Sunday, September 29, 2013

അധിനിവേശത്തിന്റെ ജനിതകചർച്ചകൾ: ഒരു ഫേസ്ബുക്ക് സിമുലേഷൻ


ഒരു പോസ്റ്റ് അപ്പക്കലിപ്സ് സെനാരിയോ സങ്കൽപ്പിക്കുക. യേഡീ യേതോ നൂറ്റാണ്ടിലെ ഏതോ ഒരു ശുഭമുഹൂർത്തം തന്നെ ആയിക്കോട്ടെ. ഭൂമിയിലെ മനുഷ്യരും, അവർ സൃഷ്ടിച്ച സകലമാന അറിവുകളുടെയും, കടലാസ് ഡിസ്കും, ഹാഡ് ഡിസ്കും, ക്ളൌഡ് ഡിസ്കും എന്നുവേണ്ട സകലതും തലമുറകൾക്ക് മുൻപേ  അടിച്ചുപോയിക്കഴിഞ്ഞു എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി!  ആ വക ഐറ്റങ്ങളെല്ലാം ഒരു പോറൽ പോലുമേൽക്കാതെ ഭദ്രമായി ഇരിപ്പുണ്ട്. പക്ഷെ ആളുകൾക്ക് അതിലൊന്നും ഒരു വിശ്വാസവുമില്ലാതായിരിക്കുന്നു എന്ന് മാത്രം. വിശ്വാസം മുഴുവൻ ഹോളിബുക്കുകളിലാണ്. ആയിടക്ക് ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി ആക്കിയോളജിക്കൽ ഗവേഷകർ കണ്ടെത്തുകയുണ്ടായി.  ഹെർബർട്ട് ജോർജ് വെൽസ് (ഹെർബട്ടോ ഹോർഹെ കുളത്തിൽ എന്ന് സ്പാനിഷ് പരിഭാഷ)  എഴുതിയ  "വാർ ഓഫ് ദി വേൾഡ്സ്" എന്ന പുസ്തകത്തിന്റെ ഫ്റീ കിൻഡിൽ വേർഷൻ ആയിരുന്നു അത്. കാലപ്പഴക്കം വെച്ച് അതൊരു ഹോളിയാഘോഷിക്കുന്ന  വേദപുസ്തകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

എന്തായാലും ആ കാലഘട്ടത്തിൽ അധിനിവേശത്തെക്കുറിച്ച് പ്രത്യക്ഷപ്പെടുന്ന  ഒരു ഫേസ് ബുക്ക് പോസ്റ്റും അതിനെ പിൻതുടർന്നു നടക്കുന്ന അധിനിവേശചർച്ചയെയും ഈ ഹോളിബുക്ക് എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നു സിമുലേറ്റ് ചെയ്യുകയാണ്  ഈ പോസ്റ്റിലൂടെ. ഇതൊരു സമ്പൂർണ്ണ ഓപ്പൺ സോഴ്സ്  സിമുലേഷൻ ആണ്. അറിഞ്ഞ് കൈകാര്യം ചെയ്താ നിങ്ങക്ക് കൊള്ളാം.

ഡിസ്കോകൈമൾ: 
ചത്തതോ ജീവിച്ചിരിക്കുന്നതോ ആയ ഏതെങ്കിലും ഫേസ്ബുക്ക് ചർച്ചകളുമായോ വ്യക്തികളുമായോ ഇതിന് എന്തരെങ്കിലും സാദൃശ്യം തോന്നിയാൽ അതിനുത്തരവാദികൾ സക്കർബർഗ്ഗും വായനക്കാരും  മാത്രമായിരിക്കും. സ്ഥലകാലസമയപരിമിതി മൂലം എല്ലാ കമന്റുകളും, കമന്റടിക്കാരുടെ പ്യാരുകളും  ഉൾപ്പെടുത്തിയിട്ടില്ല. വിട്ടുപോയ കമന്റുകളോട് ഖേദം അറിയിക്കുന്നു. 
__________

അധിനിവേശ പോസ്റ്റ് സംഗ്രഹം: 

ഭൂമിയിൽ അന്യഗ്രഹജീവികളായ ഏലിയൻസ് അധിനിവേശം നടത്തി എന്നതിന് സാമൂഹികവും, കാർഷികവും, ജനിതകവുമായ നിരവധി തെളിവുകൾ നിരത്തുന്നുണ്ട് ഈ പുസ്തകം. കണക്കിലും ശാസ്ത്രത്തിലും അങ്ങേയറ്റം പുരോഗമിച്ച സമൂഹമായിരുന്നു മാർസ് എന്ന അന്യഗ്രഹത്തിൽ നിന്നും വന്ന ഏലിയൻസിന്റേത്.   ഈ വരികൾ നോക്കൂ...
''...The Martians seem to have calculated their descent with amazing subtlety--their mathematical learning is evidently far in excess of ours--and to have carried out their preparations with a well-nigh perfect unanimity...'' 
ഈ അഡ്വാൻസ്ഡ് മഹാറിഷിയൻ മാത്തമാറ്റിക്സ്  ആണിന്ന് വേദിക് മാത്തമാറ്റിക്സ് എന്ന പേരിൽ അറിയപ്പെടുന്നത് എന്ന് വ്യക്തം. 
   ''...Those who have never seen a living Martian can scarcely imagine the strange horror of its appearance. ....--above all, the extraordinary intensity of the immense eyes--were at once vital, intense, inhuman, crippled and monstrous..."
''...An almost noiseless and blinding flash of light, and a man fell headlong and lay still; and as the unseen shaft of heat passed over them, pine trees burst into fire, and every dry furze bush became with one dull thud a mass of flames..." 
ഇതിനപ്പുറം ആധികാരികം മറ്റൊന്നുമില്ല. അയാം കൺവിൻസ്ഡ്. മാർസിൽ നിന്നും വന്ന വികൃതരൂപികളായ ഈ നരാധമർ കാട്ടിക്കൂട്ടിയ  ക്രൂരതയുടേയും  തെമ്മാടിത്തത്തിന്റെയും  ചരിത്രരേഖയാണ് അനാദിയായ ഈ വിശുദ്ധ കിൻഡിൽ ഗ്രന്ഥം.

കമന്റ്  1: അധിനിവേശം എന്നത് മിത്താണ്. മുള്ളരര് ശ്രീമാക്സിമര് എന്ന അലവലാതി ചെയ്ത കൊടും ചതി. മാർഷ്യൻ മഹാറിഷിമാർ തങ്ങളുടെ വാഗ്ദത്തഭൂമിയായ മാർഷഭാരതത്തിലേക്ക്  പോകുംവഴി ബിലാത്തിയിൽ പെടുക്കാൻ ഇറങ്ങിയതാണ്. ഏതോ ട്രൈബൽ അലവലാതി അവരുടെ ലംബോത്തിനിക്കിട്ട് കല്ലെറിഞ്ഞ് കലിപ്പാക്കിയപ്പോ പൊതുവേ  സമാധാനകാംഷികളായതു കൊണ്ട് മാർഷിമാര് മൂക്കണ്ണ് തുറന്ന് ലാസറണ്ണനെ അയച്ച് അയിറ്റുങ്ങളെ കരിച്ച് കളഞ്ഞ്. നിസ്സാരമായ ഈ സംഭവത്തെ അധിനിവേശം എന്ന് വിളിക്കുന്നത് വിവരക്കേടു കൊണ്ടാണ്.
കമന്റ്  2: വസുധയുടെ കുടുംബകം എന്ന പൗരാണിക ആൻഡ്രോയിഡ് ആപ്പ് പ്രകാരം ആരും അന്യരല്ല. ഈ പ്രപഞ്ചത്തിൽ തന്നെയുള്ള മറ്റൊരു ഗ്രഹമായ മാർസിനെ 'അന്യഗ്രഹം' എന്ന് വിളിക്കുന്നത്  'അന്യസംസ്ഥാനം' എന്ന് പറയുന്നതുപോലെ തന്നെ രാഷ്ട്രീയവും സാമൂഹികവുമായ അശ്ലീലമാണ്. മനസ്സിൽ നിന്നും ഈ വിഭാഗീയ ചിന്താഗതി ഉപേക്ഷിക്കാതെ മനുഷ്യരായാലും മാർഷ്യരായാലും  രക്ഷപ്പെടില്ല.       
കമന്റ് 15: എനിക്ക് തോന്നുന്നത്  ചന്ത്രോ-മാർസേഷ്യൻ എന്നു വിളിക്കപ്പെടുന്ന ആദിമ ഏലിയൻസ് ആയിരുന്നു അവർ.
കമന്റ് 22: ശരിക്കും മാർഷ്യൻസ്  മുടിഞ്ഞ തലച്ചോറു ടീമുകളായിരുന്നു. മനുഷ്യർ പലതരം കോട്ടും സൂട്ടും ഇടുന്നതു പോലെ മാർഷ്യൻസ്   ആവശ്യാനുസരണം പലതരം ബോഡീസുകൾ ധരിച്ചിരുന്നു എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.
''...They have become practically mere  brains, wearing different bodies according to their needs just as men wear suits of clothes...''
കമന്റ് 23:  എന്തൊരു വിഡ്ഡിത്തമാണ് പറയുന്നത്. ആദ്യം ഇംഗ്ളിഷ് പഠിച്ചിട്ട് വരൂ.  അവർക്ക് തുണി ഉടുക്കുന്നത് പോലും ഇഷ്ടമല്ലായിരുന്നു പിന്നല്ലേ ബോഡീസ്. ഇതാ വായിക്കൂ..
 ".... The Martians wore no clothing. Their conceptions of ornament and decorum were necessarily different from ours; and not only were they evidently much less sensible of changes of temperature than we are, but changes of pressure do not seem to have affected their health at all seriously. Yet though they wore no clothing, it was in the other artificial additions to their bodily resources that their great superiority over man lay..."
അതുമാത്രമല്ല പരകായപ്രവേശവും ടെലിപ്പതിയും  ഒക്കെ വശത്താക്കിയ മഹാജ്ഞാനികളും വീരസന്യാസികളുമായിരുന്നു മാറിഷിമാർ .
"...I have a certain claim to at least an elementary knowledge of psychology, and in this matter I am convinced--as firmly as I am convinced of anything--that the Martians interchanged thoughts without any physical intermediation... telepathic theory..." 
കമന്റ് 33: മാർഷ്യൻ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണ്. ശരിക്കും  സൂര്യവംശത്തിൽ പെട്ടവരായിരുന്നു അവർ. സൂര്യനിൽ നിന്നും നേരിട്ട് വന്നവരാണ്.  ലാസറിന്റെ പവറു വെച്ച് മറ്റൊന്നിനും സാധ്യതയില്ല.
കമന്റ് 34: മാർഷ്യൻ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണ്. ശരിക്കും  സൂര്യവംശത്തിൽ പെട്ടവരായിരുന്നു അവർ. സൂര്യനിൽ നിന്നും നേരിട്ട് വന്നവരാണ്.  ലാസറിന്റെ പവറു വെച്ച് മറ്റൊന്നിനും സാധ്യതയില്ല. 
കമന്റ് 35: മാർഷ്യൻ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണ്. ശരിക്കും  സൂര്യവംശത്തിൽ പെട്ടവരായിരുന്നു അവർ. സൂര്യനിൽ നിന്നും നേരിട്ട് വന്നവരാണ്.  ലാസറിന്റെ പവറു വെച്ച് മറ്റൊന്നിനും സാധ്യതയില്ല. 
കമന്റ് 36: പണ്ട് ഞങ്ങടെ പൂർവ്വീകർ പൂഞ്ഞാളിൽ നടത്തിയ യാഗത്തിലാണ് ആദ്യമായി ലാസർ ഉണ്ടാകുന്നത്. മാർഷ്യൻസ് അതും അടിച്ചുമാറ്റിയോ? 

കമന്റ് 46: മാർഷ്യൻ അധിനിവേശം നടന്നത് കാർഷികവൃത്തിയുടെ ഉൽഭവത്തിനു ശേഷമാണെന്നതിനുള്ള തെളിവ് കിട്ടിക്കഴിഞ്ഞു. ഇതാ...
''...As it passed it set up an exultant deafening howl that drowned the thunder--"Aloo! Aloo!"--and...'' 
 മാർഷ്യൻസിനു ആലൂ വിഭവങ്ങൾ ഭയങ്കര ഇഷ്ടമായിരുന്നു എന്നു വേണം കരുതാൻ. 
കമന്റ് 48: മാറിഷിമാർക്ക് ഗോതമ്പുമാവ്...ഗോതാമാവ്... ഛെ ഗോമാതാവ് ദൈവമായിരുന്നു എന്ന് തെളിയിക്കുന്ന ശ്ലോകം ഇതാ. 
''...The Martians took as much notice of such advances as we should of the lowing of a cow...''
ഭാരത്  ഗോമാതാ കീജയ്...

കമന്റ് 50:  മാർഷ്യൻസ് രാസായുധവും അണുവായുധവും ഉപയോഗിച്ചു എന്നത് ഈ വരികളിൽ നിന്നും വ്യക്തമാണ്.
''...The Martians are able to discharge enormous clouds of a black and poisonous vapour by means of rockets... ''
'' These canisters smashed on striking the ground--they did not explode--and incontinently disengaged an enormous volume of heavy, inky vapour, coiling and pouring upward in a huge and ebony cumulus cloud, a gaseous hill that sank and spread itself slowly over the surrounding country. And the touch of that vapour, the inhaling of its pungent wisps, was death to all that breathes...''
 വെറും ഇരുപതിൽ താഴെ മാത്രം വരുന്ന മാർഷ്യൻ യോദ്ധാക്കൾ നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിനാളുകളെ കൊന്നുതള്ളിയത് വെറുതെയല്ല.
''...No doubt the Martians were strange and terrible in the extreme, but at the outside there could not be more than twenty of them against our millions...''
കമന്റ്  88: പക്ഷെ മാർഷ്യൻസിന്റെ ഇന്നത്തെ തലമുറയുടെ മുന്നത്തെ തലമുറയിൽ  കീഴാളമാതൃത്വത്തിന്റെ ജനിതകരേഖകൾ എങ്ങിനെ വന്നു എന്നത് ഒരു പ്രഹേളികയാണ്.
കമന്റ്  100 :ഗൈസ്, സീ... അധിനിവേശം നടത്തിയ മാർഷ്യൻസിനിടയിൽ സ്ത്രീകളുണ്ടായിരുന്നതായി യാതൊരു സൂചനകളും വിശുദ്ധഗ്രന്ഥം നൽകുന്നില്ല. മറിച്ച് അവർ പുരുഷൻമാരായിരുന്നു എന്ന് ആവർത്തിച്ച് പരാമർശിക്കുന്നുമുണ്ട്.
''...In spite of Ogilvy, I still believed that there were men in Mars...''
''...The ringing impact of trucks, the sharp whistle of the engines from the junction, mingled with their shouts of "Men from Mars!"...'' ''...By eight o'clock a number of boys and unemployed men had already started for the common to see the "dead men from Mars..."
എല്ലാറ്റിനുമുപരി മാർഷ്യൻസിനിടയിൽ സ്ത്രീകളില്ലായിരുന്നു എന്നതിന് ഏറ്റവും മികച്ച ഉദാഹരണം ഇതാ, മാർഷ്യൻ സന്താനോൽപ്പാദനപ്രക്രിയയിലേക്ക് വിരൽ ചൂണ്ടുന്ന ഭാഗം.
"..In the next place, wonderful as it seems in a sexual world, the Martians were absolutely without sex,  and therefore without any of the tumultuous emotions that arise from that difference among men. A young Martian, there can now be no dispute, was really born upon earth during the war, and it was found attached to its parent, partially budded off, just as young lilybulbs bud off, or like the young animals in the fresh-water polyp... "
അതായത് മാറിഷികൾക്ക്  സെക്സ് എന്ന ഏർപ്പാടേ ഇല്ലായിരുന്നു. പകരം' സ്വയംഭൂ' എന്ന സൊയമ്പൻ റീപ്രൊഡക്റ്റീവ് ടെക്നോളജിയാണ് അവർ ഉപയോഗിച്ചിരുന്നത്.   ഒരുതരം ബഡ്ഡി സിസ്റ്റം. കുഞ്ഞിക്കാലു കാണണം എന്നു തോന്നുമ്പോ മാറിഷ്യൻസ്  ഒറ്റക്കാലിൽ നിന്ന് "ഓം ഭും ബഡ് സ്വാഹാ"  എന്ന് പറയും. കുറച്ചു കഴിയുമ്പോ ദാണ്ടെ കെടക്കുന്നു, ഒരു കുഞ്ഞ് മാറിഷിയൻ ബഡ്ഡിമഹൻ!  ശ്രദ്ദിക്കുക, ബഡ്ഡിമഹൾ അല്ല.

ഭൂമിയിലെത്തി സ്ത്രീകളെ കണ്ട ശേഷം "എന്തൂട്ട് സ്ട്രക്ചറാണെന്റപ്പച്ചാ " എന്നും പറഞ്ഞ് മാറിഷികൾ അന്തം വിട്ടതായും, ലോക്കൽ സ്ത്രീകളിൽ അവരുടെ കരുത്തുകാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായും സൂചനകളുണ്ട്. ഉദാഹരണത്തിന് ഒരു പാവം മനുഷ്യൻ മാർഷ്യൻ പീഡനത്തെ ഭയന്ന് തന്റെ ഭാര്യയേയും കൂട്ടി രാജ്യം വിടാൻ തീരുമാനിക്കുന്ന സംഭവം ഇതാ...
''...My plan was to return at once to Leatherhead; and so greatly had the strength of the Martians impressed me that I had determined to take my wife to Newhaven, and go with her out of the country forthwith...'' 
ഇന്നുകാണുന്ന  മാറിഷിയൻ മറ്റേണൽ ലീനിയേജിന്റെ തുടക്കം കുറിച്ച ബലാൽ'സംഘി'കളുടെ ചരിത്രത്തിലേക്ക് ഇതിൽപ്പരം നല്ലൊരു വിരൽച്ചൂണ്ടി വേറെയില്ല.
കമന്റ്   101 :  ഈ ചാപ്റ്ററും പിന്നീട് ചേർത്തതാണ്.  ബഡ്ഡു ചെയ്യാൻ അവരെന്താ റബ്ബർ തൈയ്യോ?
കമന്റ്   102 : കുറെ നേരമായല്ലോ യെവന്മാരു പിന്നീട് ചേർത്തു പിന്നീട് ചേർത്തൂ എന്ന് കൂവുന്നത്. പിന്നീട് ചേർക്കാൻ ഇതെന്തര് വിക്കിപ്പീഡിയയോ?  ഒന്ന് പോടാപ്പാ...

