Thursday, October 17, 2013

മിലിട്ടന്റ് ഹിന്ദുമെന്റലിസം- വേദകാലപ്പുതപ്പിട്ട വെറുപ്പിന്റെ വേട്ടമന്ത്രം (ഭാഗം ഒന്ന്)

ഫാസിസ്റ്റ് ലോകക്രമത്തിനു ഇൻഡ്യയുടെ വക സംഭാവനയാണ് മിലിട്ടന്റ് ഹിന്ദുമെന്റലിസം. മുസ്സോളിനി, ഹിറ്റ്ലർ എന്നിവരുടെ പ്രവർത്തനരീതികളും, ആര്യൻ വംശമഹിമാവാദവും, വേദിക് ഹിന്ദൂയിസത്തിൽ ചാലിച്ചെടുത്ത ഈ സംഘപരിവാര സംഹാരസംഹിതയുടെ ഫാസിസ്റ്റ് ഫെറ്റിഷിസം ചരിത്രത്തിലുടനീളം കഫം തുപ്പിക്കിടപ്പുണ്ട്.
 “To keep up the purity of the race and its culture, Germany shocked the world by her purging the country of the Semitic races—the Jews. Race pride at its highest has been manifested here,”  “Germany has also shown how well-nigh impossible it is for races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindustan to learn and profit by - M.S. Golwalkar
"Mussolini saw the essential weakness of his country and conceived the idea of the Balilla organization… Nothing better could have been conceived for the military organization of Italy… The idea of fascism vividly brings out the conception of unity amongst people… India and particularly Hindu India need some such institution for the military regeneration of the Hindus. Our institution
of Rashtriya Swayamsewak Sangh of Nagpur under Dr Hedgewar is of this kind,
though quite independently conceived."Balkrishna Shivram Moonje,  RSS, after visiting Italian military schools and meeting Mussolini in 1931. 
"Germany’s solemn idea of the revival of the Aryan culture, the glorification of the Swastika, her patronage of Vedic learning and the ardent championship of the tradition of Indo-Germanic civilisation are welcomed by the religious and sensible Hindus of India with a jubilant hope. ...I think that Germany’s crusade against the enemies of Aryan culture will bring all the Aryan nations of the world to their senses and awaken the Indian Hindus for the restoration of their lost glory". -statement by the spokesman of the Hindu Mahasabha (Savarkar's), March 25, 1939, The declaration contained in Auswartiges Amt-Politischen Archiv (AA-PA, Bonn)/Pol VII, quoted by M Hauner, p66). 
ഹിറ്റ്ലറിന്റെ ആര്യൻ ജർമ്മനിയെ ആരാധനാമൂർത്തിയായി പ്രതിഷ്ഠിച്ച്, ജനാധിപത്യത്തിനു പകരം ഫാസിസമാണു ഏറ്റവും നല്ല ഭരണക്രമമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സംഘപരിവാരം ഇൻഡ്യൻ     ജനാധിപത്യത്തിന്റെ നെടുംതൂണുകളോരോന്നായി പിഴുതെറിഞ്ഞ് വേദിക് ഫാസിസത്തിലേക്കുള്ള രഥയാത്ര ആരംഭിച്ചുകഴിഞ്ഞു.
 
