Monday, January 23, 2006

ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍

[എന്തിനേയും ഏതിനേയും ജാതിചേര്‍ത്തു വായിക്കുവാനും, മനസ്സിലാക്കുവാനും, അതിനൊത്തു മാത്രം പ്രവര്‍ത്തിക്കുവാനും ശ്രമിക്കുന്ന മലയാളി മനസ്സിന്റെ ദുഷ്പ്രവണതകള്‍ മറനീക്കി പുറത്തു വന്നുകോണ്ടിരിക്കുന്ന സമകാലികകേരളം, സകലതും കൈവിട്ടുപോകുന്ന ദളിതന്റെ ദുര്‍ബലമാകുന്ന ചെറുത്തുനില്‍പ്പുകള്‍, പട്ടിണിക്കാരെന്നതു കൊണ്ടു പ്രതിഭകളെ ഉപേക്ഷിച്ച്‌, മരത്തണലും, കുളിര്‍കാറ്റും, പ്രകൃതിയെ തന്നെയും കൈവിട്ട്‌ പഞ്ചനക്ഷത്രഹോട്ടലുകളില്‍ അരങ്ങേറുന്ന നവസാഹിത്യ സമ്മേളനങ്ങള്‍, ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍. ഇടശ്ശേരി, സച്ചിദാനന്ദന്‍, ഒ.എന്‍.വി, അയ്യപ്പപണിക്കര്‍, കടമ്മനിട്ട, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, എ. അയ്യപ്പന്‍, വിജയലക്ഷ്മി, പവിത്രന്‍ തീക്കുനി, കെ.ആര്‍. ടോണി എന്നിവരോട്‌ കടപ്പാട്‌.]

ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍
(യാത്രാമൊഴി)

കേട്ടീലയോ കിം-ജനവര്‍ത്തമാനം
കേരളനാട്ടിലെങ്ങും സദാ പുകയുന്നു നൂനം.
പലജാതി പലമതം കൊലദൈവമെന്ന
നവലോക സാഹിതീസംസ്കാര മന്ത്രം!

ചാനലില്‍, സീരിയല്‍, സിനിമയില്‍,
നോവലില്‍,കഥയിലും, പാട്ടിലും കവിതയില്‍ പോലും
ജാതിയെ തിരയുന്നകോമരക്കൂട്ടങ്ങള്‍
ഇന്നാട്ടിലല്ലാതെ വേറെയുണ്ടോ?

ജാതിയാലുള്ളതും, ജാതിയിലുള്ളതും
തൂക്കുവാനൊത്തൊരു ചൂലുമില്ല!

ഒരു പുകക്കഞ്ചാവില്‍, ഒരു പെഗ്ഗുബ്രാന്‍ഡിയില്‍
‍ഒരു മാത്രരതിയുടെ വിഭ്രാന്തമൂര്‍ച്ഛയില്‍
മഹത്തായ കാവ്യം ചമയ്ക്കും യുവത്വങ്ങള്‍
വിലയില്ലാതലയുന്നോരെന്റെ നാട്ടില്‍,
ജാതിയില്‍ കൂടിയ തന്തക്കവികള്‍ക്കു
മടിക്കുത്തില്‍ മടിയാതെ വിടുപണിചെയ്യുകില്‍
കിട്ടാത്ത നേട്ടങ്ങള്‍ പാരിതോഷികങ്ങളും
ഇപ്പാരിലിനിയും വേറെയുണ്ടോ?

പഞ്ചനക്ഷത്രമഹാമന്ദിരവേദിയില്‍
‍സുഖശീതസുരപാനലഹരിയില്‍ മുങ്ങിയിട്ടന്തിക്കു
സാഹിത്യപഞ്ചപിടിക്കുന്ന ചെറ്റകള്‍ക്കായ്‌മാത്രം
ഉടുതുണിയുരിയുന്ന ഗണികയോ മലയാളം?

