Wednesday, July 06, 2011

കാൻസർ ചികിൽസയും ആധുനിക മെഡിസിന്റെ രീതിശാസ്ത്രവും.

 രക്താർബുദത്തിനു അൽഭുതമരുന്നോ!! എന്ന സനൽ ശശിധരന്റെ (സനാതനൻ) പോസ്റ്റിൽ ഒരു കമന്റ് ഇട്ടിരുന്നു. അതിനു സനലിട്ട മറുപടിയിൽ പ്രസക്തമെന്ന് തോന്നിയ ചില കാര്യങ്ങളെ അഡ്രസ് ചെയ്ത് എഴുതിയ കമന്റ് നീണ്ട് പോയതിനാൽ ഒരു പോസ്റ്റാക്കുന്നു.   ഈ പോസ്റ്റിന്റെ കോണ്ടക്സ്റ്റിനു വേണ്ടി, അനുവാദം ചോദിച്ചിട്ടില്ല എന്ന മുൻകൂർ ജാമ്യത്തോടെ സനലിന്റെ കമന്റ് താഴെ കൊടുക്കുന്നു. 
---------------------------------------
Sanal Sasidharan said... മാത്യു സാറിന്റെ ഒരു ചോദ്യം ഏറെ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. പാലിയേറ്റീവ് കെയർ മാത്രമേ ഇനിയുള്ളു എന്ന് വിധിയെഴുതും മുൻപ് അതാ അവിടെ ഒരു മരുന്നുകൊണ്ട് ഒരാൾ ചികിത്സിച്ചു ഭേദമാക്കി എന്ന് കേൾക്കുന്നു അതുകൂടി ഒന്നു നോക്കിയേക്കൂ എന്ന് പറയാൻ എന്തു തടസമാണുള്ളത്... അശാസ്ത്രീയം എന്നതാണ് തടസവാദമെങ്കിൽ അത് ശരിയായ കാരണമാണെന്ന് തോന്നുന്നില്ല. മാത്യൂസ് സാറിന്റെ വാക്കുകൾ തന്നെ കടമെടുത്ത് പറഞ്ഞാൽ “കൂടോത്രം കൊണ്ട് ഒരു രോഗിയുടെ മാറാ രോഗം മാറുമെങ്കിൽ കൂടോത്രമാണെന്ന് പറഞ്ഞ് അതിനെ ഒഴിവാക്കി നിർത്തുന്നതെന്തിന്?”. ശരിക്കും ശാസ്ത്രം എന്നത് ഒഴിവാക്കലിന്റെ വഴിയാണ് പിന്തുടരുന്നത് എന്നെനിക്ക് തോന്നുന്നില്ല ശാസ്ത്രം സ്വാംശികരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതും. പക്ഷേ ദൌർഭാഗ്യവശാൽ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ചിലർ ചിലപ്പോൾ അന്ധവിശ്വാസികളായി മാറും. ടെക്സ്റ്റ് ബുക്കിൽ കാണാത്ത എന്തെങ്കിലും കണ്ടാൽ ഉടൻ അത് കള്ളത്തരം തട്ടിപ്പ് എന്ന് ഒഴിവാക്കിവിടും. ശരിയാണ് അത്തരം ആയിരം കാര്യങ്ങൾ പരിശോധിച്ചാൽ തൊള്ളായിരത്തിത്തൊണ്ണൂറ്റൊൻപതും തട്ടിപ്പായിരിക്കും.പക്ഷേ അതുകൊണ്ട് ഭാവിയിലെ വിസ്മയകരമായ ശാസ്ത്രസത്യമാവാൻ സാധ്യതയുള്ള ‘ഒന്നിനെ‘ അറിയാൻ ശ്രമിക്കാതിരിക്കുന്നതും അറിയാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കുന്നതും കടുത്ത പിന്തിരിപ്പൻ മനോഭാവമാണ്. ശാസ്ത്രഞ്ജൻ എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചവനു മാത്രമേ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്താൻ കഴിയൂ എന്ന ധാരണയും തെറ്റാണ്. ഒരു സാദാ ഡോക്ടർക്ക് എന്തായാലും ടെക്സ്റ്റ് ബുക്കിൽ എഴുതിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ കാര്യങ്ങൾ കൊണ്ടുമാത്രമേ ചികിത്സിക്കാൻ കഴിയൂ.പക്ഷേ ടെക്സ്റ്റ് ബുക്കിൽ ഫലസിദ്ധിയുള്ള ചികിത്സ കണ്ടുപിടിച്ചിട്ടില്ല എന്ന് എഴുതിവെച്ചിട്ടുള്ള അവസ്ഥയിൽ മറ്റേതെങ്കിലും സാധ്യതകൾ ഉണ്ടോ എന്ന ഒരു ചോദ്യമായിട്ട് അതിനെ വായിക്കുന്നതല്ലേ ഇനി ചികിത്സയില്ല എന്ന് വായിക്കുന്നതിനെക്കാൾ ഗുണം ചെയ്യുക.അങ്ങനെ മറ്റേതെങ്കിലും സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ആര് ഉത്തരം പറഞ്ഞാലും അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞും പരീക്ഷിച്ചുനോക്കിയും ഒരു തീരുമാനത്തിലെത്തുന്നതല്ലേ കണ്ണടച്ച് തട്ടിപ്പെന്ന് അതിനെ തിരസ്കരിക്കുന്നതിനെക്കാൾ നല്ലത്?. ഇന്നത്തെ അവസ്ഥയിൽ അലോപ്പതിയുടെ വിശ്വാസ്യതയേയും ആധികാരികതയേയും ചോദ്യം ചെയ്യാൻ ഒരു പൊട്ടക്കണ്ണനും തുനിയില്ല. പക്ഷേ ആയുർവേദത്തിലും സിദ്ധയിലും പെരറിയാത്ത ആയിരം പതിനായിരം ട്രൈബൽ ചികിത്സാവിധികളിലുമൊക്കെ അലോപ്പതി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മരുന്നുകൾ ഉണ്ടെങ്കിൽ അതുംകൂടി സ്വാംശീകരിച്ച് അലോപ്പതി ബലപ്പെടുകയാണെങ്കിൽ അത് മനുഷ്യരാശിക്കു തന്നെ ഗുണകരമാവുകയല്ലേ ഉള്ളൂ....
ആർസെനിക് എന്ന പേരുപയോഗിക്കാതെ നവപാഷാണത്തിലെ ഒരു ചേരുവ ഉപയോഗിച്ചാണ് താൻ ചികിത്സിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഒന്നു നോക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായം പോലും അലോപ്പതിക്കാരിൽ നിന്ന് കിട്ടിയെന്ന് വരില്ലായിരുന്നു.ഇനി താൻ ഒരു കല്ലുരച്ചുവെള്ളത്തിൽ കലക്കിയാണ് ചികിത്സിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽ‌പ്പിക്കാനാവും അലോപ്പതി ഡോക്ടർമാർ പറയുക. ഇവിടെയാണ് വിശാലമായ കാഴ്ചപ്പാടുണ്ടാവെണ്ടതെന്ന് തോന്നുന്നു.കല്ലുരച്ച് വെള്ളത്തിൽ കലക്കിയാണോ മന്ത്രവാദം ചെയ്തു കുളിപ്പിച്ചിട്ടാണോ ചികിത്സിക്കുന്നത് എന്നല്ല നോക്കേണ്ടത്. രോഗം മാറിയോ എന്ന് നോക്കണം. പത്തുപേരെ ചികിത്സിച്ചപ്പോൾ നാലുപേരിലെങ്കിലും മാറിയോ എന്ന് നോക്കണം. എന്നിട്ടാണ് ഗവേഷണം തുടങ്ങേണ്ടത്. എന്തു കല്ലാണ് ഉരച്ചത്.. മന്ത്രവാദത്തിൽ കുളിപ്പിച്ച വെള്ളത്തിൽ എന്തായിരുന്നു കലക്കിയിരുന്നത്..ഇങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്നാവും ഒരുപക്ഷേ ആഴ്സനിക്കിലേക്കോ മെർക്കുറിയിലേക്കോ എനിക്ക് പേരറിയാത്ത മൂലകങ്ങളിലേതിലേക്കെങ്കിലുമോ എത്തുക. അങ്ങനെ എത്തിച്ചേർന്നാൽ കല്ലിനേയും വെള്ളത്തേയും വിട്ടുകളഞ്ഞ് കൃത്യമായ ഘടകങ്ങളെ ഉപയോഗിച്ച് ചികിത്സ നടത്താമല്ലോ...അതല്ലേ നല്ലതാവുക... ?
-----------------------------------------
സനൽ,