ജനാധിപത്യ ഇൻഡ്യയുടെ മഴവിൽസാംസ്കാരികതയ്ക്കുമേൽ ചാടി വീണ് കടിച്ചു കുതറുന്ന ഈ വേദകാലമൃഗത്തിന്റെ ശൗര്യത്തിനും, സംഹാരശേഷിക്കും രാജ്യം ഇതിനോടകം തന്നെ നിരവധി തവണ സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ഓർവെല്ലിയൻ ഫാമിലെ നെപ്പോളിയനെന്ന പന്നി ജനിച്ചയുടനെ നായ്ക്കുട്ടികളെ അടർത്തിമാറ്റി സമൂഹത്തിനെതിരെ കുരച്ചുചാടാനും, അവസരമെത്തിയാൽ കടിച്ചുകൊല്ലാനും പാകത്തിനു വളർത്തിയെടുത്തതു പോലെ മിലിട്ടന്റ് ഹിന്ദുമെന്റലിസവും അവരുടെ ആവശ്യത്തിനായുള്ള മൃഗവാസനകളെ ധാരാളമായി വളർത്തിയെടുക്കുന്നുണ്ട്. ഈ മിലിട്ടന്റ് നർച്ചറിങ്ങിന് അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് സനാതനധർമ്മത്തിലൂന്നിയുള്ള അടിസ്ഥാനവിദ്യാഭ്യാസം.
ഇൻഡ്യൻ ഉപഭൂഘണ്ഡത്തിലെ വിശാലമായ ഭൂപ്രദേശങ്ങളിലാകെ വ്യാപിച്ചിരുന്ന ബഹുവർണ്ണസാംസ്കാരികതയുടെ വിളനിലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത,മിത്തുകളെയും, ഭാവനാസൃഷ്ടികളായ കഥകളെയും, ഹൈന്ദവമെന്ന ഏകശിലാസ്വരൂപത്തിലേക്ക് ആവാഹിക്കുവാനായി നുണക്കഥകൾ മെനഞ്ഞെടുക്കുക എന്നതായിരുന്നു ഈ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യപടി. ഇതിനായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമി പ്രകാശാനന്ദസരസ്വതിയാൽ എഴുതപ്പെട്ട The True History and the Religion of India എന്ന ഫിക്ഷണൽ ഗ്രന്ഥം (ഈ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി പോസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്).

ഇത്തരം പഠനസാമഗ്രികൾ വേണ്ട രീതിയിൽ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും വഴി തീവ്രദേശീയതയിലേക്കും, ഇതരസംസ്കാരങ്ങളുടെ തിരസ്കാരത്തിലേക്കും, നശീകരണത്തിലേക്കും നയിക്കുവാൻ പ്രാപ്തരായ പുത്തൻ തലമുറകളെയും, തുടർച്ചകളെയും വാർത്തെടുക്കാമെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് നിലവിലുള്ള പാഠപുസ്തകങ്ങൾ തിരുത്തിക്കൊണ്ട് തന്നെ വേണം ആശയപരമായ ഈ ഉപജാപത്തിന് വിദ്യാരംഭം കുറിക്കേണ്ടതെന്ന തീരുമാനത്തിലേക്ക് മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റുകൾ എത്തിച്ചേരുന്നത്.

ദേശീ ഹിന്ദുത്വ പാഠ്യപദ്ധതി
1998-ൽ ദേശീയഭരണത്തിലെത്തിയ സംഘപരിവാരം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് പുതിയൊരു ദേശീയ പാഠ്യപദ്ധതിക്രമം (National Curriculum Framework) രൂപപ്പെടുത്തുകയായിരുന്നു. 1972-ലും, 1986-ലും രൂപപ്പെടുത്തിയ കരിക്കുലം ഫ്രെയിംവർക്ക്, ഭരണഘടനയിൽ അന്തർലീനമായിരുന്ന നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ വിലമതിക്കുകവഴി, ജനാധിപത്യമൂല്യങ്ങളും, സാമൂഹികനീതിയും, ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുവാൻ ലക്ഷ്യമിട്ടപ്പോൾ, സംഘപരിവാരത്തിന്റെ കരിക്കുലം "മൂല്യബോധനം (Value Education)" ആയിരുന്നു മുഖ്യമായും ലക്ഷ്യമാക്കിയത്. പ്രാഥമികമായും ഹൈന്ദവമത-ആത്മീയമൂല്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇൻഡ്യയുടെ പൗരാണികചരിത്രത്തിന്റെ പുനർനിർമ്മിതിയിലൂടെയും, ന്യൂനപക്ഷസംസ്കാരങ്ങളുടെ ശത്രുതാവൽക്കരണത്തിലൂടെയും    പുതുതലമുറയിൽ രാജ്യാഭിമാനബോധം സൃഷ്ടിക്കുകയും, അതുവഴി അവരിൽ "ഹൈന്ദവദേശീയതയും", "ഹൈന്ദവ അവബോധവും" വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു സംഘപരിവാര അജണ്ടപ്രകാരം ചരിത്രത്തിന്റെയും പൊതുവിൽ വിദ്യാഭ്യാസത്തിന്റെയും അന്തിമലക്ഷ്യം.

