Friday, November 06, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍.

(ഭാഗം ഒന്ന് )

ആമുഖം

ഭരണകൂടഭീകരതയും, മതതീവ്രവാദവുമൊക്കെ എന്നും സാഹിത്യത്തിനു വളക്കൂറുള്ള മണ്ണാണു. നേരെ മറിച്ച് ശാസ്ത്രപുരോഗതിക്ക് അത് പലപ്പോഴും ദുരന്തം വിതയ്ക്കുന്ന മൈന്‍‌ഫീല്‍‌ഡ് ആണു. ശാസ്ത്രത്തിന്റെ ജീവവായു സ്വാതന്ത്ര്യമാണു. കൂച്ചുവിലങ്ങുകളില്ലാത്ത ഒരു സ്വതന്ത്രസമൂഹത്തിലേ ശാസ്ത്രവും ശാസ്ത്രബോധവും നേരാംവണ്ണം വേരോടിക്കുകയുള്ളൂ. ശാസ്ത്രചരിത്രത്തിലുടനീളം മതവും, അതിന്റെ അധികാരസ്ഥാപനങ്ങളും ശാസ്ത്രത്തെയും, അത് മുന്നോട്ട് വെയ്ക്കുന്ന സ്വതന്ത്രചിന്തയെയും നേരിട്ടും, അല്ലാതെയും എതിര്‍ത്ത് പോന്നിട്ടുണ്ട്. എങ്കിലും, അതിനെയെല്ലാം അതിജീവിക്കുവാനും, മാനവരാശിയെ തിരിച്ചറിവിന്റെ വഴിത്താരയിലൂടെ പുരോഗതിയിലേക്ക് നയിക്കുവാനും ശാസ്ത്രത്തിനു കഴിയുന്നത്, സ്വാതന്ത്ര്യവാഞ്ഛ കൈമോശം വരാത്ത‌, ബുദ്ധിയും പ്രജ്ഞയും മതഗ്രന്ഥങ്ങള്‍ക്ക് തീറെഴുതി വെയ്ക്കാത്ത ധിഷണാശാലികളായ കുറെ മനുഷ്യര്‍ നടത്തിവരുന്ന അക്ഷീണപ്രയത്നം കൊണ്ടാണ്. ഈ ആധുനിക കാലത്തും പ്രാണവായുവിനെക്കാള്‍ പ്രാധാന്യം മതത്തിനു കല്‍‌പ്പിച്ചുപോരുന്ന ഒരു കൂട്ടം രാജ്യങ്ങളില്‍ ശാസ്ത്രം ജീവവായു കിട്ടാതെ പിടയുകയാണ്. ഒപ്പം ആ രാജ്യങ്ങളിലെ മാനുഷികവികസന സൂചികകള്‍ കാട്ടിത്തരുന്ന ചിത്രം ദയനീയമാണ്. ശാസ്ത്രപുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന "ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്ലാമിക്‌ കോണ്‍ഫറന്‍സ്-ല്‍ (ഓ.ഐ.സി) ഉള്‍പ്പെട്ട 57 രാജ്യങ്ങളെ കുറിച്ചുള്ള ചില പഠനങ്ങളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണു ഈ കുറിപ്പിനു പിന്നില്‍. എഴുതി വന്നപ്പോള്‍ വിപുലമായിപ്പോയതിനാല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗം ചരിത്രാന്വേഷണം.

ചരിത്രാരംഭം
ഇസ്ലാമിന്റെ രൂപീകരണത്തിന്റെ (610 CE) ആദ്യകാലങ്ങളില്‍ അറബിക് സംസ്കാരത്തില്‍ ശാസ്ത്രത്തിനു സ്ഥാനം ഉണ്ടായിരുന്നില്ല. രൂപീകരണത്തെ തുടര്‍ന്ന് അന്നും ഇന്നും ഖുറാന്‍ എന്ന പുസ്തകത്തിന്റെയും ചില അനുബന്ധകൃതികളുടെയും സാക്ഷരതായജ്ഞത്തിലൂന്നിയാണ് ഇസ്ലാമിന്റെ നിലനില്‍പ്പ്‌. ഇസ്ലാമിക്‌ സമൂഹത്തില്‍ ശാസ്ത്രം ഒരു ചിന്താപദ്ധതിയായി രൂപമെടുക്കുന്നതിന് മുന്നേ മതപരമായ ചിന്താപദ്ധതിയിലൂന്നിയ നിശിതമായ സാമൂഹ്യപെരുമാറ്റ നിയമസംഹിതകള്‍ക്ക് ഇസ്ലാം രൂപം കൊടുത്തിരുന്നു. ഈ നിയമസംഹിതകളെ സമൂഹത്തിന്റെ നിത്യവൃത്തികളിലേക്ക് വ്യാഖ്യാനം ചെയ്യുന്നതിനായി നിയമപണ്ഡിതരുടെ കൂട്ടായ്മയും രൂപം കൊണ്ടു. അവിടുന്നിങ്ങോട്ട് ഇക്കൂട്ടരുടെ ശ്വാസഗതിയ്ക്കനുസരിച്ചായിരുന്നു ഇസ്ലാമിക്‌ സമൂഹത്തിലെ ഓരോ ഇലയനക്കവും!. നയപരമായ ചില ചാഞ്ചാട്ടങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളെപ്പോലെ തന്നെ "പുസ്തകമതക്കാരായ" ക്രിസ്ത്യാനികളോടും, ജൂതരോടും ഇസ്ലാം സഹിഷ്ണത കാണിച്ചിരുന്നു. രാഷ്ട്രീയവും, സൈനീകപരവും, സാമൂഹ്യവുമായ നീക്കങ്ങളിലൂടെ ഒരു നൂറ്റാണ്ടിനുള്ളില്‍ ഇസ്ലാം അതിന്റെ ഭൂപ്രദേശം വികസിപ്പിച്ചു. ഒരു യുദ്ധം ആവശ്യപ്പെടുന്ന നശീകരണങ്ങള്‍ക്കുമപ്പുറം മുസ്ലീങ്ങള്‍ അവര്‍ വാളുകൊണ്ട് കീഴടക്കിയ ഉന്നതസംസ്കാരങ്ങളുമായി മനസ്സുകൊണ്ട് സമരസപ്പെട്ടും, സ്വാംശീകരിച്ചുമാണ് തങ്ങളുടെ സാമ്രാജ്യം രൂപപ്പെടുത്തിയത്. പുതുതായി രൂപം കൊണ്ട തങ്ങളുടെ മതത്തിനു, കൂടുതല്‍ വികസിതമായിരുന്ന മറ്റു മതങ്ങള്‍ക്കും, അതാതു നാടുകളില്‍ നിലവിലിരുന്ന വിമര്‍ശനാത്മകമായ ബൌദ്ധിക ചിന്താപദ്ധതികള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി, ആദ്യകാല മുസ്ലിം ഭരണകര്‍ത്താക്കള്‍ ഗ്രീക്ക്‌ ഫിലോസഫി, സയന്‍സ് എന്നിവയുള്‍പ്പെടെ തങ്ങള്‍ നേരിട്ട ദേശങ്ങളിലെ ശാസ്ത്രസാംസ്കാരിക പാരമ്പര്യങ്ങളില്‍ വൈദഗ്ദ്യം നേടുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗ്രീക്കുവിജ്ഞാനത്തിന്റെ നിധികള്‍ കണ്ടെത്തിയ ചില ഖലീഫമാര്‍ നിരവധി പണ്ഡിതന്മാരെ നിയമിച്ചു ഗ്രീക്ക് വിജ്ഞാനത്തെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതോടെ ഇസ്ലാമിക് രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ തിരി തെളിയുവാന്‍ തുടങ്ങുന്നു. തല്‍ഫലമായി മധ്യകാല ഇസ്ലാം പ്രാചീന ഗ്രീക്ക് ശാസ്ത്രത്തിന്റെ മുഖ്യ അവകാശികളാകുകയും, തുടര്‍ന്ന് വന്ന അഞ്ചു നൂറ്റാണ്ടുകളോളം (800-1300 CE ) അന്നത്തെ നിലയില്‍ മിക്ക ശാസ്ത്രമേഖലകളിലും നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ കാലഘട്ടത്തെയാണ് ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നതു (എത്ര മാത്രം സുവര്‍ണമായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, തമ്മില്‍ ഭേദം ഈ കാലഘട്ടം തന്നെയായിരുന്നു എന്നു കരുതാനേ നിവൃത്തിയുള്ളൂ. ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിക്കിയില്‍ വായിക്കാം). ഇങ്ങനെയെല്ലാമായിരുന്നിട്ടും, ലോകമെങ്ങും വിപ്ലവകരമായ മാറ്റത്തിന് ഹേതുവായ ആധുനികശാസ്ത്രവിപ്ലവത്തിന് ഉദയം കുറിച്ചത് ഇസ്ലാമിക്‌ രാജ്യങ്ങളിലായിരുന്നില്ല മറിച്ച് യൂറോപ്പിലായിരുന്നു. സുവര്‍ണ കാലത്തിനു ശേഷം ഈ രാജ്യങ്ങളില്‍ ശാസ്ത്രം പടിപടിയായി ഇരുട്ടിലേക്ക് നടന്നു കയറുകയായിരുന്നു. അല്ലെങ്കില്‍ ഇരുട്ടിലേക്ക്‌ ആട്ടിയകറ്റുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ? ഇസ്ലാമിക്‌ രാജ്യങ്ങളുടെ മഹത്തായ ശാസ്ത്രപാമ്പര്യത്തെക്കുറിച്ചും അതിന്റെ പില്‍ക്കാല പതനത്തെക്കുറിച്ചും അന്വേഷിക്കുന്ന ചരിത്രകാരന്മാരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. ചോദ്യത്തിന് എല്ലാവര്‍ക്കും തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തിയിട്ടില്ല എന്ന് വേണം വിവിധ ചരിത്രകാരന്മാരുടെ കൃതികളില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇസ്ലാമിക രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ ചരിത്രാന്വേഷകര്‍ പ്രധാനമായും മൂന്നു വിഭാഗക്കാരാണ്.

