Thursday, March 15, 2007

ചില ബ്ലോഗാകുല ചിന്തകള്‍

കോപ്പിയടി പ്രശ്നം

സു എന്ന ബ്ലോഗറിന്റെ അനുമതിയില്ലാതെ ബ്ലോഗ്‌ കണ്ടന്റ്സ്‌ കോപ്പിയടിച്ചത്‌ തെറ്റ്‌ തന്നെ. സുവിന്റെ ബ്ലോഗില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ആ കുറ്റത്തിനെതിരെ സു നിയമനടപടികളെടുക്കുകയാണു വേണ്ടത്‌. അത്‌ നടക്കുന്നുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല. നിയമനടപടികള്‍ നടക്കുന്നുവെങ്കില്‍ (ഇല്ലെങ്കിലും) "കരിവാരിതേക്കല്‍ കാമ്പൈന്‍" എന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റി ഒരു അപ്പോളജി എഴുതി വാങ്ങുന്നതിനോട്‌ യോജിക്കുന്നുമില്ല.

ഒരുദാഹരണം പറയാം (ഇതാണല്ല്ലോ ഇപ്പോഴത്തെ ശൈലി).
നാട്ടിന്‍പുറത്ത്‌ ഒരു വീട്ടില്‍ പത്ത്‌ മക്കള്‍, ഒന്‍പത്‌ ആണും ഒരു പെണ്ണും, പിന്നെ അച്ഛനും അമ്മയും. ഇതില്‍ ഇളയ ചെറുക്കന്‍ ഒരു മോഷണം നടത്തി നാട്ടുകാരാല്‍ പിടിക്കപ്പെട്ടു. ആദ്യം എന്തായിരിക്കും ചെയ്യുക. നാട്ടുകാര്‍ പയ്യന്റെ കൂമ്പിടിച്ച്‌ വാട്ടും (ഇത്‌ നാട്ടുകാരുടെ ജന്മാവകാശമാണെന്ന് തോന്നുന്നു). എന്നിട്ട്‌ പോലീസില്‍ ഏല്‍പ്പിക്കും. പോലീസില്‍ നിന്നും കോടതി, നിയമനടപടി അങ്ങനെ പോകും. ശിക്ഷയും കിട്ടിയെന്ന് വരും. പക്ഷെ, അതുകൊണ്ടൊന്നും പ്രശ്നം തീരില്ല.

നാട്ടിന്‍ പുറത്തെ ചില സ്ത്രീപുരുഷ പ്രജകള്‍ തങ്ങളുടെ സ്ഥിരം പ്രചാരണ വേല തുടങ്ങുന്നു. ആ കുടുംബം മുഴുവന്‍ കള്ളന്മാരാണെന്നും, അവര്‍ക്കുള്ളതെല്ലാം കളവുമുതലാണെന്നും പറഞ്ഞു അവരെ നാറ്റിക്കും. ഇങ്ങനെയിരിക്കുമ്പോഴായിരിക്കും ആ വീട്ടിലെ പെണ്‍കുട്ടിക്ക്‌ വിവാഹാലോചനകള്‍ വരുന്നത്‌. വരുന്നവരോടെല്ലാം നാട്ടുകാരു പറയും ഓ, അതാ കള്ളന്റെ വീട്ടിലെ പെണ്ണല്ലേന്ന്. ഒരു കുടുംബത്തിന്റെ കട്ടേം ബോഡും അതോടെ മടങ്ങുന്നു. ഇതിനെ വളരെ മൃദുവായി നാട്ടിന്‍പുറത്ത്‌ പരദൂഷണം എന്ന് വിളിക്കുന്നു.

ഈ ലൈനിലാണു യാഹൂവിനും (ദുനിയായ്ക്കും) എതിരായുള്ള നീക്കമെന്ന് വളരെ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാമ്പൈനിംഗ്‌ ആയതു കൊണ്ട്‌ ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു. അത്‌ എന്റെ കാര്യം. കാമ്പൈനിംഗ്‌ ചെയ്തത്‌ അവരുടെ കാര്യം.

ഒന്നാം പാഠം: പരദൂഷണത്തിലൂടെയും നീതി നേടിയെടുക്കാം. പക്ഷെ അത്‌ നീതിയുടെ കൊഞ്ഞനമായിരിക്കും!