ഇമ്മട്ടില്‍ സാഹിതീജന്മികള്‍ സസുഖം
കൈരളീനാടു ഭരിച്ചിടും കാലം
സര്‍ഗ്ഗാത്മകക്രിയാവാണിഭത്തില്‍ പോലും
സംവരണം'താ'യെന്നിരക്കാന്‍
ദളിതരേ നിങ്ങള്‍ക്കു ലജ്ജയില്ലേ?

നിങ്ങള്‍തന്‍ ഭാഷയും സംസ്കാരവും
നിങ്ങള്‍തന്‍ ഭൂമികാസ്മരണകളൊക്കെയും
ചുട്ടെരിച്ചിട്ടതിന്നുപകാരസ്മരണയായ്‌
മേലാളഷണ്ഡന്മാര്‍ നല്‍കിടുമുഛിഷ്ടം
മടിയാതെ, രുചിയോടെ ഭോജിച്ചു മേലും
'ദളിതനും സാഹിത്യം' എന്നും പറഞ്ഞങ്ങു
നിത്യവും കീഴാളരായിക്കഴിയുവാന്‍
പറയുക, നിങ്ങള്‍ക്കു ലജ്ജയില്ലേ?

അഷ്ടിക്കു മീന്‍ വില്‍ക്കും തീക്കുനികള്‍
കഷ്ടകാലത്തിന്നു കവിത ചെയ്താല്‍
മുഷ്ടിക്കിടിച്ചുകിടത്തുമല്ലോ
സച്ചിദാനന്ദപ്രിയ മുഷ്കരന്മാര്‍.

കീറീയവേഷവും ദ്രുതം നോവും മനസ്സും
ജടാഭാരംചുമക്കും മുടിച്ചുരുളും
ജോടിചേരാച്ചെരുപ്പും പിഴയ്ക്കും നടപ്പും
തോളത്ത്‌ സഞ്ചിയും നാറുന്ന ദേഹവും
കത്തിക്കാളുന്ന വയറും
നെഞ്ചുകീറുന്ന കവിതയും
കാലത്തിനൊക്കാത്ത കോലമല്ലേ
ഒര്‍ക്കുകയെല്ലാം പഴേ ഫേഷനല്ലേ?

പുത്തന്‍ കലവും അരിവാളുമെല്ലാം
ആറ്റില്‍കളഞ്ഞുനാം ശുദ്ധിനേടി
പീഡനകാലത്ത്‌ കവിയായിരുന്നവന്‍
‍അക്കാഡമിക്കാലത്താപ്പീസ്സറായി.

പേരറിയാത്തൊരു പെണ്‍കിടാവെ നിന്നെ
പേരറിയാത്തവര്‍ പീഡിപ്പിക്കും.
ചിറകറ്റപക്ഷിക്കു ചിറകുമായ്‌ പോകാതെ
മുളകും പുരട്ടിപ്പൊരിച്ചെടുക്കും.

തണല്‍മരത്തണലിലിളംകാറ്റു തുള്ളുമ്പോള്‍
കടമ്മനിട്ടയില്‍ നിന്നും കുറത്തി വന്നൂ
കുറത്തികള്‍ പെറ്റിട്ട വെളുത്തതാം മക്കളോ
തന്തയില്ലാതിന്നു വളര്‍ന്നിടുന്നു.
തൊണ്ടപൊട്ടിച്ചൊരു താതവാക്യം
ചുള്ളിക്കാട്ടിന്റെ പൊന്തയില്‍ തങ്ങിനിന്നൂ..

കണ്ണനെത്തേടിക്കരഞ്ഞ കുമാരി
സുഗതക്കു കണ്ണില്‍ കരടായി കണ്ണന്‍
‍പെണ്ണിന്റെ പൊന്നുടല്‍ കാണുവാനായി
കണ്ണാലുടുതുണിമോഷ്ടിച്ചിടും
കണ്ണന്മാരാണല്ലോ നാലുചുറ്റും.