നാഗ്പൂരിലെ മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റ് അച്ചുകളിൽ ഭാവിപൗരന്മാരെ വാർത്തെടുക്കാനുള്ള ഈ ഉപജാപശ്രമങ്ങൾക്കെതിരെ ഇടതുപക്ഷമുൾപ്പെടെയുള്ള പുരോഗമനസമൂഹം ശക്തമായി എതിർത്തിരുന്നു. പക്ഷെ ഭരണാധികാരം കൈപ്പിടിയിലെത്തിയ ഇടങ്ങളിലൊക്കെയും എതിർപ്പുകളെ അവഗണിച്ചും, നിശബ്ദമാക്കിയും തങ്ങളുടെ അജണ്ടകൾ പാഠപുസ്തകരൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ മിലിട്ടന്റ് ഹിന്ദുമെന്റലിസം ഏറെക്കുറെ വിജയിക്കുക തന്നെ ചെയ്തു. പാഠപുസ്തകങ്ങളിൽ ഹിറ്റ്ലറിനെ (the supremo) മഹത്വവൽക്കരിച്ചുകൊണ്ട് എല്ലാറ്റിനും മാതൃകയായി ഗുജറാത്ത് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ദശകത്തിനപ്പുറം ഈ മൂല്യബോധനത്തിന്റെ യഥാർത്ഥ വിളവെടുപ്പു നടന്നതും ഗുജറാത്തിലാണെന്നത് ചരിത്രം.

സാങ്കൽപ്പിക കഥാപാത്രങ്ങൾ ചരിത്രപുരുഷന്മാരും, ഒറ്റുകാരനും ഓന്തുമൊക്കെ ധീരദേശാഭിമാനികളുമായും, നൂറ്റാണ്ടുകളായി ഭാരതത്തിൽ നിലനിന്നുപോരുന്ന ന്യൂനപക്ഷസംസ്കാരങ്ങൾ അധിനിവേശഭീകരരായും പുനരവതരിച്ച ഈ ഹൈന്ദവപാഠപുസ്തകങ്ങൾ സെക്കുലറിസമെന്നാൽ കാൽക്കീഴിൽ ചവിട്ടിയരച്ച്, തൃശൂലത്തിൽ കോർത്തെടുക്കേണ്ടുന്ന കൊളോണിയലിസ്റ്റ്   നിർമ്മിതശത്രുവാണെന്ന്        കുഞ്ഞുങ്ങളെ നിരന്തരം   ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.   ആര്യൻ   വംശശുദ്ധിയിലൂന്നിയ ഒരു ഹോമോജീനിയസ് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മിതിക്കായുള്ള        പാഠപുസ്തകങ്ങളും, ലഘുലേഖകളും, സൈബർപോരാളികളുടെ പ്രചാരണവേലകളുടെയും ഫലമായി വിഷലിപ്തവും സ്ഫോടനാത്മകവുമായ മനസ്സുമായി ഉണർന്നുകഴിഞ്ഞ    മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റുകൾ തങ്ങൾക്കനുയോജ്യനായ       'ഫ്യൂററെ' അരിയിട്ട് വാഴിക്കാനുള്ള രാജ്യവ്യാപകമായ തയ്യാറെടുപ്പിലാണിന്ന്.
ഈ സാഹചര്യത്തിൽ, സനാതനധർമ്മം പൊട്ടിമുളച്ചു പടർന്ന് പന്തലിച്ച ആർഷഭാരതഭൂമിയിൽ കിരീടം വെച്ച ഭൂരിപക്ഷരാജാക്കന്മാരായി വാഴുന്ന സംഘപരിവാരസംഘടനകളും അതിന്റെ കൂലിപ്പടയാളികളും, സമുദ്രദൂരങ്ങൾക്കിപ്പുറം അമേരിക്കൻ സാമ്രാജ്യത്തിലെ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളിൽ തങ്ങളുടെ വിഷവിദ്വേഷം കലർത്തുന്നതിനായി യാതൊരു ഉളുപ്പുമില്ലാതെ ന്യൂനപക്ഷ ഇരവേഷം കെട്ടിയാടിയ, അധികം പഴക്കമില്ലാത്ത ചരിത്രസംഭവങ്ങളെ ഒന്ന് പരിചയപ്പെടുന്നത് അവസരോചിതമായിരിക്കും.