കമന്റ്  300: ഇന്ന് കാണുന്ന ജാതിവ്യവസ്ഥയും അസ്പൃശ്യതയും ഒക്കെ മാർഷ്യൻസ് സൃഷ്ടിച്ചതാണ്. അതിനുള്ള ധാരാളം തെളിവുകള്‍ ഈ വിശുദ്ധഗ്രന്ഥത്തിലുണ്ട്. ചരിത്രത്തിലെ ഏതൊരു സാമ്രാജ്യത്തെയും  പോലെ ആദ്യാധിനിവേശവും പതനവും പിന്നീട് പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽപ്പും ഒക്കെയായി  സംഭവബഹുലമായിരുന്ന ഈ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഭാഗങ്ങൾ നമുക്ക് പരിശോധിക്കാം.
''...Micro-organisms, which cause so much disease and pain on earth, have either never appeared upon Mars or Martian sanitary science eliminated them ages ago. A hundred diseases, all the fevers and contagions of human life, consumption, cancers, tumours and such morbidities, never enter the scheme of their life...''
മാർഷ്യൻസ് ഭയങ്കര വൃത്തിയും വെടിപ്പും ഒള്ളവരായിരുന്നു. അഡ്വാൻസ്ഡ്  സാനിറ്ററി സയൻസ് ആൻഡ് ടെക്നോളജി  ഉപയോഗിച്ച് അവരു രോഗാണുക്കളെ ഉൻമൂലനാശം വരുത്തിയിരുന്നു. എന്നാൽ ഭൂമിയിലെത്തിയപ്പോൾ  ഈ ക്ളെൻലിനസ്  അവർക്ക് വിനയാവുകയും അവരെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. 
''...the Martians--dead!--slain by the putrefactive and disease bacteria against which their systems were unprepared; ...''
''...These germs of disease have taken toll of humanity since the beginning of things--taken toll of our prehuman ancestors since life began here. But by virtue of this natural selection of our kind we have developed resisting power; to no germs do we succumb without a struggle, and to many--those that cause putrefaction in dead matter, for instance--our living frames are altogether immune. But there are no bacteria in Mars, and directly these invaders arrived, directly they drank and fed, our microscopic allies began to work their overthrow. Already when I watched them they were irrevocably doomed, dying and rotting even as they went to and fro. It was inevitable...'' 
വൃത്തിഹീനരായ കൂതറ ട്രൈബൽസിന്റ ഉപാസനാമൂർത്തികളായിരുന്ന ചാത്തനും മറുതയുമടങ്ങിയ മൈക്രോബിയൽ ആർമിയെ ചെറുക്കാൻ വേണ്ടുന്ന പ്രതിരോധവ്യവസ്ഥ ആദ്യാധിനിവേശികളായിരുന്ന  മഹാറിഷിയർക്കില്ലാതെ പോയി എന്ന് വ്യക്തം. അതുകാരണം  അവർ തൂറ്റലു പിടിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങി.

തൂറിമരിച്ച പൂർവ്വീകരുടെ ചാരത്തിൽ ചവിട്ടാതെ ഇത്തിരി മാറി നിന്ന് ഇതിന് പകരം ചോദിക്കുമെന്ന് ശപഥം ചെയ്ത പിൽക്കാല മാർഷ്യൻ തലമുറ  പൂർവ്വാധികം  കരുത്തോടെ വീണ്ടും അധിനിവേശം നടത്തിയതിന്റെ സൂചനയും വിശുദ്ധഗ്രന്ഥത്തിലുണ്ട്. 
''...A question of graver and universal interest is the possibility of another attack from the Martians..." 
രണ്ടാം വരവിൽ മാർഷ്യൻസ് മനുഷ്യരുമായി  അടുത്തിടപഴകുകയും മൈക്രോബിയൽ ചാത്തൻമാരെ നശിപ്പിക്കാനായി അടുപ്പ് കൂട്ടി തീയിട്ട് പലവ്യഞ്ജനങ്ങൾ കത്തിച്ച് യാഗങ്ങൾ നടത്തുകയും ചെയ്തു. ഇതിൽ ഒതുങ്ങാത്ത മറുതകൾക്കായി ആടുബലിയും  ആഡുമിക്സിങ്ങും (Admixing) നടത്തി  സ്വാഭാവിക പ്രതിരോധശേഷി നേടിയെടുത്തു.

പ്രതികാരദാഹവുമായി തക്കം പാർത്തിരുന്ന മാർഷ്യൻസ്   പതിയെപ്പതിയെ മനുഷ്യരെ വിഘടിപ്പിച്ച് ജാതിവ്യവസ്ഥയും അൺടച്ചബിലിറ്റിയും നടപ്പിൽ വരുത്തി. സ്വാഭാവികപ്രതിരോധം കൊണ്ട് തൃപ്തിപ്പെടാതെ, പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ എന്ന ശ്ലോകം അവർ അക്ഷരം പ്രതി അനുസരിച്ചു എന്നു വേണം കരുതാൻ. അതുകൊണ്ട് രോഗവാഹകരെന്ന് അവർ കരുതിയ ആളുകളെയൊക്കെ സമൂഹത്തിന്റെ പരിയമ്പുറങ്ങളിലേക്ക് തുരത്താനും, ഏഴയലത്ത് അടുപ്പിക്കാതെയിരിക്കാനും മറ്റുള്ളവരെക്കൂടി പ്രേരിപ്പിച്ചു.

പക്ഷേ ഈ നിഷ്കാസനം സമ്പൂർണ്ണമാകുന്നതിനും ഏറെക്കാലം  മുൻപ് തന്നെ മാറിഷ്യശിങ്കൻമാര് മനുഷ്യസ്ത്രീകളെ  തന്ത്രപൂർവ്വം വളച്ചെടുക്കാനുള്ള  കാലാവസ്ഥ ഒരുക്കിയിരുന്നു. 

(ഈ ചർച്ച തുടങ്ങി ഇരുന്നൂറാം കമന്റിനും മുന്നൂറാം കമന്റിനുമിടയിലെ സുദീർഘമായ  കാലയളവിൽ മറ്റൊരു സംഭവവമുണ്ടായി.  ആക്കിയോളജിക്കൽ സർവ്വേയിലെ റിയൽ എസ്റ്റേറ്റ് മാഫിയ പുതിയ ഒരു വിവാദകെട്ടിടം പൊളിക്കാൻ രാമൂന്റെ ബെർമൂഡ  കുഴിച്ചിടുന്നതിനിടയിൽ വിലയേറിയ ഒരു ചരിത്രരേഖ കൂടി കണ്ടെത്തി.  ഭരതമുനി സംവിധാനം ചെയ്ത "വൈ ശാലി ?"എന്ന സിനിമയുടെ പൈറേറ്റഡ് സീഡി ആയിരുന്നു ആ മുതൽ. അതിൽ നിന്നും കിട്ടിയ അറിവിന്റെ സൂചനകൾ തൊട്ടുമുകളിലെ കമന്റിന്റെ ഒടുക്കത്തിൽ  കാണാം.  ശേഷം  ഇന്റർകട്ട് ചെയ്ത് ചർച്ചയിലേക്ക്)

കമന്റ്  301:  ഒരു ജനതയെ ദീർഘകാലവരൾച്ചയിലേക്ക് തള്ളിയിട്ടശേഷം ദാഹിച്ചുവലഞ്ഞ അവർക്ക് കുടിവെള്ളമെത്തിക്കാൻ എന്ന വ്യാജേന സുന്ദരികളായ അന്നാട്ടു സ്ത്രീകളെ തങ്ങളുടെ മടയിലേക്കെത്തിച്ച മാർഷ്യൻ കൊടും ചതിയുടെ ചുരുളഴിക്കുന്നതാണ് ഈയിടെ കണ്ടെടുത്ത "വൈ ശാലി?" എന്ന ചരിത്രസിനിമ. ഇതിന്റെ സീഡി കണ്ടിട്ടില്ലാത്തവർക്കായി ചില സീനുകൾ കാണിക്കാം.
____
കാടിനുനടുവിൽ ഒരു ആശ്രമസന്ധ്യ. ചിന്തിച്ചിരിക്കുന്ന മാർഷ്യശൃംഗൻ എന്ന ന്യൂജനറേഷൻ മാർഷ്യൻ യുവാവ്. ചിന്തയിൽ കല്ലിട്ടുകൊണ്ട്  ഒരു ഗർജ്ജനം.  

"മാർഷ്യശൃംഗാ...  ചമ്മന്തിയൊരുക്കിയില്ലേടാ ബഡ്ഡിമഹനേ...?" 

അച്ഛാ... നമ്മടെ പ്ളാൻ വർക്കായി.

പ്ളാന്റർ വർക്കിയോ അതാരടേയ്? 

ഈ തന്തക്ക് ചെവീം കേട്ടൂട ... ആ കുന്ത്റാണ്ടം ചെവീലോട്ട് വെക്ക്. 

അച്ഛാ ഈ നശിച്ച ബഡ്ഡി സിസ്റ്റം അവസാനിപ്പിക്കാൻ നമ്മൾ നടപ്പാക്കിയ  വരൾച്ചാ പദ്ധതി ഏറ്റു. എന്നെ  ബോളുകളിക്കാൻ ക്ഷണിച്ചുകൊണ്ട് അംഗരാജ്യത്തെ ആ ബ്യൂട്ടി പാജന്റ് വിന്നർ ഇന്നിവിടെ വന്നിരുന്നു.

കൂട്ടത്തിൽ ഒരു വള്ളം നെറച്ചു വേറെയും ചരക്കുകൾ. ഒളിഞ്ഞു നിന്ന അവരെ ഞാൻ കണ്ടില്ലെന്നാ അവരുടെ വിചാരം. ബ്ളഡി ഫൂൾസ്. ഒള്ളതു പറയാവല്ല്, ബോളുകളിക്കിടയിൽ എന്റെ കണ്ട്രോളു പോയതാണ് . പിന്നെ ഒരുവിധം പിടിച്ചു നിന്നു. നാളേം വരാമെന്ന് പറഞ്ഞിട്ടുണ്ട് പാർട്ടികൾ. 

എന്നാലും എനിക്കൊരു എസ്സെമ്മസ് വിട്ടുകൂടാരുന്നോടാ തെണ്ടീ... ഛെ മിസ്സായി. 

കെളവന്റെ ഒരാക്റാന്തം... സ്വല്പ വെയിറ്റ് മാഡി  ഗുരോ...
______

ശേഷം...  ബഡ്ഡിശിങ്കൻ സ്വയം കടത്തപ്പെട്ട് അംഗരാജ്യത്ത് ചെല്ലുകയും മിസ്. അംഗരാജ്യത്തെ ഗ്രൂപ്പ് ഡാൻസിനിടയിൽ  ഉപേക്ഷിച്ച് സാക്ഷാൽ രാജകുമാരിയെ തന്നെ  പ്രാപിച്ച് (വിത്ത് ഡ്യൂ പെർമിഷൻ) മാറിഷീയൻ ബഡ്ഡി സിസ്റ്റത്തിന് അറുതിവരുത്തുകയും അംഗരാജ്യത്തിന്റെ അനന്തരാവകാശത്തിലേക്ക് തന്റെ വേരുകളാഴ്ത്തുകയും ചെയ്തു.

തന്തശിങ്കൻ  ഇതിനിടെ ആളേക്കൂട്ടി നേരെ രാജാവിന്റെ അടുത്തു ചെന്ന് ബോളുകളിക്കാൻ ആളെ വേണമെന്ന് പറഞ്ഞു. രാജാവ് സമ്മതിച്ചില്ല. അപ്പോ മാറിഷിയൻ പരിവാരങ്ങൾ ബലമായി സ്ത്രീകളെ പിടിച്ചോണ്ടു പോയി സംഘം നടത്തി. ഇങ്ങിനെയാണ് ഏലിയൻസിന് വ്യാപകമായ തോതിൽ സെക്സുണ്ടാകുന്നതും 'സംഘികൾ' എന്ന  പേരു  സംസ്കൃതത്തിൽ രൂപം കൊള്ളുന്നതും.

രാജകുമാരിയിൽ മാർഷ്യശൃംഗനു ഒരു 'നോൺ ബഡ്ഡിമഹൾ' പിറന്നു. ഭൂമിയിലെ ആദ്യത്തെ മാർഷ്യോകോണ്ട്രിയൽ ഈവ്!

പിന്നീടങ്ങോട്ട് മാർഷ്യൻ പോപ്പുലേഷനിൽ തേച്ചാലും മാച്ചാലും പോകാതെ, ആകസ്മിക ഉല്പരിവർത്തനങ്ങളിൽപ്പെട്ട് അടയാളങ്ങളുടെ രസച്ചരടുകൾ അറ്റുപോകാതെ, ശാസ്ത്രത്തിനു കണ്ടെടുക്കാൻ പാകത്തിന് എന്നേക്കുമായി  പതിഞ്ഞുപോയ കീഴാളമാതൃത്വത്തിന്റെ ജനിതകരജതരേഖ അവിടെ തുടങ്ങുന്നു...
   
കമന്റ്  302 :ഹോ... ആരെങ്കിലും ഒരു ഷോഡ തരിനെടേയ്...
കമന്റ്  400 : ഇനിയിപ്പോ ഏലിയൻസ് പെണ്ണുങ്ങളെ തട്ടിക്കോണ്ട് പോയതിനു പ്രതികാരമായിട്ടാണോ മറ്റേ രാവണൻ  സീതേനെ തട്ടിക്കോണ്ടു പോയത്?  ഇതൊരു കുഴഞ്ഞുമറിഞ്ഞ കേസ് തന്നെ. 
കമന്റ്  1000:  ഹും ഇതൊന്നും ശരിയല്ല. നാഗ്പൂർ ചരിത്രരേഖകൾ  പ്രകാരം അധിനിവേശം ഒരു മിത്താണ്. അത്യാവശ്യം പെണ്ണ് പിടിച്ചുകാണും . ഈ പുസ്തകത്തിലെ മുപ്പത്തിയഞ്ചിനു ശേഷമുള്ള ചാപ്റ്ററുകൾ  ആരൊക്കെയോ ചേർന്ന് എഴുതിച്ചേർത്തതാണ്. ജയ് ഭാരത് മാതാ...
 കമന്റ്  1001: ആകെപ്പാടെ രണ്ട്  ഭാഗങ്ങളിലായി 27 ചാപ്റ്ററുകളേ ഉള്ളഡേയ്.  ബുക്ക് വായിക്കാതെ കമന്റെഴുതാൻ ഇറങ്ങിയേക്കുവാ ശവം!
കമന്റ്  1500: പോസ്റ്റും കമന്റും ഒന്നും വായിച്ചില്ല. ബുക്ക് ഞങ്ങടെ പട്ടി വായിക്കും. പക്ഷെ അധിനിവേശം എന്നുണ്ടെങ്കിൽ അത്  പിന്നീട് എഴുതിച്ചേർത്തതാണ്. ബോലോ ഭാരത് മാതാ കീ...ജയ്.
കമന്റ് 2000:  കൊന്നെങ്കിൽ കണക്കായിപ്പോയി. ഞങ്ങൾക്ക്  ഇതൊരു പുത്തരിയല്ല. ഞങ്ങൾക്ക് മുന്നേ ഇവിടെ വന്നവരുൾപ്പെടെ സകല വര(മേ)ത്തന്മാരെയും ഞങ്ങൾ ഉന്മൂലനം ചെയ്യും. ഗുജറാത്തിൽ ഞങ്ങൾ  ഇത് തെളിയിച്ചു കഴിഞ്ഞതാണ്. വാളുകൊണ്ടും ശൂലം കൊണ്ടും വയറുകീറിയും ചോരകുടിച്ചും  കൊന്നുഭരിച്ചർമ്മാദിച്ച ഹിന്ദുദൈവങ്ങളുടെ സ്വന്തം നാടാണിത്. ഹിന്ദുക്കൾക്ക് മാത്രമുള്ള മാർഷഭാരതനാട്.  ഹെയിൽ ഹിറ്റ്ലർ! സോറി... ഹെയിൽ മോഡി!  

Sunday, February 10, 2013

ഗൂഗിൾ സ്കോളറും മതപ്രചാരണ ബോണസും!


ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും, പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ പ്രബന്ധങ്ങളെക്കുറിച്ചു മറ്റ് ഗവേഷകർ പിന്നീട് വരുന്ന പ്രബന്ധങ്ങളിൽ പരാമർശിക്കുകയും ചെയ്യുന്ന "സൈറ്റേഷൻ" എന്ന എടപാടിനെക്കുറിച്ച്  ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. 

പബ്മെഡ് പോലെയുള്ള തിരച്ചിൽ സംവിധാനങ്ങളുണ്ടെങ്കിലും ഗവേഷണവിവരങ്ങൾ എളുപ്പം തിരഞ്ഞ് കണ്ടെത്താൻ സാധാരണക്കാരും, ഗവേഷകരും ഒക്കെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിളും ഗൂഗിൾ സ്കോളറും ഒക്കെയാണെന്ന് തോന്നുന്നു. അതിൽ തന്നെ ഗൂഗിൾ സ്കോളർ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു തിരച്ചിൽ സംവിധാനമാണ്.

തിരച്ചിൽ ഫലമായി കിട്ടുന്ന ആർട്ടിക്കിളുകളോടൊപ്പം പ്രസ്തുത ആർട്ടിക്കിളിനു  എത്ര സൈറ്റേഷൻ കിട്ടിയിട്ടുണ്ട് എന്നത് സൂചിപ്പിക്കാൻ "സൈറ്റഡ് ബൈ" എന്ന് കൊടുത്തിട്ട് ഒരു സംഖ്യയും ഒപ്പം കൊടുക്കാറുണ്ട്.  സൈറ്റേഷന്റെ എണ്ണം കൂടുന്തോറും ആ പേപ്പറിന്റെ പ്രാധാന്യം, പോപ്പുലാരിറ്റി ഒക്കെ കൂടുന്നുവെന്നും, കൂടുതൽ ആധികാരികവും, മുഖവില"യ്ക്കെടുക്കപ്പെടേണ്ടതാണെന്നും ആളുകൾ കരുതും. അതാണതിന്റെ ഒരു രീതി.

എന്നാൽ ഗൂഗിൾ സ്കോളറിലെ സൈറ്റേഷൻ സംഖ്യ എത്രകണ്ട് വിശ്വസനീയമാണ് എന്ന് ഗൂഗിൾ സ്കോളർ ഉപയോഗിച്ചിട്ടുള്ള നിങ്ങളിൽ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?  ഇല്ലെങ്കിൽ നമുക്ക് അതൊന്ന് പരിശോധിക്കാം.

