Saturday, January 19, 2013

ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല.


ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല
“It is sometimes said that organic synthesis is at the same time an exact science and a fine art.”-Professor Arne Fredga, 1965
ഏകദേശം പതിനഞ്ചോളം വർഷങ്ങൾക്ക്  മുൻപാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട്  കക്ഷിയുടെ  ലാബ്മേറ്റും ഞങ്ങളുടെ പൊതുസുഹൃത്തുമായ  ഒരു ഓർഗാനിക് കെമിസ്റ്റ്  എളുപ്പത്തിൽ പണമുണ്ടാക്കാനുതകുന്ന ഒരു രാസവിദ്യയെക്കുറിച്ച്  പറയുന്നത്.  വേദനാസംഹാരിയായി ഉപയോഗിക്കുന്ന കോഡീൻ എന്ന മരുന്നിനെ വളരെ എളുപ്പത്തിൽ വിലകൂടിയ മയക്കുമരുന്നായ ഹെറോയ്ൻ ആക്കി മാറ്റുക എന്നതായിരുന്നു വിദ്യ . കോഡീൻ അടങ്ങിയിട്ടുള്ള നിരവധി മരുന്നുകൾ ഫാർമസികളിൽ ലഭ്യമാണ്. അതിനെ ചില്ലറ രാസമാറ്റം നടത്തിയാൽ വീര്യം കൂടിയ,  അന്താരാഷ്ട്ര മാർക്കറ്റിൽ കോടിക്കണക്കിനു വില വരുന്ന ഹെറോയ്ൻ ഉണ്ടാക്കാം (ചിത്രം ഒന്ന്).

ചിത്രം. ഒന്ന്
പൊതുവെ സൈക്കെന്ന് വിശേഷിപ്പിച്ചിരുന്ന കക്ഷിയുടെ ഈ അഭിപ്രായത്തെ സുഹൃത്തുക്കൾ ചിരിച്ച് തള്ളുകയാണുണ്ടായത്. മിടുക്കനായ ഈ രസതന്ത്രജ്ഞൻ പിനീട്  കുറച്ച് കാലം അമേരിക്കയിൽ ഗവേഷണം  ഒക്കെ ചെയ്ത്   ഒടുവിൽ നാട്ടിലേക്ക് മടങ്ങിപ്പോയി. ഇപ്പോൾ ഒരു കമ്പനിയിൽ സയന്റിസ്റ്റ് ആയി ജോലിനോക്കുന്നു എന്നാണറിഞ്ഞത്.


പണ്ട് ചിരിച്ച് തള്ളിയ ഈ സംഭവം ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. 2008-ൽ വിൻസ് ഗില്ലിഗൻ നിർമ്മിച്ച് എ.എം.സി ചാനലിൽ ഇപ്പോഴും സൂപ്പർഹിറ്റായി ഓടുന്ന “ബ്രേക്കിങ്ങ് ബാഡ്” എന്ന ക്രൈം ത്രില്ലർ സീരീസ് നാലു സീസണും കണ്ടു തീർത്തു. ഈ സീരീസ് എനിക്ക് റെക്കമെന്റ് ചെയ്തത് നേരത്തെ സൂചിപ്പിച്ച അടുത്ത സുഹൃത്താണ്. എന്തായാലും സംഗതി ഗംഭീരമായിട്ടുണ്ട്.  

പ്ലോട്ട് ചുരുക്കത്തിൽ:  ജീവിതത്തിന്റെ രണ്ടറ്റം  കൂട്ടിമുട്ടിക്കുവാനായി ഒരു കാർവാഷിൽ കാഷ്യറായും, തുടപ്പുകാരനായും ഒക്കെ ജോലി ചെയ്യേണ്ടി  വരുന്ന, ആൽബുക്കർക്കിയിലെ (ന്യൂ മെക്സിക്കോ)   ഒരു സാധാരണ ഹൈസ്കൂൾ കെമിസ്ട്രി അധ്യാപകൻ ഒരു ദിവസം കുഴഞ്ഞ് വീഴുകയും, തനിക്ക് മൂന്നാം ഘട്ടത്തിലെത്തിയ, ഓപ്പറേറ്റ് ചെയ്യാനാവാത്ത ലങ്ങ് കാൻസർ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.  ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞു എന്ന് മനസ്സിലാക്കുന്ന വാൾട്ടർ വൈറ്റ് ഗർഭിണിയായ ഭാര്യയും, സെറിബ്രൽ പാൾസി ബാധിച്ച മൂത്ത മകനും അടങ്ങുന്ന തന്റെ  കുടുംബത്തിന്റെ  സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതിനും, കാൻസർ ചികിൽസക്കുള്ള വൻതുക കണ്ടെത്തുന്നതിനും വഴികൾ ആലോചിക്കുന്നു. ഇതിനിടയിൽ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയിൽ ആഫീസറായ വാൾട്ടറിന്റെ ബ്രദർ-ഇൻ-ലോ ഹാങ്ക് ഷ്രേഡർ  ഒരു മയക്കുമരുന്ന് റെയ്ഡിൽ വാൾട്ടിനെ കൂടെ കൊണ്ട് പോകുന്നു. റെയ്ഡിൽ നിന്നും രക്ഷപെട്ടോടുന്ന വാൾട്ടിന്റെ പൂർവ്വവിദ്യാർത്ഥിയായ ജെസ്സി പിങ്ക്മാൻ എന്ന ചെറുപ്പക്കാരനെ വാഹനത്തിലിരുന്ന് കാണുന്ന വാൾട്ട്, മെത്താംഫെറ്റമിൻ എന്ന മരുന്നിന്റെ ഇല്ലീഗൽ  വിതരണക്കാരനായ ഈ ചെറുപ്പക്കാരനിലൂടെ പണമുണ്ടാക്കാനുള്ള ഒരു പുതിയവഴി കണ്ടെത്തുകയാണ്.  ഇവിടുന്നങ്ങോട്ട് വാൾട്ട് എന്ന കെമിസ്ട്രി അധ്യാപകൻ ഡി.ഇ.എ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ശുദ്ധമായ  ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ ഹൈഡ്രോക്ലോറൈഡ് ഉണ്ടാക്കുന്ന “ഹൈസൻബർഗ്” എന്ന നൊട്ടോറിയസ് അപരനാമത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. ഇതിനിടയിൽ അവർ നേരിടുന്ന പ്രശ്നങ്ങളും, ചെന്നെത്തുന്ന കുരുക്കുകളും, മെക്സിക്കൻ കാർട്ടേലുമായുള്ള ഇടപാടുകളും ഒക്കെയായി വളരെയധികം ഉദ്വേഗജനകമായി സീരീസ് മുന്നോട്ട് നീങ്ങുന്നു.

