Friday, April 29, 2011

അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധരുടെ പരിണാമനോട്ടങ്ങള്‍!.

ഏകദേശം 325 ദശലക്ഷംവര്ഷം പഴക്കമുള്ള ഒരു "ഡ്രാഗന്‍ ഫ്ലൈ"യുടെ ഫോസ്സില്‍രൂപം ഇന്നത്തെ തുമ്പിയെ "പോലെ" തന്നെ ഇരിക്കുന്നത് കൊണ്ടു പരിണാമം നടന്നിട്ടില്ല എന്നും ഫോസ്സിലായ തുമ്പിയും ഇന്നത്തെ തുമ്പിയും അതേ പടി അല്ലാഹു ഉണ്ടാക്കി വിട്ടതാണെന്നുമാണ് ഈയിടെ ഒരു ബ്ലോഗില്‍ കാണപ്പെട്ട അല്ലാ'ഹുസൈന്യ'ത്തിന്റെ  തുമ്പിതുള്ളലിന്റെ ചുരുക്കം. ഹാറൂണ്‍ യാഹ്യ എന്ന പേരില്‍ എഴുതുന്ന ടര്‍ക്കിഷ് മതഭ്രാന്തൻ അട്നാന്‍ ഒക്താര്‍ ആയിരിക്കണം ഈ വക പരിണാമമണ്ടത്തരങ്ങളില്‍ 'ഹുസൈന്യ'ത്തിന്റെ ഗുരു. കാരണം അയാള് ഈ സൈസ്‌ തുമ്പിതുള്ളലിന്റെ ഒരു മൊത്തവ്യാപാരിയാണ്. മതാന്ധന്മാരായ ചില 'ഹുസൈന്യര്‍'  മലയാളീകരിച്ചു ഈ തുള്ളല്‍ ബ്ലോഗിലും എത്തിച്ചു എന്നു മാത്രം.
പരിണാമത്തെക്കുറിച്ചു നിരവധി അബദ്ധധാരണകള്‍ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളും, മതമൌലീകവാദികളും, ഹുസൈന്യരെപ്പോലെ ഉള്ള മതാന്ധരും ഒക്കെ നിരന്തരം പ്രചരിപ്പിക്കുന്ന നുണകളില്‍  നിന്നുമാണിവയെല്ലാം രൂപപ്പെടുന്നത്അതില്‍ ചില പ്രധാന അബദ്ധധാരണകളെ നമുക്ക് ഒന്ന് പരിചയപ്പെടാം. പലരും പലയിടത്തായി ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങൾ തന്നെയാണിതൊക്കെ. പക്ഷെ ഇപ്പോഴും പലരിലും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ടാണീ ആവർത്തനം. 
1- ജീവന്റെ ഉത്ഭവത്തെക്കുറിച്ചാണ് (Origin of Life) പരിണാമം പറയുന്നത് 
മുട്ടന്‍ തെറ്റ്.  ജീവന്റെ "ഉല്‍ഭവത്തിനു ശേഷം" എന്ത് സംഭവിച്ചു എന്നതാണു പരിണാമപഠനങ്ങള്‍ പറയുന്നത്. ജീവന്റെ ഉല്പത്തിക്കു ശേഷം ഇന്ന് നിലവിലുള്ളതും മണ്‍മറഞ്ഞതുമായ ജൈവവൈവിധ്യം എങ്ങിനെ രൂപപ്പെട്ടിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് പരിണാമസിദ്ധാന്തം സ്വീകാര്യമാകുന്നത്. ഓര്‍ക്കുക, ഡാര്‍വിന്റെ പുസ്തകത്തിന്റെ പേര്  തന്നെ "ഓണ്‍ ദി ഒറിജിന്‍  ഓഫ് സ്പീഷിസ്..." എന്നായിരുന്നു. "ഒറിജിന്‍ ഓഫ് ലൈഫ്" കൈകാര്യം ചെയ്യുന്നത് അജീവജീവോത്പത്തി (Abiogenesis) എന്ന സിദ്ധാന്തമാണ്‌. പല ഇസ്ലാമിക് വെബ്സൈറ്റുകളിലും (മറ്റു  സൃഷ്ടിവാദി സൈറ്റുകളിലും) ഡാര്‍വിനെയും പരിണാമത്തെയും കുറിച്ച് പറയുമ്പോള്‍ ഒപ്പം "ഒറിജിന്‍ ഓഫ് ലൈഫ്" എന്നു കൂട്ടിചേര്‍ത്ത്  മനപ്പൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഡാര്‍വിനും പരിണാമത്തിനും എതിരായി വികാരം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച  ഒരു പുകമറമാത്രമാണിത്. അല്ലാ'ഹുസൈന്യ'ത്തിന്റെ അടിയന്തിര ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാം.   "സൃഷ്ടി"വാദത്തിന്റെ പേരില്‍ നിങ്ങള്‍ ആദ്യം ഗുസ്തി പിടിക്കേണ്ടത്‌ പരിണാമശാസ്ത്രത്തോടോ ഡാര്‍വിനോടോ, വാലസിനോടോ അല്ല, മറിച്ച്‌ അജീവജീവോത്പത്തി (Abiogenesis),  എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തത്തോടാണ്.
ഒള്ളത് പറയാമല്ലോ  ചില നിര്‍ണ്ണായക പരീക്ഷണങ്ങളും, ചിന്താപദ്ധതികളും, നിരവധി ഗവേഷണപഠനങ്ങളും ഒക്കെ ഉണ്ടെങ്കിലും ഇനിയും ഉറച്ച ശാസ്ത്രീയസമവായം രൂപപ്പെടാത്ത ഒരു മേഖലയാണ് അജീവജീവോത്പത്തി. അതായത് ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്ക്ക് അല്‍പ്പമെങ്കിലും സ്കോപ് ഉള്ളത് ഈ മേഖലയിലാണെന്നു സാരം. ജീവന്‍, അതേത് രീതിയില്‍ ഉത്ഭവിച്ചതായാലും, അതിനുശേഷം പരിണാമത്തിനു വിധേയമായി എന്നതും, ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നതും അനിഷേധ്യമായ ശാസ്ത്രവസ്തുതയാണ്. അതുകൊണ്ട് പരിണാമമെന്ന ശാസ്ത്രശാഖയുമായി  നിഴല്‍യുദ്ധം നടത്തി ഇനിയും പരിഹാസ്യരാകാതെ എത്രയും വേഗം മറ്റേ തിയറിയിലോട്ട് റൂട്ട് മാറ്റി പിടിക്കുക.
2 -കുരങ്ങ് പരിണമിച്ചാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ കുരങ്ങുകള്‍ ഇപ്പൊഴും ഇവിടെ ചുറ്റിത്തിരിയുന്നതു എന്നാത്തിനാ? 