ഗൂഗിളും ബ്ലോഗിംഗും ഞാനും...


മനസ്സില്‍ തോന്നുന്നതൊക്കെ എഴുതിവെയ്ക്കാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും ഓസിനു കിട്ടിയ ഒരിടമായാണു ബ്ലോഗിനെ ഞാന്‍ കണ്ടത്‌. ബ്ലോഗ്‌ എന്നാല്‍ വളര്‍ന്ന് വലുതായി പരമ്പരാഗത അച്ചടിമാധ്യമങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന മറ്റൊരു കുത്തകയായി മാറേണ്ട വലിയ സംഭവമാണെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. അതിനുവേണ്ടിയാണല്ലോ അവകാശസമരവും, നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങളും. എല്ലാം നല്ലത്‌ തന്നെ.

ഒരര്‍ത്ഥത്തില്‍ ഗൂഗിളിന്റെ ഫ്രീ സര്‍വീസ്‌ ആയ ബ്ലോഗറുപയോഗിച്ചു ബ്ലോഗുന്നവരെല്ലാം, ഗൂഗിള്‍ പോര്‍ട്ടലിനു ഫ്രീ ആയി കണ്ടന്റ്‌ കൊടുക്കുന്ന കൂലിയില്ലാത്ത എഴുത്തുകാരാണു (ബ്ലോഗെഴുത്തിന്റെ കൂലി കമന്റാണെന്ന് ഒരു ചൊല്ലുള്ളത്‌ മറക്കുന്നില്ല). അത്തരം ഫ്രീ കണ്ടന്റ്സ്‌ മറ്റേതെങ്കിലും കമ്പനി തങ്ങളുടെ ധനസമ്പാദനത്തിനായി അടിച്ചുമാറ്റി ഉപയോഗിക്കുന്നത്‌ ഗൂഗിളിനും എഴുതുന്നവര്‍ക്കും പിടിച്ചെന്ന് വരില്ല.

ഈ സര്‍വീസ്‌ ഫ്രീ അല്ലായിരുന്നെങ്കില്‍, ഒരു നിശ്ചിത തുക (ഉദാ: മാസത്തില്‍ നൂറു രൂപയോ, പത്ത്‌ ഡോളറോ മറ്റോ) ഇതിനായി ചോദിച്ചിരുന്നെങ്കില്‍ എത്ര പേരു ബ്ലൊഗെഴുതുമായിരുന്നു? ഞാന്‍ എഴുതില്ലെന്നത്‌ ഉറപ്പ്‌. അതേ പോലെ തന്നെ ഏവൂരാന്റെ പിന്മൊഴി, തനിമലയാളം സര്‍വീസുകളും. ഇതു രണ്ടുമില്ലാതെയും ബ്ലോഗാമെന്നതു കൊണ്ട്‌ ഇതൊരു അവശ്യഘടകമല്ല. എങ്കിലും മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്കും, ഇന്ന് നാഴികക്ക്‌ നാല്‍പ്പത്‌ വട്ടവും പറഞ്ഞുകേള്‍ക്കുന്ന കൂട്ടായ്മയ്ക്കും കാരണമായത്‌ ഈ ഫ്രീ സര്‍വീസുകളാണു.

രണ്ടാം പാഠം: കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങാത്ത മലയാളി ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും.!


ലോനപ്പന്‍: ബ്ലോഗ്‌ മാഫിയയുടെ ആദ്യത്തെ ഇരയോ? അതോ സ്വയം കുഴിച്ച കുഴിയില്‍ വീണുപോയതോ?.

