Sunday, October 12, 2014

മലാലയും രോഗങ്ങളുടെ പ്രതീകരാഷ്ട്രീയവും


"The campaign against cancer, Farber learned, was much like a political campaign: it needed icons, mascots, images, slogans-the strategies of advertising as much as the tools of science. For any illness to rise to political prominence, it needed to be marketed, just as a political campaign needed marketing. A disease needed to be transformed politically before it could be transformed scientifically." -The Emperor of All Maladies, Siddhartha Mukherjee

തമ്പാനൂരിലോ കോട്ടയത്തോ ആവാം, ബസ്സ് സ്റ്റാൻഡിൽ എവിടേക്കോ യാത്ര പോകാന്‍ ബസ്സില്‍ കയറി  ഇരിക്കുകയാണ് നിങ്ങള്‍. പുറം കാഴ്ച്ചകളിലേക്ക്, അല്ലെങ്കില്‍ ദിനപ്പത്റത്തിലോ വാരികയിലോ മുഴുകിയിരിക്കുന്നു. അപ്പോഴാണ്‌ നിങ്ങളുടെ  മടിയിലേക്ക്  മുഷിഞ്ഞു  നിറം മങ്ങിയ  ഒരു കഷണം കടലാസ് വന്നു വീഴുന്നത്. ഈർഷ്യയോടെ അതിലേക്ക് നോട്ടമെത്തുമ്പോഴേക്കും അതെറിഞ്ഞ രൂപം നിങ്ങളെ കടന്ന് അടുത്ത മടിയിലേക്ക് ചീട്ടെറിയുകയാവും. കടലാസു ചീട്ടിൽ ഉരുൾപൊട്ടലിന്റെ, സുനാമിയുടെ, രോഗങ്ങളുടെ, തകർന്ന ജീവിതങ്ങളുടെ  ദുരന്തചിത്റങ്ങളുണ്ടാവും. നിങ്ങളിലെ ചിലർ സഹാനുഭൂതിയുടെ നാണയത്തുട്ടുകൾ എറിഞ്ഞു കൊടുക്കും. ചിലര്‍  മുഖം തിരിക്കും. മുഖം തിരിച്ച നിങ്ങള്‍  വീട്ടിലെത്തുമ്പോൾ ഏതെങ്കിലും ഒരു ചാരിറ്റി സംഘടന നടത്തുന്ന  താരനിശയുടെ ടിക്കറ്റ് നല്ലൊരു തുക മുടക്കി  മുൻകൂട്ടി ബുക്ക് ചെയ്തത് നിങ്ങളെ  കാത്ത്  കിടക്കുന്നുണ്ടാവും. നിങ്ങള്‍ പരിപാടി ആസ്വദിക്കുന്നു. ഒപ്പം നിങ്ങളിലെ ഭൂതദയ ഓർത്ത് അഭിമാനിക്കുകയും ചെയ്യുന്നു.

ഈ രണ്ടാമത്തേതിൽ നിങ്ങള്‍ ദുരിതബാധിതരെ നേരിൽ  കാണുന്നതേയില്ല. പകരം അവരെ പ്റതിനിധാനം ചെയ്യുന്ന പോപ്പുലറായ ഒരു ഇമേജ്, പ്റതീകം ,  നിങ്ങളുടെ മടിയിലേക്ക് പാട്ടായോ നൃത്തമായോ ചീട്ടെറിയുന്നു. നിങ്ങള്‍ സന്തോഷപൂർവ്വം ദാനം ചെയ്യുന്നു. വിഷയം പത്റങ്ങളിലും  സോഷ്യല്‍ മീഡിയയിലും  വാര്‍ത്തയാകുന്നു. കൂടുതല്‍ പേര്‍ ദാനനിരതരായി മുന്നോട്ട് വരുന്നു. അങ്ങനെ അതൊരു വലിയ പ്റചാരണമാകുന്നു. ഇത് ലോകമെങ്ങും പരീക്ഷിച്ചു വിജയിച്ച  വിപണന തന്ത്റമാണ്. അമേരിക്കയും  ഇത്തരം ധാരാളം  ഫണ്ട്/ബോധവൽക്കരണ കാമ്പെയ്നിങ്ങ് നടത്തിയിട്ടുണ്ട്.

പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പോളിയോ ബാധിച്ച് അരയ്ക്കു താഴെ  തളർന്ന അമേരിക്കന്‍ പ്റസിഡന്റ്  ഫ്റാങ്ക്ളിൻ റൂസ്വെൽറ്റ് തന്നെ മുൻകൈയ്യെടുത്ത് 1937ൽ തുടങ്ങിയ 'നാഷണല്‍ ഫൌണ്ടേഷൻ ഫോര്‍ ഇൻഫന്റൈൽ പരാലിസിസ്' എന്ന സംഘടനയാണ് ആരോഗ്യരംഗത്ത് ഇത്തരത്തില്‍ ആദ്യമാതൃകകളിലൊന്ന്. ഇതിനായി എഡ്ഡി കാന്റർ എന്ന നടൻ 'മാർച്ച് ഓഫ് ഡൈംസ്' എന്നൊരു കാമ്പെയിൻ സൃഷ്ടിച്ചു. പോളിയോ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനെയും പിന്തുണയ്ക്കാന്‍ എല്ലാ പൌരന്മാരും ഒരു ഡൈം (അമേരിക്കൻ പത്തു പൈസ) റൂസ്വെൽറ്റിന് അയക്കുവാൻ ആവശ്യപ്പെട്ടു. വൈകാതെ ഹോളിവുഡ് സെലിബ്റിറ്റികളും ബ്റോഡ്വേ താരങ്ങളും റേഡിയോ വ്യക്തിത്വങ്ങളും എല്ലാം പങ്കുചേർന്നു.  വളരെ തിളക്കമാർന്ന പ്റതികരണമായിരുന്നു ആളുകളുടേത്. ആഴ്ചകൾക്കുള്ളിൽ 2,680,000 ഡൈംസ് വൈറ്റ് ഹൌസിലേക്ക് ഒഴുകിയെത്തി. ഇത് കൂടാതെയും ധാരാളം പണവും ജനശ്റദ്ധയും പോളിയോ ഗവേഷണത്തിലേക്ക് കടന്നു വന്നു. 1940ന്റെ അവസാനമായപ്പോഴേക്കും ഈ ഫണ്ടിന്റെ പിൻബലത്തിലുണ്ടായ  ഗവേഷണങ്ങളുടെ കൂടി ഫലമായി പോളിയോ വാക്സിന്റെ നിർമ്മിതിയിലേക്ക് ശാസ്ത്രം കുതിച്ചു. ശേഷം ചരിത്രം!

പോളിയോ കാമ്പെയിന്റെ ചരിത്രത്തില്‍ നിന്നും പാഠമുൾക്കൊണ്ട് സിഡ്നി ഫാർബർ എന്നൊരു ഡോക്ടര്‍  മറ്റൊരു ബൃഹത്തായ കാമ്പെയിനിങ്ങ് സംഘടിപ്പിച്ചു. അർബുദ ഗവേഷണ ചികിത്സാ രംഗത്തെ അടിമുടി മാറ്റി മറിച്ചു  ഈ പ്റചാരണതന്ത്റം. 