ഇതിൽ എന്നെ ആകർഷിച്ച പ്രധാനഘടകം രസതന്ത്രമാണ്.
ചിത്രത്തിന് കടപ്പാട്
ആവർത്തനപ്പട്ടികയിലെ മൂലകങ്ങളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ടൈറ്റിലുകളിൽ തുടങ്ങുന്ന കെമിസ്ട്രിയുടെ സാന്നിധ്യം,  ന്യൂമെക്സിക്കോയിലെ മരുഭൂമികളടങ്ങുന്ന  ഭൂപ്രദേശത്തിനൊപ്പം  ഇതിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കഥാപാത്രം തന്നെയാണ്. വാൾട്ട് സ്വീകരിക്കുന്ന ഹൈസൻബർഗ് എന്ന അപരനാമം അനിശ്ചിതത്വസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതിനോടകം എല്ലാവർക്കും മനസിലായിക്കാണണം.  നാടകീയമായ എഫക്റ്റിനു വേണ്ടി കുറച്ചൊക്കെ  കലാപരമായ സ്വാതന്ത്ര്യമെടുത്തിട്ടുണ്ടെന്നതൊഴിച്ചാൽ ക്ലാസ് മുറിയിലും, മൊബൈൽ ഹോമിലും, സൂപ്പർ മെത്ത് ലാബ് എന്നറിയപ്പെടുന്ന അനധികൃത  മെത്താംഫെറ്റമിൻ ലാബിലുമായി ഇതിൽ കടന്നുവരുന്ന രസതന്ത്രം  ഞാനറിഞ്ഞിടത്തോളം കൃത്യമാണു താനും. ഓക്ക്ലഹോമാ സർവ്വകലാശയിലെ ഓർഗാനിക് കെമിസ്ട്രി പ്രൊഫസർ ഡോ.ഡോണാ നെൽസൺ ഇതിന്റെ കൺസൾട്ടന്റായിരുന്നു. അതുപോലെ മെത്ത് ലാബ് സെറ്റപ്പ് ചെയ്യാൻ ഡി.ഇ.എ-യുടെ തന്നെ കെമിസ്റ്റുകളുടെ കൺസൾട്ടൻസിയും ഉണ്ടായിരുന്നു. അങ്ങിനെ നോക്കുമ്പോൾ കാര്യങ്ങൾ വെടിപ്പായതിൽ അൽഭുതമില്ല. ഇതിലെ കെമിസ്ട്രിയുടെ  പ്രയോഗങ്ങളേറെയും ക്രിമിനൽ പശ്ചാത്തലത്തിലാണെങ്കിലും, ചുരുക്കം ചില വിദ്യാർത്ഥികളിലെങ്കിലും “കെമിസ്ട്രി ഈസ് കൂൾ, യോ” എന്ന ഒരു തോന്നലുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന്  പറയാതെ വയ്യ.  

ഓർഗാനിക് സിന്തസിസ് എന്ന പാചക കല.
ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച കോഡീനെ ഹെറോയിൻ ആക്കുന്നതിനേക്കാൾ എളുപ്പമാണ് മെത്താംഫെറ്റമിൻ എന്ന ഉത്തേജക മരുന്ന് ഉണ്ടാക്കാൻ.  എഫഡ്രിൻ/സ്യൂഡോഎഫഡ്രിൻ എന്ന പേരിൽ മെഡിക്കൽ സ്റ്റോറുകളിൽ കിട്ടുന്ന സാധാരണ പനി/അലർജി മരുന്നുകളിൽ നിന്ന് രണ്ട് സ്റ്റെപ്പുകളിലായി മെത്താംഫെറ്റമിൻ ഉണ്ടാക്കാം (ചിത്രം രണ്ട്). അനധികൃതമായി 
മെത്താംഫെറ്റമിൻ ഉണ്ടാക്കുന്നതിനെ "കുക്കിങ്ങ് മെത്ത്" അഥാ മെത്ത് പാചകം എന്നാണു വിശേഷിപ്പിക്കുന്നത്.

