Thursday, February 16, 2006

ഫ്രീ റൈഡ്

ബാം‌ഗ്ലൂരിലെ പട്ടികളുടെ കഥ ശ്രീജിത്ത് എഴുതിയത് വായിച്ചപ്പോള്‍
മുന്‍‌കാല ബാം‌ഗ്ലൂരിയനായ എനിക്കും ഒരു പട്ടിക്കഥ ഓര്‍മ്മ വന്നു.
കഥയെഴുത്ത് വശമില്ലാത്തതു കൊണ്ട് നേരേ കാര്യത്തിലേക്ക് കടക്കാം..

സംഗതി ഏതാണ്ട് ഇപ്രകാരമാണ്‌.

റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ കാമ്പസില്‍
ഒരു കാലത്ത് എണ്ണമറ്റ പട്ടികള്‍ റ്റാറ്റാ പറഞ്ഞു കളിച്ചുല്ലസിച്ച് അര്‍മാദിച്ചിരുന്നു.
മെസ് ഹാളിനു മുന്നില്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍‍, ടീ&കോഫി ബോര്‍ഡുകള്‍, ഹോസ്റ്റലുകള്‍,
ജിംഘാന, സ്വിമ്മിങ്ങ് പൂള്‍ എന്നു വേണ്ട സകല മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും പട്ടികള്‍..പട്ടികള്‍...പട്ടികള്‍..

സീസണല്‍ ഉന്മാദം പിടിപെടുന്ന സമയത്ത് ഇവറ്റകള്‍ “ലജ്ജാവതിയേ“ പാടിത്തിമിര്‍ത്ത്
ഒട്ടിപ്പോ മട്ടില്‍ കാണപ്പെട്ടത് ചിലരിലെങ്കിലും ലജ്ജയുളവാക്കി.

പട്ടിശല്യം സഹിക്കാഞ്ഞ് ഒരു സുഹൃത്ത് പെട്ടെന്ന് കാര്‍ട്ടൂണിസ്റ്റ് വരെ ആയി.
മൂപ്പരു വരച്ച കാര്‍ട്ടൂണ്‍ ഏതാണ്ട് ഈ വിധത്തിലായിരുന്നു.
രംഗം ടീ-ബോര്‍ഡ് (അഥവാ ചായക്കട).
കസേരകളിലും, മരച്ചോട്ടിലും ഒക്കെയായി ‘പയലുകളും ജൌളികളും‘
പെപ്സി, കോക്ക്, ചായ എന്നീ പാനീയവഹകളും,
പഫ്സ്, സമോസ മുതലായ ഗുമ്മന്‍ പലഹാരങ്ങളും അകത്താക്കുന്നു.
ഈ മനോഹര പശ്ചാത്തലത്തില്‍ ഒരു ശുനകന്‍ തന്റെ സ്വതസിദ്ധമായ
ശൈലിയില്‍ ഒഴിഞ്ഞ പെപ്സി കുപ്പിയിലേക്ക് ഉന്നം പിടിച്ച് “ശൂ” വെയ്ക്കുന്നു!!

കാര്‍ട്ടൂണിന്റെ പകര്‍പ്പുകള്‍, കാമ്പസിന്റെ മര്‍മ്മ പ്രധാനമായ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബഹുരാഷ്ട്രകുത്തകക്കു മേല്‍ ചാവാലിശുനകന്റെ പ്രതിഷേധപ്പെടുക്കല്‍ ആയി കാര്‍ട്ടൂണ്‍ വിലയിരുത്തപ്പെടുകയും കാമ്പസിലെ ശുനകശല്യത്തെ വരച്ചുകാട്ടുകയെന്ന സുപ്രധാന ഐറ്റം നമ്പര്‍ പരാജയമാവുകയും ചെയ്താലോ
എന്ന് കാര്‍ട്ടൂണിസ്റ്റ് ശശി വല്ലാതെ ആശങ്കപ്പെട്ടിരുന്നു.

പക്ഷെ, കാര്‍ട്ടൂണ്‍ കുറിക്ക് കൊണ്ടു.
പരാതികള്‍ പിന്നാലെ ചെന്നു കൊണ്ടു.
ശുനകപ്രശ്നത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ അധികാരവര്‍ഗം തീരുമാനമെടുത്തു.