വന്‍ അബദ്ധം! കുരങ്ങില്‍ നിന്ന് പരിണമിച്ചല്ല മനുഷ്യന്‍ ഉണ്ടായത്. ഒരു പൊതു പൂര്‍വ്വികനില്‍ (common ancestor) നിന്നും വേര്‍പിരിഞ്ഞു പോന്ന രണ്ടു വ്യത്യസ്ത സ്പീഷിസുകള്‍ ആണു കുരങ്ങനും മനുഷ്യനും. കുരങ്ങില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന ഈ തെറ്റിദ്ധാരണ കാരണം കുരങ്ങനെ കാണുമ്പോ അല്ലാ'ഹുസൈന്യ'ത്തിനു കോംപ്ലക്സ്‌ അടിക്കുന്നുണ്ടാവാം. അല്ലാഹു തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്ന ടീമുകളാണിവര്‍. അപ്പോള്‍ പിന്നെ അല്ലാഹുവിനു കുരങ്ങിന്റെ രൂപമായിരുന്നു എന്ന സൂചന അവര്‍ എങ്ങനെ താങ്ങും? അതുകൊണ്ട് ഡാര്‍വിനെതിരെ ഫത്വായുടെ പത്തലെടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. പക്ഷെ ഡാര്‍വിന്‍ തട്ടിപ്പോയ സ്ഥിതിക്ക്  അങ്ങേരുടെ ശാസ്ത്രീയ സിദ്ധാന്തത്തിനെരെ  പത്തലെടുക്കാനെ ഇപ്പൊ നിവൃത്തിയുള്ളൂ. പരിണാമം എന്തെന്ന് ശരിക്ക് മനസ്സിലാക്കിയാല്‍ ഇത്രയും വേവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല. കുരങ്ങില്‍ നിന്നല്ല മനുഷ്യന്‍ ഉണ്ടായത് എന്ന് അത് തെളിച്ചു പറയുന്നുണ്ട്. പക്ഷെ  ഇനിയും കോംപ്ലക്സ്‌ അടിച്ചു ജീവിക്കാനാണ് തീരുമാനമെങ്കില്‍ ഒരു രക്ഷയുമില്ല, കുരങ്ങന്‍മാര്‍  ഇനിയും കുറെയേറെക്കാലം  ഇവിടെയൊക്കെ തന്നെ കാണും. അഡ്ജസ്റ്റ് ചെയ്താ നിങ്ങക്ക് കൊള്ളാം.

3-
ഒരു ജീവി മറ്റൊരു ജീവിയായി പരിണമിക്കുന്നത് മാത്രമാണ് പരിണാമം
തെറ്റ്. ഇതുമാത്രമല്ല പരിണാമം. ഒരു ജീവി സമാനരൂപത്തിലുള്ള, എന്നാല്‍ പ്രജനനപരമായി വേര്‍തിരിഞ്ഞ മറ്റൊരു ജീവിയായിത്തീരുന്നതും (Speciation‍) പരിണാമമെന്ന പ്രക്രിയയിലൂടെയാണ്. ഒരു ജീവി, രൂപത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവി ആയിത്തീരുന്നത് (Transformation‍ or the Lamarckian term Transmutation) മാത്രം  ആണു പരിണാമം എന്ന അബദ്ധധാരണയില്‍  നിന്നുമാണ്  ഈ മാതിരി വിഡ്ഢിത്തം വരുന്നത്. മുന്‍പ് സൂചിപ്പിച്ചതുപോലെ കുരങ്ങില്‍ നിന്നും പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്ന, ബാഹ്യരൂപസാദൃശ്യം മുന്‍നിര്‍ത്തി രൂപപ്പെട്ട തികച്ചും തെറ്റായ പോപ്പുലര്‍ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് പരിണാമം എന്ന ജൈവപ്രക്രിയയെ പലരും "മനസ്സിലാക്കിയതായി‌" കരുതുന്നത്.  ഇങ്ങനെ തെറ്റായി മനസ്സിലായിക്കവരില്‍ തന്നെ ചില പടുവിഡ്ഢി'ഹുസൈന്യ'ങ്ങള്‍ ആണു  "ബാക്റ്റീരിയ പരിണമിച്ചു ബാക്റ്റീരിയ ആകുന്നതാണോ നിന്റെയൊക്കെ പരിണാമം" എന്നു പുച്ഛത്തോടെ ചോദിക്കുന്നതും.

4-
പരിണാമം എനിക്ക് കാണാന്‍ പറ്റുന്നില്ല. അത് കൊണ്ടു അത് സയന്‍സ് അല്ല.