കുട്ടികളുടെ അർബുദം ചികിത്സിക്കുന്നതിൽ പേരെടുത്ത ബോസ്റ്റണിലെ ചിൽഡ്റൻസ് ഹോസ്പിറ്റലിലെ പ്റഗത്ഭനായിരുന്നു സിഡ്നി ഫാർബർ. കുട്ടികൾക്കായി  ഒരു കാൻസർ ഫൌണ്ടേഷൻ തുടങ്ങാന്‍ സഹായം തേടുകയായിരുന്ന ഫാർബറെ തേടി 1947ൽ ആണ് ന്യൂ ഇംഗ്ളണ്ടിലെ 'വെറൈറ്റി ക്ളബ്' എന്ന ഒരു ഷോ ബിസിനസ്സ് കൂട്ടായ്മയുടെ തലവൻ ബിൽ കോസ്റ്ററും സംഘവും എത്തുന്നത്. 1927ൽ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ  ഷോ ബിസിനസ്സിൽ നിന്നുള്ള പതിനൊന്നു പേര്‍ ചേര്‍ന്ന്  രൂപം കൊടുത്ത ഈ എലൈറ്റ് ക്ളബ്ബ്  ഒരു സോഷ്യല്‍ അജണ്ട കൈക്കൊള്ളാനിടയാക്കിയ സംഭവം ശ്റദ്ധേയമാണ്.   1928ലെ കൃസ്തുമസ് ദിനത്തില്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഷെറിഡാൻ സ്ക്വയർ ഫിലിം തിയേറ്ററിന്റെ പടിക്കൽ ഉപേക്ഷിച്ചു പോയി. കുഞ്ഞിന്റെ ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു.
'ദയവായി എന്റെ കുഞ്ഞിനെ രക്ഷിക്കൂ. എന്റെ പേര് കാതറിൻ എന്നാണ്. എനിക്ക് ഇവളെ പോറ്റാനാവില്ല. എനിക്ക് എട്ടു കുഞ്ഞുങ്ങൾ വേറെയുമുണ്ട്. ഭർത്താവിന് ജോലിയുമില്ല. ഇവൾ താങ്ക്സ് ഗിവിങ്ങ് ദിവസമാണ് ജനിച്ചത്. ഞാന്‍ ഷോ ബിസിനസ്സിലുള്ളവരുടെ നന്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. ഇവളിൽ  നിങ്ങളുടെ കരുണയുണ്ടായിരിക്കണേ എന്ന്  ഞാന്‍ ദൈവത്തോട് പ്റാർത്ഥിക്കുന്നു. ഹൃദയം തകർന്ന ഒരമ്മ, ഒപ്പ്'
ഈ സംഭവത്തിന്റെ ചലച്ചിത്റ സമാനമായ നാടകീയതയും തങ്ങളുടെ നന്മയെ എടുത്ത് പറഞ്ഞു ഹൃദയത്തെ തൊട്ടുള്ള അപേക്ഷയുടെ വൈകാരികതയും ഈ ക്ളബ്ബിലെ അംഗങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു. കുട്ടിയെ അവര്‍ ദത്തെടുത്ത് വളര്‍ത്തി. കാതറിൻ വെറൈറ്റി ഷെറിഡാൻ എന്ന ഈ കുട്ടിയുടെ കഥ മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ക്ളബ് വിചാരിച്ചതിലധികം പൊതുജന ശ്റദ്ധയാകർഷിക്കപ്പെടുകയും ചെയ്തു. ഇത് അവരെ ഒരു ഫിലാന്ത്റോപ്പിക് സംഘടനയാക്കി മാറ്റുകയും കുട്ടികളുടെ ക്ഷേമകാര്യ പ്റവർത്തനം ഒരു മുഖ്യ പ്റോജക്റ്റാവുകയും ചെയ്തു. കാതറീന് അഞ്ചു വയസ്സുള്ളപ്പോൾ 300 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത മാതാപിതാക്കളെ ക്ളബ്ബ് അവള്‍ക്കായി ദത്തെടുത്തു നൽകി. ജോആൻ എന്ന് പേരില്‍ വളർന്ന ആ കുട്ടി അമേരിക്കന്‍ പട്ടാളത്തിൽ നഴ്സായി ജോലി ചെയ്തു. സ്വന്തമായി കുടുംബവും കുട്ടികളും ഒക്കെയായി ജീവിച്ച് ഒടുവില്‍ കാൻസറിന് കീഴടങ്ങി.

1940കളിൽ ഷോ ബിസിനസ്സ് ബൂമും ജനങ്ങളുടെ ചാരിറ്റിയും ഒക്കെയായി  വെറൈറ്റി ക്ളബ്ബിന്  ധാരാളം പണവും  ബ്റാഞ്ചുകളുമുണ്ടാക്കി. പുതിയ സാമൂഹ്യ പരിപാടികൾ നടപ്പിലാക്കാന്‍  അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിന്റെ ഭാഗമയാണ് കോസ്റ്റർ ബോസ്റ്റണിലെ കുട്ടികൾക്കായുള്ള ആശുപത്രിയിൽ സിഡ്നി ഫാർബറെ കാണുന്നത്. ഇവർ  രണ്ടു പേരും ചേർന്ന്  1948-ൽ  ചിൽഡ്രൻസ് കാൻസർ റിസർച്ച് ഫണ്ട് എന്ന സംഘടന തുടങ്ങി. 1948 മാർച്ചിൽ ഇവർ  ഒരു ഫണ്ട് റെയ്സിങ്ങ് പരിപാടി നടത്തി $45,456 സംഭരിച്ചു. പക്ഷേ ഇത് മതിയാകുമായിരുന്നില്ല. ഷെരിഡാന്റെ വിജയഗാഥ അറിയാവുന്ന കോസ്റ്റർ കാൻസർ ഫണ്ടിന്  ഒരു പ്റതീകത്തെ, പോസ്റ്റർ ചൈൽഡിനെ തിരഞ്ഞു. ചെറുകുടലിലെ ലിംഫ് നോഡുകളിൽ നോണ്‍-ഹോദ്ജ്കിൻസ് ലിംഫോമ എന്ന അർബുദം ബാധിച്ച  ഐനാർ ഗുസ്താഫ്സണ്‍ എന്ന 12 വയസ്സുകാരൻ  കുട്ടിയെ ഇതിനായി കണ്ടെത്തി. സ്വീഡിഷ് ഇമ്മിഗ്രന്റ്സിന്റെ കൊച്ചുമകനായ ഈ കുട്ടിക്ക്   ജിമ്മി എന്ന വിളിപ്പേരിട്ടു. ജിമ്മിയെ മാർക്കറ്റ് ചെയ്യുക എന്നതായിരുന്നു അടുത്ത നീക്കം. അതിനായി കോസ്റ്റർ കണ്ടെത്തിയ മാർഗം റേഡിയോ ആയിരുന്നു. 