ബ്ലോഗില്‍ ആരൊക്കെ എന്തൊക്കെ എഴുതണമെന്നും, എന്തൊക്കെ കമന്റണമെന്നും തീരുമാനിക്കുന്ന ഒരു ഉപജാപസംഘം ഉരുത്തിരിഞ്ഞു വരുന്നുവോ എന്നൊരു തോന്നല്‍ എനിക്കുമുണ്ട്‌. ലോനപ്പന്റെ ജോലി തെറിപ്പിക്കല്‍ ഭീഷണി, അതിനോടനുബന്ധിച്ച്‌ ബ്ലോഗ്‌ നീക്കം ചെയ്തതും, ചില ബ്ലോഗേഴ്സിനെ തേടി പോലീസ്‌ ചെന്നു എന്നു പറഞ്ഞു കേള്‍ക്കുന്നതും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ലോനപ്പന്‍ ബ്ലോഗ്‌ ഡെലീറ്റ്‌ ചെയ്യാന്‍ തക്കതായ കാരണമുണ്ടാവും. ജോസ്‌ ചെറിയാ എന്ന അജ്ഞാതന്റെ (അജ്ഞാതയുടെ) ആദ്യത്തെ പരാതിപ്പുറത്ത്‌ കമ്പനി അയാളെ വിളിച്ച്‌ വാണ്‍ ചെയ്ത്‌ വിട്ടുകാണും. എന്നാല്‍, അതിന്റെ പേരില്‍ അയാളിട്ട പോസ്റ്റുകളും, അതില്‍ വന്ന കമന്റുകളുടെയും തുടര്‍ച്ചയെന്നോണം, വീണ്ടും പരാതി ചെന്നു എന്നു കരുതുക. അപ്പോള്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും ബ്ലോഗ്‌ ഡെലീറ്റ്‌ ചെയ്ത്‌ തന്റെ ജോലി സംരക്ഷിക്കുകയേ നിവൃത്തിയുണ്ടാവൂ. ഇവിടെയുള്ള മറ്റു ചിലരെപ്പോലെ ജീവവായുവിനെക്കാളും വലുതായി ബ്ലോഗിനെ കാണുന്ന മഹാനൊന്നുമാവില്ല ലോനപ്പന്‍.

ലോനപ്പന്റെ പേരില്‍ ഇനിയുണ്ടാകുന്ന പോസ്റ്റുകളും കമന്റുകളും അന്വേഷണങ്ങളും ഒരു പക്ഷെ ജോസ്‌ ചെറിയാമാരെ ഇനിയും ചൊടിപ്പിച്ചേക്കാം. ഇതൊക്കെ ലോനപ്പന്‍ പറഞ്ഞു ചെയ്യിക്കുന്നതാണെന്നും പറഞ്ഞൊരു പരാതി കൂടി അയാളുടെ പേരില്‍ ചെന്നാല്‍ മൂപ്പരുടെ ജോലി തെറിക്കുമെന്നത്‌ ഉറപ്പാണു. അതു കൊണ്ട്‌ തന്നെയാവും അയാള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതും. ബ്ലോഗ്‌ ചെയ്തതിന്റെ പേരില്‍ ഒരു മനുഷ്യനെ നിരന്തരമായ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ പ്രതികാരം വീട്ടുന്ന സൈക്കോപാത്തിന്റെ ക്രൂരവും വികലവുമായ മാനസിക സംതൃപ്തി ഇത്‌ ചെയ്തവരും ഇത്തരം ചെയ്തിക്ക്‌ കൂട്ട്‌ നിന്നവരും, അതിന്റെ ഫലം കണ്ടാസ്വദിക്കുന്നവരും, അതിനെ സപ്പോര്‍ട്ട്‌ ചെയ്യുന്നവരും അനുഭവിക്കുന്നുണ്ടാവും. ഒരു കുടുംബത്തിന്റെ കട്ടേം ബോഡും അതോടെ മടങ്ങിയേക്കാം (ഏതു വിധേനയും കട്ടേം ബോഡും മടക്കലാണല്ലോ ലേറ്റസ്റ്റ്‌ സ്റ്റെയില്‍).

മൂന്നാം പാഠം: ഇന്ന് ലോനപ്പന്‍, നാളെ നമ്മളില്‍ മറ്റൊരാള്‍!


മാതൃകാവിഗ്രഹങ്ങളും കീഴ്‌ശ്വാസവും.