സ്കൂളിലെ കെമിസ്ട്രി ലാബിൽ നിന്നും മോഷ്ടിച്ചെടുത്ത രാസവസ്തുക്കളും, ഉപകരണങ്ങളുമൊക്കെ വെച്ച്, ജെസ്സിയുടെ മൊബൈൽ ഹോമിൽ വാൾട്ട് ഒരു പരീക്ഷണശാല ഒരുക്കുന്നു. മരുഭൂമിയിലെ ആളനക്കമില്ലാത്ത സ്ഥലത്തേക്ക് ഓടിച്ച് പോയി ഈ മൊബൈൽ ലാബിൽ ഫാർമസിയിൽ നിന്നും മേടിച്ച ഗുളികകൾ പൊടിച്ച് മെത്താംഫെറ്റമിൻ പാചകം ചെയ്തെടുക്കുന്നു. തിളങ്ങുന്ന മെത്ത് ക്രിസ്റ്റലുകൾ ആദ്യമായി കണ്ട് കണ്ണ് തള്ളിയ ജെസ്സി പറയുന്നത് ഇങ്ങനെയാണ്, “You are a goddamn artist... this is art Mr.White” .


ഓർഗാനിക് സിന്തസിസിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള പ്രതിഭാശാലിയായ   പ്രൊഫസർ റോബർട്ട് ബേൺസ് വുഡ്‌വാർഡിനു 1965-ൽ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം നൽകിക്കൊണ്ട് പ്രൊഫ. ആർണി ഫ്രെഡ്ഗ പറഞ്ഞ കാര്യം,  
“The synthesis of a complicated molecule is … a very difficult task; every group, every atom must be placed in its proper position and this should be taken in its most literal sense. It is sometimes said that organic synthesis is at the same time an exact science and a fine art.
ജെസ്സിയുടെ വാക്കുകളിൽ  പ്രതിധ്വനിക്കുന്നുണ്ടെന്ന നിരീക്ഷണം  തികച്ചും പ്രസക്തം. ഓർഗാനിക് സിന്തസിസ് എന്ന കലയുടെ ചരിത്രം  കൂടുതൽ  അറിയാൻ താത്പര്യമുള്ളവർക്ക് ഈ ലേഖനം വായിച്ച് നോക്കാവുന്നതാണ്.

മെത്താംഫെറ്റമിൻ ഉണ്ടാക്കാനുള്ള മറ്റൊരു മാർഗം ഫീനൈൽ 2 പ്രൊപ്പനോൺ  എന്ന രാസവസ്തുവിനെ  റിഡക്റ്റീവ് അമിനേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമക്കുക എന്നതാണ്  (ചിത്രം രണ്ട്) . ഈ പ്രക്രിയയ്ക്കായി ഉപയോഗിക്കുന്നത് കൊണ്ട് ഫിനൈൽ 2 പ്രൊപ്പനോൺ നിയന്ത്രിതവസ്തുവായി മാറി. അനധികൃത മെത്ത് ലാബുകൾക്ക് എളുപ്പത്തിൽ തരപ്പെടുത്താനാവില്ല. അതുകൊണ്ട് പലരും സ്വന്തമായി ഫിനൈൽ അസറ്റിക് ആസിഡിൽ നിന്നും ഫിനൈൽ 2-പ്രൊപ്പനോൺ ഉണ്ടാക്കുകയാണ് പതിവ്. ഈ സീരീസിൽ ഈ രണ്ട്  ഉത്പാദനരീതികളും കടന്നു വരുന്നുണ്ട്. വൻതോതിലുള്ള നിർമ്മാണത്തിനു ഫിനൈൽ അസെറ്റിക് ആസിഡിൽ തുടങ്ങുന്ന രീതിയാണ് കാണിക്കുന്നത്.  എങ്കിലും ഈ സീരീസ് കാണുന്നവർ നിർമ്മാണരീതികൾ പകർത്താതെയിരിക്കാൻ വേണ്ടുന്ന ചില മുൻകരുതലുകൾ എടുത്തിട്ടുള്ളതായി കാണാം. ഒരു നിർമ്മാണരീതി വായിച്ച് അതുപോലെ ചെയ്യുന്നതിനേക്കാൾ ഫലപ്രദമാണല്ലോ അത് ചെയ്തു കാണിക്കുന്ന ദൃശ്യങ്ങൾ.