പെരുവിരല്‍ ചോദിച്ച ഗുരുവിന്റെ
വായിലേക്കഞ്ചമ്പുമെയ്തു
തകര്‍ത്തൂ പഞ്ചേന്ദ്രിയം..
ഗുരുഭക്തിയെന്നെങ്ങാനുച്ചരിച്ചാല്‍
പച്ചത്തെറിയാലഭിഷേകമോര്‍ത്തുകൊള്ളൂ.

മൃഗശിക്ഷകന്മാര്‍ കാവ്യവളയത്തിലൂടെ
അനുദിനം കാട്ടുന്ന സര്‍ക്കസ്സുകള്‍
കാണികള്‍ക്കാനന്ദമാകുന്നുവെങ്കിലും
കവിയില്ലാത്തരങ്ങുകള്‍
കൂത്തുകള്‍ കാണുമ്പോള്‍
മരണക്കിടക്കയില്‍ കിടക്കുമെന്‍ഭാഷയും
കരയാതെ പിന്നെയിന്നെന്തു ചെയ്യും.

കഥകളില്‍ വളകള്‍ കിലുങ്ങിയെന്നാല്‍
മിഴികളില്‍ തെല്ലൊരു തിളക്കം കണ്ടാല്‍
മൂടും മുലയും കുലുങ്ങിയെന്നാല്‍
പെണ്മൊഴിയിലെങ്ങാന്‍ 'ഭോഗം'എന്നു കണ്ടാല്‍
‍പെണ്ണെഴുത്തെന്നു കുതിക്കുന്നു പിന്നാലെ,
ഉദ്ധാരണം പോയ സാഹിത്യ വങ്കന്മാര്‍
‍കരയാതെ കാമംതീര്‍ക്കുവാന്‍
തക്കം പാര്‍ക്കുമീ കാമക്കഴുതകള്‍ക്കും
വിരിയ്ക്കുവാന്‍ വരിയായി നില്‍ക്കുന്നുവല്ലോ
പെണ്ണെന്നെഴുതും ഗണികപ്പരിഷകള്‍..

പലതുണ്ടു ഭാഷകള്‍, മരിക്കുന്നു മണ്ണിതില്‍
മരണവും കാത്തുകിടക്കുന്നു മലയാളം
അന്‍പതോ നൂറോ കൊല്ലമെങ്ങാന്‍
ചാകാതെയിങ്ങനെ കഴിച്ചുവെന്നാല്‍
‍അത്ഭുതമായിത്തന്നേ കരുതേണം,
പരിഹാരമൊന്നുമേയില്ലയോര്‍ക്കൂ
ഗുളികനും ശനിയനും തുണയ്ക്കയില്ല.
ചരമക്കുറിപ്പൊന്നു കരുതിവെച്ചാല്‍
സമയമാകുമ്പോള്‍ വിറ്റുകാശുവാങ്ങാം.

ഇത്ഥം മമസാഹിത്യ(ദുര്‍)വിചാരക്രമം
കടുകട്ടിയായ്‌ പോയതില്‍ ഖേദമുണ്ടാം
കാലനില്ലാത്തതാം കാലമല്ലെങ്കിലും
കവി കാലനെ വെല്ലുന്ന കലികാലമല്ലേ?

കേട്ടീലയോ കിം-ജനവര്‍ത്തമാനം
കേരളനാട്ടിലെങ്ങും സദാ പുകയുന്നു നൂനം.
പലജാതി പലമതം കൊലദൈവമെന്ന
നവലോക സാഹിതീസംസ്കാര മന്ത്രം!