ചില കാര്യങ്ങൾ ആദ്യമെ തന്നെ വ്യക്തമാക്കട്ടെ.
1- ഈ വിഷയത്തിന്റെ സെൻസിറ്റിവിറ്റി ശരിക്കും മനസ്സിലാക്കിയാണു തുടർന്നും കമന്റിടുന്നത്. വികാരപരത കഴിയുന്നത്ര ഒഴിവാക്കി വസ്തുനിഷ്ടമായി ഇനിപ്പറയുന്ന കാര്യങ്ങളെ സമീപിക്കുമെന്ന് കരുതുന്നു.
2- ഡോ.സി.പി മാത്യുവിനെ എനിക്കറിയില്ല. ഇവിടെ നിങ്ങൾ പലരും പറഞ്ഞതിൽ നിന്നുമുള്ള അറിവേയുള്ളൂ.  ഡോ. മാത്യു  ലാടവൈദ്യനോ തട്ടിപ്പുകാരനോ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
3- ഡോ.സി.പി മാത്യു പറഞ്ഞതെന്ന് സനൽ ഉദ്ധരിച്ച കൂടോത്രത്തെക്കുറിച്ചുള്ള വാചകം, ഡെസ്പറേറ്റ് സിറ്റുവേഷൻ ഡിമാൻഡ്സ് ഡെസ്പറേറ്റ് മെഷേഴ്സ് എന്ന നിലയ്ക്ക് കാണാനാണു തത്ക്കാലം എനിക്കാഗ്രഹം. നേരെ മറിച്ച് ഡോ.മാത്യു ഒരു ക്യാൻസർ രോഗിക്ക്  കൂടോത്രം ഒരു ചികിൽസയായി പ്രിസ്ക്രൈബ് ചെയ്യുന്നുവെങ്കിൽ ആൾ എത്ര വലിയവനായാലും അംഗീകരിക്കുവാൻ വ്യക്തിപരമായി എനിക്ക് ബുദ്ധിമുട്ടുണ്ടാവും.

ഒരു ശാസ്ത്രീയചികിൽസാപദ്ധതി എന്ന നിലയിൽ മോഡേൺ മെഡിസിൻ ചില കണിശതകൾ പാലിക്കുന്നുണ്ട്. കൃത്യമായി ഡോക്കുമെന്റ് ചെയ്യപ്പെടുന്ന  പരീക്ഷണനിരീക്ഷണങ്ങളുടെ ആവർത്തനങ്ങളിൽ നിന്നാണു അത് രൂപമെടുക്കുന്നത്. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യങ്ങളാണു താനും.  "നേച്ചറിലും സയൻസിലും റിവ്യു"എഴുതി ഓങ്കോളജി പഠിപ്പിക്കുന്ന പ്രൊഫസർമാർ തന്റെ ഗുരുനാഥനായ ഡോ.സി.പി മാത്യുവിനു മുന്നിൽ ആരുമല്ല എന്ന് തെല്ലൊരു പുച്ഛത്തോടെ പറയുകവഴി തന്റെ ഗുരുനാഥൻ ഇതൊക്കെ ചെയ്യാതെ തന്നെ കേമനാണെന്ന സൂചനയാണു കാളിയമ്പി നൽകുന്നത്. അസ്ഥാനത്തുള്ള ഒരു കമ്പാരിസണായിപ്പോയി അതെന്ന് പറയാതെ വയ്യ.  മെഡിക്കൽ സയൻസിൽ ഡോക്കുമെന്റേഷന്റെ റോളിനെക്കുറിച്ച് ഞാൻ പറയാതെ തന്നെ അമ്പിക്ക് അറിവുണ്ടാകുമെന്ന് കരുതുന്നു.  തന്റെ ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങൾ പൊതുജനോപകാരപ്രദമായി ഡോക്കുമെന്റ് ചെയ്ത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കാതെ സൂക്ഷിച്ചു വെക്കുന്നവരെക്കാൾ എന്തുകൊണ്ടും സയൻസിനും, അതുവഴി സമൂഹത്തിനും മുതൽക്കൂട്ടാവുന്നത് നേച്ചറിലും, സയൻസിലും റിവ്യു എഴുതുന്നവർ തന്നെയാണെന്ന് ഞാൻ കരുതുന്നു.   വിജ്ഞാനമൊക്കെ പകർന്ന് നൽകുന്നത്  എന്തോ കുറച്ചിലുള്ള സംഗതിയാണെന്ന ചിന്താഗതി ചുരുങ്ങിയ പക്ഷം കാളിയമ്പിക്കുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

ഡോ.സി.പി.മാത്യു നിരവധി ക്യാൻസർ രോഗികളെ ചികിൽസിച്ചു ഭേദപ്പെടുത്തി എന്ന് നിങ്ങൾ പലരും വൗച്ച് ചെയ്യുന്നു. 2500 കേസുകൾ ചികിൽസിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ് സൈറ്റിൽ പറയുന്നു. അതിൽ എത്രപേർ രോഗം ഭേദമായി എന്ന് പറയുന്നില്ല. മോഡേൺ മെഡിസിനെ സംബന്ധിച്ച് ഇതുപോലെ ഉള്ള വൗച്ചിങ്ങ് അനക്ഡോട്ടൽ എവിഡൻസ് മാത്രമാണു. അതിൻപ്രകാരം നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെയോ ബന്ധുക്കളെയോ കണ്വിൻസ് ചെയ്ത് ഡോ.സി.പി മാത്യുവിന്റെ അടുക്കൽ എത്തിക്കുവാനും ഒരുപക്ഷെ ചികിൽസിച്ചു ഭേദമാക്കുവാനും സാധിച്ചേക്കും. പക്ഷെ മോഡേൺ മെഡിസിനു അനെക്ഡോട്ടൽ എവിഡൻസ് അല്ല സ്വീകാര്യമാകുന്നത്. ഇവിടെയാണു ഞാൻ സൂചിപ്പിച്ച സയന്റിഫിക് ഡോക്കുമെന്റേഷൻ/പ്രസിദ്ധീകരിക്കൽ ഒക്കെ സുപ്രധാനമാകുന്നത്. ഡോ.സി.പി മാത്യു ഇതുവരെ ചികിൽസിച്ച രോഗികളെക്കുറിച്ച് ശാസ്ത്രീയമായി തന്നെ ഡോക്കുമെന്റേഷൻ നടത്തി, അത് ഏതെങ്കിലും ഒരു മെഡിക്കൽ/ക്ലിനിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ അദ്ദേഹം രോഗികൾക്കും, സമൂഹത്തിനും, വൈദ്യശാസ്ത്രരംഗത്തിനും ചെയ്യുന്ന ഒരു വലിയ സേവനമാകുമായിരുന്നു അത്. ഇതുവരെ അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഞാൻ തിരഞ്ഞിട്ട് (മെഡ് ലൈൻ, ഗൂഗിൾ) ഒന്നും കണ്ടതുമില്ല. ഇപ്പോഴും അത് ചെയ്യാതെയിരിക്കുന്നത് എന്തുകൊണ്ട് എന്ന് എനിക്കറിയില്ല.

1-രോഗിയുടെ വയസ്സ്, ജെൻഡർ, എത്ത്നിസിറ്റി തുടങ്ങിയ വിവരങ്ങൾ
2-അദ്ദേഹം ചികിൽസ തുടങ്ങുമ്പോൾ രോഗി പ്രസന്റ് ചെയ്ത സ്റ്റേജ് എന്തായിരുന്നു.?
3-മുൻപ് ചെയ്ത ട്രീറ്റ്മെന്റുകൾ എന്തൊക്കെയായിരുന്നു തുടങ്ങിയുള്ള പ്രിവിയസ് മെഡിക്കൽ ഹിസ്റ്ററി.
4-അദ്ദേഹം തുടങ്ങിയ ട്രീറ്റ്മെന്റ് എന്തായിരുന്നു? ഏതൊക്കെ മരുന്നുകൾ? ഏതളവിൽ? എത്രകാലം ട്രീറ്റ്മെന്റ് തുടർന്നു?
5-എന്തൊക്കെ ഔട്ട്കംസ് മോണിറ്റർ ചെയ്തു? എത്ര ഫ്രീക്വന്റ് ആയി മോണിറ്റർ ചെയ്തു?
6-രോഗിയുടെ ലൈഫ് സ്റ്റൈൽ എങ്ങനെയായിരുന്നു?
7-രോഗം മാറിയെങ്കിൽ അതിന്റെ വിശദവിവരങ്ങൾ
8-രോഗം മാറിയില്ലെങ്കിൽ അതിന്റെ വിശദവിവരങ്ങൾ

എന്നിങ്ങനെ നിരവധി ചോദ്യങ്ങളും, അതിന്റെ ഉത്തരങ്ങളുമാണു ഈ സയന്റിഫിക് ഡോക്കുമെന്റേഷനിൽ വരുന്നത്. നിലവിൽ ഉപയോഗത്തിലിരിക്കുന്ന മരുന്നുകളാണു പ്രയോഗിക്കുന്നതെങ്കിൽ (ഉദാഹരണത്തിനു ആർസെനിക്, ആയുർവേദമരുന്ന്) ഏതു രോഗത്തിനാണോ ഉപയോഗിച്ചത് അതിനു തുടർന്നും ഉപയോഗിക്കാൻ ഡ്രഗ് അപ്രൂവലിന്റെ തന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  (ഇദ്ദേഹത്തിനു ചികിൽസ ചെയ്യാൻ നാട്ടിൽ നിലവിൽ മറ്റ് അപ്രൂവലുകൾ ഒന്നും ആവശ്യമില്ല എന്ന് കരുതുന്നു).  ചുരുക്കത്തിൽ ഇത്തരം പബ്ലിഷ്ഡ് ഡോക്കുമെന്റ്സ് ഉണ്ടെങ്കിൽ അത് വായിക്കുന്ന  ഓങ്കോളജി സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്റ്റർക്ക് തന്റെ മുന്നിൽ പ്രസന്റ് ചെയ്യപ്പെടുന്ന സമാനമായ കേസുകൾക്ക് (മറ്റ് നിയമപരമോ മെഡിക്കലോ ആയ തടസ്സങ്ങൾ ഇല്ലെങ്കിൽ) ഈ ചികിൽസാപദ്ധതി അതേപടിയോ/ചെറുമാറ്റങ്ങളോടെയോ പ്രയോഗിച്ച് എതാണ്ട് അതേ ഔട്ട്കം ലഭിക്കുവാൻ സാധിക്കേണ്ടതാണു. അതുമല്ലെങ്കിൽ സൂരജിനെപ്പൊലെ ഒരു ഡോക്റ്റർക്ക്  അത്തരം പഠനങ്ങൾ വായിച്ച് തന്നെ സമീപിക്കുന്നവരോട് ഈ ചികിൽസയെക്കുറിച്ച് കുറച്ചു കൂടി പോസിറ്റിവ് ആയി പറയാൻ കഴിയും. ഒരു രോഗത്തിന്റെ ചികിൽസാവിവരങ്ങളെക്കുറിച്ചുള്ള ഇൻഫമേഷൻ മോഡേൺ മെഡിസിനിൽ വളരെ പ്രധാനമാണെന്ന് വ്യക്തം.

കേട്ടിടത്തോളം ഒരു പാരലൽ ക്ലിനിക്കൽ ട്രയൽ തന്നെയാണു ഡോ.സി.പി മാത്യു ചെയ്തിട്ടുള്ളത്. അതെല്ലാം കൃത്യമായി ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ടെങ്കിൽ വളരെ വിപുലമായ, വൈദ്യശാസ്ത്രത്തിനും (അതുവഴി സമൂഹത്തിനും) ഉപയുക്തമായ ക്ലിനിക്കൽ ഡാറ്റ അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. അത് ബന്ധപ്പെട്ട ജേണലുകളിൽ പ്രസിദ്ധീകരിക്കാതെയിരിക്കുന്
നത് ശരിയല്ല എന്ന് ഞാൻ കരുതുന്നു.  അപ്പം തിന്നാൽ പോരെ കുഴി എണ്ണേണ്ട കാര്യമുണ്ടൊ? ഡോ.മാത്യു സൗജന്യമായി ചികിൽസിക്കുന്നതും പോര ഇനി അത് എഴുതി പ്രസിദ്ധീകരിച്ചിട്ട് വേണോ അദ്ദേഹത്തിനു അംഗീകാരം കിട്ടാൻ? അദ്ദേഹത്തിനു അതിന്റെ ആവശ്യമില്ലെങ്കിലോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഇവിടെ ഉയർന്ന് വന്നേക്കാം. കാൻസർ പോലെയുള്ള രോഗത്തിന്റെ മാരകമായ പ്രഹരശേഷിയും, അതിന്റെ ചികിൽസയെക്കുറിച്ചുള്ള അറിവിന്റെ സാംഗത്യവും, വിലയും മനസ്സിലാക്കുന്നവർക്ക്  ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം താനെ കണ്ടെത്താനാവും.

ഇതുപോലെ ഉള്ള ചികിൽസാകാര്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന് സംശയിക്കുന്നവർക്ക്  ഗൂഗിളിലോ പബ്മെഡിലോ സേർച്ച് ചെയ്ത് നോക്കാവുന്നതേയുള്ളൂ. ചെറിയ ഒരുദാഹരണത്തിനു ഈ ആർട്ടിക്കിൾ നോക്കുക http://online.haematologica.org/thj/2001/6200135a.pdf
ഇതുപോലെയോ, ഇതിലും വിപുലമായതോ ആയ നിരവധി ചികിൽസാറിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിലൂടെയാണു മോഡേൺ ക്ലിനിക്കൽ മെഡിസിൻ വളരുന്നതും വികസിക്കുന്നതും, മെച്ചപ്പെടുന്നതും. ഒരു പക്ഷെ എന്റെ തന്നെ മുൻ കമന്റിൽ ഡോ.മാത്യുവിന്റെ പേപ്പറോ അതിനെക്കുറിച്ചുള്ള വിവരങ്ങളോ നിങ്ങൾക്ക് തരാൻ കഴിയുമായിരുന്നു.

ഡോ.മാത്യുവിന്റെ വെബ്സൈറ്റ് ഇപ്പോൾ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും, കുറെയൊക്കെ തെറ്റിദ്ധാരണാജനകവുമാണു. സൗജന്യമായി ചികിൽസ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിനു മെറ്റിക്കുലസ് ആയി ഒരു വെബ്സൈറ്റ് നിലനിർത്തേണ്ട ആവശ്യമില്ല, അല്ലെങ്കിൽ അതിനുള്ള പാങ്ങില്ല എന്നാണെങ്കിൽ ശരി. പക്ഷെ ആ ഒരൊറ്റ വെബ്സൈറ്റ് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സംശയിക്കാൻ ചെറുതായെങ്കിലും വക നൽകുന്നതാണെന്ന് എനിക്ക് തോന്നുന്നു. ആർസെനിക് ഒരു വണ്ടർ ഡ്രഗ് ആയിട്ടാണു അവിടെ കൊടുത്തിരിക്കുന്നത്. അത് ശരിയല്ല (ഡിസ്ക്ലെയിമർ അവിടെ തന്നെ ഉണ്ട് എന്നത് നോക്കുക). അതുപോലെ ആ സൈറ്റിലെ എഫ്.എ.ക്യു-വിൽ കൊറോണറി ഹാർട്ട് ബ്ലോക്കിനു സ്യൂഡോസയൻസ് എന്ന് വ്യാപകമായി കരുതപ്പെടുന്ന കീലേഷൻ തെറാപ്പി ഓഫർ ചെയ്യുന്നുണ്ട് അദ്ദേഹം. കീലേഷൻ തെറാപ്പിയെക്കുറിച്ച് ഡോ.സൂരജിന്റെ ലേഖനം ഇവിടെ. ചുരുക്കത്തിൽ  വേഡ് ഓഫ് മൗത്ത് പബ്ലിസിറ്റിയിലൂടെ അദ്ദേഹത്തെ പരിചയമില്ലാത്ത ഏതൊരാൾക്കും സംശയിക്കാനുള്ള വകകൾ അതിലുണ്ട്.

ഇവിടെ ഡോ.സി.പി.മാത്യുവിന്റെ മെഡിക്കൽ ബിരുദങ്ങൾ അദ്ദേഹത്തിനു "കൂടുതൽ" ക്രെഡിബിലിറ്റി നൽകുന്നു എന്നത് ശ്രദ്ധേയമാണു. നാളെ അദ്ദേഹത്തിന്റെ അനന്തിരവനോ, അയൽക്കാരനോ ഈ വക മെഡിക്കൽബിരുദപിന്തുണകളില്ലാതെ ഡോക്ടറുടെ അതേ ചികിൽസാരീതി പിന്തുടരുന്നു എന്ന് പരസ്യം ചെയ്ത് മുന്നോട്ട് വന്നാൽ നിങ്ങൾ തന്നെ പല വട്ടം ആലോചിക്കും അയാളുടെ അടുത്ത് രോഗികളെ പറഞ്ഞയയ്ക്കാൻ. രോഗികളുടെയും ബന്ധുക്കളുടെയും വൈകാരികമായി ഏറ്റവും വൾണറബിൾ ആയ സാഹചര്യത്തെ ചൂഷണം ചെയ്ത്  പണം പിടുങ്ങുന്നവർക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല എന്നോർക്കുക. വഞ്ചിക്കപ്പെടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുള്ളതുപോലെ അത് ചൂണ്ടിക്കാട്ടാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ട്.

ഇന്നത്തെ നിലയിൽ ആർ.സി.സി.യിലെ ഏതെങ്കിലും ഡോക്റ്റർ തനിക്കു മുന്നിൽ പ്രസന്റ് ചെയ്യുന്ന എല്ലാ രക്താർബുദ രോഗികൾക്കും ആർസെനിക് കൊടുത്ത് ചികിൽസിച്ചാൽ അതിൽ ഏതെങ്കിലും രോഗി പെട്ടന്നെങ്ങാനും മരണപ്പെട്ടാൽ ആർ.സി.സിക്കും ആ ഡോക്റ്റർക്കും നേരെ കല്ലെറിയാൻ ജനം ആവേശത്തോടെയിറങ്ങും. ഡോ.മാത്യുവിനു അത്തരം കണിശമായ പബ്ലിക് അക്കൗണ്ടബിലിറ്റിയും സ്ക്രൂട്ടിനിയും (ഒപ്പം ഔട്ട്റേജും) നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല (അദ്ദേഹം അൺ എത്തിക്കലായി എന്തെങ്കിലും ചെയ്യുന്നു എന്നല്ല അർത്ഥമാക്കുന്നത്).  ഒന്നാമതെ നാട്ടിൽ "മോഡേൺ മെഡിസിൻ" കയ്യൊഴിഞ്ഞെന്ന് പറയപ്പെടുന്ന രോഗികളെയാണു കൂടുതലും ചികിൽസിക്കുന്നത്. രോഗം ഗുരുതരമായ ക്യാൻസർ ആണു. ബാക്കി നിങ്ങൾക്ക് ഊഹിക്കാം. ഏറ്റവും അപകടകാരിയ പാൻക്രിയാറ്റിക് കാൻസറിനു തന്റെ കൈവശം ചികിൽസയില്ലെന്ന് അദ്ദേഹത്തിന്റെ സൈറ്റിൽ വന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായി പറയാനുള്ള ആർജ്ജവം അദ്ദേഹം കാട്ടിയിട്ടുമുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഡോ.മാത്യു അദ്ദേഹത്തിന്റെ ചികിൽസാവിവരങ്ങൾ (വിജയകരമായതും, പരാജയമായതും ഉൾപ്പെടെ) തീർച്ചയായും പ്രസിദ്ധീകരിക്കേണ്ടതാണു. സമൂഹത്തിനു ഇപ്പോൾ ചെയ്യുന്നതിനേക്കാൾ വിലമതിക്കാനാവാത്ത സേവനമായിരിക്കും അത്.  ഒരു പക്ഷെ നമ്മുടെ നാട്ടിലെ എ.എം.എൽ പേഷ്യന്റ്സിന്റെ എത്ത്നിക്/ഫിസിയോളജിക്കൽ സവിശേഷതകൾ കൊണ്ട് ആർസെനിക് എന്ന മരുന്ന് മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നുണ്ടാവാം. പക്ഷെ അതൊക്കെ സൂക്ഷ്മമായി പരിശോധിച്ച് വെളിച്ചത്ത് കൊണ്ടുവരാനും ഈ ചികിൽസാരീതി കൂടുതൽ വ്യാപകമാക്കുവാനും ഇത്തരം  വെളിപ്പെടുത്തലുകൾ അത്യാവശ്യമാണു. 


ആയുർവേദം/ട്രൈബൽ മെഡിസിൻ എന്നിവയിലൊക്കെ ക്യാൻസറിനു മരുന്ന് കണ്ടേക്കും എന്ന് ആശിക്കുന്നത് ന്യായം. അങ്ങനെ ഉള്ള സാധ്യതകൾ ഇന്ത്യയിലും വിദേശത്തും പരിശോധിക്കപ്പെടുന്നുമുണ്ട്.  മേൽപ്പറഞ്ഞതുപോലെ റിഗറസ് ആയ പരീക്ഷണനിരീക്ഷണങ്ങളിലൂടെ കടന്നുവരുന്ന മരുന്നുകളെ അംഗീകരിക്കാൻ മോഡേൺ മെഡിസിനു യാതൊരു തടസ്സമുണ്ടാവുകയില്ല. ഇന്നു കാൻസർ ചികിൽസയ്ക്കുപയോഗിക്കുന്ന മരുന്നുകളിൽ പകുതിയിലധികം  പ്രകൃതിയിൽ സ്വാഭാവികമായി കണ്ടിരുന്ന സംയുക്തങ്ങളോ അവയുടെ പ്രോട്ടോടൈപ്പുകളോ (നാച്ചുറൽ പ്രോഡക്റ്റ്സ്/പ്രോട്ടോടൈപ്സ്) ആണെന്ന കാര്യം അറിയുക. ഇവയിൽ പലതും ചികിൽസയ്ക്കായി അംഗീകരിക്കപ്പെട്ട കാലത്തേക്കാൾ കൂടുതൽ കണിശത ഇന്ന് ഡിമാൻഡ് ചെയ്യപ്പെടുന്നുണ്ട്.  ഇക്കഴിഞ്ഞ നവമ്പറിൽ ലേറ്റ് സ്റ്റേജ് മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ  ചികിൽസയ്ക്കായി എഫ്.ഡി.എ അപ്പ്രൂവ് ചെയ്ത "ഹലാവൻ (Halaven) " എന്ന ഡ്രഗ്  Halichondria okadai എന്ന സീ സ്പോഞ്ചിൽ നിന്നും വേർതിരിച്ചെടുത്ത ഒരു കോമ്പൗണ്ടിന്റെ പ്രോട്ടോടൈപ്പ്   ആണു. എകദേശം മുപ്പത് വർഷത്തോളം നീണ്ട ഗവേഷണപ്രയത്നങ്ങളുടെ ഫലമായിരുന്നു ഈ അപ്രൂവൽ. 

നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു (NCI)  നാച്ചുറൽ പ്രോഡക്റ്റ് ബ്രാഞ്ച് എന്ന ഒരു പ്രത്യേക ശാഖതന്നെയുണ്ട്. അതിന്റെ ചീഫ് ആയ ഡോ.ഡേവ് ന്യൂമാനെ  പരിചയപ്പെടുവാനും, അദ്ദേഹവുമായി സഹകരിക്കുവാനും അവസരമുണ്ടായിട്ടുണ്ട്. ഏകദേശം 15-20 വർഷങ്ങൾക്ക് മുൻപ് ഡ്രഗ് ഡിസ്കവറിയിൽ സംഭവിച്ച പാരഡൈം ഷിഫ്റ്റും (Physiology-based drug discovery replaced by Target-based drug discovery),  നാച്ചുറൽ പ്രോഡക്റ്റുകൾ പോലെ സങ്കീർണ്ണമായ സംയുക്തങ്ങൾ പരീക്ഷണശാലയിൽ നിർമ്മിച്ചെടുക്കുന്നതിനാവശ്യമായ സിന്തറ്റിക് കെമിസ്ട്രിയിലെ സാങ്കേതികബുദ്ധിമുട്ടുകളും (ക്രൂഡ് എക്ട്രാക്റ്റ് വെച്ചു മനുഷ്യരിലുള്ള ചികിൽസ തത്ക്കാലം മോഡേൺ മെഡിസിനിൽ നടക്കില്ല),  സുദീർഘമായ കാലതാമസം, റോ മെറ്റിരിയലിന്റെ ലഭ്യത,  ഭീമമായ പണച്ചിലവ് എന്നിങ്ങനെ നിരവധികാരണങ്ങൾ കൊണ്ടു ഫാർമസ്യൂട്ടിക്കൽ ജയന്റ്സ്  ഈ നാച്ചുറൽ പ്രോഡക്റ്റുകളെ തങ്ങളുടെ "ഡ്രഗ്ഗ് സ്ക്രീനിങ്ങ്" റഡാറിൽ നിന്നും എടുത്തുകളയുകയാണു ചെയ്തത്. കൂടുതലും അക്കാദമിക് /ചെറുകിട കമ്പനികളുടെ പശ്ചാത്തലത്തിലാണു ഇതിന്റെ ഗവേഷണങ്ങൾ നടന്നിരുന്നതും, ഇപ്പോഴും നടക്കുന്നതും. വമ്പന്മാർ പിന്നീട് ഇതൊക്കെ ലൈസൻസ് ചെയ്യുകയാണു പതിവ്. 

ഡോ.ഡേവ് ന്യൂമാനെപ്പോലെ ഫാർമസ്യൂട്ടിക്കൽ/അക്കാദമിക് പശ്ചാത്തലമുള്ള ഗവേഷകരുടെ നിരന്തരമായ പ്രയത്നവും, പ്രതീക്ഷയും, ആവേശവും സർക്കാർ തലത്തിൽ തന്നെ ഇത്തരം ഗവേഷണങ്ങൾ നടത്തുവാനും, സപ്പോർട്ട് ചെയ്യുവാനും പിന്തുണയും പ്രേരണയുമാകുന്നുണ്ട്. ഇപ്പോൾ തന്നെ ശുഷ്കിച്ചു വരുന്ന ഡ്രഗ് പൈപ്പ് ലൈൻ ഒരു പക്ഷെ ഭീമൻ കമ്പനികളെ പുതിയ (അല്ലെങ്കിൽ പഴയ) വഴികളിലേക്ക് തിരിച്ചുവിടാൻ പ്രേരിപ്പിച്ചേക്കാം. ഇൻഡ്യയിൽ ഈ രംഗത്ത് നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ എഴുതണമെന്നുണ്ട് പക്ഷെ സമയക്കുറവും ഇപ്പോൾ തന്നെ ഈ കമന്റിന്റെ നീളം കൂടിപ്പോയെന്ന് തോന്നുന്നതു കൊണ്ടും അത് പിന്നീട് എഴുതാമെന്ന് കരുതുന്നു.   

ബിസിനസ് താത്പര്യങ്ങളും അതിന്റെ ഭാഗമായ പൊളിറ്റിക്സും ഒക്കെയുണ്ടെങ്കിലും കാൻസർ എന്ന "രോഗങ്ങളുടെ ചക്രവർത്തിയെ"  കീഴടക്കാമെന്നുള്ള പ്രതീക്ഷയുമായി  മരുന്നുകൾ കണ്ടെത്തുവാൻ ഏവരും ഒരേ മനസ്സോടെ മൽസരബുദ്ധിയോടെ തീവ്രമായി തന്നെ പ്രവർത്തിക്കുന്നു എന്നാണു ഞാൻ മനസിലാക്കുന്നത്. നാച്ചുറൽ പ്രോഡക്റ്റുകളെ മുൻനിർത്തി മോഡേൺ മെഡിസിന്റെ ചരിത്രം സൂക്ഷ്മമായി പഠിക്കുന്നവർക്ക് അത് പ്രകൃതിയിൽ നിന്നും കണ്ടെടുത്തെ ഏതൊക്കെ മരുന്നുകൾ  രോഗചികിൽസക്ക് ഉപയോഗിച്ചു എന്നും ഇപ്പോഴും ഉപയോഗിക്കുന്നു എന്നും മനസിലാകും. ആ ചരിത്രം അറിയാത്തവരാണു മോഡേൺ മെഡിസിൻ "മറ്റുള്ളതിനെയെല്ലാം" അടച്ച് തള്ളിക്കളയുന്നു എന്ന് ആക്ഷേപം ഉയർത്തുന്നത്. 

പിന്നെ കൂടോത്രവും മന്ത്രവാദവും ചെയ്താൽ ക്യാൻസർ മാറുമെന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. അത്  എല്ലാവരും അംഗീകരിച്ച് അതിനെക്കുറിച്ച് ഗവേഷണം ചെയ്തുകൂടെ എന്ന് ചോദിക്കുകയും ആവാം. പക്ഷെ അത് നടന്നു കാണണം എന്ന് ആഗ്രഹിക്കുന്നത് വെറുതെ ആണെന്ന് മാത്രം.


ഡിസ്ക്ലെയിമർ: ഞാൻ  മെഡിക്കലി ട്രെയിൻഡ് ഡോക്റ്റർ അല്ല. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിലേക്ക് വെളിച്ചം വീശിയേക്കാവുന്ന ഗവേഷണമേഖലയിൽ താത്പര്യവും, കുറച്ചൊക്കെ പരിചയവുമുള്ളത് കൊണ്ട്  അത്തരം സയന്റിഫിക് വിവരങ്ങളുടെ വിനിമയവും വ്യാപനവും മാത്രമാണു ഈ പോസ്റ്റിന്റെ ലക്ഷ്യം. മറ്റു കൊമേഴ്സ്യൽ/എൻഡോഴ്സ്മെന്റ് താത്പര്യങ്ങളൊന്നുമില്ല. 

Friday, April 29, 2011

അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധരുടെ പരിണാമനോട്ടങ്ങള്‍!.

ഏകദേശം 325 ദശലക്ഷംവര്ഷം പഴക്കമുള്ള ഒരു "ഡ്രാഗന്‍ ഫ്ലൈ"യുടെ ഫോസ്സില്‍രൂപം ഇന്നത്തെ തുമ്പിയെ "പോലെ" തന്നെ ഇരിക്കുന്നത് കൊണ്ടു പരിണാമം നടന്നിട്ടില്ല എന്നും ഫോസ്സിലായ തുമ്പിയും ഇന്നത്തെ തുമ്പിയും അതേ പടി അല്ലാഹു ഉണ്ടാക്കി വിട്ടതാണെന്നുമാണ് ഈയിടെ ഒരു ബ്ലോഗില്‍ കാണപ്പെട്ട അല്ലാ'ഹുസൈന്യ'ത്തിന്റെ  തുമ്പിതുള്ളലിന്റെ ചുരുക്കം. ഹാറൂണ്‍ യാഹ്യ എന്ന പേരില്‍ എഴുതുന്ന ടര്‍ക്കിഷ് മതഭ്രാന്തൻ അട്നാന്‍ ഒക്താര്‍ ആയിരിക്കണം ഈ വക പരിണാമമണ്ടത്തരങ്ങളില്‍ 'ഹുസൈന്യ'ത്തിന്റെ ഗുരു. കാരണം അയാള് ഈ സൈസ്‌ തുമ്പിതുള്ളലിന്റെ ഒരു മൊത്തവ്യാപാരിയാണ്. മതാന്ധന്മാരായ ചില 'ഹുസൈന്യര്‍'  മലയാളീകരിച്ചു ഈ തുള്ളല്‍ ബ്ലോഗിലും എത്തിച്ചു എന്നു മാത്രം.
പരിണാമത്തെക്കുറിച്ചു നിരവധി അബദ്ധധാരണകള്‍ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളും, മതമൌലീകവാദികളും, ഹുസൈന്യരെപ്പോലെ ഉള്ള മതാന്ധരും ഒക്കെ നിരന്തരം പ്രചരിപ്പിക്കുന്ന നുണകളില്‍  നിന്നുമാണിവയെല്ലാം രൂപപ്പെടുന്നത്അതില്‍ ചില പ്രധാന അബദ്ധധാരണകളെ നമുക്ക് ഒന്ന് പരിചയപ്പെടാം. പലരും പലയിടത്തായി ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങൾ തന്നെയാണിതൊക്കെ. പക്ഷെ ഇപ്പോഴും പലരിലും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ടാണീ ആവർത്തനം. 
1- ജീവന്റെ ഉത്ഭവത്തെക്കുറിച്ചാണ് (Origin of Life) പരിണാമം പറയുന്നത് 
മുട്ടന്‍ തെറ്റ്.  ജീവന്റെ "ഉല്‍ഭവത്തിനു ശേഷം" എന്ത് സംഭവിച്ചു എന്നതാണു പരിണാമപഠനങ്ങള്‍ പറയുന്നത്. ജീവന്റെ ഉല്പത്തിക്കു ശേഷം ഇന്ന് നിലവിലുള്ളതും മണ്‍മറഞ്ഞതുമായ ജൈവവൈവിധ്യം എങ്ങിനെ രൂപപ്പെട്ടിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് പരിണാമസിദ്ധാന്തം സ്വീകാര്യമാകുന്നത്. ഓര്‍ക്കുക, ഡാര്‍വിന്റെ പുസ്തകത്തിന്റെ പേര്  തന്നെ "ഓണ്‍ ദി ഒറിജിന്‍  ഓഫ് സ്പീഷിസ്..." എന്നായിരുന്നു. "ഒറിജിന്‍ ഓഫ് ലൈഫ്" കൈകാര്യം ചെയ്യുന്നത് അജീവജീവോത്പത്തി (Abiogenesis) എന്ന സിദ്ധാന്തമാണ്‌. പല ഇസ്ലാമിക് വെബ്സൈറ്റുകളിലും (മറ്റു  സൃഷ്ടിവാദി സൈറ്റുകളിലും) ഡാര്‍വിനെയും പരിണാമത്തെയും കുറിച്ച് പറയുമ്പോള്‍ ഒപ്പം "ഒറിജിന്‍ ഓഫ് ലൈഫ്" എന്നു കൂട്ടിചേര്‍ത്ത്  മനപ്പൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഡാര്‍വിനും പരിണാമത്തിനും എതിരായി വികാരം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച  ഒരു പുകമറമാത്രമാണിത്. അല്ലാ'ഹുസൈന്യ'ത്തിന്റെ അടിയന്തിര ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാം.   "സൃഷ്ടി"വാദത്തിന്റെ പേരില്‍ നിങ്ങള്‍ ആദ്യം ഗുസ്തി പിടിക്കേണ്ടത്‌ പരിണാമശാസ്ത്രത്തോടോ ഡാര്‍വിനോടോ, വാലസിനോടോ അല്ല, മറിച്ച്‌ അജീവജീവോത്പത്തി (Abiogenesis),  എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തത്തോടാണ്.
ഒള്ളത് പറയാമല്ലോ  ചില നിര്‍ണ്ണായക പരീക്ഷണങ്ങളും, ചിന്താപദ്ധതികളും, നിരവധി ഗവേഷണപഠനങ്ങളും ഒക്കെ ഉണ്ടെങ്കിലും ഇനിയും ഉറച്ച ശാസ്ത്രീയസമവായം രൂപപ്പെടാത്ത ഒരു മേഖലയാണ് അജീവജീവോത്പത്തി. അതായത് ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്ക്ക് അല്‍പ്പമെങ്കിലും സ്കോപ് ഉള്ളത് ഈ മേഖലയിലാണെന്നു സാരം. ജീവന്‍, അതേത് രീതിയില്‍ ഉത്ഭവിച്ചതായാലും, അതിനുശേഷം പരിണാമത്തിനു വിധേയമായി എന്നതും, ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നതും അനിഷേധ്യമായ ശാസ്ത്രവസ്തുതയാണ്. അതുകൊണ്ട് പരിണാമമെന്ന ശാസ്ത്രശാഖയുമായി  നിഴല്‍യുദ്ധം നടത്തി ഇനിയും പരിഹാസ്യരാകാതെ എത്രയും വേഗം മറ്റേ തിയറിയിലോട്ട് റൂട്ട് മാറ്റി പിടിക്കുക.
2 -കുരങ്ങ് പരിണമിച്ചാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ കുരങ്ങുകള്‍ ഇപ്പൊഴും ഇവിടെ ചുറ്റിത്തിരിയുന്നതു എന്നാത്തിനാ? 
വന്‍ അബദ്ധം! കുരങ്ങില്‍ നിന്ന് പരിണമിച്ചല്ല മനുഷ്യന്‍ ഉണ്ടായത്. ഒരു പൊതു പൂര്‍വ്വികനില്‍ (common ancestor) നിന്നും വേര്‍പിരിഞ്ഞു പോന്ന രണ്ടു വ്യത്യസ്ത സ്പീഷിസുകള്‍ ആണു കുരങ്ങനും മനുഷ്യനും. കുരങ്ങില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന ഈ തെറ്റിദ്ധാരണ കാരണം കുരങ്ങനെ കാണുമ്പോ അല്ലാ'ഹുസൈന്യ'ത്തിനു കോംപ്ലക്സ്‌ അടിക്കുന്നുണ്ടാവാം. അല്ലാഹു തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്ന ടീമുകളാണിവര്‍. അപ്പോള്‍ പിന്നെ അല്ലാഹുവിനു കുരങ്ങിന്റെ രൂപമായിരുന്നു എന്ന സൂചന അവര്‍ എങ്ങനെ താങ്ങും? അതുകൊണ്ട് ഡാര്‍വിനെതിരെ ഫത്വായുടെ പത്തലെടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. പക്ഷെ ഡാര്‍വിന്‍ തട്ടിപ്പോയ സ്ഥിതിക്ക്  അങ്ങേരുടെ ശാസ്ത്രീയ സിദ്ധാന്തത്തിനെരെ  പത്തലെടുക്കാനെ ഇപ്പൊ നിവൃത്തിയുള്ളൂ. പരിണാമം എന്തെന്ന് ശരിക്ക് മനസ്സിലാക്കിയാല്‍ ഇത്രയും വേവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല. കുരങ്ങില്‍ നിന്നല്ല മനുഷ്യന്‍ ഉണ്ടായത് എന്ന് അത് തെളിച്ചു പറയുന്നുണ്ട്. പക്ഷെ  ഇനിയും കോംപ്ലക്സ്‌ അടിച്ചു ജീവിക്കാനാണ് തീരുമാനമെങ്കില്‍ ഒരു രക്ഷയുമില്ല, കുരങ്ങന്‍മാര്‍  ഇനിയും കുറെയേറെക്കാലം  ഇവിടെയൊക്കെ തന്നെ കാണും. അഡ്ജസ്റ്റ് ചെയ്താ നിങ്ങക്ക് കൊള്ളാം.

3-
ഒരു ജീവി മറ്റൊരു ജീവിയായി പരിണമിക്കുന്നത് മാത്രമാണ് പരിണാമം
തെറ്റ്. ഇതുമാത്രമല്ല പരിണാമം. ഒരു ജീവി സമാനരൂപത്തിലുള്ള, എന്നാല്‍ പ്രജനനപരമായി വേര്‍തിരിഞ്ഞ മറ്റൊരു ജീവിയായിത്തീരുന്നതും (Speciation‍) പരിണാമമെന്ന പ്രക്രിയയിലൂടെയാണ്. ഒരു ജീവി, രൂപത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവി ആയിത്തീരുന്നത് (Transformation‍ or the Lamarckian term Transmutation) മാത്രം  ആണു പരിണാമം എന്ന അബദ്ധധാരണയില്‍  നിന്നുമാണ്  ഈ മാതിരി വിഡ്ഢിത്തം വരുന്നത്. മുന്‍പ് സൂചിപ്പിച്ചതുപോലെ കുരങ്ങില്‍ നിന്നും പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്ന, ബാഹ്യരൂപസാദൃശ്യം മുന്‍നിര്‍ത്തി രൂപപ്പെട്ട തികച്ചും തെറ്റായ പോപ്പുലര്‍ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് പരിണാമം എന്ന ജൈവപ്രക്രിയയെ പലരും "മനസ്സിലാക്കിയതായി‌" കരുതുന്നത്.  ഇങ്ങനെ തെറ്റായി മനസ്സിലായിക്കവരില്‍ തന്നെ ചില പടുവിഡ്ഢി'ഹുസൈന്യ'ങ്ങള്‍ ആണു  "ബാക്റ്റീരിയ പരിണമിച്ചു ബാക്റ്റീരിയ ആകുന്നതാണോ നിന്റെയൊക്കെ പരിണാമം" എന്നു പുച്ഛത്തോടെ ചോദിക്കുന്നതും.

4-
പരിണാമം എനിക്ക് കാണാന്‍ പറ്റുന്നില്ല. അത് കൊണ്ടു അത് സയന്‍സ് അല്ല.
ഡാര്‍വിന്‍ ആദ്യം പ്രോപ്പോസ് ചെയ്യുമ്പോള്‍ പരിണാമം വളരെ വളരെ സാവധാനത്തില്‍ നടക്കുന്നതായാണ് സൂചിപ്പിച്ചത്. ഒരു പക്ഷെ മനുഷ്യന് സങ്കല്പ്പിക്കാനാവാത്തവിധം ദൈര്‍ഘ്യമുള്ള ഒരു ടൈം സ്കെയിലില്‍ സംഭവിക്കുന്നത് കൊണ്ട് തന്നെ നേരിട്ട് കണ്മുന്നില്‍  പരിണാമം കാണുവാന്‍ കഴിയില്ല എന്നതായിരുന്നു അന്നത്തെ പൊതുധാരണ. എന്നാല്‍ പരിണാമശാസ്ത്രം അവിടെ നിന്നും വളരെ പുരോഗമിച്ചുഇന്ന്  സാവധാനത്തിലല്ലാതെയും പരിണാമം നടക്കുന്നതായി നിരവധി തെളിവുകള്‍ ഉണ്ട്. ആന്റിബയോട്ടിക് റെസിസ്റ്റന്റ്  ബാക്റ്റീരിയകള്‍ ഉണ്ടാകുന്നത് പരിണാമത്തിലൂടെയാണ് എന്ന് ഇന്ന് നമുക്കറിയാം. മനുഷ്യര്‍ ആന്റിബയോട്ടിക് ഉപയോഗിച്ചു തുടങ്ങിയശേഷം മാത്രം രൂപപ്പെട്ടു വന്നതാണ് ഈ പുതിയ ഇനം ബാക്റ്റീരിയകള്‍. ഇതിനെ പരീക്ഷണ ശാലയില്‍ തന്നെ നിരീക്ഷിക്കാന്‍ കഴിയും. അതായത് അല്ലാ'ഹുസൈന്യരേ' ബാക്റ്റീരിയ പരിണമിച്ചു ഒരു പുതിയ ബാക്റ്റീരിയ ഉണ്ടാകുന്നതും പരിണാമം ആണ്!
മനുഷ്യന്റെ ഇടപെടലുകള്‍ കാരണം ഈയിടെ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ നിന്നും പരിണാമത്തിന്റെ മറ്റൊരു ഉദാഹരണം മല്സ്യവര്ഗത്തില്‍ കണ്ടെത്തുകയുണ്ടായി
. 1947-നും 1976-നും ഇടയില്‍ ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ ജനറല്‍ ഇലക്ട്രിക് എന്ന കുത്തകഭീമന്‍ ഏകദേശം ഒരു മില്യണ്‍ പൌണ്ടില്‍ കൂടുതല്‍ Polychlorniated biphenol (PCB) എന്ന വിഷപദാര്‍ത്ഥം പുറന്തള്ളിയിരുന്നു. മീനുകളെയും, കടല്‍പ്പക്ഷികളെയും കൊന്നൊടുക്കുന്ന, മനുഷ്യരില്‍ ക്യാന്‍സറു പോലെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഈ വിഷം 1979-ൽ നിരോധിച്ചുവെങ്കിലും, നദിയുടെ അടിത്തട്ടില്‍ വീര്യം ചോരാതെ അടിഞ്ഞു കിടന്നു. ഏകദേശം അറുപതു വര്‍ഷം കൊണ്ടു ഈ വിഷത്തിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ച  അറ്റ്‌ലാന്റിക് ടോംകോഡ്‌ എന്ന ബോട്ടം ഫീഡര്‍ മത്സ്യമാണ് ജീവിപരിണാമത്തിലെ കണ്ടെടുക്കപ്പെട്ട പുത്തന്‍ താരോദയം. Arylhdrocarbon receptors (AHR) എന്ന പ്രോട്ടീനിന്റെ ജീനില്‍ റാന്‍ഡം ആയി സംഭവിച്ച ഒരു മ്യൂട്ടേഷന്‍ (രണ്ടു അമിനോ ആസിഡുകളുടെ കുറവുമൂലം മ്യൂട്ടന്‍റ് പ്രോട്ടീനില്‍ പി.സി.ബി ടോക്സിന് ശരിയായി ബൈന്‍ഡ്ചെയ്യാന്‍ കഴിയുകയില്ല) നാച്ചുറല്‍ സെലക്ഷന്‍ വഴി ഒരു പോപ്പുലെഷനില്‍ പ്രോമിനന്റ് ആകുകയും അതുവഴി വിഷലിപ്തമായ സാഹചര്യത്തില്‍ സര്‍വൈവ് ചെയ്യുവാനും കഴിഞ്ഞു ഈ മത്സ്യത്തിന്. ഇവിടെ മ്യൂട്ടേഷന്‍ റാന്‍ഡം ആയിട്ടാണ് ഉണ്ടായത് എന്നത് വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസം തോന്നിയേക്കാം. കുറെ പി.സി.ബി അകത്തു ചെന്ന് കഴിഞ്ഞു സഹിക്കാന്‍ പറ്റാതെ മീന്‍ ആഞ്ഞു ശ്രമിച്ചിട്ട് മ്യൂട്ടേഷന്‍ ഉണ്ടാക്കി എടുത്തതാണ് എന്നു ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷെ ഒരു ജീവിക്ക്  സ്വന്തമായി കിണഞ്ഞു പരിശ്രമിച്ച് അതിനാവശ്യമുള്ള മ്യൂട്ടേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. ഡി.എന്‍.-യില്‍ തികച്ചും റാന്‍ഡം ആയി ഉണ്ടാകുന്ന പല മ്യൂട്ടെഷനുകളില്‍ ഒരെണ്ണം ഈ പ്രത്യേക ജീനില്‍, ഒരു പ്രത്യേക പൊസിഷനില്‍, സംഭവിക്കുകയും, അത് മീനിന്റെ പ്രത്യേക ജീവിതസാഹചര്യത്തില്‍ അനുഗുണമായി ഭവിക്കുകയും, ആ മ്യൂട്ടേഷന്‍ ഉള്ള മീനുകള്‍ വളര്‍ന്നു വലുതായി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും, കുഞ്ഞുങ്ങളിലെക്ക് ഈ മ്യൂട്ടന്‍റ് ജീന്‍ പകര്‍ന്നു നല്‍കുകയും ചെയ്തു.. ഈ പ്രത്യേക മ്യൂട്ടേഷന്‍ ഇല്ലാത്ത മീനുകള്‍ ഇതേ സാഹചര്യത്തില്‍ ശരീരത്തില്‍ വിഷം അടിഞ്ഞുകൂടി ചത്തുപോകുകയും ചെയ്തു.  ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുള്ളത്  മ്യൂട്ടേഷന്‍  ഉണ്ടാകുന്നത്  റാന്‍ഡം പ്രോസസ് ആണെങ്കിലും അതിന്റെ നാച്ചുറല്‍ സെലക്ഷന്‍  നോണ്‍റാന്‍ഡം പ്രോസസ്  ആണു ഇതാണ് പരിണാമത്തിന്റെ ഒരു രീതിശാസ്ത്രം. വിഷരഹിതമായ സാഹചര്യത്തിലും ഇതേ  മ്യൂട്ടേഷന്‍ വളരെ കുറഞ്ഞ തോതില്‍ ആണെങ്കിലും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വിഷരഹിതമായ ജീവിതസാഹചര്യത്തില്‍ ഈ മ്യുട്ടെഷന്‍ പ്രത്യേകിച്ച് സര്‍വൈവല്‍ നേട്ടം പ്രദാനം ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നാച്ചുറല്‍ സെലക്ഷന്‍ വ്യാപകമായി നടക്കുകയുമില്ല എന്നു മാത്രം.

ഈ സംഭവത്തില്‍ നിന്നും പരിസ്ഥിതി മലിനീകരണം കുഴപ്പമില്ല, പരിണാമം ജീവികളുടെ രക്ഷയ്കെത്തും എന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. ഒരു ഭക്ഷ്യശൃംഖലയുടെ ഭാഗം കൂടിയായ ഈ പുതിയ മല്‍സ്യം ശരീരത്തില്‍ വിഷം നിറച്ച ഒരു ബൂബി ട്രാപ് ആണ്. ആഹാരത്തിനു ഈ മത്സ്യത്തെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവികള്‍ ഈ ട്രാപ്പില്‍ പെട്ട് ചത്തോടുങ്ങുകയോ, ഇതിനെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ വിശന്നൊടുങ്ങകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചുരുക്കി പറഞ്ഞാല്‍ പ്രകൃതിയില്‍ വെച്ചു ഒരു ജീവിയുടെ പരിണാമത്തിനെ മുന്നോട്ടു നയിക്കുന്ന ജനിതകതലത്തിലുള്ള സൂക്ഷ്മപ്രക്രിയകള്‍ പരീക്ഷണശാലകളില്‍ പഠനവിധേയമാണെകിലും, അതൊന്നും തത്ക്കാലം നമുക്ക്  നേരിട്ട് കാണാന്‍ കഴിയില്ല. എങ്കിലും പരിണാമത്തിന്റെ ഫലം ഏവര്‍ക്കും നിരീക്ഷിച്ചു ബോധ്യപ്പെടാവുന്നതേയുള്ളൂ.