യൂറോപ്യന്‍ ചരിത്രകാരന്മാര്‍- സ്വന്തം സംസ്കാരമാണ് ലോകത്തെ ഏറ്റവും ശ്രേഷ്ടമായതെന്നു രഹസ്യമായും പരസ്യമായും അഹങ്കരിക്കുന്ന ഇവര്‍, കൈവെച്ച അന്യദേശചരിത്രങ്ങളെയെല്ലാം തങ്ങളുടെ സ്വന്തം സംസ്കാരത്തിന്റെ കാല്‍ച്ചുവട്ടില്‍ കെട്ടിയിട്ടു എന്നത് പരക്കെ അറിയപ്പെടുന്ന സത്യമാണ്. അച്ചടിക്കപ്പെട്ട ചരിത്രപുസ്തകങ്ങളില്‍ എറിയപങ്കിന്റെയും കര്‍ത്താക്കള്‍ ഇവരായിരുന്നു. ജനിച്ചു വീണത്‌ മുതല്‍ ലോകസംസ്കാരങ്ങളെയെല്ലാം ഊട്ടിയും, അപ്പി കോരിയും, കുളിപ്പിച്ചും, ഉറക്കിയും വളര്‍ത്തിയെടുത്തത് ഈ ചരിത്രകാരന്മാരായിരുന്നു. ഇവരുടെ കണ്ണുകളിലൂടെയാണ് നാം ലോകചരിത്രത്തെ കണ്ടത്. തിരിച്ചറിഞ്ഞത്. തെറ്റായും... ശരിയായും... ചരിത്രത്തിന്റെ ഈ ചരിത്രത്തില്‍ മറ്റൊരന്വേഷണത്തിനുള്ള വകയുണ്ട്.

മുസ്ലിം ചരിത്രകാരന്മാര്‍- സ്വന്തം മതമാണ്‌ ലോകത്തിലെ ഏറ്റവും കുറ്റമറ്റ മതം എന്ന് അടിയുറച്ചു വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും സ്വീകരിച്ച രീതികള്‍ ചരിത്രമെഴുത്തിലും നിശിതമായി പിന്തുടരുന്ന ഇവരില്‍ പലരും ഇസ്ലാമിക്‌ ശാസ്ത്രചരിത്രം എഴുതുവാന്‍ തുനിഞ്ഞത് തന്നെ യൂറോപ്യന്മാരുടെ എഴുത്തിനു ശേഷം അതിനെയെല്ലാം ഘണ്ഡിക്കുവാനായിരുന്നു. "അല്ലാഹുവില്‍ നിന്ന് വേര്‍പെട്ടു ഇസ്ലാമിക്‌ ശാസ്ത്രത്തിനു ചരിത്രത്തില്‍ നിലനില്‍പ്പില്ല" എന്നാണ് ഇവരുടെ വിലയിരുത്തല്‍. പില്‍ക്കാലത്ത് ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ ഖബറെഴുത്തായി ഈ വിലയിരുത്തല്‍.

നിഷ്പക്ഷ ചരിത്രകാരന്മാര്‍- മുന്‍പ് പ്രതിപാദിച്ച രണ്ടു കൂട്ടരില്‍ നിന്നും വേറിട്ട്‌ നിഷ്പക്ഷമായ ഒരു സമവായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരില്‍ കൂടുതലും യൂറോപ്യന്‍സ്‌ തന്നെയാണ്. ഇസ്ലാമിക്‌ ശാസ്ത്രചരിത്രത്തെ ഒരുവിധം സത്യസന്ധമായി സമീപിച്ചവര്‍ക്കും ധാരാളം എതിര്‍പ്പുകള്‍ മൌലീകവാദികളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഈ മൂന്നു കൂട്ടരും മുന്നോട്ടു വെച്ചിരിക്കുന്ന നിരവധി വാദപ്രതിവാദങ്ങളുടെ ഏകദേശസമന്വയം വരച്ചിടാന്‍ ശ്രമിക്കാം.