മാ ഹ്വാങ്ങിൽ നിന്നും മെഹിക്കോയിലേക്ക്
ഏതാണ്ട് അയ്യായിരത്തോളം വർഷങ്ങളായി ചൈനീസ് പാരമ്പര്യചികിൽസകർ ആസ്ത്മ, പനി എന്നീ അസുഖങ്ങളൊക്കെ  ചികിൽസിക്കാനായി മാ ഹ്വാങ്ങ് അഥവാ എഫഡ്ര എന്ന ചെടിയുടെ സത്ത് ഉപയോഗിച്ചു വന്നിട്ടുണ്ട്. ഇറാനിലെ സോറാസ്ട്രിയർ സോമം ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നതും എഫെഡ്ര ആണെന്ന് വിക്കിയിൽ പറയുന്നു. 1885-ൽ എഫഡ്രയിൽ അടങ്ങിയിട്ടുള്ള  എഫഡ്രിൻ എന്ന ആക്റ്റീവ് ആൽക്കലോയിഡ് സംയുക്തം വേർതിരിച്ചെടുത്തു. ഇതിന്റെ ഫാർമസ്യൂട്ടിക്കൽ ഉപയോഗസാധ്യത തിരിച്ചറിഞ്ഞ് പലതരം രാസവകഭേദങ്ങൾ സൃഷ്ടിച്ചെടുക്കുകയുണ്ടായി. 1919-ൽ അക്കിറ ഒഗാത്ത എന്ന ജാപ്പനീസ് രസതന്ത്രജ്ഞൻ എഫെഡ്രിനിൽ നിന്നും ആദ്യമായി മെത്താംഫെറ്റമിൻ ഉണ്ടാക്കി. 1932-ൽ സ്മിത്ത്, ക്ലൈൻ ആൻഡ് ഫ്രെഞ്ച് മറ്റൊരു വകഭേദമായ "ആംഫെറ്റമിൻ" ആസ്ത്മാ ചികിൽസക്കുള്ള ഇൻഹേലർ രൂപത്തിൽ മാർക്കറ്റ് ചെയ്തു തുടങ്ങി. 1959-ൽ എസ്.ഫൈഫർ എന്ന കമ്പനി മെത്താംഫെറ്റമിൻ മാർക്കറ്റിൽ എത്തിച്ചു.

വളരെ പെട്ടന്ന് ഉണർവ്വും, ഉന്മേഷവും, സുഖാനുഭൂതിയും, യൂഫോറിയയും ഉളവാക്കാൻ ശേഷിയുള്ള  ഉത്തേജകമരുന്നാണ്  മെത്താംഫെറ്റമിൻ. ആസ്ത്മക്ക് മരുന്നടിച്ചവർക്ക് സൈഡ് എഫക്റ്റായി കിട്ടിയ യൂഫോറിയ ഒരു ബോണസായിരുന്നിരിക്കണം. ഒറ്റനോട്ടത്തിൽ, രോഗി ഇച്ഛിച്ചതും വൈദ്യം കൽപ്പിച്ചതും കഞ്ചൻ എന്ന് പറഞ്ഞതുപോലെ.  മറ്റൊരു സൈഡ് എഫക്റ്റ് വിശപ്പ് കുറയുക എന്നതായിരുന്നു. അങ്ങനെ തടി കുറക്കാനുള്ള മരുന്നായും ഉപയോഗിച്ച് തുടങ്ങി. അധികം വൈകാതെ  ഈ മരുന്ന് ഒരു സർവ്വരോഗസംഹാരിയായി മാറി. സ്കീസോഫ്രീനിയ, ആസ്ത്മ, മോർഫീൻ അഡിക്ഷൻ, നാർക്കോസിസ്, ആൽക്കഹോളിസം, മൈഗ്രേയ്ൻ,  ഹൃദയതടസ്സം, കടൽച്ചൊരുക്ക്, നിലക്കാത്ത ഹിക്കപ്പ്, ഇൻഫന്റൈൽ സെറിബ്രൽ പാൾസി, കോഡീൻ അഡിക്ഷൻ,  പുകവലി, പിള്ളാരുടെ പെരുമാറ്റപ്രശ്നങ്ങൾ, പാർക്കിൻസൺസ് രോഗം, എപ്പിലെപ്സി എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിച്ചിരുന്നു മെത്താംഫെറ്റമിൻ.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിലും, ജപ്പാനിലും , അമേരിക്കയിലും ഒക്കെ പട്ടാളക്കാരും ഇതിന്റെ ഉപയോക്താക്കളായിരുന്നു. ഉന്മേഷം നൽകുക, തളർച്ച കുറയ്ക്കുക, വിശപ്പ് കുറയ്ക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. ഇന്നും പോരാട്ടതളർച്ച അകറ്റുവാനും, പോരാട്ടസമയത്ത് ഉണർവ്വ് നൽകാനുമൊക്കെ പട്ടാളക്കാർക്ക് ഈ മരുന്ന് നൽകുന്നുണ്ട്.

