Thursday, August 23, 2012

തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനിതക ഉഡായിപ്പുകൾ!.


എന്ന പോസ്റ്റിനുള്ള മറുപടിയായി എഴുതിയതാണിത്. എഴുതി വന്നപ്പോൾ ദൈർഘ്യം കൂടിയതുകൊണ്ട് ഒരു പോസ്റ്റ് ആക്കുന്നു. ജനിതകനിർണയത്വവാദങ്ങളെയും, പെരുമാറ്റ-ജീൻ അസോസിയേഷൻ പഠനങ്ങളുടെയും ഒക്കെ  സാധുതുകളെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടുന്നതിന്റെ ആവശ്യകതയും,  ഇത്തരം വാദങ്ങൾക്കും പഠനങ്ങൾക്കും പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നതും, ഇത്തരം പഠനങ്ങളെ മുൻനിർത്തി ഉയർത്തപ്പെടുന്നതുമായ വംശമഹിമാവാദ സിദ്ധാന്തങ്ങളെ  വെളിച്ചത്തു കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെയും കൂടി ആവശ്യമാണെന്നതു കൊണ്ടും, ഇത്തരം മറുകുറിപ്പുകൾക്ക് കാലികപ്രസക്തി വളരെയുണ്ട് എന്ന് ഞാൻ കരുതുന്നു. 

എതിരൻ,

നേച്ചർ വേഴ്സസ് നർച്ചർ എന്നതിനു പകരം "നേച്ചർ ആൻഡ് നർച്ചർ"  എന്ന പാട്ടു തന്നെയാണു പാടിപ്പതിയേണ്ടത്. മാത്രമല്ല  "പരിപാലനം" എന്ന വാക്ക് സൂചിപ്പിക്കുന്നതിനെക്കാൾ വിശാലമായ ആശയപരിസരമുണ്ട് നർച്ചർ എന്ന പദത്തിനു (ഉദാഹരണത്തിനു പാരിസ്ഥിതികഘടകങ്ങൾ).  പക്ഷെ ഉള്ളതുപറയാമല്ലോ, എതിരന്റെ  ലേഖനത്തിൽ അത്തരമൊരാശയത്തിനു പ്രാമുഖ്യം കിട്ടിയിട്ടില്ലാ എന്നാണു എനിക്ക് തോന്നിയത്. പകരം "തെമ്മാടി ജീനുകളെ" നായക/പ്രതിനായകപരിവേഷം നൽകി  പൊതുജനമദ്ധ്യത്തിലേക്ക് കസേരവലിച്ചിട്ടിരുത്തുവാനുള്ള ശ്രമം പോലെ തോന്നി. ഇതാ നോക്കൂ തെമ്മാടി ജീൻ ഇവനെ സൂക്ഷിക്കൂ. ഇവൻ നിങ്ങൾക്കിടയിൽ ചിലരിൽ പുളയ്ക്കുന്നുണ്ടാവും, സമൂഹം എന്തൊക്കെ ഇടപെടലുകൾ നടത്തിയാലും തെമ്മാടി ജീനുള്ളവൻ തസ്കരസംഘത്തിൽ ചേരും, അല്ലെങ്കിൽ കൊല്ലും എന്നൊക്കെയുള്ള സന്ദേശമാണിവിടെ തന്ത്രപൂർവ്വം ഒളിച്ചുവെച്ചിരിക്കുന്നത്. മുന്വിധികളെ ആസ്പദമാക്കിയ ചില കമന്റുകളും, അതിനുള്ള മറുപടിയും ഒക്കെ ആ വഴിക്ക് തന്നെ നീങ്ങുകയും ചെയ്യുന്നുണ്ട്. 