അപചയം
ഇസ്ലാമിക ശാസ്ത്രത്തിന്റെ തുടക്കം മുഖ്യമായും ഗ്രീക്ക് കൃതികളുടെ അറബിയിലേക്കുള്ള വിപുലമായ തര്‍ജ്ജമയിലൂടെയായിരുന്നു. കാലങ്ങളോളം നീണ്ടു നിന്ന ഈ ബൃഹദ് പദ്ധതിക്ക് ഭരണകര്‍ത്താക്കളുടെയും ധനികരായ സ്വകാര്യവ്യക്തികളുടെയും പിന്തുണയുണ്ടായിരുന്നു. എങ്ങും വായനശാലകള്‍ രൂപം കൊണ്ടു. മദ്രസ്സകളില്‍ പോലും നാച്ചുറല്‍ സയന്‍സിനെ സംബന്ധിച്ച പുസ്തകങ്ങളുള്ള വായനശാലകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രധാനമായും ജ്യോതിശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളായിരുന്നു ഇവയെന്നും, നിസ്കാരം, നോമ്പ്, എന്നിങ്ങനെ മതപരമായ ആചാരങ്ങള്‍ക്ക് കൃത്യമായ സമയം കണക്കാക്കുവാനായിരുന്നു ഇതെന്നും വാദങ്ങളുണ്ട്‌. ഇസ്ലാമിന്റെ സമൂഹഘടനയെയോ, ശരിയ പോലുള്ള നിയമങ്ങളെയോ ഈ പുതിയ ജ്ഞാനപദ്ധതി ഒരു തരത്തിലും ബാധിക്കാതെയിരിക്കാന്‍ മതപണ്ഡിതര്‍ ബദ്ധശ്രദ്ധരായിരുന്നു. തത്ഫലമായി സ്വതന്ത്രവും വിമര്‍ശനാത്മകവുമായ ഒരു ചിന്താപദ്ധതിക്ക് രൂപം കൊടുക്കുന്നതില്‍ ഇസ്ലാമിക്‌ ശാസ്ത്രം പരാജയപ്പെട്ടു. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ് എന്ന സിദ്ധാന്തം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു വരുമ്പോള്‍, ഖുറാനിലെ പോലെ പരന്നു കിടക്കണമായിരുന്നു! അങ്ങനെ വിശ്വസിക്കാനും, അതുപോലെ ചിന്തിക്കാനുമാണ് ഇസ്ലാമിക്‌ ശാസ്ത്രം ശീലിപ്പിച്ചത്. പഠിതാക്കളുടെ ബൌദ്ധീകവിധേയത്വം ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിന്ന് തടഞ്ഞു. അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും പല വിഷയങ്ങളിലും ഖുറാന് മീതെ പറക്കാന്‍ കഴിയാത്ത പരുന്തായിരുന്നു ഇസ്ലാമിക്‌ ശാസ്ത്രം. അഥവാ എപ്പോഴെങ്കിലും പറക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ചിറകുകള്‍ നിര്‍ദ്ദയം അരിഞ്ഞു വീഴ്ത്തിയിരുന്നു ഉലേമയുടെ ഫത്വാപടവാളുകള്‍. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പ്രതിമകളെപ്പോലെ ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ട നിരവധി ചെറുപ്പക്കാര്‍ മദ്രസ്സകളില്‍ നിന്നും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സമൂഹത്തിലേക്കു ഇറങ്ങി വന്നു. വിവര്‍ത്തനം ചെയ്തെടുത്ത ശാസ്ത്രത്തിന്റെ നിരവധി കൈയ്യെഴുത്ത് പ്രതികള്‍ക്ക് മഹത്തായ ഒരു ശാസ്ത്രവിപ്ലവം ആവശ്യപ്പെടുന്ന തരത്തിലുള്ള ധിഷണയുടെ നേരിയ സ്പാര്‍ക്ക് പോലും സൃഷ്ടിക്കാന്‍ കഴിയാതെ പോയെന്ന് അനുമാനിക്കേണ്ടി വരുന്നു.

ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!. പ്രത്യക്ഷത്തില്‍ വളരെ വൈരുധ്യം തോന്നിക്കുന്ന ആശയമാണിത്. ചിന്തിക്കുവാനും, ഭൌതീക ലോകത്തെ നിരീക്ഷിക്കുവാനും, യുക്തിയുപയോഗിച്ചു പ്രകൃതിയെ പഠിക്കുവാനും വായനക്കാരോട് ആവശ്യപ്പെടുന്ന നിരവധി വാക്യങ്ങള്‍ ഖുറാനില്‍ ഉണ്ടെന്നു ഇസ്ലാം പണ്ഡിതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ പ്രവര്‍ത്തിയില്‍ ഇതിന്റെ ലാഞ്ചന പോലും കാണാനില്ല. സുവര്‍ണ കാലഘട്ടത്തിലുടനീളമുണ്ടായിരുന്ന ലിബറല്‍-ഫണ്ടമെന്റലിസ്റ്റ് ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പലപ്പോഴും രക്തരൂക്ഷിതമായ കലാപങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒടുവില്‍ ഫണ്ടമെന്റലിസ്റ്റിക് ആശയങ്ങള്‍ മേല്‍ക്കൈ നേടുകയും, പിന്നീടു വന്ന ഇസ്ലാമിക പഠനങ്ങളിലും, വ്യാഖ്യാനങ്ങളിലും, പ്രയോഗരീതികളിലും ശാസ്ത്രനിരാസം കടന്നു കൂടുകയും, ശാസ്ത്രം അനിസ്ലാമികമാണെന്നു വരെ അധികാര മോഹികളായ "പണ്ഡിതവര്‍ഗം" പറഞ്ഞു പരത്തുകയും ചെയ്തു. ഫലമോ, അടിസ്ഥാനവിദ്യാഭ്യാസത്തില്‍ നിന്നു ശരിയായ ശാസ്ത്രബോധവും, വിമര്‍ശനാത്മക ചിന്താപദ്ധതികളും ഒഴിവാക്കപ്പെട്ടു.

ലോകം കീഴടക്കി സാമ്രാജ്യം വളര്‍ത്തുവാനും അത് നിലനിര്‍ത്തി പരിപാലിക്കുവാനുമള്ള ശ്രമങ്ങള്‍ക്കിടയില്‍, സൈന്യേതര സാങ്കേതികവിദ്യകളെയും, അടിസ്ഥാനശാസ്ത്രത്തെയും പാടെ അവഗണിച്ചു. നിരന്തരമായ യുദ്ധങ്ങള്‍ സാമ്പത്തികമായി തളര്‍ച്ചയുണ്ടാക്കി. ഒടുവില്‍ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ അനിവാര്യമായ പതനം. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ പതനം ഇതില്‍ സുപ്രധാനമാണു. തുടര്‍ന്ന് വന്ന നാട്ടു പ്രവിശ്യകളുടെ അധികാരവടം വലിയ്ക്കിടയില്‍ ശാസ്ത്രം തമസ്കരിക്കപ്പെട്ടു. സ്പാനിഷ്‌ ആക്രമണത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും തകര്‍ക്കപ്പെട്ടു. പില്‍ക്കാലത്ത്‌ മുസ്ലിം ചരിത്രകാരന്മാര്‍ തങ്ങളുടെ സമൂഹത്തിന്റെ പൊതുവേയുള്ള പിന്നോക്കാവസ്ഥയ്ക്ക് ഏറ്റവും ആദ്യം വിരല്‍ ചൂണ്ടാന്‍ പാകത്തിന് മുറിവുകള്‍ ശേഷിപ്പിച്ച യൂറോപ്യന്‍ കുരിശുയുദ്ധവും, കൊളോണിയലിസത്തിന്റെ കടന്നു വരവും. ശാസ്ത്രനിരാസത്തിനു പുറമേ ഫേറ്റലിസത്തില്‍ (എല്ലാം മുന്‍‌കൂട്ടി എഴുതപ്പെട്ടതാണെന്നുള്ള സിദ്ധാന്തം) വേരൂന്നിയ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി. താത്വികമായും പ്രായോഗികമായും ഖുറാന് നിശ്ചയിച്ച പരിധിക്ക് പുറത്തു കടന്നു സമൂഹമനസ്സില്‍ ആഴത്തില്‍ വേരോടിയ വിശാലമായ ഒരു ചിന്താപദ്ധതിയായി മാറാന്‍ അനുവദിക്കാതെ, ശാസ്ത്രത്തെ വെറും ദുര്‍ബലമായ ഉപരിതലസാന്നിധ്യം മാത്രമായി ഒതുക്കി നിര്‍ത്തിയത് കൊണ്ടു അക്രമികളുടെ ജോലി എളുപ്പമായി എന്ന് വേണം കരുതാന്‍.