ഈയിടെ  ബയാന്റെ ഗൂഗിൾ പ്ലസ് പോസ്റ്റിൽ  ആത്മീയത, മതവിശ്വാസം എന്നിവയ്ക്ക് മനുഷ്യാരോഗ്യവുമായുള്ള ശക്തമായ ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന വാദം ചർച്ചയിൽ ഉയർന്നു വരികയും അതിനു ഉപോൽബലകമായി സിബു.സി.ജെ ഗൂഗിൾ സ്കോളറിൽ തിരഞ്ഞ് കിട്ടിയ ചില പഠനങ്ങൾ  കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.   അവിടെ സൂചിപ്പിക്കപ്പെട്ട സൈക്കോളജി പഠനങ്ങളുടെയെല്ലാം പ്രാധാന്യവും ആധികാരികതയും ഉറപ്പിക്കാൻ  ഒപ്പം തന്നെ സൈറ്റേഷൻ സംഖ്യയും കൊടുത്തിരുന്നു.    സൈക്കോളജി പോലെ ധാരാളമായി പേപ്പറുകൾ ഇറങ്ങുന്ന മേഖലയിൽ, മതപ്രചാരണ സോദ്ദേശ മനശാസ്ത്രസാഹിത്യം അച്ചടിച്ചിറക്കാൻ കൂണുകൾ പോലെ ജേണലുകൾ മുളച്ച് പൊന്തുന്ന ഇക്കാലത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സാമാന്യം  ഉയർന്ന സൈറ്റേഷനുകൾ ഉണ്ടാകുന്നതിൽ അൽഭുതമൊന്നും തോന്നേണ്ടതില്ല.  

എങ്കിലും പേപ്പറുകളുടെ സൈറ്റേഷൻ ക്രോസ് ചെക്ക് ചെയ്യുന്ന ശീലമുള്ളത് കൊണ്ട് 2003-ൽ ഇറങ്ങിയ ഒരു പഠനത്തിനു കിട്ടിയ ആയിരത്തിലധികം (1041) സൈറ്റേഷനുകൾ ഏതു തരത്തിലുള്ളതാണെന്ന് നോക്കുകയുണ്ടായി. പ്രസ്തുത പേപ്പറിന്റെ സൈറ്റേഷനിലുള്ള  2011-ൽ ഇറങ്ങിയ മറ്റൊരു പുസ്തകത്തിനു രണ്ട് വർഷത്തിനുള്ളിൽ 277 സൈറ്റേഷൻ എന്ന് കണ്ടപ്പോൾ ഒരു ചെറിയ സ്പെല്ലിങ്ങ് മിസ്റ്റേക്ക് തോന്നി. അതിനെ തുടർന്ന് ചുമ്മാ നടത്തിയ തിരച്ചിലിന്റെ  ഫലമാണ് ഈ പോസ്റ്റ്. സംഭവം രസകരമാണ്.  ഗൂഗിൾ സ്കോളറിൽ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനുള്ള ടൈം മെഷീൻ  ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഈ സൈറ്റേഷൻ മഷിനോട്ടത്തിൽ തെളിയുന്നത്. 

എങ്ങിനെയാണെന്ന് നോക്കാം.

ഇതാണ് 1041 സൈറ്റേഷനുകളുള്ള 2003-ലെ സ്പിരിച്വാലിറ്റി പേപ്പർ. പീറ്റർ ഹില്ലും, കെന്നത്ത് പർഗമെന്റും എഴുതിയത്.
--------

Advances in the conceptualization and measurement of religion and spirituality: Implications for physical and mental health research.

PC Hill, KI Pargament - 2008 - psycnet.apa.org

Cited by 1041
---------
ഇത് ശരിക്കും 2003-ൽ ഇറങ്ങിയ പേപ്പറാണ്. 2008-ൽ വീണ്ടും ഇറക്കിയതാണ് (സ്പിരിച്വാലിറ്റി റിലോഡഡ്!).

 Cited by 1041 ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ പേപ്പറിന്റെ സൈറ്റേഷൻ വിവരങ്ങൾ കിട്ടും. അതിന്റെ 
സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു.





































ഇതിൽ KI Pargament എഴുതി 2011-ൽ പുറത്തിറക്കിയ പുസ്തകത്തിനു 277 സൈറ്റേഷൻ ഉണ്ടെന്ന് കൊടുത്തിരിക്കുന്നു .
----------

[BOOK] Spiritually integrated psychotherapy: Understanding and addressing the sacred

KI Pargament - 2011 - books.google.com

----------

Cited by 277 എന്ന ലിങ്കിൽ  ഞെക്കിയാൽ കിട്ടുന്ന പേജിൽ പർഗാമെന്റിന്റെ പുസ്തകത്തിനു കിട്ടിയ സൈറ്റേഷനുകളുടെ വിശദാംശങ്ങൾ കിട്ടും. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു. 






































ചിത്രത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന വർഷങ്ങൾ ശ്രദ്ധിക്കുക.  2011-ൽ ഇറങ്ങിയ പർഗമെന്റിന്റെ പുസ്തകത്തെ  2010, 2009, 2008, 2007 എന്നീ വർഷങ്ങളിൽ ഇറങ്ങിയ പേപ്പറുകൾ/പുസ്തകങ്ങൾ  ഒക്കെ സൈറ്റ് ചെയ്തിരിക്കുന്നതായി ഗൂഗിൾ സ്കോളർ കാണിക്കുന്നു!  
ഏറ്റവും വലിയ തമാശ 2011-ൽ പർഗമെന്റ് ഇറക്കിയ പുസ്തകത്തെ അതിനും നാലു വർഷം മുൻപ് 2007-ൽ അങ്ങേരു തന്നെ മറ്റൊരു പേപ്പറിൽ സൈറ്റ് ചെയ്തിരിക്കുന്നു എന്നാണ് ഗൂഗിൾ സ്കോളർ നമ്മോട് പറയുന്നത്! വേണമെങ്കിൽ നാലു വർഷം മുന്നേ സൈറ്റ് ചെയ്തേക്കാമെന്ന് യേത്!  അന്യായ ടൈംട്രാവൽ തന്നെ ഗൂഗിൾ സ്കോളറേ... :)

ഒരു പേജിന്റെ സ്ക്രീൻ ഷോട്ട് മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ.  277 സൈറ്റേഷനുകളിൽ എത്ര എണ്ണം 2011-നും 2013-നും ഇടയ്ക്ക് (പുസ്തകം ഇറങ്ങിയ ശേഷം) ഉള്ളതാണെന്ന് നോക്കാൻ ഈ കാലഘട്ടം  (കസ്റ്റം റേഞ്ച്)  സെറ്റ് ചെയ്തിട്ട് തിരഞ്ഞാൽ മതിയാകും. അതിന്റെ ഫലം ഇവിടെ നോക്കുക. മൊത്തം 134 എണ്ണം ഉണ്ടെന്ന് കാണാം. അതായത് 277-ൽ 134 എണ്ണം പുസ്തകം ഇറങ്ങിയശേഷം കിട്ടിയ സൈറ്റേഷനുകളാണ്. ബാക്കിവരുന്ന  143 എണ്ണം (51.62%) ഗൂഗിൾ സ്കോളറിന്റെ വക ബോണസായി കൊടുത്തിരിക്കുന്ന  ഭൂതകാലസൈറ്റേഷനുകളാണ്. 

ആത്മീയതാഗവേഷണത്തിനും,  മത-അശാസ്ത്രീയ ഉഡായിപ്പുകൾക്കും പാമ്പൻ പാലത്തിന്റെ ഉറപ്പും ബലവും , ആധികാരികതയും നൽകാൻ ഗൂഗിൾ സ്കോളർ കണ്ടെത്തിയ കുറുക്കുവഴിയാണോ ഈ സൈറ്റേഷൻ സംഭാവന?  അതോ ഗൂഗിൾ സ്കോളറിന്റെ സൈറ്റേഷൻ കൗണ്ടറിലെ സാങ്കേതിക പോരായ്മയോ?  സാങ്കേതിക പോരായ്മയാണെങ്കിൽ മറ്റു വിഷയത്തിലെ സൈറ്റേഷനുകൾക്കും ഇതേ പ്രശ്നം ഉണ്ടായിരിക്കണം. 

ഉദാഹരണത്തിനു ബയോളജി വിഷയം നോക്കാം. 2012-ൽ ഫിസിയോളജി&മെഡിസിനു നോബൽ സമ്മാനം കിട്ടിയ ഷിന്യാ യമനാക്കയുടെ 2006-ലെ പ്രശസ്തമായ 'സെൽ' പേപ്പറിന്റെ സൈറ്റേഷനുകൾ ഗൂഗിൾ സ്കോളറിൽ പരിശോധിച്ച് നോക്കാം.
-----------

Induction of pluripotent stem cells from mouse embryonic and adult fibroblast cultures by defined factors

K Takahashi, S Yamanaka - cell, 2006 - Elsevier
Cited by 6726
-------------
Cited by 6726 എന്ന ലിങ്കിൽ ഞെക്കിപ്പോയാൽ ഈ 6726 സൈറ്റേഷനുകളുടെ വിശദാംശങ്ങൾ കിട്ടും. നിരവധി പേജുകളിലായി നീണ്ടു കിടക്കുന്ന ഇതിൽ പേപ്പർ ഇറങ്ങിയ 2006-നു മുൻപ് എത്ര സൈറ്റേഷൻ ഉണ്ടെന്ന് അറിയാൻ 2002-2006 എന്ന നിശ്ചിത കാലഘട്ടം സെറ്റ് ചെയ്ത് സെർച്ച് ചെയ്ത് നോക്കിയാൽ മതി. അതിന്റെ ഫലം ഇവിടെ.  മൊത്തം  നാലു സൈറ്റേഷനേ 2006-നു മുൻപായി ലിസ്റ്റ് ചെയ്തിട്ടുള്ളൂ (2002-ൽ 1, 2004-ൽ 1, 2005-ൽ 2). മൊത്തം 6726-ൽ നാലെണ്ണം മാത്രമേ ഗൂഗിൾ സ്കോളറിന്റെ വക ബോണസ് കൊടുത്തിട്ടുള്ളൂ. അതായത്  വെറും തുച്ഛമായ  0.059%!  

സ്റ്റെം സെൽ റിസർച്ചും, യമനാക്കയും എന്താ രണ്ടാം കെട്ടിലുള്ളതാണോ ഗൂഗിൾ സ്കോളറേ? :)
അവർക്ക് കുറച്ച് സൈറ്റേഷൻ ബോണസ് കൂട്ടിക്കൊടുത്താൽ എന്താ പുളിക്കുമോ? :)

ഈ പ്രതിഭാസത്തിനു പലതരം വ്യാഖ്യാനങ്ങൾക്ക് സ്കോപ്പുണ്ട്.
  1. സ്റ്റെം സെൽ റിസർച്ചിനെ എതിർക്കുന്ന,  ആത്മീയ-മത-ശാസ്ത്ര-ഉഡായിപ്പിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വലതുപക്ഷ ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ കറുത്ത കരങ്ങൾ ഈ ഗൂഗിൾ സ്കോളർ സ്കാമിനു പിന്നിലുണ്ടാവാം. (കോൺസ്പിരസി തിയറി ഒന്ന്)
  2. ശാസ്ത്രത്തെ ഏറെക്കുറെ കൃത്യമായും, മത/ആത്മീയ ഉഡായിപ്പുകളെ തെറ്റായും ചിത്രീകരിക്കുന്നതിലൂടെ ഗൂഗിൾ സ്കോളർ ശാസ്ത്രത്തിനൊപ്പം നിൽക്കുന്നു.  തെറ്റിദ്ധാരണയുണ്ടാക്കുന്ന "ഫീൽ ഗുഡ്" ഫാക്റ്റർ മാത്രമാണ് മതം എന്ന് ഉറക്കെ വിളിച്ച് പറയുന്നു. (കോൺസ്പിരസി തിയറി രണ്ട്)
  3. ഗൂഗിൾ സ്കോളറിന്റെ സൈറ്റേഷൻ കൗണ്ടറിനു സാമൂഹ്യ/മനശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സാരമായ തകരാറുണ്ട്. (ശരിക്കും ഇതാവും പ്രശ്നം. ഗൂഗിൾ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരനടപടികൾ കൈക്കൊള്ളുമെന്ന് ആശിക്കുന്നു. )

എന്തായാലും ഗൂഗിൾ സ്കോളർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇതുപോലെയുള്ള സൈറ്റേഷനുകളുടെ എണ്ണം കണ്ണുമടച്ചങ്ങ് വിശ്വസിക്കരുത്. അല്ലെങ്കിൽ തന്നെ ഒരു കാര്യവും കണ്ണടച്ച് വിശ്വസിച്ച് മുഖവിലയ്ക്കെടുക്കരുത്.  സംശയിക്കാനും ചോദ്യം ചെയ്യാനും ഉള്ള വിദ്യാർത്ഥിമനസ്സോടെ വേണം എന്ത് വിഷയത്തെയും, പ്രത്യേകിച്ച് പഠനവിഷയങ്ങളെ സമീപിക്കാൻ.    


പി.എസ്: ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഗൂഗിൾ സ്കോളറിന്റെ ഇത്തരം പോരായ്മകളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റ് ചില ലേഖനങ്ങളും ശ്രദ്ധയിൽപ്പെട്ടു. അതിൽ ഒരെണ്ണം ഇതാ ഇവിടെ.

Sunday, February 03, 2013

അനശ്വരതയുടെ കീഴാളകോശങ്ങൾ ( ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഭാഗം രണ്ട്

1966 സെപ്റ്റംബർ.
ഡോ.സ്റ്റാൻലി ഗാർട്ലർ
ചിത്രത്തിനു കടപ്പാട്
പെൻസിൽവാനിയയിലെ ബെഡ്ഫോഡ് എന്ന ചെറുഗ്രാമത്തിലെ ഒരു ഹോട്ടലിൽ വെച്ച് ഡോക്ടർ ജോർജ് ഗയ്  ഉൾപ്പെടെ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള  എഴുന്നൂറോളം വിദഗ്ദർ പങ്കെടുത്ത  ഒരു കോൺഫറൻസിൽ വെച്ചാണ്  ഏവരെയും ഞെട്ടിച്ച് കൊണ്ട്,  താരതമ്യേന അപ്രശസ്തനായിരുന്ന സ്റ്റാൻലി ഗാർട്ലർ എന്ന ജനിതകശാസ്ത്രജ്ഞൻ   "ഹീലാബോംബ്"  പൊട്ടിക്കുന്നത്.  ടിഷ്യൂ കൾച്ചർ രംഗത്തെ ഒരു 'സാങ്കേതികപ്രശ്നം' എന്ന മുഖവുരയോടെ ഗാർട്ലർ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതായിരുന്നു. കോശങ്ങളെ തമ്മിൽ വേർതിരിച്ചറിയാനുതകുന്ന നൂതനമായ അടയാളങ്ങൾ (പ്രോട്ടീൻ മാർക്കറുകൾ) കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാർട്ലർ. ഇതിന്റെ ഭാഗമായി പരിശോധിക്കപ്പെട്ട പതിനെട്ട് വ്യത്യസ്ത തരം കോശങ്ങളിലും ഗ്ലൂക്കോസ്-6-ഫോസ്ഫേറ്റ് ഡീഹൈഡ്രജനേസ്-എ (G6PD-A) എന്ന പ്രത്യേക പ്രോട്ടീൻ  അടയാളമുള്ളതായി കണ്ടെത്തി. 

കറുത്ത വർഗ്ഗക്കാരായ അമേരിക്കക്കാരിൽ മാത്രം കാണപ്പെടുന്ന (അവരിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന)  ഈ അടയാളം എങ്ങിനെ പതിനെട്ട് കോശങ്ങളിലും എത്തി എന്നത് ഒരു കുഴയ്ക്കുന്ന പ്രശ്നമായിരുന്നു. പതിനെട്ടു കോശങ്ങളിൽ ചിലതിന്റെയൊന്നും വംശീയഉറവിടം അറിയില്ലായിരുന്നുവെങ്കിലും, പലതും വെള്ളക്കാരിൽ (കോക്കേഷ്യൻ) നിന്നുമെടുത്തതും, ഒരെണ്ണം മാത്രം, ഹീലാ എന്ന അനശ്വരകോശം മാത്രം 'നീഗ്രോ'യുടേതാണെന്നും ഗാർട്ലർക്ക് അറിയാമായിരുന്നു. വെള്ളക്കാരുടെ കോശത്തിൽ കറുത്തവർഗക്കാരന്റെ അടയാളം കാണപ്പെട്ടതിന് ഏറ്റവും ലളിതമായ ഒരു വിശദീകരണമാണ് ഗാർട്ലർ മുന്നോട്ട് വെച്ചത്.   ഈ പതിനെട്ട് കോശങ്ങളിലും ഹീലാകോശങ്ങൾ കലർന്നിരിക്കുന്നു! അതല്ലെങ്കിൽ അവയെല്ലാം ഹീലാകോശങ്ങൾ തന്നെയാണ്!

കൂട്ടത്തിൽ മറ്റ് ചില പ്രസക്തമായ നിരീക്ഷണങ്ങൾ കൂടി ഗാർട്ലർ നടത്തി.

ഹീലായുടെ ഉൽഭവശേഷം മനുഷ്യരുടേതും, മറ്റ് മൃഗങ്ങളുടെയുമൊക്കെയായി നിരവധി കോശങ്ങൾ വളർത്തിയെടുക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ കാൻസർ കോശങ്ങളല്ലാത്ത, നോർമൽ കോശങ്ങളും ഉണ്ടായിരുന്നു.   വളർത്തിയെടുത്ത നോർമൽ കോശങ്ങൾ ചിലപ്പോഴൊക്കെ തളികകളിൽ  പൊടുന്നനെ  കാൻസർ കോശങ്ങളായി മാറുന്ന "സ്പോണ്ടേനിയസ് ട്രാൻസ്ഫർമേഷൻ" എന്ന പ്രതിഭാസവും ഇക്കാലയളവിൽ കണ്ടെത്തിയിരുന്നു. 1966-ലെ പ്രസ്തുത കോൺഫറൻസിനു ഏതാനും വർഷങ്ങൾക്ക് മുൻപ് ഗവേഷകർ ബാക്റ്റീരിയ, വൈറസ് എന്നിവയുടെയും, കോശങ്ങൾ പരസ്പരവും നടക്കാവുന്ന കൂടിക്കലരലുകൾ  ഒഴിവാക്കാനായി കർശനമായ അണുവിമുക്ത സാഹചര്യങ്ങളും, സാങ്കേതികരീതികളും ഒക്കെ നടപ്പിലാക്കി ഉപയോഗിച്ച് തുടങ്ങിയിരുന്നു.  ഈ നടപടിക്രമങ്ങളെ തുടർന്ന് പൊതുവെ കോശങ്ങളെ വളർത്തുക എന്നത്  കുറെക്കൂടി ദുഷ്കരമാവുകയും, വളരെ ചുരുക്കം മാത്രം പുതിയതരം കോശങ്ങളുടെ വികസനം  റിപ്പോർട്ട് ചെയ്യപ്പെടുകയും, തളികകളിൽ നോർമൽ കോശങ്ങൾ പൊടുന്നനെ കാൻസർ കോശങ്ങളാകുന്ന പ്രതിഭാസം ഏതാണ്ട് നിലയ്ക്കുകയും ചെയ്തു!

