Sunday, January 27, 2013

അനശ്വരതയുടെ കീഴാളകോശങ്ങള്‍!

(ഭാഗം ഒന്ന്)

2001 നവംബറിലെ തണുപ്പുള്ള ഒരു പ്രഭാതം.
പുതിയ ലാബില്‍ പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആയി ചേര്‍ന്നതേ ഉള്ളൂ. എനിക്ക് ഏറെ പുതുമയുള്ള,പ്രായോഗികപരിചയം തീരെയില്ലാതിരുന്ന ഒരു വിഷയത്തിലേക്ക്, നിലതെറ്റിപ്പോകുന്ന മനുഷ്യകോശങ്ങളുടെ നിഗൂഢതകളിലേക്ക്, അഴിയുന്തോറും സങ്കീർണ്ണമാകുന്ന അറിവിന്റെ ആഴങ്ങളിലേക്ക് പ്രയാണത്തിന് തുടക്കം കുറിക്കുന്ന ദിവസം. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാവുന്ന, എന്നാൽ ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ വളരെ സുപ്രധാനമായ ഒരു വിദ്യയുടെ പ്രായോഗികപഠനം തുടങ്ങുകയായിരുന്നു അന്ന്. മനുഷ്യകോശങ്ങള്‍ തളികകളില്‍  വളര്‍ത്തിയെടുക്കുന്ന വിദ്യ (സെൽ കൾച്ചർ). റഷ്യക്കാരനായ ഒരു അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയിരുന്നു എന്റെ വഴികാട്ടി.

നഗരമധ്യത്തിലെ തിരക്കേറിയ തെരുവോരത്തായിരുന്നുവെങ്കിലും പുറം കാഴ്ചകൾ കടന്നുവരാത്ത ഒരു കുടുസ്സ് മുറിയായിരുന്നു അന്ന് ഞങ്ങളുടെ ലാബ്. പ്രധാന ലാബില്‍ ഉള്ള  ദ്രാവക നൈട്രജൻ  (-196oC)  സംഭരണി തുറന്ന്,  അതില്‍ നിന്ന് തീരെ ചെറിയ ഒരു  പ്ലാസ്റ്റിക് ട്യുബും (ക്രയോവയല്‍) എടുത്ത്  അദ്ദേഹം സെല്‍ കള്‍ച്ചര്‍ ലാബിലേക്ക് നീങ്ങി. പിന്നാലെ ഞാനും. ആ ട്യൂബ് ചെറുചൂടുള്ള വെള്ളത്തില്‍ (37oC) വെച്ച് മെല്ലെ ഇളക്കിയപ്പോൾ ഏകദേശം രണ്ട് മിനുട്ടിനുള്ളില്‍ ട്യുബിനകത്തെ ഐസുരുകി ചുവപ്പ് നിറത്തില്‍ ഒരു ദ്രാവകം രൂപമെടുത്തു. ട്യൂബിനു പുറമേ  70% നേർപ്പിച്ച എത്തനോള്‍ തളിച്ച്,  കടലാസുതൂവാല കൊണ്ടു നന്നായി തുടച്ച ശേഷം ലാമിനാര്‍ ഫ്ലോ ക്യാബിനറ്റ് എന്നു വിളിക്കുന്ന അണുവിമുക്തമായ അന്തരീക്ഷം നിലനിര്‍ത്തുന്ന ജോലിമേശമേൽ വെച്ചു.  തണുപ്പ് മാറ്റി തയ്യാറാക്കി വെച്ചിരുന്ന ചുവന്ന നിറത്തിലുള്ള വളർച്ചാദ്രാവകം (സെല്‍ കള്‍ച്ചര്‍ മീഡിയം)  പൈപ്പെറ്റ്  ഉപയോഗിച്ചു ഒരു പുത്തൻ പ്ലാസ്റ്റിക് തളികയിലേക്ക് പകര്‍ന്നു. ട്യൂബിന്റെ അടപ്പ് സൂക്ഷ്മതയോടെ തുറന്ന്, ഏകദേശം ഒരു മില്ലി ലിറ്ററോളം വരുന്ന അതിലെ കോശങ്ങളടങ്ങുന്ന ദ്രാവകം  തളികയിലെ വളർച്ചാമീഡിയത്തിലേക്ക്  സാവധാനം പകര്‍ന്നു.  മിശ്രിതം നന്നായി ഇളക്കിയശേഷം തളിക ഒരു ഇന്‍കുബേറ്ററില്‍  വെച്ചു.