ജീവിതത്തില്‍ പകര്‍ത്താനും അനുകരിക്കാനും മാതൃകാവിഗ്രഹങ്ങള്‍ തേടുന്നവരാണു പൊതുവെ എല്ലാവരും. പലതും അനുകരിച്ചും പകര്‍ത്തിയുമാണു ജീവിതം മുന്നേറുന്നത്‌ തന്നെ. ആ നിലയ്ക്ക്‌ ബ്ലോഗിലും വിഗ്രഹങ്ങളെ കണ്ടെത്തേണ്ടി വന്നു പലര്‍ക്കും. സ്വയം ആവശ്യപ്പെട്ടില്ലെങ്കില്‍ തന്നെയും പലരെയും വിഗ്രഹങ്ങളാക്കി മാറ്റുകയാണുണ്ടായത്‌. സേവനം, സീനിയോറിറ്റി, കമന്റുകളുടെ ആര്‍ജ്ജവം ഇതൊക്കെയായിരുന്നെന്ന് തോന്നുന്നു വിഗ്രഹനിര്‍മ്മാണത്തിന്റെ അവശ്യഘടകങ്ങള്‍.

എന്നാല്‍ അണ്ടിയോടടുത്തപ്പോള്‍ മാങ്ങ പുളിച്ചു തുടങ്ങുകയും, ഭക്തജനങ്ങള്‍ക്ക്‌ പ്രസാദമായി പുളിച്ചു നാറിയ കീഴ്‌ശ്വാസങ്ങള്‍ കിട്ടുകയും ചെയ്തപ്പോള്‍ പാവം ഭക്തജനങ്ങള്‍ മൂക്കും പൊത്തി, മൂക്കത്ത്‌ വിരലും വെച്ച്‌, അയ്യടാന്ന്, അന്തംവിട്ടു നിന്നുപോയി. നാറ്റം പിന്നെയും സഹിക്കാം പക്ഷെ ഭക്തജനങ്ങളുടെ മനസ്സിനേറ്റ മുറിവ്‌ ഉണങ്ങാതെ കിടക്കും. ഈ സമയത്ത്‌ വല്ല കരിങ്കല്ലോ തടിക്കഷണമോ വിഗ്രഹമാക്കിയിരുന്നെങ്കില്‍... മനുഷ്യവിഗ്രഹങ്ങളാണല്ലോ ഇപ്പോഴത്തെ ഫേഷന്‍. അവര്‍ക്ക്‌ അവരുടേതായ വികാരവിചാരങ്ങളുണ്ടെന്ന് ഭക്തജനങ്ങള്‍ ഓര്‍ത്തതുമില്ല. അനുഭവി!

ചില അപവാദങ്ങളൊക്കെയുണ്ടായെങ്കിലും പ്രസാദം കീഴ്‌ശ്വാസമായി കൊടുക്കാത്ത ചില നല്ല വിഗ്രഹങ്ങളെങ്കിലും ബാക്കിയുണ്ടെന്നുള്ളതാണു ഭക്തജനങ്ങളുടെ ഏക ആശ്വാസം.

നാലാം പാഠം: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക്‌ മാതൃകാവിഗ്രഹങ്ങളാവുക.


എല്ലാ ബ്ലോഗരും തുല്യര്‍, ചില ബ്ലോഗേഴ്സ്‌ കൂടുതല്‍ തുല്യര്‍
(കട: ജോര്‍ജ്ജ്‌ ഓര്‍വെലിന്റെ അനിമല്‍ ഫാം എന്ന പുസ്തകം)

ഓര്‍വെലിന്റെ അനിമല്‍ ഫാം വായിച്ചിട്ടുള്ളവര്‍ അതിലെ ഈ വാചകം ഒരിക്കലും മറക്കാനിടയില്ല. "All animals are equal but some are more equal than others.‌" ജീവിതത്തിലെന്നപോലെ ബ്ലോഗിലും ഇത്‌ വളരെയധികം പ്രസക്തമാണെന്ന് ഇതിനോടകം എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ.

