Saturday, April 22, 2017

ലിക്വിഡ് ബയോപ്സി: കാൻസറിന്റെ പ്രാരംഭനിർണയത്തിനുള്ള നൂതന വിദ്യ

കാൻസർ ചികിത്സാ വിജയത്തിൽ നിർണ്ണായകമാണ് അതിന്റെ പ്രാരംഭത്തിൽ തന്നെയുള്ള ഡിറ്റക്ഷൻ (ഡയഗ്നോസിസ്). അതിന്  ഉതകുന്ന ഏറ്റവും നൂതനമായ ഒരു സങ്കേതത്തെയാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തന്നത്.

അതിന് മുൻപ് സ്വല്പം പശ്ചാത്തല വിവരങ്ങൾ. 

2016ൽ മസ്സാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐറ്റി) യിൽ  നടന്ന ഒരു മീറ്റിങ്ങിൽ  ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലായിലെ പ്രശസ്തനായ കാൻസർ വിദഗ്ദൻ  പ്രൊഫസർ ബെർട്ട് വോഗൽസ്റ്റൈൻ നടത്തിയ പ്രഭാഷണത്തിൽ നർമ്മത്തിന്റെ അകമ്പടിയോടെ ചില വസ്തുതകളെ ചൂണ്ടിക്കാട്ടുകയുണ്ടായി. 

നിങ്ങൾ ഒരു എലിയാണെങ്കിൽ, നിങ്ങളിൽ ആരെങ്കിലും ബലമായി കാൻസർ കോശങ്ങൾ കുത്തിവെച്ച് കാൻസർ വരുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ എന്റടുത്ത് വന്നാൽ ചികിത്സിച്ച് പരിപൂർണ്ണമായും കാൻസർ വിമുക്തരാക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവം ശരിയാണ്.
കാൻസർ മരുന്നു ഗവേഷണത്തിന്റെ ഭാഗമായി നിരവധി എലികളെ ഗവേഷകർ നിഷ്പ്രയാസം കാൻസർ വിമുക്തരാക്കാറുണ്ട്. എന്നാൽ എലികളെ വിട്ട് മനുഷ്യരിലേക്ക് എത്തുമ്പോൾ മരുന്നുകളുടെ ഫലപ്രാപ്തിയുടെ തോത് കുത്തനെ കുറയും.

ഈ പ്രതിഭാസത്തിന് പല കാരണങ്ങളുണ്ട്. ഒന്നാമത് മനുഷ്യൻ എലിയല്ല എന്നത് തന്നെ. :) എന്നാൽ  വോഗൽസ്റ്റൈൻ പറയുന്നത് ലോകത്തിന്റെ സ്പന്ദനം എന്നതുപോലെ ഇതും ലളിതമായ ഒരു അരിത്ത്മെറ്റിക്കൽ പ്രശ്നമാണെന്നാണ്. കണക്കിന്റെ കളി. ഇതിന് പരിഹാരമായി അദ്ദേഹം നിർദ്ദേശിക്കുന്നതും കാൻസർ ചികിത്സയുടെ കോണ്ടക്സ്റ്റിൽ മനുഷ്യനെ 'എലിയായി' മാറ്റുക എന്നതാണ്.

കാൻസർ ചികിത്സ: എണ്ണത്തിലാണ് കാര്യം.

സംഭവം വളരെ സിമ്പിളാണ്, ഒബ്‌വിയസുമാണ്. പരീക്ഷണത്തിനുപയോഗിക്കുന്ന എലി ഒരു ചെറിയ ജീവിയാണ്. എലിയിലെ കാൻസർ ആ ജീവിയെക്കാൾ ചെറുതായിരിക്കും. കാൻസറുള്ള എലിയെ  മനുഷ്യരിലെ കാൻസറിന്റെ അടുത്ത് വെച്ച് നോക്കിയാൽ മൊത്തത്തിൽ എലിയെക്കാൾ വലിപ്പമുണ്ടാവും മനുഷ്യരിലെ കാൻസറിന് (ചിത്രം 1). കാൻസർ എന്നത് കോശങ്ങളുടെ അനിയന്ത്രിതമായ പെരുകലാണ്. കാൻസർ കോശങ്ങളുടെ എണ്ണം കൂടുന്തോറും കാൻസറിന്റെ വലിപ്പവും (വ്യാപ്തിയും) കൂടും. അതായത് എലികളിലെ വലിയ കാൻസറിൽ ഉള്ളതിനെക്കാൾ പലമടങ്ങ് കൂടുതൽ കാൻസർ കോശങ്ങളാണ് മനുഷ്യരിലെ കാൻസറിൽ ഉള്ളത്. 
ചിത്രം 1 : മനുഷ്യരിലെ ട്യൂമറും (കരൾ) എലിയുടെ ട്യൂമറും തമ്മിലുള്ള വലിപ്പ വ്യത്യാസം

എണ്ണത്തിൽ കുറവായ കാൻസർ കോശങ്ങളെ കൊല്ലാൻ മരുന്നുകൾക്ക് എളുപ്പമാണ്. പോരിന് വരുന്ന പത്താളുള്ള കാലാൾപ്പടയെ പതിനായിരമാളുള്ള കാലാൾപ്പടയെക്കാൾ എളുപ്പത്തിലും വേഗത്തിലും പരാജയപ്പെടുത്താൻ സാധിക്കുമെന്നതു പോലെ തന്നെ.

ഫലപ്രദമായ കാൻസർ ചികിത്സയ്ക്ക് മനുഷ്യനെ 'എലിയാക്കുക' എന്ന് വോഗൽസ്റ്റൈൻ പറയുന്നതും ഈ കണക്കിന്റെ കാര്യത്തിലാണ്. മനുഷ്യരിലെ  കാൻസറിനെ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കുക. കാൻസർ കോശങ്ങൾ എണ്ണത്തിൽ എലികളുടേതിനു സമാനമായ (എണ്ണത്തിൽ കുറവായ) അവസ്ഥയിൽ കണ്ടെത്തിയാൽ അവയെ മരുന്നു പ്രയോഗത്തിലൂടെ പൂർണ്ണമായും നശിപ്പിക്കാൻ എളുപ്പമാകും. 

കാൻസർ ചികിത്സയിലെ മറ്റൊരു കീറാമുട്ടിയും പ്രധാന പരാജയകാരണങ്ങളിലൊന്നുമാണ് മരുന്നുകൾക്കെതിരെയുള്ള കാൻസർ കോശങ്ങളുടെ പ്രതിരോധം. വളർന്നു വലുതായ ഒരു മനുഷ്യ ട്യൂമറിൽ കോശങ്ങളുടെ സ്വാഭാവിക പരിണാമഫലമായി, മരുന്നു ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ അതിനെ ചെറുക്കാൻ ശേഷിയുള്ള കാൻസർ കോശങ്ങൾ ഉണ്ടായിരിക്കും എന്നത്   വോഗൽസ്റ്റൈൻ ചൂണ്ടിക്കാണിക്കുന്നു. മരുന്നു പ്രയോഗത്തിന്റെ ഫലമായി ഒട്ടുമിക്ക കാൻസർ കോശങ്ങളും കൊല്ലപ്പെടുമ്പോൾ ആ സ്ഥാനത്തേക്ക് ഈ പ്രതിരോധശേഷിയുള്ള  കോശങ്ങൾ പെരുകുകയാണ് ചെയ്യുക. കാൻസർ പ്രാരംഭത്തിൽ തന്നെ നിർണ്ണയിക്കാൻ സാധിച്ചാൽ ഇത്തരം പ്രതിരോധശേഷിയുള്ള കോശങ്ങളുടെ ഉത്ഭവ സാധ്യതയും കുറയ്ക്കാം.

ഇവിടെയാണ് ലിക്വിഡ് ബയോപ്സി എന്ന നൂതന അർബുദ പ്രാരംഭനിർണയ സങ്കേതം പ്രതീക്ഷയാകുന്നത്.

രക്തത്തിലെ അർബുദ അടയാളങ്ങൾ
ശരീരകലകളെ പുറത്തെടുത്ത് ലാബിൽ പരിശോധിക്കുന്നതിനെയാണല്ലോ ബയോപ്സി എന്ന് പൊതുവെ പറയുന്നത്. പ്രാഥമിക രക്താർബുദം ഒഴിച്ച് മറ്റു ആന്തരിക അവയവങ്ങളിലെ കാൻസറുകളുടെ നിർണ്ണയത്തിന് ആവശ്യമായ ശരീരഭാഗം അതായത് അവയവങ്ങളിൽ നിന്നും ശേഖരിക്കാൻ   പലപ്പോഴും കൂടുതൽ ഇൻവേസീവ് ആയ സർജറി പോലുള്ള മാർഗങ്ങൾ വേണ്ടിവരും. എന്നാൽ താരതമ്യേന എളുപ്പം ശേഖരിക്കാവുന്ന രക്തത്തിന്റെ പരിശോധനയിലൂടെ തന്നെ കാൻസർ നിർണ്ണയം (Early detection) നടത്താൻ ഉതകുന്ന സങ്കേതമാണ് ലിക്വിഡ് ബയോപ്സി (ചിത്രം 2 ). 

ചിത്രം 2 : ലിക്വിഡ് ബയോപ്സി ഉദാഹരണങ്ങളും ഉപയോഗങ്ങളും (ചിത്രത്തിന് കടപ്പാട് ഗൂഗിൾ)

അർബുദ ഡിഎൻഎ / ആർഎൻഎ
സ്വാഭാവികമായ പ്രക്രിയയിലൂടെയും ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവർത്തനഫലമായും മറ്റു കോശങ്ങളെപ്പോലെ കാൻസർ കോശങ്ങളും മരണപ്പെടുന്നുണ്ട്. അവയുടെ ഭൗതീകാവശിഷ്ടങ്ങൾ ഡിഎൻഎയുടെയും ആർഎൻഎയുടെയും ഒക്കെ രൂപത്തിൽ രക്തത്തിലേക്ക് ഒഴുകിയെത്തുന്നു. ഇത്തരത്തിലുള്ള  ഡിഎൻഎയെ  സർക്കുലേറ്റിങ്ങ് ടൂമർ ഡിഎൻഎ (ctDNA) എന്ന് വിളിക്കുന്നു. 

രക്തത്തിൽ നിന്നും ctDNA വേർതിരിച്ചെടുത്ത് അതിന്റെ ശ്രേണിയിൽ  കാൻസറുകളിൽ പൊതുവായി കാണപ്പെടുന്ന ചില ഉൽപരിവർത്തനങ്ങളുടെ (മ്യൂട്ടേഷൻ) സാന്നിധ്യം വിലയിരുത്താം. ഉദാഹരണം ബ്രാക്കാ (BRCA1) ജീനിലെ മ്യൂട്ടേഷൻ ബ്രെസ്റ്റ് കാൻസറിന്റെ സൂചനയാവാം. അതുപോലെ EGFR ജീനിലെ മ്യൂട്ടേഷൻ ശ്വാസകോശാർബുദത്തിന്റെ സൂചന. KRAS മ്യൂട്ടേഷൻ പാൻക്രിയാറ്റിക് കാൻസറിന്റെ. ഒരേസമയം നിരവധി ജീൻ മ്യൂട്ടേഷനുകൾ പരിശോധിക്കാൻ കഴിയുമെന്നതു കൊണ്ട് ഒന്നിലധികം മ്യൂട്ടേഷനുകൾ കാണപ്പെട്ടാൽ രോഗനിർണയത്തിന് അത് കൂടുതൽ സഹായകരമാകും.

ജീനുകളുടെ ഉല്പരിവർത്തനത്തിനു  പുറമെ കാൻസറിന്റെ വളർച്ചയെ സഹായിക്കുന്ന ഉപരിജനിതക മാറ്റങ്ങളും (ഉദാഹരണത്തിന് DNA Methylation) ലിക്വിഡ് ബയോപ്സി വഴി കണ്ടെത്താൻ കഴിയും.

സ്വാഭാവികമായും കാൻസർ കോശങ്ങളുടെ എണ്ണം (കാൻസറിന്റെ വലിപ്പം) കൂടുന്നതനുസരിച്ച് രക്തത്തിലെ ctDNAയുടെ അളവും കൂടും. ഈ ടെക്നിക് വളരെയധികം സെൻസിറ്റീവ് ആയതിനാൽ കാൻസറിനെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുമെന്നതാണ് ഗവേഷകരെ ഉത്സാഹിതരാക്കുന്നത്. ഈ സങ്കേതത്തിന്റെ വ്യാപകമായ ക്ളിനിക്കൽ ഉപയോഗത്തിന് ആവശ്യമുയ വിപുലമായ പഠനങ്ങൾ നടന്നുവരുന്നു. 

ഡിഎൻഎ കൂടാതെ ടൂമർ ആർഎൻഎ യുടെ സാന്നിധ്യവും വേർതിരിച്ചറിയാൻ ഉതകുന്ന ടെക്നിക്കുകൾ വികസിപ്പിച്ചിട്ടുണ്ട്. 

അർബുദ കോശങ്ങൾ
രക്തത്തിൽ അർബുദ കോശങ്ങളുടെ (Circulating Tumor Cells, CTCs ) തന്നെ സാന്നിധ്യം കണ്ടെത്തുന്ന സങ്കേതമാണിത്. അർബുദ കോശങ്ങളുടെ ഉപരിതലത്തിൽ  കാണപ്പെടുന്ന ചില യുണീക്ക്  പ്രോട്ടീൻ അടയാളങ്ങളെയോ രൂപഘടനയിലുള്ള വ്യതിയാനങ്ങളെയോ ഉപയുക്തമാക്കി ഈ കോശങ്ങളെ വേർതിരിക്കാനും പരീക്ഷണശാലയിൽ വളർത്താനും അവയുടെ ഉത്ഭവസ്ഥാനമുൾപ്പെടെയുള്ള  സ്വഭാവസവിശേഷതകൾ നിർണ്ണയിക്കാനും സാധിക്കും. 

അർബുദ എക്സോസോമുകൾ (Tumor-Derived Exosomes: TEX )
കോശങ്ങളിലെ ഡിഎൻഎ, ആർഎൻഎ പ്രോട്ടീൻ മറ്റു സംയുക്തങ്ങൾ ഒക്കെ പാക്ക് ചെയ്ത് പുറത്തേക്ക് സ്രവിക്കപ്പെടുന്ന, 30 -150nm ഡയമീറ്റർ വലിപ്പമുള്ള കുമിളകളെയാണ്    (Vesicle) എക്സോസോം എന്ന് വിളിക്കുന്നത്.  അനിയന്ത്രിതമായി പെരുകുന്ന കോശങ്ങൾ പുറപ്പെടുവിക്കുന്ന ഇത്തരം കുമിളകളെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് കാൻസറിന്റെ സൂചകമായ ഡിഎൻഎ, പ്രോട്ടീൻ, ആർഎൻഎ എന്നിവയെ വിലയിരുത്താൻ സാധിക്കും.

ഭാവിയിലേക്കൊരു സമഗ്ര പദ്ധതി
നിലവിലുള്ള പരമ്പരാഗത ടിഷ്യൂ ബയോപ്സിയുടെ ഒപ്പം ലിക്വിഡ് ബയോപ്സിയിലെ നൂതനമായ ഈ സാങ്കേതിക വിദ്യകളും ചേരുമ്പോൾ കൃത്യതയോടെയുള്ള കാൻസറിന്റെ പ്രാരംഭ നിർണ്ണയം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രാരംഭ നിർണയത്തിന് പുറമെ ചികിത്സയുടെ ഭാഗമായി കാൻസറിനുണ്ടാകുന്ന മാറ്റങ്ങളെ ഫലപ്രദമായി പിന്തുടരുവാനും, അവശേഷിക്കുന്ന അര്ബുദകോശങ്ങളെ (റെസിജുവൽ ഡിസീസ്) പോലും കണ്ടെത്തുവാനും ഈ സങ്കേതത്തിന്  സാധിക്കും. ഇങ്ങനെ ഒരു സമഗ്രമായ രോഗനിർണയ ചികിത്സാ പദ്ധതിയിലൂടെ ഭാവിയിൽ കാൻസറിന്റെ സമ്പൂർണ്ണ ചികിത്സാവിജയം ഉറപ്പാക്കാനും സാധിച്ചേക്കും.

അധികവായനയ്ക്ക് 


1. https://www.youtube.com/watch?v=43N75VjQ708
2 .Bettegowda C, Sausen M, Leary RJ, et al. Detection of circulating tumor DNA in early- and late-stage human malignancies. Sci Transl Med 2014;6:224ra–24

3 . Levy B, Hu ZI, Cordova KN, Close S, Lee K, Becker D. Clinical Utility of Liquid Diagnostic Platforms in Non-Small Cell Lung Cancer.Oncologist. 2016 Sep; 21(9):1121-30. Epub 2016 Jul 7.

4 . Esposito A, Criscitiello C, Trapani D, Curigliano G. The Emerging Role of "Liquid Biopsies," Circulating Tumor Cells, and Circulating Cell-Free Tumor DNA in Lung Cancer Diagnosis and Identification of Resistance Mutations. Curr Oncol Rep. 2017 Jan; 19(1):1. 

5. Wan JC, Massie C, Garcia-Corbacho J, Mouliere F, Brenton JD, Caldas C, Pacey S, Baird R, Rosenfeld N. Liquid biopsies come of age: towards implementation of circulating tumour DNA. Nat Rev Cancer. 2017 Apr;17(4):223-238. doi: 10.1038/nrc.2017.7. Epub 2017 Feb 24.
 