37 ഡിഗ്രി സെൽഷ്യസ് ചൂടും, 5% കാര്‍ബണ്‍ ഡയൊക്സൈഡും നിയന്ത്രിത അളവില്‍ ക്രമീകരിച്ചിട്ടുള്ള  അണുവിമുക്തമായ ഇന്‍കുബേറ്ററില്‍ തണുപ്പിന്റെ ആഴമുള്ള ഓര്‍മ്മകളില്‍ നിന്നും ഈ മനുഷ്യകോശങ്ങള്‍ അവയുടെ ചിരപുരാതനമായ ഊഷ്മളതയിലേക്ക് ഉണർന്നെണീൽക്കുന്നതും കാത്ത് ഞാന്‍ മറ്റു ജോലികളില്‍ മുഴുകി.
..............
1950 ഫെബ്രുവരി മാസത്തിലെ ഒരു തണുത്ത ബാൾട്ടിമോർ ദിവസം.
ഡോ.ജോർജ് ഗയ് ചിത്രത്തിനു കടപ്പാട്
ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറിയുടെ മേധാവിയായ ഡോക്റ്റര്‍ ജോര്‍ജ് ഗയ്ക്ക് രണ്ട് ടിഷ്യു സാമ്പിളുകള്‍ ലഭിക്കുന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളമായി   മനുഷ്യജീവന്റെ അടിസ്ഥാനഘടകമായ കോശങ്ങളെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചിരുന്ന പ്രയത്നശാലിയായിരുന്നു ഡോ. ജോര്‍ജ്. അദ്ദേഹത്തിന്റെ  പരീക്ഷണങ്ങളെല്ലാം തന്നെ അതുവരെ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുകയായിരുന്നു. പലപ്പോഴും കോശങ്ങള്‍ കുറച്ച് ദിവസത്തേക്ക്  വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഒടുവില്‍ മൃതിയടയുകയായിരുന്നു പതിവ്. നോർമൽ കോശങ്ങളുടെ ആയുസ്സ് അല്പമാത്രമാക്കി പരിമിതപ്പെടുത്തുന്ന കോശവളർച്ചാപരിധിയെക്കുറിച്ച് (ഹെഫ്ലിക്ക് ലിമിറ്റ്) അന്ന് അറിവുണ്ടായിരുന്നില്ല.  എങ്കിലും പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല നൂതനമായ കോശവളര്‍ച്ചാ രീതികളും, ഉപകരണങ്ങളും, വളര്‍ച്ചാ ദ്രാവകമിശ്രിതങ്ങളും അദ്ദേഹം വികസിപ്പിച്ചു പരീക്ഷിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് കോശങ്ങളെ വളർത്താനാവശ്യമായ മുന്നൊരുക്കങ്ങൾ ഒരുതരം ആഭിചാരക്രിയയുടേതിനു സമാനമായിരുന്നു. വെളുപ്പാൻ കാലത്ത് അറവുശാലകളിൽ ചെന്ന് കോഴികളുടെ ചങ്കിൽ നിന്നും ഊറ്റിയെടുത്ത ചോരയും, ഗർഭിണികളായ അറവുപശുക്കളിൽ നിന്നും എടുത്ത് മാറ്റിയ  ഫീറ്റസുകളെയും ശേഖരിച്ച് കൊണ്ട് വരും. അടുത്ത  യാത്ര ആശുപത്രിയിലെ പ്രസവ വാർഡിലേക്കാണ്. അവിടെ ചെന്ന് മുറിച്ച് മാറ്റപ്പെടുന്ന പൊക്കിൾക്കൊടികളിൽ നിന്നും ചോരയൂറ്റിയെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന ചോരയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സീറത്തിനൊപ്പം പശുഫീറ്റസിന്റെ സത്തും, ഉപ്പ്, കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഗ്ലൂക്കോസ് എന്നിങ്ങനെ ചില രാസചേരുവകളും (ഹാങ്ക്സ് സാൾട്ട്) ഒക്കെ  ചേർത്താണ് കോശങ്ങൾക്ക് വളരാനുള്ള 'ജീവജലം' ഉണ്ടാക്കിയിരുന്നത്.  തുറന്ന മുറിയിൽ കത്തിച്ച് വെച്ച ബുൺസൺ ബർണറിന്റെ തീനാളം നൽകുന്ന ചെറിയ ശുദ്ധിവലയത്തിൽ മാംസക്കഷണങ്ങളെ കുനുകുനാ അരിഞ്ഞ്    കുപ്പികളിൽ പകർന്നു വെച്ച ജീവജലത്തിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.  

അണുബാധസാധ്യത ഏറെയുള്ള ഈ ടിഷ്യൂകൾച്ചർ ലാബും പരിസരവും വളരെ കർക്കശമായും സൂക്ഷ്മമായും ശുദ്ധിയാക്കി സൂക്ഷിച്ചിരുന്നതിലും, ജീവജലത്തിന്റെ ചേരുവകൾ രൂപപ്പെടുത്തിയെടുത്തതിലും മുഖ്യ പങ്ക് വഹിച്ചിരുന്നത് ഡോ.ജോർജിന്റെ ഭാര്യയും കൂടിയായിരുന്ന മാർഗരറ്റ് എന്ന ടെക്നീഷ്യൻ ആയിരുന്നു.

കാൻസർ കോശങ്ങൾ വളർത്തിയെടുക്കുന്ന വിധം
Ref: Ku and Park, Cancer Research and Treatment 2005;37(1):1-19
അന്നേ ദിവസം കിട്ടിയ രണ്ട് ടിഷ്യു സാമ്പിളുകളും ഡോ.ജോര്‍ജിന്റെ അസിസ്റ്റന്റ് ആയിരുന്ന മേരി കുബിചെക് പതിവുപോലെ തീരേ ചെറിയ കഷണങ്ങളാക്കി മുറിച്ച് വളര്‍ച്ചാദ്രാവകത്തില്‍ നിക്ഷേപിച്ചു. വളർച്ചാദ്രാവകത്തിലും മറ്റ് സംവിധാനങ്ങളിലും വളരെയേറെ മാറ്റങ്ങളുണ്ടെങ്കിലും കാൻസർ കോശങ്ങൾ   പരീക്ഷണശാലയിൽ വളർത്തിയെടുക്കുന്ന വിധം ഇന്നും കാര്യമായി മാറിയിട്ടില്ല (ചിത്രം) എന്നത് ശ്രദ്ദേയമാണ്   . മുറിച്ചിട്ട ട്യൂമർ കഷണങ്ങളിൽ നിന്നും അടർന്നുവീഴുന്ന കോശങ്ങൾ വളര്‍ന്നു വിഘടിച്ച് പെരുകുമെന്ന പ്രതീക്ഷയിൽ, ട്യൂബുകൾ  ഇന്‍‌കുബേറ്ററില്‍ വെച്ച് പതിവുപോലെ മേരിയും  മറ്റ് ജോലികളിൽ മുഴുകി.

പിന്നീട് വൈദ്യശാസ്ത്രഗവേഷണരംഗത്ത് വിപ്ലവകരമായ പുരോഗതിക്ക് ഹേതുവായിത്തീർന്ന   ഒരു നിർണ്ണായകമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന്  അവരാരും തന്നെ കരുതിയിരിക്കില്ല. 
--------

1950 ജനുവരി 29.
ഡോ. ജോര്‍ജിനു  ടിഷ്യു സാമ്പിളുകള്‍ കിട്ടുന്നതിനു  മുന്‍പുള്ള മറ്റൊരു പ്രഭാതം.  ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിന്റെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഹെന്‍റിയറ്റ ലാക്സ് എന്ന മുപ്പത്തിയൊന്നു വയസ്സുകാരി വീട്ടമ്മ അസാധാരണമെന്ന് തോന്നിച്ച ഒരു രോഗലക്ഷണവുമായി എത്തി. പ്രാഥമിക പരിശോധനയില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും, വിശദമായ പരിശോധനയില്‍ ഹെൻറിയറ്റയുടെ  സെര്‍‌വിക്സില്‍ (ഗർഭാശയഗളം) അര്‍ബുദത്തിന്റെ ലക്ഷണം കണ്ടെത്തി. പ്രശസ്തനായ ഗൈനക്കോളജിസ്റ്റ്  ഡോക്റ്റര്‍ ഹോവാര്‍ഡ് ജോണ്‍സ്‌ ആയിരുന്നു ഹെൻറിയറ്റയെ പരിശോധിച്ചത്. ആയിരത്തിലധികം സെര്‍‌വിക്കല്‍ ക്യാന്‍സറുകള്‍ നിരീക്ഷിച്ചിട്ടുള്ള  ഡോക്റ്റര്‍ ജോണ്‍സിന് ഹെൻറിയറ്റയുടെ ക്യാന്‍സര്‍ താനിതുവരെ കണ്ടതില്‍  നിന്നും രൂപത്തിലും, ലക്ഷണത്തിലും വേറിട്ടതാണെന്നത് തികച്ചും അത്ഭുതപ്പെടുത്തി. കൂടുതൽ ടെസ്റ്റുകൾക്കായി ടിഷ്യൂ സാമ്പിളുകൾ എടുത്തശേഷം അറിയിക്കുമ്പോൾ മടങ്ങിവരാനാവശ്യപ്പെട്ട് ഡോക്ടർ ഹെൻറിയറ്റയെ തിരിച്ചയച്ചു. 
---------

ഹെൻറിയറ്റയും ഡേവിഡ് ലാക്സും
ചിത്രത്തിനു കടപ്പാട്
വെർജീനിയയിലെ റോണോക്ക് എന്ന സ്ഥലത്തെ പുകയിലപ്പാടങ്ങളിൽ തൊഴിലാളികളായിരുന്ന എലിസയുടെയും ജോൺ റാൻഡൽ പ്ലസന്റിന്റെയും  മകളായി 1920 ആഗസ്റ്റ് ഒന്നിനാണ് ലോററ്റ പ്ലസന്റ് എന്ന ഹെൻറിയറ്റയുടെ ജനനം.  ചെറുപ്പത്തിലെ അമ്മ മരിച്ച ഹെൻറിയറ്റയെയും മറ്റ് ഒൻപത് സഹോദരങ്ങളെയും ബന്ധുക്കൾ പലർ ചേർന്നാണു വളർത്തിയത്. ഹെൻറിയറ്റ  അപ്പൂപ്പന്റെയൊപ്പമായിരുന്നു. അന്തിയാവോളം പുകയിലപ്പാടത്ത് പണിയെടുത്ത് വീട്ടുജോലികളും തീർത്ത് അപ്പൂപ്പന്റെ കളപ്പുരയുടെ തട്ടിൻപുറത്ത്  കുഞ്ഞുങ്ങൾ തളർന്നുറങ്ങി.

