോള്‍ വര്‍ണ്ണ വിവേചനത്തിന് ഇരയായിരുന്ന ഹെന്‍റിയറ്റയുടെ മരണശേഷം അവരുടെ  കോശങ്ങളും വര്‍ണ്ണ വിവേചനത്തിന് ഇരയായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.  വായുവില്‍ കൂടി പോലും മറ്റു കോശങ്ങളില്‍ കലര്‍ന്ന് അവയെ ഉപയോഗശൂന്യമാക്കുന്ന ഭീകരകോശങ്ങളായി ഇതിനോടകം ഹീലാ കോശങ്ങള്‍ കുപ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞിരുന്നു.  പോയ കാലത്തിലെ പകയുടെ കനലുമായി ഒരു കീഴാളകോശം തങ്ങളുടെ വെളുത്തകോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നതായി പലരും കരുതിയിരുന്നിരിക്കണം.

ഹീലാബോംബ് സൃഷ്ടിച്ച പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ  ഇന്നും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഹീലാ  കോശങ്ങളുടെ 'ചരിത്രമറിയുന്ന' ശാസ്ത്രജ്ഞരിൽ പലരും അതിനെ സംശയത്തോടെയും ഭയത്തോടെയുമാണ് സമീപിക്കുക. എന്തായാലും G6PD-A എന്ന അടയാളവും ഇതരകോശങ്ങളിലേക്കുള്ള ഹീലായുടെ പകർന്നാട്ടവുമാണ് പിന്നീട് ഹെൻറിയറ്റയുടെ കുടുംബത്തെ തേടിപ്പിടിക്കാൻ ഗവേഷകർക്ക് പ്രേരണയായത്.
------

1973 ജൂൺ.
കണക്റ്റിക്കട്ടിലെ യേൽ സർവ്വകലാശാലയിൽ ഒന്നാമത്  'ഇന്റർനാഷണൽ വർക്ക്ഷോപ് ഓൺ ഹ്യൂമൻ ജീൻ മാപ്പിങ്ങ്' നടക്കുകയായിരുന്നു. പിൽക്കാലത്ത് പ്രശസ്തിയാർജിച്ച ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ആദ്യപടിയായിരുന്നു ഈ ഹ്യൂമൻ ജീൻ മാപ്പിങ്ങ് പ്രോഗ്രാം. അവിടെ കൂടിയ പല ഗവേഷകരെയും ഹീലായുടെ കണ്ടാമിനേഷൻ പ്രശ്നം അലട്ടിയിരുന്നു.  ഹീലായെ വേർതിരിച്ചറിയാൻ ഉതകുന്ന തനതായ ജനിതക അടയാളം കണ്ടെത്തിയാൽ എളുപ്പത്തിൽ കോശങ്ങളിലെ കലർപ്പ് തിരിച്ചറിയാൻ കഴിയുമെന്ന നിർദേശം ഉണ്ടായി. പ്രോട്ടീൻ വെച്ചുമാത്രമുള്ള തിരിച്ചറിയൽ ശ്രമകരവും അപൂർണ്ണവുമായിരുന്നു.  ജനിതക അടയാളം കണ്ടെത്താൻ ഹീലയുടെ ഡി.എൻ.എ-യെ  ഹെൻറിയറ്റയുടെ കുടുംബത്തിലെ മറ്റുള്ളവരുടെ (ഭർത്താവ്, മക്കൾ) ഡി.എൻ.എയുമായി താരതമ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹെൻറിയറ്റയുടെ കുടുംബത്തെ കണ്ടെത്തുകയും,  അവരുടെ ഡി.എൻ.എ ശേഖരിക്കുകയും ചെയ്യണം.

ജോൺസ് ഹോപ്കിൻസിലെ ജനിതകശാസ്ത്രജ്ഞനും, രോഗങ്ങളെ ജീനുകളുമായി ബന്ധിപ്പിക്കുന്നതിൽ വിദഗ്ദനുമായിരുന്ന ഡോ. വിക്റ്റർ മക്കൂസിക്ക് ഇക്കാര്യത്തിൽ സഹായിക്കാമെന്നേറ്റു. കാരണം ഹോപ്കിൻസിൽ സൂക്ഷിച്ചിരുന്ന ഹെൻറിയറ്റയുടെയും കുടുംബത്തിന്റെയും മെഡിക്കൽ റെക്കോഡുകളെക്കുറിച്ച് മക്കൂസിക്കിനു അറിയാമായിരുന്നു.  അദ്ദേഹം തന്റെ സഹപ്രവർത്തകരെ ഉടൻ തന്നെ ഈ ദൗത്യം ഏൽപ്പിച്ചു.
-------