പത്താം നൂറ്റാണ്ടു തുടങ്ങി പതിനാലാം നൂറ്റാണ്ടു വരെ വിവിധ ഘട്ടങ്ങളിലായി അറബിയില്‍ നിന്നും ലാറ്റിനിലേക്ക് ശാസ്ത്രം വീണ്ടും വിവര്‍ത്തനത്തിനു വിധേയമായി. ഇത്തവണ യൂറോപ്യന്മാരായിരുന്നു പ്രയോക്താക്കള്‍. ഇതിന്റെ ഫലമായാണ് ആധുനിക ശാസ്ത്രം യൂറോപ്പില്‍ ഉദയം കൊണ്ടതെന്ന് മുസ്ലിം ചരിത്രകാരന്മാര്‍ വാദിക്കുമ്പോള്‍, ഈ വിവര്‍ത്തനങ്ങള്‍ക്ക് ആധുനിക ശാസ്ത്രവിപ്ലവവുമായി യാതൊരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ തറപ്പിച്ചു പറയുന്നു. കേന്ദ്ര സ്രോതസ്സായ ഗ്രീക്കില്‍ നിന്നും കാര്യമായ വ്യതിയാനങ്ങള്‍ വരുത്തിയാണ് (ഇസ്ലാമൈസേഷന്‍) അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നതെന്നും, അത് കൊണ്ടു തന്നെ പല വിഷയങ്ങളിലും ഗ്രീക്ക് സ്രോതസ്സിലേക്ക്‌ തിരിച്ചു പോകേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും പോയതിനു ശേഷം രണ്ടു നൂറ്റാണ്ടിലേറെ കാലംകൊണ്ടു യൂറോപ്പിലെ മണ്ണില്‍ വികാസം പ്രാപിച്ച ശാസ്ത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍‍, ഈജിപ്തിലെ മുസ്ലിങ്ങളുടെ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഫ്രഞ്ച് ജനറല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ രൂപത്തില്‍. നെപ്പോളിയന്റെ വിപുലമായ സൈന്യത്തില്‍ മികച്ച പരിശീലനം ലഭിച്ച യോദ്ധാക്കളെ കൂടാതെ, നിരവധി ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ദ്ധന്മാരും ഉള്‍പ്പെട്ടിരുന്നു. യൂറോപ്പില്‍ പോയി മടങ്ങി വന്ന ശാസ്ത്രത്തിനു ആയുധത്തിന്റെയും, അധികാരത്തിന്റെയും, യുദ്ധത്തിന്റെയും, മരണത്തിന്റെയും മുഖമുണ്ടെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രത്തിന്റെ ഈ മുഖം മാത്രം ഓമനിക്കുവാനും താലോലിക്കുവാനുമാണ് മുസ്ലിം ഭരണാധികാരികള്‍ തങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ മിനക്കെടുത്തിയത്. അതിന്റെ പ്രതിഫലനങ്ങള്‍ ഇന്നും തെളിഞ്ഞു കാണുന്നുണ്ട്. നെപ്പോളിയന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന് അധികാരത്തിലേക്കുയര്‍ന്ന മുഹമ്മദലി ശാസ്ത്രത്തെ സമൂഹത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചു. വന്‍ തുകകള്‍ പ്രതിഫലമായി നല്‍കി വിദേശികളെ വരുത്തി സ്കൂളുകളില്‍ ശാസ്ത്രം പഠിപ്പിച്ചു. മിലിട്ടറി, നാവിക സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കി. പക്ഷെ ഇതൊന്നും ശാസ്ത്രം ഉണ്ടാക്കിയില്ല. അടിസ്ഥാനവിദ്യാഭ്യാസത്തിലുള്ള അപാകതകള്‍ തന്നെ ആയിരുന്നു കാരണം. ഇതിനു സമാന്തരമായി ടര്‍ക്കിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. മുഹമ്മദ്‌ പാഷയുടെയും, പിന്നീട് മുസ്തഫാ കമല്‍ പാഷയുടെയും നേതൃത്വത്തില്‍ ടര്‍ക്കി യൂറോപ്യന്‍ നാഗരികതയെയും ശാസ്ത്രത്തെയും സര്‍വാത്മനാ ആശ്ലേഷിക്കുകയായിരുന്നു. 1924 മാര്‍ച്ച് 3-നു മുസ്തഫാ കമല്‍ പാഷ ഖലീഫത്വം അവസാനിപ്പിക്കുകയും, ഒട്ടോമാന്‍ സുല്‍ത്താനേറ്റിലെ അംഗങ്ങളെ ടര്‍ക്കിയില്‍ നിന്നും ഓടിക്കുകയും, ടര്‍ക്കിയെ ഒരു സെക്കുലര്‍ റിപ്പബ്ലിക്‌ ആക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായിരുന്ന സകല മുസ്ലിം മതസ്ഥാപനങ്ങളും (ഓഫിസ്‌ ഓഫ് ദി ഷെയ്ഖ്‌-അല്‍-ഇസ്ലാം, മിനിസ്ട്രി ഓഫ് റിലിജിയസ് ലോ, മതപാഠശാലകള്‍ , കോളേജുകള്‍, ഇസ്ലാമിക്‌ കോടതികള്‍‍) ഇല്ലായ്മ ചെയ്തു. സ്വാഭാവികമായും ഇസ്ലാം സായുധ കലാപകാരികളിലൂടെയും, അല്ലാതെയുമൊക്കെ പ്രതികരിച്ചു. മുസ്തഫയുടെ പട്ടാളം എല്ലാത്തിനെയും നിര്‍ദ്ദയം നേരിടുകയും ചെയ്തു. പില്‍ക്കാലത്ത്‌ ടര്‍ക്കിയുടെ ശാസ്ത്രഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ സംഭവങ്ങള്‍ക്ക് കഴിഞ്ഞു എന്ന് നമുക്ക് കാണുവാന്‍ കഴിയും.