1948 മെയ് 22 ശനിയാഴ്ച ബോസ്റ്റണിലെ വൈകുന്നേര സമയത്ത്, കാലിഫോർണിയയിൽ ഹോളിവുഡിലെ സ്റ്റുഡിയോയിൽ  നിന്നും റാൽഫ് എഡ്വാർഡ്സ്  സംപ്രേക്ഷണം ചെയ്യുന്ന "ട്രൂത്ത്‌ ഓർ കോണ്‍സീക്വൻസസ്" എന്ന റേഡിയോ പരിപാടി ഇടയ്ക്ക് വെച്ച് നിർത്തി ബോസ്റ്റണിലെ റേഡിയോ  നിലയത്തിലേക്ക് ബന്ധിപ്പിച്ചു. തന്റെ ഷോ കാണാൻ സ്റ്റുഡിയോയിൽ വരാൻ കഴിയാത്ത പ്രേക്ഷകർക്കായി ഒരു സർപ്രൈസ് പരിപാടി ഒരുക്കിയിരിക്കുന്നു എന്ന മുഖവുരയോടെ  എഡ്വാർഡ്സ്‌  ഇന്ന് രാത്രി നമ്മൾ ജിമ്മി എന്ന് പേരുള്ള ഒരു കുട്ടിയുടെ അടുത്തേക്ക് പോകുകയാണ് എന്ന് പറഞ്ഞു. ജിമ്മി ഒരു കാൻസർ രോഗിയാണെന്നും, അതുപോലെ ആയിരങ്ങൾ വേറെയും ഉണ്ടെന്നും പറഞ്ഞ  അദേഹം, ജിമ്മിയുടെ പ്രിയപ്പെട്ട ഗെയിമായ ബേസ് ബാളിനെയും  പ്രിയപ്പെട്ട ടീമായ ബോസ്റ്റണ്‍  ബ്രേവ്സിനെയും കുറിച്ച് വാചാലനായി. ആമുഖത്തിനു ശേഷം നേരെ ആശുപത്രിയിൽ  ജിമ്മിയുടെ മുറിയിലേക്ക് കണക്റ്റ് ചെയ്തു. (ഈ റേഡിയോ പരിപാടി മുഴുവൻ ഇവിടെ കേൾക്കാം ). അതിൽ നിന്നും പ്രസക്തമായ ഭാഗങ്ങൾ എടുത്തെഴുതുന്നു.

എഡ്വാർഡ്സ്: ഹലോ ജിമ്മി

ജിമ്മി: ഹായ് 

എഡ്വാർഡ്സ് - ഹായ് ജിമ്മി. ഇത് റാൽഫ്  എഡ്വാർഡ്സ്  ട്രൂത്ത്‌ ഓർ കോൺസീക്വൻസസിൽ നിന്നും. നിനക്ക് ബേസ്ബാൾ ഭയങ്കര ഇഷ്ടമാണെന്ന് കേട്ടു. അത് ശരിയാണോ?

ജിമ്മി- ശരിയാണ്. എന്റെ ഫേവറിറ്റ് സ്പോർട്ട് ആണത്.

എഡ്വാർഡ്സ് - ആഹാ, നിന്റെ പ്രിയപ്പെട്ട കളി. ഈ വർഷം ചാമ്പ്യൻഷിപ്പ് ആര് ജയിക്കുമെന്നാണു നീ കരുതുന്നത്?

ജിമ്മി- ബോസ്റ്റണ്‍ ബ്രേവ്സ്

കുറച്ച് കൂടി സംസാരം തുടർന്ന  ശേഷം ബോസ്റ്റണ്‍ ബ്രേവ്സ് ടീമിലെ  ജിമ്മിയുടെ ഇഷ്ടകളിക്കാരെക്കുറിച്ചായി സംഭാഷണം.

എഡ്വാർഡ്സ് - ജിമ്മീ നീ ഫിൽ മേസിയെ കണ്ടിട്ടുണ്ടോ?

ജിമ്മി- ഇല്ല 

(അപ്പോൾ ഫിൽ മേസി ജിമ്മിയുടെ മുറിയിലേക്ക്  ചെന്ന്; ഹായ് ജിമ്മി, എന്റെ പേരു ഫിൽ മേസി.)

എഡ്വാർഡ്സ് - എന്ത്? അതാരാ ജിമ്മി? 