യാങ്കീ ഹിന്ദുത്വ പാഠ്യപദ്ധതി  

ഈ ചരിത്രം ശരിക്കും തുടങ്ങുന്നത് 2004-ൽ വെർജീനിയയിലെ ഫെയർ ഫാക്സ് കൗണ്ടിയിലെ ഒരു സ്കൂൾപരിസരത്തായിരുന്നു. അവിടെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഹിന്ദുവിരുദ്ധപരാമർശങ്ങൾ ഉണ്ടെന്നും പറഞ്ഞ് അന്നുയർത്തപ്പെട്ട ആരോപണങ്ങൾ ജോർജ് ടൗൺ സർവ്വകലാശാലയിലെയും, ജോർജ് മേസൺ സർവ്വകലാശാലയിലെയും പണ്ഠിതന്മാർ പരിശോധിച്ച് തള്ളിക്കളയുകയാണുണ്ടായത്. അവരുടെ നിർദ്ദേശപ്രകാരം സ്കൂൾ ബോർഡ് പുസ്തകങ്ങളെ തിരുത്തലുകൾക്ക് വിധേയമാക്കാതെ സ്വീകരിച്ചു.

2004 സെപ്തംബറിൽ സംഘപരിവാരപോഷക സ്ഥാപനമായ Educator's Society for the Heritage of India (ESHI) എന്ന സംഘടന കാലിഫോർണിയ, ടെക്സാസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിലേക്കായി ന്യൂ ജേഴ്സിയിലെ റട്ഗേഴ്സ് സർവ്വകലാശാലയിൽ വെച്ച് ഒരു കോൺഫറൻസ് സംഘടിപ്പിക്കുകയുണ്ടായി. ടെക്സാസിലെ ഓസ്റ്റിൻ ആസ്ഥാനമാക്കിയ വേദിക് ഫൗണ്ടേഷൻ (VF) എന്ന സംഘടനയുൾപ്പെടെ അമേരിക്കയിലെ വിവിധ സംഘപരിവാര സംഘടനകളിലെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 

ഈ സംഘടിത ആസൂത്രണത്തിന്റെ തുടർച്ചയായിരുന്നു കാലിഫോർണിയയിലെ പാഠപുസ്തകം തിരുത്തുന്നതിനായുള്ള പരിവാരശ്റമങ്ങൾ. ആദ്യകാല ഇൻഡ്യൻ ഇമിഗ്രേഷനുകൾക്ക് ആതിഥേയത്വം വഹിക്കുകയും ഇപ്പോൾ ഇൻഡ്യൻ ഇമിഗ്രന്റ് ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കാലിഫോർണിയ. കാലിഫോർണിയയിൽ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതിപ്രകാരമുള്ള പ്രധാനവിഷയങ്ങളിലെ പാഠപുസ്തകങ്ങൾ എല്ലാ ആറു വർഷം കൂടുമ്പോഴും പുനപരിശോധിച്ച് നവീകരിക്കുന്ന സമ്പ്രദായമുണ്ട്. 2005-ൽ ചരിത്ര, സാമൂഹ്യപാഠപുസ്തകങ്ങളെ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള അവസരമുണ്ടായി.
നിയമപ്രകാരം പാഠപുസ്തകങ്ങളെ പൊതുസമക്ഷം പരിശോധനക്കായി വെച്ചിരുന്നു. ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ഹിന്ദുക്കളെക്കുറിച്ച് തെറ്റായ വിവരങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ടെന്നാരോപിച്ച് ഹിന്ദു എഡ്യുക്കേഷൻ ഫൗണ്ടേഷനും (HEF) വേദിക് ഫൗണ്ടേഷനും (VF) കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഏഡ്യുക്കേഷന് (CDE) കത്തെഴുതി. ഒപ്പം ഏതാണ്ട് അഞ്ഞൂറോളം തിരുത്തുകളും നിർദ്ദേശിച്ചു. അതിൽ നിന്നും 160-ഓളം തിരുത്തുകൾ അധികാരികൾ റിവ്യൂവിനായി തിരഞ്ഞെടുത്തു. ഈ തിരുത്തുകളെക്കുറിച്ച് വഴിയേ പറയാം.