"പെരുമാറ്റം" പോലെയുള്ള സങ്കീർണ്ണമായ ഫീനോടൈപ്പുകളിൽ "നർച്ചറിനു" നിർണ്ണായകമായ സ്വാധീനമുണ്ടായിരിക്കും എന്ന് പറയുകയും, ഒപ്പം സമൂഹമാണെന്നെ (നർച്ചർ) തെമ്മാടിയാക്കിയതെന്ന് പറയുന്നത് സൂക്ഷിച്ചു വേണം എന്ന വാണിങ്ങ് നൽകുകയും ചെയ്യുന്ന തന്ത്രം ഇതിന്റെ സൂചനയാണു. പെരുമാറ്റജനിതക- ജീൻ അസോസിയേഷൻ പഠനങ്ങളുടെയും ഏറ്റവും വലിയ പോരായ്മ, കൃത്യമായ അളക്കാവുന്ന ഗുണങ്ങളുടെ (lack of a well defined quantifiable property, for example blood glucose or cholesterol among population) അഭാവമാണു. ഇത്തരം പഠനങ്ങൾ  മിക്കതും പെരുമാറ്റങ്ങൾ അളക്കുന്നത് സർവേയിലൂടെയാണു.  ഇവിടെ പ്രത്യേകം സൂചിപ്പിച്ച  ജീനുകളിൽ തസ്കരസംഘത്തിൽ ചേരാൻ ആളുകളെ പ്രേരിപ്പിക്കുന്നു എന്ന് പറയുന്ന MAO-A  വേരിയന്റ് ജീനിനെക്കുറിച്ചുള്ള പ്രസ്തുത പഠനം എതിരൻ സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല എന്നു തോന്നുന്നു. അതിന്റെ രീതിശാസ്ത്രത്തിലെ സുപ്രധാനമായ പിഴവുകളിൽ ചിലത് ലേഖനം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന വസ്തുതയെങ്കിലും ഇവിടെ സൂചിപ്പിക്കേണ്ടിയിരുന്നു (Beaver KM et al. 2009). തൊണ്ണൂറുകളിലെ അമേരിക്കൻ സ്കൂൾ വിദ്യാർത്ഥികളിൽ (മീഡിയൻ ഏജ് 16) നടത്തിയ സർവ്വേയിലെ രണ്ട് ചോദ്യങ്ങൾക്ക് ചില വിദ്യാർത്ഥികൾ നൽകിയ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണു ആ പഠനം.  ഏഴാം ക്ലാസിനും-പന്ത്രണ്ടാം ക്ലാസിനും ഇടയിലുള്ള (57) വിദ്യാർത്ഥികൾ സർവ്വേയിലെ ചോദ്യത്തിനു നൽകിയ "യേസ്" ഉത്തരത്തിൽ നിന്നും ഈ ജീൻ വേരിയന്റ് ആളുകളെ ഗാങ്സ്റ്റർ ആക്കാൻ പ്രേരിപ്പിക്കുമെന്നും, അതിൽ തന്നെ തോക്കുവെച്ച് വെടിവെയ്ക്കാൻ സാധ്യത കൂടുതലാണെന്നും കൺക്ലൂഡ്  ചെയ്യുന്നു ലേഖകർ.  ജീനോടൈപ്പ് ചെയ്യപ്പെട്ടവരിൽ നല്ലൊരു പങ്കും മോണോസൈഗോട്ടിക് ട്വിൻസും, ഡൈസൈഗോട്ടിക് ട്വിൻസും, സിബ്ലിങ്ങ്സും ഒക്കെയാണു. പക്ഷെ ഈ വിവരം ബീവർ ഈ പേപ്പറിൽ തന്ത്രപൂർവ്വം മറച്ചുപിടിച്ചിട്ടുണ്ട് (ആഡ് ഹെൽത്ത് ജീനോടൈപ്പിങ്ങിന്റെ വിശദവിവരങ്ങൾ തിരയാത്തവർ ഇത് ശ്രദ്ധിക്കാനേ സാധ്യതയില്ല). കാരണം, ഇരട്ടകളും സഹോദരങ്ങളും രണ്ടുതരത്തിൽ ഉത്തരം പറഞ്ഞാൽ അവരുടെ സിദ്ധാന്തം പൊളിയും. ഇനി അഥവാ ഈ 57 പേരിൽ ഇരട്ടകൾ ഉണ്ടായിരുന്നെങ്കിൽ അത് അവർ ആഘോഷമായി വെളിപ്പെടുത്തുമായിരുന്നു. കാരണം മോണോസൈഗോട്ടിക് ഇരട്ടകളിൽ ഒരേ ജീൻ വേരിയന്റ് ആയിരിക്കുമല്ലോ. അങ്ങിനെയുള്ള രണ്ടുപേരും ഗാങ്ങ്സ്റ്റർ ആവുക, തോക്കുപയോഗിക്കുമെന്ന് പറയുക എന്നത് അവരുടെ സിദ്ധാന്തത്തെ ബലപ്പെടുത്തുമെന്ന് അവർക്കറിയാം. ഇതിൽ നിന്നും ഞാൻ ഊഹിക്കുന്നത് ഇരട്ടകൾ രണ്ടു തരത്തിൽ ഉത്തരം നൽകുകയും, ആ വിശദാംശം ലേഖകർ തന്ത്രപൂർവ്വം ഒഴിവാക്കുകയും ചെയ്തു. ഇത്തരം പഠനങ്ങളെ മുഖവിലയ്ക്കെടുക്കുന്നത് സൂക്ഷിച്ചു വേണം.   To be blunt, the only reasonable conclusion anyone can make from this  particular study is that "students with lower activity MOA-A gene variants are more likely to answer "yes" to the pertinent survey question at that particular moment". Answer to the same question by the same students might be "no" if asked at a different time (say, few years earlier or later) which would essentially nullify the "association" hypothesis.