ജിമ്മി-അതിശയത്തോടെ, ഫിൽ മേസി 

എഡ്വാർഡ്സ് -ഫിൽ മേസിയോ, എവിടെ ?

ജിമ്മി-ഇവിടെ എന്റെ മുറിയിൽ തന്നെ 

എഡ്വാർഡ്സ് - അത് കൊള്ളാം ജിമ്മി, ഇല്ലിനോയിൽ നിന്നും ഫിൽ  മേസി  ആശുപത്രിയിൽ നിന്റെ മുറിയിൽ വന്നിരിക്കുന്നു . അതിരിക്കട്ടെ, ആരാണ് ടീമിലെ ഏറ്റവും നന്നായി ഹോംറണ്‍ അടിക്കുന്നയാൾ, ജിമ്മി ? 

ജിമ്മി- ജെഫ് ഹീത്ത്
(ജെഫ് ഹീത്ത് ജിമ്മിയുടെ മുറിയിലേക്ക് പ്രവേശിച്ച് ഹലോ പറയുന്നു)

എഡ്വാർഡ്സ് -അതാരാ ജിമ്മി?

ജിമ്മി- ജെഫ് ... ഹീത്ത് 

അങ്ങേയറ്റം അതിശയത്തോടെ ജിമ്മി  അന്തം വിട്ടിരിക്കുമ്പോൾ, ബോസ്റ്റണ്‍ ബ്രേവ്സ് എന്ന ജിമ്മിയുടെ പ്രിയപ്പെട്ട  ടീമിലെ കളിക്കാർ ഓരോരുത്തരായി ആ കുഞ്ഞിന്റെ മുറിയിലേക്ക് കടന്ന് ചെന്നു. അവരുടെ കൈയ്യിൽ ഒപ്പിട്ട  ടീ-ഷർട്ടുകൾ, ബേസ്ബാളുകൾ, ഗെയിം ടിക്കറ്റുകൾ, തൊപ്പികൾ ഒക്കെയുണ്ടായിരുന്നു. എഡ്ഡി സ്റ്റാങ്കി, ബോബ് എലിയട്ട്, ഏൾ ടൊർഗെസണ്‍, ജോണി സെയിൻ, ആൽവിൻ ഡാർക്ക്, ജിം റസൽ, ടോമ്മി ഹോംസ് എന്നിങ്ങനെ കളിക്കാരും മാനേജരും എല്ലാം. ശേഷം ഒരു പിയാനോ മുറിയിലേക്ക് കൊണ്ടുവന്നു. അവർ ഒരുമിച്ച് ജിമ്മിയോടൊപ്പം പാട്ട് പാടി 
Take me out to the ball game,
Take me out to the crowd.
Buy me some peanuts and Cracker Jack
I don't care if I never get back.
എഡ്വാർഡ്സിന്റെ സ്റ്റുഡിയോയിൽ കരഘോഷം ഉയർന്നു. ഒപ്പം അവസാനത്തെ ആ വരിയിലെ സങ്കടം പലരെയും ആഴത്തിൽ വേദനിപ്പിച്ചു. ബോസ്റ്റണിൽ നിന്നുള്ള റിമോട്ട് ലിങ്ക് മുറിഞ്ഞു. നിശബ്ദതക്കൊടുവിൽ ശബ്ദം താഴ്ത്തി എഡ്വാർഡ്സ് പറഞ്ഞു. നോക്കൂ ജിമ്മിക്ക് ഇപ്പോൾ നമ്മളെ കേൾക്കാനാവില്ല. നമ്മൾ ജിമ്മിയുടെ ചിത്രങ്ങളോ, അവന്റെ മുഴുവൻ പേരു പോലുമോ ഉപയോഗിക്കുന്നില്ല. അവനു കാൻസർ ആണെന്ന കാര്യം അവന് അറിയില്ല. കാൻസറിനു മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിനു സഹായിക്കുക വഴി നമുക്ക് ജിമ്മിയെയും അവനെപ്പോലെ കാൻസർ ബാധിച്ചു കഴിയുന്ന ആയിരക്കണക്കിനു കുട്ടികളെയും സഹായിക്കാൻ കഴിയും. നിങ്ങളും, നിങ്ങളുടെ സുഹൃത്തുക്കളും കഴിയുന്നതുപോലെ ഒരു തുക ജിമ്മിയുടെ പേരിൽ ചിൽഡ്രൻസ് കാൻസർ റിസർച്ച് ഫണ്ടിലേക്ക് അയക്കുക. അതുപോലെ $20,000 തികഞ്ഞാൽ  ജിമ്മിയുടെ ഏറ്റവും വലിയ ആഗ്രഹമായ  ഒരു ടെലിവിഷൻ സെറ്റ് അവനു ലഭിക്കുമെന്നും  നിങ്ങൾ ജിമ്മിയെ നിരാശപ്പെടുത്തില്ലെന്ന് പ്റതീക്ഷിക്കുന്നു എന്നും പറഞ്ഞ് ആ സന്ദേശം അവസാനിച്ചു.