1973-കളിലെ ഒരു ദിവസം.
ഹെന്‍‌റിയറ്റ ലാക്സ് മരിച്ച് ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ബാള്‍ട്ടിമോറിലുള്ള അവരുടെ ഭര്‍ത്താവ് ഡേവിഡ് ലാക്സിനു ഒരു ഫോണ്‍കാള്‍ വന്നു. വിക്റ്റർ മക്കൂസിക്കിന്റെ ലാബിലെ പോസ്റ്റ്ഡോക്റ്ററല്‍ ഗവേഷകയായ സൂസൻ സു  ആയിരുന്നു വിളിച്ചത്.  ചൈനാക്കാരിയായ സു ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്‍ മിക്കതും ഡേവിഡിനു മനസ്സിലായില്ല. ഫോണ്‍കാളിനൊടുവില്‍ അയാള്‍ ഞെട്ടലോടെ ധരിച്ചത് ഏതാണ്ടിങ്ങനെയായിരുന്നു . "ഹെൻറിയറ്റ പൂർണ്ണമായും മരിച്ചിട്ടില്ല,  പരീക്ഷണശാലയില്‍ ജീവിച്ചിരിപ്പുണ്ട്. മക്കളുടെയും, ഭർത്താവിന്റെയും രക്തം എടുത്ത് ചില പരിശോധനകൾ നടത്തണം, അവര്‍ക്കും ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് നോക്കുവാനാണു".  ഹെൻറിയറ്റയുടെ രോഗം തങ്ങൾക്കും വരുമോ എന്ന് അവർ ശരിക്കും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും മകൾ ഡെബ്ര. അതുകൊണ്ട് തന്നെ ഹോപ്കിൻസിൽ നിന്നും രക്തമെടുക്കാൻ വന്ന സൂവിനെയും ഒപ്പമുണ്ടായിരുന്ന ഡോക്റ്ററെയും അവർ വെറും കയ്യോടെ തിരിച്ചയച്ചില്ല.

തങ്ങൾക്ക് കാൻസർ വരുമോ എന്ന ആശങ്കയിൽ  ഈ രക്തപരിശോധനാഫലം അറിയുവാനായി പലതവണ ഹോപ്കിന്‌സില്‌ വിളിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും ഒന്നുമറിയില്ല എന്ന ഉത്തരമാണ്‌ ലഭിച്ചിരുന്നത്. ഒരിക്കൽ വിക്ടര്‍ മക്കൂസിക്കിനെ  ഡെബ്ര നേരിൽ കാണുകയുണ്ടായി.   ഡെബ്രയുടെ രക്തം ഗവേഷണാവശ്യത്തിനണെന്ന കാര്യം അപ്പോഴും ഡെബ്രയോട് പറഞ്ഞില്ല. അമ്മയെക്കുറിച്ച് അറിയാനുള്ള ആകാംഷയിൽ ഡെബ്ര മക്കൂസിക്കിനോട്  നിരവധി ചോദ്യങ്ങള്‍ ചോദിച്ചു.   പോളിയോ വാക്സിനെക്കുറിച്ചും, ഹീലാ കോശങ്ങൾ സ്പേസിൽ പോയതും, ആറ്റം ബോംബ് പരീക്ഷണവുമൊക്കെ മക്കൂസിക്ക് ഡെബ്രയ്ക്ക് പറഞ്ഞു കൊടുത്തു.

ആ കൂടിക്കാഴ്ചയ്ക്കൊടുവിൽ, പിൽക്കാലത്ത് മെഡിക്കൽ ജനറ്റിക്സിന്റെ പിതാവ് എന്നറിയപ്പെട്ട വിക്റ്റർ ആൽമൺ മക്കൂസിക്ക് എന്ന മഹാനായ ശാസ്ത്രജ്ഞൻ  താൻ എഴുതിയ 'മെഡിക്കല്‍ ജനറ്റിക്സ്' എന്ന പുസ്തകം ഒപ്പിട്ട് ഡെബ്രയ്ക്ക് കൊടുത്തു. തനിക്ക് തികച്ചും അപരിചിതമായ ജനിതകഭാഷകൊണ്ട്  കനമേറിയ ആ പാഠപുസ്തകത്തിൽ ഹെൻറിയറ്റ ലാക്സ് എന്ന പേരിനൊപ്പം അച്ചടിച്ച് വെച്ചിരുന്ന അമ്മയുടെ ചിത്രം കണ്ട് ആ മകൾ അൽഭുതസ്തബ്ധയായിപ്പോയി!
-------