കാലിഫോർണിയ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യുക്കേഷൻ (CBE) തിരുത്തുകളുടെ സാധുത വിലയിരുത്താനായി ഒരു അഡ് ഹോക് റിവ്യൂ പാനലിനെ നിയമിച്ചു. ഈ പാനലിൽ വേൾഡ് അസോസിയേഷൻ ഫോർ വേദിക് സ്റ്റഡീസ് (WAVES) എന്ന സംഘിസ്ഥാപനത്തിന്റെ അംഗവും, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നോർത്ത്റിഡ്ജിലെ റിട്ടയഡ് പ്രൊഫസറുമായ ശിവ ബാജ്പേയിയെ സംഘപരിവാര പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്നു. സ്വാഭാവികമായും സംഘികൾ നിർദേശിച്ച തിരുത്തലുകളെല്ലാം സാധുവാണെന്ന് ഈ പ്രൊഫസർ സർട്ടിഫൈ ചെയ്തു.

ഈ തിരുത്തലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള അന്തിമവോട്ട് നവമ്പർ 9-നു നടക്കാനിരിക്കെ, ഈ വിഷയം അമേരിക്കയിലെ സൗത്ത് ഏഷ്യൻ വിഷയങ്ങളിലെ അക്കാദമിക് ഇന്റലിജൻഷ്യയുടെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസറും, സംസ്കൃതപണ്ഡിതനുമായ മൈക്കേൽവിറ്റ്സൽ സംഘപരിവാരത്തിന്റെ തിരുത്തലുകൾക്കെതിരെ 47 അക്കാദമിക് പ്രതിനിധികൾ ഒപ്പിട്ട ഒരു കത്ത് വിദ്യാഭ്യാസബോർഡിന് അയച്ചു. തല്ഫലമായി ശിവ ബാജ്പേയിയുടെ തിരുത്തലുകളുടെ റാറ്റിഫിക്കേഷൻ റദ്ദ് ചെയ്യുകയും, Dr Michael Witzel (Harvard), Dr Stanley Wolpert (UCLA) and Dr James Heitzman (UC-Davis) എന്നിവരടങ്ങിയ ഒരു മൂന്നംഗ ഫാക്കൽറ്റി കമ്മറ്റിയെ ഈ തിരുത്തലുകൾ പുനപരിശോധിക്കാനായി CBE നിയമിക്കുകയും ചെയ്തു. തിരുത്തുകൾ തള്ളിക്കൊണ്ട് പ്രസ്തുത ഫാക്കൽറ്റി കമ്മറ്റി റിപ്പോർട്ട് നവമ്പറിൽ സമർപ്പിച്ചു. ഇതുകൂടാതെ ഫാക്കൽറ്റി കമ്മറ്റിയുടെ റെക്കമെന്റേഷൻ സ്വീകരിക്കണമെന്ന് നിർദേശിച്ചു കൊണ്ട് അമേരിക്കയിലുള്ള 109 സൗത്ത് ഏഷ്യൻ പണ്ഠിതരും CBEക്ക് കത്തെഴുതി. പക്ഷെ സംഘപരിവാരം പോപ്പുലർ സെന്റിമെന്റിന്റെ പേരിൽ ബോഡിനുമേൽ ശക്തമായ സമ്മർദ്ദവും ലോബിയിങ്ങും നടത്തിയതിന്റെ ഫലമായി മിക്കവാറും തിരുത്തലുകൾ CBE സ്വീകരിക്കുകയാണുണ്ടായത്.