എഡ്വാർഡ്സിന്റെ ഈ റേഡിയോ  സംപ്രേക്ഷണത്തിന്  വെറും ഒൻപതോളം  മിനിട്ട് മാത്രമേ  ദൈർഘ്യമുണ്ടായിരുന്നുള്ളൂ. ജിമ്മിയുടെ കാൻസറിനെക്കുറിച്ച് അധികമൊന്നും പറഞ്ഞതേയില്ല. പക്ഷേ പൊതുജനത്തിന്റെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു.  ബോസ്റ്റണ്‍ ബ്രേവ്സ് ടീം അംഗങ്ങൾ ജിമ്മിയുടെ മുറിയിൽ  നിന്നും പോകുന്നതിനു മുൻപ് തന്നെ ആളുകൾ ആശുപത്രിയുടെ ലോബിക്ക് പുറത്ത് ഡൊണേഷനുമായി ക്യൂ നില്ക്കുവാൻ തുടങ്ങിയിരുന്നു. ജിമ്മിയുടെ പേരിൽ  ചെക്കുകളായും, പണമായും ആളുകൾ  സഹായമെത്തിച്ചു.  പത്തും, ഇരുപത്തിയഞ്ചും  പൈസകളായി കുട്ടികൾ തങ്ങളുടെ പോക്കറ്റ് മണി അയച്ചു കൊടുത്തു. ബേസ്ബാൾ കളി നടക്കുന്ന സ്റ്റേഡിയങ്ങളിൽ , സിനിമാ തിയറ്ററുകളിൽ, വീട് വീടാന്തരം അങ്ങനെ ജിമ്മിക്കായുള്ള ഫണ്ട് പിരിവ് രാജ്യമൊട്ടാകെ  ഒരു തരംഗമായി മാറി. അധികം വൈകാതെ  $231,000 ജിമ്മി ഫണ്ടിലേക്ക് എത്തിച്ചേർന്നു.  ഈ തുകയും അന്നത്തെ ഗവേഷണ ഇൻഫ്റാസ്ട്റക്ചർ ആവശ്യങ്ങൾക്കും ഒരു ചെറിയ സഹായം മാത്രമേ ആകുമായിരുന്നുള്ളൂ. പക്ഷേ പണമെന്നതിലുപരി കാൻസർ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളിലും, അതുവഴി രാഷ്ട്രീയ രംഗത്തും പുതിയൊരു   അവബോധം സൃഷ്ടിക്കുന്നതിൽ ഈ സംഭവം കാരണമായി.  

ജിമ്മി എന്ന ഗുസ്താഫ്സൺ രോഗം ഭേദപ്പെട്ട് ഏറെക്കാലം മെയിനിൽ  ഒരു ട്രക്ക് ഡ്രൈവറായി  അനോണിജീവിതം നയിച്ചു. 1998-ൽ പഴേ റേഡിയോ ഷോയുടെ അൻപതാം വാർഷികത്തിന്  തിരികെ വരികയും  പിന്നീട് ജിമ്മി ഫണ്ടിന്റെ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും അതിന്റെ ഹോണററി  ചെയർമാൻ  ആവുകയും ചെയ്തു. കാൻസറിനെ അതിജീവിച്ച ജിമ്മി  2001-ൽ തന്റെ  അറുപത്തി അഞ്ചാം വയസ്സില്‍ സ്ട്റോക്ക് വന്നു മരിച്ചു. ജിമ്മി ഫണ്ട് ഇതുവരെ $750 മില്യണിൽ എത്തി നിൽക്കുന്നു. 