ഉപയോഗം കൂടിയപ്പോൾ ഒപ്പം ദുരുപയോഗവും കൂടി.  ജനം ഇൻഹേലറുകൾ കുത്തിപ്പൊളിച്ച് മരുന്നെടുത്ത് നേരിട്ട് കുത്തിവെച്ച് തുടങ്ങിയപ്പോൾ, 1959-ൽ എഫ്.ഡി.എ ഇത് പ്രിസ്ക്രിപ്ഷൻ മരുന്നാക്കി. 1971 ആയപ്പോഴേക്കും മെത്താംഫെറ്റമിൻ ഇൻഹേലറുകൾ തന്നെ മാർക്കറ്റിൽ നിന്നും പിൻവലിക്കപ്പെട്ടു. ലീഗൽ പരിസരത്തുനിന്നും ക്രിമിനൽ അധോലോകത്തിന്റെ വരുതിയിലേക്ക് മെത്താംഫെറ്റമിൻ ഉത്പാദനവിതരണം കടന്നുചെന്നതിനോടുള്ള പ്രതികരണമായി 1965-ൽ  ഡ്രഗ് അബ്യൂസ് കണ്ട്രോൾ അമന്റ്മെന്റ് പാസാക്കി. അതിന്റെ തുടർച്ചയെന്നോണം 1970-ൽ കോമ്പ്രിഹെൻസീവ് ഡ്രഗ് അബ്യൂസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ ആക്റ്റ് നിലവിൽ വന്നു. എൺപതുകളും തൊണ്ണൂറുകളുമായപ്പോഴേക്കും  മെത്താംഫെറ്റമിൻ പ്രിസ്ക്രിപ്ഷൻ എതാണ്ട് 90% ത്തോളം കുറഞ്ഞു വന്നു. പക്ഷെ 1980-കളിൽ തെരുവുകളിൽ മെത്താംഫെറ്റമിൻ എത്തിക്കുന്ന അനധികൃത പരീക്ഷണശാലകൾ (കിടപ്പുമുറികൾ മുതൽ മൊബൈൽഹോമിൽ വരെ സെറ്റപ്പ് ചെയ്തത്) ധാരാളമുണ്ടായിരുന്നു. 1970-ലും 80-ലുമൊക്കെ അമേരിക്കയിൽ ഉത്പാദിപ്പിച്ചിരുന്ന 90% മെത്താംഫെറ്റമിനും മോട്ടോർസൈക്കിൾ ഗാങ്ങുകളുടെ വകയായിരുന്നത്രേ. പിന്നീട് നിർമ്മാണം മെക്സിക്കോയിലേക്ക് മാറുകയാണുണ്ടായത്.  ഇന്ന് അമേരിക്കയിൽ ലഭിക്കുന്ന ഇല്ലീഗൽ മെത്താംഫെറ്റമിനിൽ അധികവും മെക്സിക്കോയിലോ, ഇവിടെ തന്നെയോ ഉണ്ടാക്കുന്നതാണ്. മെക്സിക്കൻ കാർട്ടേലുകൾ ഇൻഡ്യ, ചൈന എന്നിങ്ങനെ എഫഡ്രിൻ, സ്യൂഡോഎഫഡ്രിൻ എന്നീ മരുന്നുകൾക്ക് അധികം ഓവർസൈറ്റ് ഒന്നുമില്ലാത്ത രാജ്യങ്ങളിൽ നിന്നും വൻതോതിൽ വാങ്ങി അതിൽ നിന്നും മെത്താംഫെറ്റമിൻ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
കാലിഫോർണിയയിൽ തുടങ്ങി അമേരിക്കയുടെ മധ്യഭാഗത്തിലൂടെ കിഴക്കേ അറ്റം വരെ വ്യാപിച്ച ഒരു നിർമ്മാണവിതരണ ശൃംഖല രൂപപ്പെട്ട് വന്നിട്ടുണ്ട്. 2010-ൽ ഏതാണ്ട് പതിനായിരത്തിലധികം അനധികൃത  മെത്ത് ലാബുകൾ അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

തലച്ചോറിലെ പ്രവർത്തനം
മദ്യവും മയക്കുമരുന്നുകളും ഒക്കെ  മനുഷ്യർക്ക്  സുഖാനുഭൂതിയും പരമാനന്ദവുമൊക്കെ പകർന്ന് നൽകുന്നതിനു മുഖ്യ കാരണം തലച്ചോറിലെ മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റംഎന്ന സുഖദായകകേന്ദ്രത്തിന്റെ പ്രവർത്തനമാണെന്ന് ന്യൂറോളജിസ്റ്റ് ഡോ.സൂരജ് രാജൻ മദ്യപാനാസക്തിയെക്കുറിച്ചുള്ള പോസ്റ്റിൽ എഴുതിയിരുന്നത് ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും.
സൂരജിന്റെ തന്നെ വാക്കുകളിൽ,
“ഡോപ്പമീന്‍‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ്എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു.
മുകളിൽ സൂചിതമായ നാലു നാഡീരസങ്ങളെയും മെത്താംഫെറ്റമിൻ ബാധിക്കുമെങ്കിലും, മുഖ്യമായും ഇതിന്റെ പ്രവർത്തനം ഡോപ്പമീൻ വഴിയാണ്. സാധാരണനിലയിൽ ഡോപ്പമീൻ ചെറിയ ചെറിയ കുമിളകൾ പോലെയുള്ള അറകളിൽ കോശാന്തരഭാഗത്ത് സൂക്ഷിച്ച് വെച്ച്, ആവശ്യമുള്ളതനുസരിച്ച് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ന്യൂറോണുകളിൽ നിന്നും ഡോപ്പമീൻ പുറപ്പെടുവിക്കുന്ന പ്രക്രിയയെയാണ് മെത്താംഫെറ്റമിൻ മുഖ്യമായും ബാധിക്കുന്നത്. ഡോപ്പമീന്റെ സംഭരണ വിതരണ പ്രക്രിയകളുടെ സ്വാഭാവികനിയന്ത്രണം തകരാറിലാക്കുക വഴി കോശങ്ങളിൽ നിന്നും ധാരാളം ഡോപ്പമീൻ പുറത്തേക്ക് വിടാൻ മെത്താംഫെറ്റമിൻ പ്രേരിപ്പിക്കുന്നു. ഇത് കാരണം ഡോപ്പമീനുകളെ സ്വീകരിക്കാൻ ശേഷിയുള്ള നാഡീകോശങ്ങൾ നിരന്തരം  ഉത്തേജിതനിലയിലാകുന്നു.  മെത്താംഫെറ്റമീൻ വളരെ എളുപ്പം ബ്ലഡ്-ബ്രെയിൻ ബാരിയർ കടക്കുന്നത് കൊണ്ട്  വളരെ വേഗത്തിൽ തലച്ചോറിലേക്ക് വ്യാപിക്കുകയും, അതിന്റെ ഫലം ഏറേ നേരം നിലനിൽക്കുകയും ചെയ്യുന്നു. അതായത് വലിക്കേണ്ട താമസം കിക്കോട് കിക്കായിരിക്കും എന്ന് മാത്രമല്ല കിക്ക് ഏറെ നേരം നിലനിൽക്കുകയും ചെയ്യും. മദ്യത്തേക്കാളൊക്കെ എളുപ്പത്തിൽ അഡിക്ഷൻ ഉണ്ടാക്കുവാൻ ഈ മരുന്നിനു കഴിയുന്നതും ഇക്കാരണങ്ങൾ കൊണ്ട് തന്നെ.

അമിതോപയോഗം: കോഞ്ഞാട്ടയാകുന്ന ജീവിതങ്ങൾ
അമിതമായി ഉപയോഗിച്ചാൽ  താത്ക്കാലിക യൂഫോറിയക്കപ്പുറം ജീവിതം തകർത്ത് കളയാൻ ശേഷിയുള്ള തീർത്തും അപകടകാരിയായ ലഹരിമരുന്നാണിത്. ജീവിതം നരകതുല്യമാകുമെന്നതിനു പുറമെ തലച്ചോറിനു സ്ഥായിയായ കേട് വരുത്താൻ ശേഷിയുണ്ട് ഈ മരുന്നിനു. സ്ഥിരമായ ഉദ്ദീപനത്തിനൊടുവിൽ ന്യൂറോണുകൾ കൊല്ലപ്പെടുന്നു. അതിന്റെ ഫലമായി ഉണ്ടാകുന്ന ന്യൂറോഡീജനറേഷൻ തലച്ചോറിൽ സ്ഥായിയായ കേടുപാടുകളുണ്ടാക്കും. ഓർമ്മ നഷ്ടപ്പെടൽ, സ്ഥിരമായ പെരുമാറ്റവ്യതിയാനങ്ങൾ എന്നിങ്ങനെ പലതരം രോഗാവസ്ഥയിലേക്ക് നയിക്കും . കൂടാതെ നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയുണ്ടാകും.
എപ്പോഴും തൊലിപ്പുറം മാന്തിപ്പൊളിക്കുക എന്നത് അഡിക്റ്റുകളുടെ ലക്ഷണമാണ്. ഇതുമൂലം പലതരം ഇൻഫക്ഷനുകൾ ഉണ്ടാകും. അഡിക്റ്റുകളുടെ മറ്റൊരു പ്രശ്നം സൂചികയറ്റലാണ്. ഇത്തരക്കാരിൽ എച്ച്.ഐ.വിയും മറ്റ് ലൈംഗികരോഗങ്ങളും ബാധിക്കാനുള്ള റിസ്ക് കൂടുതലായിരിക്കും. ഗുരുതരമായ കരൾ ഡാമേജാണു മറ്റൊരു പ്രശ്നം. ആമാശയത്തിനു കേടുവരുന്നതായും കാണപ്പെടുന്നു. ശ്വാസകോശ സംബന്ധിയായ നിർവധി അസുഖങ്ങൾ ഉണ്ടാകും. കിഡ്നി തകരാറിലാകും. ഗർഭകാലത്തുള്ള ഉപയോഗം ഗർഭസ്ഥശിശുവിനെ ഗുരുതരമായി ബാധിക്കും.
മെത്ത് വായ
Photos courtesy of: Sharlee Shirley, RDH, MPH;
Jim Cecil, DMD, MPH, University of Kentucky,
School of Dentistry
മെത്താംഫെറ്റമിന്റെ അമിതോപയോഗം കൊണ്ട് പല്ലും മോണയുമൊക്കെ കേടു വന്ന്  പല്ലുകൾ കൊഴിഞ്ഞ് പോകുന്ന അവസ്ഥയുണ്ടാകും. ഇതിനെ "മെത്ത് വായ" എന്ന് വിശേഷിപ്പിക്കുന്നു. കാഴ്ച നഷ്ടപ്പെട്ട് പോകുന്നവരും ഉണ്ട്.   ഇൻസോംനിയ, ഹാലൂസിനേഷൻ,  പാരനോയ, ഡിപ്രഷൻ, ആത്മഹത്യാപ്രവണത, അക്രമവാസന എന്നിങ്ങനെ മാനസിക, പെരുമാറ്റ പ്രശ്നങ്ങളും നിരവധിയാണ്.  തലച്ചോറിനും ഹൃദയത്തിനുമുണ്ടാകുന്ന തകരാറുകൾ ചിലപ്പോൾ നേരിട്ട് മരണത്തിലേക്ക് വരെ നയിച്ചേക്കാം. മെത്താംഫെറ്റമിൻ നിങ്ങളുടെ ശരീരത്തെ എങ്ങിനെ നശിപ്പിക്കുമെന്ന് കൂടുതൽ അറിയാൻ ഇവിടെ കൂടി സന്ദർശിക്കുക

ബ്രേക്കിങ്ങ് ബാഡ് -കലയുടെ രസതന്ത്രം.
പറഞ്ഞ് വന്നത് ടി.വി.സീരീസിനെക്കുറിച്ചാണ്. ഈ സീരിസിന്റെ നിർമ്മാണത്തിനു പിന്നിലെ ഗവേഷണം തീർച്ചയായും  അഭിനന്ദനാർഹമാണ്. തുടക്കത്തിൽ നായകനായ വാൾട്ടർ എന്ന അധ്യാപകന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള  ശ്രമങ്ങൾ ഉണ്ടെങ്കിൽ തന്നെയും പിന്നീട് അയാളിലെ ആന്റി-ഹീറോയെ മറവില്ലാതെ കാട്ടിത്തരുന്നുണ്ട്.  തെറ്റും, ശരിയും, മൊറാലിറ്റിയും, വ്യക്തിഗതമായ തിരഞ്ഞെടുക്കലുകൾ  ഒക്കെ വിഷയങ്ങളായി വരുന്നുണ്ട്.  സീസൺ മൂന്നിലെ ചില ഭാഗങ്ങളിൽ പ്ലോട്ട് അല്പം അയയുകയും, ഇഴയുകയും, തുളകളുള്ളതാകുകയും  ചെയ്യുന്നുണ്ട്. പക്ഷെ സീസൺ നാലിൽ വീണ്ടും വേഗതയാർജ്ജിക്കുന്നു. 40 മിനിട്ടോളമുള്ള പല എപ്പിസോഡുകളും ചടുലമായ വേഗതയിലാണ് പോകുന്നത്. അത് കൊണ്ട് തന്നെ ത്രില്ലർ താത്പര്യമുള്ളവർക്ക് ബോറടിക്കാനുള്ള സാധ്യത കുറവ്. ക്രൈമും ക്രിമിനലുകളും ന്യൂ മെക്സിക്കോയിലെ ഭൂപ്രകൃതിപോലെ സ്വാഭാവികമാണെന്ന് സൂചന നൽകുന്ന, മിനിമലിസം കൊണ്ട് ബ്രില്യന്റായ ചില മരുഭൂമി ഷോട്ടുകളുണ്ട് . ഒപ്പം മെക്സിക്കൻ കാർട്ടേലുകളുടെ ബ്രൂട്ടാലിറ്റിയിലേക്ക് വിരൽ ചൂണ്ടുന്ന   നിരവധി മുഹൂർത്തങ്ങളും.

ചിത്രത്തിനു കടപ്പാട്
പ്രധാന വില്ലനായി വരുന്നത്  ആഫ്രിക്കൻ വംശജനെന്ന് തോന്നിക്കുന്ന ആളാണെന്നതൊഴിച്ചാൽ,  (ആളു പക്ഷെ ചിലിയൻ പൗരനാണ്) ഇതിലെ മയക്ക് മരുന്ന് വിതരണവും, ഉപയോഗവുമൊക്കെ കാണിച്ചിരിക്കുന്നത് കോക്കേഷ്യൻ ആളുകളിലാണെന്നത് മെത്താംഫെറ്റമിൻ ഉപയോഗത്തിന്റെ പൊതു സ്ഥിതിവിവര കണക്കുമായി ചേർന്നു പോകുന്നു.  ഒരു പക്ഷെ ന്യൂ മെക്സിക്കോയിൽ കൂടുതൽ അവരായതുകൊണ്ടാവാം. മയക്ക് മരുന്നിന്റെ  അമിതോപയോഗം വളരെ വിശദമായി തന്നെ കാണിക്കുന്നുണ്ട്. അഡിക്റ്റുകളുടെ ജീവിതം, പശ്ചാത്തലം,  ഡിലൂഷൻസ്, കൗൺസിലിങ്ങ്  ഒക്കെ. എല്ലാറ്റിനുമുപരി പ്രകടമായ സെക്സും, ഗ്രാഫിക് വയലൻസും.  ഹൈഡ്രോഫ്ലൂറിക് ആസിഡിൽ ശവം ലയിപ്പിക്കുന്ന രംഗങ്ങൾ മനക്കട്ടി കുറവുള്ളവർക്ക് ചിലപ്പോൾ കണ്ടിരിക്കാൻ പറ്റിയെന്ന് വരില്ല.  