"വേണമെങ്കിൽ ചക്കയെ റബറിലും കായ്പ്പിക്കാം" എന്ന  മട്ടിലുള്ള നിരവധി  അസംബന്ധ പഠനങ്ങൾ ഈ ആഡ്ഹെൽത്ത് (AdHealth Survey) സർവേയെ ആസ്പദമാക്കി പുറത്തിറക്കിയിട്ടുണ്ട്.  MAO-A-യും ക്രെഡിറ്റ് കാർഡ് ഡെബ്റ്റും തമ്മിലുള്ള ബന്ധം,DRD2-യും രാഷ്ട്രീയചായ്വ്, വോട്ടിങ്ങ് എന്നിവയുമായുള്ള ബന്ധം,  MAO-A-യും അറസ്റ്റ് ചെയ്യപ്പെടലുമായുള്ള ബന്ധം, DAT1- ഉം സാമൂഹ്യവിരുദ്ധതയും തമ്മിലുള്ള ബന്ധം എന്നിവ ചില  ഉദാഹരണങ്ങൾ (De Neve, Jan-Emmanuel; and Fowler, James H  2009, Michael J. Shanahan and  Stephen Vaisey 2008). പെരുമാറ്റജനിതകശാസ്ത്രകാരന്മാർക്ക് ശരിക്കും AdHealth  സർവേ ഒരു അക്ഷയപാത്രം പോലെയാണു. പ്രസ്തുത സർവേയിലെ ഓരോ ചോദ്യത്തിനും (ഉദാ: ക്രെഡിറ്റ് കാർഡ് ഡെബ്റ്റ് എത്ര?,  പാർട്ടി ചായ്വ് ഏത്?,  വോട്ട് ചെയ്യാറുണ്ടോ?  അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ? തോക്കു കണ്ടിട്ടുണ്ടോ ? വെടിവെച്ചിട്ടുണ്ടോ? വെക്കടാ വെടി കണ്ടിട്ടുണ്ടോ? കരിയിലയിൽ മുള്ളുമ്പോ ചറപറാന്ന് ഒച്ച കേക്കാറുണ്ടോ? ഇങ്ങനെപോകും ചോദ്യങ്ങൾ )  വിദ്യാർത്ഥികൾ നൽകിയ ഉത്തരങ്ങളെ അവരുടെ ജീനോടൈപ്പുമായി ഒത്തുനോക്കി (അതും ഏഴു ജീനുകളുടെ വേരിയന്റുകൾ ) ഓരോ പേപ്പറുകൾ വീതം  ഏതെങ്കിലും ആളനക്കമില്ലാത്ത ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ട് ചെറിയ എല്ലിൻ കഷണം പോലെ ഒരു സൗണ്ട് ബൈറ്റ് മാധ്യമങ്ങൾക്കെറിഞ്ഞുകൊടുക്കുക. ബാക്കിയൊക്കെ ജേണലിസ്റ്റുകളും, ടീവിക്കാരും, മറ്റു സഹപെരുമാറ്റജനിതകഫ്രാഡുകളും ഏറ്റെടുത്ത് പാടിനടന്നോളും. ഇത്തരം പഠനങ്ങളൊന്നും തന്നെ മറ്റേതെങ്കിലും ഡേറ്റ സെറ്റ് ഉപയോഗിച്ച് റെപ്ലിക്കേറ്റ് ചെയ്തിട്ടില്ല എന്നിരിക്കെ ഇതിനെയൊക്കെ അടിസ്ഥാനമാക്കി നടത്തുന്ന അതീവസാമാന്യവൽക്കരണങ്ങൾ അങ്ങേയറ്റം വിപരീതഫലങ്ങളുളവാക്കുന്നതാണു. പഠനം പുറത്തിറക്കുന്നവർ അതിന്റെ രീതിശാസ്ത്രത്തിന്റെ പോരായ്മകളെക്കുറിച്ച് കൊടുത്തിരിക്കുന്ന വാണിങ്ങുകൾ ഒന്നും ആരും ശ്രദ്ധിക്കുകയേയില്ല. ഒറ്റവരി ഡിക്ലറേറ്റീവ് തീർപ്പുകളാണു പ്രചരണായുധങ്ങളാക്കപ്പെടുന്നത്.  ഇത്തരം പ്രഖ്യാപനങ്ങളിലൂടെ  തെമ്മാടി ജീനുകളും, ഗുണ്ടാജീനുകളും, തസ്കരജീനുകളും, ബലാൽസംഘജീനുകളും, പീഡനജീനുകളും, ദാരിദ്ര്യജീനുകളും ഒക്കെ ഇങ്ങനെ നിരനിരയായി വന്നുകൊണ്ടിരിക്കും. തലച്ചോറിലെ കോശങ്ങളിലെ ഏതെങ്കിലും പ്രവർത്തനത്തെ പലവിധത്തിൽ സ്വാധീനിക്കുന്ന ഏതെങ്കിലും ഹോർമോണിന്റെയോ, ന്യൂറോട്രാൻസ്മിറ്ററിന്റെയോ  അളവു നിയന്ത്രിക്കുന്നതിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്ന ജീനുകളെ ഓരോന്നായി  ഈ ലിസ്റ്റിലേക്ക് തരാതരം പോലെ റിക്രൂട്ട് ചെയ്യുകയേ വേണ്ടൂ.  ഈ സൈസ് നാലഞ്ച് "കോറിലേഷൻ" പഠനങ്ങൾ പുറത്തിറക്കിക്കഴിഞ്ഞാൽ പിന്നെ "കോറിലേഷൻ" എന്നതിനുപകരം "കോസേഷൻ" ആയിട്ടായിരിക്കും വാചകകസർത്തുകൾ വരിക. ഒരു നുണ പലതവണ പറഞ്ഞ് സത്യമാക്കിയെടുക്കുന്ന മീഡിയതന്ത്രം തന്നെ ഇതിന്റെ പിന്നിലും.