ഡാര്‍വിന്‍ ആദ്യം പ്രോപ്പോസ് ചെയ്യുമ്പോള്‍ പരിണാമം വളരെ വളരെ സാവധാനത്തില്‍ നടക്കുന്നതായാണ് സൂചിപ്പിച്ചത്. ഒരു പക്ഷെ മനുഷ്യന് സങ്കല്പ്പിക്കാനാവാത്തവിധം ദൈര്‍ഘ്യമുള്ള ഒരു ടൈം സ്കെയിലില്‍ സംഭവിക്കുന്നത് കൊണ്ട് തന്നെ നേരിട്ട് കണ്മുന്നില്‍  പരിണാമം കാണുവാന്‍ കഴിയില്ല എന്നതായിരുന്നു അന്നത്തെ പൊതുധാരണ. എന്നാല്‍ പരിണാമശാസ്ത്രം അവിടെ നിന്നും വളരെ പുരോഗമിച്ചുഇന്ന്  സാവധാനത്തിലല്ലാതെയും പരിണാമം നടക്കുന്നതായി നിരവധി തെളിവുകള്‍ ഉണ്ട്. ആന്റിബയോട്ടിക് റെസിസ്റ്റന്റ്  ബാക്റ്റീരിയകള്‍ ഉണ്ടാകുന്നത് പരിണാമത്തിലൂടെയാണ് എന്ന് ഇന്ന് നമുക്കറിയാം. മനുഷ്യര്‍ ആന്റിബയോട്ടിക് ഉപയോഗിച്ചു തുടങ്ങിയശേഷം മാത്രം രൂപപ്പെട്ടു വന്നതാണ് ഈ പുതിയ ഇനം ബാക്റ്റീരിയകള്‍. ഇതിനെ പരീക്ഷണ ശാലയില്‍ തന്നെ നിരീക്ഷിക്കാന്‍ കഴിയും. അതായത് അല്ലാ'ഹുസൈന്യരേ' ബാക്റ്റീരിയ പരിണമിച്ചു ഒരു പുതിയ ബാക്റ്റീരിയ ഉണ്ടാകുന്നതും പരിണാമം ആണ്!
മനുഷ്യന്റെ ഇടപെടലുകള്‍ കാരണം ഈയിടെ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ നിന്നും പരിണാമത്തിന്റെ മറ്റൊരു ഉദാഹരണം മല്സ്യവര്ഗത്തില്‍ കണ്ടെത്തുകയുണ്ടായി
. 1947-നും 1976-നും ഇടയില്‍ ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ ജനറല്‍ ഇലക്ട്രിക് എന്ന കുത്തകഭീമന്‍ ഏകദേശം ഒരു മില്യണ്‍ പൌണ്ടില്‍ കൂടുതല്‍ Polychlorniated biphenol (PCB) എന്ന വിഷപദാര്‍ത്ഥം പുറന്തള്ളിയിരുന്നു. മീനുകളെയും, കടല്‍പ്പക്ഷികളെയും കൊന്നൊടുക്കുന്ന, മനുഷ്യരില്‍ ക്യാന്‍സറു പോലെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഈ വിഷം 1979-ൽ നിരോധിച്ചുവെങ്കിലും, നദിയുടെ അടിത്തട്ടില്‍ വീര്യം ചോരാതെ അടിഞ്ഞു കിടന്നു. ഏകദേശം അറുപതു വര്‍ഷം കൊണ്ടു ഈ വിഷത്തിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ച  അറ്റ്‌ലാന്റിക് ടോംകോഡ്‌ എന്ന ബോട്ടം ഫീഡര്‍ മത്സ്യമാണ് ജീവിപരിണാമത്തിലെ കണ്ടെടുക്കപ്പെട്ട പുത്തന്‍ താരോദയം. Arylhdrocarbon receptors (AHR) എന്ന പ്രോട്ടീനിന്റെ ജീനില്‍ റാന്‍ഡം ആയി സംഭവിച്ച ഒരു മ്യൂട്ടേഷന്‍ (രണ്ടു അമിനോ ആസിഡുകളുടെ കുറവുമൂലം മ്യൂട്ടന്‍റ് പ്രോട്ടീനില്‍ പി.