ദിവസങ്ങള്‍ പലതായി കടന്നു പോകുന്നതിനിടയില്‍ ഒരു ദിവസം,
കോര്‍പ്പറേഷന്‍ വക വാഹനം വലിയ ഒച്ചയും ബഹളവുമൊക്കെയുണ്ടാക്കി
കാമ്പസില്‍ കിതച്ചെത്തി നിന്നു.
ബാംഗ്ലൂര്‍ മെട്രോയിലെ പ്രശസ്തരായ “പട്ടിപിടുത്ത സ്ക്വാഡ്”
ചാടിയിറങ്ങി പുലികളി തുടങ്ങി.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടാവുന്ന പട്ടികളെയെല്ലാം
ഓടിച്ചിട്ട് കുരുക്കിട്ട് പിടിച്ച് വണ്ടിയില്‍ കയറ്റി സ്ക്വാഡ് മടങ്ങി.

പട്ടിശല്യമൊഴിഞ്ഞ കാമ്പസില്‍ കമിതാക്കള്‍ പാതിരാ വരെ
“പീക്കബൂ“ കളിച്ചു നടന്നു.

പക്ഷെ....തുമ്പയില്‍ നിന്നും വിട്ടിരുന്ന റോക്കറ്റുകള്‍ പോലെ,
പട്ടികള്‍ പോയതു പോലെ തന്നെ തിരിച്ചു വന്നു.
മുന്‍പ് എഴുതിയ കാര്യങ്ങള്‍ (കാര്‍ട്ടൂണ്‍ ഒഴിച്ച്) എല്ലാം അതേപടി ആവര്‍ത്തിക്കപ്പെട്ടു.

പട്ടിസ്ക്വാഡിന്റെ വണ്ടി വന്നു.
പട്ടികളെ കുരുക്കിട്ട് പിടിച്ചു കൊണ്ടു പോയി.
കമിതാക്കള്‍ “പീക്കബൂ” കളിച്ചു.
പട്ടികള്‍ പൂര്‍വ്വാധികം ഉന്മാദത്തോടെ തിരിച്ചു വന്നു.

ഈ കലാപരിപാടി ഒരു മെഗാസീരിയല്‍ മട്ടില്‍ തുടരുന്നതിന്നിടയില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി.

അന്നൊരു ദിവസം പതിവു പോലെ കോര്‍പ്പറേഷന്‍ വക വാഹനം
വലിയ ഒച്ചപ്പാടോടെ വന്നു നിന്നു.
അജ്ഞാതമായ ഏതോ ഉള്‍വിളിയിലെന്ന പോലെ,
പട്ടികള്‍ കൂട്ടമായി വന്ന് ആവേശത്തോടെ വണ്ടിയില്‍ ഇടിച്ചു തള്ളിക്കയറി.
വണ്ടി വിട്ടുപോകുമ്പോള്‍ പട്ടികള്‍ സന്തോഷത്തോടെ ‘ബെല്ലാരി രാജാ‘ ശൈലിയില്‍ പറഞ്ഞത് (കന്നടയില്‍) എതാണ്ടിങ്ങനെ ..

“യെശ്വന്ത് പുരം വരെ വല്ലപ്പോഴും കിട്ടണ ഈ ഫ്രീ റൈഡ് അടിപൊളി തന്നണ്ണാ...!!“

24 comments:

Anonymous said...
This comment has been removed by a blog administrator.
Unknown said...

തള്ളേ, അതിന്റെടയിലോട്ട് സ്പാമണ്ണന്‍ ക്യാറിയല്ല്...

എന്തെരായാലും അണ്ണന്‍ ഈ എഴുതിയ തമിഴത്തിരീം പുടികിട്ടി കേട്ടാ..

അണ്ണനു ഫ്രീ റൈഡ് വേണ്ടെന്നു തന്നെ പറയണത്?

രാജീവ് സാക്ഷി | Rajeev Sakshi said...

ബ്ലോഗില്‍ ഇത് ബാംഗ്ലൂര്‍ കഥകളുടെ പ്രളയകാലം.

ഇതിലും നന്നായി എങ്ങിനെ കഥയെഴുതും സുഹൃത്തേ.
അടിപോളിയായിട്ടുണ്ട്.

ശനിയന്‍ \OvO/ Shaniyan said...

ഒരു കല്ലെടുത്ത്‌ ബാംഗളൂര്‍ നഗരത്തിലേക്കെറിഞ്ഞാല്‍ അതു ഒന്നുകില്‍ ഒരു മലയാളി സോഫ്റ്റ്‌ വെയര്‍ 'എഞ്ഞിനീയര്‍ക്കോ' അല്ലെങ്കിലൊരു പട്ടിക്കോ ആണ്‌ കൊള്ളുക എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്‌..