6 . & Information transfer by exosomes: a new frontier in hematological malignancies. Blood Rev. 29, 281–90 (2015)
Sunday, March 20, 2016

ഇന്ത്യ ഒരു മരമാണ്

ഇന്ത്യ ഒരു മരമാണ്
കൊമ്പുകളിൽ മൃതദേഹങ്ങൾ കായ്ക്കുന്ന
ആമരം ഈമരം ആൾമരം
രാമന്റെ മരം.

വഴിയരികിൽ കടത്തപ്പെട്ട്
വയലുകളിൽ ബലാൽസംഗം ചെയ്യപ്പെട്ട
ദളിത് പെൺകുട്ടികൾ,
വെറുതെ രസത്തിന്
തല്ലിക്കൊന്ന ദളിത് ചെറുപ്പക്കാർ
കടം കൊണ്ട കർഷകർ,
കാലിച്ചന്തയിൽ അടിച്ചു കൊന്ന്
കെട്ടിത്തൂക്കിയ മുസ്ളിം ബാലൻമാർ.

ഇന്ത്യ ഒരു മരമാണ്.
നരഭോജികൾ
നട്ടു വളർത്തുന്ന
കഴുമരം.

:(

Sunday, October 04, 2015

ക്റിസ്പർ-കാസ് അഥവാ ജനിതകം തിരുത്തുന്ന പത്രാധിപർ!ജൈവസാങ്കേതിക രംഗത്ത് തികച്ചും വിപ്ളവാത്മകമായതും,  തന്മാത്രാ, ജനിതക ഗവേഷണരംഗത്ത് പുത്തൻ കുതിച്ച് ചാട്ടങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നതും , ഭാവിയിൽ (എന്ന് പറഞ്ഞാൽ ചിലപ്പോൾ ഈ അടുത്ത ആഴ്ച തന്നെ!) നോബൽ സമ്മാനം ലഭിക്കുമെന്ന് ഉറപ്പുള്ളതുമായ ഒരു കണ്ടു പിടുത്തത്തെക്കുറിച്ച് ആണ്  ഈ കുറിപ്പ്. ഈ കണ്ടുപിടുത്തത്തിന്റെ പേരിൽ  ഇതിനോടകം നിരവധി അവാർഡുകൾ നേടിയ ഇമ്മാനുവൽ ഷാപ്പന്റിയേ, ജെന്നിഫർ ഡൗഡ്ന എന്നീ  വനിതാ ശാസ്ത്രജ്ഞകളാവും ഈ വർഷത്തെ കെമിസ്ട്രി നോബൽ സമ്മാനം പങ്കിടുക എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. 

ചിത്രത്തിനു കടപ്പാട് യൂടൂബ് വീഡിയോ (Reference-1)
സ്വയം പ്രസാധനത്തിന്റെ ഇക്കാലത്ത് എഴുതുന്നവരെല്ലാം തന്നെ അക്ഷരത്തെറ്റുകൾ, വ്യാകരണപ്പിഴവുകൾ, ആശയപ്പിഴവുകൾ എന്നിങ്ങനെ  തെറ്റുകുറ്റങ്ങളെ വെട്ടിയും തിരുത്തിയും എഴുത്തുകളുടെ മാറ്റ് കൂട്ടുക എന്ന എഡിറ്റർ ജോലി ചെയ്യുന്നവരാണല്ലോ. ജീവികളുടെ ജനിതകപുസ്തകത്തിനും  അതിന്റേതായ അക്ഷരമാലയും, വ്യാകരണവും ഒക്കെ  ഉണ്ടെന്ന്  എല്ലാവര്ക്കും അറിയാമല്ലോ. ഡി.എൻ.എയിലെ നാലക്ഷരങ്ങളായ "A,T,G,C" ക്ക് പുറമേ പുതിയ രണ്ടക്ഷരം കൂടി ചേർത്ത വാര്ത്തയും നിങ്ങൾ ഒരു പക്ഷെ അറിഞ്ഞിരിക്കും. നിരവധി നാച്ചുറൽ കാരണങ്ങളാൽ  തന്നെ ഡി.എൻ.എ-യിൽ പലതരം അക്ഷരപ്പിഴവുകളും, വ്യാകരണതെറ്റുകളും വരാറുണ്ട്. ഉദാഹരണത്തിനു അൾട്രാ വയലറ്റ് രശ്മികൾ ഡി.എൻ.എ-യിൽ തകരാറുകൾ ഉണ്ടാക്കും (ഉല്പരിവർത്തനം അഥവാ മ്യൂട്ടേഷൻ). ചിലപ്പോൾ  ഡി.എൻഎയിൽ  മുറിവുകൾ തന്നെ ഉണ്ടാകും. ഈ മുറിവുകളെയും തകരാറുകളെയും കൃത്യമായി  വായിച്ച് കണ്ടുപിടിച്ച് തിരുത്താനുള്ള സ്വാഭാവിക പത്രാധിപസംവിധാനം (ഡി.എൻ എ റിപ്പയർ സിസ്റ്റം) കോശങ്ങളിൽ തന്നെയുണ്ട്. എങ്കിലും പലപ്പോഴും ഇവരുടെ പ്രവർത്തനങ്ങൾ പോരാതെ വരുമ്പോൾ ഈ ഉല്പരിവർത്തനങ്ങൾ ജീവികളുടെ നിലനില്പ്പിനു തന്നെ അപകടമായേക്കാവുന്ന  ജനിതക രോഗങ്ങളിലേക്കും കാൻസറിലേക്കും നയിക്കാറുണ്ട്.

ഇത്തരം ജനിതകപരമായ പിഴവുകളെ ഡി.എൻ.എയുടെ  അനുക്രമത്തിൽ ( സീക്വൻസ് ) എവിടെ ആയിരുന്നാലും കൃത്യമായും കണ്ടെത്തി വെട്ടി തിരുത്താൻ, അല്ലെങ്കിൽ പുതിയ ഒരു അനുക്രമ വ്യാകരണത്തെ നിശ്ചിതമായ ഒരു വരിയിൽ എഴുതി ചേര്ക്കാൻ  ഭാഷാവ്യാകരണപുസ്തകവും എഡിറ്റിങ്ങ് കത്രികയുമായി കോശങ്ങളിലെ ന്യൂക്ലിയസ്സിലേക്ക് ഒരു തൻമാത്രാ പത്രാധിപരെ എളുപ്പം കടത്തി വിടാൻ കഴിയും എന്ന് സങ്കൽപ്പിക്കുക.  ഉദാഹരണത്തിനു ബ്രാക്കാ-1 എന്ന ജീനിൽ മ്യൂട്ടേഷനുകൾ ഉള്ളതുകൊണ്ട് സ്തനാർബുദഭീഷണി നേരിടുന്ന ഒരു വ്യക്തിയിലേക്ക് ഈ പത്രാധിപരെ കുത്തി വെയ്ക്കുക. ടിയാൻ നേരെ വ്യക്തിയുടെ ക്രോമസോമിലെ ബ്രാക്കാ-1 ജീനിന്റെ ഡി.എൻ.എ-യിൽ ചെന്ന് മ്യൂട്ടേഷൻ ഉള്ള ഭാഗം വെട്ടി തിരുത്താൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നു. ബ്രാക്കാ-1 ജീൻ അതിന്റെ നോർമൽ അനുക്രമം വീണ്ടെടുക്കുന്നു. തുടർന്നുള്ള പ്രസാധനകർമ്മങ്ങൾ ഭംഗിയായി നടക്കുന്നു. സ്തനാർബുദഭീഷണി ഒഴിവാകുന്നു. കാര്യങ്ങൾ ശുഭം! 

ഒരു ഹോളിവുഡ് ത്രില്ലറിൽ നിന്നും അനാവശ്യമായ ഒരു സീൻ എഡിറ്റ് ചെയ്തു കളയുന്ന ലാഘവത്തോടെ സ്തനാർബുദ സാധ്യതയെ റിയൽ ലൈഫിൽ നിന്നും, ശസ്ത്രക്രിയയൊന്നും ഇല്ലാതെ എഡിറ്റ്‌ ചെയ്ത് കളയുക!  അത്തരം ഒരു എഡിറ്റിങ്ങ് സാധ്യതയുള്ള നൂതനമായ ത്രില്ലിംഗ് സങ്കേതം ആണ് ഗവേഷകർ  കണ്ടെത്തിയത്.
ഏറെക്കാലമായി രംഗത്തുള്ള, സാങ്കേതികമായ ബുദ്ധിമുട്ടുകൾ കൊണ്ട് ക്ലിനിക്കൽ ഉപയോഗത്തിൽ ഇനിയും വ്യാപകമാവാത്ത ജീൻ തെറാപ്പിയുമായി ഇതിനു ബന്ധമില്ല എന്ന് കൂടി ആമുഖമായി പരഞ്ഞുകൊണ്ട് നമുക്ക് 'ക്രിസ്പർ-കാസ്' എന്ന ജീനോമിക് എഡിറ്റിങ്ങ് വിദ്യയെ വിശദമായി പരിചയപ്പെടാം.

ചരിത്രാരംഭം: പ്രതികാര ദാഹിയായ ബാക്ടീരിയയുടെ ഖുക്രി. 

1987-ൽ ജപ്പാനിലെ ഒസാക്കാ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ തികച്ചും നിസ്സാരമെന്ന് തോന്നിച്ച ഒരു നിരീക്ഷണം പങ്കു വെക്കുകയുണ്ടായി. ഇ.കൊളൈ (E.coli) എന്ന ബാക്റ്റീരിയയുടെ ഒരു ജീനിന്റെ അനുക്രമം പരിശോധിക്കുമ്പോൾ, അതിന്റെ തൊട്ടടുത്തായി പ്രത്യേക തരത്തിൽ ആവർത്തിച്ചു വരുന്ന ഡി.എൻ.എ അനുക്രമവും (പാലിൻഡ്രോമിക് റിപീറ്റ് ), അതിന്റെ ഇരുവശങ്ങളിലും സവിശേഷമായ മറ്റൊരു (യുണീക്) അനുക്രമവും ആണ് ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന്റെ ജൈവപരമായ പ്രാധാന്യം എന്തെന്ന് അറിയില്ല എന്നും അവരെഴുതി. ഏതാണ്ട് മൂന്ന് ദശകങ്ങൾക്ക് ശേഷം നിസ്സാരമെന്ന് തോന്നിച്ച അതേ ബാക്ടീരിയൽ ഡി.എൻ.എ ആണ് നമ്മുടെ കഥയിലെ നായകനായ പത്രാധിപരുടെ എഴുത്തുമേശയിലേക്ക് വെളിച്ചം വീശിയത്. 

2007-ൽ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റൊഡോൾഫ് ബാരാങ്ങും സംഘവും  പ്രസ്തുത ഡി.എൻ.എ അനുക്രമത്തെ 'ക്രിസ്പർ' (CRISPR- Clustered Regularly Interspaced Short Palindromic Repeats) എന്ന പേരിടുകയും ബാക്ടീരിയയിൽ ഇവയുടെ റോൾ എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. അതോടെ കൊണ്ട് കഥ  വീണ്ടും ബാക്റ്റീരിയയിലേക്ക്  തിരിയുന്നു.

ആദിയിൽ ബാക്റ്റീരിയയും, ബാക്ടീരിയയെ കൊല്ലുന്ന വൈറസുകളും ഉണ്ടായിരുന്നു. ഈ വൈറസുകളെ ഫേജുകൾ എന്ന് വിളിക്കുന്നു. ബാക്റ്റീരിയോഫേജ് അഥവാ ബാക്ടീരിയയെ ഭുജിക്കുന്നവൻ എന്നർത്ഥം. ഈ ഫേജുകൾ ബാക്ടീരിയയെ ഇൻഫെക്റ്റ് ചെയ്യുന്നത് ഒരുതരം കുത്തിവെപ്പ് പരിപാടിയിലൂടെയാണ്. ബാക്റ്റീരിയയുടെ ദേഹത്ത് ലാൻഡ് ചെയ്യുന്ന ഫേജ് സിറിഞ്ചും നീഡിലും പോലെയുള്ള ഉപകരണങ്ങൾ വഴി ബാക്റ്റീരിയയുടെ ഉള്ളിലേക്ക് തങ്ങളുടെ ജനിതകം  കുത്തിവെയ്ക്കും. വൈറസിന്റെ ഡി.എൻ.എ പിന്നീട് ബാക്റ്റീരിയയുടെ ഡി.എൻ.എ-യിലേക്ക് ഇടിച്ച് കയറും. അതിൽ നിന്നും പുതിയ വൈറസിനുള്ള സാമഗ്രികൾ ബാക്ടീരിയയെ കൊണ്ട് തന്നെ ഉണ്ടാക്കിക്കും. പുതുതായി ഉണ്ടാകുന്ന വൈറസുകൾ  പെരുകി ബാക്റ്റീരിയയുടെ വയറു പൊട്ടിപ്പിളർന്ന് ഫേജുകുഞ്ഞുങ്ങൾ പുറത്ത് ചാടും. ശേഷം ജീവിതചക്രം തുടരുന്നു. 

ക്രിസ്പർ-കാസ് : ബാക്റ്റീരിയയുടെ പ്രതിരോധ വ്യവസ്ഥ
ബാക്റ്റീരിയയ്ക്കും ജീവിക്കണമല്ലോ. പൊറുതി മുട്ടിയ ബാക്റ്റീരിയ തങ്ങളെ തിന്നാൻ വരുന്ന വൈറസുകളെ തട്ടിക്കളയാൻ വളരെ സ്മാർട്ട് ആയ ഒരു വിദ്യ വികസിപ്പിച്ചെടുത്തു. തങ്ങളുടെ ജനിതകത്തിൽ  കയറികൂടുന്ന വൈറസ് ഡി.എൻ.എ-യിൽ നിന്നും ചില തുണ്ട് കഷണങ്ങൾ ബാക്റ്റീരിയ നിര നിരയായി ഒരു പ്രത്യേക ശ്രേണിയിൽ അടുക്കി സൂക്ഷിക്കുന്നു. അതായത് ശത്രുവിന്റെ ജനിതക അടയാളത്തിന്റെ ഡറ്റാബേസ് ഉണ്ടാക്കി വെയ്ക്കുന്നു ബാക്റ്റീരിയ ! ഈ ഡി.എൻ.എ ഡാറ്റാബേസിനെ ആണ് ഗവേഷകർ പീന്നീട് 'ക്രിസ്പർ' എന്ന് വിളിച്ചത്.
ട്രാൻസ്ക്രിപ്ഷൻ എന്ന പ്രക്രിയയിലൂടെ ബാക്റ്റീരിയ ക്രിസ്പറിൽ നിന്നും രണ്ട് തരം ആർ.എൻ.എ തന്മാത്രകൾ ഉണ്ടാക്കും. ഒന്ന് ക്രിസ്പർ ആർ.എൻ.എ (crRNA).  മറ്റൊന്ന് ട്രാൻസാക്റ്റിവേറ്റിങ്ങ് ക്രിസ്പർ ആർ.എൻ.എ (tracrRNA). ഒപ്പം മറ്റൊരു ജീനിൽ നിന്നും cas 9 (crispr-associated protein cas9) എന്ന ഒരു ന്യൂക്ളിയേസ് എൻസൈമും നിർമ്മിക്കുന്നു. ന്യൂക്ലിയേസ് എന്നാൽ ന്യൂക്ലിക് ആസിഡുകളെ (DNA /RNA) കണ്ടം തുണ്ടമാ വെട്ടുന്നവൻ എന്നർത്ഥം.  crRNA-യും tracrRNAയും പരസ്പരം യോജിച്ചശേഷം കാസ്-9 എന്ന ഡി.എൻ.എ മുറിക്കുന്ന എന്സൈമുമായി ചേരുമ്പോൾ വൈറസുകൾക്കെതിരെയുള്ള ബാക്റ്റീരിയയുടെ ഇൻജീനിയസ് പ്രതിരോധ സംവിധാനമായ 'ക്രിസ്പർ-കാസ്' ആർ.എൻ.എ-പ്രോട്ടീൻ സംയുക്തം രൂപമെടുക്കുന്നു.  

ഇതിനെ ആർഎൻഎ ഗൈഡഡ് ന്യൂക്ലിയേസ് എന്ന് പൊതുവെ വിളിക്കുന്നു.  പേരു സൂചിപ്പിക്കുന്നതുപോലെ ഇതിൽ ആർഎൻഎ ഒരു ഗൈഡ് ആണ്. തങ്ങളെ ആക്രമിക്കുന്ന വൈറസുകളുടെ ജനിതകവുമായി ഒത്തു നോക്കാനുള്ള ഒരു ഗൈഡ്. അങ്ങനെ ഒത്തുനോക്കാൻ ഡാറ്റാബേസും വെട്ടിനിരത്താൻ കത്രികയുമായി ഫുൾ സെറ്റപ്പിൽ കഴിയുന്ന ഒരു ബാക്റ്റീരിയയിലേക്ക് ഇതൊന്നുമറിയാതെ ഒരു ഫേജൻ തന്റെ ജനിതകം കുത്തിവെയ്ക്കുന്നു എന്ന് കരുതുക. ഉടനടി ഈ ക്രിസ്പർ-കാസ് തങ്ങളുടെ ഡാറ്റാബേസും (ആർ.എൻ.എ ) വൈറസിന്റെ ഡി.എൻ.എ-യും ഒത്ത് നോക്കി മാച്ചിങ്ങ് ആണെങ്കിൽ വൈറസിന്റെ ഡി.എൻ.എ-യുമായി ഇഴചേരുകയും, ഒപ്പമുള്ള കത്രിക കൊണ്ട് ഫേജന്റെ ഡി.എൻ.എ-യെ വെട്ടി നുറുക്കിക്കളയും. ഖുക്രിക്ക് വെട്ടേറ്റ  ജനതികവുമായി വൈറസുകൾ ബാക്റ്റീരിയയുടെ ഉള്ളിൽ  പിടഞ്ഞ് പിടഞ്ഞ് മരിക്കും. :)

ബാക്റ്റീരിയയുടെ ഈ പ്രതിരോധ സംവിധാനം എങ്ങിനെയാണ് മനുഷ്യന് ഉപകാരപ്പെടുക എന്ന സ്വാഭാവിക ചോദ്യം ഇവിടെ ഉയരുന്നു. ഇവിടെയാണ് എന്തിനെയും മനുഷ്യോപകാരപ്രദമാക്കുക എന്ന ശാസ്ത്രജ്ഞന്മാരുടെ അപ്പ്ലൈഡ് സയൻസ് ബുദ്ധി ഉണർന്ന് പ്രവർത്തിച്ചത്, ഒത്തുനോക്കാൻ ഒരു ഗൈഡ്‌ ആർഎൻ എയും, കാസ്-9ഉം ചേർത്താൽ വൈറസിന്റെ മാത്രമല്ല മനുഷ്യരുടെ ജനിതകവും മുറിക്കാം എന്നത് പേറ്റന്റ് ഭാഷയിൽ പറഞ്ഞാൽ പണി അറിയാവുന്നവന് ഒബ്വിയസ് ആണ്. ഗൈഡ് ആർഎൻഎ ആയിട്ട് വൈറസിന്റെ സീക്വൻസിനു  പകരം മനുഷ്യന്റെ സീക്വൻസ് ഉപയോഗിച്ചാൽ മതിയാകും.

അങ്ങിനെയാണ് സ്റ്റ്രെപ്റ്റൊമൈസസ് പയോജൻസ് എന്ന ഒരു ബാക്റ്റീരിയയുടെ ഈ 'ഗൂർഖാ കത്തിയെ' (ഇതിനെ ടൈപ് ii ക്രിസ്പർ-കാസ് സിസ്റ്റം എന്നും വിളിക്കുന്നു) അൽപം തേച്ച് മിനുക്കി ഒരു മികച്ച പത്രാധിപരാക്കുകയും, അത് ഇതര ജീവികളിലേക്ക് കടത്തി വിട്ട് യഥേഷ്ടം ജീൻ എഡിറ്റിങ്ങ് നടത്താമെന്ന് കണ്ടുപിടിക്കുകയും ചെയ്തത്. ഇത് ശരിക്കും നിർണായകമായ വഴിത്തിരിവായി. 

ബാക്ടീരിയയിൽ നിന്നും ഊരിയ കത്തി മനുഷ്യരിലേക്ക്  

ബാക്റ്റീരിയയുടെ  ഖുക്രിക്ക് മൂന്ന് ഘടകങ്ങൾ ഉണ്ടെന്ന് കണ്ടല്ലോ.
1) crRNA
2 ) tracrRNA
3) Cas9,

ഇതിൽ ഒന്നും രണ്ടും സാധനം ആർ.എൻ.എ ആണ്. ഇതിനെ വിളക്കി  ചേർത്ത് ഒരൊറ്റ ആർ.എൻ.എ ആക്കിയാൽ സംഭവം കുറെ കൂടി ലളീതമാകുമെന്ന് മനസ്സിലാക്കി. പിന്നെ വേണ്ടത് കാസ്-9 എന്ന പ്രോട്ടീൻ ആണ്. ഡി.എൻ.എ അനുക്രമത്തിൽ കൃത്യമായും എവിടെ മുറിക്കണം എന്ന നിർദ്ദേശം നൽകുന്ന ഗൈഡ് ആണല്ലോ  crRNA. ഇരട്ട പിരിയുള്ള ജീനുകളുടെ  ഒരു പിരിയിലെ അക്ഷരമാല മറ്റേ പിരിയുമായി പരസ്പര പൂരകമാണ്. ഇങ്ങനെ പരസ്പര പൂരകമായ ഒരു നാരിൽ നിന്നാണ് പകർപ്പെടുക്കൽ പ്രക്രിയയിലൂടെ കോശമർമ്മത്തിൽ ആർ.എൻ.എ നിർമ്മിക്കുന്നത്. പകർപ്പെടുക്കുന്ന സമയത്ത് ആർ.എൻ.എ-യും ഡി.എൻ.എ-യും തമ്മിൽ ആധാരയുഗ്മങ്ങൾ (ബേസ് പെയർ) വഴി പരസ്പരം ബന്ധപ്പെട്ടിരിക്കും. പിന്നീട് ഇവ വേർപെട്ട് ആർ.എൻ.എ അതിന്റെ വഴിക്കും, ഡി.എൻ.എ തന്റെ ഒറിജിനൽ പൂരക ഡി.എൻ.എ-യുമായി ആധാരയുഗ്മം പുനസ്ഥാപിക്കും.

രണ്ട് തരം ക്രിസ്പർ-കാസ് പത്രാധിപന്മാർ
അതായത് ഒരു പിരിയുടെ അനുക്രമത്തെ അടിസ്ഥാനമാക്കി നമുക്ക് ലാബിൽ crRNA- നിർമ്മിക്കുകയും അതിനോട് tracrRNA കൂട്ടി ചേര്ക്കുകയും ചെയ്‌താൽ ആവശ്യമുള്ള ഗൈഡ് ആർ.എൻ.എ കിട്ടും (gRNA). ഈ ഗൈഡ് ആർ.എൻ.എ ജീനിലുള്ള പൂരകപിരിയുമായി ആധാരയുഗ്മത്തിൽ ഏർപ്പെടും (പകർപ്പെടുക്കൽ സമയത്ത് നടക്കുന്നത് പോലെ). ഉദാഹരണത്തിനു ബ്രാക്കാ-1 ജീനിന്റെ മ്യൂട്ടേഷൻ ഉള്ള ഭാഗത്തിന്റെ പൂരക അനുക്രമം എടുക്കുക, അതിലെ മ്യൂട്ടേഷനെ തിരുത്തി മൌലീക അനുക്രമമാക്കി പരീക്ഷണശാലയിൽ gRNA നിര്മ്മിക്കുക. gRNA-യും, Cas9-ഉം കോശങ്ങളിലേക്ക് ജീൻ കടത്താനുപയോഗിക്കുന്ന ഏതെങ്കിലും ഒരു വിക്ഷേപണ സംവിധാനത്തിൽ (പ്ലാസ്മിഡ്, ലെന്റി വൈറൽ വെക്ടർ എന്നിവ ) കയറ്റിയാൽ പത്രാധിപർ തയ്യാര്. ഇനി അത് കോശങ്ങളിലേക്ക്ക് എത്തിക്കുകയേ വേണ്ടൂ.  ന്യൂക്ലിയസിലെത്തുന്ന gRNA ബ്രാക്കാ-1 ഡി.എൻ.എ-യിലുള്ള പൂരക അനുക്രമത്തെ കണ്ടെത്തി അവിടെ ആധാരയുഗ്മം സ്ഥാപിച്ച ശേഷം ഒപ്പമുള്ള കാസ്-9 എൻസൈം ബ്രാക്കായിലെ ഇരു നാരുകളിലും ഒരു നിശ്ചിത സ്ഥലത്ത് ഓരോ മുറിവുകൾ ഉണ്ടാക്കും. മുറിവേറ്റ ഭാഗം നന്നാക്കാനായി കോശങ്ങളുടെ സ്വാഭാവിക ഡി.എൻ.എ റിപ്പയർ പ്രോട്ടീനുകൾ വരും. അവർ കേടുപാടു തീർക്കുന്നതിന്റെ ഒപ്പം ആധാരയുഗ്മത്തിൽ ഇരിക്കുന്ന gRNA-യിലുളള മ്യൂട്ടേഷൻ തിരുത്തിയ ഭാഗമാവും പുതിയ അനുക്രമത്തിലേക്ക് പകർത്തുക. ഈ പ്രക്രിയയെ അനുരൂപ പുന:സംയോജനം (ഹോമോലോഗസ് റീക്കോമ്പിനേഷൻ) എന്ന് വിളിക്കുന്നു. ഇപ്പോൾ ബ്രാക്കാ-1-ലെ ഉൽപ്പരിവർത്തനം ക്രിസ്പർ-കാസ് എന്ന പത്രാധിപരുടെ സഹായത്തോടെ വിജയകരമായി തിരുത്തി കഴിഞ്ഞു. സർജിക്കൽ കത്തികളുടെ സഹായമില്ലാതെ തന്നെ സ്തനാർബുദത്തിന്റെ അപയഹേതുവിനെ പേടിക്കാതെ കഴിയാം. ഏതൊരു ഡോക്ടറും രോഗിയും സ്വപ്നം കാണുന്ന ചികിൽസാരീതിയാണിത്. 

പ്രയോജനങ്ങൾ (ചിലത്)

1- ജീൻ എഡിറ്റിങ്ങ്. മുകളിൽ സൂചിപ്പിച്ച ഉൽപ്പരിവർത്തനം തിരുത്തൽ. ഭ്രൂണാവസ്ഥയിൽ തന്നെ ജനിതക രോഗഹേതുവായ ഉൽപ്പരിവർത്തനങ്ങളെ തിരുത്താം.
2-ജീൻ നീക്കം ചെയ്യൽ. പരീക്ഷണാവശ്യത്തിനു ജീനുകളെ യഥേഷ്ടം എളുപ്പത്തിൽ നീക്കം ചെയ്യാം. അതും ഒരേ സമയം ഒന്നിലധികം ജീനുകളെ നീക്കം ചെയ്യാം. വേണ്ടത്ര ഗൈഡ് ആർ.എൻ.എ ഉണ്ടാക്കിയാൽ മാത്രം മതി.
3- ജീനുകളെ പ്രത്യേക കലകളിൽ, പ്രത്യേക കോശങ്ങളിൽ യഥേഷ്ടം പ്രകാശനം ചെയ്യിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യാം.
4-ഉപരിജനിതകമാറ്റങ്ങൾ വരുത്താം.
5- ചെടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ ഈ സങ്കേതത്തിനു കഴിയും.ഭാവിയിൽ ട്രാൻസ്ജെനിക് പ്ലാന്റുകളുടെ നിർമ്മിതി താരതമ്യേന എളുപ്പമാവും. 

ഇങ്ങനെ നിരവധി വിപ്ലവകരമായ ഗവേഷണ ചികിത്സാ സൗകര്യങ്ങളിലേക്ക് വഴി തെളിക്കുന്ന ഒരു കണ്ടുപിടുത്തമാണ് ക്രിസ്പർ-കാസ് എന്ന് നിസ്സംശയം പറയാം.
അതുകൊണ്ട് തന്നെ ഈ സങ്കേതത്തിന്റെ പേറ്റന്റുകളെ ചൊല്ലി തർക്കങ്ങളും വിവാദങ്ങളും തികച്ചും ശൈശവാവസ്ഥയിൽ തന്നെ ഉയർന്നു കഴിഞ്ഞു.

ശൈശവാവസ്ഥ എന്ന് പറഞ്ഞാൽ 2012-ൽ ആണ് ഈ സങ്കേതം മനുഷ്യ കോശങ്ങളിൽ പ്രവർത്തനയോഗ്യമാണെന്ന് തെളിഞ്ഞത്. 2012-ല മൂന്ന് പേപ്പറുകൾ ഉണ്ടായിരുന്നത് 2015 ആയപ്പോഴേക്കും 550നു മുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ട് ഒരു വിജ്ഞാന വിസ്ഫോടനം തന്നെ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒൻപത് കമ്പനികൾ ഇതിനെ ഒരു ഗവേഷണ ഉപകരണമാക്കി വിതരണം ചെയ്യാൻ ഇപ്പോൾ തന്നെ രംഗത്തുണ്ട്. രണ്ട് കമ്പനികൾ ഇതിന്റെ ചികിത്സാ സാധ്യതയെ വികസിപ്പിക്കാൻ നിക്ഷേപകരുടെ ശക്തമായ പിന്തുണയുമായി തുടങ്ങിയിട്ടുണ്ട്.

പേറ്റന്റ് ഭൂമിക വിവാദങ്ങൾ 

ഇമ്മാനുവൽ ഷാപ്പന്റിയേ എന്ന ഫ്രഞ്ച്  ശാസ്ത്റജ്ഞയാണ് കാസ് 9 കണ്ടുപടിച്ചത്. ഷാപ്പന്റിയേ ഇപ്പോൾ ജെർമ്മനിയിൽ Helmholtz Centre for Infection Researchൽ വർക്ക്  ചെയ്യുന്നു. പിന്നീട് അമേരിക്കയിലെ യൂണിവെഴ്സിറ്റി ഓഫ് കാലിഫോര്ണിയ ബെര്ക്ക്ലിയിലെ കെമിസ്ട്രി പ്രൊഫസർ ജെന്നിഫർ ഡൌഡ്നയുമായി ചേര്‍ന്ന് ക്റിസ്പർ സങ്കേതം വികസിപ്പിച്ചു. ഷാപ്പന്റിയേ 25 മില്യണ്‍ ഡോളര്‍ വെഞ്ച്വർ കാപിറ്റലുമായി ക്റിസ്പർ തെറാപ്പി എന്ന കമ്പനി ഉണ്ടാക്കി. മറുവശത്ത് ഡൌഡ്ന 43 മില്യണുമായി
എഡിറ്റാസ് മെഡിസിൻ എന്ന കമ്പനിയുടെ ഭാഗമായി.  
ക്രിസ്പർ-കാസ് ചരിത്രം: കഥ ഇതുവരെ
ഇതിനിടയിൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്ന് പറഞ്ഞതുപോലെ ഡൌഡ്നയും  ഷാപ്പന്റിയേയും  പേറ്റന്റ് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നതിന്റെ ഇടയിൽ എംഐറ്റിയുടെ ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി ആയ ഡോക്ടർ ഫെങ്ങ് ഷാങ്ങിന് ക്റിസ്പർ സങ്കേതത്തിൽ ഒരു പേറ്റന്റ് അനുവദിച്ചു  കിട്ടി. ഇതാണ്  വിവാദത്തിന് ഒരു കാരണം. 2011-ലെ ഒരു ശാസ്ത്രസമ്മേളനത്തിൽ വെച്ച്  ക്രിസ്പർ കാസിനെ കുറിച്ച് മനസ്സിലാക്കിയ ഷാങ്ങ് ഉടൻ തന്നെ തന്റെ ലാബിൽ വന്ന്  ഈ സിസ്റ്റം മനുഷ്യ കോശങ്ങളിൽ ജീനുകളെ എഡിറ്റ്  ചെയ്യാൻ ഉപയോഗിക്കാമെന്ന്  തെളിയിക്കുകയും, ചറ  പറാ  കുറെ ഹൈ  പ്രൊഫൈൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒപ്പം അമേരിക്കൻ പേറ്റന്റ് ഓഫീസിൽ അതിവേഗ പരിശോധന വഴി ഷാങ്ങിനും ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിനും ക്രിസ്പർ-കാസ്  സിസ്റ്റത്തിൽ  ആദ്യത്തെ പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോൾ യൂസിബിയും ബ്രോഡും തമ്മിൽ നിയമ യുദ്ധത്തിൽ ഏർപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. 
ക്രിസ്പർ-സിപീഎഫ് 1 സിസ്റ്റം

അതിലുപരി, ഫെങ്ങ് ഷാങ്ങ് ക്രിസ്പർ-കാസ് ഗവേഷണം മുന്നോട്ട് കൊണ്ടു പോവുകയും, കാസ് 9 എന്ന  എൻസൈമിനേക്കാൾ ചെറുതും, കൂടുതൽ പ്രയോജനപ്രദവുമായ മറ്റൊരു എൻസൈം കണ്ടു പിടിക്കുകയും ചെയ്തു. ക്രിസ്പർ-സിപിഎഫ്1 എന്നറിയപ്പെടുന്ന ഈ പുതിയ എഡിറ്ററുടെ വിശദവിവരങ്ങൾ ഈ സെപ്റ്റംബർ 23-ലെ സെൽ ജേണലിൽ പ്രസിദ്ധീകരിച്ചു. 
നിലവിൽ ആക്കാദമിക്  ഗവേഷണാവശ്യങ്ങൾക്ക് ക്രിസ്പർ കാസ് സിസ്റ്റം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഏറ്റവും പ്രായോഗികമായ ചികിത്സ പോലെയുള്ള ആപ്ലിക്കേഷനുകൾ വരുമ്പോൾ പേറ്റന്റ്  വിവാദം  ഒരു പ്രശ്നമായി തന്നെ നിലകൊള്ളും. 

References:

https://www.youtube.com/watch?v=l_AC1z80SO0 (ബ്രേക്ക്  ത്രൂ പ്രൈസ് അവാർഡ് )

https://www.youtube.com/watch?v=2pp17E4E-O8 (ക്രിസ്പർ-കാസ് ലളിതമായി വിശദീകരിക്കുന്ന അനിമേഷൻ വീഡീയോ)

https://www.youtube.com/watch?v=SuAxDVBt7kQ (ജെന്നിഫർ ഡൗഡ്ന ക്രിസ്പർ കാസ് വിശദീകരിക്കുന്നു)

http://fnih.org/press/multimedia/foundation-nih-award-lurie-prize-biomedical-sciences-jennifer-doudna-uc-berkeley

Ishino Y, Hideo, S, Makino K, Mitsuko A, Nakata A. J Bacteriol. 1987 Dec; 169 (12): 5429–33.

Barrangou R, Horvath P. Science. 315, 2007 Jan; 1709–1712 (2007).


Makarova K, Haft DH, Barrangou R, Brouns SJJ, Charpentier E, Horvath P, Moineu S, Mojica FJM, Wolf YI, Yakunin JvdO, Koonin EV. Nature Reviews Microbiology. 2011 Jun; 9, 467-477.

Bondy-Denomy J, Pawluk A, Maxwell KL, Davidson AR.  Nature. 2013 Jan; 493, 429–432.

Cong L, Ran FA, Cox D, Lin S, Barretto R, Habib N, Hsu PD, Wu X, Jiang W, Marraffini LA, Zhang F. Science. 2013 Jan; 339 (6121): 819–23.

Mali P, Yang L, Esvelt KM, Aach J, Guell M, DiCarlo JE, Norville JE, Church GM. Science. 2013 Jan;  339 (6121): 823–6.

http://www.independent.co.uk/news/science/crispr-scientists-hopes-to-win-nobel-prize-for-gene-editing-technique-at-risk-over-patent-dispute-a6677436.html

Sunday, October 12, 2014

മലാലയും രോഗങ്ങളുടെ പ്രതീകരാഷ്ട്രീയവും


"The campaign against cancer, Farber learned, was much like a political campaign: it needed icons, mascots, images, slogans-the strategies of advertising as much as the tools of science. For any illness to rise to political prominence, it needed to be marketed, just as a political campaign needed marketing. A disease needed to be transformed politically before it could be transformed scientifically." -The Emperor of All Maladies, Siddhartha Mukherjee

തമ്പാനൂരിലോ കോട്ടയത്തോ ആവാം, ബസ്സ് സ്റ്റാൻഡിൽ എവിടേക്കോ യാത്ര പോകാന്‍ ബസ്സില്‍ കയറി  ഇരിക്കുകയാണ് നിങ്ങള്‍. പുറം കാഴ്ച്ചകളിലേക്ക്, അല്ലെങ്കില്‍ ദിനപ്പത്റത്തിലോ വാരികയിലോ മുഴുകിയിരിക്കുന്നു. അപ്പോഴാണ്‌ നിങ്ങളുടെ  മടിയിലേക്ക്  മുഷിഞ്ഞു  നിറം മങ്ങിയ  ഒരു കഷണം കടലാസ് വന്നു വീഴുന്നത്. ഈർഷ്യയോടെ അതിലേക്ക് നോട്ടമെത്തുമ്പോഴേക്കും അതെറിഞ്ഞ രൂപം നിങ്ങളെ കടന്ന് അടുത്ത മടിയിലേക്ക് ചീട്ടെറിയുകയാവും. കടലാസു ചീട്ടിൽ ഉരുൾപൊട്ടലിന്റെ, സുനാമിയുടെ, രോഗങ്ങളുടെ, തകർന്ന ജീവിതങ്ങളുടെ  ദുരന്തചിത്റങ്ങളുണ്ടാവും. നിങ്ങളിലെ ചിലർ സഹാനുഭൂതിയുടെ നാണയത്തുട്ടുകൾ എറിഞ്ഞു കൊടുക്കും. ചിലര്‍  മുഖം തിരിക്കും. മുഖം തിരിച്ച നിങ്ങള്‍  വീട്ടിലെത്തുമ്പോൾ ഏതെങ്കിലും ഒരു ചാരിറ്റി സംഘടന നടത്തുന്ന  താരനിശയുടെ ടിക്കറ്റ് നല്ലൊരു തുക മുടക്കി  മുൻകൂട്ടി ബുക്ക് ചെയ്തത് നിങ്ങളെ  കാത്ത്  കിടക്കുന്നുണ്ടാവും. നിങ്ങള്‍ പരിപാടി ആസ്വദിക്കുന്നു. ഒപ്പം നിങ്ങളിലെ ഭൂതദയ ഓർത്ത് അഭിമാനിക്കുകയും ചെയ്യുന്നു.

ഈ രണ്ടാമത്തേതിൽ നിങ്ങള്‍ ദുരിതബാധിതരെ നേരിൽ  കാണുന്നതേയില്ല. പകരം അവരെ പ്റതിനിധാനം ചെയ്യുന്ന പോപ്പുലറായ ഒരു ഇമേജ്, പ്റതീകം ,  നിങ്ങളുടെ മടിയിലേക്ക് പാട്ടായോ നൃത്തമായോ ചീട്ടെറിയുന്നു. നിങ്ങള്‍ സന്തോഷപൂർവ്വം ദാനം ചെയ്യുന്നു. വിഷയം പത്റങ്ങളിലും  സോഷ്യല്‍ മീഡിയയിലും  വാര്‍ത്തയാകുന്നു. കൂടുതല്‍ പേര്‍ ദാനനിരതരായി മുന്നോട്ട് വരുന്നു. അങ്ങനെ അതൊരു വലിയ പ്റചാരണമാകുന്നു. ഇത് ലോകമെങ്ങും പരീക്ഷിച്ചു വിജയിച്ച  വിപണന തന്ത്റമാണ്. അമേരിക്കയും  ഇത്തരം ധാരാളം  ഫണ്ട്/ബോധവൽക്കരണ കാമ്പെയ്നിങ്ങ് നടത്തിയിട്ടുണ്ട്.

പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പോളിയോ ബാധിച്ച് അരയ്ക്കു താഴെ  തളർന്ന അമേരിക്കന്‍ പ്റസിഡന്റ്  ഫ്റാങ്ക്ളിൻ റൂസ്വെൽറ്റ് തന്നെ മുൻകൈയ്യെടുത്ത് 1937ൽ തുടങ്ങിയ 'നാഷണല്‍ ഫൌണ്ടേഷൻ ഫോര്‍ ഇൻഫന്റൈൽ പരാലിസിസ്' എന്ന സംഘടനയാണ് ആരോഗ്യരംഗത്ത് ഇത്തരത്തില്‍ ആദ്യമാതൃകകളിലൊന്ന്. ഇതിനായി എഡ്ഡി കാന്റർ എന്ന നടൻ 'മാർച്ച് ഓഫ് ഡൈംസ്' എന്നൊരു കാമ്പെയിൻ സൃഷ്ടിച്ചു. പോളിയോ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനെയും പിന്തുണയ്ക്കാന്‍ എല്ലാ പൌരന്മാരും ഒരു ഡൈം (അമേരിക്കൻ പത്തു പൈസ) റൂസ്വെൽറ്റിന് അയക്കുവാൻ ആവശ്യപ്പെട്ടു. വൈകാതെ ഹോളിവുഡ് സെലിബ്റിറ്റികളും ബ്റോഡ്വേ താരങ്ങളും റേഡിയോ വ്യക്തിത്വങ്ങളും എല്ലാം പങ്കുചേർന്നു.  വളരെ തിളക്കമാർന്ന പ്റതികരണമായിരുന്നു ആളുകളുടേത്. ആഴ്ചകൾക്കുള്ളിൽ 2,680,000 ഡൈംസ് വൈറ്റ് ഹൌസിലേക്ക് ഒഴുകിയെത്തി. ഇത് കൂടാതെയും ധാരാളം പണവും ജനശ്റദ്ധയും പോളിയോ ഗവേഷണത്തിലേക്ക് കടന്നു വന്നു. 1940ന്റെ അവസാനമായപ്പോഴേക്കും ഈ ഫണ്ടിന്റെ പിൻബലത്തിലുണ്ടായ  ഗവേഷണങ്ങളുടെ കൂടി ഫലമായി പോളിയോ വാക്സിന്റെ നിർമ്മിതിയിലേക്ക് ശാസ്ത്രം കുതിച്ചു. ശേഷം ചരിത്രം!

പോളിയോ കാമ്പെയിന്റെ ചരിത്രത്തില്‍ നിന്നും പാഠമുൾക്കൊണ്ട് സിഡ്നി ഫാർബർ എന്നൊരു ഡോക്ടര്‍  മറ്റൊരു ബൃഹത്തായ കാമ്പെയിനിങ്ങ് സംഘടിപ്പിച്ചു. അർബുദ ഗവേഷണ ചികിത്സാ രംഗത്തെ അടിമുടി മാറ്റി മറിച്ചു  ഈ പ്റചാരണതന്ത്റം. 

കുട്ടികളുടെ അർബുദം ചികിത്സിക്കുന്നതിൽ പേരെടുത്ത ബോസ്റ്റണിലെ ചിൽഡ്റൻസ് ഹോസ്പിറ്റലിലെ പ്റഗത്ഭനായിരുന്നു സിഡ്നി ഫാർബർ. കുട്ടികൾക്കായി  ഒരു കാൻസർ ഫൌണ്ടേഷൻ തുടങ്ങാന്‍ സഹായം തേടുകയായിരുന്ന ഫാർബറെ തേടി 1947ൽ ആണ് ന്യൂ ഇംഗ്ളണ്ടിലെ 'വെറൈറ്റി ക്ളബ്' എന്ന ഒരു ഷോ ബിസിനസ്സ് കൂട്ടായ്മയുടെ തലവൻ ബിൽ കോസ്റ്ററും സംഘവും എത്തുന്നത്. 1927ൽ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ  ഷോ ബിസിനസ്സിൽ നിന്നുള്ള പതിനൊന്നു പേര്‍ ചേര്‍ന്ന്  രൂപം കൊടുത്ത ഈ എലൈറ്റ് ക്ളബ്ബ്  ഒരു സോഷ്യല്‍ അജണ്ട കൈക്കൊള്ളാനിടയാക്കിയ സംഭവം ശ്റദ്ധേയമാണ്.   1928ലെ കൃസ്തുമസ് ദിനത്തില്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഷെറിഡാൻ സ്ക്വയർ ഫിലിം തിയേറ്ററിന്റെ പടിക്കൽ ഉപേക്ഷിച്ചു പോയി. കുഞ്ഞിന്റെ ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു.
'ദയവായി എന്റെ കുഞ്ഞിനെ രക്ഷിക്കൂ. എന്റെ പേര് കാതറിൻ എന്നാണ്. എനിക്ക് ഇവളെ പോറ്റാനാവില്ല. എനിക്ക് എട്ടു കുഞ്ഞുങ്ങൾ വേറെയുമുണ്ട്. ഭർത്താവിന് ജോലിയുമില്ല. ഇവൾ താങ്ക്സ് ഗിവിങ്ങ് ദിവസമാണ് ജനിച്ചത്. ഞാന്‍ ഷോ ബിസിനസ്സിലുള്ളവരുടെ നന്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. ഇവളിൽ  നിങ്ങളുടെ കരുണയുണ്ടായിരിക്കണേ എന്ന്  ഞാന്‍ ദൈവത്തോട് പ്റാർത്ഥിക്കുന്നു. ഹൃദയം തകർന്ന ഒരമ്മ, ഒപ്പ്'
ഈ സംഭവത്തിന്റെ ചലച്ചിത്റ സമാനമായ നാടകീയതയും തങ്ങളുടെ നന്മയെ എടുത്ത് പറഞ്ഞു ഹൃദയത്തെ തൊട്ടുള്ള അപേക്ഷയുടെ വൈകാരികതയും ഈ ക്ളബ്ബിലെ അംഗങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു. കുട്ടിയെ അവര്‍ ദത്തെടുത്ത് വളര്‍ത്തി. കാതറിൻ വെറൈറ്റി ഷെറിഡാൻ എന്ന ഈ കുട്ടിയുടെ കഥ മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ക്ളബ് വിചാരിച്ചതിലധികം പൊതുജന ശ്റദ്ധയാകർഷിക്കപ്പെടുകയും ചെയ്തു. ഇത് അവരെ ഒരു ഫിലാന്ത്റോപ്പിക് സംഘടനയാക്കി മാറ്റുകയും കുട്ടികളുടെ ക്ഷേമകാര്യ പ്റവർത്തനം ഒരു മുഖ്യ പ്റോജക്റ്റാവുകയും ചെയ്തു. കാതറീന് അഞ്ചു വയസ്സുള്ളപ്പോൾ 300 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത മാതാപിതാക്കളെ ക്ളബ്ബ് അവള്‍ക്കായി ദത്തെടുത്തു നൽകി. ജോആൻ എന്ന് പേരില്‍ വളർന്ന ആ കുട്ടി അമേരിക്കന്‍ പട്ടാളത്തിൽ നഴ്സായി ജോലി ചെയ്തു. സ്വന്തമായി കുടുംബവും കുട്ടികളും ഒക്കെയായി ജീവിച്ച് ഒടുവില്‍ കാൻസറിന് കീഴടങ്ങി.

1940കളിൽ ഷോ ബിസിനസ്സ് ബൂമും ജനങ്ങളുടെ ചാരിറ്റിയും ഒക്കെയായി  വെറൈറ്റി ക്ളബ്ബിന്  ധാരാളം പണവും  ബ്റാഞ്ചുകളുമുണ്ടാക്കി. പുതിയ സാമൂഹ്യ പരിപാടികൾ നടപ്പിലാക്കാന്‍  അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിന്റെ ഭാഗമയാണ് കോസ്റ്റർ ബോസ്റ്റണിലെ കുട്ടികൾക്കായുള്ള ആശുപത്രിയിൽ സിഡ്നി ഫാർബറെ കാണുന്നത്. ഇവർ  രണ്ടു പേരും ചേർന്ന്  1948-ൽ  ചിൽഡ്രൻസ് കാൻസർ റിസർച്ച് ഫണ്ട് എന്ന സംഘടന തുടങ്ങി. 1948 മാർച്ചിൽ ഇവർ  ഒരു ഫണ്ട് റെയ്സിങ്ങ് പരിപാടി നടത്തി $45,456 സംഭരിച്ചു. പക്ഷേ ഇത് മതിയാകുമായിരുന്നില്ല. ഷെരിഡാന്റെ വിജയഗാഥ അറിയാവുന്ന കോസ്റ്റർ കാൻസർ ഫണ്ടിന്  ഒരു പ്റതീകത്തെ, പോസ്റ്റർ ചൈൽഡിനെ തിരഞ്ഞു. ചെറുകുടലിലെ ലിംഫ് നോഡുകളിൽ നോണ്‍-ഹോദ്ജ്കിൻസ് ലിംഫോമ എന്ന അർബുദം ബാധിച്ച  ഐനാർ ഗുസ്താഫ്സണ്‍ എന്ന 12 വയസ്സുകാരൻ  കുട്ടിയെ ഇതിനായി കണ്ടെത്തി. സ്വീഡിഷ് ഇമ്മിഗ്രന്റ്സിന്റെ കൊച്ചുമകനായ ഈ കുട്ടിക്ക്   ജിമ്മി എന്ന വിളിപ്പേരിട്ടു. ജിമ്മിയെ മാർക്കറ്റ് ചെയ്യുക എന്നതായിരുന്നു അടുത്ത നീക്കം. അതിനായി കോസ്റ്റർ കണ്ടെത്തിയ മാർഗം റേഡിയോ ആയിരുന്നു. 

1948 മെയ് 22 ശനിയാഴ്ച ബോസ്റ്റണിലെ വൈകുന്നേര സമയത്ത്, കാലിഫോർണിയയിൽ ഹോളിവുഡിലെ സ്റ്റുഡിയോയിൽ  നിന്നും റാൽഫ് എഡ്വാർഡ്സ്  സംപ്രേക്ഷണം ചെയ്യുന്ന "ട്രൂത്ത്‌ ഓർ കോണ്‍സീക്വൻസസ്" എന്ന റേഡിയോ പരിപാടി ഇടയ്ക്ക് വെച്ച് നിർത്തി ബോസ്റ്റണിലെ റേഡിയോ  നിലയത്തിലേക്ക് ബന്ധിപ്പിച്ചു. തന്റെ ഷോ കാണാൻ സ്റ്റുഡിയോയിൽ വരാൻ കഴിയാത്ത പ്രേക്ഷകർക്കായി ഒരു സർപ്രൈസ് പരിപാടി ഒരുക്കിയിരിക്കുന്നു എന്ന മുഖവുരയോടെ  എഡ്വാർഡ്സ്‌  ഇന്ന് രാത്രി നമ്മൾ ജിമ്മി എന്ന് പേരുള്ള ഒരു കുട്ടിയുടെ അടുത്തേക്ക് പോകുകയാണ് എന്ന് പറഞ്ഞു. ജിമ്മി ഒരു കാൻസർ രോഗിയാണെന്നും, അതുപോലെ ആയിരങ്ങൾ വേറെയും ഉണ്ടെന്നും പറഞ്ഞ  അദേഹം, ജിമ്മിയുടെ പ്രിയപ്പെട്ട ഗെയിമായ ബേസ് ബാളിനെയും  പ്രിയപ്പെട്ട ടീമായ ബോസ്റ്റണ്‍  ബ്രേവ്സിനെയും കുറിച്ച് വാചാലനായി. ആമുഖത്തിനു ശേഷം നേരെ ആശുപത്രിയിൽ  ജിമ്മിയുടെ മുറിയിലേക്ക് കണക്റ്റ് ചെയ്തു. (ഈ റേഡിയോ പരിപാടി മുഴുവൻ ഇവിടെ കേൾക്കാം ). അതിൽ നിന്നും പ്രസക്തമായ ഭാഗങ്ങൾ എടുത്തെഴുതുന്നു.

എഡ്വാർഡ്സ്: ഹലോ ജിമ്മി

ജിമ്മി: ഹായ് 

എഡ്വാർഡ്സ് - ഹായ് ജിമ്മി. ഇത് റാൽഫ്  എഡ്വാർഡ്സ്  ട്രൂത്ത്‌ ഓർ കോൺസീക്വൻസസിൽ നിന്നും. നിനക്ക് ബേസ്ബാൾ ഭയങ്കര ഇഷ്ടമാണെന്ന് കേട്ടു. അത് ശരിയാണോ?

ജിമ്മി- ശരിയാണ്. എന്റെ ഫേവറിറ്റ് സ്പോർട്ട് ആണത്.

എഡ്വാർഡ്സ് - ആഹാ, നിന്റെ പ്രിയപ്പെട്ട കളി. ഈ വർഷം ചാമ്പ്യൻഷിപ്പ് ആര് ജയിക്കുമെന്നാണു നീ കരുതുന്നത്?

ജിമ്മി- ബോസ്റ്റണ്‍ ബ്രേവ്സ്

കുറച്ച് കൂടി സംസാരം തുടർന്ന  ശേഷം ബോസ്റ്റണ്‍ ബ്രേവ്സ് ടീമിലെ  ജിമ്മിയുടെ ഇഷ്ടകളിക്കാരെക്കുറിച്ചായി സംഭാഷണം.

എഡ്വാർഡ്സ് - ജിമ്മീ നീ ഫിൽ മേസിയെ കണ്ടിട്ടുണ്ടോ?

ജിമ്മി- ഇല്ല 

(അപ്പോൾ ഫിൽ മേസി ജിമ്മിയുടെ മുറിയിലേക്ക്  ചെന്ന്; ഹായ് ജിമ്മി, എന്റെ പേരു ഫിൽ മേസി.)

എഡ്വാർഡ്സ് - എന്ത്? അതാരാ ജിമ്മി? 

ജിമ്മി-അതിശയത്തോടെ, ഫിൽ മേസി 

എഡ്വാർഡ്സ് -ഫിൽ മേസിയോ, എവിടെ ?

ജിമ്മി-ഇവിടെ എന്റെ മുറിയിൽ തന്നെ 

എഡ്വാർഡ്സ് - അത് കൊള്ളാം ജിമ്മി, ഇല്ലിനോയിൽ നിന്നും ഫിൽ  മേസി  ആശുപത്രിയിൽ നിന്റെ മുറിയിൽ വന്നിരിക്കുന്നു . അതിരിക്കട്ടെ, ആരാണ് ടീമിലെ ഏറ്റവും നന്നായി ഹോംറണ്‍ അടിക്കുന്നയാൾ, ജിമ്മി ? 

ജിമ്മി- ജെഫ് ഹീത്ത്
(ജെഫ് ഹീത്ത് ജിമ്മിയുടെ മുറിയിലേക്ക് പ്രവേശിച്ച് ഹലോ പറയുന്നു)

എഡ്വാർഡ്സ് -അതാരാ ജിമ്മി?

ജിമ്മി- ജെഫ് ... ഹീത്ത് 

അങ്ങേയറ്റം അതിശയത്തോടെ ജിമ്മി  അന്തം വിട്ടിരിക്കുമ്പോൾ, ബോസ്റ്റണ്‍ ബ്രേവ്സ് എന്ന ജിമ്മിയുടെ പ്രിയപ്പെട്ട  ടീമിലെ കളിക്കാർ ഓരോരുത്തരായി ആ കുഞ്ഞിന്റെ മുറിയിലേക്ക് കടന്ന് ചെന്നു. അവരുടെ കൈയ്യിൽ ഒപ്പിട്ട  ടീ-ഷർട്ടുകൾ, ബേസ്ബാളുകൾ, ഗെയിം ടിക്കറ്റുകൾ, തൊപ്പികൾ ഒക്കെയുണ്ടായിരുന്നു. എഡ്ഡി സ്റ്റാങ്കി, ബോബ് എലിയട്ട്, ഏൾ ടൊർഗെസണ്‍, ജോണി സെയിൻ, ആൽവിൻ ഡാർക്ക്, ജിം റസൽ, ടോമ്മി ഹോംസ് എന്നിങ്ങനെ കളിക്കാരും മാനേജരും എല്ലാം. ശേഷം ഒരു പിയാനോ മുറിയിലേക്ക് കൊണ്ടുവന്നു. അവർ ഒരുമിച്ച് ജിമ്മിയോടൊപ്പം പാട്ട് പാടി 
Take me out to the ball game,
Take me out to the crowd.
Buy me some peanuts and Cracker Jack
I don't care if I never get back.
എഡ്വാർഡ്സിന്റെ സ്റ്റുഡിയോയിൽ കരഘോഷം ഉയർന്നു. ഒപ്പം അവസാനത്തെ ആ വരിയിലെ സങ്കടം പലരെയും ആഴത്തിൽ വേദനിപ്പിച്ചു. ബോസ്റ്റണിൽ നിന്നുള്ള റിമോട്ട് ലിങ്ക് മുറിഞ്ഞു. നിശബ്ദതക്കൊടുവിൽ ശബ്ദം താഴ്ത്തി എഡ്വാർഡ്സ് പറഞ്ഞു. നോക്കൂ ജിമ്മിക്ക് ഇപ്പോൾ നമ്മളെ കേൾക്കാനാവില്ല. നമ്മൾ ജിമ്മിയുടെ ചിത്രങ്ങളോ, അവന്റെ മുഴുവൻ പേരു പോലുമോ ഉപയോഗിക്കുന്നില്ല. അവനു കാൻസർ ആണെന്ന കാര്യം അവന് അറിയില്ല. കാൻസറിനു മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിനു സഹായിക്കുക വഴി നമുക്ക് ജിമ്മിയെയും അവനെപ്പോലെ കാൻസർ ബാധിച്ചു കഴിയുന്ന ആയിരക്കണക്കിനു കുട്ടികളെയും സഹായിക്കാൻ കഴിയും. നിങ്ങളും, നിങ്ങളുടെ സുഹൃത്തുക്കളും കഴിയുന്നതുപോലെ ഒരു തുക ജിമ്മിയുടെ പേരിൽ ചിൽഡ്രൻസ് കാൻസർ റിസർച്ച് ഫണ്ടിലേക്ക് അയക്കുക. അതുപോലെ $20,000 തികഞ്ഞാൽ  ജിമ്മിയുടെ ഏറ്റവും വലിയ ആഗ്രഹമായ  ഒരു ടെലിവിഷൻ സെറ്റ് അവനു ലഭിക്കുമെന്നും  നിങ്ങൾ ജിമ്മിയെ നിരാശപ്പെടുത്തില്ലെന്ന് പ്റതീക്ഷിക്കുന്നു എന്നും പറഞ്ഞ് ആ സന്ദേശം അവസാനിച്ചു.

എഡ്വാർഡ്സിന്റെ ഈ റേഡിയോ  സംപ്രേക്ഷണത്തിന്  വെറും ഒൻപതോളം  മിനിട്ട് മാത്രമേ  ദൈർഘ്യമുണ്ടായിരുന്നുള്ളൂ. ജിമ്മിയുടെ കാൻസറിനെക്കുറിച്ച് അധികമൊന്നും പറഞ്ഞതേയില്ല. പക്ഷേ പൊതുജനത്തിന്റെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു.  ബോസ്റ്റണ്‍ ബ്രേവ്സ് ടീം അംഗങ്ങൾ ജിമ്മിയുടെ മുറിയിൽ  നിന്നും പോകുന്നതിനു മുൻപ് തന്നെ ആളുകൾ ആശുപത്രിയുടെ ലോബിക്ക് പുറത്ത് ഡൊണേഷനുമായി ക്യൂ നില്ക്കുവാൻ തുടങ്ങിയിരുന്നു. ജിമ്മിയുടെ പേരിൽ  ചെക്കുകളായും, പണമായും ആളുകൾ  സഹായമെത്തിച്ചു.  പത്തും, ഇരുപത്തിയഞ്ചും  പൈസകളായി കുട്ടികൾ തങ്ങളുടെ പോക്കറ്റ് മണി അയച്ചു കൊടുത്തു. ബേസ്ബാൾ കളി നടക്കുന്ന സ്റ്റേഡിയങ്ങളിൽ , സിനിമാ തിയറ്ററുകളിൽ, വീട് വീടാന്തരം അങ്ങനെ ജിമ്മിക്കായുള്ള ഫണ്ട് പിരിവ് രാജ്യമൊട്ടാകെ  ഒരു തരംഗമായി മാറി. അധികം വൈകാതെ  $231,000 ജിമ്മി ഫണ്ടിലേക്ക് എത്തിച്ചേർന്നു.  ഈ തുകയും അന്നത്തെ ഗവേഷണ ഇൻഫ്റാസ്ട്റക്ചർ ആവശ്യങ്ങൾക്കും ഒരു ചെറിയ സഹായം മാത്രമേ ആകുമായിരുന്നുള്ളൂ. പക്ഷേ പണമെന്നതിലുപരി കാൻസർ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളിലും, അതുവഴി രാഷ്ട്രീയ രംഗത്തും പുതിയൊരു   അവബോധം സൃഷ്ടിക്കുന്നതിൽ ഈ സംഭവം കാരണമായി.  

ജിമ്മി എന്ന ഗുസ്താഫ്സൺ രോഗം ഭേദപ്പെട്ട് ഏറെക്കാലം മെയിനിൽ  ഒരു ട്രക്ക് ഡ്രൈവറായി  അനോണിജീവിതം നയിച്ചു. 1998-ൽ പഴേ റേഡിയോ ഷോയുടെ അൻപതാം വാർഷികത്തിന്  തിരികെ വരികയും  പിന്നീട് ജിമ്മി ഫണ്ടിന്റെ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും അതിന്റെ ഹോണററി  ചെയർമാൻ  ആവുകയും ചെയ്തു. കാൻസറിനെ അതിജീവിച്ച ജിമ്മി  2001-ൽ തന്റെ  അറുപത്തി അഞ്ചാം വയസ്സില്‍ സ്ട്റോക്ക് വന്നു മരിച്ചു. ജിമ്മി ഫണ്ട് ഇതുവരെ $750 മില്യണിൽ എത്തി നിൽക്കുന്നു. 

ഫാര്ബറെ  സംബന്ധിച്ചിടത്തോളം കാൻസറിനെതിരെയുള്ള പ്റചരണവും  രാഷ്ട്രീയ പ്റചരണം  പോലെ തന്നെയാണെന്നുള്ള തിരിച്ചറിവായിരുന്നു ഈ സംഭവം. അതിനും പ്രതീകങ്ങൾ വേണം, ഐക്കണുകൾ, മാസ്കോട്ടുകൾ, മുദ്രാവാക്യങ്ങൾ. ശാസ്ത്രത്തിന്റെ ഉപകരണങ്ങളെന്ന പോലെ പരസ്യതന്ത്രങ്ങളും ഇതിൽ പ്രധാനമാണ്. ഏതൊരു രോഗത്തിനും രാഷ്ട്രീയപ്റാമുഖ്യത്തിലേക്ക് ഉയർന്നു വരാൻ അതിനെ മാർക്കറ്റ് ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ പ്റചരണങ്ങളെ മാർക്കറ്റ് ചെയ്യുന്നത്   പോലെ തന്നെ. ഒരു രോഗത്തെ ശാസ്ത്രീയമായി മാറ്റിയെടുക്കുന്നതിനു മുന്നേ അതിനെ രാഷ്ട്രീയമായി രൂപാന്തരപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഈ സംഭത്തെക്കുറിച്ച് സിദ്ധാർത്ഥ മുഖർജി തന്റെ എമ്പറർ ഓഫ് ആൾ മാലഡീസ് എന്ന കാൻസർ ജീവചരിത്റപുസ്തകത്തിൽ എഴുതിയത്.

മലാലയും, സത്യാർത്ഥിയും നമ്മുടെ സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുന്ന രണ്ട് വ്യത്യസ്തമായ രോഗങ്ങളോടുള്ള ശക്തമായ പ്റതികരണത്തിന്റെ ജീവസ്സുറ്റ പ്രതീകങ്ങളാണ്. ഇതിൽ മലാലയെന്ന പെണ്‍കുട്ടിയെ മതതീവ്രവാദത്തിനെതിരെയും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിനായും വളരെ സമർഥമായ, തികച്ചും പ്രൊഫഷണലായ രീതിയിൽ ഒരു പ്രതീകമായി രൂപാന്തരപ്പെടുത്തിയെടുക്കുകയും വിദഗ്ദമായി മാർക്കറ്റ് ചെയ്യുകയും ചെയ്തു. അവര്‍ക്ക് ലഭിച്ച നോബൽ സമ്മാനം അന്താരാഷ്ട്ര തലത്തില്‍ ഈ രോഗങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും, ജനസമക്ഷത്തിലേക്കും കൂടുതല്‍ പ്റാമുഖ്യത്തോടെ എത്തിക്കാന്‍ ഉപയുക്തമാകും എന്നതിൽ സംശയമില്ല. ഈ രോഗങ്ങൾക്ക് രാഷ്ട്രീയ ചികിൽസ തന്നെയാണ് ഏറ്റവും ഫലപ്രദം എന്നത് ഇങ്ങനെയുള്ള വിപണിവൽക്കരണത്തെ കൂടുതൽ പ്രസക്തമാക്കുന്നു.

സ്വന്തം നിലനിൽപ്പിനായി  ഈ രോഗങ്ങൾ  വളര്‍ന്നു പന്തലിച്ച് സമൂഹത്തെ കാർന്നു തിന്നണമെന്ന് വാശി പിടിക്കുന്ന താലിബാൻ മതഭ്രാന്തന്മാരും അവരുടെ പിണിയാളുകളും   ആധുനികസമൂഹത്തിന്റെ ശാപമാണ്. ഈ രോഗങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയ പ്റാമുഖ്യം ആർജ്ജിക്കുന്നത്  താലിബാൻ തീവ്റവാദികളെ  പലതരത്തിൽ പ്റതികൂലമായി ബാധിക്കും. അതിലൊന്ന് ഇവരുടെ തന്നെ സാമ്പത്തിക സമാഹരണമാണ്. 2011-2012 കാലത്ത് മാത്രം വിവിധ സ്രോതസ്സുകളിൽ നിന്നായി താലിബാൻ സമാഹരിച്ചത് $400 മില്യണ്‍ ആണെന്ന് യു.എൻ  കണക്കുകൾ പറയുന്നു (ഇവരുടെ മുന്നിൽ  ജിമ്മി കാൻസർ  ഫണ്ട് ഒക്കെ നിഷ്പ്രഭം!). ഇക്കൂട്ടത്തിൽ കൊള്ളയടിച്ചതും, ലോക്കൽ ബിസിനസ്സിൽ നിന്നും ബലമായി  പിരിച്ചതും, ഓപ്പിയം വിറ്റതും കൂടാതെ  സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും  വക  സംഭാവനകളും ഉണ്ട്.  ലോകമെങ്ങും സ്ത്രീകള്‍ ഉൾപ്പെടെയുള്ള താലിബാൻ  അനുഭാവികൾ കുടുംബവരുമാനത്തിൽ നിന്നും ഒരു തുക ഇവർക്കായി നീക്കി വെയ്ക്കുന്നുണ്ടാവും. അവരില്‍ ചിലരെങ്കിലും ഈ പണം പെൺകുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് വെടിയുണ്ടകളായി പാഞ്ഞു ചെല്ലുന്നതറിഞ്ഞ്  പണം കൊടുക്കുന്നതിൽ നിന്നും പിൻവാങ്ങിയേക്കാം. 

മറ്റൊന്ന് ഇമേജ് ബിൽഡിങ്ങ് ആണ്. ഒരു മതതീവ്രവാദ  സംഘടനയ്ക്ക് എന്ത് ഇമേജ് എന്ന്  നിങ്ങൾ കരുതിയെങ്കിൽ തെറ്റി. റിക്രൂട്ട്മെന്റ്, സാമ്പത്തിക സമാഹാരം എന്നീ കാര്യങ്ങൾക്ക്  ഇമേജും ബ്രാൻഡും ഒക്കെ നിർണ്ണായക ഘടകങ്ങളാണ്. മലാല സംഭവം താലിബാന്റെ ഇമേജിനെ പ്രതികൂലമായി ബാധിച്ചു എന്നത് വ്യക്തമാണ്. ഇങ്ങനെ ഉണ്ടാകുന്ന  പ്റതിസന്ധികളെ തരണം ചെയ്യാനും, അതിന്റെ ഡാമേജ് നിയന്ത്രിക്കുവാനുമാണ്  താലിബാൻ വക്താക്കൾ  കിണഞ്ഞു പരിശ്റമിക്കുന്നത്. മലാലയ്ക്ക് വെടിയേറ്റിട്ടേയില്ല എന്ന ഇവറ്റകളുടെ  നുണപ്റചാരണത്തിന്റെ ലക്ഷ്യവും അതു തന്നെ. ഇതിന്റെ ഒപ്പം അമേരിക്കൻ സാമ്റാജ്യത്വ ഗൂഢാലോചന എന്നു കൂടി ചേർത്താൽ ഒരുവിധപ്പെട്ട മുസ്ളിങ്ങൾ മാത്രമല്ല സാമ്റാജ്യത്വവിരുദ്ധ ചേരിയിൽ നിലകൊള്ളുന്ന മറ്റുള്ളവരെയും തങ്ങളുടെ കെണിയിൽ വീഴ്ത്താമെന്ന് ഇവര്‍ കരുതുന്നുണ്ടാകും.  

ഗാസയിലെ കുട്ടികളെ ഇസ്രയേല്‍ കൊല്ലുമ്പോൾ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സ്കൂള്‍ കുട്ടികളെ വെടിവെച്ചും ബോംബിട്ടും കൊല്ലുന്നവരിൽ  ഈ താലിബാനുമുണ്ട്.    പക്ഷേ  പാക്കിസ്ഥാൻ താലിബാനെന്ന  ടെററിസ്റ്റുകളെ വെള്ളപൂശാനും രക്ഷിച്ചെടുക്കാനാണ്   കേരളത്തിലെ മുസ്ളിം സമുദായത്തില്‍ നിന്നും ഒരു കൂട്ടം ആളുകൾ  മുറവിളികളുയര്ത്തുന്നത്. കേരളത്തിൽ താലിബാനിസത്തിന്റെ രോഗലക്ഷണം  പ്റകടമായ സന്ദര്‍ഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് കണക്കിലെടുത്താൽ  ഈ രോഗലക്ഷണത്തെയും അതിന്റെ അനുബന്ധഘടകങ്ങളെയും  ആരംഭത്തിൽ തന്നെ ഫലപ്രദമായ  രാഷ്ട്രീയചികിത്സയിലൂടെ  നേരിടേണ്ടത് അനിവാര്യമാണെന്ന് വരുന്നു. അതിനുള്ള ആർജ്ജവവും കരുത്തും  നമ്മുടെ രാഷ്ട്രീയ സമൂഹത്തിനുണ്ടാവട്ടെ. സ്കൂളില്‍ പോകുന്ന,  പഠിക്കുന്ന നമ്മുടെ നാട്ടിലെ മലാലമാർക്ക് തലയില്‍ വെടിയേൽക്കുന്ന സാഹചര്യം ഒരിക്കലും വരാതെയിരിക്കട്ടെ. 

റഫറൻസ്

1-Original Jimmy Fund Radio Broadcast | Dana-Farber…:http://youtu.be/eXeYrG-L9L8
3 -http://en.wikipedia.org/wiki/The_Jimmy_Fund
4 -http://www.jimmyfund.org/
5 -The Emperor of All Maladies, Sidhartha Mukherjee
6-http://www.reuters.com/article/2012/09/11/us-afghanistan-un-taliban-idUSBRE88A13Y20120911
     

Tuesday, May 06, 2014

നിത്യയൗവനത്തിന്റെ ചോരശാസ്ത്രം!

പുത്രനായ പുരുവിന്റെ യൌവനം കടം കൊണ്ട്  വാർധക്യത്തെ അകറ്റി നിർത്തിയ യയാതിയുടെ കഥ, അല്ലെങ്കിൽ ഇളം കുഞ്ഞിന്റെ ചോര ഊറ്റിക്കുടിച്ച് യൗവനയുക്തരാകുന്ന പുരാതന ഗ്രീക്ക്/റോമൻ രക്തരക്ഷസ്സുകളുടെ  കഥ, ലോകമനസ്സുകളെ ത്രസിപ്പിച്ച കാർപ്പാത്തിയൻ മലനിരകളിലെ രക്തദാഹിയായ പ്രഭുവിന്റെ കഥ, ഇവയൊക്കെ "സെൽ" എന്ന ആധുനികജീവശാസ്ത്രത്തിലെ ഏറ്റവും മുന്തിയ ജേണലിൽ  അച്ചടിച്ച് വന്നു എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങളിൽ പലരും മൂക്കത്ത് വിരൽ വെയ്ക്കും. പക്ഷെ കഥ കാര്യമാവുന്ന ലക്ഷണമാണ്. വാർധക്യം ബാധിച്ച ഹൃദയത്തെ പുനർനവീകരിച്ച് യൌവനത്തിലേക്ക് തിരികെയെത്തിക്കാൻ യുവരക്തത്തിന് കഴിയുമെന്ന് തെളിയിച്ചത്  ഇക്കഴിഞ്ഞ വർഷമായിരുന്നു.  ഇപ്പോഴിതാ ജരബാധിതമായ പേശിയും  തലച്ചോറും, മനസ്സുമൊക്കെ  യുവരക്തത്തിന്റെ മായികസ്പർശമേറ്റ് യൌവനം വീണ്ടെടുക്കുന്നു എന്ന്  തെളിയിക്കുന്നു പുതിയ പഠനങ്ങൾ.

ഏതാണ്ട് 150 വർഷം പഴക്കമുള്ള, വളരെ വിചിത്രമെന്ന് തോന്നിയേക്കാവുന്ന ഒരു പരീക്ഷണ സങ്കേതമാണ്  എലികളിൽ തുടങ്ങി വെച്ച  ഈ പുതിയ പഠനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്  എന്നത് രസകരമാണ്.  1950-കളുടെ തുടക്കത്തിൽ ഡോ  ജോണ്‍ സി.ഫിനേര്ടി എന്ന അനാട്ടമി പ്രൊഫസർ ആണ് 'പാരാബയോസിസ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ ടെക്നിക് വികസിപ്പിച്ചെടുക്കുന്നത്.  രണ്ട് എലികളെ (അഥവാ ഡിങ്കന്മാരെ) തമ്മിൽ ഇരുവശങ്ങളിലെയും തോലല്പം ഉരിച്ച്  പരസ്പരം തുന്നിച്ചേർക്കുന്ന പരിപാടിയാണിത് (ചിത്രം 1) . 
ഇങ്ങനെ കൂട്ടിയോജിപ്പിക്കുന്ന എലികൾ കണ്‍ജോയിൻഡ് ഇരട്ടകളെപ്പോലെ  രക്തചംക്രമണവ്യവസ്ഥ പങ്ക് വെയ്ക്കും. അതായത് ചോരപ്പുഴകളുടെ സംഗമം, സംയോജനം. പരസ്പരം കുഴല്മാറ്റം ചെയ്യപ്പെടുന്ന രക്തത്തിൽ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങളുടെ ജൈവീകമായ ഫലങ്ങൾ എലികളിൽ നേരിട്ട് പഠിക്കാൻ സാധിക്കും എന്നതാണ്  ഈ ടെക്നിക്കിന്റെ ഗുണം.

ഹാർവാഡ്  സ്റ്റെം സെൽ  ഇൻസ്റ്റിറ്റ്യൂട്ടിലെ  പ്രൊഫസർ റിച്ചാർഡ്  ടി ലീയും സംഘവും ഈ  പഴേ സങ്കേതത്തെ ഈയിടെ ഒന്ന് പൊടി തട്ടിയെടുത്തു.  വൃദ്ധനായ  യയാതി  ഡീങ്കനെ  യുവാവായ  പുരുഡിങ്കനുമായി കൂട്ടിച്ചേർത്ത് ചോര പങ്ക് വെപ്പിച്ചു. യുവരക്തപ്രവാഹമേറ്റ്  വൃദ്ധന്റെ ഹൃദയകോശങ്ങൾ ചെറുതാകുകയും, വാർധക്യഹൃദയം യുവാവിന്റെ ഹൃദയത്തെപ്പോലെ യൗവനയുക്തമാവുകയും ചെയ്യുന്നതായി കണ്ടു (ചിത്രം 2).

  യുവരക്തത്തിലുള്ള ഗ്രോത്ത്  ഡിഫറൻഷിയേഷൻ ഫാക്ടർ 11 ( ജി.ഡി.എഫ് 11, ഇതിനെ ബോണ്‍ മോർഫോജനിക് പ്രോട്ടീൻ11  അഥവാ ബി.എം;പി 11 എന്നും വിളിക്കുന്നു) എന്ന പ്രോട്ടീൻ ഘടകമാണ്  യൌവനത്തിന്റെ രസക്കൂട്ടെന്ന് കണ്ടെത്തി. മാത്രമല്ല  ജി.ഡി.എഫ് 11 കുത്തിവെച്ച വയസ്സനെലികളുടെ ഹൃദയവും പാരബയോസിസ് ചർമ്മാന്തരം യുവരക്തം ലഭിച്ചപ്പോഴെന്നപോലെ യൌവനം വീണ്ടെടുക്കുന്നതായി കണ്ടു. ഈ പഠനഫലങ്ങൾ 2013-ൽ  സെൽ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു (Cell 153 , 828–839, May 9, 2013).

ഇപ്പോഴിതാ വാർധക്യം ബാധിച്ച പേശികളെയും തലച്ചോറിനെയും യുവരക്തം യൗവനകാലത്തിലേക്ക് മടക്കി കൊണ്ടുപോകുന്നു എന്ന് തെളിയിക്കുന്ന മൂന്ന് പഠനങ്ങൾ പുറത്ത് വന്നിരിക്കുന്നു. പേശികളെയും തലച്ചോറിനെയും സംബന്ധിച്ച രണ്ട് പഠനങ്ങൾ ഹാർവാർഡിലെ സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ്. ഡോ ഏമി വേജേഴ്സ്, ലീ റൂബിൻ എന്നിവരുടെ നേതൃത്വത്തിൽ. മൂന്നാമത്തേത് വാർധക്യ സംബന്ധമായി മങ്ങിപ്പോകുന്ന തലച്ചോറിന്റെ  കോഗ്നിറ്റിവ്  പ്രവര്ത്തനങ്ങൾ (ഓർമ്മ തുടങ്ങിയവ) വീണ്ടെടുക്കാമെന്ന് തെളിയിക്കുന്ന പഠനം സ്റ്റാൻഫോഡ് സർവകലാശാലയിലെ ഡോ.ടോണി വൈസ്-കൊറേയുടെ നേതൃത്വത്തിലും. ഡോ.ടോണിയും കൂട്ടരും രക്തത്തിൽ നിന്നും വേര്തിരിച്ച പ്ലാസ്മ ഉപയോഗിച്ച് പാരബയോസിസിന്റെ ഫലങ്ങൾ കിട്ടുമെന്ന് കാണിചിട്ടുണ്ട്. പ്ലാസ്മ കുത്തിവേയ്ക്കുന്നത്  ഒരു റുട്ടീൻ പ്രൊസീജിയർ ആയത് കൊണ്ട് അവർ ഒരു ചെറിയ ക്ലിനിക്കൽ ട്രയലിൽ ഇത് അൽഷൈമേഴ്സ് രോഗികളിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി അവർ ഒരു കമ്പനി തുടങ്ങിക്കഴിഞ്ഞു.
ഹാർവാർഡ് ജി.ഡി.എഫ് 11 പേറ്റന്റ് ചെയ്യാനുള്ള നടപടികൾ ചെയ്തുകഴിഞ്ഞു. അവരും ഇതിനെ മരുന്നാക്കി മാറ്റുന്നതിനായി കമ്പനികളുമായി ചർച്ചയിലാണ്.

കാര്യങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നു എന്ന് ചുരുക്കം.
വയസ്സന്മാരേ നിങ്ങൾക്കായിതാ ഒരുങ്ങുന്നു നിത്യയൗവനത്തിന്റെ രക്തചഷകം. പക്ഷെ ജി.ഡി.എഫ് 11 ആകുമ്പോ മുടിഞ്ഞ കാശായിരിക്കുമെന്ന് മാത്രം! :).
യുവാക്കളേ നിങ്ങൾ ഓർക്കുക , രക്തദാനം, മഹാദാനം!

ഡിസ്ക്ലെയിമർ:  എഴുത്തിൽ പതിവിനു വിപരീതമായി ഒരല്പം ഊതിവീർപ്പിക്കൽ നടത്തിയിട്ടുണ്ട്. വെറുതെ കൊതിപ്പിക്കാൻ. യൌവനം മുഴുവനുമായി വീണ്ടെടുക്കുകയോന്നുമല്ല. പഠനങ്ങളും പരീക്ഷണങ്ങളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
അപേക്ഷ: ഇത് വായിച്ച്  ആരും ദയവ് ചെയ്ത്  രക്തരക്ഷസ്സുകളാകരുത്. അങ്ങിനെ ആയാൽ ഞാൻ ഉത്തരവാദിയല്ല.

References:
http://news.sciencemag.org/biology/2014/05/young-blood-renews-old-mice
http://www.sciencedaily.com/releases/2014/05/140505094906.htm
http://www.sciencemag.org/content/early/2014/05/02/science.1251152?utm_content=&utm_medium=facebook&utm_campaign=science&utm_source=shortener
http://www.sciencemag.org/content/early/2014/05/02/science.1251141?utm_content=&utm_medium=facebook&utm_campaign=science&utm_source=shortener
http://www.nature.com/nm/journal/vaop/ncurrent/full/nm.3569.html

Friday, October 18, 2013

മിലിട്ടന്റ് ഹിന്ദുമെന്റലിസം- വേദകാലപ്പുതപ്പിട്ട വെറുപ്പിന്റെ വേട്ടമന്ത്രം (ഭാഗം രണ്ട്)


ഹിന്ദുത്വാധിനിവേശം പാഠപുസ്തകങ്ങളിലേക്ക്

കാലിഫോർണിയയിലെ പാഠപുസ്തകങ്ങളിൽ അടിസ്ഥാനപരമായ ചില പിശകുകളും, ഹിന്ദുമതഭ്രാന്തന്മാരെ സംബന്ധിച്ചിടത്തോളം. വികാരങ്ങൾ വൃണമേൽപ്പിക്കാൻ പോന്നതുമായ   ചില പ്രത്യക്ഷമായ പിഴവുകൾ ഉണ്ടായിരുന്നു എന്ന കാര്യം അംഗീകരിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് ,
a) ഹിന്ദി ഭാഷ അറബിക് ലിപിയിലാണെഴുതുന്നത് എന്നുള്ള പരാമർശം.
b) വെജിറ്റേറിയനിസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഘണ്ഡികയുടെ തലക്കെട്ടായി കൊടുത്ത "Where is my beef?"  എന്ന വെൻഡീസിന്റെ (മക്ഡൊണാൾഡ് പോലെയുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ചെയ്ൻ) പരസ്യവാചകം
c) ഹനുമാനെന്ന കഥാപാത്രത്തെ പരാമർശിക്കുമ്പോൾ "monkey king", "look around you, do you see any monkeys?" എന്നൊക്കെയുള്ള പ്രയോഗങ്ങൾ  ഒരു പാഠപുസ്തകത്തിന്റെ സ്പിരിറ്റിന് യോജിച്ചതായിരുന്നില്ല എന്ന് മാത്രമല്ല തെറ്റായ വാർപ്പ് മാതൃകകളെ സൃഷ്ടിക്കാൻ പോന്നതായിരുന്നു.  
ഇത്തരം പിഴവുകൾ തിരുത്തുന്നതിൽ എതിർപ്പുകളും ഇല്ലായിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വ്യാപകമായി ഹിന്ദുത്വ അജണ്ട തിരുകി കയറ്റാനുള്ള ശ്റമത്തെയാണ് എതിർത്തത്.  
ഹിന്ദുമെന്റലിസ്റ്റുകൾ നിർദ്ദേശിച്ച തിരുത്തുകളുടെ ചില വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കഠിനമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയതുമായ ഏതാനും ചില തിരുത്തലുകളെ പരിശോധിക്കാം.
1- ഹിന്ദുമതം ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമാണ്. ആ ദൈവത്തിന്റെ പേര് ഭഗവാൻ എന്നാണ്. ബഹുദൈവവിശ്വാസമെന്നായിരുന്നു പുസ്തകത്തിൽ. അത് തിരുത്തണം. ഹിന്ദുവിനു ഒരൊറ്റ ദൈവമേയുള്ളൂ ഭഗവാൻ. മിച്ചദൈവങ്ങൾ വെറും അസിസ്റ്റന്റ് ദൈവങ്ങളാണ് എന്ന് ചുരുക്കം.
2- ഹിന്ദുമതത്തിൽ ജാതിവ്യവസ്ഥ എന്നൊന്നില്ല. അത്തരത്തിലുള്ള പ്രയോഗങ്ങൾ തിരുത്തണം എന്നായിരുന്നു ആവശ്യം. ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ വർണ്ണാശ്രമപ്രകാരമുള്ള ജാതിവ്യവസ്ഥ വേദിക് ഹിന്ദൂയിസത്തിന്റെ ഭരണപരമായ നേട്ടമായി പ്രഖ്യാപിച്ച സംഘികൾ അമേരിക്കയിലെ പാഠപുസ്തകത്തിലേക്ക് വന്നപ്പോൾ നേരെ തലകുത്തനെ മറിഞ്ഞ് ഹിന്ദുമതത്തിൽ അങ്ങനെ ഒരു ഏർപ്പാടേ ഇല്ലെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു. സായിപ്പിന്റെ മുന്നിൽ ഒരു വേഷം, സനാതനഗുജറാത്തിൽ മറ്റൊരു വേഷം. 
3- ഒരു വർണവ്യവസ്ഥയിലും ഉൾപ്പെടാതെ, ഏറ്റവും വൃത്തികെട്ട തൊഴിലുകൾ ചെയ്തിരുന്നതുകൊണ്ടാണ് കുറെ ആളുകളെ അൺടച്ചബിൾ എന്ന് വിളിക്കേണ്ടി വന്നത്. പുസ്തകത്തിൽ, വർണവ്യവസ്ഥയ്ക്ക് പുറത്തായിരുന്നവരെ അൺടച്ചബിൾ എന്ന് വിളിച്ചുവെന്നും, അവർ വൃത്തിഹീനമായ തൊഴിലുകൾ ചെയ്തിരുന്നും എന്നായിരുന്നു  പുസ്തകത്തിൽ എഴുതിയിരുന്നത്. ജാതിവ്യവ്യസ്ഥക്കും അസ്പൃശ്യതയ്ക്കും തൊഴിൽ ഒരു കാരണമാക്കി ചിത്രീകരിക്കുക എന്ന ഹിന്ദുത്വ അജണ്ടയുടെ തുടർച്ചയാണിവിടെ വെളിവായത്.  
4-'ദളിത്'' എന്ന വാക്ക് നീക്കം ചെയ്യണം. അങ്ങിനെയാരും ഇൻഡ്യയിൽ ഇല്ല.  
5-ഹിന്ദുമതത്തിൽ സ്ത്റീകൾക്കും പുരുഷൻമാർക്കും വെവ്വേറെ അവകാശങ്ങളായിരുന്നു. പുരുഷന് സ്ത്റീയെക്കാൾ അവകാശങ്ങളുണ്ടായിരുന്നു എന്നത് ശരിയല്ല.  
6- ആര്യൻ മൈഗ്രേഷൻ ഒരു മിത്താണ്. വേദിക് ആര്യൻസ് ഇൻഡിജനസ് ആളുകളാണ്. ഹിന്ദുക്കൾ ഒഴിച്ച് ബാക്കി എല്ലാവരും വിദേശികളാണ്. 
ആര്യാധിനിവേശമൈഗ്രേഷൻ: സംഘികൾക്കൊരു തീരാ മൈഗ്രെയ്ൻ.