ചില ബ്ലോഗേഴ്സ്‌ കൂടുതല്‍ തുല്യരാകുന്നതിനു വ്യക്തമായ ചില മാനദണ്ഡങ്ങളും, സംഘടിതമായ ആസൂത്രണവും ഉണ്ട്‌. സീനിയോറിറ്റി, പോപ്പുലാരിറ്റി, ബ്ലോഗ്‌ സേവനങ്ങളിലൂടെ കൈവരുന്ന അധികാരം, ബ്ലോഗാന്‍ അവശ്യമായ ഉല്‍പന്നങ്ങളുടെ ഉപജ്ഞാതാക്കള്‍ എന്ന സ്ഥാനം, കൂട്ടായ്മയിലുള്ള പങ്ക്‌ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വെച്ചാണു ഈ തുല്യത നിര്‍ണയിക്കുന്നത്‌. വിഗ്രഹങ്ങളാക്കപ്പെടുന്നതുപോലെ ഇവിടെയും സ്വയം ആവശ്യപ്പെടാതെ കൂടുതല്‍ തുല്യത ചാര്‍ത്തപ്പെടുന്നവരുമുണ്ട്‌. വെറും തുല്യരോ, ഒട്ടും തുല്യരല്ലാത്തതുമായവരാണു ബഹുഭൂരിപക്ഷം ബ്ലോഗേഴ്സും.

എവിടെ അസമത്വമുണ്ടോ അവിടെ അസ്വസ്ഥതയുമുണ്ട്‌. പുകഞ്ഞ്‌ പുകഞ്ഞ്‌ ഒരു ദിവസം കത്തിപ്പടരുന്ന അസ്വസ്ഥത. ഈ തീയില്‍ പഴയ അസമത്വങ്ങള്‍ ദഹിച്ചുപോയാലും, പുതിയവ പൊട്ടിമുളയ്ക്കും. അതാണതിന്റെ ഒരു രീതി.

ഇത്രയും വൈവിധ്യമാര്‍ന്ന ബ്ലോഗേഴ്സിനിടയില്‍ അഭിപ്രായവ്യത്യാസങ്ങളും, ഉരസലുകളും ഉണ്ടാകുന്നത്‌ തികച്ചും സ്വാഭാവികം തന്നെ. എങ്കിലും നേതൃസ്ഥാനത്ത്‌ കൂടുതല്‍ തുല്യരായ ബ്ലോഗേഴ്സ്‌ ആകുമ്പോള്‍ ഉരസലുകള്‍ക്ക്‌ അധികാരധാര്‍ഷ്ട്യത്തിന്റെ ചുവയുണ്ടാകുന്നു. ഇതൊന്നും ഒഴിവാക്കാനാവുന്നതല്ല. മാത്രമല്ല ഇതൊരു തുടര്‍ച്ചയാകാനാണു സാധ്യതയും. പരസ്പരം അറിയാത്തവര്‍ തമ്മിലുള്ള വിര്‍ച്വല്‍ വ്യക്തിവിദ്വേഷങ്ങള്‍ക്കുമപ്പുറം, നേര്‍ക്ക്‌ നേര്‍ കയ്യാങ്കളിയോ, പകപോക്കലിലോ, ഒളിപ്പോരിലോ, കൊട്ടേഷനിലോ, കൊലപാതകത്തിലോ ഒക്കെ ചെന്നവസാനിച്ചേക്കാവുന്ന സില്ലി സ്പര്‍ദ്ധയോര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം, പുച്ഛിക്കാം. നമ്മള്‍ മലയാളികളല്ലേ, ഇതൊക്കെ നമ്മുടെ ചോരയിലുള്ളത്‌ തന്നെ!

അഞ്ചാം പാഠം: All animals are equal but some are more equal than others!


ബ്ലോഗേഴ്സിന്റെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍, അഥവാ ഇ-മെയിലും ചാറ്റും!

ബ്ലോഗിലെ പല പ്രവര്‍ത്തനങ്ങളുടെയും ചരടുവലികളും, രഹസ്യനീക്കങ്ങളും, വിവരശേഖരണ വിതരണവും നടക്കുന്ന ഇ-മെയിലും, ചാറ്റ്‌ എന്നീ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍ വഴിയാണെന്നത്‌ വ്യക്തം. ഇതിനായി ടെലഫോണ്‍ സര്‍വീസ്‌ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ഇതെല്ലാം വലിയ പോരായ്മയായി പലയിടത്തും സൂചിപ്പിച്ചു കാണുന്നു. ഇതൊന്നും ഒരു പോരായ്മയയി എനിക്കു തോന്നുന്നില്ല. ഓരോരുത്തരുടെ സ്വകാര്യമാണതൊക്കെ. അതിനെച്ചൊല്ലി പരാതിപ്പെടുന്നത്‌ അര്‍ത്ഥശൂന്യവുമാണു.