Kalesh Kumar said...

കലക്കൻ കഥ!
വളരെ നന്നായിട്ട് തന്നെ എഴുതിയിട്ടുമുണ്ട്!

സ്വാര്‍ത്ഥന്‍ said...

മേനകാ ഗാന്ധി നായകള്‍ക്ക് മറ്റേ ഓപ്പറേഷന്‍ സജ്ജസ്റ്റ് ചെയ്തിട്ടും ഒന്നുമായില്ലേ?

Thomas said...

കൊള്ളാം മച്ചാനേ, നന്നായിട്ടുണ്ട്.

Unknown said...

സാക്ഷി, കലേഷ്, മരപ്പട്ടി മച്ചാ,

ഈ പ്രോത്സാഹന കമന്റുകള്‍ക്ക് വളരെ നന്ദി...

ശനിയാ,

ഇപ്പറഞ്ഞത് ബാംഗ്ലൂരിലെ “എഞ്ഞിനീയര്‍മാര്‍” കേള്‍ക്കണ്ട...!!

ഞങ്ങള്‍ക്കൊപ്പം ഗ്രൌണ്ടില്‍ സ്ഥിരമായി വന്ന് ക്രിക്കറ്റ് കളിക്കുമായിരുന്ന ഒരു നാടന്‍ പട്ടിയുണ്ടായിരുന്നു. ഇത്രയും സ്നേഹമുള്ള ഒരു പട്ടിയെ ഞാന്‍ ‍പിന്നീടിതുവരെ കണ്ടിട്ടില്ല. “ക്രിപ്റ്റോ” എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ഇവന്‍ പോയ ജന്മത്തില്‍ ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നു എന്ന കാര്യത്തില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഫീല്‍ഡിംഗ് ആയിരുന്നു മൂപ്പരുടെ സ്പെഷ്യാലിറ്റി. കളിക്കളത്തിലെ നിര്‍ണ്ണായകവും, അത്യന്തം ആവേശകരവുമായ നിരവധി മുഹൂര്‍ത്തങ്ങളില്‍ ക്രിപ്റ്റോ ഞങ്ങള്‍ക്കൊപ്പം പങ്കു ചേര്‍ന്നു. ഇന്നിപ്പോള്‍ അവന്‍ എന്റെ ആല്‍ബത്തില്‍ ചലനമറ്റ് ഒരോര്‍മ്മയായി അവശേഷിക്കുന്നു...

സ്വാര്‍ത്ഥാ

അതിനിടയ്ക്ക് ഗാന്ധി മേനക അങ്ങിനെ ഒരു കടും കൈ ചെയ്തോ?

ശനിയന്‍ \OvO/ Shaniyan said...

യാത്രാമൊഴി,ഈയുള്ളവനും ആ കൂട്ടത്തില്‍ ഒന്നാണു കേട്ടോ!.. തല്‍ക്കാലത്തേക്ക്‌ കമ്പനി നാടുകടത്തിയതാണെന്നു മാത്രം..

ദേവന്‍ said...

പട്ടിയും നാല്‍ക്കാലികളും കയറാതിരിക്കാന്‍ പടിക്കല്‍ നിരത്തിയിട്ട നാലഞ്ചു ജി ഐ പൈപ്പിന്റെ കെണിവയ്ക്കുനതുപോലെയല്ലേ ഈ വേഡ്‌ വേരിഫിക്ക്കേഷക്കെണി. ഇതു ചാടി സ്പാമെട്ടനെങ്ങനെ കേറി യാത്രാമൊഴിയുടെ ബ്ലോഗ്ഗില്‍?

ഓഫ്‌ ടോ:
ഞാന്‍> വടക്കന്‍: നിന്റെ പട്ടി എന്തു ബ്രീഡ്‌ ആണെഡേ?
വടക്കന്‍> ഞാന്‍: ഇതു പട്ടിയല്ല, നായയാ.

Unknown said...

ശനിയാ,
അപ്പോ ഒരു എക്സ് ബാംഗ്ലൂരിയനാണല്ലേ.. കൊള്ളാം. ശനിയനെ നാടുകടത്താന്‍ മാത്രം ധൈര്യപ്പെട്ട കമ്പനി യാത്?