1975-ൽ മൈക്കൽ റോജേഴ്സ് എന്ന യുവ ജേണലിസ്റ്റ്  റോളിങ്ങ് സ്റ്റോണിനു വേണ്ടി തയ്യാറാക്കിയ ഒരു ലേഖനത്തിലൂടെയാണ്‌ ഹീലാ കോശങ്ങൾ വാണിജ്യവൽക്കരിക്കപ്പെട്ട വിവരം ഹെൻറിയറ്റയുടെ കുടുംബം അറിയുന്നത്. ആരുടെയും അറിവോ സമ്മതമോ കൂടാതെ ഹെൻറിയറ്റയുടെ ശരീരഭാഗം മുറിച്ചു മാറ്റുകയും, അതില്‍ നിന്നും കോശങ്ങളെ വളര്‍ത്തിയെടുക്കുകയും, അത് വിറ്റു ഒരു കൂട്ടര്‍ ധനികരാവുകയും ചെയ്തു എന്ന വിവരങ്ങൾ  നിർധനരായ ആ കുടുംബം ഞെട്ടലോടെയാണു തിരിച്ചറിഞ്ഞത്. കറുത്ത വര്‍ഗക്കാരെ വെള്ളക്കാര്‍ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന ഒരു ഇരുണ്ട കാലം സൃഷ്ടിച്ച മുറിവുകള്‍  മനസ്സില്‍ ഉണങ്ങാതെ കിടന്നിരുന്നത് അവരുടെ കോപത്തെ ആളിക്കത്തിച്ചു. പക്ഷെ ഹോപ്കിൻസിനെതിരെയും, കമ്പനികൾക്കെതിരെയുമൊക്കെ  കേസ് കൊടുക്കാൻ അവർക്ക് അറിവും, ശേഷിയുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അതിനുള്ള നിയമങ്ങളും ഇല്ലായിരുന്നു.  അതുകൊണ്ട് തന്നെ  ഹെന്‍‌റിയറ്റയുടെ കോശങ്ങള്‍ ബില്ല്യണ്‍ ഡോളര്‍ ബിസിനസ് നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അവരുടെ കുടുംബത്തിനു അതു കൊണ്ട്  നയാ പൈസ പോലും നേട്ടമുണ്ടായില്ല.  

അന്‍പതുകളിലെ നിയമമില്ലായ്മ അനുവദിച്ചിരുന്ന കാര്യമേ അന്ന് ഹെന്‍‌റിയറ്റയുടെ ഡോക്റ്റര്‍മാര്‍ ചെയ്തിട്ടുള്ളൂ എന്നതാണ് പൊതുവെ ശാസ്ത്രസമൂഹത്തിന് ഈ വിഷയത്തിലുള്ള പ്രതികരണം.  പക്ഷെ ഹെൻറിയറ്റയുടെ കുടുംബാംഗങ്ങളിൽ നിന്നും പല വിവരങ്ങളും മനപൂർവ്വം മറച്ചു വെക്കുകയും, അവരുടെ അറിവില്ലായ്മയെ തങ്ങളുടെ അധികാരമുപയോഗിച്ച്  ചൂഷണം ചെയ്തു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ചിത്രത്തിനു കടപ്പാട്
വെള്ളക്കാരായ ഡോക്റ്റർമാരുടെയും വിദ്യാർത്ഥികളുടെയും  പ്രവർത്തി പരിചയത്തിനും, ഗവേഷണത്തിനും, പരീക്ഷണത്തിനും,   കറതീർന്ന വംശവെറിയന്മാരുടെ വെറും വിനോദത്തിനും ഒക്കെയായി കറുത്തവർഗ്ഗക്കാരെ ജീവനോടെയും, അല്ലാതെയും ഉപയോഗിച്ചിരുന്നു.  ഹെറിയറ്റ് വാഷിങ്ങ്ടൻ എഴുതിയ മെഡിക്കൽ അപ്പാർത്തീഡ് എന്ന പുസ്തകം  അമേരിക്കൻ വൈദ്യശാസ്ത്രരംഗത്തെ ഈ ഇരുണ്ടകാലഘട്ടം അതിന്റെ സകല  ബീഭൽസതയോടും കൂടി വരച്ചിട്ടിട്ടുണ്ട്. എങ്കിലും ഇത്തരം പരീക്ഷണങ്ങൾ വഴി ചികിൽസാരംഗത്തുണ്ടായ നേട്ടങ്ങളൊന്നും  കറുത്തവർഗ്ഗക്കാർക്ക് അത്രകണ്ട് ഗുണകരമായി ഭവിച്ചിരുന്നില്ല എന്നതാണ് വാസ്തവം.  ഇന്നും ആരോഗ്യപരിപാലന രംഗത്ത് കടുത്ത അവഗണനയും വിവേചനവും നേരിടുന്ന വിഭാഗമായി തുടരുന്നു കറുത്തവർഗ്ഗക്കാർ.
--------

1984-ൽ ആണ്  ജോൺ മൂര്‍ എന്ന മറ്റൊരു തൊഴിലാളി അർബുദചികിൽസയുടെ ഭാഗമായി മുറിച്ച് മാറ്റപ്പെട്ട തന്റെ പ്ലീഹ (സ്പ്ലീൻ)യിൽ നിന്നും അനുവാദമില്ലാതെ  വേർതിരിച്ചെടുത്ത കോശത്തിന്റെ പേരിൽ ചികിൽസിച്ച ഡോക്റ്റർക്കും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസിനും എതിരെ കേസ് കൊടുക്കുന്നത്.  "മോ" എന്ന പേരിട്ട ഈ കോശം ഡോക്റ്റർ ഡേവിഡ് ഗോൾഡെയും, യൂണിവേഴ്സിറ്റിയും ചേർന്ന്  പേറ്റന്റ് ചെയ്യുകയും, വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ഒരു കമ്പനിയിൽ നിന്നും  $3.5 മില്യൺ ഡോളറിലധികം വരുന്ന കരാറിലേർപ്പെടുകയും ചെയ്തു.  ഈ വിവരം മൂറിൽ നിന്നും ഒളിപ്പിച്ച് കൊണ്ട് ഒരു പുതിയ സമ്മപത്രത്തിൽ മൂറിനെക്കൊണ്ട് ഒപ്പിടുവിക്കാൻ ഡോക്റ്റർ നടത്തിയ കുൽസിതശ്രമത്തിലൂടെയാണ് മൂർ ഇക്കാര്യം അറിയുന്നത്. 

കേസില്‍ ആദ്യം കീഴ്ക്കോടതി മൂറിന്  അനുകൂലമായി വിധിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി മൂറിന് എതിരായി വിധി എഴുതി. സുപ്രീം കോടതിയുടെ ആ വിധിപ്രസ്താവം ഇന്നും ഈ വിഷയത്തില്‍ അന്തിമ വാക്കായി തുടരുന്നു. അനുവാദത്തോടെയോ, അല്ലാതെയോ ശരീരത്തിൽ നിന്നും വേർപെടുത്തപ്പെടുന്ന ടിഷ്യൂവിൻമേൽ രോഗിയെന്ന വ്യക്തിക്ക് യാതൊരു ഉടമസ്ഥാവകാശമില്ലെന്നും, ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഗാർബേജ് ആർക്ക് വേണമെങ്കിലും എടുത്ത് വിൽക്കാമെന്നുമാണ് കോടതി പറഞ്ഞത്.  

രോഗികൾക്ക് ടിഷ്യൂവിന്റെ ഉടമസ്ഥാവകാശം അനുവദിച്ചാൽ അത് ഗവേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെന്നായിരുന്നു ഡോക്ടറിനും, യൂണിവേഴ്സിറ്റിക്കും, കോർപ്പറേറ്റുകൾക്കും ഒക്കെ വേണ്ടി വക്കീലന്മാർ കോടതിയെ ബോധ്യപ്പെടുത്തിയത്.  ഈ വിധി പ്രസ്താവിക്കുവാൻ ജഡ്ജിമാർ  മുൻകാല പ്രാബല്യത്തിനു മാതൃകയാക്കിയത് ഹീലാ കോശത്തിന്റെ "കേസില്ലാ ചരിത്രം" ആയിരുന്നു എന്നതാണ് ഏറ്റവും വലിയ ഐറണി.  ഹീലയുടെ പേരിൽ ആരും കേസിനു പോയില്ല എന്നത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ ടിഷ്യൂ ദാതാക്കൾക്ക് വലിയ താത്പര്യമൊന്നും ഇല്ല എന്നു ജഡ്ജിമാർ തീരുമാനിക്കുകയായിരുന്നു.  

രോഗികൾക്ക് ടിഷ്യുവിനുമേൽ ഉടമസ്ഥാവകാശം നൽകിയാൽ തങ്ങളുടെ ഗവേഷണത്തെ അത് തടസ്സപ്പെടുത്തും എന്ന് കോടതിക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത് അനുകൂലവിധി എഴുതി മേടിച്ച  യൂണിവേഴ്സിറ്റികളും, ഗവേഷകരും പിന്നീട് ഇതേ കോടതിയുടെ സഹായം തേടിയെത്തിയത് കോർപ്പറേറ്റുകളുടെ ഉടമസ്ഥാവകാശം  ഗവേഷണം തടസ്സപ്പെടുത്തുന്നു എന്നും പറഞ്ഞായിരുന്നു എന്നത് ഈ ചരിത്രത്തിലെ മറ്റൊരു ഐറണി.

മിറിയാഡ്  ജനറ്റിക്സ് എന്ന കമ്പനിയുടെ  ബ്രാക്കാ-1, ബ്രാക്കാ-2 (BRCA-1 and BRCA-2) എന്നീ ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട ജീനുകളുടെ പേറ്റന്റും അവർക്ക് ഈ ജീനുകളിലുള്ള കുത്തകയും തങ്ങളുടെ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും, എതാണ്ട് 150,000 യൂണിവേഴ്സിറ്റി ഗവേഷകരും, രോഗികളെക്കൂടി ഒപ്പം കൂട്ടിയാണ് 2009-ൽ മിറിയാഡ് ജനറ്റിക്സിനെതിരെ കേസ് കൊടുത്തത്. ഈ കേസ് ഇപ്പോഴും കോടതികൾ തമ്മിലുള്ള പന്തുതട്ടിക്കളിയിലാണ്. രോഗികളായ 'വ്യക്തികളെ' തോൽപ്പിച്ച് കൊണ്ട് നേട്ടങ്ങൾ കൊയ്ത ഗവേഷകർക്കെതിരെ,    'വ്യക്തികളെന്ന്' കോടതി തന്നെ ഈയിടെ ധ്വനിപ്പിച്ച  കോർപ്പറേറ്റുകൾ അന്തിമവിജയം നേടുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്  ശാസ്ത്രലോകം.  