ഫാര്ബറെ  സംബന്ധിച്ചിടത്തോളം കാൻസറിനെതിരെയുള്ള പ്റചരണവും  രാഷ്ട്രീയ പ്റചരണം  പോലെ തന്നെയാണെന്നുള്ള തിരിച്ചറിവായിരുന്നു ഈ സംഭവം. അതിനും പ്രതീകങ്ങൾ വേണം, ഐക്കണുകൾ, മാസ്കോട്ടുകൾ, മുദ്രാവാക്യങ്ങൾ. ശാസ്ത്രത്തിന്റെ ഉപകരണങ്ങളെന്ന പോലെ പരസ്യതന്ത്രങ്ങളും ഇതിൽ പ്രധാനമാണ്. ഏതൊരു രോഗത്തിനും രാഷ്ട്രീയപ്റാമുഖ്യത്തിലേക്ക് ഉയർന്നു വരാൻ അതിനെ മാർക്കറ്റ് ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ പ്റചരണങ്ങളെ മാർക്കറ്റ് ചെയ്യുന്നത്   പോലെ തന്നെ. ഒരു രോഗത്തെ ശാസ്ത്രീയമായി മാറ്റിയെടുക്കുന്നതിനു മുന്നേ അതിനെ രാഷ്ട്രീയമായി രൂപാന്തരപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഈ സംഭത്തെക്കുറിച്ച് സിദ്ധാർത്ഥ മുഖർജി തന്റെ എമ്പറർ ഓഫ് ആൾ മാലഡീസ് എന്ന കാൻസർ ജീവചരിത്റപുസ്തകത്തിൽ എഴുതിയത്.

മലാലയും, സത്യാർത്ഥിയും നമ്മുടെ സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുന്ന രണ്ട് വ്യത്യസ്തമായ രോഗങ്ങളോടുള്ള ശക്തമായ പ്റതികരണത്തിന്റെ ജീവസ്സുറ്റ പ്രതീകങ്ങളാണ്. ഇതിൽ മലാലയെന്ന പെണ്‍കുട്ടിയെ മതതീവ്രവാദത്തിനെതിരെയും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിനായും വളരെ സമർഥമായ, തികച്ചും പ്രൊഫഷണലായ രീതിയിൽ ഒരു പ്രതീകമായി രൂപാന്തരപ്പെടുത്തിയെടുക്കുകയും വിദഗ്ദമായി മാർക്കറ്റ് ചെയ്യുകയും ചെയ്തു. അവര്‍ക്ക് ലഭിച്ച നോബൽ സമ്മാനം അന്താരാഷ്ട്ര തലത്തില്‍ ഈ രോഗങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും, ജനസമക്ഷത്തിലേക്കും കൂടുതല്‍ പ്റാമുഖ്യത്തോടെ എത്തിക്കാന്‍ ഉപയുക്തമാകും എന്നതിൽ സംശയമില്ല. ഈ രോഗങ്ങൾക്ക് രാഷ്ട്രീയ ചികിൽസ തന്നെയാണ് ഏറ്റവും ഫലപ്രദം എന്നത് ഇങ്ങനെയുള്ള വിപണിവൽക്കരണത്തെ കൂടുതൽ പ്രസക്തമാക്കുന്നു.

സ്വന്തം നിലനിൽപ്പിനായി  ഈ രോഗങ്ങൾ  വളര്‍ന്നു പന്തലിച്ച് സമൂഹത്തെ കാർന്നു തിന്നണമെന്ന് വാശി പിടിക്കുന്ന താലിബാൻ മതഭ്രാന്തന്മാരും അവരുടെ പിണിയാളുകളും   ആധുനികസമൂഹത്തിന്റെ ശാപമാണ്. ഈ രോഗങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയ പ്റാമുഖ്യം ആർജ്ജിക്കുന്നത്  താലിബാൻ തീവ്റവാദികളെ  പലതരത്തിൽ പ്റതികൂലമായി ബാധിക്കും. അതിലൊന്ന് ഇവരുടെ തന്നെ സാമ്പത്തിക സമാഹരണമാണ്. 2011-2012 കാലത്ത് മാത്രം വിവിധ സ്രോതസ്സുകളിൽ നിന്നായി താലിബാൻ സമാഹരിച്ചത് $400 മില്യണ്‍ ആണെന്ന് യു.എൻ  കണക്കുകൾ പറയുന്നു (ഇവരുടെ മുന്നിൽ  ജിമ്മി കാൻസർ  ഫണ്ട് ഒക്കെ നിഷ്പ്രഭം!). ഇക്കൂട്ടത്തിൽ കൊള്ളയടിച്ചതും, ലോക്കൽ ബിസിനസ്സിൽ നിന്നും ബലമായി  പിരിച്ചതും, ഓപ്പിയം വിറ്റതും കൂടാതെ  സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും  വക  സംഭാവനകളും ഉണ്ട്.  ലോകമെങ്ങും സ്ത്രീകള്‍ ഉൾപ്പെടെയുള്ള താലിബാൻ  അനുഭാവികൾ കുടുംബവരുമാനത്തിൽ നിന്നും ഒരു തുക ഇവർക്കായി നീക്കി വെയ്ക്കുന്നുണ്ടാവും. അവരില്‍ ചിലരെങ്കിലും ഈ പണം പെൺകുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് വെടിയുണ്ടകളായി പാഞ്ഞു ചെല്ലുന്നതറിഞ്ഞ്  പണം കൊടുക്കുന്നതിൽ നിന്നും പിൻവാങ്ങിയേക്കാം. 