ഹെൻറിയറ്റയുടെ ഒന്നാം കസിൻ ഡേവിഡ് 'ഡെ' ലാക്സ് കൂട്ടിനുണ്ടായിരുന്നു. ആ കൂട്ട് വളർന്ന് വിവാഹത്തിലെത്തി.  ഇവർക്ക് അഞ്ച് കുട്ടികളായിരുന്നു. മൂത്ത മകൾ ഡെബ്ര, അതിനു താഴെ എൽസി, ലോറൻസ്, ഡേവിഡ് സണ്ണി ജൂനിയർ, ജോസഫ് (ഇയാൾ മതം മാറി സക്കറിയ അബ്ദുൽ റഹ്മാൻ എന്ന പേരു സ്വീകരിച്ചു) എന്ന മൂന്ന് സഹോദരന്മാർ. ജന്മനാ രോഗിയായിരുന്ന എൽസി വിർജീനിയയിലെ 
"ഹോസ്പിറ്റൽ ഫോർ ദി നീഗ്രോ ഇൻസെയ്ൻ" എന്ന മാനസികരോഗചികിൽസാകേന്ദ്രത്തിലാക്കപ്പെടുകയും, അവിടെ വെച്ചു 1955-ൽ മരിക്കുകയും ചെയ്തു. 


രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ സ്റ്റീൽ ബൂമിനെ പിന്തുടർന്ന് ബാൾട്ടിമോറിലെ ടർണേഴ്സ് സ്റ്റേഷനിലുള്ള സ്റ്റീൽ ഫാക്റ്ററിയിലേക്ക് ജോലി തേടിയെത്തുകയായിരുന്നു ഹെൻറിയറ്റയുടെ ഭർത്താവ് ഡേവിഡ്. പിന്നീട് ഹെൻറിയറ്റയും കുടുംബവും  റോണോക്കിൽ നിന്ന്  ബാൾട്ടിമോറിലേക്ക് ചേക്കേറുകയാണുണ്ടായത്.

ഹെൻറിയറ്റയുടെ അർബുദം തിരിച്ചറിയുമ്പോൾ അവരുടെ അഞ്ചാമത്തെ കുഞ്ഞായ ജോസഫിനു ജന്മം നല്‍കി വെറും നാലു മാസം മാത്രമേ ആയിരുന്നുള്ളൂ.  തന്റെ രോഗാവസ്ഥയുടെ തീവ്രതയറിയാതെ അവർ പതിവുജോലികളിൽ മുഴുകി. രോഗനിർണ്ണയത്തിനുശേഷം ഡോക്റ്റര്‍  ജോൺസ് ആവശ്യപ്പെട്ടതനുസരിച്ച്  ഹോസ്പിറ്റലില്‍ തിരിച്ചെത്തിയ ഹെന്‍‌റിയറ്റയെ   അനസ്തീഷ്യയ്ക്ക് വിധേയയാക്കി. ട്യൂമറുള്ള സ്ഥലത്ത് റേഡിയേഷൻ പുറപ്പെടുവിക്കുന്ന റേഡിയം ട്യൂബുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു അന്നത്തെ പ്രധാന ചികില്‍സാരീതി. നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ശക്തമായ റേഡിയേഷന്‍ കൊണ്ട്  അര്‍ബുദത്തെ കരിച്ചുകളയുന്ന രീതി പലരിലും കുറെയൊക്കെ ഫലപ്രദമായിരുന്നു. 1950 ഫെബ്രുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ റേഡിയം ട്യൂബുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ്, ഡോക്റ്റര്‍ ലോറൻസ് വാർട്ടൺ ജൂനിയർ അവരുടെ സെര്‍‌വിക്സിന്റെ നോര്‍മലായിട്ടുള്ള ഭാഗത്തു നിന്നും, ട്യൂമറില്‍ നിന്നും അല്പം ടിഷ്യു വീതം മുറിച്ചെടുത്ത് രണ്ട്  ട്യൂബുകളിലാക്കി സൂക്ഷിച്ചു.  ഇത്തരത്തില്‍  സാമ്പിളുകള്‍ ശേഖരിച്ച് ഹോപ്കിന്‍സിലെ ടിഷ്യു കള്‍ചര്‍ മേധാവിയായ ജോര്‍ജ് ഗയ്ക്ക് പരീക്ഷണാവശ്യത്തിനായി കൊടുത്തയക്കുന്ന പതിവുണ്ടായിരുന്നു അന്ന്. അതും രോഗിയുടെ അനുവാദമില്ലാതെ. അവര്‍ പോലും അറിയാതെ!

റേഡിയം ട്യൂബുകളില്‍ നിന്നുമുള്ള മാരകമായ വികിരണങ്ങള്‍ തുടക്കത്തിൽ ഹെന്‍‌റിയറ്റയുടെ അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടഞ്ഞിരുന്നെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ അത് തിരിച്ചു വരികയാണുണ്ടായത്. അസഹ്യമായ വേദനയോടെ അവര്‍ വീണ്ടും ഹോപ്കിന്‍സിലെത്തി അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള വാര്‍ഡില്‍ അഡ്മിറ്റ് ആയി. അധികം വൈകാതെ,  ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇരച്ച് കയറിയ അര്‍ബുദം 1951 ഒക്റ്റോബർ നാലിനു അവരുടെ ജീവനെടുത്തു. അർബുദനിർണ്ണയത്തിനു ശേഷം വെറും എട്ട് മാസത്തെ ആയുസ്സിൽ  വേദനാജനകമായ ഒരന്ത്യം.

എന്നാല്‍, അതിനു മുന്‍പ് തന്നെ അവരുടെ ജീവന്റെ ഒരു തുടിപ്പ്  ഹോപ്കിൻസിലെ  പരീക്ഷണശാലയിൽ അനശ്വരതയിലേക്കുള്ള അനന്തമായ പ്രയാണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു.
--------
അടുത്ത ദിവസം ഇന്‍‌കുബേറ്ററില്‍ നിന്നും ട്യൂബുകള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ വളർന്നിരുന്ന കോശങ്ങള്‍ മേരിയില്‍ പ്രത്യേകിച്ച് ഉത്സാഹം ഒന്നും ഉളവാക്കിയിരുന്നില്ല. കാരണം ഇതുപോലെ ഒന്ന് രണ്ട് ദിവസമൊക്കെ കോശങ്ങള്‍ വളരുന്നത്‌ അവര്‍ മുന്‍പും കണ്ടിരുന്നു.  മേരി ആ ഒരു ട്യൂബില്‍ നിന്നും കോശങ്ങളെ പകുത്ത് പല ട്യൂബുകളിലാക്കി. ദിവസങ്ങൾക്കുള്ളിൽ  വീണ്ടും പകുത്ത് പലതാക്കത്തക്കവിധം കോശങ്ങൾ വളർന്നു. ഇങ്ങനെ പകുക്കൽ തുടര്‍ന്നു കൊണ്ടേയിരുന്നു. അധികം വൈകാതെ അവര്‍ അത്യന്തം അല്‍ഭുതകരമായ ആ വസ്തുത തിരിച്ചറിഞ്ഞു. ഇതുവരെ അവർ കണ്ടതുപോലെയല്ല ഈ കോശങ്ങൾ.  ഈ കോശങ്ങള്‍ അനശ്വരമാണു! അവയ്ക്ക് മരണമില്ല! അനുകൂലമായ വളര്‍ച്ചാസാഹചര്യമൊരുക്കിക്കൊടുത്താല്‍ അവ വളര്‍ന്നുകൊണ്ടേയിരിക്കും.

അങ്ങനെ ലോകത്തെ ആദ്യത്തെ  അനശ്വര മനുഷ്യകോശം (Immortal Human Cell Line) രൂപമെടുത്തു. അവര്‍ അതിനെ വിളിച്ചത് "ഹീലാ (HeLa)" എന്നായിരുന്നു. ഹെന്‍‌റിയറ്റ ലാക്സ് (Henrietta Lacks) എന്ന പേരിന്റെ ആദ്യ രണ്ടക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ ഹീലാ!

ഹീലാ കോശങ്ങൾ (ചിത്രത്തിനു കടപ്പാട്)
റേഡിയേഷൻ ചികിൽസയിലൂടെ ഹെൻറിയറ്റ അർബുദവുമായി പോരാടുമ്പോൾ തന്നെ, 1951 ഏപ്രിൽ 10-നു ഡോ.ജോർജ് ബാൾട്ടിമോറിലെ ഒരു ലോക്കൽ  ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഹീലാ കോശങ്ങളെക്കുറിച്ച് ലോകത്തോട് ആവേശത്തോടെ സംസാരിക്കുകയായിരുന്നു. ഈ കോശങ്ങളെ ഉപയോഗിച്ച് കാൻസർ എന്ന മഹാരോഗത്തിനു പ്രതിവിധി  കണ്ടെത്താൻ  സാധിച്ചേക്കും എന്നദ്ദേഹം പറഞ്ഞു.   ഹെൻറിയറ്റ എന്ന പേര് മാത്രം പറഞ്ഞില്ല. അനുനിമിഷം മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്ന ആ സാധുസ്ത്രീ പരീക്ഷണശാലകളിൽ അനശ്വരപ്രയാണം തുടങ്ങിയ തന്റെ ജീവനെക്കുറിച്ച്  ഒരിക്കലും അറിഞ്ഞതുമില്ല. 

വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം വിജയത്തില്‍ കലാശിച്ച ഡോ.ജോര്‍ജ് വൈകാതെ തന്റെ സുഹൃത്തുക്കളെയും, പരിചയക്കാരായ മറ്റു ഗവേഷകരോടും അത്യന്തം ആവേശകരമായ ഈ വാര്‍ത്ത അറിയിച്ചു. സ്വാഭാവികമായും എല്ലാവരും ഒരേസ്വരത്തില്‍ തങ്ങള്‍ക്കും കൂടി ഈ കോശങ്ങള്‍ തരൂ എന്നാവശ്യപ്പെട്ടു. വൈകാതെ ഹോപ്കിന്‍സിലെ ആ കൊച്ചു പരീക്ഷണശാലയില്‍ നിന്നും ഹീലാ കോശങ്ങള്‍ ലോകത്തെമ്പാടുമുള്ള  നിരവധി പരീക്ഷണശാലകളിലേക്ക് കടന്നു ചെന്നു. അപ്പോഴും, അനുവാദമില്ലാതെ എടുത്തത്‌ കൊണ്ടും, രോഗിയുടെ സ്വകാര്യതയ്ക്ക് മുന്ഗണന നൽകുന്നു എന്ന ന്യായീകരണത്തോടെയും, ഹീലാ എന്ന കോശത്തിന്റെ ഉറവിടമായ ഹെൻറിയറ്റയെക്കുറിച്ചുള്ള വിവരം  ഹോപ്കിന്‍സ് രഹസ്യമായി തന്നെ സൂക്ഷിച്ചു.
-------
പോളിയോ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കണ്ട് അമ്മമാര്‍ തലയറഞ്ഞ് കരഞ്ഞ കാലം. ജോനസ് സാല്‍ക്ക് പോളിയോയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചിരുന്നു എങ്കിലും, വാക്സിന്റെ മനുഷ്യരിലുള്ള പ്രവർത്തനം വൻതോതിൽ പരീക്ഷിച്ച് ഫലമറിയാവുനുതകുന്ന  പരിശോധനാസംവിധാനം (ഡയഗ്നോസ്റ്റിക് ടെസ്റ്റ്) ആവശ്യമായിരുന്നു.    നിർജ്ജീവമാക്കിയ പോളിയോ വൈറസുകള്‍ തന്നെയാണ് ജോനാസ് സാൽക്ക് വാക്സിന്‍ ആയി ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ (സാൽക്കിന്റെ എതിരാളിയായിരുന്ന സാബിനും കൂട്ടരും നിർമ്മിച്ച "ജീവനുള്ളതും എന്നാൽ നിർവീര്യമാക്കിയതുമായ" live attenuated vaccine പിന്നീട് വന്നതാണ്). കുട്ടികളിൽ വാക്സീൻ കുത്തിവെച്ച ശേഷം അവരുടെ രക്തത്തിൽ വൈറസിനെതിരെയുണ്ടാക്കപ്പെടുന്ന ആന്റിബോഡികൾക്ക് വൈറസുകളെ നിർവീര്യമാക്കാനുള്ള കഴിവുണ്ടോ എന്ന്  പരിശോധിച്ചാണ് വാക്സീന്റെ ഫലപ്രാപ്തി നിർണ്ണയിക്കുന്നത്.

സാധാരണഗതിയിൽ വൈറസിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നത് കുരങ്ങുകളെ മൊത്തത്തിലോ, അല്ലെങ്കിൽ കുരങ്ങുകളിൽ നിന്നും വേർതിരിച്ചെടുത്ത അല്പായുസുള്ള നോർമൽ കോശങ്ങളോ ആയിരുന്നു (1960-ലാണ് വാക്സീൻ പഠനങ്ങൾക്ക് പിന്നീട്  വ്യാപകമായി ഉപയോഗിക്കപ്പെട്ട "വീറോ" എന്ന അനശ്വരകുരങ്ങ് കോശം സൃഷ്ടിക്കപ്പെടുന്നത്).  ലക്ഷക്കണക്കിന് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഫീൽഡ് ട്രയലിൽ ഇത്തരം പരിശോധന നടത്താനാവശ്യമായ അളവിൽ കുരങ്ങ് കോശങ്ങളെ സംഘടിപ്പിക്കുക എന്നത് തീർത്തും ദുഷ്കരവും അപ്രായോഗികവും, ധാരാളം പണച്ചിലവുള്ളതുമായ കാര്യമായിരുന്നു. തനിക്ക് വാക്സിന്‍ പരീക്ഷണത്തിനുതകുന്ന  മനുഷ്യകോശങ്ങള്‍  അത്യാവശ്യമാണെന്ന് ജോനസ് സാല്‍ക്ക് ശാസ്ത്രലോകത്തോട് അപേക്ഷിക്കുകയും, അത് ശ്രദ്ധയില്പെട്ട ഗവേഷകര്‍ ഹീലാ കോശങ്ങളെക്കുറിച്ച് അദ്ദേഹത്തോടു പറയുകയും ചെയ്തു. 

തുടര്‍ന്ന് ഹീലാകോശങ്ങളിൽ വൈറസുകളെ വളർത്താൻ കഴിയുമോ എന്ന് പരീക്ഷിച്ചു (മനുഷ്യരെ ബാധിക്കുന്നതാണെങ്കിലും എല്ലാ തരം വൈറസുകളും എല്ലാ തരം മനുഷ്യകോശങ്ങളിലും വളരുകയില്ല).   പരീക്ഷണങ്ങള്‍ വൻ വിജയകരമായിരുന്നു. ഹീലായില്‍ പോളിയോ വൈറസുകള്‍ പെറ്റു പെരുകി, കോശങ്ങളെ കൊന്ന് കൊലവിളിച്ച്  കൊണ്ടു വളര്‍ച്ചാ ദ്രാവകത്തില്‍ വൈറസുകൾ തിങ്ങി നിറഞ്ഞു. എന്നാൽ പോളിയോ വൈറസുകൾക്കെതിരെയുള്ള ആന്റിസിറം (ആന്റിബോഡി) പ്രയോഗിച്ചാൽ ഹീലാകോശങ്ങളിൽ നിന്നും വൈറസ് ബാധയെ ഒഴിപ്പിക്കാമെന്ന് മനസ്സിലാക്കി. അങ്ങിനെ ജോനാസ് സാൽക്കിനും കൂട്ടർക്കും വേണ്ടുന്ന ലളിതവും ചിലവു കുറഞ്ഞതുമായ വൈറസ് നിർവീര്യവൽക്കരണം എന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റ് രൂപം കൊണ്ടു.  അതായത് വാക്സിനേറ്റ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ കുട്ടികളിൽ നിന്നും രക്തമെടുത്ത് (സീറം), വെവ്വേറെ ആയി വൈറസിന്റെ സാന്നിധ്യത്തിൽ ഹീലാകോശങ്ങളിൽ പ്രയോഗിക്കുക. വൈറസ് ബാധയിൽ നിന്നും ഹീലാകോശങ്ങൾ രക്ഷപെടുന്നുവെങ്കിൽ കുട്ടികളുടെ രക്തത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്നും, അവർ പ്രതിരോധശേഷിയാർജ്ജിച്ചു  എന്നും മനസ്സിലാക്കാം.

1952-ൽ വാക്സിന്‍ പരീക്ഷണത്തിന്  മാത്രം ഹീലാ കോശങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിനായി ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഹീലാഫാക്റ്ററി തന്നെ തുടങ്ങി. കറുത്തവർഗക്കാരായ തടവുകാരിൽ സിഫിലിസ് രോഗമുണ്ടാക്കി ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കി കുപ്രസിദ്ധിയാർജ്ജിച്ച സ്ഥാപനമായിരുന്നു ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ട്‌.  ലോകത്തെ പോളിയോയിൽ നിന്നും വിമുക്തമാക്കാൻ യഥേഷ്ടം വൈറസുകൾക്ക് ഇരയാകുവാൻ വേണ്ടി ഒരു കറുത്തവർഗ്ഗക്കാരിയുടെ കോശം തയ്യാറെടുത്തതും അതേ സ്ഥലത്തായിരുന്നു എന്നത് കൗതുകകരമായ ചരിത്രമാണ്. ഹീലാ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടര്‍ന്ന് പോളിയോ വാക്സിനുകള്‍ വ്യാപകമായി കുഞ്ഞുങ്ങളില്‍ പ്രയോഗിച്ചു. വാക്സിനും വന്‍ വിജയമായിരുന്നു. ലോകമെങ്ങും നിരവധി കുഞ്ഞുങ്ങള്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് പിച്ച വെച്ചു നടന്നു. ഒരർത്ഥത്തിൽ ഹെന്‍‌റിയറ്റ ലാക്സ് എന്ന കറുത്ത വര്‍ഗക്കാരി വീട്ടമ്മയിലൂടെ. അവരുടെ ജീവന്റെ കണികയിലൂടെ. 

പോളിയോ വാക്സിനില്‍ തുടങ്ങി, ആണവവികിരണപരീക്ഷണങ്ങൾ,  അനേകം മരുന്നുകള്‍, ഗുളികകള്‍, എന്നുവേണ്ട നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ഒട്ടനവധി  നിത്യോപയോഗസാധനങ്ങളുടെ നിർമ്മാണസാമഗ്രികൾ ഹീലാ കോശങ്ങളില്‍ പരീക്ഷിച്ചു കടന്നു വന്നവയാണു. പോളിയോ വൈറസിനു പുറമെ മറ്റു നിരവധി വൈറസുകളും, ക്ഷയരോഗം, പ്ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ഹേതുവായ ഒട്ടനവധി ബാക്റ്റീരിയകളും  ഈ കോശങ്ങളില്‍ പരീക്ഷിച്ചു പഠിച്ചതിന്റെ ഫലമായി  ആന്റിബയോട്ടിക്കുകളും മരുന്നുകളും രൂപപ്പെടുത്തുവാന്‍ കഴിഞ്ഞു.

ആദ്യമായി  ബഹിരാകാശയാത്ര ചെയ്ത മനുഷ്യകോശവും ഹെന്‍‌റിയറ്റയുടെ ഹീലായായിരുന്നു. സീറോ ഗ്രാവിറ്റിയില്‍ മനുഷ്യകോശങ്ങള്‍ക്കുണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവനായിരുന്നു ആ യാത്ര.  ഹ്യൂമൻ ജീനോം പ്രോജക്റ്റിനും ഒക്കെ എത്രയോ വര്‍ഷം മുന്‍പ് നിരവധി ജീനുകളെ തിരിച്ചറിയുകയും, വേർതിരിച്ചെടുത്ത് പഠിക്കുകയും ചെയ്തത് ഹീലാ കോശങ്ങളെ ഉപയോഗിച്ചായിരുന്നു.പിന്നീട് ജീവശാസ്ത്രപാഠപുസ്തകങ്ങളിൽ കുമിഞ്ഞ് കൂടപ്പെട്ട കോശവിജ്ഞാനത്തിനൊപ്പം നിരവധി ഗവേഷകരെ നോബൽ സമ്മാനിതരാക്കുകയും ചെയ്തു ഈ അനശ്വരകീഴാളകോശങ്ങൾ.

ഈ അനശ്വരകോശങ്ങളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ ചിലര്‍ ചേര്‍ന്ന് ആദ്യകാലത്ത് തന്നെ മൈക്രോബയോളജി അസോസിയേറ്റ്സ് എന്ന ഒരു സ്വകാര്യ കമ്പനിക്ക് രൂപം കൊടുത്തു. അതുവരെ ഫ്രീ ആയി ലഭിച്ചിരുന്ന ഹീലാ കോശങ്ങള്‍ക്ക് ട്യൂബൊന്നിനു വില നിശ്ചയിച്ച്  വില്പന ആരംഭിച്ചു. അന്ന് രൂപം കൊണ്ട കമ്പനിയുടെ വേരുകള്‍ ഇന്നും ചില വമ്പന്‍ കമ്പനികളില്‍ കാണാം (ഇന്‍‌വിട്രോജന്‍, ബയോവിറ്റേക്കര്‍ എന്നിങ്ങനെ). ഒരു മള്‍ട്ടിമില്യൺ ഡോളര്‍ വ്യവസായമായി മാറി ഹീലാ കോശങ്ങളുടെ നിര്‍മ്മാണവിതരണ സം‌രംഭങ്ങൾ. ഇന്ന് എ.റ്റി.സി.സി എന്ന അമേരിക്കൻ സ്വകാര്യ കോശസംഭരണവിതരണ കേന്ദ്രത്തിൽ നിന്നും ട്യൂബൊന്നിനു $351 ഡോളറിനു ഹീലാ കോശങ്ങൾ ലഭിക്കും. ഈ ഒരു ട്യൂബിൽ നിന്നും വളർത്തിയെടുത്ത് നിങ്ങൾക്ക് എത്രവേണമെങ്കിലും സംഭരിച്ച് വെയ്ക്കാം.  എ.റ്റി.സി.സി-യുടെ കാറ്റലോഗ് നമ്പർ പ്രകാരം രണ്ടാമത്തെ കോശമാണു ഹീല (CCL-2). ആദ്യത്തേത്  L-929 (CCL-1) എന്ന് വിളിക്കപ്പെടുന്ന, എലിയിൽ നിന്നും വേർതിരിച്ചെടുത്ത കോശം.  മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വിറ്റ് കാശാക്കാം എന്ന ആശയത്തിനു തുടക്കം കുറിച്ചതിൽ ഈ കോശങ്ങൾക്ക് വലിയ പങ്കുണ്ട്.  

ക്യാന്‍സര്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കുവാന്‍ പോന്ന നിര്‍ണ്ണായകമായ ഈ മനുഷ്യകോശം ഇതിനോടകം വൻ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. സ്വാഭാവികമായും  ഈ കോശങ്ങളുടെ യഥാർത്ഥ ഉടമയെ ചൊല്ലി മാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങൾ ഉയരുകയും, ഹെറിയറ്റ് ലെയ്ന്‍ , ഹെലൻ ലെയ്ൻ എന്നിങ്ങനെ സാങ്കല്‍പ്പിക പേരുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ഹീലയുടെ ഉൽഭവത്തിനും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 1971-ൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ഡോക്റ്റർ ജോർജ് ഗയ് മരണമടഞ്ഞതിനു ശേഷം, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ജോൺസ് ഹോപ്കിൻസ്  പുറത്തിറക്കിയ  കുറിപ്പിലാണ്  ആദ്യമായി ഹീലായുടെ ഉടമയായി "ഹെൻറിയറ്റ ലാക്സ്" എന്ന പേരു അച്ചടിമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്.    അപ്പോഴും, വൈദ്യശാസ്ത്രരംഗത്ത് വിപ്ലവവും ഒപ്പം വിവാദങ്ങളും സൃഷ്ടിച്ച് കൊണ്ടിരുന്ന ഹെൻറിയറ്റയുടെ കോശത്തെക്കുറിച്ച്  അവരുടെ കുടുംബത്തിനു യാതൊരറിവും ഉണ്ടായിരുന്നില്ല.    

(തുടരും)
--------

References:

1- The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
2-Record of the first physician to see Henrietta Lacks at the Johns Hopkins Hospital: history of the beginning of the HeLa cell line. Jones, H. W.  Am J Obstet Gynecol 1997. 176:227S228S.
3-Tissue culture studies of the proliferative capacity of cervical carcinoma and normal epithelium, Gey, GO, Coffman, MD and Kubicek, MT, Cancer Research 12, 1952, 264-65
4-Studies on the propagation in vitro of Polio myelitis virus, Scherer, W and Gey GO, Journal of Experimental Medicine, 97, no 5 (May 1,1951).
5- The Mass Production and Distribution of HeLa Cells at the Tuskege Institute, 1953-55, Brown, RW, Henderson, JHM, Journal of the History of Medicine 38 (1983).
6- Immortalization overview ATCC
7- Tissue Culture Method
8-Biology of SNU lines Ja-Lok Ku and Jae-Gahib Park, Cancer Research and Treatment 2005;37(1):1-19

Post a Comment