വാസ്തവത്തിൽ ഏതെങ്കിലും "ജീനോ, അതിന്റെ വേരിയന്റോ, അതിലുള്ള പോളിമോർഫിസമോ" മാത്രം  ഒരു തരത്തിലും വ്യക്തിയുടെ ഏതെങ്കിലും പെരുമാറ്റത്തെ നേരിട്ട് സ്വാധീനിക്കുകയില്ല. ബുദ്ധിശക്തിജീൻ, സംഗീതസാമ്രാട്ട്ജീൻ, കലാകായികസാംസ്കാരികജീൻ, വ്യക്തിത്വജീൻ, പെരുമാറ്റജീൻ, വെള്ളമടിജീൻ, വെക്കടാവെടിജീൻ എന്നിങ്ങനെ  ജീനുകളുമില്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ  "ജീനുകളുടെ" ധർമ്മം പലതരത്തിലുള്ള ആർ.എൻ.എ നിർമ്മിക്കാൻ പകർന്നാട്ടത്തിനു നിന്നുകൊടുക്കുക എന്നതാണു. ആർ.എൻ.എയിൽ നിന്നും പ്രോട്ടീനുകളും. പ്രോട്ടീനുകളാകട്ടെ അതാത് കോണ്ടക്സ്റ്റുകളിൽ കോശത്തിനകത്തും പുറത്തുനിന്നുമെത്തുന്ന സൂചനകൾക്കും, രാസസന്ദേശങ്ങൾക്കും അനുസരിച്ച്, ഘടനാപരമായോ, അല്ലാത്തതോ ആയ ജൈവരസതന്ത്ര പ്രക്രിയകളിൽ പങ്കുകൊള്ളുന്നു. ഇങ്ങനെ നിരവധി പ്രോട്ടീനുകളുടെ ഒരു നെറ്റ്വർക്ക് തന്നെയുണ്ടാവും "കണ്ണിമചിമ്മൽ" പോലെ ഏറ്റവും നിസാരമെന്ന് തോന്നുന്ന ഫിസിയോളജിക്കൽ പ്രോസസുകളിൽ പോലും. ഒരാൾ കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ അയാളുടെ കൺപോളയിലെ ഉപരിതലകോശത്തിലെയോ,  ഈ പ്രക്രിയ നിയന്ത്രിക്കുന്ന നേർവ് കോശത്തിലെയോ ഏതെങ്കിലും ഒരു ജീൻ വേരിയന്റ് അതിന്റെ ആർ.എൻ.എ പൂർണ്ണമായി ഉല്പാദിപ്പിക്കുക പോലുമില്ല (Human RNA Polymerase has a speed of 3.8kb/min, average gene length is 3kb, so it would take less than a minute to transcribe the gene. Average speed of blinking is in milliseconds). അതായത് ഈ പ്രക്രിയനടക്കുമ്പോൾ നിലവിൽ ലഭ്യമായിട്ടുള്ള പ്രോട്ടീൻ/ആർ.എൻ.എ, ഇതര രാസഘടകങ്ങൾ എന്നീ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയാണു ഇത് സാധ്യമാകുന്നത്. ഈ വിഭവങ്ങളുടെ ലഭ്യത മുൻപ് സൂചിപ്പിച്ചതുപോലെ സിസ്റ്റം നെറ്റ്വർക്കിന്റെയും, മൊത്തത്തിലുള്ള ജൈവവികസനപ്രക്രിയയുടെയും, മറ്റു പരിസ്ഥിതിഘടകങ്ങളുടെയും സ്വാധീനത്തിലായിരിക്കും.അല്ലാതെ  ഇതുപോലെയുള്ള തൽസമയപ്രവർത്തനങ്ങളിൽ കോശങ്ങളുടെ ന്യൂക്ലിയസിൽ ഹിസ്റ്റോണുകളാൽ പൊതിഞ്ഞും, അല്ലാതെയുമൊക്കെ നിലയുറപ്പിച്ചിരിക്കുന്ന  "ജീൻ വേരിയന്റ്" നേരിട്ട് ഒരിടപെടലും നടത്തുന്നില്ല. അതായത്  ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രത്യേക അവസരത്തിലെ  പെരുമാറ്റത്തിനു (One's behavior at any given moment  can be a response to various stimuli coming from both internal and  external sources including other individuals) വ്യക്തിയുടെ പ്രോട്ടീൻ/ആർ.എൻ.എ ഇതര രാസവിഭവങ്ങളുടെ നെറ്റ്വർക്കും, മറുവശത്തു മറ്റുപലരുടെയും കോശവിഭവങ്ങളുടെ നെറ്റ്വർക്കും, ഇരുകൂട്ടരുടെയും പരിസ്ഥിതിഘടകങ്ങളും എല്ലാം നിർണ്ണായകഘടകങ്ങളായിരിക്കും. അതുകൊണ്ട് തന്നെ പെരുമാറ്റജനിതകക്കാരുടെ ഏകജീൻ അസോസിയേഷൻ/കോറിലേഷൻ പഠനങ്ങളും, അവയുടെ കണ്ടെത്തലുകളും വെറും അസംബന്ധങ്ങളാണു. 