അഭിനേതാക്കളുടെ പെർഫോമൻസാണ് എടുത്ത് പറയേണ്ടു മറ്റൊരു കാര്യം .  വാൾട്ടർ വൈറ്റായി ബ്രയാൻ ക്രാൻസ്ടൺ ഗംഭീര പ്രകടനമാണ്. ഈ സീരീസിലെ പ്രകടനത്തിനു മൂന്നു തവണ പ്രധാന നടനുള്ള എമ്മി അവാർഡ് ക്രാൻസ്റ്റനു കിട്ടിക്കഴിഞ്ഞു. നിക്കോളാസ് വൈൻഡിങ്ങ് റെഫ്ന്റെ  “ഡ്രൈവ്” കണ്ടിട്ടുള്ളവർ അതിലെ 'ഷാനണെ' ഓർമ്മയുണ്ടാവും. ഈയിടെ ഇറങ്ങിയ ബെൻ അഫ്ലക്കിന്റെ “ആർഗോ”യിലും,  മറ്റ് നിരവധി ചിത്രങ്ങളിലും, സീരിയലുകളിലും (സൈൻഫീൽഡ്, 30 റോക്സ് ഫ്രം സൺ) ഈ കക്ഷി അഭിനയിച്ചിട്ടുണ്ട്. സീരീസിലെ എടുത്തു പറയത്തക്ക മറ്റ് കഥാപാത്രങ്ങൾ വാൾട്ടിന്റെ ക്രൈം പാർട്ട്ണർ ജെസ്സി പിങ്ക്മാൻ (ആരൺ പോൾ) മെത്ത് അഡിക്റ്റ് ആയി വളരെ നല്ല പ്രകടനമാണ്.  ഡി.ഇ.എ ഏജന്റ് ഹാങ്ക് ഷ്രേഡർ ( ഡീൻ നോറിസ്, ഈ കക്ഷിക്ക് ചില സ്ഥലങ്ങളിൽ ബ്രൂസ് വില്ലിസിന്റെയും, ചിലപ്പോൾ ജേസൺ സ്റ്റേഥത്തിന്റെയും ഛായയും മാനറിസവും ഒക്കെ തോന്നിച്ചു), വാൾട്ടിന്റെ ഭാര്യ സ്കൈലർ വൈറ്റ് ആയി അന്നാ ഗൺ, ഗുസ്റ്റാവോ ഫ്രിങ്ങ് എന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മുതലാളിയായി ജിയാൻകാർലോ എസ്പോസിറ്റോ,  അറ്റോർണി സാൽ ഗുഡ്മാനായി ബോബ് ഓഡൻകിർക്ക്, ഹെഞ്ച്മാൻ മൈക്ക് ആയി ജൊനാതൻ ബാങ്ക്സ് എന്നിവരുൾപ്പെടെ ചെറിയ വേഷങ്ങളിൽ വന്നു പോകുന്നവർ പോലും നന്നായി പെർഫോം ചെയ്തിരിക്കുന്നു .

സീസൺ അഞ്ച് ഇപ്പോൾ നടക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ വരാൻ വൈകും. അതുകൊണ്ട് ഞാൻ കണ്ടില്ല. എങ്കിലും കഥയുടെ ഏകദേശപോക്ക് എങ്ങിനെ ആയിരിക്കുമെന്ന് ഒരു ധാരണയുണ്ട്.
അല്ലെങ്കിൽ തന്നെ ഇതിലെ പ്ലോട്ടുകൾ പലതും പ്രെഡിക്റ്റബിളാണ്. പക്ഷെ അതിലേക്കെത്തുന്ന വിധമാണ് രസകരം. മൊത്തത്തിൽ രസതന്ത്രം!.

ഡിസ്ക്ലെയിമർ: ഇത് വായിച്ച് ആരെങ്കിലും വീട്ടിലോ പരിസരത്തോ ഒക്കെ വെച്ച് മെത്താംഫെറ്റമിനോ, ഹെറോയിനോ ഒക്കെ ഉണ്ടാക്കുവാനോ, അത് ഉപയോഗിക്കുവാനോ ശ്രമിച്ചാൽ ഞാൻ ഉത്തരവാദിയല്ല.


References:

1.Methamphetamine: History, Pathophysiology, Adverse Health Effects, Current Trends, and Hazards Associated with the Clandestine Manufacture of Methamphetamine. David Vearrer et al Dis Mon. 2012 Feb;58(2):38-89.
2.Methamphetamine: here we go again? Maxwell, JC and Brecht, ML Addict Behav. 2011 Dec;36(12):1168-73.
3. http://www.pbs.org/wgbh/pages/frontline/meth/body/


Post a Comment