എന്നാൽ പ്രതിഷേധം അവിടെ തീർന്നില്ല. ഡിസംബർ 7ന് അമേരിക്കയിലുള്ള 146 സൌത്ത് ഏഷ്യൻ പണ്ഠിതർ CBE-യുടെ തീരുമാനത്തിൽ ആശങ്ക അറിയിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം നടന്ന CBE മീറ്റിങ്ങുകളിൽ ദളിതുകൾ ഉൾപ്പെടെ മറ്റു നിരവധി സംഘടനകളും [Ambedkar Center for Justice and Peace, the Indian Buddhist Association of America, New Republic India, and Californian Dalit Sikh temples such as the Guru Ravi Dass Gurdwara, Federation of Tamil Sangams in North America, Non Resident Indians for a Secular and Harmonious India, and the Indian American Public Education Advisory Council, Friends of South Asia (FOSA), and the Coalition against Communalism (CAC).] വ്യക്തികളും ഇൻഡ്യൻ ചരിത്റത്തിന്റെ ഹിന്ദുത്വവൽക്കരണത്തിനെതിരെ ശക്തമായി രംഗത്തു വരികയും, സാക്ഷ്യം പറയുകയുക് ചെയ്തു. ഒപ്പം സൌത്ത് ഏഷ്യൻ സ്കോളേഴ്സ് സംഘപരിവാരത്തിന്റെ തിരുത്തുകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രണ്ടു റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചു.

ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഒടുവിൽ CBE ഹിന്ദുത്വ അജണ്ടയടങ്ങിയ, ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാര തിരുത്തലുകളെ തള്ളിക്കളഞ്ഞു.

നിയമയുദ്ധം
പാഠപുസ്തകം തിരുത്താനുള്ള ശ്രമം നടക്കാതെയായപ്പോൾ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്ന പരിവാരസംഘടന CBE ക്കെതിരെ കേസ് കൊടുത്തു. കോടതി ആ കേസ് തള്ളിക്കളഞ്ഞു. പക്ഷേ സംഘികൾ വിട്ടില്ല. California Parents for Equalization of Educational Materials (CAPEEM) എന്നപേരിൽ പുതിയ ഒരു സംഘടനയുണ്ടാക്കി 2006-ൽ CBE ക്കെതിരെ ഡിസ്ക്രിമിനേഷൻ ആരോപിച്ച് കാലിഫോർണിയ ഫെഡറൽ സർക്യൂട്ട് കോർട്ടിൽ കേസ് കൊടുത്തു.
"alleging violations of the Equal Protection, Establishment, Free Speech, and Free Association Clauses of the Constitution under 42 U.S.C. § 1983. The action challenges several aspects of the content of sixth grade history/social science textbooks. CAPEEM also alleges process grievances pertaining to the treatment of “Hindu groups” in the school textbook adoption process." -Stipulation for Dismissal 2:06-CV-00532-FCD-KJM, 2009
പുസ്തകത്തിന്റെ അഡോപ്ഷൻ പ്രക്രിയയിൽ ന്യൂനപക്ഷ വിവേചനം നടത്തിയെന്നും പറഞ്ഞ് ബോഡ് അംഗങ്ങളെയും ഹാർവാഡിലെയും മറ്റു പ്രൊഫസർമാരെയും പ്രതി ചേർത്തായിരുന്നു കേസ്. ഈ കേസിലെയും വാദങ്ങളെ അപ്പീൽ പഴുതുകളടച്ച് തള്ളിക്കൊണ്ട് വിധിവന്നു. പക്ഷേ വിധിയുടെ ഭാഗമായി നിയമയുദ്ധം നീട്ടിക്കൊണ്ട് പോകാതെയിരിക്കാൻ കാലിഫോർണിയ സ്റ്റേറ്റ് അറ്റോണി ജനറലുമായി സംഘികൾ ധാരണയിലെത്തുകയും, $175,000 തുക കൈപ്പറ്റി കേസ് ഒഴിയാനും തീരുമാനിച്ചു. അല്ലെങ്കിലും പണത്തിന് മുകളിൽ പറക്കുന്ന പരുന്തല്ലല്ലോ ഹിന്ദൂയിസം.
ഈ നിയമനടപടികൾ പ്രധാനമായും അമേരിക്കയിൽ നിലവിലുള്ള ന്യൂനപക്ഷ സംരക്ഷണനിയമം ചൂഷണം ചെയ്ത് വ്യക്തികളെ കേസിൽ പെടുത്തി പണം തട്ടാനുള്ള മാർഗമായിരുന്നു എന്നു വേണം കരുതാൻ. കാരണം പുസ്തകം തിരുത്തൽ നടക്കില്ലെന്ന് മനസ്സിലായപ്പോൾ തന്നെ ഹിന്ദുമെന്റലിസ്റ്റുകൾ മറ്റൊരു വളഞ്ഞ വഴി കണ്ടെത്തിയിരുന്നു. അമേരിക്കയിൽ പൊതുവെ അംഗീകൃതമായ പാഠപുസ്തകങ്ങൾ കൂടാതെ സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയലുകൾ ധാരാളം ഉപയോഗിക്കാറുണ്ട്. ESHI പോലെയുള്ള സംഘപരിവാരസംഘടനകൾ അച്ചടിച്ചിറക്കുന്ന ഹൈന്ദവലഘുലേഖകൾ സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയലുകളായി അദ്ധ്യാപകരിലേക്കും അതുവഴി കുട്ടികളിലേക്കും എത്തിക്കുക എന്നതായിരുന്നു ആ വളഞ്ഞ വഴി. പ്രത്യേകിച്ചും സൗജന്യമായി ലഭിക്കുന്ന സ്റ്റഡി മെറ്റീരിയലുകൾ ഒട്ടുമിക്ക അദ്ധ്യാപകരും വേണ്ടെന്ന് വെയ്ക്കാറില്ല. ഈ വളഞ്ഞവഴി മനസ്സിലാക്കി സ്റ്റേറ്റ് അംഗീകാരമില്ലാത്ത ഇത്തരം സാമഗ്രികൾ അനുവദിക്കാൻ പാടില്ല എന്ന നിർദേശം മറുഭാഗത്തുനിന്നും വന്നിട്ടുണ്ട്. അമേരിക്കയിലെ ഈ പാഠ്യപദ്ധതി സംരക്ഷണ സമരം ഒരു തുടർച്ചയാകുമെന്ന് ചുരുക്കം.