5 -
ജീവികള്‍ സാവധാനം രൂപം മാറിയെങ്കില്‍ ഇടരൂപങ്ങളുടെ ഫോസ്സിലുകള്‍ (ട്രാന്‍സിഷനല്‍ ഫോസ്സില്‍സ്) കാണണമല്ലോ. അങ്ങിനെ ഫോസ്സിലുകള്‍ ഇല്ലാത്തതുകൊണ്ട് പരിണാമം തെളിവില്ലാത്ത കള്ളമാണ്.
ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ എവിടെ എന്ന ചോദ്യം തികച്ചും ന്യായമാണ്. എന്നാല്‍ ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ കിട്ടിയിട്ടില്ല എന്നതു നുണയാണ്. അത്തരം നുണയെ അടിസ്ഥാനമാക്കി പരിണാമത്തിനു തെളിവില്ല എന്നു പറയുന്നതു വിഡ്ഢിത്തവുമാണ്. കുതിര, പന്നി, ഉരഗ-നാല്‍ക്കാലി ജീവികള്‍ എന്നിങ്ങനെ വിവിധ ജീവികളുടെതായി ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സിഷണല്‍ ഫോസ്സിലുകളെ കുറിച്ച് വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക..
നമുക്ക് തുമ്പിതുള്ളലിലേക്ക് തിരിച്ചു പോകാം. ഏകദേശം 325 ദശലക്ഷം വര്ഷം കാലപ്പഴക്കമുള്ള ഫോസ്സിലില്‍ കണ്ട തുമ്പിക്ക് ഇന്നത്തെ തുമ്പിയുമായി കാഴ്ചയില്‍ രൂപസാദൃശ്യം ഉണ്ടെന്നുള്ളത് വാസ്തവം. പക്ഷെ അത് കൊണ്ട് ആ തുമ്പി അതേപടി തുടരുന്നതാണ് ഇന്നത്തെ തുമ്പി എന്ന് പറയുന്നത് മണ്ടത്തരം. കാരണം ഇന്നത്തെ തുമ്പിയെക്കാള്‍ അസാമാന്യ വലിപ്പമുള്ളതായിരുന്നു ഫോസ്സിലായ  തുമ്പി. അത് പ്രതിനിധാനം ചെയ്യുന്ന തുമ്പി സ്പീഷിസ് വംശനാശം വന്നു പോയതുമാണ്. അതുകൊണ്ട് തന്നെ ആ സ്പീഷിസിന്റെ നേര്‍തുടര്ച്ചയേയല്ല ഇന്ന് കാണുന്ന തുമ്പികള്‍. വംശനാശത്തിനു മുന്‍പ് തന്നെ രൂപസാമ്യമുള്ള വേറെ സ്പീഷിസ് ആയി പരിണമിച്ച തുമ്പികള്‍ വീണ്ടും പരിണാമം തുടര്‍ന്നതിന്റെ ഫലമായി ഏതാണ്ട് ആറായിരം വ്യത്യസ്ത സ്പീഷിസ് തുമ്പികള്‍ ഇന്ന് നിലവിലുണ്ട്. തുമ്പികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക. തുമ്പികളുടെ ക്ലാസ്സിഫിക്കേഷനും, പൊതുവെ എവലൂഷണറി ട്രീയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ഈ കിടിലൻ സൈറ്റ് സന്ദർശിക്കാൻ മറക്കണ്ട.
പഴേ  തുമ്പികള്‍ ഇതുവരെ പരിണമിച്ചു മറ്റെന്തോ ജീവി ആയില്ല എന്നാണു അല്ലാ'ഹുസൈന്യ'ത്തിന്റെ മറ്റൊരു പരിദേവനം.  തികച്ചും ന്യായമായ പരിദേവനം തന്നെ. പക്ഷെ ഇതിന്റെ ഉത്തരം പരിണാമമില്ല എന്നല്ല. വളരെ ഡ്രാസ്റ്റിക്ക് ആയ ജനിതകവ്യതിയാനങ്ങള്‍ സംഭവിക്കാതെയിരിക്കുകയോ, അല്ലെങ്കില്‍ അത്തരം ജനിതകവ്യതിയാനങ്ങള്‍ നാച്ചുറല്‍ സെലക്ഷന് വിധേയമാകാതെയിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചില  ജീവിവര്‍ഗങ്ങള്‍ താരതമ്യേന സ്ഥിരത കൈവരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോര്ഫോളജിക്കല്‍ സ്റ്റേസിസ് അല്ലെങ്കില്‍ എവലൂഷണറി സ്റ്റേസിസ് എന്നൊക്കെ വിശേഷിപ്പിച്ചിട്ടുള്ള ഈ പ്രതിഭാസത്തിന്റെ ഒരു ഉദാഹരണം മാത്രമായി വേണം തുമ്പി സ്പീഷീസുകളെ കാണുവാന്‍. കെട്ടിലും മട്ടിലും സ്ഥിരതയുണ്ടെന്ന് തോന്നുമെങ്കിലും ഇവയിലെല്ലാം നിര്‍ണ്ണായകമായ ജനിതകവ്യതിയാനങ്ങള്‍ ഉണ്ടായിരിക്കുമെന്നത് വ്യക്തം. മുന്‍പ് പറഞ്ഞതുപോലെ ഇന്നത്തെ  ജൈവവൈവിധ്യത്തിന് കാരണം പരിണാമം ആണെന്നല്ലാതെ  കൃത്യമായി ഇത്ര വര്ഷം കൊണ്ടു  തുമ്പിയൊ, തവളയോ പന്നിയോ ഒക്കെ ക്രോസ് സ്പീഷിസ് ചാട്ടം നടത്തി ഇന്നയിന്ന പുതുപുത്തന്‍ ജീവികളായിത്തീരും എന്ന് ഒരു പരിണാമ ശാസ്ത്രജ്ഞനും പറയാനിടയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ക്ക്‌ പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് ശരിയായ  അറിവില്ല എന്ന് വേണം കരുതാന്‍. അതായത് പരിണാമത്തിനു ഒരു പ്രത്യേക ലക്‌ഷ്യമോ /മോട്ടിവേഷനോ ഒന്നുമില്ല. അല്ലാഹു ഒരു കലണ്ടര്‍ എടുത്തു വെച്ച്  ആറ്  ദിവസം കൊണ്ടു ഇന്നു കാണുന്ന സകല കിടുപിടികളും അതേപടി ഉണ്ടാക്കിവിട്ടു  എന്ന മുഹമ്മദീയന്‍ Goal oriented young earth creationism മദ്രസകള്‍ വഴി തലച്ചോറില്‍ തിരുകി നടക്കുന്നതു കൊണ്ടാണ്, സാഹചര്യങ്ങളാല്‍ സ്വാഭാവികമായും തിരഞ്ഞെടുക്കപ്പെടുന്ന ചെറുതും വലുതുമായ ജനിതകവ്യതിയാനങ്ങളിലൂടെ തികച്ചും ഗ്രാജ്വലായി ജീവികളില്‍ വരുന്ന മാറ്റങ്ങളെ പരിണാമം എന്ന് വിളിക്കുന്നതിനോട് അല്ലാ'ഹുസൈന്യ'ത്തിനു ഇത്രയും കലിപ്പ് തോന്നുന്നത് എന്ന് വേണം മനസിലാക്കാന്‍.
ഫോസ്സിലുകള്‍ ഉണ്ടാകുന്നതെങ്ങിനെ, അതിനെ കണ്ടെത്തി കൃത്യമായ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നതെങ്ങിനെ എന്നൊന്നും അല്ലാ'ഹുസൈന്യര്‍'ക്ക് യാതൊരു പിടിയുമുണ്ടാവില്ല. ഇതുവരെ വംശനാശം വന്നുപോയ ജീവികളെല്ലാം മണ്ണിന്റെ അടിയിലോ, കടലിന്റെ അടിയിലോ, മഞ്ഞിന്റെ അടിയിലോ ഒക്കെ തൂമ്പയ്ക്കു കിളച്ചാല്‍ പൊന്തിവരാന്‍ പാകത്തിന് ഫോസ്സിലായി  കിടക്കും എന്നാണ് ഇക്കൂട്ടര്‍ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഭൂമിയുടെ വെറും തുച്ചമായ ഭാഗങ്ങളില്‍ മാത്രമാണ് ഇതുവരെ ഫോസ്സില്‍ പര്യവേഷണങ്ങള്‍ നടന്നിട്ടുള്ളത്. ഭൂമി മൊത്തം കുഴിച്ച് പരതിയാലും മണ്മറഞ്ഞു പോയ എല്ലാ സ്പീഷിസിന്റെയും ഫോസ്സിലുകള്‍ കിട്ടാന്‍ വഴിയില്ലകാരണം എല്ലാ ജീവികളും ഫോസ്സിലുകളായി സംരക്ഷിക്കപ്പെടില്ല എന്നത് തന്നെ.

6 -
പരിണാമം ഒരു തിയറി (സിദ്ധാന്തം) മാത്രമാണ്
 സയന്റിഫിക് തിയറി എന്നാല്‍ എന്തെന്ന് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്. "ജെം തിയറി" (സൂക്ഷ്മാണുക്കള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന ശാസ്ത്രീയ സിദ്ധാന്തം) പോലെ ഒരു കോണ്ടക്സ്റ്റില്‍ ആണു "എവലൂഷണറി തിയറി" എന്നതിലെ തിയറി  എന്ന വാക്ക്  പ്രയോഗിക്കപ്പെടുന്നത്. നിരീക്ഷണവും, പരീക്ഷണവും നടത്തി തെളിയിക്കപ്പെടുകയും, മറ്റു നിരവധി ശാസ്ത്രശാഖകളില്‍ നിന്നും (ഉദാ: ജനറ്റിക്സ്, മോളികുലാര്‍ ബയോളജി, ഇക്കോളജി, പാലിയന്റോളജി, ആര്‍ക്കിയോളജി)  അറിവുകള്‍ കൂട്ടിചേര്‍ത്ത്  നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് എവലൂഷണറി സയന്‍സ്.  അല്ലാ'ഹുസൈന്യർ' തുമ്പിതുള്ളല്‍ നടത്തി പുസ്തകമെഴുതിയാല്‍  ശാസ്ത്രം ശാസ്ത്രമല്ലാതെയാകുമെന്നു കരുതുന്നവര്‍ ഏതൊരു പുരോഗമന സമൂഹത്തിനും നാണക്കേടാണ്.
പരിണാമത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ ഇനിയുമുണ്ട്. സമയം പോലെ ഇവിടെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കാം.