ദേവരാഗോ,

അന്തോം കുന്തോമില്ലാത്ത വാക്കുകള്‍ വെച്ച് കെട്ടിയ വേലിയും പൊളിച്ച്
സ്പാമണ്ണന്‍ എങ്ങിനെ ക്യാറിയൊ എന്തെരൊ..

ഓഫ് ടോ 2: (ഫ്രം ബോബനും മോളിയും)

:ഈ പന്നിയേം കൊണ്ടെങ്ങോട്ടാ?
:ഇത് പന്നിയല്ലെടോ, പട്ടിയാ!
:ഞാനാ‍ പട്ടിയോടാ ചോദിച്ചത്

ശനിയന്‍ \OvO/ Shaniyan said...

എക്സും വൈയുമൊന്നുമാക്കണ്ട, കമ്പനിയുടെ കണക്കു പ്രകാരം "ബേസ്‌ ലോക്കേഷന്‍: ബാംഗ്ലൂര്‍" തന്നെയാണ്‌. കമ്പനിയുടെ പേര്‍ വിശ്വപ്രഭയോട്‌ പറഞ്ഞതിനു ശേഷം ആളെന്നോട്‌ മിണ്ടീട്ടില്ല.. എന്താണാവൊ? പേരു പറയുന്നതിനു പകരം ഒരു കുളു തരം ;-) ലോകത്തിലെ പണമിടപാടുകള്‍ നടത്തുന്ന കമ്പനികളെ 'എം-പവര്‍' ചെയ്യുന്ന കമ്പനി..പറയാമൊ?

Activevoid said...

കാമ്പസില്‍ ഇപ്പൊള്‍ പട്ടികള്‍ ഉണ്ടെങ്കിലും സമാധാന പ്രിയരാണ്. ഇപ്പൊള്‍ ഇവരുടെ രാജ്യം ഇന്‍സ്റ്റിറ്റ്യുട്ടിനെ പറ്റി കിടക്കുന്ന ന്യു ബ്ബി ഈ റൊടാണ്. രാത്രിയില്‍ ഒറ്റക്കു അതു വഴി പൊയാല്‍ ഒരു “ചേസ്” എങ്കിലും അവര്‍ ഉറപാക്കും. പക്ഷെ ഇപ്പൊള്‍ ഇന്‍സ്റ്റിറ്റ്യുറ്റിനുള്ളില്‍
പട്ടി വണ്ടി വന്നാല്‍ (അതുപൊലെ ഇരിക്കുന്ന എതെങ്കിലും വാഹനം) പട്ടികളുടെ എല്ലാ കണ്ട്രോളും വിടും....

Unknown said...

മുരാരി,
ഇന്‍സ്റ്റിറ്റ്യൂട്ടിലെ പട്ടികളെക്കുറിച്ചുള്ള
അപ്ഡേറ്റിനു നന്ദി.

അതിരിക്കട്ടെ,
താങ്കളെ ഞാനറിയും.
മഹേഷിന്റെ സുഹൃത്തല്ലേ?
മൂപ്പരു ഇപ്പോള്‍ കൊറിയയിലെങ്ങാണ്ടാണെന്ന് ഗ്ലോമിന്‍ പറഞ്ഞു. കോണ്ടാക്റ്റ് ഉണ്ടെങ്കില്‍, കുമളിക്കാരന്‍ അന്വേഷിച്ചു എന്നു പറയു!

ശനിയാ,

നല്ല കുളു..ഇനി ആ ഉത്തരം കൂടി ഒന്നു പറഞ്ഞാട്ടെ!

ശനിയന്‍ \OvO/ Shaniyan said...

i-flex Solutions. Ltd.. പോയിന്റ്‌ ക്വിസ്‌ മാസ്റ്റര്‍ക്ക്‌ ;-)

Unknown said...

ശരി ശരി...പോയിന്റൊക്കെ ക്വിസ് മാസ്റ്ററെടുത്തോ...
എനിക്കു പയിന്റു കിട്ടിയാല്‍ മതി!

ശനിയന്‍ \OvO/ Shaniyan said...

അതു വേണമെങ്കി അടുത്ത തവണ നാട്ടില്‍ വരുമ്പൊ ആലോചിക്കാം ;-)

Activevoid said...