Tuesday, January 03, 2006

കാഴ്ച്ചയുടെ നോവുകള്‍

കുമളിയില്‍ നിന്നും (തമിഴ്‌ നാടിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കേരളത്തിലെ ഭംഗിയുള്ള ഒരു സ്ഥലം) ബാംഗ്ലൂരിലേക്കുള്ള ഒട്ടനവധി യാത്രകളില്‍, എന്റെ മനസ്സില്‍ തങ്ങി നിന്ന കാഴ്ച്ചയുടെ നോവുകളില്‍ ഒന്നാണിത്‌. തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലെ അറവുശാലകളിലേക്കു നടത്തിക്കൊണ്ടു വരുന്ന "കന്നുകാലികളുടെ" (ഇതില്‍ കാളകളും, പശുക്കളും, ചിലപ്പോള്‍ പശുക്കുട്ടികളും കാണും) ദയനീയ ചിത്രം. ക്രൂരതയുടേയും പീഢനത്തിന്റേയും ഈ ആസുരകൃത്യം ഇപ്പോഴും തുടരുന്നു (ഇപ്പോള്‍ ലോറികളില്‍ കുത്തിനിറച്ചാണു കടത്തെന്നു മാത്രം: മനുഷ്യര്‍ പുരോഗമിക്കുന്നു!).ഈ യാത്രയ്ക്കു അല്‍പ്പം ദൈര്‍ഘ്യമുണ്ടു സുഹൃത്തുക്കളെ.... ക്ഷമയോടെ തുടങ്ങിയാലും....
കാഴ്ച്ചയുടെ നോവുകള്‍

താഴ്വര തോറും പരക്കുന്ന
പാര്‍വ്വണമതിഗൂഢ മന്ദസ്മിതം
തൂകുന്ന രാത്രി...
മരങ്ങളില്‍, ഇലത്തുമ്പുകളില്‍
വിഷാദരാഗങ്ങളുണര്‍ന്നു പാടുന്നൂ..
മഴ...
മനസ്സിന്റെയുള്‍ക്കാടിലൊരു വന്യഗീതകം.

കാഴ്ച്ചകള്‍ ഓടിയടുക്കുന്നു,
അകലുന്നു, പിന്നെയുമടുക്കുന്നു
യാത്രതന്‍ ഭാവപ്പകര്‍ച്ചകള്‍...

അകലെ,
തെരുവോരങ്ങളില്‍ ചായുന്ന
വിളക്കുകാലില്‍
വെളിച്ചത്തിന്‍ ചിത മങ്ങിയെരിയുന്നു
തെളിയുന്നു മുന്നിലൊരു നിഴല്‍ച്ചിത്രം.

മൃതിയുടെ ശിരോലിഖിതങ്ങള്‍,
അടയാളമുദ്രകള്‍ ചാര്‍ത്തിയ
'കന്നു'കള്‍ കൂട്ടമായ്‌ നിരക്കുന്നു കണ്ണില്‍..
എരിയുന്ന മുളപ്പന്തമുയര്‍ത്തുന്നു* കാവലാള്‍,
മറുകയ്യില്‍ പിടയ്ക്കുന്നു ചാട്ടവാര്‍.
ചാട്ടവാറില്‍ പുളയുമീ കന്നിന്റെ രോദനം
മഴ നക്കിയെടുക്കുന്നു..

മരണം കൊളുത്തിപ്പിടിച്ച എണ്ണപ്പന്തം പോലെ,
കാവല്‍ക്കാരന്റെ കയ്യിലിരുന്ന് കന്നിനെ മേയ്ക്കുന്നു.
നനഞ്ഞ പാത മുന്നിലിരുണ്ടു നീളുന്നു
കാഴ്ച്ചകള്‍, വഴിയോരക്കാഴ്ച്ചകളകലുന്നു.

വ്രണിത പാദങ്ങളില്‍ തുളഞ്ഞു കേറും
തുരുമ്പിച്ച കുളമ്പുമായ്‌ വേച്ചുപോം കന്നിന്റെ
തോലുരിച്ചലറുന്നു ചാട്ടവാര്‍ പിന്നെയും..