ഇതൊക്കെയായാലും ഹീലാ കോശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ പല പുതിയ സുരക്ഷാ/നൈതീക നിയമനിര്‍മ്മാണങ്ങൾക്കും, മാർഗനിർദ്ദേശരേഖകൾക്കും വഴിയൊരുക്കി. ഇന്ന്   ശരീരഭാഗങ്ങള്‍ എടുക്കുവാനും, പരീക്ഷണത്തിനു ഉപയോഗിക്കുവാനും ഒക്കെ കൃത്യമായ അറിവോടുകൂടിയ അനുമതി തേടിയിരിക്കണം എന്ന് നിയമമുണ്ട്. അമേരിക്കയിൽ പലതിനും നിയമങ്ങൾ  കർശനമായിക്കൊണ്ടിരുന്നപ്പോൾ തന്നെ നിയമങ്ങളേയില്ലാത്ത, അല്ലെങ്കിൽ താരതമ്യേന ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിയമങ്ങളെ മേടിക്കാനാവുന്ന മൂന്നാംലോകരാഷ്ട്രങ്ങളിലേക്കു  പരീക്ഷണശാലകളെ  പറിച്ചുനടുവാനും, പുതിയപരീക്ഷണ മൃഗങ്ങളെ കണ്ടെത്തുവാനും വഴിതെളിച്ചുകൊണ്ട് ആഗോളവൽക്കരണത്തിന്റെ അശ്വമേധം തുടങ്ങിക്കഴിഞ്ഞിരുന്നു. 
------

1997-ൽ ആഡം കർട്ടിസ് എന്ന ബ്രിട്ടീഷ് നിർമ്മാതാവ് ബി.ബി.സിക്ക് വേണ്ടി ഹീലയുടെയും ഹെൻറിയറ്റയുടെ കഥയെ ആസ്പദമാക്കി "ദി വെ ഓഫ് ദി ഫ്ലെഷ്" എന്ന ഡോക്കുമെന്ററി നിർമ്മിക്കുകവഴി ഹീലായുടെ കഥ ഒരിക്കൽ കൂടി പൊതുജനമധ്യത്തിൽ ചർച്ചയായി.  ശാസ്ത്രചരിത്രത്തിൽ താത്പര്യമുള്ളവർ ഈ ഡോക്കുമെന്ററി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. 

ചിത്രത്തിന് കടപ്പാട്
പിന്നീട് 2010-ല്‍ റെബേക്ക സ്ക്ലൂട്ട് എന്ന എഴുത്തുകാരി ഹെൻറിയറ്റയുടെയും, ഹീലയുടെയും എതാണ്ട് സമ്പൂര്‍ണ്ണമെന്ന് പറയാവുന്ന ചരിത്രം  "ദി ഇമ്മോർട്ടൽ ലൈഫ് ഓഫ് ഹെൻറിയറ്റ ലാക്സ്" എന്ന പുസ്തകത്തിലൂടെ വീണ്ടും പുറത്തു കൊണ്ടുവന്നു.  വൈദ്യശാസ്ത്രത്തിന്റെ ഇടനാഴികളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഹീലയെന്ന അനശ്വരകീഴാളകോശത്തിനു മാനുഷികമുഖം നൽകിക്കൊണ്ട്      അധികാരത്താൽ വഞ്ചിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട  പച്ചമനുഷ്യരുടെ ചരിത്രത്തിലേക്ക്  വ്യാപകമായ പൊതുജനശ്രദ്ധയാകർഷിക്കാൻ സഹായിച്ചത് ഈ പുസ്തകമാണെന്നത് നിസ്സംശയം പറയാം.

ശാസ്ത്രലോകത്തിനു ഹെൻറിയറ്റ നൽകിയ കനപ്പെട്ട സംഭാവനകളെ അംഗീകരിച്ചുകൊണ്ട്  2011 മെയ് മാസം ബാള്‍ട്ടിമോറിലെ മോര്‍ഗന്‍ സ്റ്റേറ്റ് യൂണിവെഴ്സിറ്റി ഹെന്‍റിയറ്റ ലാക്സിനു പൊതുസേവനത്തെ മുന്‍നിര്‍ത്തിയുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ബഹുമാനിക്കുകയുണ്ടായി. 

റേബക്ക മുൻകൈയ്യെടുത്ത്  ഹെൻറിയറ്റയുടെ കുടുംബത്തിനു വിദ്യാഭ്യാസവും മറ്റ് സഹായങ്ങൾക്കുമായുള്ള ധനശേഖരണാര്‍ഥം ഒരു ട്രസ്റ്റിനു രൂപം കൊടുത്തിട്ടുണ്ട്. പുസ്തകത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗവും ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്. ആ കുടുംബത്തിനു ഇതുകൊണ്ട് കുറച്ചെങ്കിലും ഗുണമുണ്ടാകുമെന്ന് ആശിക്കാം.
----------
ഹെൻറിയറ്റയുടെ അർബുദത്തിനും, ഹീലാ കോശങ്ങളുടെ അനശ്വരതയ്ക്കും പിന്നിലെ പല നിഗൂഡതകളും നിരവധികാലത്തെ ഗവേഷണഫലമായി ഇന്ന് ഏറെക്കുറെ അനാവൃതമാണെന്ന് പറയാം. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് ആയിരുന്നു അർബുദത്തിനു പ്രധാന കാരണക്കാരൻ.  ഡോ. സൂരജ് രാജൻ എഴുതിയ "പാപ്പിലോമാ വൈറസ് പുരാണം!" എന്ന ബ്ലോഗ് പോസ്റ്റ്  എച്ച്.പി.വി-യെ സംബന്ധിച്ച പൊതുവായ വൈദ്യശാസ്ത്രവിവരങ്ങൾ വിശദമായി പങ്കുവെയ്ക്കുന്നുണ്ട്. പലതരം പാപ്പിലോമ വൈറസുകൾ ഉണ്ടെങ്കിലും, എച്.പി.വി-18 എന്ന  അത്യന്തം പ്രഹരശേഷിയുള്ള മാരകയിനം വൈറസ് ആയിരുന്നു ഹെൻറിയറ്റയുടെ ശരീരത്തിൽ ദുരന്തം വിതറിയത്. 1984-ൽ ഹറാൾഡ് സുർ ഹോസനും കൂട്ടരുമാണ് ആദ്യമായി ഹീലായിൽ എച്.പി.വി-18 കണ്ടെത്തുന്നത്. വൈറസുകളും അർബുദവുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കുന്നതിലേക്ക് നയിച്ച ഗവേഷണങ്ങൾക്ക് 2008-ൽ   ഡോ. ഹോസൻ നോബൽ ജേതാവായി.