സി.ബി ടോക്സിന് ശരിയായി ബൈന്‍ഡ്ചെയ്യാന്‍ കഴിയുകയില്ല) നാച്ചുറല്‍ സെലക്ഷന്‍ വഴി ഒരു പോപ്പുലെഷനില്‍ പ്രോമിനന്റ് ആകുകയും അതുവഴി വിഷലിപ്തമായ സാഹചര്യത്തില്‍ സര്‍വൈവ് ചെയ്യുവാനും കഴിഞ്ഞു ഈ മത്സ്യത്തിന്. ഇവിടെ മ്യൂട്ടേഷന്‍ റാന്‍ഡം ആയിട്ടാണ് ഉണ്ടായത് എന്നത് വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസം തോന്നിയേക്കാം. കുറെ പി.സി.ബി അകത്തു ചെന്ന് കഴിഞ്ഞു സഹിക്കാന്‍ പറ്റാതെ മീന്‍ ആഞ്ഞു ശ്രമിച്ചിട്ട് മ്യൂട്ടേഷന്‍ ഉണ്ടാക്കി എടുത്തതാണ് എന്നു ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷെ ഒരു ജീവിക്ക്  സ്വന്തമായി കിണഞ്ഞു പരിശ്രമിച്ച് അതിനാവശ്യമുള്ള മ്യൂട്ടേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. ഡി.എന്‍.-യില്‍ തികച്ചും റാന്‍ഡം ആയി ഉണ്ടാകുന്ന പല മ്യൂട്ടെഷനുകളില്‍ ഒരെണ്ണം ഈ പ്രത്യേക ജീനില്‍, ഒരു പ്രത്യേക പൊസിഷനില്‍, സംഭവിക്കുകയും, അത് മീനിന്റെ പ്രത്യേക ജീവിതസാഹചര്യത്തില്‍ അനുഗുണമായി ഭവിക്കുകയും, ആ മ്യൂട്ടേഷന്‍ ഉള്ള മീനുകള്‍ വളര്‍ന്നു വലുതായി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും, കുഞ്ഞുങ്ങളിലെക്ക് ഈ മ്യൂട്ടന്‍റ് ജീന്‍ പകര്‍ന്നു നല്‍കുകയും ചെയ്തു.. ഈ പ്രത്യേക മ്യൂട്ടേഷന്‍ ഇല്ലാത്ത മീനുകള്‍ ഇതേ സാഹചര്യത്തില്‍ ശരീരത്തില്‍ വിഷം അടിഞ്ഞുകൂടി ചത്തുപോകുകയും ചെയ്തു.  ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുള്ളത്  മ്യൂട്ടേഷന്‍  ഉണ്ടാകുന്നത്  റാന്‍ഡം പ്രോസസ് ആണെങ്കിലും അതിന്റെ നാച്ചുറല്‍ സെലക്ഷന്‍  നോണ്‍റാന്‍ഡം പ്രോസസ്  ആണു ഇതാണ് പരിണാമത്തിന്റെ ഒരു രീതിശാസ്ത്രം. വിഷരഹിതമായ സാഹചര്യത്തിലും ഇതേ  മ്യൂട്ടേഷന്‍ വളരെ കുറഞ്ഞ തോതില്‍ ആണെങ്കിലും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വിഷരഹിതമായ ജീവിതസാഹചര്യത്തില്‍ ഈ മ്യുട്ടെഷന്‍ പ്രത്യേകിച്ച് സര്‍വൈവല്‍ നേട്ടം പ്രദാനം ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നാച്ചുറല്‍ സെലക്ഷന്‍ വ്യാപകമായി നടക്കുകയുമില്ല എന്നു മാത്രം.