പത്തൊന്‍പതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയില്‍ ഇസ്ലാമിക്‌ രാജ്യങ്ങള്‍ ഏറിയപങ്കും ബ്രിട്ടീഷ്‌, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഡച്ച് എന്നിങ്ങനെ കോളനിവീരന്മാരാല്‍ പകുത്തെടുക്കപ്പെട്ടു. ഇത്തവണ ശാസ്ത്രം കുറച്ചു കൂടി മുഖം മിനുക്കിയാണ്‌ ഇസ്ലാമിനെ വശീകരിക്കാനെത്തിയത്. പക്ഷെ പടിഞ്ഞാറന്‍ ശാസ്ത്രത്തേക്കാളുപരി, അതില്‍നിന്നുയിര്‍ത്ത സാങ്കേതികവിദ്യകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിപ്ലവോപദ്രവം തോന്നിക്കാത്ത, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കാത്ത സെക്കുലര്‍ എന്റിറ്റികളോടായിരുന്നു ഇസ്ലാമിന് പ്രതിപത്തി. മാത്രമല്ല ഇക്കാലയളവിലുടനീളം ഇസ്ലാമിനെക്കുറിച്ചും, പ്രവാചകനെക്കുറിച്ചും പടിഞ്ഞാറന്‍ ലോകത്ത് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ എഴുതിപ്പടര്‍ത്തിയ കഥകള്‍ ഇസ്ലാമിന്റെ കടുത്ത വെറുപ്പിനു ഹേതുവായി. സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ ഈ ഉരസലുകള്‍ സ്വാഭാവികമായും ശാസ്ത്രത്തിലേക്കും വ്യാപിക്കുകയും, "പടിഞ്ഞാറന്‍ ശാസ്ത്രം" എന്ന് പേരിട്ടു വെറുക്കപ്പെടേണ്ടതിന്റെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്തു. മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ട യൂറോപ്യന്‍ ചെടിയായിരുന്നു ഈ പുതിയ ശാസ്ത്രമെന്നു ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു . പച്ച വെച്ച് വളരുവാനും, പൂവിടാനുമൊന്നും പറ്റിയ സാഹചര്യം അവിടെയില്ലായിരുന്നു. അങ്ങിനെ അത് സ്വാഭാവികമരണം കാത്തു കിടന്നപ്പോള്‍ നിരവധി മുസ്ലിം വിദ്യാര്‍ഥികള്‍ യൂറോപ്പിന്റെ ഈ പുതിയ പച്ചപ്പിലേക്ക് ചേക്കേറിപ്പോയി. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഇവരില്‍ പലരും പില്‍ക്കാലത്ത്‌ തങ്ങളുടെ രാജ്യങ്ങളില്‍ ദേശീയതയുടെ തീപ്പൊരി പടര്‍ത്തുകയും, സ്വാതന്ത്ര്യസമരത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഒടുവില്‍, ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ കോളനിക്കാര്‍ കളമൊഴിഞ്ഞപ്പോള്‍, ലോകഭൂപടത്തില്‍ പെട്ടെന്ന് കുറെ സ്വതന്ത്രരാജ്യങ്ങളുടെ അതിരുകള്‍ തെളിഞ്ഞു വന്നു. അതില്‍ ചില അതിരുകളുടെ വടുക്കളില്‍ നിന്നും ഇന്നും ചലം വാര്‍ക്കുന്നതു നാം കാണുന്നു.

മഷിനോട്ടത്തില്‍ തെളിയുന്ന ശാസ്ത്രം
സുവര്‍ണ കാലഘട്ടത്തിനു ശേഷം ദീര്‍ഘകാലത്തെ അബോധാവസ്ഥയില്‍ നിന്നും പോസ്റ്റ്‌-കൊളോണിയല്‍ കാലത്തിലേക്ക് ഞെട്ടിയുണര്‍ന്ന ഇസ്ലാമികശാസ്ത്രത്തില്‍ മുഖ്യമായും രണ്ടു പ്രവണതകള്‍ ഉരുത്തിരിഞ്ഞു വന്നു. മതമൗലീകവാദികളുടെ "എല്ലാ അറിവുകളും ഖുറാനിലെ താളുകളിലുണ്ട്" എന്നതായിരുന്നു ഒന്നാമത്തെ ആശയം. പല കാലങ്ങളിലായി മൌലീകവാദികള്‍ക്കിടയില്‍ അന്തര്‍ലീനമായിരുന്ന ഈ ആശയത്തിന്‌ പുത്തന്‍ ഉണര്‍വ്വ് നല്‍കിയത് മറ്റൊരു ഫ്രെഞ്ചുകാരനായിരുന്നു. സൗദി രാജാവ് ഫൈസലിന്റെ (1904-1975) കൊട്ടാരം വൈദ്യനായിരുന്ന ഫ്രഞ്ച് ഫിസിഷ്യന്‍ Maurice Bucaille ആയിരുന്നു ഖുറാന്റെ "ശാസ്ത്രീയശരിത്വം" കണ്ടെത്തി മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്തമാക്കിയത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട്‌, നിരവധി ഭാഷകളിലേക്ക് മൊഴിമാറുകയും, കോടിക്കണക്കിനു ജനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തിലെ "ശാസ്ത്രം കണ്ടുപിടിച്ച്" പുസ്തകമാക്കാന്‍‍ ഇരുപതാംനൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് വൈദ്യന്‍ വേണ്ടിവന്നു എന്നതിലെ വിരോധാഭാസം ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ ശ്രദ്ധിച്ചതേയില്ല. മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥത്തെ പടിഞ്ഞാറന്‍ ശാസ്ത്രത്തിന്റെ കാല്‍ചുവട്ടില്‍ കൊണ്ടു കെട്ടിയിടുക വഴി ബുദ്ധിമാനായ ഈ ഫ്രഞ്ച് വൈദ്യന്‍ മുസ്ലിങ്ങള്‍ക്ക്‌ ഒന്നാന്തരം "പണി" കൊടുക്കുകയായിരുന്നു എന്നാണു എനിക്ക് തോന്നുന്നത് (പ്രത്യേകിച്ചും, ബൈബിളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഈ നോട്ടത്തിലെ യൂറോപ്പ്യന്‍ കൌശലം പില്‍ക്കാലത്ത്‌ ഇതിനെച്ചൊല്ലി പരിഹസിക്കപ്പെടുന്ന ഇസ്ലാമിനെയോര്‍ത്തു ആര്‍ത്തു ചിരിച്ചിരിക്കണം). സുവര്‍ണകാലം സമ്മാനിച്ച മിടുക്കന്മാരായ ശാസ്ത്രകാരന്മാരെ ഉപേക്ഷിച്ചു ഇസ്ലാം വെള്ളക്കാരന്റെ ഭ്രമകല്‍പ്പനയ്ക്ക് പിന്നാലെ വിനീതവിധേയരെപ്പോലെ പാഞ്ഞു. ഉപകാരസ്മരണയായി രാജാവ് കൊടുത്ത ഭീമമായ പ്രതിഫലത്തിനു പുറമേ ചൂടപ്പം പോലെ വിറ്റുപോയ പുസ്തകത്തിന്റെ തുകയും കൂട്ടി വൈദ്യന്‍ തന്റെ കീശയും വീര്‍പ്പിച്ചു (വൈദ്യന് ധനലാഭം, ഇസ്ലാമിന് മാനഹാനി!). ഇസ്ലാമിക് രാജ്യങ്ങളില്‍ ശരിയായ ശാസ്ത്രത്തില്‍ നിന്നും വീണ്ടും ശ്രദ്ധതിരിച്ചുവിട്ട ഈ കെണിയില്‍ എളുപ്പത്തില്‍ വീഴാന്‍ പാകത്തിന് ബൌദ്ധികവും മാനസികവുമായ പാപ്പരത്വം സൃഷ്ടിച്ചതില്‍ ദീര്‍ഘകാലത്തെ ശാസ്ത്രനിരാസത്തിലൂന്നിയ തദ്ദേശഭരണകൂടങ്ങള്‍ക്കും പിന്നീട് വന്ന കൊളോണിയല്‍ ഭരണത്തിനും ഏതാണ്ട് തുല്യപങ്കുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. വെള്ളക്കാരന്‍ വൈദ്യന്‍ മുഖേന ലഭിച്ച "പടിഞ്ഞാറന്‍ വിശ്വാസ്യത" തങ്ങളുടെ ഗ്രന്ഥത്തിന്റെ അപ്രമാദിത്വം ശാസ്ത്രീയമായി തെളിയിച്ചതിന്റെ ഗരിമയിലാണ് ഇന്ന് വിദ്യാസമ്പന്നരായ മുസ്ലിങ്ങള്‍ പോലും കഴിയുന്നത്‌.