ഈ ആര്യൻ അധിനിവേശം (പിന്നീട് മൈഗ്രേഷനായി) ഒരു ഇരുതലമൂർച്ചയുള്ള വാളായിരുന്നു സംഘികൾക്ക്. തുടക്കകാലത്ത് ആര്യൻ എന്നത് ഒരു സുപ്പീരിയർ റേസ് ആയി കണ്ട് സ്വയം അവരുമായി താദാത്മ്യം പ്രാപിച്ച് ആര്യാധിനിവേശസിദ്ധാന്തത്തെ സർവ്വാത്മനാ ആശ്ലേഷിക്കുകയായിരുന്നു സാമൂഹ്യശ്രേണിയിൽ ഉന്നതപദവി സ്വയം അലങ്കരിച്ചിരുന്ന വേദിക് ബ്രാഹ്മണിസത്തിന്റെ പിൻമുറക്കാർ. കൊളോണിയലിസ്റ്റുകളുടെ വരവിനു ശേഷം ഭരണകർത്താക്കളായ യൂറോപ്യൻ രക്തവുമായി എളുപ്പത്തിൽ സന്ധിചെയ്യാനും, അതേസമയം നാട്ടിലെ മറ്റുള്ളവരുടെമേൽ അധികാരം നിലനിർത്തിപ്പോരാനും ബ്രാഹ്മണസമൂഹത്തിനു കഴിഞ്ഞതും ഈ ആര്യൻ വംശമഹിമാവികാരം കൊണ്ടാണെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയത് ഇവിടെ പ്രസക്തമാണ്. ബാലഗംഗാധര തിലക്, ജവഹർലാൽ നെഹ്രു തുടങ്ങിയ പ്രശസ്തരായ വ്യക്തികളും, മറ്റ് ബ്രാഹ്മണ പണ്ഠിതരും ഉൾപ്പെടെയുള്ളവരുടെ പരിപോഷണത്തിലാണ് തുടക്കത്തിൽ ആര്യൻ അധിനിവേശ തിയറി ഇന്നാട്ടിൽ പടർന്ന് പന്തലിച്ചത്. ഇക്കാലങ്ങളിലൊന്നും വിദേശികളായ വരത്തൻമാർ എന്ന വിശേഷണം തിരിഞ്ഞു കൊത്തുന്ന ഒരു രാഷ്ട്റീയ വിഷപ്പാമ്പായി സംഘപരിവാരങ്ങൾക്ക് അനുഭവപ്പെട്ടിരുന്നേയില്ല എന്ന് ചുരുക്കം.

ഹിറ്റ്ലറിന്റെ ആരാധകനായിരുന്ന സവർക്കറും ഇൻഡ്യക്ക് പുറമേനിന്നുള്ള (trans-Indian) ആര്യൻ വരവിനെ അംഗീകരിച്ചിരുന്നു. ഇതിൽ ബാലഗംഗാധര തിലക് ഒരുപടികൂടി കടന്ന് 'ആര്യഭവൻ' (Home of the Aryans) ആർട്ടിക് സർക്കിളിലാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ സംഘികളുടെ ആചാര്യനായ ഗോൾവർക്കർഭഗീരഥൻ, ബാലഗംഗാധര തിലകിന്റെ ആർട്ടിക് സർക്കിളിനെ  'പോളാർ ആക്സിസ് ഷിഫ്റ്റ്' എന്ന നൂതന സങ്കേതം ഉപയോഗിച്ച് ആർഷഭാരതത്തിന്റെ സ്വന്തം ഭൂമികയായ ബീഹാറിനും ബംഗാളിനുമിടയിൽ കൊണ്ടു നിർത്തി.

സ്വാതന്ത്ര്യാനന്തരം  നാട്ടുരാജ്യങ്ങളെയും പ്രവിശ്യകളെയും കൂട്ടിയിണക്കി ഇൻഡ്യാമഹാരാജ്യം രൂപപ്പെട്ട ശേഷം വേദിക് ഹിന്ദൂയിസത്തെ അടിസ്ഥാനമാക്കി ഒരു പാൻ ഹിന്ദുദേശീയത പടുത്തുയർത്തേണ്ട രാഷ്ട്രീയസാഹചര്യം വന്നപ്പോഴാണ് അധിനിവേശവും മൈഗ്രേഷനും ഒക്കെ പെട്ടന്ന് വിലങ്ങുതടികളായി മാറിയത്. ഭാരതം ഹിന്ദുവിന്റേത് എന്നു പറയുമ്പോൾ ഹിന്ദു വരത്തനാണെന്ന് മറുത്തു പറയുന്ന സ്ഥിതിവിശേഷം ഹൈന്ദവദേശീയതയ്ക്ക് സാരമായ മുറിവേൽപ്പിക്കും എന്നത് വ്യക്തമാണല്ലോ. അങ്ങിനെയാണ് വേദിക ബ്രാഹ്മണന്റെ വംശമഹിമാവാദം താൽക്കാലികമായി പരണത്ത് കയറ്റിയിട്ട് ആര്യൻ അധിനിവേശം/മൈഗ്രേഷൻ തിയറിയെ ഉൻമൂലനം ചെയ്യാനും, ഒരു ക്ളീൻ സ്ളേറ്റിൽ ഇൻഡ്യാചരിത്രത്തെയും വേദിക് ഹിന്ദൂയിസത്തിനെയും തിരുത്തി അവതരിപ്പിക്കാനും സംഘപരിവാരം അരയും തലയും മുറുക്കി കൊട്ടേഷൻ ടീമുകളെ ഇറക്കുന്നത്. 

1960-കളിൽ തന്നെ ആര്യൻസിന്റെ വൈദേശിക ഉത്ഭവത്തെ സംഘികൾ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു.  ആർ.എസ്.എസിന്റെ ആദ്യകാല രാഷ്ട്രീയസന്തതിയായ ഭാരതീയ ജനസംഘത്തിന്റെ മാനിഫെസ്റ്റോ നിർമ്മാതാവും, പ്രസിഡന്റും  ഒക്കെയായിരുന്നു ഡൽഹി സർവ്വകലാശാലയിലെ ചരിത്രാദ്ധ്യാപകൻ പ്രൊഫ. ബൽരാജ് മാധോക് 1982-ൽ എഴുതിയ The Rationale of Hindu State എന്ന പുസ്തകം ആര്യൻസ് ഒരു സമ്പൂർണ്ണ ഭാരത ഉത്പന്നം ആണെന്ന വാദത്തിലേക്കുള്ള സംഘപരിവാരത്തിന്റെ നിലപാടുമാറ്റം പൂർത്തിയാക്കി. ഇതേ കാലയളവിൽ, 1980-ൽ ആണ്  ഭാരതീയ ജനസംഘം "ഭാരതീയ ജനതാ പാർട്ടിയായി" രൂപാന്തരം പ്രാപിക്കുന്നത് എന്നതും ശ്രദ്ധേയം. [മുസ്ലീങ്ങളെ അത്യാവശ്യമായി ഇൻഡ്യനൈസ് ചെയ്യണം എന്ന തീസിസ് ഇറക്കി ഹിന്ദുത്വയുടെ മുടിചൂടാമന്നനായി വാണിരുന്ന  ഈ ബൽരാജ് മാധോക്കിനെ ശിഷ്യന്മാരായ അദ്വാനിയും വാജ്പേയിയും കൂടി  പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കിയത് മറ്റൊരു ചരിത്രം. തന്റെ ജന്മസ്ഥലമായ കറാച്ചിയിൽ ചെന്ന് മുഹമ്മദാലി ജിന്നക്ക് മതേതരതാമ്രപത്രം നൽകിയതുവഴി ആർ.എസ്.എസിന്റെ കോപം ക്ഷണിച്ചു വരുത്തിയിരുന്ന  അദ്വാനിയുടെ ചീട്ടുകീറി ഇപ്പോൾ  ഹിന്ദുത്വയുടെ പുതിയ 'ഫ്യൂറർ' സ്ഥാനമേറ്റെടുത്ത ഗുജറാത്തിന്റെ സ്വന്തം ഫേക്കുവിന്  മാധോക്കിന്റെ അനുഗ്രഹം  ലഭിച്ചത് വലിയ വാർത്തയായില്ലെങ്കിലും സംഘപരിവാരചരിത്രത്തിൽ പ്രസക്തമാണ്.]    

ബ്രാഹ്മണിക് മതദേശീയതയിലൂന്നിയ സംഘപരിവാര രാഷ്ട്രീയത്തിന് വിദേശിയിൽ നിന്നും സ്വദേശിയിലേക്കുള്ള ഈ ചുവടുമാറ്റം അത്യന്താപേക്ഷിതമായിരുന്നു എന്നുവേണം പറയാൻ. വിദേശികളെന്നാരോപിച്ച്  മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാൻ താത്വികമായ പിൻബലമേകിയതും ഈ ചുവടുമാറ്റം തന്നെ.  ഖൈബർപാസ് ചുരം വഴിയാണ് തങ്ങളുടെ പൂർവ്വീകരായ വേദിക് ആര്യൻമാരും ഭാരതത്തിലേക്ക് എത്തിയതെന്ന് സമ്മതിച്ചാൽ മുഗൾഭീകരൻമാർ ഭാരതത്തിലേക്ക് വരാനുപയോഗിച്ച റൂട്ട് മാത്രമാണതെന്ന്  ഗുജറാത്തിലെ കുട്ടികളെ എങ്ങിനെ പഠിപ്പിക്കും?  ഭൂമിശാസ്ത്രപരവും മതപരവുമായ  ഇൻഡ്യാപാക്  വിഭജനം ഈ സ്വദേശി ആര്യൻ വാദത്തിന് പുത്തൻ മാനങ്ങൾ തന്നെ നൽകിയെന്നതും എടുത്തുപറയേണ്ടതുണ്ട്. 

രാഷ്ട്രീയദുഷ്ടലാക്കിനായി ഏതു നീലച്ചായത്തിലും മുങ്ങിനിവരാൻ തയ്യാറാണ് സംഘപരിവാരം എന്നതിന് മികച്ച ഉദാഹരണമാണിത്.  നവീകരിക്കപ്പെടുന്ന അറിവുകളുടെ വെളിച്ചത്തിലുള്ള സ്വാഭാവിക ചുവടുമാറ്റമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ ഇവിടെ അത്തരമൊരു വാദത്തിന് സാധുതയില്ല. 1946-ൽ, സംഘികളുടെ ശത്റുപക്ഷത്തായിരുന്ന  അംബേദ്കർ തന്നെ ആര്യൻ അധിനിവേശത്തെ പാടെ നിരാകരിക്കുകയും സ്വദേശി ആര്യൻ വാദം മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു. അന്നൊന്നും സംഘികൾ അക്കാര്യം മൈൻഡ് ചെയ്തേയില്ല. ഇന്ന് ഓൺലൈൻ ഫോറങ്ങളിലും മറ്റിടങ്ങളിലും ആര്യൻ മൈഗ്രേഷൻ ചർച്ചകളിൽ തലച്ചോറിന്റെ പോളാർ ആക്സിസ് തെറ്റിപ്പോയ 'ബീഹാറി   ആര്യഭവനക്കാർ' ജീവൻമരണപ്പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. 

ഹിസ്റ്ററി, ആർക്കിയോളജി, ആന്ത്റപ്പോളജി, ലിംഗ്വിസ്റ്റിക്സ്, ഫോട്ടോഷോപ്പ് എന്നുവേണ്ട സകല അടവുകളും പയറ്റി ഒടുവിൽ ജനിതകപഠനങ്ങളിൽ എത്തി നിൽക്കുന്നു ഈ മൂപ്പിളമത്തർക്കം. ഇൻഡ്യയിലെ ആദിമനിവാസികളുടെ ജനിതകസാന്നിധ്യം ആര്യൻ വിദേശികളിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇപ്പോ പണ്ഠിതരും സംഘികളും. നിലവിൽ, ആരാദ്യം വന്നൂ എന്ന കാലപ്പഴക്കത്തിന്റെ സാങ്കേതികതയിൽ തൂങ്ങിക്കിടക്കുകയാണ് ആർഷഭാരത വേദിക് ഹിന്ദുവിന്റെ ജനിതകപൂർവ്വീകത്വം എന്ന് ചുരുക്കം.

ആധുനികമനുഷ്യസഞ്ചാരം ആഫ്രിക്കയിൽ നിന്നും തുടങ്ങി ഇന്നും തുടരുന്ന ഒരു പ്രതിഭാസമാണ്. സഞ്ചാരവഴികളിൽ മനുഷ്യർ ചെയ്തുകൂട്ടിയതും തുടരുന്നതുമായ ക്രൂരതകളാണ് ഇന്നും ലോകമെങ്ങും നീറിപ്പുകയുന്നത്. വേദിക് ബ്രാഹ്മണിസവും, അതിന്റെ സന്തതിയായ വേദിക് ഹിന്ദൂയിസവും ലോകം കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടമായ സനാതനമനുഷ്യാവകാശ ലംഘനത്തിന്റെ ഉപജ്ഞാതാക്കളും, ഉപഭോക്താക്കളുമാണ്. ബൗദ്ധീകവും, മാനസികവും, ശാരീരികവുമായ ബ്രാഹ്മണിക് അധിനിവേശത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നേടുക എന്നത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇൻഡ്യൻ സമൂഹം നേരിടുന്ന വെല്ലുവിളിയാണ്

ഒരു തരത്തിൽ, ജനസംഖ്യാതലത്തിലും അല്ലാതെയും മനുഷ്യർക്കിടയിലെ ജനിതകവ്യതിയാനം മാത്രം തിരഞ്ഞു പോകുന്ന റിഡക്ഷനിസ്റ്റിക് സമീപനത്തിൽ വൈദ്യശാസ്ത്രപരമായ നീതികരണത്തിനപ്പുറം തെറ്റായ ചില ദാർശനിക, സാമൂഹിക, രാഷ്ട്രീയ പ്രവണതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിവിശാലമായ ജനിതകപ്രപഞ്ചത്തിലെ പൊട്ടും പൊടിയും മാത്രമായ വ്യതിയാനങ്ങൾ അമിതപ്രാധാന്യത്തോടെ വരച്ചുകാട്ടുമ്പോൾ അതിനേക്കാൾ ബൃഹത്തായ ജനിതക സമാനതകൾ തമസ്കരിക്കപ്പെടുന്നുണ്ട്. ഏറ്റവും ലളിതമായ ഒരു ഉദാഹരണം നോക്കിയാൽ, ഗൂഗിൾ സെർച്ചിൽ "ഹ്യൂമൻ ജീനോം ഡൈവേഴ്സിറ്റി" എന്ന കീവേഡിന്  11.9 മില്യൺ ഹിറ്റുകളും, "ഹ്യൂമൻ ജീനോം സിമിലാരിറ്റി" എന്നതിനു 6.27 മില്യൺ ഹിറ്റുകളുമാണ് ലഭിക്കുന്നത്!  ഇതിൽ നിന്നും ഏകദേശ ട്രെൻഡ് വ്യക്തമാണ്.