മോണോഅമീൻ ഓക്സിഡേസിന്റെ "ആക്റ്റിവിറ്റി" അതിന്റെ മെസഞ്ചർ ആർ.എൻ.എയുടെയോ, പ്രോട്ടിന്റെയോ അളവുമായി എല്ലായ്പ്പോഴും ബന്ധപ്പെട്ടിരിക്കുന്നില്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പ്രൊമോട്ടർ വ്യതിയാനങ്ങൾ MAO-A.യുടെ മെസഞ്ചർ ആർ.എൻ എയുടെ (mRNA) നിർമ്മാണത്തിലെ ഏറ്റക്കുറച്ചിലുകൾ മാത്രമേ നിശ്ചയിക്കുന്നുള്ളൂ. അതേസമയം മെസഞ്ചർ ആർ.എൻ.എയുടെ അളവ് പ്രോട്ടീനിന്റെ ആക്റ്റിവിറ്റിയുമായി നേരിട്ട് ബന്ധമുണ്ടായിരിക്കണമെന്നില്ല.  ലോ ആക്റ്റിവിറ്റി ജീൻ  വേരിയന്റുകളെ ഫലപ്രദമായി കോമ്പൻസേറ്റ് ചെയ്യാൻ മറ്റു പല വഴികളും ശരീരം കണ്ടെത്തിയെന്ന് വരും.
ഉദാഹരണത്തിനു
1-  കാൽസിയം, അമോണിയ തുടങ്ങിയ രാസഘടകങ്ങൾ പ്രസ്തുത എൻസൈമിന്റെ "ആക്റ്റിവിറ്റി"യെ നേരിട്ട് ബാധിക്കുന്നുണ്ട്. കാൽസിയം ഈ എൻസൈമിനെ കൂടുതൽ ആക്റ്റീവ് ആക്കും (Kosenko E.A et al  2003, Xia Cao et al 2007). ഇതുകൂടാതെ മറ്റു നിർവധി ഘടകങ്ങൾ നേരിട്ടല്ലാതെ ഈ എൻസൈമിന്റെ അളവും, ആക്റ്റിവിറ്റിയും നിയന്ത്രിക്കുന്നുണ്ട്.
2- ക്രുപ്പൽ-ലൈക് ഫാക്റ്റർ (KLF11) MAO-A ജീനിന്റെ എക്സ്പ്രഷനെയും ആക്റ്റിവിറ്റിയെയും കൂട്ടും. അതേ സമയം KLF 11-നെ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ ഇൻഡ്യൂസ് ചെയ്യും ( Grunewald M et al  2012 6).
3-തലച്ചോറിൽ മാത്രമായുള്ള ഒരു ട്രാൻസ്ക്രിപ്ഷൻ ഫാക്റ്ററിനെ ആക്റ്റിവേറ്റ് ചെയ്യുക വഴി, SIRT-1 എന്ന Deacetylase-ഉം MAO-A ജീനിന്റെ എക്സ്പ്രഷനെ വർദ്ധിപ്പിക്കും (Libert S et al 2011).
4- ഇസ്ട്രജൻ റിലേറ്റഡ്-റിസപ്റ്റർസ് എം.എ.ഒ ജീനിന്റെ ട്രാൻസ്ക്രിപ്ഷൻ വർദ്ധിപ്പിക്കും. പ്രസ്തുത റിസപ്റ്ററിനെ  പാർക്കിൻ എന്ന പ്രോട്ടീൻ പ്രോട്ടിയോസോമൽ ഡീഗ്രഡേഷൻ വഴി നിയന്ത്രിക്കുന്നു (Ren Y,et al 2011 ).
5- ജൈവഘടികാരത്തിന്റെ (circadian clock) ഭാഗമായ ചില പ്രോട്ടീനുകൾ എം.എ.ഓ-യുടെ എക്സ്പ്രഷനെ നിയന്ത്രിക്കുന്നുണ്ട് ( Hampp G et al 2008 ).
6-IL-4 and IL-13 (Th2 cytokines)  MAO-A ജീൻ എക്സ്പ്രഷന്റെ അളവ് വളരെയധികം വർദ്ധിപ്പിക്കും (Chaitidis,P et al 2004).
7- ഒന്നു  മുതൽ അഞ്ചുവരെയുള്ള ഘടകങ്ങളെ മറ്റു നിരവധി പ്രോട്ടീനുകളും, രാസതന്മാത്രകളും നിയന്ത്രിക്കുന്നുണ്ടാവും.
8-ഇനിയും കണ്ടുപിടിക്കപ്പെടാത്ത നിയന്ത്രണ ശൃംഘലകൾ വേറെയുമുണ്ടാവും.

മറ്റൊരു പ്രധാനസംഗതി, മനുഷ്യശരീരത്തിൽ വിവിധ അവയവങ്ങളിലും, ടിഷ്യൂകളിലും  മോണോഅമീൻ ഓക്സിഡേസിന്റെ അളവ് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിനു തലച്ചോറിലും സ്പൈനൽ കോർഡിലും ഉള്ളതിനെക്കാൾ പത്ത് മടങ്ങ് MAO-A  ചെറുകുടലിലുണ്ട് (Nishimura M and Naito S 2006). പെരുമാറ്റജനിതകപ്രകാരം ചെറുകുടലിൽ മോണോഅമീൻ ഓക്സിഡേസ് ഇല്ലാരുന്നെങ്കിൽ അവൻ തെമ്മാടിയായേനെ എന്നു പറയുമൊ?  ചുരുക്കി പറഞ്ഞാൽ  മോണോഅമീൻ ഓക്സിഡേസിന്റെയോ, അതുപോലെ ഈ ലേഖനത്തിൽ സൂചിപ്പിച്ച മറ്റ് തെമ്മാടിജീനുകളുടെയോ വിവിധ അവയവങ്ങളിലും, കോശങ്ങളിലുമായുള്ള (ഓരോ ഡെവലപ്മെന്റൽ സ്റ്റേജിലെയും) "ജീൻ എക്സ്പ്രഷൻ, എൻസൈം ആക്റ്റിവിറ്റി, പ്രോട്ടീൻ സ്ഥിരത" എന്നീ നിർണ്ണായക ഘട്ടങ്ങളിൽ മറ്റു ജീനുകളും, പാരിസ്ഥിതിക ഘടകങ്ങളും ഇടപെടുന്നുണ്ട് എന്നത് വ്യക്തമാണു. അത്തരം ഇടപെടലിന്റെ വിശദാംശങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോഴും വ്യക്തമായ ചിത്രമില്ല എന്നതാണു വാസ്തവം. പാരിസ്ഥിതികഘടകങ്ങൾ ഇടപെടുന്നേയില്ല എന്ന് എതിരൻ ഏതായാലും വാദിക്കുകയില്ല എന്ന് കരുതുന്നു. നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന ജീൻxപരിസ്ഥിതി അസോസിയേഷൻ പഠനങ്ങളൊന്നും തന്നെ ഇത്തരത്തിലുള്ള ചിത്രത്തിനു വ്യക്തത നൽകാൻ പര്യാപ്തമല്ലെന്ന് മാത്രമല്ല, അത്തരം ചിത്രങ്ങൾക്ക് പ്രസക്തിയില്ലെന്ന് വരുത്തിത്തീർക്കുന്നതിനായിട്ട് രൂപപ്പെടുത്തിയിട്ടുള്ളതുമാണു. കോറിലേഷൻ ഒരിക്കലും കോസേഷൻ ആകുന്നില്ല.