1984-ല്‍ വേള്‍ഡ് മുസ്ലിംലീഗ് സൗദി അറേബ്യയില്‍ "ഖുറാനിലെയും സുന്നത്തിലെയും ശാസ്ത്രീയ അല്‍ഭുതങ്ങള്‍" തിരയുന്നതിനായി ഒരു കമ്മിഷന് രൂപം കൊടുത്തു. അമേരിക്കന്‍ സാങ്കേതികവിദ്യകൊണ്ടു കുഴിച്ചെടുത്ത എണ്ണവിറ്റു കിട്ടിയ പുത്തന്‍പണം നിര്‍ലോഭം ചിലവഴിച്ചു ഖുറാനില്‍ ശാസ്ത്രത്തെ കണ്ടെത്തുന്നതിലേക്കായി സ്ഥാപനങ്ങളും, ധാരാളം പുസ്തകങ്ങളും, ലേഖനങ്ങളും, ജേണലുകളും, വെബ്‌സൈറ്റുകളും സൃഷ്ടിച്ചു. അധികം വൈകാതെ അവര്‍ ആഗ്രഹിച്ചതുപോലെ മഹാല്‍ഭുതം തന്നെ സംഭവിച്ചു. ക്വാണ്ടം മെക്കാനിക്സ്, ബിഗ്‌ ബാങ്ങ് തിയറി, എംബ്രിയോളജി, ജിയോളജി എന്ന് വേണ്ട, മിക്ക ആധുനിക ശാസ്ത്രശാഖകളുടെയും വേരുകള്‍ ഖുറാനില്‍നിന്നും ചുരണ്ടിയും മാന്തിയും പുറത്തെടുത്ത് കഴിഞ്ഞു. ഇതു കൂടാതെ ആധുനിക ശാസ്ത്രത്തിനു അറിവില്ലാത്തതും, എന്നാല്‍ ഖുറാനില്‍ പ്രതിപാദിച്ചിട്ടുള്ളതുമായ ചിലതൊക്കെ തെളിയിക്കുന്നതിനായി പല പരീക്ഷണങ്ങളും "ഖുറാന്‍ സയന്റിസ്റ്റുകള്‍" രൂപകല്പ്പന ചെയ്യുകയുണ്ടായി. ഉദാഹരണത്തിനു, 1980-ല്‍ പാകിസ്ഥാന്‍ അറ്റോമിക് ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ ഡയറക്ടര്‍ ആയിരുന്ന ബഷിറുദിന്‍ മഹ്മൂദ്‌, "ജിന്നു"കളുടെ ഊര്‍ജ്ജം (മീതേന്‍ ഗ്യാസ്‌ കൊണ്ടായിരുന്നത്രേ ജിന്നുകളുടെ നിര്‍മ്മിതി!) ഊറ്റിയെടുക്കാമെന്നു പറഞ്ഞു മുന്നോട്ടു വെച്ച പദ്ധതികള്‍ക്ക് ശക്തമായ പിന്‍‌തുണ കിട്ടിയിരുന്നു. പടിഞ്ഞാറന്‍ ശാസ്ത്രത്തില്‍ നിന്ന് വേറിട്ട്‌ ഒരു പുതിയ ശാസ്ത്രമേഖല (ഇസ്ലാമിക്/ഖുറാനിക് ശാസ്ത്രം) തുറക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഇതിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ പണം മുടക്കി നിരവധി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്-കള്‍ വിവിധ രാജ്യങ്ങളിലായി സംഘടിപ്പിച്ചു. ചില പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാരെ രാജാക്കന്മാരും ഭരണകൂടവും നേരിട്ട് ഇടപെട്ട് അവരുടെ അതിഥികളായി ക്ഷണിച്ചു വരുത്തി തങ്ങളുടെ കുല്സിതശ്രമങ്ങള്‍ക്ക് വിശ്വാസ്യത സൃഷ്ടിക്കുവാന്‍ ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. ഈ കോണ്‍ഫറന്‍സില്‍ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പലതും ശാസ്ത്രാവബോധമുള്ള സാമാന്യ ജനതയില്‍ ലജ്ജയുളവാക്കും വിധം അബദ്ധജഡിലങ്ങളായിരുന്നു എന്ന് പാകിസ്ഥാനിലെ ക്വയിദ്‌-ഇ-ആസാം യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും, എം.ഐ.ടിയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ പ്രോഫസ്സര്‍ പെര്‍വേസ് ഹൂദ്‌ഭോയി തന്റെ "ഇസ്ലാം ആന്‍ഡ്‌ സയന്‍സ്" എന്ന പുസ്തകത്തില്‍ പറയുന്നു.

വാസ്തവത്തില്‍ ഖുറാന്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി അതില്‍ ഉദ്ഘോഷിക്കും പ്രകാരം "പ്രകൃതിയ പഠിക്കുവാന്‍" തുനിഞ്ഞിറങ്ങിയ മിതവാദികളായ ദാര്‍ശനികരുടെ പ്രവര്‍ത്തികളെ തമസ്കരിക്കുന്നതിനു പിന്നില്‍ ചരിത്രപരമായ അബദ്ധത്തിലുപരി വ്യക്തമായ ഫാസിസ്റ്റ്‌ അജന്‍ഡ തന്നെയുണ്ട്‍. ഖുറാന്‍ മാത്രം പഠിക്കൂ, അതിലില്ലാത്തതായി ഒന്നുമില്ല, അതിലുള്ളത് മാത്രമാണ് സത്യം എന്നൊക്കെ ജനതയുടെ തലച്ചോറിലേക്ക് നിരന്തരം വിഷം കയറ്റിവിടുന്ന അധികാരഭ്രാന്തന്മാരായ "പണ്ഡിതവര്‍ഗത്തെ" മുസ്ലിംസമൂഹംഇനിയെങ്കിലും തിരിച്ചറിയുകയും, അത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് മുന്‍പെന്നത്തേക്കാളും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