മതങ്ങൾ അത് ഹിന്ദുവാകട്ടെ ഇതരമതങ്ങളാകട്ടെ മിനക്കെട്ട് പാഠ്യപദ്ധതികളെ തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. മതങ്ങളുടെയും, അതു പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് ആശയങ്ങളുടെയും നിലനില്പിന് കുട്ടികളുടെ പാഠ്യപദ്ധതികൾ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ രീതിയിലുള്ള മതപ്രചാരണങ്ങൾ പാഠ്യപദ്ധതികളിൽ കലരാതെ കഴിയുന്നത്ര ചെറുക്കേണ്ടത് പുരോഗമന മതേതര സമൂഹത്തിന്റെ കടമയാണ്.

(തുടരും)

റെഫറൻസുകൾ:
 1. Milan Hauner, India in Axis Strategy: Germany, Japan and Indian Nationalists in the Second World War, Klett-Cotta Stuttgart, 1981
 2. Hindutva’s Foreign Tie-up in the 1930s Archival Evidence Marzia Casolari,  Economic and Political Weekly January 22, 2000
 3. Debate on Indian History, Revising text books in California, Economic and Political Weekly May 6, 2006, Sudarsan Padmanabhan
 4. The Hindutva View of History: Rewriting Textbooks in India and the United State Kamala Visweswaran, Michael Witzel, Nandini Manjrekar, Dipta Bhog, and Uma Chakravarti, Georgetown Journal of International Affairs, 10(1),101-12
 5. Hindutva Abroad: The California Textbook Controversy, Purnima Bose, The Global South Vol. 2, No. 1, India in a Global Age (Spring, 2008), pp. 11-34 
 6. http://www.friendsofsouthasia.org/textbook/
 7. http://www.people.fas.harvard.edu/~witzel/witzelletter.pdf
 8. http://www.friendsofsouthasia.org/textbook/NCERT_Delhi_Historians__Group.pdf
 9. http://www.sacw.net/DC/CommunalismCollection/ArticlesArchive/
 10. http://www.sacw.net/DC/CommunalismCollection/ArticlesArchive/casolari.pdf
 11. http://www.sacw.net/DC/CommunalismCollection/ArticlesArchive/communalismarchiveonSACW.html
 12. http://thevedicfoundation.org/communities/do_you_know.htm
 13. http://www.people.fas.harvard.edu/~witzel/CAPEEM-detailed-dismissal-30768180.pdfPost a Comment