ഈ സംഭവത്തില്‍ നിന്നും പരിസ്ഥിതി മലിനീകരണം കുഴപ്പമില്ല, പരിണാമം ജീവികളുടെ രക്ഷയ്കെത്തും എന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. ഒരു ഭക്ഷ്യശൃംഖലയുടെ ഭാഗം കൂടിയായ ഈ പുതിയ മല്‍സ്യം ശരീരത്തില്‍ വിഷം നിറച്ച ഒരു ബൂബി ട്രാപ് ആണ്. ആഹാരത്തിനു ഈ മത്സ്യത്തെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവികള്‍ ഈ ട്രാപ്പില്‍ പെട്ട് ചത്തോടുങ്ങുകയോ, ഇതിനെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ വിശന്നൊടുങ്ങകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചുരുക്കി പറഞ്ഞാല്‍ പ്രകൃതിയില്‍ വെച്ചു ഒരു ജീവിയുടെ പരിണാമത്തിനെ മുന്നോട്ടു നയിക്കുന്ന ജനിതകതലത്തിലുള്ള സൂക്ഷ്മപ്രക്രിയകള്‍ പരീക്ഷണശാലകളില്‍ പഠനവിധേയമാണെകിലും, അതൊന്നും തത്ക്കാലം നമുക്ക്  നേരിട്ട് കാണാന്‍ കഴിയില്ല. എങ്കിലും പരിണാമത്തിന്റെ ഫലം ഏവര്‍ക്കും നിരീക്ഷിച്ചു ബോധ്യപ്പെടാവുന്നതേയുള്ളൂ.

5 -
ജീവികള്‍ സാവധാനം രൂപം മാറിയെങ്കില്‍ ഇടരൂപങ്ങളുടെ ഫോസ്സിലുകള്‍ (ട്രാന്‍സിഷനല്‍ ഫോസ്സില്‍സ്) കാണണമല്ലോ. അങ്ങിനെ ഫോസ്സിലുകള്‍ ഇല്ലാത്തതുകൊണ്ട് പരിണാമം തെളിവില്ലാത്ത കള്ളമാണ്.
ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ എവിടെ എന്ന ചോദ്യം തികച്ചും ന്യായമാണ്. എന്നാല്‍ ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ കിട്ടിയിട്ടില്ല എന്നതു നുണയാണ്. അത്തരം നുണയെ അടിസ്ഥാനമാക്കി പരിണാമത്തിനു തെളിവില്ല എന്നു പറയുന്നതു വിഡ്ഢിത്തവുമാണ്. കുതിര, പന്നി, ഉരഗ-നാല്‍ക്കാലി ജീവികള്‍ എന്നിങ്ങനെ വിവിധ ജീവികളുടെതായി ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സിഷണല്‍ ഫോസ്സിലുകളെ കുറിച്ച് വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക..
നമുക്ക് തുമ്പിതുള്ളലിലേക്ക് തിരിച്ചു പോകാം. ഏകദേശം 325 ദശലക്ഷം വര്ഷം കാലപ്പഴക്കമുള്ള ഫോസ്സിലില്‍ കണ്ട തുമ്പിക്ക് ഇന്നത്തെ തുമ്പിയുമായി കാഴ്ചയില്‍ രൂപസാദൃശ്യം ഉണ്ടെന്നുള്ളത് വാസ്തവം. പക്ഷെ അത് കൊണ്ട് ആ തുമ്പി അതേപടി തുടരുന്നതാണ് ഇന്നത്തെ തുമ്പി എന്ന് പറയുന്നത് മണ്ടത്തരം. കാരണം ഇന്നത്തെ തുമ്പിയെക്കാള്‍ അസാമാന്യ വലിപ്പമുള്ളതായിരുന്നു ഫോസ്സിലായ  തുമ്പി. അത് പ്രതിനിധാനം ചെയ്യുന്ന തുമ്പി സ്പീഷിസ് വംശനാശം വന്നു പോയതുമാണ്. അതുകൊണ്ട് തന്നെ ആ സ്പീഷിസിന്റെ നേര്‍തുടര്ച്ചയേയല്ല ഇന്ന് കാണുന്ന തുമ്പികള്‍. വംശനാശത്തിനു മുന്‍പ് തന്നെ രൂപസാമ്യമുള്ള വേറെ സ്പീഷിസ് ആയി പരിണമിച്ച തുമ്പികള്‍ വീണ്ടും പരിണാമം തുടര്‍ന്നതിന്റെ ഫലമായി ഏതാണ്ട് ആറായിരം വ്യത്യസ്ത സ്പീഷിസ് തുമ്പികള്‍ ഇന്ന് നിലവിലുണ്ട്. തുമ്പികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക. തുമ്പികളുടെ ക്ലാസ്സിഫിക്കേഷനും, പൊതുവെ എവലൂഷണറി ട്രീയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ഈ കിടിലൻ സൈറ്റ് സന്ദർശിക്കാൻ മറക്കണ്ട.