മിസ്റ്റിക്കല്‍ ഫണ്ടമെന്റലിസം
രണ്ടാമത്തെ പ്രവണതയെ മിസ്റ്റിക്കല്‍ ഫണ്ടമെന്റലിസം എന്ന് വിശേഷിപ്പിക്കാം. ഈ വീക്ഷണത്തില്‍, ഇസ്ലാമിക്‌ ശാസ്ത്രം ഭൗതീകലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കുന്ന ഉദ്യമമെന്നതിനേക്കാള്‍ പരമമായതെന്തോ അതിനെ അന്വേഷിക്കുന്ന യോഗാത്മകദര്‍ശനമാകുന്നു. ഇസ്ലാമിക ശാസ്ത്രം അങ്ങനെ "പരിപാവന" ശാസ്ത്രമാകുന്നു. ഇവിടെയും ന്യൂനപക്ഷം വരുന്ന ഒരു പണ്ഡിതക്കൂട്ടം ഭൂരിപക്ഷത്തിനു അഭികാമ്യം എന്ന രീതിയില്‍ തങ്ങളുടെ ഇഷ്ടാനുസരണം നിര്‍വ്വചനങ്ങള്‍ ചമയ്ക്കുകയും, അത് ജനങ്ങളില്‍ അടിച്ചേല്പ്പിക്കുകയും ചെയ്യുന്നു.

രോഗി രോഗത്തെ അറിയുന്നു
ഈ രണ്ടു പ്രവണതകളില്‍ നിന്നും മനസ്സിലാക്കേണ്ടത് മുസ്ലിംബോധമണ്ഡലത്തില്‍ നിന്നും ശരിയായ ശാസ്ത്രം ഏതാണ്ട് പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നാണു. ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കും രോഗങ്ങള്‍ക്കും ചികിത്സ എളുപ്പമല്ല. എങ്കിലും രോഗത്തെ തിരിച്ചറിയുക എന്നത് , നിലവിലുള്ള തലമുറയുടെ ആരോഗ്യപരിപാലനത്തിനും, ഭാവിതലമുറയെ വാക്സിനേറ്റു ചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ആധുനികശാസ്ത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള അവരുടേതുള്‍പ്പെടെയുള്ള നിരവധി പഠനങ്ങള്‍ രോഗമുണ്ടെന്നുള്ള തിരിച്ചറിവിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. (തുടരും)

[കുറിപ്പ്: ഈ ലേഖനത്തിലുടനീളം "ഇസ്ലാമിക്‌ സയന്‍സ്" എന്ന് പ്രയോഗിച്ചിരിക്കുന്നത് ഓ.ഐ.സി. രാജ്യങ്ങളിലെ ശാസ്ത്രത്തെ മൊത്തത്തില്‍ സൂചിപ്പിക്കുവാനാണ്. അല്ലാതെ ഇസ്ലാമിക്‌ സയന്‍സ്, ക്രിസ്ത്യന്‍ സയന്‍സ്, ഹിന്ദു സയന്‍സ് എന്നിങ്ങനെ സയന്‍സിനെ മതപരമായി വേര്‍തിരിച്ചു കാണാനല്ല.]

ചിത്രം ഒന്ന്- ഇസ്ലാമിക് കാലഘട്ടത്തിലെ ശാസ്ത്രം: ടൈം ലൈന്‍
(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതാക്കി കാണാം)



References:

Science and Technology in World History, An introduction, James E.McLellan III and Harold Dorn

The Rise of early Modern Science: Islam, China and the West, Toby E. Huff

Science and Islam, Muzaffar Iqbal

Arab Human Development Reports 2002-2009

Science in the Arab World, Nature Vol 441, June 2006 p1027

Science in Muslim Countries, Editorial by Ismail Serageldin, Science, Vol 821, August 2008

Islam and Science: Religious Orthodoxy and Battle for Rationality, Pervez Amirali Hoodhbhoy

Arab science in the golden age (750–1258 C.E.) and today, Falagas et al, The FASEB Journal, Vol 20, p1581, August 2006

Encyclopedia of Islam, Juan E Campo

Research and Scientific Development in OIC countries.OIC Outlook 21 January 2009,

Google Search Engine (Key words: Islam and Science, History of Science, Historians, and various other related key words)

26 comments:

Unknown said...

ശാസ്ത്രപുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന "ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്ലാമിക്‌ കോണ്‍ഫറന്‍സ്-ല്‍ (ഓ.ഐ.സി) ഉള്‍പ്പെട്ട 57 രാജ്യങ്ങളെ കുറിച്ചുള്ള ചില പഠനങ്ങളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണു ഈ കുറിപ്പിനു പിന്നില്‍. എഴുതി വന്നപ്പോള്‍ വിപുലമായിപ്പോയതിനാല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗം ചരിത്രാന്വേഷണം.

കെ said...

രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.........

ചാണക്യന്‍ said...

ലേഖനം പ്രൌഢ ഗംഭീരം.....
അഭിനന്ദനങ്ങൾ.....

രണ്ടാം ഭാഗം പോരട്ടെ....


plz remove word verification

യാരിദ്‌|~|Yarid said...
This comment has been removed by the author.
A Cunning Linguist said...
This comment has been removed by the author.
absolute_void(); said...

tracking

Roby said...

A good read indeed, waiting for the next part.

Tracking...

കിരണ്‍ തോമസ് തോമ്പില്‍ said...

കൊള്ളാം രണ്ടാം ഭാഗം വരട്ടേ

Calvin H said...

വളരെ വളരെ നന്നായി...

Calvin H said...

ട്രാക്ക്

Ashly said...

കാത്തിരിക്കുന്നു..രണ്ടാം ഭാഗത്തിനു വേണ്ടി

പള്ളിക്കുളം.. said...

awaiting the second part.

Baiju Elikkattoor said...

Tracking...

Raveesh said...

നല്ല ലേഖനം.

തുടരട്ടേ..

ഗുപ്തന്‍ said...

മൌനത്തിനു ശേഷം തകര്‍ക്കുവാണല്ലോ. രണ്ടാം ഭാഗത്തിനു കാക്കുന്നു.

ലത said...

നല്ല ലേഖനം, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

ആമുഖഭാഗത്തിലെ ഒരു പരാമര്‍ശത്തെക്കുറിച്ചൊരു വാക്ക്. പാശ്ചാത്യ (കൃസ്തീയ എന്നുതന്നെ വായിക്കാമായിരിക്കാം) മുന്‍‌ഗണനകള്‍ ആധാരമാക്കി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്ഡക്സിനെ മുന്‍‌നിര്‍ത്തി മറ്റു സംസ്കാരങ്ങളുടെ ജീവിതപുരോഗതി അളക്കുന്നതില്‍ കപടതയുടെ ഒരു ചെറിയ കണിക ഒളിച്ചുകിടക്കുന്നുണ്ടോ? ഉദാഹരണത്തിന് ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലും ഉയര്‍ന്ന സാക്ഷരതാനിരക്കിനേക്കാള്‍ പ്രാമുഖ്യം കുറഞ്ഞ വിവാഹമോചനനിരക്കിനു ലഭിക്കുന്നില്ലേ? അങ്ങനെ ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇന്‍ഡ്യയാവില്ലേ അമേരിക്കയേക്കാള്‍ പലചുവട് മുന്നില്‍?