സുരെഷ്,
കുമിളിയില്‍ ജനിചു എന്നു പറഞ്ഞപ്പൊള്‍ ആളെ പിടി കിട്ടി.
മഹെഷ്, ഭാര്യാ, സഹൊദരി,അളിയന്‍ എല്ലാ‍രും കൊറിയയില്‍ തന്നെ.
ഗ്ലൊമിന്റെ സുഹ്രുത്ത് പ്രശാന്ത്(SSCU) കൊളൊറാടൊ യുണിവെറ്സിറ്റിയില്‍ ഉണ്ട്.
മുരാരി

illusion's den said...

valarae nannayittundu!

Anonymous said...

ithu kumali, ithu murari, appol aara ee crypto?

പാപ്പാന്‍‌/mahout said...

അന്യായമായ സംശയങ്ങള്‍:
- ക്രിപ്‌റ്റോ മനുഷ്യമൃഗമോ? കമന്റുകളൊക്കെക്കൂടി വായിച്ചപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍.

- [ശനിയന്‍ ഉവാച: “യാത്രാമൊഴി,ഈയുള്ളവനും ആ കൂട്ടത്തില്‍ ഒന്നാണു കേട്ടോ!..“ ] തൊട്ടുമുമ്പത്തെ കമന്റില്‍ ക്രിക്കറ്റ് കളിക്കുന്ന നാടന്‍ പട്ടികളെപ്പറ്റിയും, മേനകയുടെ കടുംകൈക്കു വിധേയരായ പട്ടികളുമാണ് പരാമര്‍‌ശിതര്‍. ഇതില്‍ ഏതു കൂട്ടത്തില്‍? :)

രസമുള്ള പോസ്റ്റ്...

ശനിയന്‍ \OvO/ Shaniyan said...

പാപ്പാന്‍സേ, എന്റെ അതിനു മുന്നേ ഉള്ള കമന്റും അതിനുള്ള മൊഴിയുടെ മറുപടിയും അവസാനത്തെ കമന്റിന്റെ കൂടെ വായിക്കാന്‍ അപേക്ഷ

(കളിയാക്കിയതാണെന്ന് എനിക്കു മനസ്സിലായില്ലാ ;-))

Unknown said...

ഹൊ ഈ കമന്റെല്ലാം ഇപ്പൊഴാ കാണുന്നെ..
മുരാരി താങ്ക്യു..ഗ്ലോമിന്‍ നാട്ടില്‍ പോയിക്കാണും ഇപ്പോള്‍..

അനോണീ..

ഹഹഹ...ഓര്‍ത്തിട്ട് ഇപ്പോഴും ചിരി വരുന്നു..ഹീലിയുടെ ഒരു വിവരവും ഇല്ല.

ആവിയണ്ണാ,

ഇതും ചാമ്പി, ബാക്കിയുള്ളതൊക്കെ ചാമ്പണം എന്നുണ്ട്, സമയക്കുറവ് കാരണം ഒന്നിനും സമയമില്ലാ..ദിനേശനൊക്കെ ഇപ്പോള്‍ എന്തു ചെയ്യുന്നോ ആവോ..യെശ്വന്തപുരം ഗാംഗ് ഇപ്പോഴും കാണുമായിരിക്കും.

പാപ്പാനേ,
അവിടുത്തെ സന്ദര്‍ശനത്തില്‍ ഈയുള്ളവന്‍ ധന്യനായി.
കണ്‍ഫ്യൂഷന്‍ വേണ്ട ക്രിപ്റ്റോ ഒരു പാവം പട്ടി. ഈ പട്ടിപിടുത്തക്കാരുടെ കയ്യിലകപ്പെടാതെയിരിക്കാന്‍ അവന് ഒരു ബെല്‍റ്റൊക്കെ വാങ്ങിക്കൊടുത്തിരുന്നു. ബെല്‍റ്റ് പട്ടികള്‍ക്ക് ഓണര്‍ഷിപ്പുണ്ടെന്നും, അലഞ്ഞുതിരിയാന്‍ പെര്‍മിഷന്‍ ഗ്രാന്റഡ് ആണെന്നുമൊക്കെയായിരുന്നല്ലോ അന്നത്തെ നാട്ടു നടപ്പ്!

Promod P P said...

നെരൂദ മച്ചാ..
ഏനു സമചാര.
തുമ്പ ദിനയിന്ത നൊഡില്ലാറെ
ഹെണ്ടത്തി എല്ലാ ചെനാഗിതാരൊ കണ്ണോ
അമേരിക്ക അന്തെ തുമ്പ ചെനാഗിത ഹുടുകിയവരു ഇതാന്തെ ഹേളിതാരെ? ഇതു സരിയാ?
മജാ മാഡപ്പാ മജാ മാഡി