പഴേ  തുമ്പികള്‍ ഇതുവരെ പരിണമിച്ചു മറ്റെന്തോ ജീവി ആയില്ല എന്നാണു അല്ലാ'ഹുസൈന്യ'ത്തിന്റെ മറ്റൊരു പരിദേവനം.  തികച്ചും ന്യായമായ പരിദേവനം തന്നെ. പക്ഷെ ഇതിന്റെ ഉത്തരം പരിണാമമില്ല എന്നല്ല. വളരെ ഡ്രാസ്റ്റിക്ക് ആയ ജനിതകവ്യതിയാനങ്ങള്‍ സംഭവിക്കാതെയിരിക്കുകയോ, അല്ലെങ്കില്‍ അത്തരം ജനിതകവ്യതിയാനങ്ങള്‍ നാച്ചുറല്‍ സെലക്ഷന് വിധേയമാകാതെയിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചില  ജീവിവര്‍ഗങ്ങള്‍ താരതമ്യേന സ്ഥിരത കൈവരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോര്ഫോളജിക്കല്‍ സ്റ്റേസിസ് അല്ലെങ്കില്‍ എവലൂഷണറി സ്റ്റേസിസ് എന്നൊക്കെ വിശേഷിപ്പിച്ചിട്ടുള്ള ഈ പ്രതിഭാസത്തിന്റെ ഒരു ഉദാഹരണം മാത്രമായി വേണം തുമ്പി സ്പീഷീസുകളെ കാണുവാന്‍. കെട്ടിലും മട്ടിലും സ്ഥിരതയുണ്ടെന്ന് തോന്നുമെങ്കിലും ഇവയിലെല്ലാം നിര്‍ണ്ണായകമായ ജനിതകവ്യതിയാനങ്ങള്‍ ഉണ്ടായിരിക്കുമെന്നത് വ്യക്തം. മുന്‍പ് പറഞ്ഞതുപോലെ ഇന്നത്തെ  ജൈവവൈവിധ്യത്തിന് കാരണം പരിണാമം ആണെന്നല്ലാതെ  കൃത്യമായി ഇത്ര വര്ഷം കൊണ്ടു  തുമ്പിയൊ, തവളയോ പന്നിയോ ഒക്കെ ക്രോസ് സ്പീഷിസ് ചാട്ടം നടത്തി ഇന്നയിന്ന പുതുപുത്തന്‍ ജീവികളായിത്തീരും എന്ന് ഒരു പരിണാമ ശാസ്ത്രജ്ഞനും പറയാനിടയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ക്ക്‌ പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് ശരിയായ  അറിവില്ല എന്ന് വേണം കരുതാന്‍. അതായത് പരിണാമത്തിനു ഒരു പ്രത്യേക ലക്‌ഷ്യമോ /മോട്ടിവേഷനോ ഒന്നുമില്ല. അല്ലാഹു ഒരു കലണ്ടര്‍ എടുത്തു വെച്ച്  ആറ്  ദിവസം കൊണ്ടു ഇന്നു കാണുന്ന സകല കിടുപിടികളും അതേപടി ഉണ്ടാക്കിവിട്ടു  എന്ന മുഹമ്മദീയന്‍ Goal oriented young earth creationism മദ്രസകള്‍ വഴി തലച്ചോറില്‍ തിരുകി നടക്കുന്നതു കൊണ്ടാണ്, സാഹചര്യങ്ങളാല്‍ സ്വാഭാവികമായും തിരഞ്ഞെടുക്കപ്പെടുന്ന ചെറുതും വലുതുമായ ജനിതകവ്യതിയാനങ്ങളിലൂടെ തികച്ചും ഗ്രാജ്വലായി ജീവികളില്‍ വരുന്ന മാറ്റങ്ങളെ പരിണാമം എന്ന് വിളിക്കുന്നതിനോട് അല്ലാ'ഹുസൈന്യ'ത്തിനു ഇത്രയും കലിപ്പ് തോന്നുന്നത് എന്ന് വേണം മനസിലാക്കാന്‍.