Melethil said...

Brilliant, waiting for the next part...

ശ്രീവല്ലഭന്‍. said...

Tracking

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹ..............
57 ഇസ്ലാമിക രാജ്യങ്ങളുടെ ജാതകം
നൂറുകോടിയില്‍ അധികം മനുഷ്യരുടെ അടിമജീവിതം...
അതിന്റെ ചരിത്രവും പുരാണവും,വിശ്വാസങ്ങളും,
ദുരഭിമാനങ്ങളുമടക്കം അനോട്ടമി പഠനത്തിനു
വിധേയമാക്കുന്ന ഈ പോസ്റ്റ് നന്മ നിറഞ്ഞ മുസ്ലീം
സഹോദരങ്ങള്‍ക്കും,വര്‍ഗ്ഗീയതയാല്‍ കണ്ണു കാണാതെ നട്ടം തിരിയുന്ന ഇതര മതസ്തര്‍ക്കും,ഗതിയറിയാതെ ഉഴലുന്ന ചിത്രകാരനെപ്പോലുല്ല ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ്ഗദീപമാകട്ടെ എന്ന് ആശംസിക്കുന്നു.
രണ്ടാം ഭാഗം വൈകിയാലും വേണ്ടില്ല,
ഇതുപോലെ സമഗ്രവും,
ആധികാരികവുമാകട്ടെ.
സസ്നേഹം.

അനില്‍@ബ്ലോഗ് // anil said...

ശ്ലാഘനീയമായ സമീപനം.
ഈ കുറിപ്പിന് നന്ദി.

അങ്കിള്‍. said...

tracking

നന്ദന said...

അറിവുകള്‍ തേടിയുള്ള ഈ യത്രയില്‍ .....നല്ല അറിവുകള്‍ ലഭിക്കുമ്പോള്‍ .. എങ്ങനെ നന്‍മകള്‍ നേരാതിരിക്കും ..അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു... ചിത്രകാരന്‍ വഴി ഇവിടെയും എത്തിയിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

ea jabbar said...

ഏറെക്കുറെ യോജിക്കുന്നു...!

ബയാന്‍ said...

“ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!.“

ഖുറാന്‍ ദൈവീകമാണ്, ഇസ്ലാം സമ്പൂര്‍ണ്ണ-ദൈവീക മതമാണ്, സാര്‍വ്വലൌകിക മോക്ഷം ഇസ്ലാമിലാണ് എന്ന ഈ മതത്തിന്റെ ശാഠ്യമാണ് ഈ പറയുന്ന “ഈഎന്തോഒന്ന്.“


അതിന് ലേഖനത്തില്‍ നിന്നു തന്നെ ചില ഉദാഹരണങ്ങളിതാ :

ഖുറാന്‍ മാത്രം പഠിക്കൂ, അതിലില്ലാത്തതായി ഒന്നുമില്ല, അതിലുള്ളത് മാത്രമാണ് സത്യം

"അല്ലാഹുവില്‍ നിന്ന് വേര്‍പെട്ടു ഇസ്ലാമിക്‌ ശാസ്ത്രത്തിനു ചരിത്രത്തില്‍ നിലനില്‍പ്പില്ല"

ഭൂമി ഉരുണ്ടതാണ് എന്ന സിദ്ധാന്തം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു വരുമ്പോള്‍, ഖുറാനിലെ പോലെ പരന്നു കിടക്കണമായിരുന്നു!

‌‌‌‌‌‌‌‌‌‌||||||||||||||||||||||

മനുഷ്യോപത്തിയോളം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഇസ്ലാം മതത്തിന്റെ ലാസ്റ്റ് ആന്റ് ഫൈനല്‍ വേറ്ഷന്‍ അവതരിച്ചിട്ട് 1430 വര്‍ഷമായി, സമ്പൂര്‍ണ്ണ ദൈവീക മതം ഇന്നും മനുഷ്യഹൃദയങ്ങള്‍ക്ക് അപ്രാപ്യമാവുന്നുണ്ടെങ്കില്‍ ദൈവത്തിന് എവിടേയോ തെറ്റ്പറ്റിയിട്ടുണ്ട് ? പാവം മനുഷ്യര്‍, ദൈവത്തിന്റെ തെറ്റിനു എത്രപേര് നരകത്തില്‍ കിടക്കേണ്ടിവരും ആവോ ? ദൈവമേ.. നീ സാക്ഷി. :)

Unknown said...

ആദ്യ ഭാഗം വായിച്ചവര്‍ക്കും, അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി.


രണ്ടാം ഭാഗം ഇവിടെ വായിക്കാം

വേഡ് വെരി എടുത്തു കളഞ്ഞു.

CKLatheef said...

ആ എന്തോ ഒന്ന് ഏതാണെന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ. അത് ഖുര്‍ആനാണെന്ന് യുക്തിവാദികള്‍ക്ക് അഭിപ്രായമുണ്ടാകും. എങ്കില്‍ ആ ഭാഗങ്ങള്‍ ഏതൊക്കെ. ഖുര്‍ആനില്‍ എല്ലാമുണ്ടെന്ന് ഇത് വരെ കണ്ടുപിടിച്ചതും ഇനികണ്ടുപിടിക്കാനിരിക്കുന്നതുമായ ശാസ്ത്രത്തെക്കുറിച്ചല്ല എന്ന് ഏത് കുട്ടിക്കുമറിയാവുന്ന യാഥാര്‍ഥ്യമാണ്. ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും അതിലുള്ളതിനെക്കുറിച്ചും ചിന്തിച്ച് കണ്ടെത്താനാണ് ഖുര്‍ആന്‍ നിരന്തരം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാവശ്യമായ ഭൗതികസാഹചര്യങ്ങളും ബുദ്ധിയും ദൈവം മനുഷ്യന് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അവയെക്കുറിച്ച് എത്ര സൂക്ഷമായ പഠനം നടത്തിയാലും അത് ദൈവത്തെ നിഷേധിക്കാനാവശ്യമായ തെളിവ് നല്‍കും എന്ന് മുസ്‌ലിംകളില്‍ ഒരാള്‍ പോലും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ സുവര്‍ണകാലഘട്ടത്തില്‍ ശാസ്ത്രത്തില്‍ മുന്നില്‍ നിന്നത് മുസ്‌ലിംകളായിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ കോളനിവല്‍കരണത്തിന് ശേഷം രൂപംകൊണ്ട ഒ.ഐ.സി രാജ്യങ്ങള്‍ ശാസ്ത്രപുരോഗതിയില്‍ പിന്നിലായതിന് കാരണങ്ങള്‍ വേറെത്തന്നെ കണ്ടെത്തണം എങ്കിലേ ഈ ചര്‍ച എന്തെങ്കിലും ഫലം ചെയ്യൂ. ഇവിടെ കാണുന്ന ആകാംക്ഷയും ഹുറൈയ് വിളികളില്‍ നല്ല ഒരു ഭാഗം, ഇസ്‌ലാമിനെതിരെ എന്തോ തങ്ങള്‍ക്കനുകൂലമായ ഒന്ന് ഇതിലുണ്ട് എന്ന കണ്ടെത്തെലാണ്.