ഐഡന്റിക്കൽ ട്വിൻസിനെ ഉപയോഗിച്ചുള്ള പഠനങ്ങൾ "തുല്യപരിസ്ഥിതി" നിലനിർത്തുന്നു എന്നത് തെറ്റായ ധാരണയാണെന്ന് നിരവധി പ്രമുഖശാസ്ത്രജ്ഞന്മാർ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട് (Joseph J. 2002). അതിനെക്കാളുപരി ജനിതക ഇരട്ടകൾ എന്നത് തന്നെ ഒരു മിസ്നോമറാണു. ഐഡന്റിക്കൽ ട്വിൻസ് (monozygotic twins) ആയാലും അവരുടെ സൊമാറ്റിക് ജനിതകവും, ഉപരിജനിതകഘടനയും കുറെയൊക്കെ വ്യത്യസ്തമായിരിക്കും (കോപ്പി നമ്പർ വേരിയേഷൻ, സൊമാറ്റിക് മൊസൈസിസം എന്നൊക്കെ തിരഞ്ഞാൽ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും). ന്യൂറോൺ പോലെയുള്ള  കോശവിഘടനം നിലച്ച (അഡൾട്ട് ന്യൂറോണുകളിൽ കോശവിഘടനം പാടെ നിലച്ചുവെന്നാണു പൊതുവെ കരുതിപ്പോന്നിരുന്നതെങ്കിലും ആ അറിവും തിരുത്തപ്പെടുകയാണു ഇപ്പോൾ) പോസ്റ്റ്-മൈറ്റോട്ടിക് കോശങ്ങളിലെ ജനിതകത്തിൽ പോലും വ്യതിയാനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ  ജീൻ-പരിസ്ഥിതി ഇടപെടലുകൾ എത്ര സങ്കീർണ്ണമാണെന്ന് ഈ വിഷയത്തിൽ അല്പമെങ്കിലും ധാരണയുള്ളവർക്ക് എളുപ്പം  മനസിലാകേണ്ടതാണു. അതിനുപകരം ജനിതകനിർണ്ണയത്വവാദത്തെ മുൻനിർത്തി അവരവരുടെ രാഷ്ട്രീയസാംസ്കാരിക അജണ്ടകളെ തൃപ്തിപ്പെടുത്തുവാനായി  ലളിതസമവാക്യങ്ങൾ ചമയ്ക്കുവാനുള്ള വ്യഗ്രതയാണു പലപ്പോഴും ജ്ഞാനികളെന്ന് കരുതപ്പെടുന്നവർ പോലും കാണിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണു.