എന്നാല്‍ ബ്ലോഗില്‍ പലപ്പോഴും സ്വകാര്യസംഭാഷണങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. സ്വന്തം സ്വകാര്യ ജീവിതത്തെക്കാള്‍ അന്യന്റെ സ്വകാര്യ ജീവിതത്തിനോടു അമിതമായ താത്‌പര്യമുള്ളവരാണു മലയാളികളിലേറെപ്പേരും. അതിന്റെ തെളിവുകളായി ഇത്തരം വെളിപ്പെടുത്തലുകളെ കാണാം.

അഞ്ചാം പാഠം: അന്യന്റെ സ്വകാര്യതയെ ആഗ്രഹിക്കരുത്‌, അതിലിടപെടരുത്‌!


ചുരുക്കം

മലയാളികളുടെ ആക്ച്വല്‍ ജീവിതത്തിന്റെ പരിച്ഛേദം തന്നെയാണു വിര്‍ച്വല്‍ ജീവിതത്തിലും. പലപ്പോഴും വിര്‍ച്വല്‍ ജീവിതത്തില്‍ ഒരു ഐഡിയല്‍ വ്യക്തിത്വം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രത കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ സ്വയമറിയാതെ തനതു വ്യക്തിത്വം വെളിപ്പെടുത്തുന്നു.

വൈവിധ്യമാര്‍ന്ന ബ്ലോഗ്‌പരിസരങ്ങള്‍ സൃഷ്ടിക്കുന്ന കലഹങ്ങള്‍ ബ്ലോഗ്‌ വിട്ട്‌ വീടുകയറിച്ചെല്ലുന്നതുവരെ ബ്ലോഗ്‌ വളര്‍ന്നുകഴിഞ്ഞു. ആ നിലയ്ക്ക്‌ ബ്ലോഗിന്റെ വളര്‍ച്ചയ്ക്കും പുരോഗമനത്തിനുമായി അഹോരാത്രം പ്രയത്നിച്ചവര്‍ക്കും, എല്ലാ ബ്ലോഗേഴ്സിനും തീര്‍ച്ചയായും അഭിമാനിക്കാം. എല്ലാറ്റിനുമുപരി ഈ കലഹങ്ങളൊന്നും തന്നെ ക്രിയാത്മകമായ ബ്ലോഗ്‌ സൃഷ്ടികളുടെയോ, സാഹിത്യരചനകളുടെയോ പേരിലല്ലായെന്നുള്ളത്‌ സാഹിതീകുതുകികളായ ബ്ലോഗേഴ്സിനു വളരെയധികം പ്രതീക്ഷയും നല്‍കുന്നു.!


കടപ്പാടുകള്‍: ഈ ലേഖനമെഴുതാന്‍ സഹായകമായ കാലിക ബ്ലോഗ്‌ സംഭവങ്ങള്‍ക്കും, എല്ലാ ബ്ലോഗേഴ്സിനും നന്ദി അറിയിച്ചുകൊള്ളുന്നു.


റെഫറന്‍സസ്‌: തനിമലയാളം, പിന്‍മൊഴികള്‍, നിരവധി ബ്ലോഗ്‌ പോസ്റ്റുകള്‍, എണ്ണമറ്റ കമന്റുകള്‍.


ഡിസ്കോ കൈമള്‍: ഈ എഴുതിയിരിക്കുന്നതെല്ലാം സമകാലീന ബ്ലോഗുകളും, കമന്റുകളും വായിച്ചതിനു ശേഷമുള്ള എന്റെ മാത്രം നിരീക്ഷണങ്ങളോ, വിചാരങ്ങളോ ആണു. അതുകൊണ്ട്‌ തന്നെ ആര്‍ക്കെങ്കിലും വ്യക്തിപരമായി വിദ്വേഷം തോന്നിയാല്‍ അതെന്റെ നേര്‍ക്ക്‌ മാത്രമാക്കാന്‍ അപേക്ഷ!