മനുഷ്യപരിണാമത്തിന്റെ ഭാഗമായ ജനിതക ഡൈവേഴ്സിറ്റി പഠിക്കുന്നതും, വിലയിരുത്തുന്നതും മോശമാണെന്ന അർത്ഥത്തിലല്ല ഈ താരതമ്യം എടുത്തെഴുതുന്നത്. വംശമഹിമയുടെ   പൊതുബോധനിർമ്മിതികളിൽ ഈ  വ്യതിയാനചിത്രങ്ങളുടെ അമിതമായ പ്രൊജക്ഷന്  സാരമായ പങ്കുണ്ട് എന്നെനിക്ക് തോന്നുന്നു. പ്രത്യേകിച്ചും വംശമഹിമാവാദികൾ ഈ ജനിതകവ്യതിയാനങ്ങളിൽ മുങ്ങിത്തപ്പി തങ്ങളുടെ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള വൃഥാശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ.

തമസ്കരിക്കപ്പെടുന്ന സമാനതകളിൽ നിന്നാണ് വെറുപ്പിന്റെ വേട്ടമന്ത്രങ്ങൾ ഉയർന്ന്    വരുന്നത്. സാംസ്കാരികവും ജനിതകവുമായ നാനാത്വങ്ങൾ അംഗീകരിക്കെ തന്നെ മനുഷ്യസമൂഹത്തെ ഒന്നാകെ കോർത്തിണക്കുന്ന ബൃഹത്തായ ജനിതക സമാനതകളെ തിരിച്ചറിഞ്ഞുകൊണ്ട് വ്യതിയാനങ്ങളാൽ തീർക്കപ്പെടുന്ന      അതിർവരമ്പുകളെ അതിജീവിക്കാനുള്ള മാനവികശ്രമങ്ങളാണ്  പുരോഗമനസമൂഹങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത്. 

പ്രകാശം പരത്തുന്ന സാമിഭാവനകൾ
ഇൻഡ്യൻ ഉപഭൂഘണ്ഡത്തിലെ ഏറ്റവും പഴക്കമുള്ളതായി ഇന്നറിയപ്പെടുന്ന നാഗരികത സിന്ധുനദീതടസംസ്കാരമാണ് (ഹാരപ്പൻ സംസ്കാരം). നാഗരികതയുടെ ഗരിമയും സിന്ധു നൽകുന്ന ഹിന്ദുത്വവും ഒറ്റയടിക്കിങ്ങ് പോക്കറ്റിലാക്കാൻ വേദിക് ഹിന്ദൂയിസം ഹാരപ്പൻ സംസ്കാരത്തെ തള്ളിപ്പറയുകയും ആര്യൻസിനു അതിനെക്കാൾ മെച്ചപ്പെട്ട നാഗരികത റെഡിയാക്കിക്കൊടുക്കയും ചെയ്തു. അതാണ് സംഘികൾ പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വേദിക് ഫൗണ്ടേഷന്റെ (VF) വെബ് സൈറ്റിൽ നിന്നും,
People living around the Indus valley gradually developed their civilization. It was later on called the Harappan culture or Harappan civilization and was considered to exist around 2700-2500 BC. But it appears that that civilization was totally out of touch with the mainstream of Bhartiya culture, that’s why their linguistic and literary developments remained in a very primitive shape.
But, on the other hand, we have the historical record, documented in the Bhagwatam itself (Bhag. Ma. 6/94, 95, 96) that in 3072 BC, 2872 BC and 2842 BC, three public programs of the recitation of the Bhagwatam and the discourses on Krishn leelas had happened in which Saints and the devotees participated. 
അതായത്, ഹാരപ്പൻ സംസ്കാരം മുഖ്യധാരാ ഭാർതീയ സംസ്കാരവുമായി കമ്പ്ലീറ്റ് ഔട്ട് ഓഫ് ടച്ച് ആയിരുന്നു. അതുകൊണ്ടാണ് അവരുടെ എഴുത്തുവഹകൾ ഒക്കെ പ്രിമിറ്റീവ് ആയിപ്പോയത്. 
നേരെ മറിച്ച് ഹാരപ്പൻ സംസ്കാരത്തിനും വളരെ മുമ്പേ തന്നെ മൂന്ന് കാലഘട്ടങ്ങളിലായി 'ഭാഗവതപാരായണവും', കൃഷ്ണലീലകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നിട്ടുള്ളതായും, പ്രസ്തുതപരിപാടികളിൽ പുണ്യാളന്മാരും ഭക്തന്മാരും പങ്കെടുത്തതായും 'ഭാഗവതത്തിൽ' തന്നെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസത്യമാണ്!
പക്ഷേ 3072 ബി.സിയും, 3139 ബി.സി.യും (സംഘികൾ ആറ്റം ബോംബ് പൊട്ടിച്ച മഹാഭാരതയുദ്ധം നടന്ന വർഷം! ) ഒക്കെ ചീളു പഴക്കങ്ങളാണല്ലോ. ഹിന്ദു സംസ്കാരത്തിനെ ഈ പഴക്കമൊന്നും പോര. ഇവിടെയാണ് സംഘിസാമികളുടെ ഭാവന ചിറകുവിരിക്കുന്നത്. സാമി പ്രകാശാനാന്ദ സരസ്വതി ഇതുസംബന്ധിച്ച് തന്റെ തപോമുകുരത്തിൽ തെളിഞ്ഞുവന്ന സത്യങ്ങൾ “The True History and the Religion of India” എന്ന പുസ്തകരൂപേണ ഇംഗ്ലീഷിൽ എഴുതി ഓൺലൈനിൽ രേഖപ്പെടുത്തി. ഈ പുസ്തകത്തിനെ സംസ്കൃതത്തിൽ എൻസൈക്ലോപീഡിയ ഓഫ് ഓതന്റിക് ഹിന്ദൂയിസം എന്നു വിളിക്കുന്നു. പുസ്തകം വായിക്കുന്നതിനു മുൻപ് നിങ്ങളോട് സാമിക്ക് ഒരു കാര്യം അരുളിചെയ്യാനുണ്ട്.
You should know that all of our religious writings are Divine facts, and facts always remain facts, they cannot become myths. Using the word myth for our religious history is a serious spiritual transgression.”
ഇനി നമുക്ക് സ്വാമിയുടെ വെളിവുകേടുകളിലേക്ക് തികച്ചും ഗൗരവമായ ഒരു ആത്മീയകടന്നുകയറ്റത്തിനു ശ്രമിക്കാം.
“The most reliable reaffirmations of the authenticity of the unbroken continuity of the Hindu civilization of 1,900 million years from the period of the first Manu to the period of Krishn, are the commentaries on the Bhagwatam by the great Masters and the acharyas that reconfirm every statement of the Bhagwatam. The Bhagwatam explains the entire procedure of the creation of the universe and the brahmandas (governed by Brahma) and tells the entire history since the creation of this brahmand, from 155.52 trillion years ago and up to the period of Krishn. A major part of the Bhagwatam contains the descriptions of the prime events of the last 1,900 million years.”
അതായത് സഹൃദയരെ, ഈ പ്രപഞ്ചത്തിന്റെ (ബ്രഹ്മാണ്ഡ്) പ്രായം 155.52 ട്രില്യൺ വർഷങ്ങളാണ്. ഹിന്ദുസംസ്കാരം തുടങ്ങിയിട്ട് 1,900 മില്യൺ വർഷങ്ങളായി. ന്ന്വച്ചാൽ, സത്യം സത്യമായിട്ടും ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപേ ഹിന്ദുക്കൾ ഈ ഭൂമിയിൽ ഭാഗവതവും വായിച്ച് വെരകിയിരുന്നു.

അപ്പോ പിന്നെ ഏതാണ്ട് അയ്യായിരത്തിനു താഴെ മാത്രം വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരം ( ആദിവാസി സംസ്കാരം) എങ്ങനെയാണ് ഹിന്ദുവിനൊരു പാരയാകുന്നത്? അല്ല നിങ്ങളു തന്നെ പറയൂ. ആരാണ് ശരിക്കുമുള്ള വരത്തരെന്ന് ഇപ്പ തെളിഞ്ഞില്ലേ?

സാമിശരണം പരിണാമശരണം

ലോകത്തൊള്ള സകല ഗ്രന്ഥമതമണ്ടന്മാരുടെയും         യഥാർത്ഥകഴിവുകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നാന്തരം ഉരകല്ല് പരിണാമസിദ്ധാന്തമാണ്. ഈ ഉരകല്ലിൽ തട്ടിത്തടഞ്ഞ് സരസ്വതിസാമിയുടെയും ജ്ഞാനകൊണം പുറത്ത് വരുന്നതിന്റെ ഉദാഹരണങ്ങൾ ഇതാ പുസ്തകത്തിൽ നിന്നും.
"According to this theory: (a) Fish or aquatic animals, when exposed to the grounds, developed a need to breathe properly, so they developed a lung-like structure and became frogs (an amphibian). These frogs kept on jumping all the time and disturbing the atmosphere, so the nature pushed them down and they became reptiles like lizards, snakes and crocodiles. Tired of their slow motion they then evolved into running dinosaurs, from a miniature size to a real monstrous size."
അതായത് വെള്ളത്തിൽ കിടക്കപ്പൊറുതിയില്ലാതെ തവളകൾ മുകളിലോട്ട് ചാടിക്കൊണ്ടേയിരുന്നു. ഈ ചാട്ടം കാരണം അന്തരീക്ഷത്തിനു ഭയങ്കര ഡിസ്റ്റർബൻസായി. ഒടനേ പ്രകൃതി തവളേനെ ഉന്തി താഴെയിട്ടു. അപ്പോ തവള ഓന്തായും, പാമ്പായും, മുതലയായും കരയിൽ ചാടാതെ ഇഴഞ്ഞ് ജീവിക്കാൻ തുടങ്ങി. ഇഴഞ്ഞ് മടുത്ത പാമ്പുകൾ ഓടുന്ന ദിനോസറുകളായി..

ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപേ ഭാഗവതം വായിച്ചോണ്ട് ഭൂമിയിൽ വസിച്ചിരുന്ന ഹിന്ദുക്കൾ, തവളേനെ ഉന്തിയിട്ട് പാമ്പാക്കിയ പ്രകൃതിയുടെ ഈ വികൃതിക്ക് ദൃക്സാക്ഷികളായതിൽ ഒട്ടും അൽഭുതമില്ല!
"Now coming to the technical aspects of this theory, you should know that the very basis of the theory is unscientific.
1. The first born one-cell microorganism may only grow bigger but it can never produce sense organs on its own. It is impossible, because it has no such impulse to observe the outside world. Senses are never evolved through the evolution process. The impulse to see or hear or taste or smell or touch is not inherent in the body tissues. They are the natural impulses of a being who already has his senses and already has a developed mind."
കാണാനും കേൾക്കാനും രുചിക്കാനും മണക്കാനുമുള്ള ഇമ്പൾസൊന്നും ഈ സൈസ് വിവരക്കേട് എഴുതിവെക്കുന്നവരുടെ   ശരീരകലകൾക്ക് കാണില്ല എന്നും, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഉപയോഗിക്കാൻ മതബോധം അനുവദിക്കുകയില്ലെന്നും വ്യക്തമാണ്.  
"2. A tiger cannot produce the species of wolves or dogs or bison. This technical discrepancy crumbles the whole theory of evolution."
കടുവായ്ക്ക് കുറുക്കനാകാൻ പറ്റത്തില്ല. പട്ടിയും കാളയുമാകാൻ പറ്റില്ല. സരസ്വതിസാമിയുടെ മുട്ടൻ  സാങ്കേതിക പിഴവ് മൂലം പരിണാമസിദ്ധാന്തം മൊത്തമായും ദാണ്ടെ ഇടിഞ്ഞുപൊളിഞ്ഞ് പണ്ടാരടങ്ങിപ്പോയി.
"There are hundreds of questions to which the theory of evolution has no answer. When it says that the inner urge of a being to accommodate to the new situation causes a change in the body formation, then why has the evolution now stopped?.  ...It would have been handy to have four hands so the modern man could work on two computers at the same time, and could work better and faster in the kitchen or in the office."
പരിണാമസിദ്ധാന്തത്തിനു ഉത്തരമില്ലാത്ത നൂറുകണക്കിനു ചോദ്യങ്ങളുണ്ടെന്നത് ഒള്ളതാണ് കേട്ടാ. ഒരു പുതിയ സാഹചര്യത്തിൽ അക്കോമ്മഡേഷൻ എടുക്കാനായി ജീവിയുടെ അന്തരാളങ്ങളിൽ നിന്നുമുയരുന്ന ആന്തോളനങ്ങൾ കൊണ്ടാണ് ശാരീരികമാറ്റങ്ങൾ ഉണ്ടാകുന്നതെങ്കിൽ നിർത്താറായില്ലേ... ഈ പരിണാമ വെടിവഴിപാട്? എന്ന് സാമി ഉറക്കെ ചോദിച്ചു പോകയാണ്. അല്ലെങ്കിൽ രണ്ട് കമ്പ്യൂട്ടറിൽ ഒരേസമയം വർക്ക് ചെയ്യാനായിട്ട് നാലു കൈയ്യുകൾ വേണമെന്ന സാമിയുടെ ആന്തോളനം എന്തുകൊണ്ട് പരിണാമഭഗവാൻ അനുവദിച്ചുകൊടുക്കുന്നില്ല? പറയൂ പരിണാമസിദ്ധാന്തമേ പറയൂ...
"The science of instinct, desire, and karm.The animal world is strictly predominated with their individual inherent instincts related to their eating, mating and living habits. There are no premeditated robbers or burglars in the regular animal world, and there are no such animals who mate with the same sex. So, they don’t commit sin or do good deed; they only follow their instincts. For example, they kill but they don’t murder."
സാമിക്ക്  ഈ വിക്കിപ്പീഡിയയിലൊക്കെ വിശ്വാസം കാണില്ല. എന്നാലും ഏതാണ്ട് 1500 ആനിമൽ സ്പീഷീസുകളിൽ ഹോമോസെക്സ്വാലിറ്റി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  

ശരിക്കും ഈ സാമിയുടെ തപ:ശക്തിയുടെ മുന്നിൽ ഗോക്രിയൊന്നും ഒന്നുമല്ല. അതുകൊണ്ട് തന്നെ ഈ സാമിയുടെ അബദ്ധപഞ്ചാംഗങ്ങളെ മൊത്തമായി പൊളിച്ചടുക്കുന്നത് ഒരു സാമൂഹ്യസേവനമായിരിക്കും. അതിലേക്കായി വിഷയനൈപുണ്യവും, സമയവുമുള്ള സുഹൃത്തുക്കൾ ശ്രമിച്ചാൽ നന്നായിരുന്നു.

വീണ്ടും പാഠപുസ്തകത്തിലേക്ക് 
മുകളിൽ കൊടുത്തിട്ടുള്ളതുപോലെയുള്ള മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റ് കൃതികളിൽ നിന്നുള്ള ആശയങ്ങളാണ് ചരിത്ര വസ്തുതകളായി അമേരിക്കൻ പാഠപുസ്തകങ്ങളിൽ ഇടിച്ച് കയറ്റാൻ സംഘികൾ ശ്രമിച്ചത്. അവിടങ്ങളിൽ വിവരവും ബോധവുമുള്ളവർ തക്കസമയത്ത് ഇടപെട്ടത് കൊണ്ട് അതിനെ തടയാൻ കഴിഞ്ഞു. പക്ഷെ ഇൻഡ്യയിൽ ഇപ്പത്തന്നെ ഗുജറാത്ത് പോലെയുള്ള സ്ഥലങ്ങളിൽ ഈ വക ഐറ്റങ്ങൾ കരിക്കുലത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്. വരും കാലങ്ങളിൽ ഇത് മറ്റ് സ്ഥലത്തേക്കും വ്യാപിക്കും എന്നുറപ്പാണ്. കാരണം ഇതാ സ്വാമികളുടെ ആഹ്വാനം ശ്രദ്ധിക്കൂ...
“The government authorities of free India should take the initiative to produce the history of India with the correct chronology and produce the correct view of Hindu religion as explained in "The True History and the Religion of India" which should be prescribed in the schools and colleges for study, and thus, it may disperse the cloud of ignorance that was created by the English people and which is still clouding a great number of intellectual brains of India. ”
ഇത്തരം വെളിവുകേടുകളിലെ തമാശകൾക്കപ്പുറം, പാഠപുസ്തകങ്ങൾ തിരുത്തി വേണം തുടങ്ങാൻ എന്ന മിലിട്ടന്റ് ഹിന്ദുമെന്റലിസത്തിന്റെ ഈ ആഹ്വാനത്തെ നമ്മുടെ സമൂഹം അതർഹിക്കുന്ന ഗൗരവത്തിലെടുത്ത് മുൻപെന്നത്തെക്കാളും ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. വൈകിയാൽ സംഘപരിവാരം ഓടിച്ചുകൊണ്ടുവരുന്ന ഈ ഫാസിസ്റ്റ് യാഗാശ്വത്തെ ഒരു പക്ഷെ പിടിച്ചു നിർത്താനായെന്ന് വരില്ല.

റഫറൻസുകൾ:
  1. Dr. B. R. Ambedkar on the Aryan Invasion and the Emergence of the Caste System in India, Arvind Sharma, J Am Acad Relig73 (3): 843-870.
  2. Casolari, Marzia. “Hindutva’s Foreign Tie-Up in the 1930s: Archival Evidence. Economic and Political Weekly January 22,2000
  3. http://encyclopediaofauthentichinduism.org/
  4. http://encyclopediaofauthentichinduism.org/articles/44_a_review_of.htm
  5. http://www.friendsofsouthasia.org/textbook/TextbookEdits.html
  6. http://www.thevedicfoundation.org/bhartiya_history/Bhartiya_Civilization_after_Mahabharat_War.htm