ഹ്യൂമൻ പാപ്പിലോമ വൈറസ്
ചിത്രത്തിനു കടപ്പാട്
എച്.പി.വി-18 വൈറസിന്റെ ജീനിതകം ഹെൻറിയറ്റയുടെ   കോശങ്ങളിലെ ക്രോമസോമിൽ   കടന്നുകയറി ധാരാളം വൈറസ് പ്രോട്ടീനുകളെ ഉൽപ്പാദിപ്പിക്കുന്നതിനു കാരണമായി. ഇതിൽ ചില പ്രോട്ടീനുകൾ കോശങ്ങളിൽ തന്നെയുള്ള അർബുദപ്രേരകങ്ങളായ ചില ജീനുകളുടെ (ഓങ്കോജീൻ) പ്രവർത്തനത്തെ ഉദ്ദീപിക്കിക്കുകയും (ഉദാ: c-MYC), ഒപ്പം കോശങ്ങളുടെ അമിതവളർച്ച തടയുന്ന ചില ട്യൂമർ സപ്രസ്സർ ജീനുകളുടെ (ഉദാ: p53, Rb) പ്രവർത്തനത്തെ നിർവിര്യമാക്കുകയും  ചെയ്യുക വഴി  ഹെൻറിയറ്റയുടെ കോശങ്ങളെ ഭ്രാന്തമായ വളർച്ചയിലേക്ക് നയിക്കുകയായിരുന്നു. 

പാപ്പിലോമ വൈറസ് ബാധിച്ച ഹെൻറിയറ്റയുടെ അർബുദ കോശങ്ങൾ  അതിവേഗം വളർന്നു പെരുകുക മാത്രമല്ല, ശരീരത്തിൽ ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടി കഴിയുന്ന പ്രകൃതം ഉപേക്ഷിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന ദേശാടന (മെറ്റാസ്റ്റാസിസ്) സ്വഭാവം കൂടി ആർജ്ജിച്ചിരുന്നു. സെർവിക്സിലെ ഉപരിതല  കോശങ്ങളായിരുന്ന ഇവർ അവിടുന്ന് കുതറിമാറി മൂത്രസഞ്ചിയിലേക്കും, അന്നനാളങ്ങളിലേക്കും, കരളിലേക്കും, ശ്വാസകോശങ്ങളിലേക്കും, ഹൃദയത്തിലേക്കും ഇരച്ചുകയറി അവിടെയെല്ലാം കൂടുവെച്ചു പെരുകി.

പോസ്റ്റ്മാർട്ടത്തിനു സാക്ഷ്യം വഹിച്ച ഡോ.ജോർജിന്റെ അസിസ്റ്റന്റ് മേരി ഹെൻറിയറ്റയുടെ തുറന്നിട്ട ശരീരത്തിന്റെ   ദൃശ്യം വിവരിക്കുന്നുണ്ട്.  കറുത്ത പശ്ചാത്തലത്തിൽ  ശരീരമാകെ വെളുപ്പും ചാരനിറവും കലർന്ന, പവിഴമുത്തുകൾ പോലെയുള്ള അർബുദമുകുളങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇത്തരം പവിഴമുത്തുകൾ കൊണ്ടു തീർത്ത മാലകളാൽ അലങ്കരിക്കപ്പെട്ടതുപോലെയായിരുന്നു ഹെൻറിയറ്റയുടെ ഹൃദയം, കരൾ, ഡയഫ്രം, ആമാശയം, അപ്പെൻഡിക്സ്,  അണ്ഡാശയം, മൂത്രസഞ്ചി എന്നീ അവയവങ്ങളുടെ ഉപരിതലം. വിവിധ വലിപ്പത്തിലുള്ള അനേകം ട്യൂമറുകൾ! 