ഗാർട്ലറുടെ ഈ നിരീക്ഷണങ്ങൾ കേട്ടിരുന്നവർക്ക് അപ്പോൾ തന്നെ കാര്യം പിടികിട്ടി.  ഇത്തരം പൊടുന്നനെയുള്ള ട്രാൻസ്ഫമേഷനും,  "എളുപ്പത്തിലുള്ള" വളർച്ചയും ഒക്കെ ഉണ്ടാക്കിയത്  ഹീലാ എന്ന അതിവേഗവളർച്ചയുള്ള കാൻസർ കോശത്തിന്റെ സാന്നിധ്യം ആയിരുന്നു. മിക്ക ലാബുകളിലും നിത്യവും ഉപയോഗിച്ചിരുന്ന ഹീലാ കോശങ്ങൾ   കർശനമായ സങ്കേതങ്ങൾ വരുന്നതിനു മുൻപ് തന്നെ, ഉപകരണങ്ങൾ വഴിയും,   കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധയും ഒക്കെ കാരണം മറ്റു കോശങ്ങൾക്കൊപ്പം കടന്നുകൂടുകയും, അതിവേഗം പെരുകി മറ്റ് കോശങ്ങളെ മറികടക്കുകയും ചെയ്തു.  സൂക്ഷ്മദർശിനിയിൽ കൂടി നോക്കിയാൽ മിക്ക  കോശങ്ങളും ഒരേപോലെയിരിക്കും എന്നത് കൊണ്ട്  ഒറ്റനോട്ടത്തിൽ ഇവയെ പരസ്പരം വേർതിരിച്ചറിയാനും എളുപ്പമായിരുന്നില്ല.
ഹീലാ കോശങ്ങൾ  ചിത്രത്തിനു കടപ്പാട്

ചുരുക്കത്തിൽ അതുവരെ തൊലിയുടെയും, കരളിന്റെയും,  ശ്വാസകോശത്തിന്റെയും എന്നൊക്കെ കരുതി ഗവേഷണം നടത്തിയിരുന്ന കോശങ്ങളെല്ലാം ഹെൻറിയറ്റ ലാക്സ് എന്ന നീഗ്രോവീട്ടമ്മയുടെ ഗർഭാശയഗളത്തിലെ അർബുദത്തിൽ നിന്നും ഉദയം കൊണ്ട ഹീലാകോശങ്ങൾ തന്നെയായിരുന്നു!
ഫലത്തിൽ മില്യൺ കണക്കിനു ഡോളറുകളുടെ ഗവേഷണം വെള്ളത്തിലായെന്നാണ് ഗാർട്ലർ പറയാതെ പറഞ്ഞത്. 

ഗാർട്ലറുടെ വെളിപ്പെടുത്തലുകൾക്ക് സാക്ഷിയായിരുന്ന പ്രശസ്തനായ ഒരു വെള്ളക്കാരന്‍ പ്രൊഫസര്‍ ലെനാഡ് ഹെഫ്ലിക് അന്നേ ദിവസം അവിടെ മറ്റൊരു സെഷനിൽ സംസാരിക്കുകയുണ്ടായി.  ഹെഫ്ലിക്ക് സ്വന്തമായി തന്റെ  മകൾ ഭ്രൂണനിദ്രയിൽ കഴിഞ്ഞിരുന്ന ഗർഭസഞ്ചിയിലെ (ആംനിയോട്ടിക് സാക്ക്) കോശങ്ങൾ വേർതിരിച്ചെടുത്ത് വളർത്തിയിരുന്നു. ഫിലഡെല്ഫിയയിലെ വിസ്താർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെയും മകൾ സൂസന്റെയും പേരക്ഷരങ്ങൾ വിളക്കിച്ചേർത്ത്  വിഷ് (WISH, Wistar Institute Susan Heyflick) എന്നു വിളിച്ച ഈ കോശം അക്ഷരാർത്ഥത്തിൽ ഹെഫ്ലിക്കിന്റെ മകൾകോശം (ഡോട്ടർ സെൽ) തന്നെയായിരുന്നു.  ഗാർട്ലർ പൊട്ടിച്ച ഹീലാബോംബിൽ വീണു തകർന്ന കോശങ്ങളുടെ ലിസ്റ്റിൽ 'വിഷ്' കോശവും ഉൾപ്പെട്ടിരുന്നു.   തന്റെ പ്രബന്ധാവതരണത്തിനു മുന്നോടിയായി ഹെഫ്ലിക്ക് ഇതിനോട് പ്രതികരിച്ചത് ഒരു തമാശയിലൂടെയാണ്.  മകൾ സൂസന്റെ അച്ഛൻ താൻ തന്നെയാണോ എന്ന്  ഭാര്യയെ വിളിച്ച് അന്വേഷിച്ചുവെന്നും,  ആണെന്ന കാര്യത്തിനു ഭാര്യ ഉറപ്പ് നൽകിയെന്നുമാണ്  ഹെഫ്ലിക്ക് പറഞ്ഞത്. അതായത് തന്റെ ഭാര്യ കറുത്ത വര്‍ഗക്കാരനുമായി ലൈംഗിക ബന്ധത്തിനു പോയിട്ടില്ല എന്ന് അയാള്‍ക്ക് ഉറപ്പു നൽകിയെന്ന്.  തമാശ കേട്ട് ജനം ആർത്ത് ചിരിച്ചു.

കൂടിക്കലർന്ന കോശത്തെ
 അടയാളപ്പെടുത്തിയിരിക്കുന്ന
ചിത്രം. കടപ്പാട്
ചിരിച്ചും അവഗണിച്ചും ഹീലാബോംബ് എന്ന ഭൂതത്തെയും ഗാർട്ലർ എന്ന ശത്രുവിനെയും കുടത്തിലടച്ചതായി നടിച്ച് മിക്ക ഗവേഷകരും അതാത് കോശങ്ങളിൽ പണി തുടർന്നുകൊണ്ടേയിരുന്നു. അന്നവിടെയുണ്ടായിരുന്ന വാൾട്ടർ നെൽസൺ റീസ് എന്ന ശാസ്ത്രജ്ഞൻ പക്ഷെ അടങ്ങിയിരുന്നില്ല. ക്യൂബയിൽ ജനിച്ച് ജർമ്മനിയിൽ വളർന്ന് അമേരിക്കൻ പൗരത്വം സ്വീകരിച്ച വാൾട്ടറിന്റെ ജീവിതം ഈ സംഭവത്തോടെ മാറ്റിമറിക്കപ്പെട്ടു.  നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തോടെ,  ഓക്ക്ലാൻഡിലെ നാഷണൽ നേവൽ ബയോസയൻസസ് എന്ന സ്ഥാപനത്തിൽ   സ്ഥാപിച്ച സെൽ കൾച്ചർ ലാബിന്റെ ഡയറക്റ്റർ ആയിരുന്നു വാൾട്ടർ. കോശങ്ങളെ ശേഖരിച്ച്, വർഗീകരിച്ച്, വിതരണത്തിനും, ഗവേഷണത്തിനുമായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹീലയുടെ കൂടിക്കലരൽ കോശബാങ്കിനും ഗവേഷണത്തിനും വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കിയ വാൾട്ടറിന്റെ ജീവിതലക്ഷ്യം  ഇതിനെ തടയുകയും,  മലിനീകരിക്കപ്പെട്ട കോശങ്ങളെ തേടിപ്പിടിച്ച്  കരിമ്പട്ടികയിൽ പെടുത്തുക എന്നതുമായിരുന്നു.  ഇതിന്റെ പേരിൽ "സെൽഫ് അപ്പോയിന്റഡ് വിജിലാന്റെ" എന്നറിയപ്പെട്ട വാൾട്ടറിന്  ഗവേഷകലോകത്തിന്റെ കടുത്ത ശത്രുതയാണ് നേരിടേണ്ടി വന്നത്.  
-------

1970-കളുടെ തുടക്കത്തിൽ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിയറ്റ്നാം യുദ്ധമേൽപ്പിച്ച രാഷ്ട്രീയപരിക്കുകളെ അതിജീവിച്ച്  പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി റിച്ചാഡ് നിക്സൺ അമേരിക്കൻ പൊതുജനത്തിനു മുന്നിൽ മറ്റൊരു 'യുദ്ധം' പ്രഖ്യാപിച്ചിരുന്നു, കാൻസറിനെതിരെയുള്ള യുദ്ധം.  ചുരുങ്ങിയ കാലത്തിനുള്ളിൽ കാൻസറിന്റെ  മൂലകാരണത്തെയും, അതിനുള്ള പ്രതിവിധിയെയും കണ്ടെത്തുവാനുള്ള പരക്കം പാച്ചിലിനു തുടക്കം കുറിച്ചു കൊണ്ട്  1971-ൽ നിക്സൺ "നാഷണൽ കാൻസർ ആക്റ്റിൽ" ഒപ്പു വെച്ചു.  ഇക്കാലത്ത് വൈറസുകളാണ് കാൻസറുണ്ടാക്കുന്നതെന്ന സിദ്ധാന്തം അതിശക്തമായി ഉയർന്നു വന്നിരുന്നു. ഒപ്പം കാൻസർ വൈറസിനെ കണ്ടെത്തി വാക്സീനുകൾ ഉണ്ടാക്കാനുള്ള  തീവ്രശ്രമവും.  ഇതിന്റെ ഫലമായി  അമേരിക്കൻ ഗവേഷകർ നിരവധി വൈറസുകളെ കണ്ടെത്തിയെങ്കിലും മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിയിക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈറസുകളെ (എപ്സ്റ്റൈൻ ബാർ വൈറസും ബർക്കിറ്റ് ലിംഫോമയുമായുള്ള സാഹചര്യബന്ധം  ഒഴിവാക്കിയാൽ) കണ്ടെത്താനായിരുന്നില്ല.

ഡോ.വാൾട്ടർ നെൽസൺ റീസ്
ചിത്രത്തിനു കടപ്പാട്
വിയറ്റ്നാം യുദ്ധത്തിൽ ശത്രുവായിരുന്നെങ്കിലും കാൻസറിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയുമായുള്ള സഹകരണം തേടിയിരുന്നു നിക്സൺ.   നിക്സൺ-ബ്രഷ്നേവ്  സഹകരണത്തിന്റെ ഭാഗമായി 1972-ൽ അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞർ തമ്മിൽ ഒരു പരസ്പധാരണയുണ്ടാവുകയും, ഗവേഷണകാര്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു.  ഏതാണ്ട് മുപ്പതോളം ഇനം മൃഗവൈറസുകളെ അമേരിക്ക റഷ്യക്ക് കൈമാറിയപ്പോൾ പകരം റഷ്യൻ ശാസ്ത്രജ്ഞന്മാർ അമേരിക്കയ്ക്ക് നൽകിയത്  അഞ്ച് തരം അർബുദകോശങ്ങളായിരുന്നു. അഞ്ച് വ്യത്യസ്ത ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യത്യസ്ത അർബുദരോഗികളിൽ നിന്നും വേർതിരിച്ചെടുത്ത  ഈ റഷ്യൻ കോശങ്ങളിൽ കാൻസർ ഉണ്ടാക്കുന്ന വൈറസിനെയും കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞപ്പോൾ അമേരിക്കൻ ശാസ്ത്രജ്ഞർ ശരിക്കും ഞെട്ടിപ്പോയി. തങ്ങൾക്ക് കഴിയാത്ത കാര്യം റഷ്യക്കാർക്ക് സാധിച്ചു എന്നതിലെ നിരാശ മറച്ച് വെച്ച് അവർ ഈ കോശങ്ങളെ കൂടുതൽ പരിശോധനക്കായും, സൂക്ഷിപ്പിനായും വാൾട്ടർ നെൽസൺ റീസിനെ ഏൽപ്പിച്ചു. കോശങ്ങളെ വിശദമായി  പരിശോധിച്ചതിന്റെ ഫലം വാൾട്ടറിനെപ്പോലും അൽഭുതപ്പെടുത്തുന്നതായിരുന്നു.    ഈ അഞ്ച് റഷ്യൻ കോശങ്ങളും ഹീലാ തന്നെയായിരുന്നു! അധികം താമസിയാതെ  കുരങ്ങുകളിൽ കാണപ്പെടുന്ന ഒരുതരം വൈറസ് ഈ കോശങ്ങളിൽ കലർന്നിരുന്നതായി അവർ മനസ്സിലാക്കി.

1973-ൽ  വാൾട്ടർ തന്നെ ഈ വിവരങ്ങൾ അമേരിക്കയിലെത്തിയ റഷ്യൻ ഗവേഷകരെ അറിയിച്ചു.  കടുത്ത നിരാശയും പ്രതിഷേധങ്ങളുമുണ്ടായെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാകാതെയിരിക്കാനായി പരസ്പരമുള്ള എക്സ്ചേഞ്ച് പ്രോഗ്രാം തുടരാനായിരുന്നു റഷ്യൻ തീരുമാനം. കാൻസറിനെ കീഴടക്കിയ കാലത്തെ അമേരിക്കൻ പ്രസിഡന്റായിരിക്കുക എന്ന നിക്സന്റെ മോഹം  അങ്ങിനെ ഹീലാ എന്ന കീഴാളകോശത്തിൽ തട്ടി പൊലിഞ്ഞുവീണു എന്ന് വേണമെങ്കിൽ പറയാം. തങ്ങൾ തേടിക്കൊണ്ടിരുന്ന കാൻസർ വൈറസുകളിൽ ഒരെണ്ണമാണ് ഹീലയെ ഹീലയാക്കിയതെന്നറിയാൻ ഗവേഷകർക്കു പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

അധികം താമസിയാതെ 1974-ൽ വാട്ടർഗേറ്റ് അപവാദത്തെത്തുടർന്ന് നിക്സൺ രാജിവെയ്ക്കുകയും, 1981-ൽ ഹീലാപവാദത്തെത്തുടർന്ന് ശത്രുക്കളുടെ നിരന്തരസമ്മർദ്ദത്താൽ സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന  'ഫണ്ടിങ്ങിന്റെ അഭാവം'  കാരണം വാൾട്ടർ നെൽസൺ റീസ്  കോശങ്ങളുടെ ലോകത്ത് നിന്നും സ്വയം വിരമിക്കുകയും ചെയ്തു.

ജീവിച്ചിരുന്നപ്പോള്‍ വര്‍ണ്ണ വിവേചനത്തിന് ഇരയായിരുന്ന ഹെന്‍റിയറ്റയുടെ മരണശേഷം അവരുടെ  കോശങ്ങളും വര്‍ണ്ണ വിവേചനത്തിന് ഇരയായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.  വായുവില്‍ കൂടി പോലും മറ്റു കോശങ്ങളില്‍ കലര്‍ന്ന് അവയെ ഉപയോഗശൂന്യമാക്കുന്ന ഭീകരകോശങ്ങളായി ഇതിനോടകം ഹീലാ കോശങ്ങള്‍ കുപ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞിരുന്നു.  പോയ കാലത്തിലെ പകയുടെ കനലുമായി ഒരു കീഴാളകോശം തങ്ങളുടെ വെളുത്തകോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നതായി പലരും കരുതിയിരുന്നിരിക്കണം.

ഹീലാബോംബ് സൃഷ്ടിച്ച പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ  ഇന്നും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഹീലാ  കോശങ്ങളുടെ 'ചരിത്രമറിയുന്ന' ശാസ്ത്രജ്ഞരിൽ പലരും അതിനെ സംശയത്തോടെയും ഭയത്തോടെയുമാണ് സമീപിക്കുക. എന്തായാലും G6PD-A എന്ന അടയാളവും ഇതരകോശങ്ങളിലേക്കുള്ള ഹീലായുടെ പകർന്നാട്ടവുമാണ് പിന്നീട് ഹെൻറിയറ്റയുടെ കുടുംബത്തെ തേടിപ്പിടിക്കാൻ ഗവേഷകർക്ക് പ്രേരണയായത്.
------

1973 ജൂൺ.
കണക്റ്റിക്കട്ടിലെ യേൽ സർവ്വകലാശാലയിൽ ഒന്നാമത്  'ഇന്റർനാഷണൽ വർക്ക്ഷോപ് ഓൺ ഹ്യൂമൻ ജീൻ മാപ്പിങ്ങ്' നടക്കുകയായിരുന്നു. പിൽക്കാലത്ത് പ്രശസ്തിയാർജിച്ച ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ആദ്യപടിയായിരുന്നു ഈ ഹ്യൂമൻ ജീൻ മാപ്പിങ്ങ് പ്രോഗ്രാം. അവിടെ കൂടിയ പല ഗവേഷകരെയും ഹീലായുടെ കണ്ടാമിനേഷൻ പ്രശ്നം അലട്ടിയിരുന്നു.  ഹീലായെ വേർതിരിച്ചറിയാൻ ഉതകുന്ന തനതായ ജനിതക അടയാളം കണ്ടെത്തിയാൽ എളുപ്പത്തിൽ കോശങ്ങളിലെ കലർപ്പ് തിരിച്ചറിയാൻ കഴിയുമെന്ന നിർദേശം ഉണ്ടായി. പ്രോട്ടീൻ വെച്ചുമാത്രമുള്ള തിരിച്ചറിയൽ ശ്രമകരവും അപൂർണ്ണവുമായിരുന്നു.  ജനിതക അടയാളം കണ്ടെത്താൻ ഹീലയുടെ ഡി.എൻ.എ-യെ  ഹെൻറിയറ്റയുടെ കുടുംബത്തിലെ മറ്റുള്ളവരുടെ (ഭർത്താവ്, മക്കൾ) ഡി.എൻ.എയുമായി താരതമ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹെൻറിയറ്റയുടെ കുടുംബത്തെ കണ്ടെത്തുകയും,  അവരുടെ ഡി.എൻ.എ ശേഖരിക്കുകയും ചെയ്യണം.

ജോൺസ് ഹോപ്കിൻസിലെ ജനിതകശാസ്ത്രജ്ഞനും, രോഗങ്ങളെ ജീനുകളുമായി ബന്ധിപ്പിക്കുന്നതിൽ വിദഗ്ദനുമായിരുന്ന ഡോ. വിക്റ്റർ മക്കൂസിക്ക് ഇക്കാര്യത്തിൽ സഹായിക്കാമെന്നേറ്റു. കാരണം ഹോപ്കിൻസിൽ സൂക്ഷിച്ചിരുന്ന ഹെൻറിയറ്റയുടെയും കുടുംബത്തിന്റെയും മെഡിക്കൽ റെക്കോഡുകളെക്കുറിച്ച് മക്കൂസിക്കിനു അറിയാമായിരുന്നു.  അദ്ദേഹം തന്റെ സഹപ്രവർത്തകരെ ഉടൻ തന്നെ ഈ ദൗത്യം ഏൽപ്പിച്ചു.
-------

1973-കളിലെ ഒരു ദിവസം.
ഹെന്‍‌റിയറ്റ ലാക്സ് മരിച്ച് ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ബാള്‍ട്ടിമോറിലുള്ള അവരുടെ ഭര്‍ത്താവ് ഡേവിഡ് ലാക്സിനു ഒരു ഫോണ്‍കാള്‍ വന്നു. വിക്റ്റർ മക്കൂസിക്കിന്റെ ലാബിലെ പോസ്റ്റ്ഡോക്റ്ററല്‍ ഗവേഷകയായ സൂസൻ സു  ആയിരുന്നു വിളിച്ചത്.  ചൈനാക്കാരിയായ സു ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്‍ മിക്കതും ഡേവിഡിനു മനസ്സിലായില്ല. ഫോണ്‍കാളിനൊടുവില്‍ അയാള്‍ ഞെട്ടലോടെ ധരിച്ചത് ഏതാണ്ടിങ്ങനെയായിരുന്നു . "ഹെൻറിയറ്റ പൂർണ്ണമായും മരിച്ചിട്ടില്ല,  പരീക്ഷണശാലയില്‍ ജീവിച്ചിരിപ്പുണ്ട്. മക്കളുടെയും, ഭർത്താവിന്റെയും രക്തം എടുത്ത് ചില പരിശോധനകൾ നടത്തണം, അവര്‍ക്കും ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് നോക്കുവാനാണു".  ഹെൻറിയറ്റയുടെ രോഗം തങ്ങൾക്കും വരുമോ എന്ന് അവർ ശരിക്കും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും മകൾ ഡെബ്ര. അതുകൊണ്ട് തന്നെ ഹോപ്കിൻസിൽ നിന്നും രക്തമെടുക്കാൻ വന്ന സൂവിനെയും ഒപ്പമുണ്ടായിരുന്ന ഡോക്റ്ററെയും അവർ വെറും കയ്യോടെ തിരിച്ചയച്ചില്ല.

തങ്ങൾക്ക് കാൻസർ വരുമോ എന്ന ആശങ്കയിൽ  ഈ രക്തപരിശോധനാഫലം അറിയുവാനായി പലതവണ ഹോപ്കിന്‌സില്‌ വിളിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും ഒന്നുമറിയില്ല എന്ന ഉത്തരമാണ്‌ ലഭിച്ചിരുന്നത്. ഒരിക്കൽ വിക്ടര്‍ മക്കൂസിക്കിനെ  ഡെബ്ര നേരിൽ കാണുകയുണ്ടായി.   ഡെബ്രയുടെ രക്തം ഗവേഷണാവശ്യത്തിനണെന്ന കാര്യം അപ്പോഴും ഡെബ്രയോട് പറഞ്ഞില്ല. അമ്മയെക്കുറിച്ച് അറിയാനുള്ള ആകാംഷയിൽ ഡെബ്ര മക്കൂസിക്കിനോട്  നിരവധി ചോദ്യങ്ങള്‍ ചോദിച്ചു.   പോളിയോ വാക്സിനെക്കുറിച്ചും, ഹീലാ കോശങ്ങൾ സ്പേസിൽ പോയതും, ആറ്റം ബോംബ് പരീക്ഷണവുമൊക്കെ മക്കൂസിക്ക് ഡെബ്രയ്ക്ക് പറഞ്ഞു കൊടുത്തു.

ആ കൂടിക്കാഴ്ചയ്ക്കൊടുവിൽ, പിൽക്കാലത്ത് മെഡിക്കൽ ജനറ്റിക്സിന്റെ പിതാവ് എന്നറിയപ്പെട്ട വിക്റ്റർ ആൽമൺ മക്കൂസിക്ക് എന്ന മഹാനായ ശാസ്ത്രജ്ഞൻ  താൻ എഴുതിയ 'മെഡിക്കല്‍ ജനറ്റിക്സ്' എന്ന പുസ്തകം ഒപ്പിട്ട് ഡെബ്രയ്ക്ക് കൊടുത്തു. തനിക്ക് തികച്ചും അപരിചിതമായ ജനിതകഭാഷകൊണ്ട്  കനമേറിയ ആ പാഠപുസ്തകത്തിൽ ഹെൻറിയറ്റ ലാക്സ് എന്ന പേരിനൊപ്പം അച്ചടിച്ച് വെച്ചിരുന്ന അമ്മയുടെ ചിത്രം കണ്ട് ആ മകൾ അൽഭുതസ്തബ്ധയായിപ്പോയി!
-------

1975-ൽ മൈക്കൽ റോജേഴ്സ് എന്ന യുവ ജേണലിസ്റ്റ്  റോളിങ്ങ് സ്റ്റോണിനു വേണ്ടി തയ്യാറാക്കിയ ഒരു ലേഖനത്തിലൂടെയാണ്‌ ഹീലാ കോശങ്ങൾ വാണിജ്യവൽക്കരിക്കപ്പെട്ട വിവരം ഹെൻറിയറ്റയുടെ കുടുംബം അറിയുന്നത്. ആരുടെയും അറിവോ സമ്മതമോ കൂടാതെ ഹെൻറിയറ്റയുടെ ശരീരഭാഗം മുറിച്ചു മാറ്റുകയും, അതില്‍ നിന്നും കോശങ്ങളെ വളര്‍ത്തിയെടുക്കുകയും, അത് വിറ്റു ഒരു കൂട്ടര്‍ ധനികരാവുകയും ചെയ്തു എന്ന വിവരങ്ങൾ  നിർധനരായ ആ കുടുംബം ഞെട്ടലോടെയാണു തിരിച്ചറിഞ്ഞത്. കറുത്ത വര്‍ഗക്കാരെ വെള്ളക്കാര്‍ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന ഒരു ഇരുണ്ട കാലം സൃഷ്ടിച്ച മുറിവുകള്‍  മനസ്സില്‍ ഉണങ്ങാതെ കിടന്നിരുന്നത് അവരുടെ കോപത്തെ ആളിക്കത്തിച്ചു. പക്ഷെ ഹോപ്കിൻസിനെതിരെയും, കമ്പനികൾക്കെതിരെയുമൊക്കെ  കേസ് കൊടുക്കാൻ അവർക്ക് അറിവും, ശേഷിയുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അതിനുള്ള നിയമങ്ങളും ഇല്ലായിരുന്നു.  അതുകൊണ്ട് തന്നെ  ഹെന്‍‌റിയറ്റയുടെ കോശങ്ങള്‍ ബില്ല്യണ്‍ ഡോളര്‍ ബിസിനസ് നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അവരുടെ കുടുംബത്തിനു അതു കൊണ്ട്  നയാ പൈസ പോലും നേട്ടമുണ്ടായില്ല.  

അന്‍പതുകളിലെ നിയമമില്ലായ്മ അനുവദിച്ചിരുന്ന കാര്യമേ അന്ന് ഹെന്‍‌റിയറ്റയുടെ ഡോക്റ്റര്‍മാര്‍ ചെയ്തിട്ടുള്ളൂ എന്നതാണ് പൊതുവെ ശാസ്ത്രസമൂഹത്തിന് ഈ വിഷയത്തിലുള്ള പ്രതികരണം.  പക്ഷെ ഹെൻറിയറ്റയുടെ കുടുംബാംഗങ്ങളിൽ നിന്നും പല വിവരങ്ങളും മനപൂർവ്വം മറച്ചു വെക്കുകയും, അവരുടെ അറിവില്ലായ്മയെ തങ്ങളുടെ അധികാരമുപയോഗിച്ച്  ചൂഷണം ചെയ്തു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ചിത്രത്തിനു കടപ്പാട്
വെള്ളക്കാരായ ഡോക്റ്റർമാരുടെയും വിദ്യാർത്ഥികളുടെയും  പ്രവർത്തി പരിചയത്തിനും, ഗവേഷണത്തിനും, പരീക്ഷണത്തിനും,   കറതീർന്ന വംശവെറിയന്മാരുടെ വെറും വിനോദത്തിനും ഒക്കെയായി കറുത്തവർഗ്ഗക്കാരെ ജീവനോടെയും, അല്ലാതെയും ഉപയോഗിച്ചിരുന്നു.  ഹെറിയറ്റ് വാഷിങ്ങ്ടൻ എഴുതിയ മെഡിക്കൽ അപ്പാർത്തീഡ് എന്ന പുസ്തകം  അമേരിക്കൻ വൈദ്യശാസ്ത്രരംഗത്തെ ഈ ഇരുണ്ടകാലഘട്ടം അതിന്റെ സകല  ബീഭൽസതയോടും കൂടി വരച്ചിട്ടിട്ടുണ്ട്. എങ്കിലും ഇത്തരം പരീക്ഷണങ്ങൾ വഴി ചികിൽസാരംഗത്തുണ്ടായ നേട്ടങ്ങളൊന്നും  കറുത്തവർഗ്ഗക്കാർക്ക് അത്രകണ്ട് ഗുണകരമായി ഭവിച്ചിരുന്നില്ല എന്നതാണ് വാസ്തവം.  ഇന്നും ആരോഗ്യപരിപാലന രംഗത്ത് കടുത്ത അവഗണനയും വിവേചനവും നേരിടുന്ന വിഭാഗമായി തുടരുന്നു കറുത്തവർഗ്ഗക്കാർ.
--------

1984-ൽ ആണ്  ജോൺ മൂര്‍ എന്ന മറ്റൊരു തൊഴിലാളി അർബുദചികിൽസയുടെ ഭാഗമായി മുറിച്ച് മാറ്റപ്പെട്ട തന്റെ പ്ലീഹ (സ്പ്ലീൻ)യിൽ നിന്നും അനുവാദമില്ലാതെ  വേർതിരിച്ചെടുത്ത കോശത്തിന്റെ പേരിൽ ചികിൽസിച്ച ഡോക്റ്റർക്കും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസിനും എതിരെ കേസ് കൊടുക്കുന്നത്.  "മോ" എന്ന പേരിട്ട ഈ കോശം ഡോക്റ്റർ ഡേവിഡ് ഗോൾഡെയും, യൂണിവേഴ്സിറ്റിയും ചേർന്ന്  പേറ്റന്റ് ചെയ്യുകയും, വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ഒരു കമ്പനിയിൽ നിന്നും  $3.5 മില്യൺ ഡോളറിലധികം വരുന്ന കരാറിലേർപ്പെടുകയും ചെയ്തു.  ഈ വിവരം മൂറിൽ നിന്നും ഒളിപ്പിച്ച് കൊണ്ട് ഒരു പുതിയ സമ്മപത്രത്തിൽ മൂറിനെക്കൊണ്ട് ഒപ്പിടുവിക്കാൻ ഡോക്റ്റർ നടത്തിയ കുൽസിതശ്രമത്തിലൂടെയാണ് മൂർ ഇക്കാര്യം അറിയുന്നത്. 

കേസില്‍ ആദ്യം കീഴ്ക്കോടതി മൂറിന്  അനുകൂലമായി വിധിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി മൂറിന് എതിരായി വിധി എഴുതി. സുപ്രീം കോടതിയുടെ ആ വിധിപ്രസ്താവം ഇന്നും ഈ വിഷയത്തില്‍ അന്തിമ വാക്കായി തുടരുന്നു. അനുവാദത്തോടെയോ, അല്ലാതെയോ ശരീരത്തിൽ നിന്നും വേർപെടുത്തപ്പെടുന്ന ടിഷ്യൂവിൻമേൽ രോഗിയെന്ന വ്യക്തിക്ക് യാതൊരു ഉടമസ്ഥാവകാശമില്ലെന്നും, ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഗാർബേജ് ആർക്ക് വേണമെങ്കിലും എടുത്ത് വിൽക്കാമെന്നുമാണ് കോടതി പറഞ്ഞത്.  

രോഗികൾക്ക് ടിഷ്യൂവിന്റെ ഉടമസ്ഥാവകാശം അനുവദിച്ചാൽ അത് ഗവേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെന്നായിരുന്നു ഡോക്ടറിനും, യൂണിവേഴ്സിറ്റിക്കും, കോർപ്പറേറ്റുകൾക്കും ഒക്കെ വേണ്ടി വക്കീലന്മാർ കോടതിയെ ബോധ്യപ്പെടുത്തിയത്.  ഈ വിധി പ്രസ്താവിക്കുവാൻ ജഡ്ജിമാർ  മുൻകാല പ്രാബല്യത്തിനു മാതൃകയാക്കിയത് ഹീലാ കോശത്തിന്റെ "കേസില്ലാ ചരിത്രം" ആയിരുന്നു എന്നതാണ് ഏറ്റവും വലിയ ഐറണി.  ഹീലയുടെ പേരിൽ ആരും കേസിനു പോയില്ല എന്നത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ ടിഷ്യൂ ദാതാക്കൾക്ക് വലിയ താത്പര്യമൊന്നും ഇല്ല എന്നു ജഡ്ജിമാർ തീരുമാനിക്കുകയായിരുന്നു.  

രോഗികൾക്ക് ടിഷ്യുവിനുമേൽ ഉടമസ്ഥാവകാശം നൽകിയാൽ തങ്ങളുടെ ഗവേഷണത്തെ അത് തടസ്സപ്പെടുത്തും എന്ന് കോടതിക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത് അനുകൂലവിധി എഴുതി മേടിച്ച  യൂണിവേഴ്സിറ്റികളും, ഗവേഷകരും പിന്നീട് ഇതേ കോടതിയുടെ സഹായം തേടിയെത്തിയത് കോർപ്പറേറ്റുകളുടെ ഉടമസ്ഥാവകാശം  ഗവേഷണം തടസ്സപ്പെടുത്തുന്നു എന്നും പറഞ്ഞായിരുന്നു എന്നത് ഈ ചരിത്രത്തിലെ മറ്റൊരു ഐറണി.

മിറിയാഡ്  ജനറ്റിക്സ് എന്ന കമ്പനിയുടെ  ബ്രാക്കാ-1, ബ്രാക്കാ-2 (BRCA-1 and BRCA-2) എന്നീ ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട ജീനുകളുടെ പേറ്റന്റും അവർക്ക് ഈ ജീനുകളിലുള്ള കുത്തകയും തങ്ങളുടെ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും, എതാണ്ട് 150,000 യൂണിവേഴ്സിറ്റി ഗവേഷകരും, രോഗികളെക്കൂടി ഒപ്പം കൂട്ടിയാണ് 2009-ൽ മിറിയാഡ് ജനറ്റിക്സിനെതിരെ കേസ് കൊടുത്തത്. ഈ കേസ് ഇപ്പോഴും കോടതികൾ തമ്മിലുള്ള പന്തുതട്ടിക്കളിയിലാണ്. രോഗികളായ 'വ്യക്തികളെ' തോൽപ്പിച്ച് കൊണ്ട് നേട്ടങ്ങൾ കൊയ്ത ഗവേഷകർക്കെതിരെ,    'വ്യക്തികളെന്ന്' കോടതി തന്നെ ഈയിടെ ധ്വനിപ്പിച്ച  കോർപ്പറേറ്റുകൾ അന്തിമവിജയം നേടുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്  ശാസ്ത്രലോകം.  

ഇതൊക്കെയായാലും ഹീലാ കോശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ പല പുതിയ സുരക്ഷാ/നൈതീക നിയമനിര്‍മ്മാണങ്ങൾക്കും, മാർഗനിർദ്ദേശരേഖകൾക്കും വഴിയൊരുക്കി. ഇന്ന്   ശരീരഭാഗങ്ങള്‍ എടുക്കുവാനും, പരീക്ഷണത്തിനു ഉപയോഗിക്കുവാനും ഒക്കെ കൃത്യമായ അറിവോടുകൂടിയ അനുമതി തേടിയിരിക്കണം എന്ന് നിയമമുണ്ട്. അമേരിക്കയിൽ പലതിനും നിയമങ്ങൾ  കർശനമായിക്കൊണ്ടിരുന്നപ്പോൾ തന്നെ നിയമങ്ങളേയില്ലാത്ത, അല്ലെങ്കിൽ താരതമ്യേന ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിയമങ്ങളെ മേടിക്കാനാവുന്ന മൂന്നാംലോകരാഷ്ട്രങ്ങളിലേക്കു  പരീക്ഷണശാലകളെ  പറിച്ചുനടുവാനും, പുതിയപരീക്ഷണ മൃഗങ്ങളെ കണ്ടെത്തുവാനും വഴിതെളിച്ചുകൊണ്ട് ആഗോളവൽക്കരണത്തിന്റെ അശ്വമേധം തുടങ്ങിക്കഴിഞ്ഞിരുന്നു. 
------

1997-ൽ ആഡം കർട്ടിസ് എന്ന ബ്രിട്ടീഷ് നിർമ്മാതാവ് ബി.ബി.സിക്ക് വേണ്ടി ഹീലയുടെയും ഹെൻറിയറ്റയുടെ കഥയെ ആസ്പദമാക്കി "ദി വെ ഓഫ് ദി ഫ്ലെഷ്" എന്ന ഡോക്കുമെന്ററി നിർമ്മിക്കുകവഴി ഹീലായുടെ കഥ ഒരിക്കൽ കൂടി പൊതുജനമധ്യത്തിൽ ചർച്ചയായി.  ശാസ്ത്രചരിത്രത്തിൽ താത്പര്യമുള്ളവർ ഈ ഡോക്കുമെന്ററി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. 

ചിത്രത്തിന് കടപ്പാട്
പിന്നീട് 2010-ല്‍ റെബേക്ക സ്ക്ലൂട്ട് എന്ന എഴുത്തുകാരി ഹെൻറിയറ്റയുടെയും, ഹീലയുടെയും എതാണ്ട് സമ്പൂര്‍ണ്ണമെന്ന് പറയാവുന്ന ചരിത്രം  "ദി ഇമ്മോർട്ടൽ ലൈഫ് ഓഫ് ഹെൻറിയറ്റ ലാക്സ്" എന്ന പുസ്തകത്തിലൂടെ വീണ്ടും പുറത്തു കൊണ്ടുവന്നു.  വൈദ്യശാസ്ത്രത്തിന്റെ ഇടനാഴികളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഹീലയെന്ന അനശ്വരകീഴാളകോശത്തിനു മാനുഷികമുഖം നൽകിക്കൊണ്ട്      അധികാരത്താൽ വഞ്ചിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട  പച്ചമനുഷ്യരുടെ ചരിത്രത്തിലേക്ക്  വ്യാപകമായ പൊതുജനശ്രദ്ധയാകർഷിക്കാൻ സഹായിച്ചത് ഈ പുസ്തകമാണെന്നത് നിസ്സംശയം പറയാം.

ശാസ്ത്രലോകത്തിനു ഹെൻറിയറ്റ നൽകിയ കനപ്പെട്ട സംഭാവനകളെ അംഗീകരിച്ചുകൊണ്ട്  2011 മെയ് മാസം ബാള്‍ട്ടിമോറിലെ മോര്‍ഗന്‍ സ്റ്റേറ്റ് യൂണിവെഴ്സിറ്റി ഹെന്‍റിയറ്റ ലാക്സിനു പൊതുസേവനത്തെ മുന്‍നിര്‍ത്തിയുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ബഹുമാനിക്കുകയുണ്ടായി. 

റേബക്ക മുൻകൈയ്യെടുത്ത്  ഹെൻറിയറ്റയുടെ കുടുംബത്തിനു വിദ്യാഭ്യാസവും മറ്റ് സഹായങ്ങൾക്കുമായുള്ള ധനശേഖരണാര്‍ഥം ഒരു ട്രസ്റ്റിനു രൂപം കൊടുത്തിട്ടുണ്ട്. പുസ്തകത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗവും ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്. ആ കുടുംബത്തിനു ഇതുകൊണ്ട് കുറച്ചെങ്കിലും ഗുണമുണ്ടാകുമെന്ന് ആശിക്കാം.
----------
ഹെൻറിയറ്റയുടെ അർബുദത്തിനും, ഹീലാ കോശങ്ങളുടെ അനശ്വരതയ്ക്കും പിന്നിലെ പല നിഗൂഡതകളും നിരവധികാലത്തെ ഗവേഷണഫലമായി ഇന്ന് ഏറെക്കുറെ അനാവൃതമാണെന്ന് പറയാം. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് ആയിരുന്നു അർബുദത്തിനു പ്രധാന കാരണക്കാരൻ.  ഡോ. സൂരജ് രാജൻ എഴുതിയ "പാപ്പിലോമാ വൈറസ് പുരാണം!" എന്ന ബ്ലോഗ് പോസ്റ്റ്  എച്ച്.പി.വി-യെ സംബന്ധിച്ച പൊതുവായ വൈദ്യശാസ്ത്രവിവരങ്ങൾ വിശദമായി പങ്കുവെയ്ക്കുന്നുണ്ട്. പലതരം പാപ്പിലോമ വൈറസുകൾ ഉണ്ടെങ്കിലും, എച്.പി.വി-18 എന്ന  അത്യന്തം പ്രഹരശേഷിയുള്ള മാരകയിനം വൈറസ് ആയിരുന്നു ഹെൻറിയറ്റയുടെ ശരീരത്തിൽ ദുരന്തം വിതറിയത്. 1984-ൽ ഹറാൾഡ് സുർ ഹോസനും കൂട്ടരുമാണ് ആദ്യമായി ഹീലായിൽ എച്.പി.വി-18 കണ്ടെത്തുന്നത്. വൈറസുകളും അർബുദവുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കുന്നതിലേക്ക് നയിച്ച ഗവേഷണങ്ങൾക്ക് 2008-ൽ   ഡോ. ഹോസൻ നോബൽ ജേതാവായി.


ഹ്യൂമൻ പാപ്പിലോമ വൈറസ്
ചിത്രത്തിനു കടപ്പാട്
എച്.പി.വി-18 വൈറസിന്റെ ജീനിതകം ഹെൻറിയറ്റയുടെ   കോശങ്ങളിലെ ക്രോമസോമിൽ   കടന്നുകയറി ധാരാളം വൈറസ് പ്രോട്ടീനുകളെ ഉൽപ്പാദിപ്പിക്കുന്നതിനു കാരണമായി. ഇതിൽ ചില പ്രോട്ടീനുകൾ കോശങ്ങളിൽ തന്നെയുള്ള അർബുദപ്രേരകങ്ങളായ ചില ജീനുകളുടെ (ഓങ്കോജീൻ) പ്രവർത്തനത്തെ ഉദ്ദീപിക്കിക്കുകയും (ഉദാ: c-MYC), ഒപ്പം കോശങ്ങളുടെ അമിതവളർച്ച തടയുന്ന ചില ട്യൂമർ സപ്രസ്സർ ജീനുകളുടെ (ഉദാ: p53, Rb) പ്രവർത്തനത്തെ നിർവിര്യമാക്കുകയും  ചെയ്യുക വഴി  ഹെൻറിയറ്റയുടെ കോശങ്ങളെ ഭ്രാന്തമായ വളർച്ചയിലേക്ക് നയിക്കുകയായിരുന്നു. 

പാപ്പിലോമ വൈറസ് ബാധിച്ച ഹെൻറിയറ്റയുടെ അർബുദ കോശങ്ങൾ  അതിവേഗം വളർന്നു പെരുകുക മാത്രമല്ല, ശരീരത്തിൽ ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടി കഴിയുന്ന പ്രകൃതം ഉപേക്ഷിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന ദേശാടന (മെറ്റാസ്റ്റാസിസ്) സ്വഭാവം കൂടി ആർജ്ജിച്ചിരുന്നു. സെർവിക്സിലെ ഉപരിതല  കോശങ്ങളായിരുന്ന ഇവർ അവിടുന്ന് കുതറിമാറി മൂത്രസഞ്ചിയിലേക്കും, അന്നനാളങ്ങളിലേക്കും, കരളിലേക്കും, ശ്വാസകോശങ്ങളിലേക്കും, ഹൃദയത്തിലേക്കും ഇരച്ചുകയറി അവിടെയെല്ലാം കൂടുവെച്ചു പെരുകി.

പോസ്റ്റ്മാർട്ടത്തിനു സാക്ഷ്യം വഹിച്ച ഡോ.ജോർജിന്റെ അസിസ്റ്റന്റ് മേരി ഹെൻറിയറ്റയുടെ തുറന്നിട്ട ശരീരത്തിന്റെ   ദൃശ്യം വിവരിക്കുന്നുണ്ട്.  കറുത്ത പശ്ചാത്തലത്തിൽ  ശരീരമാകെ വെളുപ്പും ചാരനിറവും കലർന്ന, പവിഴമുത്തുകൾ പോലെയുള്ള അർബുദമുകുളങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇത്തരം പവിഴമുത്തുകൾ കൊണ്ടു തീർത്ത മാലകളാൽ അലങ്കരിക്കപ്പെട്ടതുപോലെയായിരുന്നു ഹെൻറിയറ്റയുടെ ഹൃദയം, കരൾ, ഡയഫ്രം, ആമാശയം, അപ്പെൻഡിക്സ്,  അണ്ഡാശയം, മൂത്രസഞ്ചി എന്നീ അവയവങ്ങളുടെ ഉപരിതലം. വിവിധ വലിപ്പത്തിലുള്ള അനേകം ട്യൂമറുകൾ! 

ഒരേസമയം മരണവും അനശ്വരതയും പകർന്നുനൽകുന്ന അർബുദമെന്ന പ്രതിഭാസം ഇന്നും പൂർണ്ണമായും ശാസ്ത്രത്തിനു പിടികൊടുക്കാത്ത രഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ച് കൊണ്ട് അനേകം ഹൃദയങ്ങൾക്കുമേൽ പവിഴാഭരണങ്ങൾ ചാർത്തി നിത്യരോഗത്തിലേക്കും, മരണത്തിലേക്കും വിളിച്ചുകൊണ്ടു പോകുന്നു.  നിരവധി മനുഷ്യരുടെ കഠിനപ്രയത്നങ്ങളുടെ ഫലമായി ധാരാളം ജീവനുകളെ രക്ഷിക്കുവാനും, ആയുസ്സും ആരോഗ്യവും നീട്ടിക്കുവാനും ഇന്ന് സാധിച്ചിട്ടുണ്ട്. എച്.പി.വി-ക്കെതിരെ ഫലപ്രദമായ വാക്സീനുകളും ഇന്ന് ലഭ്യമാണ്. അതിലേക്കൊക്കെ നയിച്ചതിൽ ഹെൻറിയറ്റ എന്ന കറുത്ത വർഗക്കാരി വീട്ടമ്മക്ക് ചെറുതല്ലാത്ത  പങ്കാണുള്ളത്. 

----------
2001-ലെ ഒരു ബാൾട്ടിമോർ പ്രഭാതം.
ഹെൻറിയറ്റയുടെ ജീവൻ അനശ്വരപ്രയാണം തുടങ്ങി അരനൂറ്റാണ്ടിനുശേഷം, ജോൺ ഹോപ്കിൻസിലെ  "ക്രിസ്റ്റോഫ് ലെങ്ങാർ"  എന്ന ഗവേഷകന്റെ ക്ഷണം സ്വീകരിച്ച് ഹെൻറിയറ്റയുടെ മകൾ ഡെബ്രയും, സഹോദരൻ സക്കറിയയും റെബേക്ക സ്ക്ലൂട്ടിന്റെ ഒപ്പം ക്രിസ്റ്റോഫിന്റെ ലാബ് സന്ദർശിച്ചു.  തളികളിൽ വളരുന്ന ഹീലാകോശങ്ങളെ സൂക്ഷ്മദർശിനിയിൽ വെച്ച് കോശങ്ങളെ കമ്പ്യൂട്ടർ മോണിറ്ററിൽ കാണിച്ചു കൊടുത്തു.  കോശങ്ങൾ കൺമുന്നിൽ വിഘടിച്ച് രണ്ടാകുന്നത് അവർ അതിശയത്തോടെ വീക്ഷിച്ചു. 

ക്രോമസോം പെയിന്റിങ്ങ് എന്നറിയപ്പെടുന്ന സ്പെക്ട്രൽ കാര്യോടൈപ്പിങ്ങിനു ഉപയോഗിക്കുന്ന    ബഹുവർണ്ണ  ഫിഷ് (FISH, Fluorescence In Situ Hybridization) എന്ന സങ്കേതം വികസിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളായിരുന്നു ക്രിസ്റ്റോഫ്. അദ്ദേഹം മുൻപൊരിക്കൽ ഹീലാ ക്രോമസോമുകളുടെ വർണ്ണശബളമായ ചിത്രം ഫ്രെയിം ചെയ്ത്  ഡെബ്രക്ക്   അയച്ച് കൊടുത്തിരുന്നു. 
ഹീലാ ക്രോമസോമുകൾ
Ferber, MJ et al Cancer Genetics and Cytogenetics,154(2004)1-9
ഇത്തരത്തിലുള്ള ഒരു ചിത്രം മുകളിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സാധാരണ നോർമൽ കോശങ്ങളിൽ ഉള്ളതുപോലെ 46 ക്രോമസോമുകൾക്ക് പകരം ഈ കോശങ്ങളിൽ 74 ക്രോമസോമുകളുണ്ട്!  ഹീലാ കോശങ്ങളിൽ ചിലപ്പോൾ 70 മുതൽ 164 വരെ ക്രോമസോമുകൾ ഉണ്ടായിരിക്കും. അർബുദകോശങ്ങളിൽ ക്രോമസോമുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് (അന്യൂപ്ലോയിഡി) സാധാരണമാണ്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിൽ ഹെൻറിയറ്റയുടെ കാൻസറിനു കാരണക്കാരനായ വൈറസിന്റെ ജനിതകം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എട്ടാം നമ്പർ ക്രോമസോമുകളുടെ ഒരറ്റത്ത് വെളുത്ത പൊട്ട് പോലെ കാണുന്നത്   എച്ച്.പി.വി-18 എന്ന മാരകവൈറസിന്റെ ജനിതകമാണ്.   ഒരു നോർമൽ കോശത്തെ ഭ്രാന്തമായ വളർച്ചയിലേക്കു തള്ളിവിടുകയും, അതിന്റെ ഉടമയായ മനുഷ്യജീവിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത് കൊണ്ട്  ഒരു മാരകവൈറസ് വിതച്ച ജനിതകവിസ്ഫോടനത്തിന്റെ അസാധാരണമായ ചിത്രമാണ് ഈ പെയിന്റിങ്ങിലൂടെ വ്യക്തമാകുന്നത്.

ക്രിസ്റ്റോഫ്  കഴിയുന്നത്ര ലളിതമായി ഇത്തരം കാര്യങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുത്തു.  പിന്നീട് അവിടെ വെച്ച് ഡെബ്രയുടെ കൈവെള്ളയിലേക്ക് അവരുടെ അമ്മയുടെ ജീവന്റെ കണികയെ വെച്ചുകൊടുത്തു.  തണുത്ത് മരവിച്ച പ്ലാസ്റ്റിക് ട്യൂബ്  ചുണ്ടോട് ചേർത്ത് ആ മകൾ മന്ത്രിച്ചു. "അമ്മ പ്രശസ്തയാണ്... പക്ഷെ ആരും അറിയുന്നില്ലെന്ന് മാത്രം!"
---------

2001-ലെ മറ്റൊരു തണുത്ത പ്രഭാതം.

അനശ്വരതയുടെ അരനൂറ്റാണ്ടിനിപ്പുറം, ഡെബ്രയുടെ കൈകളിൽ തണുത്തിരുന്ന അവരുടെ അമ്മ, ബാൾട്ടിമോറിൽ നിന്നും നൂറുമൈൽ അകലെ ഫിലഡെല്ഫിയ എന്ന സഹോദരസ്നേഹനഗരത്തിലെ  പുറംകാഴ്ചകൾ അടച്ചു വെച്ച കുടുസ്സുമുറിയിൽ പുതിയ തണുപ്പിന്റെ ആഴങ്ങളിൽ നിന്നും ഉണർന്നെണീറ്റ് തളികകളിൽ പെരുകിപ്പടരുന്നുണ്ടായിരുന്നു. അർബുദമെന്ന പ്രഹേളികയിലേക്കുള്ള മറ്റൊരു തുടക്കക്കാരന്റെ കൗതുകപ്രയാണത്തിനു വേദിയൊരുക്കിക്കൊണ്ട്.  ഒരു പക്ഷെ  മനുഷ്യചരിത്രം നിലനിൽക്കുവോളം തുടർന്നേക്കാവുന്ന അറിവിന്റെ അനശ്വരതയായി,  ഹീലയെന്ന അനശ്വരകീഴാളകോശമായി...


References:
  1. Gartler S, Nature,1968  217:750751.
  2. Hayflick, L, The establishment of a line (WISH) of human amnion cells in continuous cultivation. Exp Cell Res. 1961 Feb;23:14-20. 
  3. Nelson-Rees WA et al Science, 1974 184:1093-1096
  4. Nelson-Rees, et al. HeLa-Like Marker Chromosomes and Type-A Variant Glucose-6-phosphate Dehydrogenase Isoenzyme in Human Cell Cultures Producing Mason-Pfizer Monkey Virus-Like Particles. Journal of the National Cancer Institute 1974 53 (3), 751-757.
  5. Masters,JR HeLa cells 50 years on: the good, the bad and the ugly, Nature Reviews in Cancer, 2002, Vol 2 315-319
  6. Lucey BP et al Henrietta Lacks, HeLa Cells, and Cell Culture Contamination Arch Pathol Lab Med. 2009;133:1463–1467
  7. Perkel, JM, Curing Cells BioTechniques  2011 51: 85-90 
  8.  A Conspiracy of Cells, Michael Gold
  9. O'brien, SJ, Cell culture forensics, PNAS,2001, 7656–7658  vol. 98  no. 14
  10. Troug, RD et al Paying Patients for Their Tissue: The Legacy of Henrietta Lacks Science 2012 vol 337, p37-38
  11. Association for Molecular Pathology v. Myriad Genetics 
  12. The Way of All Flesh a BBC Documentary on HeLa by Adam Curtis
  13. The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
  14. HeLa Foundation 
  15. Hepworth,J, Advocacy for Henrietta Lacks and for Family Medicine Fam Med 2011;43(8):595-6.
  16. Williams, DR, Miles to Go before We Sleep: Racial Inequities in Health, Journal of Health and Social Behavior  2012, 53(3) 279–295
  17. Glickman, SW et al Ethical and Scientific Implications of the Globalization of Clinical Research, N Engl J Med 2009; 360:816-823
  18. Harald zur Hausen, Viruses in Human Cancers ,Eur J Cancer 1999, 35(8), 1174±1181.
  19. Harald zur Hausen,The search for infectious causes of human cancers: Where and why Virology,2009, 392  1–10.
  20. Boshart, M et al A new type of papillomavirus DNA, its presence in genital cancer biopsies and in cell lines derived from cervical cancer The EMBO Journal 1984, vol.3 no.5 pp. 1151-1157.
  21. Ferber, MJ et al Positioning of cervical carcinoma and Burkitt lymphoma translocation breakpoints with respect to the human papillomavirus integration cluster in FRA8C at 8q24.13 Cancer Genetics and Cytogenetics 2004,154,1–9.
  22. Macville,M et al  Comprehensive and Definitive Molecular Cytogenetic Characterization of HeLa Cells by Spectral Karyotyping Cancer Research  1999, 59, 141–150.

Sunday, January 27, 2013

അനശ്വരതയുടെ കീഴാളകോശങ്ങള്‍!

(ഭാഗം ഒന്ന്)

2001 നവംബറിലെ തണുപ്പുള്ള ഒരു പ്രഭാതം.
പുതിയ ലാബില്‍ പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആയി ചേര്‍ന്നതേ ഉള്ളൂ. എനിക്ക് ഏറെ പുതുമയുള്ള,പ്രായോഗികപരിചയം തീരെയില്ലാതിരുന്ന ഒരു വിഷയത്തിലേക്ക്, നിലതെറ്റിപ്പോകുന്ന മനുഷ്യകോശങ്ങളുടെ നിഗൂഢതകളിലേക്ക്, അഴിയുന്തോറും സങ്കീർണ്ണമാകുന്ന അറിവിന്റെ ആഴങ്ങളിലേക്ക് പ്രയാണത്തിന് തുടക്കം കുറിക്കുന്ന ദിവസം. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാവുന്ന, എന്നാൽ ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ വളരെ സുപ്രധാനമായ ഒരു വിദ്യയുടെ പ്രായോഗികപഠനം തുടങ്ങുകയായിരുന്നു അന്ന്. മനുഷ്യകോശങ്ങള്‍ തളികകളില്‍  വളര്‍ത്തിയെടുക്കുന്ന വിദ്യ (സെൽ കൾച്ചർ). റഷ്യക്കാരനായ ഒരു അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയിരുന്നു എന്റെ വഴികാട്ടി.

നഗരമധ്യത്തിലെ തിരക്കേറിയ തെരുവോരത്തായിരുന്നുവെങ്കിലും പുറം കാഴ്ചകൾ കടന്നുവരാത്ത ഒരു കുടുസ്സ് മുറിയായിരുന്നു അന്ന് ഞങ്ങളുടെ ലാബ്. പ്രധാന ലാബില്‍ ഉള്ള  ദ്രാവക നൈട്രജൻ  (-196oC)  സംഭരണി തുറന്ന്,  അതില്‍ നിന്ന് തീരെ ചെറിയ ഒരു  പ്ലാസ്റ്റിക് ട്യുബും (ക്രയോവയല്‍) എടുത്ത്  അദ്ദേഹം സെല്‍ കള്‍ച്ചര്‍ ലാബിലേക്ക് നീങ്ങി. പിന്നാലെ ഞാനും. ആ ട്യൂബ് ചെറുചൂടുള്ള വെള്ളത്തില്‍ (37oC) വെച്ച് മെല്ലെ ഇളക്കിയപ്പോൾ ഏകദേശം രണ്ട് മിനുട്ടിനുള്ളില്‍ ട്യുബിനകത്തെ ഐസുരുകി ചുവപ്പ് നിറത്തില്‍ ഒരു ദ്രാവകം രൂപമെടുത്തു. ട്യൂബിനു പുറമേ  70% നേർപ്പിച്ച എത്തനോള്‍ തളിച്ച്,  കടലാസുതൂവാല കൊണ്ടു നന്നായി തുടച്ച ശേഷം ലാമിനാര്‍ ഫ്ലോ ക്യാബിനറ്റ് എന്നു വിളിക്കുന്ന അണുവിമുക്തമായ അന്തരീക്ഷം നിലനിര്‍ത്തുന്ന ജോലിമേശമേൽ വെച്ചു.  തണുപ്പ് മാറ്റി തയ്യാറാക്കി വെച്ചിരുന്ന ചുവന്ന നിറത്തിലുള്ള വളർച്ചാദ്രാവകം (സെല്‍ കള്‍ച്ചര്‍ മീഡിയം)  പൈപ്പെറ്റ്  ഉപയോഗിച്ചു ഒരു പുത്തൻ പ്ലാസ്റ്റിക് തളികയിലേക്ക് പകര്‍ന്നു. ട്യൂബിന്റെ അടപ്പ് സൂക്ഷ്മതയോടെ തുറന്ന്, ഏകദേശം ഒരു മില്ലി ലിറ്ററോളം വരുന്ന അതിലെ കോശങ്ങളടങ്ങുന്ന ദ്രാവകം  തളികയിലെ വളർച്ചാമീഡിയത്തിലേക്ക്  സാവധാനം പകര്‍ന്നു.  മിശ്രിതം നന്നായി ഇളക്കിയശേഷം തളിക ഒരു ഇന്‍കുബേറ്ററില്‍  വെച്ചു.

37 ഡിഗ്രി സെൽഷ്യസ് ചൂടും, 5% കാര്‍ബണ്‍ ഡയൊക്സൈഡും നിയന്ത്രിത അളവില്‍ ക്രമീകരിച്ചിട്ടുള്ള  അണുവിമുക്തമായ ഇന്‍കുബേറ്ററില്‍ തണുപ്പിന്റെ ആഴമുള്ള ഓര്‍മ്മകളില്‍ നിന്നും ഈ മനുഷ്യകോശങ്ങള്‍ അവയുടെ ചിരപുരാതനമായ ഊഷ്മളതയിലേക്ക് ഉണർന്നെണീൽക്കുന്നതും കാത്ത് ഞാന്‍ മറ്റു ജോലികളില്‍ മുഴുകി.
..............
1950 ഫെബ്രുവരി മാസത്തിലെ ഒരു തണുത്ത ബാൾട്ടിമോർ ദിവസം.
ഡോ.ജോർജ് ഗയ് ചിത്രത്തിനു കടപ്പാട്
ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറിയുടെ മേധാവിയായ ഡോക്റ്റര്‍ ജോര്‍ജ് ഗയ്ക്ക് രണ്ട് ടിഷ്യു സാമ്പിളുകള്‍ ലഭിക്കുന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളമായി   മനുഷ്യജീവന്റെ അടിസ്ഥാനഘടകമായ കോശങ്ങളെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചിരുന്ന പ്രയത്നശാലിയായിരുന്നു ഡോ. ജോര്‍ജ്. അദ്ദേഹത്തിന്റെ  പരീക്ഷണങ്ങളെല്ലാം തന്നെ അതുവരെ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുകയായിരുന്നു. പലപ്പോഴും കോശങ്ങള്‍ കുറച്ച് ദിവസത്തേക്ക്  വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഒടുവില്‍ മൃതിയടയുകയായിരുന്നു പതിവ്. നോർമൽ കോശങ്ങളുടെ ആയുസ്സ് അല്പമാത്രമാക്കി പരിമിതപ്പെടുത്തുന്ന കോശവളർച്ചാപരിധിയെക്കുറിച്ച് (ഹെഫ്ലിക്ക് ലിമിറ്റ്) അന്ന് അറിവുണ്ടായിരുന്നില്ല.  എങ്കിലും പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല നൂതനമായ കോശവളര്‍ച്ചാ രീതികളും, ഉപകരണങ്ങളും, വളര്‍ച്ചാ ദ്രാവകമിശ്രിതങ്ങളും അദ്ദേഹം വികസിപ്പിച്ചു പരീക്ഷിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് കോശങ്ങളെ വളർത്താനാവശ്യമായ മുന്നൊരുക്കങ്ങൾ ഒരുതരം ആഭിചാരക്രിയയുടേതിനു സമാനമായിരുന്നു. വെളുപ്പാൻ കാലത്ത് അറവുശാലകളിൽ ചെന്ന് കോഴികളുടെ ചങ്കിൽ നിന്നും ഊറ്റിയെടുത്ത ചോരയും, ഗർഭിണികളായ അറവുപശുക്കളിൽ നിന്നും എടുത്ത് മാറ്റിയ  ഫീറ്റസുകളെയും ശേഖരിച്ച് കൊണ്ട് വരും. അടുത്ത  യാത്ര ആശുപത്രിയിലെ പ്രസവ വാർഡിലേക്കാണ്. അവിടെ ചെന്ന് മുറിച്ച് മാറ്റപ്പെടുന്ന പൊക്കിൾക്കൊടികളിൽ നിന്നും ചോരയൂറ്റിയെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന ചോരയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സീറത്തിനൊപ്പം പശുഫീറ്റസിന്റെ സത്തും, ഉപ്പ്, കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഗ്ലൂക്കോസ് എന്നിങ്ങനെ ചില രാസചേരുവകളും (ഹാങ്ക്സ് സാൾട്ട്) ഒക്കെ  ചേർത്താണ് കോശങ്ങൾക്ക് വളരാനുള്ള 'ജീവജലം' ഉണ്ടാക്കിയിരുന്നത്.  തുറന്ന മുറിയിൽ കത്തിച്ച് വെച്ച ബുൺസൺ ബർണറിന്റെ തീനാളം നൽകുന്ന ചെറിയ ശുദ്ധിവലയത്തിൽ മാംസക്കഷണങ്ങളെ കുനുകുനാ അരിഞ്ഞ്    കുപ്പികളിൽ പകർന്നു വെച്ച ജീവജലത്തിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.  

അണുബാധസാധ്യത ഏറെയുള്ള ഈ ടിഷ്യൂകൾച്ചർ ലാബും പരിസരവും വളരെ കർക്കശമായും സൂക്ഷ്മമായും ശുദ്ധിയാക്കി സൂക്ഷിച്ചിരുന്നതിലും, ജീവജലത്തിന്റെ ചേരുവകൾ രൂപപ്പെടുത്തിയെടുത്തതിലും മുഖ്യ പങ്ക് വഹിച്ചിരുന്നത് ഡോ.ജോർജിന്റെ ഭാര്യയും കൂടിയായിരുന്ന മാർഗരറ്റ് എന്ന ടെക്നീഷ്യൻ ആയിരുന്നു.

കാൻസർ കോശങ്ങൾ വളർത്തിയെടുക്കുന്ന വിധം
Ref: Ku and Park, Cancer Research and Treatment 2005;37(1):1-19
അന്നേ ദിവസം കിട്ടിയ രണ്ട് ടിഷ്യു സാമ്പിളുകളും ഡോ.ജോര്‍ജിന്റെ അസിസ്റ്റന്റ് ആയിരുന്ന മേരി കുബിചെക് പതിവുപോലെ തീരേ ചെറിയ കഷണങ്ങളാക്കി മുറിച്ച് വളര്‍ച്ചാദ്രാവകത്തില്‍ നിക്ഷേപിച്ചു. വളർച്ചാദ്രാവകത്തിലും മറ്റ് സംവിധാനങ്ങളിലും വളരെയേറെ മാറ്റങ്ങളുണ്ടെങ്കിലും കാൻസർ കോശങ്ങൾ   പരീക്ഷണശാലയിൽ വളർത്തിയെടുക്കുന്ന വിധം ഇന്നും കാര്യമായി മാറിയിട്ടില്ല (ചിത്രം) എന്നത് ശ്രദ്ദേയമാണ്   . മുറിച്ചിട്ട ട്യൂമർ കഷണങ്ങളിൽ നിന്നും അടർന്നുവീഴുന്ന കോശങ്ങൾ വളര്‍ന്നു വിഘടിച്ച് പെരുകുമെന്ന പ്രതീക്ഷയിൽ, ട്യൂബുകൾ  ഇന്‍‌കുബേറ്ററില്‍ വെച്ച് പതിവുപോലെ മേരിയും  മറ്റ് ജോലികളിൽ മുഴുകി.

പിന്നീട് വൈദ്യശാസ്ത്രഗവേഷണരംഗത്ത് വിപ്ലവകരമായ പുരോഗതിക്ക് ഹേതുവായിത്തീർന്ന   ഒരു നിർണ്ണായകമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന്  അവരാരും തന്നെ കരുതിയിരിക്കില്ല. 
--------

1950 ജനുവരി 29.
ഡോ. ജോര്‍ജിനു  ടിഷ്യു സാമ്പിളുകള്‍ കിട്ടുന്നതിനു  മുന്‍പുള്ള മറ്റൊരു പ്രഭാതം.  ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിന്റെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഹെന്‍റിയറ്റ ലാക്സ് എന്ന മുപ്പത്തിയൊന്നു വയസ്സുകാരി വീട്ടമ്മ അസാധാരണമെന്ന് തോന്നിച്ച ഒരു രോഗലക്ഷണവുമായി എത്തി. പ്രാഥമിക പരിശോധനയില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും, വിശദമായ പരിശോധനയില്‍ ഹെൻറിയറ്റയുടെ  സെര്‍‌വിക്സില്‍ (ഗർഭാശയഗളം) അര്‍ബുദത്തിന്റെ ലക്ഷണം കണ്ടെത്തി. പ്രശസ്തനായ ഗൈനക്കോളജിസ്റ്റ്  ഡോക്റ്റര്‍ ഹോവാര്‍ഡ് ജോണ്‍സ്‌ ആയിരുന്നു ഹെൻറിയറ്റയെ പരിശോധിച്ചത്. ആയിരത്തിലധികം സെര്‍‌വിക്കല്‍ ക്യാന്‍സറുകള്‍ നിരീക്ഷിച്ചിട്ടുള്ള  ഡോക്റ്റര്‍ ജോണ്‍സിന് ഹെൻറിയറ്റയുടെ ക്യാന്‍സര്‍ താനിതുവരെ കണ്ടതില്‍  നിന്നും രൂപത്തിലും, ലക്ഷണത്തിലും വേറിട്ടതാണെന്നത് തികച്ചും അത്ഭുതപ്പെടുത്തി. കൂടുതൽ ടെസ്റ്റുകൾക്കായി ടിഷ്യൂ സാമ്പിളുകൾ എടുത്തശേഷം അറിയിക്കുമ്പോൾ മടങ്ങിവരാനാവശ്യപ്പെട്ട് ഡോക്ടർ ഹെൻറിയറ്റയെ തിരിച്ചയച്ചു. 
---------

ഹെൻറിയറ്റയും ഡേവിഡ് ലാക്സും
ചിത്രത്തിനു കടപ്പാട്
വെർജീനിയയിലെ റോണോക്ക് എന്ന സ്ഥലത്തെ പുകയിലപ്പാടങ്ങളിൽ തൊഴിലാളികളായിരുന്ന എലിസയുടെയും ജോൺ റാൻഡൽ പ്ലസന്റിന്റെയും  മകളായി 1920 ആഗസ്റ്റ് ഒന്നിനാണ് ലോററ്റ പ്ലസന്റ് എന്ന ഹെൻറിയറ്റയുടെ ജനനം.  ചെറുപ്പത്തിലെ അമ്മ മരിച്ച ഹെൻറിയറ്റയെയും മറ്റ് ഒൻപത് സഹോദരങ്ങളെയും ബന്ധുക്കൾ പലർ ചേർന്നാണു വളർത്തിയത്. ഹെൻറിയറ്റ  അപ്പൂപ്പന്റെയൊപ്പമായിരുന്നു. അന്തിയാവോളം പുകയിലപ്പാടത്ത് പണിയെടുത്ത് വീട്ടുജോലികളും തീർത്ത് അപ്പൂപ്പന്റെ കളപ്പുരയുടെ തട്ടിൻപുറത്ത്  കുഞ്ഞുങ്ങൾ തളർന്നുറങ്ങി.

ഹെൻറിയറ്റയുടെ ഒന്നാം കസിൻ ഡേവിഡ് 'ഡെ' ലാക്സ് കൂട്ടിനുണ്ടായിരുന്നു. ആ കൂട്ട് വളർന്ന് വിവാഹത്തിലെത്തി.  ഇവർക്ക് അഞ്ച് കുട്ടികളായിരുന്നു. മൂത്ത മകൾ ഡെബ്ര, അതിനു താഴെ എൽസി, ലോറൻസ്, ഡേവിഡ് സണ്ണി ജൂനിയർ, ജോസഫ് (ഇയാൾ മതം മാറി സക്കറിയ അബ്ദുൽ റഹ്മാൻ എന്ന പേരു സ്വീകരിച്ചു) എന്ന മൂന്ന് സഹോദരന്മാർ. ജന്മനാ രോഗിയായിരുന്ന എൽസി വിർജീനിയയിലെ 
"ഹോസ്പിറ്റൽ ഫോർ ദി നീഗ്രോ ഇൻസെയ്ൻ" എന്ന മാനസികരോഗചികിൽസാകേന്ദ്രത്തിലാക്കപ്പെടുകയും, അവിടെ വെച്ചു 1955-ൽ മരിക്കുകയും ചെയ്തു. 


രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ സ്റ്റീൽ ബൂമിനെ പിന്തുടർന്ന് ബാൾട്ടിമോറിലെ ടർണേഴ്സ് സ്റ്റേഷനിലുള്ള സ്റ്റീൽ ഫാക്റ്ററിയിലേക്ക് ജോലി തേടിയെത്തുകയായിരുന്നു ഹെൻറിയറ്റയുടെ ഭർത്താവ് ഡേവിഡ്. പിന്നീട് ഹെൻറിയറ്റയും കുടുംബവും  റോണോക്കിൽ നിന്ന്  ബാൾട്ടിമോറിലേക്ക് ചേക്കേറുകയാണുണ്ടായത്.

ഹെൻറിയറ്റയുടെ അർബുദം തിരിച്ചറിയുമ്പോൾ അവരുടെ അഞ്ചാമത്തെ കുഞ്ഞായ ജോസഫിനു ജന്മം നല്‍കി വെറും നാലു മാസം മാത്രമേ ആയിരുന്നുള്ളൂ.  തന്റെ രോഗാവസ്ഥയുടെ തീവ്രതയറിയാതെ അവർ പതിവുജോലികളിൽ മുഴുകി. രോഗനിർണ്ണയത്തിനുശേഷം ഡോക്റ്റര്‍  ജോൺസ് ആവശ്യപ്പെട്ടതനുസരിച്ച്  ഹോസ്പിറ്റലില്‍ തിരിച്ചെത്തിയ ഹെന്‍‌റിയറ്റയെ   അനസ്തീഷ്യയ്ക്ക് വിധേയയാക്കി. ട്യൂമറുള്ള സ്ഥലത്ത് റേഡിയേഷൻ പുറപ്പെടുവിക്കുന്ന റേഡിയം ട്യൂബുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു അന്നത്തെ പ്രധാന ചികില്‍സാരീതി. നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ശക്തമായ റേഡിയേഷന്‍ കൊണ്ട്  അര്‍ബുദത്തെ കരിച്ചുകളയുന്ന രീതി പലരിലും കുറെയൊക്കെ ഫലപ്രദമായിരുന്നു. 1950 ഫെബ്രുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ റേഡിയം ട്യൂബുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ്, ഡോക്റ്റര്‍ ലോറൻസ് വാർട്ടൺ ജൂനിയർ അവരുടെ സെര്‍‌വിക്സിന്റെ നോര്‍മലായിട്ടുള്ള ഭാഗത്തു നിന്നും, ട്യൂമറില്‍ നിന്നും അല്പം ടിഷ്യു വീതം മുറിച്ചെടുത്ത് രണ്ട്  ട്യൂബുകളിലാക്കി സൂക്ഷിച്ചു.  ഇത്തരത്തില്‍  സാമ്പിളുകള്‍ ശേഖരിച്ച് ഹോപ്കിന്‍സിലെ ടിഷ്യു കള്‍ചര്‍ മേധാവിയായ ജോര്‍ജ് ഗയ്ക്ക് പരീക്ഷണാവശ്യത്തിനായി കൊടുത്തയക്കുന്ന പതിവുണ്ടായിരുന്നു അന്ന്. അതും രോഗിയുടെ അനുവാദമില്ലാതെ. അവര്‍ പോലും അറിയാതെ!

റേഡിയം ട്യൂബുകളില്‍ നിന്നുമുള്ള മാരകമായ വികിരണങ്ങള്‍ തുടക്കത്തിൽ ഹെന്‍‌റിയറ്റയുടെ അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടഞ്ഞിരുന്നെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ അത് തിരിച്ചു വരികയാണുണ്ടായത്. അസഹ്യമായ വേദനയോടെ അവര്‍ വീണ്ടും ഹോപ്കിന്‍സിലെത്തി അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള വാര്‍ഡില്‍ അഡ്മിറ്റ് ആയി. അധികം വൈകാതെ,  ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇരച്ച് കയറിയ അര്‍ബുദം 1951 ഒക്റ്റോബർ നാലിനു അവരുടെ ജീവനെടുത്തു. അർബുദനിർണ്ണയത്തിനു ശേഷം വെറും എട്ട് മാസത്തെ ആയുസ്സിൽ  വേദനാജനകമായ ഒരന്ത്യം.