ഇനി ബ്രസീലിനെക്കുറിച്ചുള്ള പരാമർശത്തിലേക്ക് വരാം. സർക്കാരിന്റെയും ഇതരഘടകങ്ങളുടെയും സാമൂഹ്യസാമ്പത്തിക ഇടപെടലുകൾ കൊണ്ട് ദാരിദ്ര്യം ഏറെ പരിഹരിക്കപ്പെട്ടിട്ടും ബ്രസീലിൽ അക്രമം പെരുകിക്കൊണ്ടേയിരിക്കുന്നു എന്നും, അതിനു കാരണം അക്രമികളിൽ മോണോഅമിൻ ഓക്സിഡേസിന്റെയോ അതുപോലെയുള്ള മറ്റു തെമ്മാടിജീനുകളുടെയോ വേരിയന്റുകളുടെ സാന്നിധ്യമായിരിക്കുമെന്നാണു എതിരൻ പറഞ്ഞുവെയ്ക്കുന്നത്.  സങ്കീർണ്ണമായ ഒരു സാമൂഹ്യപ്രശ്നത്തെ  ലളിതവൽക്കരിച്ച് എങ്ങിനെ  വെടക്കാക്കി തനിക്കാക്കം എന്നതിനു ഉത്തമ ഉദാഹരണമാണീ പരാമർശം. ദാരിദ്ര്യം കുറച്ചു എന്നത് വാസ്തവമാണെങ്കിലും സാമ്പത്തിക/സാമൂഹ്യ അസമത്വം ഇപ്പോഴും രൂക്ഷമാണു. അതിനെല്ലാമുപരി "ചെറിയതോക്കുകളും ഭാരക്കുറവുള്ള ആയുധങ്ങളും" ഏറ്റവും കൂടുതൽ നിർമ്മിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യമാണു ബ്രസീൽ. 1983 മുതൽ 2001 വരെയുള്ള ഇരുപതു വർഷത്തെ കണക്കുപ്രകാരം വെടിയേറ്റ് മരിച്ച ചെറുപ്പക്കാരുടെ എണ്ണം 35%-ൽ നിന്നും 65% ആയി വർദ്ധിക്കുകയുണ്ടായി (Richardson L and Kirsten,A, 2005). ഇത്തരം കുറ്റകൃത്യങ്ങളിൽ കണ്ടെടുക്കപ്പെടുന്ന തോക്കുകളിൽ ഭൂരിഭാഗവും ബ്രസീൽ നിർമ്മിതമാണെന്നും കണക്കുകൾ പറയുന്നു. അതായത് ബ്രസീലിലെ വമ്പൻ ആയുധനിർമ്മാതാക്കൾക്കും, ആയുധവിതരണവ്യാപനത്തെ നിയന്ത്രിക്കേണ്ടുന്ന അധികാരവർഗത്തിനും, സാമൂഹ്യസാമ്പത്തിക അസമത്വത്തിനും ഒക്കെ ഈ അക്രമങ്ങളിൽ നിർണ്ണായക പങ്കുകളുണ്ട് (Pablo Dreyfus et al 2010). അതെല്ലാം സൗകര്യപൂർവ്വം മറച്ചുപിടിച്ച്, ബ്രസീലിലെ ചെറുപ്പക്കാർക്കിടയിൽ മോണോഅമീൻ ഓക്സിഡേസിന്റെ വേരിയന്റ് സാന്നിധ്യം കൂടിവരുന്നതുകൊണ്ടാവാം ഈ അക്രമങ്ങളൊക്കെ കൂടുന്നതെന്ന് പറയുന്നത് ഒന്നാന്തരം അക്രമമാണു.  ഫവേലകൾ (ബ്രസീലിയൻ ചേരികൾ) നിലനിൽക്കുന്നു എന്നത് തന്നെ ഏറ്റവും വലിയ വയലൻസാണെന്നും, ആ വയലൻസിനുത്തരവാദികൾ അധികാരവർഗമുൾപ്പെടെയുള്ള സമൂഹമാണെന്നുമുള്ള വസ്തുതയെ പൊതുബോധത്തിൽ നിന്നും മായ്ച്ചുകളയാനുള്ള  ഗൂഢതന്ത്രമായേ ഇത്തരം ജനിതകനിർണ്ണയത്വവാദങ്ങളെ  കാണാനാകൂ. ബ്രസീലിലെ ആയുധവ്യവസായം നടത്തിക്കൊണ്ടുപോകുന്നവരിലും ഈ തെമ്മാടിജീൻ വേരിയന്റ് ഉണ്ടോയെന്ന് ആരും തിരക്കുകയില്ല. കാരണം അവർ സമൂഹത്തിന്റെ "ക്രീം" ആണു. അവരിൽ തെമ്മാടിജീനുകളുണ്ടാകാനോ, അസാധ്യം, അസംഭാവ്യം!   ജനിതകകുറ്റവാസനകൾ ആരോപിക്കപ്പെടുന്നവരിൽ ഏറിയപങ്കും അരികുവർഗങ്ങളുടെ പ്രതിനിധികളായിരിക്കുമെന്നത് ചിന്തനീയമാണു. അവരുടെ ജനിതകത്തിലാണു തെമ്മാടിജീനുകളും, ഗുണ്ടാജീനുകളും, ബലാൽസംഘജീനുകളും പുളയ്ക്കുന്നത്. അവരെയാണു സമൂഹം സൂക്ഷിക്കേണ്ടതെന്ന് മുന്നറിയിപ്പ് നൽകുന്നത്. മറുപുറത്തുള്ളത് സമൂഹത്തിന്റെ "ക്രീം ഓഫ് ദി ക്രീം" ആണു. അവരുടെ ജനിതകം എല്ലാ അർത്ഥത്തിലും ശുദ്ധിയുള്ളതായിരിക്കും. ജനിതകനിർണയത്വവാദങ്ങളെല്ലാം പലവഴിയിലൂടെ സഞ്ചരിച്ച് വംശമഹിമാസിദ്ധാന്തത്തിലേക്ക് എത്തിച്ചേരുന്നത് ഒട്ടും യാദൃശ്ചികല്ല!  ജീനുകളെ അടുത്തറിഞ്ഞെന്ന് നമ്മൾ കരുതുന്ന വാട്സൺ പോലും ഒടുവിൽ തന്റെ ഉള്ളിലെ വംശമഹിമാവാദിയെ വലിച്ചു പുറത്തിട്ട് അപമാനിതനായതും സ്മരണീയം. 

ചുരുക്കം
ക്രിമിനൽ പെരുമാറ്റം പോലെയുള്ള സങ്കീർണ്ണമായ കാര്യങ്ങളിൽ ഏതെങ്കിലും ജീനിനു മാത്രമായി നേരിട്ട് യാതൊരു പങ്കുമില്ല.  നേരിട്ടല്ലാതെയുള്ള പങ്കുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതിനിയും അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടില്ല. മറിച്ച് പരിസ്ഥിതിക്ക് (നർച്ചർ) ഇത്തരം കാര്യങ്ങളിൽ നിർണ്ണായകസ്വാധീനമുണ്ട്. ജീൻ-പരിസ്ഥിതി ഇടപെടലുകളാണു ഇവിടെ പ്രധാനം.   ജീനുകളെക്കുറിച്ചും ഫിസിയോളജിയിൽ അതിനുള്ള പങ്കിനെക്കുറിച്ചും വലിയ അറിവില്ലാതിരുന്ന, അതിനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങൾ ഇല്ലാതിരുന്ന കാലത്ത്, കൂടുതലും സാമൂഹ്യപരമായ ഘടകങ്ങളിലൂന്നിയായിരുന്നു മനുഷ്യരെക്കുറിച്ച് പഠിച്ചിരുന്നത്. പുതിയ കാലത്ത് ജീനുകളിലൂന്നി കൂടുതൽ പഠനങ്ങൾ നടത്തുന്നു. അതിന്റെ അർത്ഥം സാമൂഹ്യഘടകങ്ങളുടെ പ്രസക്തി പാടേ നഷ്ടപ്പെട്ടു എന്നല്ല. സാമൂഹ്യഘടകങ്ങളുടെ പ്രസക്തി കാലഹരണപ്പെട്ടു എന്ന് വാദിക്കുന്നവർക്ക് അവരുടേതായ ഹിഡൻ അജണ്ടകളുണ്ടാവും.   ഇത്തരം സാമൂഹ്യഘടകങ്ങൾ സൃഷ്ടിച്ച് നിലനിർത്തുന്നതിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ നേട്ടമുണ്ടാക്കുന്നവരോ,  തങ്ങൾ മറ്റുള്ളവരേക്കാൾ മേലെയാണെന്ന് കരുതുന്ന വംശമഹിമാവാദികളോ ഒക്കെ അത്തരക്കാരിലുണ്ടാവും. മറ്റൊന്ന് ഫാഷണബിലിറ്റിയാണു.  ഴാങ്ങ് വാൽ ഴാങ്ങ് റൊട്ടി മോഷ്ടിച്ചത്  വിശപ്പ് സഹിക്കാഞ്ഞിട്ടാണെന്ന് പറഞ്ഞുകേൾക്കുന്നതിൽ പലർക്കും ഇന്ന് യാതൊരു പുതുമയുമില്ല.  പകരം ഴാങ്ങ് വാൽ ഴാങ്ങിന്റെ "മോഷണജീൻ വേരിയന്റ് എ" അയാളെക്കൊണ്ട്  മോഷണം ചെയ്യിപ്പിച്ചതാണെന്ന് പറയുമ്പോൾ അതിനൊരു പുതുമയുണ്ടാവും. ഒപ്പം വ്യാജനിർമ്മിതമായ വിശ്വാസ്യതയും. പട്ടിണിയും ദാരിദ്ര്യവും, വിവേചനവുമൊക്കെ  സാമൂഹ്യനിർമ്മിതികളായിത്തന്നെ ഇന്നും തുടരുമ്പോൾ അതിനെ പാടെ അവഗണിച്ചുകൊണ്ട്  ജീനുകളിൽ മാത്രം കാരണം ചികയുകയും, വ്യാജബന്ധങ്ങൾ ചമച്ച് പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒട്ടും ആശാവഹമായ കാര്യമല്ല. 

References.

Beaver KM et al.,Monoamine oxidase A genotype is associated with gang membership and weapon use. Comprehensive Psychiatry 2009.

De Neve, Jan-Emmanuel; and Fowler, James H. The MAOA Gene Predicts Credit Card Debt. 2009.

Michael J. Shanahan and  Stephen Vaisey. Environmental Contingencies and Genetic Propensities:Social Capital, Educational Continuation, and a Dopamine Receptor Polymorphism American Journal of Sociology, 2008.

Kosenko E.A et al  Calcium and Ammonia Stimulate Monoamine Oxidase A Activity in Brain Mitochondria Biology Bulletin of the Russian Academy of Sciences. Volume 30, Number 5, September 2003 , pp. 449-452(4).

Xia Cao et al  Calcium-sensitive regulation of monoamine oxidase-A contributes to the production of peroxyradicals in hippocampal cultures: implications for Alzheimer disease-related pathology BMC Neuroscience 2007,8:73.

Grunewald M et al.Mechanistic Role for a Novel Glucocorticoid-KLF11 (TIEG2) Protein Pathway in Stress-induced Monoamine Oxidase A Expression.J Biol Chem.2012 Jul 13;287(29):24195-206

Libert S et al SIRT1 activates MAO-A in the brain to mediate anxiety and exploratory drive.
Cell. 2011 Dec 23;147(7):1459-72.

Ren Y,et al Parkin degrades estrogen-related receptors to limit the expression of monoamine oxidases. Hum Mol Genet.2011 Mar 15;20(6):1074-83. 

Hampp G et al Regulation of monoamine oxidase A by circadian-clock components implies clock influence on mood. Curr Biol.2008 May 6;18(9):678-83. 

Chaitidis,P et al Th2 Response of Human Peripheral Monocytes Involves Isoform-Specific Induction of Monoamine Oxidase-A J Immunol 2004; 173:4821-4827

Nishimura M and Naito S.Tissue-specific mRNA expression profiles of human phase I metabolizing enzymes except for cytochrome P450 and phase II metabolizing enzymes.Drug Metab Pharmacokinet.2006 Oct;21(5):357-74.

Jay Joseph. Twin studies in psychiatry and psychology:science or pseudoscience? Psychiatric Quarterly, Vol. 73, No. 1, Spring 2002

Richardson L and Kirsten,A. Armed violence and poverty in Brazil A case study of Rio de Janeiro and assessment of Viva Rio for the Armed Violence and Poverty Initiative March 2005

Pablo Dreyfus et al.,The Brazilian Small Arms Industry: Legal Production and Trade 2010
Post a Comment