ഒരേസമയം മരണവും അനശ്വരതയും പകർന്നുനൽകുന്ന അർബുദമെന്ന പ്രതിഭാസം ഇന്നും പൂർണ്ണമായും ശാസ്ത്രത്തിനു പിടികൊടുക്കാത്ത രഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ച് കൊണ്ട് അനേകം ഹൃദയങ്ങൾക്കുമേൽ പവിഴാഭരണങ്ങൾ ചാർത്തി നിത്യരോഗത്തിലേക്കും, മരണത്തിലേക്കും വിളിച്ചുകൊണ്ടു പോകുന്നു.  നിരവധി മനുഷ്യരുടെ കഠിനപ്രയത്നങ്ങളുടെ ഫലമായി ധാരാളം ജീവനുകളെ രക്ഷിക്കുവാനും, ആയുസ്സും ആരോഗ്യവും നീട്ടിക്കുവാനും ഇന്ന് സാധിച്ചിട്ടുണ്ട്. എച്.പി.വി-ക്കെതിരെ ഫലപ്രദമായ വാക്സീനുകളും ഇന്ന് ലഭ്യമാണ്. അതിലേക്കൊക്കെ നയിച്ചതിൽ ഹെൻറിയറ്റ എന്ന കറുത്ത വർഗക്കാരി വീട്ടമ്മക്ക് ചെറുതല്ലാത്ത  പങ്കാണുള്ളത്. 

----------
2001-ലെ ഒരു ബാൾട്ടിമോർ പ്രഭാതം.
ഹെൻറിയറ്റയുടെ ജീവൻ അനശ്വരപ്രയാണം തുടങ്ങി അരനൂറ്റാണ്ടിനുശേഷം, ജോൺ ഹോപ്കിൻസിലെ  "ക്രിസ്റ്റോഫ് ലെങ്ങാർ"  എന്ന ഗവേഷകന്റെ ക്ഷണം സ്വീകരിച്ച് ഹെൻറിയറ്റയുടെ മകൾ ഡെബ്രയും, സഹോദരൻ സക്കറിയയും റെബേക്ക സ്ക്ലൂട്ടിന്റെ ഒപ്പം ക്രിസ്റ്റോഫിന്റെ ലാബ് സന്ദർശിച്ചു.  തളികളിൽ വളരുന്ന ഹീലാകോശങ്ങളെ സൂക്ഷ്മദർശിനിയിൽ വെച്ച് കോശങ്ങളെ കമ്പ്യൂട്ടർ മോണിറ്ററിൽ കാണിച്ചു കൊടുത്തു.  കോശങ്ങൾ കൺമുന്നിൽ വിഘടിച്ച് രണ്ടാകുന്നത് അവർ അതിശയത്തോടെ വീക്ഷിച്ചു. 

ക്രോമസോം പെയിന്റിങ്ങ് എന്നറിയപ്പെടുന്ന സ്പെക്ട്രൽ കാര്യോടൈപ്പിങ്ങിനു ഉപയോഗിക്കുന്ന    ബഹുവർണ്ണ  ഫിഷ് (FISH, Fluorescence In Situ Hybridization) എന്ന സങ്കേതം വികസിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളായിരുന്നു ക്രിസ്റ്റോഫ്. അദ്ദേഹം മുൻപൊരിക്കൽ ഹീലാ ക്രോമസോമുകളുടെ വർണ്ണശബളമായ ചിത്രം ഫ്രെയിം ചെയ്ത്  ഡെബ്രക്ക്   അയച്ച് കൊടുത്തിരുന്നു. 
ഹീലാ ക്രോമസോമുകൾ
Ferber, MJ et al Cancer Genetics and Cytogenetics,154(2004)1-9
ഇത്തരത്തിലുള്ള ഒരു ചിത്രം മുകളിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സാധാരണ നോർമൽ കോശങ്ങളിൽ ഉള്ളതുപോലെ 46 ക്രോമസോമുകൾക്ക് പകരം ഈ കോശങ്ങളിൽ 74 ക്രോമസോമുകളുണ്ട്!  ഹീലാ കോശങ്ങളിൽ ചിലപ്പോൾ 70 മുതൽ 164 വരെ ക്രോമസോമുകൾ ഉണ്ടായിരിക്കും. അർബുദകോശങ്ങളിൽ ക്രോമസോമുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് (അന്യൂപ്ലോയിഡി) സാധാരണമാണ്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിൽ ഹെൻറിയറ്റയുടെ കാൻസറിനു കാരണക്കാരനായ വൈറസിന്റെ ജനിതകം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എട്ടാം നമ്പർ ക്രോമസോമുകളുടെ ഒരറ്റത്ത് വെളുത്ത പൊട്ട് പോലെ കാണുന്നത്   എച്ച്.പി.വി-18 എന്ന മാരകവൈറസിന്റെ ജനിതകമാണ്.   ഒരു നോർമൽ കോശത്തെ ഭ്രാന്തമായ വളർച്ചയിലേക്കു തള്ളിവിടുകയും, അതിന്റെ ഉടമയായ മനുഷ്യജീവിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത് കൊണ്ട്  ഒരു മാരകവൈറസ് വിതച്ച ജനിതകവിസ്ഫോടനത്തിന്റെ അസാധാരണമായ ചിത്രമാണ് ഈ പെയിന്റിങ്ങിലൂടെ വ്യക്തമാകുന്നത്.