കണ്ണീരു വറ്റിയ കണ്ണുകള്‍ കലങ്ങിയോ...?
ഹരിതമൌനങ്ങളുറങ്ങുമീ താഴ്വര തേങ്ങിയോ..?
മഴ മറയ്ക്കുന്നു കാഴ്ച്ചകളൊക്കെയും..
മനസ്സിന്റെയുള്‍ക്കാടിലൊരു വന്യഗീതകം..
മഴ കനക്കുന്നു വീണ്ടും.

ദേവഭാവനകള്‍ പ്രാര്‍ത്ഥനയാക്കിയ
ദിവ്യധേനുവിന്‍ വംശവിസ്മൃതിയാണു നാമെങ്കിലും
ഓര്‍മ്മകളില്‍ ഒരോടക്കുഴലിന്റെ രാഗധാരയില്‍
യാദവകുലഗാഥകളുറങ്ങുന്നുവെങ്കിലും
ചിരകാലബന്ധങ്ങള്‍ ശിരസ്സറ്റു വീണുപോയ്‌
ചിതതേടി അലയുന്ന കബന്ധങ്ങളായി നാം.

നടക്ക വേഗം നാമിനി,
ഇരുള്‍മൌനങ്ങളില്‍ വിളറിനീളുന്നൊരീ
മൃതിയുടെ ഒടുങ്ങാത്ത ദൂരങ്ങള്‍ താണ്ടുവാന്‍.
അറിയുക, ഈ യാത്രതന്നന്ത്യത്തില്‍
ഒരറവുശാലയില്‍ ചുടു നിണമൂറുന്ന
തേക്കിലപ്പൊതിയാണു* നമ്മള്‍ക്കു ജീവിതം.

കാറ്റു കയര്‍ക്കുന്നു പിന്നെയും
വഴിയിലീ ജീവിതചക്രങ്ങളൂര്‍ജ്ജം തിരക്കുന്നു.

വഴിവക്കിലൊരു വേള മഴച്ചാറ്റില്‍ തളരുമീ
ചെറിയ നാമ്പിന്റെ പരിഭവം കേട്ടുവോ..?
ഒരു പിടി തളിര്‍പ്പച്ചയിലൊടുങ്ങാത്ത
കൊടും വിശപ്പുള്ളിലെരിയുന്നുവെങ്കിലും
നാവൊതുക്കിയിളം പുല്ലിനോടോതിയോ
മെല്ലെ, യാത്രാമൊഴി.... ഇല്ല,
മടങ്ങി വരില്ലയിനിയീ വഴിയൊരിക്കലും..
കാണില്ല തമ്മില്‍..

ജന്മസാധനകളൊക്കെയും
കൊടുംഭാരമായ്‌ വിയര്‍ക്കുമീ യാത്രയില്‍,
കര്‍മ്മദോഷങ്ങളുപേക്ഷിച്ചു പോകുന്നു
നിത്യതമസ്സിന്റെ തീരങ്ങള്‍ തേടുവാന്‍..

മരണമൌനങ്ങള്‍
ചോരയില്‍ തളംകെട്ടി നില്‍ക്കുമീ
അറവുശാലയില്‍ ഊഴവും കാത്തിരിക്കയാണിപ്പൊഴും.
സഹയാത്രികന്റെ ശിരസ്സുണ്ടരികില്‍,
ഇവിടെ, ചോരയിറ്റി കിടക്കുന്നു മണ്ണില്‍.
തലയോട്ടി പിളര്‍ക്കുവാന്‍ ഉയര്‍ന്നു താഴുമൊരു
പുതിയ മൂര്‍ച്ചയെ കാത്തിരിക്കയാവാം.

ഉടല്‍ നഗ്നമായിക്കഴിഞ്ഞു,
ഇനി വരിക, മുറിക്കുക,
പങ്കു പാകത്തിനെടുക്കുക.
രുചിയുടെ രുധിരവസന്തങ്ങള്‍ വിടര്‍ത്തുവാന്‍
ചോരയിറ്റുമീ തേക്കിലപ്പൊതികളില്‍
നാവു കാത്തിരിക്കയായ്‌ ജന്മം.

മഴ കനക്കുന്നു പിന്നെയും...
കണ്ണിലീ കാഴ്ച്ചകള്‍ മറയുന്നു
ഹരിതമൌനങ്ങളുണരുന്നുവോ..?
മനസ്സിന്റെ ഉള്‍ക്കാടില്‍ ഉയരുന്നു പിന്നെയും
മൃതിതാള നിബദ്ധമാം ഒരു വന്യഗീതകം.
...............

*മുളയില്‍ തുണിചുറ്റി എണ്ണയൊഴിച്ചു കത്തിച്ചുണ്ടാക്കുന്ന പന്തം.
*തേക്കിലയില്‍ പൊതിഞ്ഞ്‌ ഇറച്ചി വിറ്റിരുന്നു നാട്ടിലെ അറവുശാലകളില്‍

Monday, January 02, 2006
2006-ലെ ആദ്യ സായാഹ്ന വര്‍ണ്ണങ്ങള്‍..

ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊണ്ട്‌....

ഭ്രാന്തു പെയ്യുന്നത്‌

ഭ്രാന്തു പെയ്യുന്നത്‌
(യാത്രാമൊഴി)

പേക്കിനാവൊക്കെയും പെയ്തൊഴിയാത്തൊരീ
പ്രേതഗേഹത്തിന്‍ ഇരുള്‍ തിണ്ണയില്‍
‍നറുനിലാവിഴയുന്ന തലയോടു മൂടി
മരണത്തിലേക്ക്‌ പനിച്ചിരിക്കുന്നു ഞാന്‍

‍പതിവു മൌനങ്ങളും
പകലു പോലും
പകയൊടുങ്ങാതെ പല്ലിറുമ്മവേ
പതിയിരുന്നാരോ കല്ലെറിയുന്നു
ചോര തോരാതെ
നോവു തീരാതെ
പഴയ ഭാണ്ഡമായ്‌ പതറി നില്‍ക്കവേ
ശിരസ്സിലാകെ ഇടിമുഴങ്ങുന്നു
ദിക്കു ഭേദിച്ചുള്ളിലാകെ കുത്തിയാര്‍ക്കുന്നു
മുഴുഭ്രാന്തിന്‍ മുഴുക്കലി.

വിഫലഭോഗങ്ങള്‍ വറുതിയായ്‌ തീരവേ
കൊടും ഭക്തി രേതസ്സായുറഞ്ഞുകൂടിയെന്‍
‍ശപ്തപ്രാണനുരുവായതും
വിത്തുപൊട്ടി ചരരാശിയിലേക്കൊരു
വടവൃക്ഷമായ്‌ പടര്‍ന്നതും
ഒടുവില്‍ ഒരു യൌവ്വനതീക്ഷ്ണമാം സന്ധ്യയില്‍
‍കാമക്കലിയുറഞ്ഞൊരു കൊടുങ്കാറ്റിനെ കാമിച്ചതും..

ഇല്ല, കരിനാഗമിഴയുമീ സ്മൃതിയുടെ ജാലകം
മൃതിയുടെ വിരിയിട്ടടയ്ക്കട്ടെ ഞാനിന്ന്‌
പീളകള്‍ കെട്ടിയടയുന്നു കണ്ണുകള്‍
‍പടിയിറങ്ങുന്നു നിദ്രയും,
പിന്നെ കൊടുങ്കാറ്റ്‌ മുളച്ചൊരീ പേക്കിനാക്കൂട്ടവും.
പാടേ മറന്നിട്ടുംകരള്‍
പാതി പറിച്ചെറിഞ്ഞിട്ടും
ഇളം കാറ്റില്‍ ഇടക്കിടെയെത്തിയെന്‍
‍ഇടനെഞ്ചു കൊത്തിപ്പറിക്കുന്നു കാമുകി.
കവിത വറ്റിയോ?
കയറില്‍ കുരുങ്ങിയോ?
വിശപ്പിനു വിഷം തിന്നൊടുങ്ങിയോ?
തിരക്കുന്നു കാമുകി.

വെറി പൂണ്ട ചിത്തത്തില്‍വിളറുന്നു കോശങ്ങള്‍.
‍നെറികെട്ട ജനിതകം ഉറഞ്ഞു തുള്ളുന്നു.
തലയറഞ്ഞുള്ളിലേക്കിടമുറിയാതെ
ഇടിവെട്ടി ചോരുന്നു മുഴുഭ്രാന്തിന്‍ മുറജപം.
വരിക ദൈവങ്ങളേ വരവു വെയ്ക്കുക
പിഴച്ചു പോയൊരീ പഴയ നേര്‍ച്ചകള്‍.
ഭിക്ഷയായ്‌ നീ തന്ന ജന്മമേ പശിപൂണ്ട്‌
ഭിക്ഷയ്ക്കു വെച്ചു ഞാന്‍കാത്തിരുന്നെങ്കിലും,
ഭിക്ഷയായ്‌ നീയെനിക്കേകിയ
മുഴുഭ്രാന്തു മാത്രമാണിന്നെന്റെ ദൈവമേ
വക്കു പൊട്ടിയോരീ കരളിന്റെ പാത്രത്തില്‍
പശിയടങ്ങാതെയലറുന്നു പിന്നെയും.

അറിയുന്നു ഞാനിന്നു,
വിഹ്വല വിഹിതമായ്‌
ഇവിടെയീ വഴിവക്കില്‍
വിധി കാത്തു വിളറിക്കിടക്കവേ
പങ്കിട്ടെടുക്കുകില്ലൊരു പട്ടിയും പ്രാണനെ.

മഴയാര്‍ത്തലയ്ക്കുന്നു
പിന്നെയുംപിന്നെയും,
എന്നെ ഭോഗിക്കുന്നു.
തലച്ചോറില്‍ ആയിരം വിത്തുകള്‍ പൊട്ടുന്നു
തുറിച്ച കണ്ണൂകള്‍ തുളച്ചു ചാടുന്നു
മുടിഞ്ഞ ഭ്രാന്തിന്റെ മുഴുത്ത വേരുകള്‍.
മുറിഞ്ഞ വായിലൂടൊഴുകിയെത്തുന്നു
കൊഴുത്ത ചോരയില്‍ തുടുത്ത പൂവുകള്‍.

മറഞ്ഞ ബോധത്തിന്നടഞ്ഞ വാതിലില്‍
‍തലയറഞ്ഞു ഞാന്‍ തളര്‍ന്നു നില്‍ക്കവേ
തണുത്തകാറ്റിലൂടരികിലെത്തിയെന്‍
‍വിരല്‍ തലോടി വിളിപ്പതാരോ?.
കൊടിയ ഭ്രാന്തിന്റെ കനലു പൂക്കുന്ന
ചിതയില്‍ വെച്ചെന്നെ ചുടുന്നതാരോ?.

കാറ്റേ നീയും തിരിഞ്ഞു നോക്കാതെ പോക
പേക്കിനാവൊക്കെയും വിട്ടൊഴിയാതെയീ
പ്രേതഗേഹത്തിന്നിരുള്‍തിണ്ണയില്‍
‍ഈച്ചയാര്‍ത്തും, ഈറന്‍ പുതച്ചും,
ശവംനാറി കെട്ടിപ്പുണര്‍ന്നും
ഈ വഴിപോക്കനുറങ്ങട്ടെ
ഉണര്‍ത്താതെ പോക നീ.
മുഴുഭ്രാന്തിന്‍ മുറജപംമുടക്കാതെ പോക നീ.
കരളിലെ കനലൂതിയുണര്‍ത്താതെ പോക നീ
കരളിലെ കനലൂതിയുണര്‍ത്താതെ..