എന്നാല്‍, അതിനു മുന്‍പ് തന്നെ അവരുടെ ജീവന്റെ ഒരു തുടിപ്പ്  ഹോപ്കിൻസിലെ  പരീക്ഷണശാലയിൽ അനശ്വരതയിലേക്കുള്ള അനന്തമായ പ്രയാണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു.
--------
അടുത്ത ദിവസം ഇന്‍‌കുബേറ്ററില്‍ നിന്നും ട്യൂബുകള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ വളർന്നിരുന്ന കോശങ്ങള്‍ മേരിയില്‍ പ്രത്യേകിച്ച് ഉത്സാഹം ഒന്നും ഉളവാക്കിയിരുന്നില്ല. കാരണം ഇതുപോലെ ഒന്ന് രണ്ട് ദിവസമൊക്കെ കോശങ്ങള്‍ വളരുന്നത്‌ അവര്‍ മുന്‍പും കണ്ടിരുന്നു.  മേരി ആ ഒരു ട്യൂബില്‍ നിന്നും കോശങ്ങളെ പകുത്ത് പല ട്യൂബുകളിലാക്കി. ദിവസങ്ങൾക്കുള്ളിൽ  വീണ്ടും പകുത്ത് പലതാക്കത്തക്കവിധം കോശങ്ങൾ വളർന്നു. ഇങ്ങനെ പകുക്കൽ തുടര്‍ന്നു കൊണ്ടേയിരുന്നു. അധികം വൈകാതെ അവര്‍ അത്യന്തം അല്‍ഭുതകരമായ ആ വസ്തുത തിരിച്ചറിഞ്ഞു. ഇതുവരെ അവർ കണ്ടതുപോലെയല്ല ഈ കോശങ്ങൾ.  ഈ കോശങ്ങള്‍ അനശ്വരമാണു! അവയ്ക്ക് മരണമില്ല! അനുകൂലമായ വളര്‍ച്ചാസാഹചര്യമൊരുക്കിക്കൊടുത്താല്‍ അവ വളര്‍ന്നുകൊണ്ടേയിരിക്കും.

അങ്ങനെ ലോകത്തെ ആദ്യത്തെ  അനശ്വര മനുഷ്യകോശം (Immortal Human Cell Line) രൂപമെടുത്തു. അവര്‍ അതിനെ വിളിച്ചത് "ഹീലാ (HeLa)" എന്നായിരുന്നു. ഹെന്‍‌റിയറ്റ ലാക്സ് (Henrietta Lacks) എന്ന പേരിന്റെ ആദ്യ രണ്ടക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ ഹീലാ!

ഹീലാ കോശങ്ങൾ (ചിത്രത്തിനു കടപ്പാട്)
റേഡിയേഷൻ ചികിൽസയിലൂടെ ഹെൻറിയറ്റ അർബുദവുമായി പോരാടുമ്പോൾ തന്നെ, 1951 ഏപ്രിൽ 10-നു ഡോ.ജോർജ് ബാൾട്ടിമോറിലെ ഒരു ലോക്കൽ  ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഹീലാ കോശങ്ങളെക്കുറിച്ച് ലോകത്തോട് ആവേശത്തോടെ സംസാരിക്കുകയായിരുന്നു. ഈ കോശങ്ങളെ ഉപയോഗിച്ച് കാൻസർ എന്ന മഹാരോഗത്തിനു പ്രതിവിധി  കണ്ടെത്താൻ  സാധിച്ചേക്കും എന്നദ്ദേഹം പറഞ്ഞു.   ഹെൻറിയറ്റ എന്ന പേര് മാത്രം പറഞ്ഞില്ല. അനുനിമിഷം മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്ന ആ സാധുസ്ത്രീ പരീക്ഷണശാലകളിൽ അനശ്വരപ്രയാണം തുടങ്ങിയ തന്റെ ജീവനെക്കുറിച്ച്  ഒരിക്കലും അറിഞ്ഞതുമില്ല. 

വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം വിജയത്തില്‍ കലാശിച്ച ഡോ.ജോര്‍ജ് വൈകാതെ തന്റെ സുഹൃത്തുക്കളെയും, പരിചയക്കാരായ മറ്റു ഗവേഷകരോടും അത്യന്തം ആവേശകരമായ ഈ വാര്‍ത്ത അറിയിച്ചു. സ്വാഭാവികമായും എല്ലാവരും ഒരേസ്വരത്തില്‍ തങ്ങള്‍ക്കും കൂടി ഈ കോശങ്ങള്‍ തരൂ എന്നാവശ്യപ്പെട്ടു. വൈകാതെ ഹോപ്കിന്‍സിലെ ആ കൊച്ചു പരീക്ഷണശാലയില്‍ നിന്നും ഹീലാ കോശങ്ങള്‍ ലോകത്തെമ്പാടുമുള്ള  നിരവധി പരീക്ഷണശാലകളിലേക്ക് കടന്നു ചെന്നു. അപ്പോഴും, അനുവാദമില്ലാതെ എടുത്തത്‌ കൊണ്ടും, രോഗിയുടെ സ്വകാര്യതയ്ക്ക് മുന്ഗണന നൽകുന്നു എന്ന ന്യായീകരണത്തോടെയും, ഹീലാ എന്ന കോശത്തിന്റെ ഉറവിടമായ ഹെൻറിയറ്റയെക്കുറിച്ചുള്ള വിവരം  ഹോപ്കിന്‍സ് രഹസ്യമായി തന്നെ സൂക്ഷിച്ചു.
-------
പോളിയോ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കണ്ട് അമ്മമാര്‍ തലയറഞ്ഞ് കരഞ്ഞ കാലം. ജോനസ് സാല്‍ക്ക് പോളിയോയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചിരുന്നു എങ്കിലും, വാക്സിന്റെ മനുഷ്യരിലുള്ള പ്രവർത്തനം വൻതോതിൽ പരീക്ഷിച്ച് ഫലമറിയാവുനുതകുന്ന  പരിശോധനാസംവിധാനം (ഡയഗ്നോസ്റ്റിക് ടെസ്റ്റ്) ആവശ്യമായിരുന്നു.    നിർജ്ജീവമാക്കിയ പോളിയോ വൈറസുകള്‍ തന്നെയാണ് ജോനാസ് സാൽക്ക് വാക്സിന്‍ ആയി ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ (സാൽക്കിന്റെ എതിരാളിയായിരുന്ന സാബിനും കൂട്ടരും നിർമ്മിച്ച "ജീവനുള്ളതും എന്നാൽ നിർവീര്യമാക്കിയതുമായ" live attenuated vaccine പിന്നീട് വന്നതാണ്). കുട്ടികളിൽ വാക്സീൻ കുത്തിവെച്ച ശേഷം അവരുടെ രക്തത്തിൽ വൈറസിനെതിരെയുണ്ടാക്കപ്പെടുന്ന ആന്റിബോഡികൾക്ക് വൈറസുകളെ നിർവീര്യമാക്കാനുള്ള കഴിവുണ്ടോ എന്ന്  പരിശോധിച്ചാണ് വാക്സീന്റെ ഫലപ്രാപ്തി നിർണ്ണയിക്കുന്നത്.

സാധാരണഗതിയിൽ വൈറസിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നത് കുരങ്ങുകളെ മൊത്തത്തിലോ, അല്ലെങ്കിൽ കുരങ്ങുകളിൽ നിന്നും വേർതിരിച്ചെടുത്ത അല്പായുസുള്ള നോർമൽ കോശങ്ങളോ ആയിരുന്നു (1960-ലാണ് വാക്സീൻ പഠനങ്ങൾക്ക് പിന്നീട്  വ്യാപകമായി ഉപയോഗിക്കപ്പെട്ട "വീറോ" എന്ന അനശ്വരകുരങ്ങ് കോശം സൃഷ്ടിക്കപ്പെടുന്നത്).  ലക്ഷക്കണക്കിന് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഫീൽഡ് ട്രയലിൽ ഇത്തരം പരിശോധന നടത്താനാവശ്യമായ അളവിൽ കുരങ്ങ് കോശങ്ങളെ സംഘടിപ്പിക്കുക എന്നത് തീർത്തും ദുഷ്കരവും അപ്രായോഗികവും, ധാരാളം പണച്ചിലവുള്ളതുമായ കാര്യമായിരുന്നു. തനിക്ക് വാക്സിന്‍ പരീക്ഷണത്തിനുതകുന്ന  മനുഷ്യകോശങ്ങള്‍  അത്യാവശ്യമാണെന്ന് ജോനസ് സാല്‍ക്ക് ശാസ്ത്രലോകത്തോട് അപേക്ഷിക്കുകയും, അത് ശ്രദ്ധയില്പെട്ട ഗവേഷകര്‍ ഹീലാ കോശങ്ങളെക്കുറിച്ച് അദ്ദേഹത്തോടു പറയുകയും ചെയ്തു. 

തുടര്‍ന്ന് ഹീലാകോശങ്ങളിൽ വൈറസുകളെ വളർത്താൻ കഴിയുമോ എന്ന് പരീക്ഷിച്ചു (മനുഷ്യരെ ബാധിക്കുന്നതാണെങ്കിലും എല്ലാ തരം വൈറസുകളും എല്ലാ തരം മനുഷ്യകോശങ്ങളിലും വളരുകയില്ല).   പരീക്ഷണങ്ങള്‍ വൻ വിജയകരമായിരുന്നു. ഹീലായില്‍ പോളിയോ വൈറസുകള്‍ പെറ്റു പെരുകി, കോശങ്ങളെ കൊന്ന് കൊലവിളിച്ച്  കൊണ്ടു വളര്‍ച്ചാ ദ്രാവകത്തില്‍ വൈറസുകൾ തിങ്ങി നിറഞ്ഞു. എന്നാൽ പോളിയോ വൈറസുകൾക്കെതിരെയുള്ള ആന്റിസിറം (ആന്റിബോഡി) പ്രയോഗിച്ചാൽ ഹീലാകോശങ്ങളിൽ നിന്നും വൈറസ് ബാധയെ ഒഴിപ്പിക്കാമെന്ന് മനസ്സിലാക്കി. അങ്ങിനെ ജോനാസ് സാൽക്കിനും കൂട്ടർക്കും വേണ്ടുന്ന ലളിതവും ചിലവു കുറഞ്ഞതുമായ വൈറസ് നിർവീര്യവൽക്കരണം എന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റ് രൂപം കൊണ്ടു.  അതായത് വാക്സിനേറ്റ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ കുട്ടികളിൽ നിന്നും രക്തമെടുത്ത് (സീറം), വെവ്വേറെ ആയി വൈറസിന്റെ സാന്നിധ്യത്തിൽ ഹീലാകോശങ്ങളിൽ പ്രയോഗിക്കുക. വൈറസ് ബാധയിൽ നിന്നും ഹീലാകോശങ്ങൾ രക്ഷപെടുന്നുവെങ്കിൽ കുട്ടികളുടെ രക്തത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്നും, അവർ പ്രതിരോധശേഷിയാർജ്ജിച്ചു  എന്നും മനസ്സിലാക്കാം.

1952-ൽ വാക്സിന്‍ പരീക്ഷണത്തിന്  മാത്രം ഹീലാ കോശങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിനായി ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഹീലാഫാക്റ്ററി തന്നെ തുടങ്ങി. കറുത്തവർഗക്കാരായ തടവുകാരിൽ സിഫിലിസ് രോഗമുണ്ടാക്കി ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കി കുപ്രസിദ്ധിയാർജ്ജിച്ച സ്ഥാപനമായിരുന്നു ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ട്‌.  ലോകത്തെ പോളിയോയിൽ നിന്നും വിമുക്തമാക്കാൻ യഥേഷ്ടം വൈറസുകൾക്ക് ഇരയാകുവാൻ വേണ്ടി ഒരു കറുത്തവർഗ്ഗക്കാരിയുടെ കോശം തയ്യാറെടുത്തതും അതേ സ്ഥലത്തായിരുന്നു എന്നത് കൗതുകകരമായ ചരിത്രമാണ്. ഹീലാ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടര്‍ന്ന് പോളിയോ വാക്സിനുകള്‍ വ്യാപകമായി കുഞ്ഞുങ്ങളില്‍ പ്രയോഗിച്ചു. വാക്സിനും വന്‍ വിജയമായിരുന്നു. ലോകമെങ്ങും നിരവധി കുഞ്ഞുങ്ങള്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് പിച്ച വെച്ചു നടന്നു. ഒരർത്ഥത്തിൽ ഹെന്‍‌റിയറ്റ ലാക്സ് എന്ന കറുത്ത വര്‍ഗക്കാരി വീട്ടമ്മയിലൂടെ. അവരുടെ ജീവന്റെ കണികയിലൂടെ. 

പോളിയോ വാക്സിനില്‍ തുടങ്ങി, ആണവവികിരണപരീക്ഷണങ്ങൾ,  അനേകം മരുന്നുകള്‍, ഗുളികകള്‍, എന്നുവേണ്ട നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ഒട്ടനവധി  നിത്യോപയോഗസാധനങ്ങളുടെ നിർമ്മാണസാമഗ്രികൾ ഹീലാ കോശങ്ങളില്‍ പരീക്ഷിച്ചു കടന്നു വന്നവയാണു. പോളിയോ വൈറസിനു പുറമെ മറ്റു നിരവധി വൈറസുകളും, ക്ഷയരോഗം, പ്ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ഹേതുവായ ഒട്ടനവധി ബാക്റ്റീരിയകളും  ഈ കോശങ്ങളില്‍ പരീക്ഷിച്ചു പഠിച്ചതിന്റെ ഫലമായി  ആന്റിബയോട്ടിക്കുകളും മരുന്നുകളും രൂപപ്പെടുത്തുവാന്‍ കഴിഞ്ഞു.

ആദ്യമായി  ബഹിരാകാശയാത്ര ചെയ്ത മനുഷ്യകോശവും ഹെന്‍‌റിയറ്റയുടെ ഹീലായായിരുന്നു. സീറോ ഗ്രാവിറ്റിയില്‍ മനുഷ്യകോശങ്ങള്‍ക്കുണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവനായിരുന്നു ആ യാത്ര.  ഹ്യൂമൻ ജീനോം പ്രോജക്റ്റിനും ഒക്കെ എത്രയോ വര്‍ഷം മുന്‍പ് നിരവധി ജീനുകളെ തിരിച്ചറിയുകയും, വേർതിരിച്ചെടുത്ത് പഠിക്കുകയും ചെയ്തത് ഹീലാ കോശങ്ങളെ ഉപയോഗിച്ചായിരുന്നു.പിന്നീട് ജീവശാസ്ത്രപാഠപുസ്തകങ്ങളിൽ കുമിഞ്ഞ് കൂടപ്പെട്ട കോശവിജ്ഞാനത്തിനൊപ്പം നിരവധി ഗവേഷകരെ നോബൽ സമ്മാനിതരാക്കുകയും ചെയ്തു ഈ അനശ്വരകീഴാളകോശങ്ങൾ.

ഈ അനശ്വരകോശങ്ങളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ ചിലര്‍ ചേര്‍ന്ന് ആദ്യകാലത്ത് തന്നെ മൈക്രോബയോളജി അസോസിയേറ്റ്സ് എന്ന ഒരു സ്വകാര്യ കമ്പനിക്ക് രൂപം കൊടുത്തു. അതുവരെ ഫ്രീ ആയി ലഭിച്ചിരുന്ന ഹീലാ കോശങ്ങള്‍ക്ക് ട്യൂബൊന്നിനു വില നിശ്ചയിച്ച്  വില്പന ആരംഭിച്ചു. അന്ന് രൂപം കൊണ്ട കമ്പനിയുടെ വേരുകള്‍ ഇന്നും ചില വമ്പന്‍ കമ്പനികളില്‍ കാണാം (ഇന്‍‌വിട്രോജന്‍, ബയോവിറ്റേക്കര്‍ എന്നിങ്ങനെ). ഒരു മള്‍ട്ടിമില്യൺ ഡോളര്‍ വ്യവസായമായി മാറി ഹീലാ കോശങ്ങളുടെ നിര്‍മ്മാണവിതരണ സം‌രംഭങ്ങൾ. ഇന്ന് എ.റ്റി.സി.സി എന്ന അമേരിക്കൻ സ്വകാര്യ കോശസംഭരണവിതരണ കേന്ദ്രത്തിൽ നിന്നും ട്യൂബൊന്നിനു $351 ഡോളറിനു ഹീലാ കോശങ്ങൾ ലഭിക്കും. ഈ ഒരു ട്യൂബിൽ നിന്നും വളർത്തിയെടുത്ത് നിങ്ങൾക്ക് എത്രവേണമെങ്കിലും സംഭരിച്ച് വെയ്ക്കാം.  എ.റ്റി.സി.സി-യുടെ കാറ്റലോഗ് നമ്പർ പ്രകാരം രണ്ടാമത്തെ കോശമാണു ഹീല (CCL-2). ആദ്യത്തേത്  L-929 (CCL-1) എന്ന് വിളിക്കപ്പെടുന്ന, എലിയിൽ നിന്നും വേർതിരിച്ചെടുത്ത കോശം.  മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വിറ്റ് കാശാക്കാം എന്ന ആശയത്തിനു തുടക്കം കുറിച്ചതിൽ ഈ കോശങ്ങൾക്ക് വലിയ പങ്കുണ്ട്.  

ക്യാന്‍സര്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കുവാന്‍ പോന്ന നിര്‍ണ്ണായകമായ ഈ മനുഷ്യകോശം ഇതിനോടകം വൻ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. സ്വാഭാവികമായും  ഈ കോശങ്ങളുടെ യഥാർത്ഥ ഉടമയെ ചൊല്ലി മാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങൾ ഉയരുകയും, ഹെറിയറ്റ് ലെയ്ന്‍ , ഹെലൻ ലെയ്ൻ എന്നിങ്ങനെ സാങ്കല്‍പ്പിക പേരുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ഹീലയുടെ ഉൽഭവത്തിനും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 1971-ൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ഡോക്റ്റർ ജോർജ് ഗയ് മരണമടഞ്ഞതിനു ശേഷം, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ജോൺസ് ഹോപ്കിൻസ്  പുറത്തിറക്കിയ  കുറിപ്പിലാണ്  ആദ്യമായി ഹീലായുടെ ഉടമയായി "ഹെൻറിയറ്റ ലാക്സ്" എന്ന പേരു അച്ചടിമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്.    അപ്പോഴും, വൈദ്യശാസ്ത്രരംഗത്ത് വിപ്ലവവും ഒപ്പം വിവാദങ്ങളും സൃഷ്ടിച്ച് കൊണ്ടിരുന്ന ഹെൻറിയറ്റയുടെ കോശത്തെക്കുറിച്ച്  അവരുടെ കുടുംബത്തിനു യാതൊരറിവും ഉണ്ടായിരുന്നില്ല.    

(തുടരും)
--------

References:

1- The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
2-Record of the first physician to see Henrietta Lacks at the Johns Hopkins Hospital: history of the beginning of the HeLa cell line. Jones, H. W.  Am J Obstet Gynecol 1997. 176:227S228S.
3-Tissue culture studies of the proliferative capacity of cervical carcinoma and normal epithelium, Gey, GO, Coffman, MD and Kubicek, MT, Cancer Research 12, 1952, 264-65
4-Studies on the propagation in vitro of Polio myelitis virus, Scherer, W and Gey GO, Journal of Experimental Medicine, 97, no 5 (May 1,1951).
5- The Mass Production and Distribution of HeLa Cells at the Tuskege Institute, 1953-55, Brown, RW, Henderson, JHM, Journal of the History of Medicine 38 (1983).
6- Immortalization overview ATCC
7- Tissue Culture Method
8-Biology of SNU lines Ja-Lok Ku and Jae-Gahib Park, Cancer Research and Treatment 2005;37(1):1-19