ക്രിസ്റ്റോഫ്  കഴിയുന്നത്ര ലളിതമായി ഇത്തരം കാര്യങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുത്തു.  പിന്നീട് അവിടെ വെച്ച് ഡെബ്രയുടെ കൈവെള്ളയിലേക്ക് അവരുടെ അമ്മയുടെ ജീവന്റെ കണികയെ വെച്ചുകൊടുത്തു.  തണുത്ത് മരവിച്ച പ്ലാസ്റ്റിക് ട്യൂബ്  ചുണ്ടോട് ചേർത്ത് ആ മകൾ മന്ത്രിച്ചു. "അമ്മ പ്രശസ്തയാണ്... പക്ഷെ ആരും അറിയുന്നില്ലെന്ന് മാത്രം!"
---------

2001-ലെ മറ്റൊരു തണുത്ത പ്രഭാതം.

അനശ്വരതയുടെ അരനൂറ്റാണ്ടിനിപ്പുറം, ഡെബ്രയുടെ കൈകളിൽ തണുത്തിരുന്ന അവരുടെ അമ്മ, ബാൾട്ടിമോറിൽ നിന്നും നൂറുമൈൽ അകലെ ഫിലഡെല്ഫിയ എന്ന സഹോദരസ്നേഹനഗരത്തിലെ  പുറംകാഴ്ചകൾ അടച്ചു വെച്ച കുടുസ്സുമുറിയിൽ പുതിയ തണുപ്പിന്റെ ആഴങ്ങളിൽ നിന്നും ഉണർന്നെണീറ്റ് തളികകളിൽ പെരുകിപ്പടരുന്നുണ്ടായിരുന്നു. അർബുദമെന്ന പ്രഹേളികയിലേക്കുള്ള മറ്റൊരു തുടക്കക്കാരന്റെ കൗതുകപ്രയാണത്തിനു വേദിയൊരുക്കിക്കൊണ്ട്.  ഒരു പക്ഷെ  മനുഷ്യചരിത്രം നിലനിൽക്കുവോളം തുടർന്നേക്കാവുന്ന അറിവിന്റെ അനശ്വരതയായി,  ഹീലയെന്ന അനശ്വരകീഴാളകോശമായി...


References:
  1. Gartler S, Nature,1968  217:750751.
  2. Hayflick, L, The establishment of a line (WISH) of human amnion cells in continuous cultivation. Exp Cell Res. 1961 Feb;23:14-20. 
  3. Nelson-Rees WA et al Science, 1974 184:1093-1096
  4. Nelson-Rees, et al. HeLa-Like Marker Chromosomes and Type-A Variant Glucose-6-phosphate Dehydrogenase Isoenzyme in Human Cell Cultures Producing Mason-Pfizer Monkey Virus-Like Particles. Journal of the National Cancer Institute 1974 53 (3), 751-757.
  5. Masters,JR HeLa cells 50 years on: the good, the bad and the ugly, Nature Reviews in Cancer, 2002, Vol 2 315-319
  6. Lucey BP et al Henrietta Lacks, HeLa Cells, and Cell Culture Contamination Arch Pathol Lab Med. 2009;133:1463–1467
  7. Perkel, JM, Curing Cells BioTechniques  2011 51: 85-90 
  8.  A Conspiracy of Cells, Michael Gold
  9. O'brien, SJ, Cell culture forensics, PNAS,2001, 7656–7658  vol. 98  no. 14
  10. Troug, RD et al Paying Patients for Their Tissue: The Legacy of Henrietta Lacks Science 2012 vol 337, p37-38
  11. Association for Molecular Pathology v. Myriad Genetics 
  12. The Way of All Flesh a BBC Documentary on HeLa by Adam Curtis
  13. The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
  14. HeLa Foundation 
  15. Hepworth,J, Advocacy for Henrietta Lacks and for Family Medicine Fam Med 2011;43(8):595-6.
  16. Williams, DR, Miles to Go before We Sleep: Racial Inequities in Health, Journal of Health and Social Behavior  2012, 53(3) 279–295
  17. Glickman, SW et al Ethical and Scientific Implications of the Globalization of Clinical Research, N Engl J Med 2009; 360:816-823
  18. Harald zur Hausen, Viruses in Human Cancers ,Eur J Cancer 1999, 35(8), 1174±1181.
  19. Harald zur Hausen,The search for infectious causes of human cancers: Where and why Virology,2009, 392  1–10.
  20. Boshart, M et al A new type of papillomavirus DNA, its presence in genital cancer biopsies and in cell lines derived from cervical cancer The EMBO Journal 1984, vol.3 no.5 pp. 1151-1157.
  21. Ferber, MJ et al Positioning of cervical carcinoma and Burkitt lymphoma translocation breakpoints with respect to the human papillomavirus integration cluster in FRA8C at 8q24.13 Cancer Genetics and Cytogenetics 2004,154,1–9.
  22. Macville,M et al  Comprehensive and Definitive Molecular Cytogenetic Characterization of HeLa Cells by Spectral Karyotyping Cancer Research  1999, 59, 141–150.