ഫോസ്സിലുകള്‍ ഉണ്ടാകുന്നതെങ്ങിനെ, അതിനെ കണ്ടെത്തി കൃത്യമായ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നതെങ്ങിനെ എന്നൊന്നും അല്ലാ'ഹുസൈന്യര്‍'ക്ക് യാതൊരു പിടിയുമുണ്ടാവില്ല. ഇതുവരെ വംശനാശം വന്നുപോയ ജീവികളെല്ലാം മണ്ണിന്റെ അടിയിലോ, കടലിന്റെ അടിയിലോ, മഞ്ഞിന്റെ അടിയിലോ ഒക്കെ തൂമ്പയ്ക്കു കിളച്ചാല്‍ പൊന്തിവരാന്‍ പാകത്തിന് ഫോസ്സിലായി  കിടക്കും എന്നാണ് ഇക്കൂട്ടര്‍ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഭൂമിയുടെ വെറും തുച്ചമായ ഭാഗങ്ങളില്‍ മാത്രമാണ് ഇതുവരെ ഫോസ്സില്‍ പര്യവേഷണങ്ങള്‍ നടന്നിട്ടുള്ളത്. ഭൂമി മൊത്തം കുഴിച്ച് പരതിയാലും മണ്മറഞ്ഞു പോയ എല്ലാ സ്പീഷിസിന്റെയും ഫോസ്സിലുകള്‍ കിട്ടാന്‍ വഴിയില്ലകാരണം എല്ലാ ജീവികളും ഫോസ്സിലുകളായി സംരക്ഷിക്കപ്പെടില്ല എന്നത് തന്നെ.

6 -
പരിണാമം ഒരു തിയറി (സിദ്ധാന്തം) മാത്രമാണ്
 സയന്റിഫിക് തിയറി എന്നാല്‍ എന്തെന്ന് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്. "ജെം തിയറി" (സൂക്ഷ്മാണുക്കള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന ശാസ്ത്രീയ സിദ്ധാന്തം) പോലെ ഒരു കോണ്ടക്സ്റ്റില്‍ ആണു "എവലൂഷണറി തിയറി" എന്നതിലെ തിയറി  എന്ന വാക്ക്  പ്രയോഗിക്കപ്പെടുന്നത്. നിരീക്ഷണവും, പരീക്ഷണവും നടത്തി തെളിയിക്കപ്പെടുകയും, മറ്റു നിരവധി ശാസ്ത്രശാഖകളില്‍ നിന്നും (ഉദാ: ജനറ്റിക്സ്, മോളികുലാര്‍ ബയോളജി, ഇക്കോളജി, പാലിയന്റോളജി, ആര്‍ക്കിയോളജി)  അറിവുകള്‍ കൂട്ടിചേര്‍ത്ത്  നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് എവലൂഷണറി സയന്‍സ്.  അല്ലാ'ഹുസൈന്യർ' തുമ്പിതുള്ളല്‍ നടത്തി പുസ്തകമെഴുതിയാല്‍  ശാസ്ത്രം ശാസ്ത്രമല്ലാതെയാകുമെന്നു കരുതുന്നവര്‍ ഏതൊരു പുരോഗമന സമൂഹത്തിനും നാണക്കേടാണ്.
പരിണാമത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ ഇനിയുമുണ്ട്. സമയം പോലെ ഇവിടെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കാം.