മറ്റൊന്ന് ഇമേജ് ബിൽഡിങ്ങ് ആണ്. ഒരു മതതീവ്രവാദ  സംഘടനയ്ക്ക് എന്ത് ഇമേജ് എന്ന്  നിങ്ങൾ കരുതിയെങ്കിൽ തെറ്റി. റിക്രൂട്ട്മെന്റ്, സാമ്പത്തിക സമാഹാരം എന്നീ കാര്യങ്ങൾക്ക്  ഇമേജും ബ്രാൻഡും ഒക്കെ നിർണ്ണായക ഘടകങ്ങളാണ്. മലാല സംഭവം താലിബാന്റെ ഇമേജിനെ പ്രതികൂലമായി ബാധിച്ചു എന്നത് വ്യക്തമാണ്. ഇങ്ങനെ ഉണ്ടാകുന്ന  പ്റതിസന്ധികളെ തരണം ചെയ്യാനും, അതിന്റെ ഡാമേജ് നിയന്ത്രിക്കുവാനുമാണ്  താലിബാൻ വക്താക്കൾ  കിണഞ്ഞു പരിശ്റമിക്കുന്നത്. മലാലയ്ക്ക് വെടിയേറ്റിട്ടേയില്ല എന്ന ഇവറ്റകളുടെ  നുണപ്റചാരണത്തിന്റെ ലക്ഷ്യവും അതു തന്നെ. ഇതിന്റെ ഒപ്പം അമേരിക്കൻ സാമ്റാജ്യത്വ ഗൂഢാലോചന എന്നു കൂടി ചേർത്താൽ ഒരുവിധപ്പെട്ട മുസ്ളിങ്ങൾ മാത്രമല്ല സാമ്റാജ്യത്വവിരുദ്ധ ചേരിയിൽ നിലകൊള്ളുന്ന മറ്റുള്ളവരെയും തങ്ങളുടെ കെണിയിൽ വീഴ്ത്താമെന്ന് ഇവര്‍ കരുതുന്നുണ്ടാകും.  

ഗാസയിലെ കുട്ടികളെ ഇസ്രയേല്‍ കൊല്ലുമ്പോൾ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സ്കൂള്‍ കുട്ടികളെ വെടിവെച്ചും ബോംബിട്ടും കൊല്ലുന്നവരിൽ  ഈ താലിബാനുമുണ്ട്.    പക്ഷേ  പാക്കിസ്ഥാൻ താലിബാനെന്ന  ടെററിസ്റ്റുകളെ വെള്ളപൂശാനും രക്ഷിച്ചെടുക്കാനാണ്   കേരളത്തിലെ മുസ്ളിം സമുദായത്തില്‍ നിന്നും ഒരു കൂട്ടം ആളുകൾ  മുറവിളികളുയര്ത്തുന്നത്. കേരളത്തിൽ താലിബാനിസത്തിന്റെ രോഗലക്ഷണം  പ്റകടമായ സന്ദര്‍ഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് കണക്കിലെടുത്താൽ  ഈ രോഗലക്ഷണത്തെയും അതിന്റെ അനുബന്ധഘടകങ്ങളെയും  ആരംഭത്തിൽ തന്നെ ഫലപ്രദമായ  രാഷ്ട്രീയചികിത്സയിലൂടെ  നേരിടേണ്ടത് അനിവാര്യമാണെന്ന് വരുന്നു. അതിനുള്ള ആർജ്ജവവും കരുത്തും  നമ്മുടെ രാഷ്ട്രീയ സമൂഹത്തിനുണ്ടാവട്ടെ. സ്കൂളില്‍ പോകുന്ന,  പഠിക്കുന്ന നമ്മുടെ നാട്ടിലെ മലാലമാർക്ക് തലയില്‍ വെടിയേൽക്കുന്ന സാഹചര്യം ഒരിക്കലും വരാതെയിരിക്കട്ടെ. 

റഫറൻസ്

1-Original Jimmy Fund Radio Broadcast | Dana-Farber…:http://youtu.be/eXeYrG-L9L8
3 -http://en.wikipedia.org/wiki/The_Jimmy_Fund
4 -http://www.jimmyfund.org/
5 -The Emperor of All Maladies, Sidhartha Mukherjee
6-http://www.reuters.com/article/2012/09/11/us-afghanistan-un-taliban-idUSBRE88A13Y20120911
     

No comments: