Tuesday, May 06, 2014

നിത്യയൗവനത്തിന്റെ ചോരശാസ്ത്രം!

പുത്രനായ പുരുവിന്റെ യൌവനം കടം കൊണ്ട്  വാർധക്യത്തെ അകറ്റി നിർത്തിയ യയാതിയുടെ കഥ, അല്ലെങ്കിൽ ഇളം കുഞ്ഞിന്റെ ചോര ഊറ്റിക്കുടിച്ച് യൗവനയുക്തരാകുന്ന പുരാതന ഗ്രീക്ക്/റോമൻ രക്തരക്ഷസ്സുകളുടെ  കഥ, ലോകമനസ്സുകളെ ത്രസിപ്പിച്ച കാർപ്പാത്തിയൻ മലനിരകളിലെ രക്തദാഹിയായ പ്രഭുവിന്റെ കഥ, ഇവയൊക്കെ "സെൽ" എന്ന ആധുനികജീവശാസ്ത്രത്തിലെ ഏറ്റവും മുന്തിയ ജേണലിൽ  അച്ചടിച്ച് വന്നു എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങളിൽ പലരും മൂക്കത്ത് വിരൽ വെയ്ക്കും. പക്ഷെ കഥ കാര്യമാവുന്ന ലക്ഷണമാണ്. വാർധക്യം ബാധിച്ച ഹൃദയത്തെ പുനർനവീകരിച്ച് യൌവനത്തിലേക്ക് തിരികെയെത്തിക്കാൻ യുവരക്തത്തിന് കഴിയുമെന്ന് തെളിയിച്ചത്  ഇക്കഴിഞ്ഞ വർഷമായിരുന്നു.  ഇപ്പോഴിതാ ജരബാധിതമായ പേശിയും  തലച്ചോറും, മനസ്സുമൊക്കെ  യുവരക്തത്തിന്റെ മായികസ്പർശമേറ്റ് യൌവനം വീണ്ടെടുക്കുന്നു എന്ന്  തെളിയിക്കുന്നു പുതിയ പഠനങ്ങൾ.

ഏതാണ്ട് 150 വർഷം പഴക്കമുള്ള, വളരെ വിചിത്രമെന്ന് തോന്നിയേക്കാവുന്ന ഒരു പരീക്ഷണ സങ്കേതമാണ്  എലികളിൽ തുടങ്ങി വെച്ച  ഈ പുതിയ പഠനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്  എന്നത് രസകരമാണ്.  1950-കളുടെ തുടക്കത്തിൽ ഡോ  ജോണ്‍ സി.ഫിനേര്ടി എന്ന അനാട്ടമി പ്രൊഫസർ ആണ് 'പാരാബയോസിസ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ ടെക്നിക് വികസിപ്പിച്ചെടുക്കുന്നത്.  രണ്ട് എലികളെ (അഥവാ ഡിങ്കന്മാരെ) തമ്മിൽ ഇരുവശങ്ങളിലെയും തോലല്പം ഉരിച്ച്  പരസ്പരം തുന്നിച്ചേർക്കുന്ന പരിപാടിയാണിത് (ചിത്രം 1) . 
ഇങ്ങനെ കൂട്ടിയോജിപ്പിക്കുന്ന എലികൾ കണ്‍ജോയിൻഡ് ഇരട്ടകളെപ്പോലെ  രക്തചംക്രമണവ്യവസ്ഥ പങ്ക് വെയ്ക്കും. അതായത് ചോരപ്പുഴകളുടെ സംഗമം, സംയോജനം. പരസ്പരം കുഴല്മാറ്റം ചെയ്യപ്പെടുന്ന രക്തത്തിൽ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങളുടെ ജൈവീകമായ ഫലങ്ങൾ എലികളിൽ നേരിട്ട് പഠിക്കാൻ സാധിക്കും എന്നതാണ്  ഈ ടെക്നിക്കിന്റെ ഗുണം.

ഹാർവാഡ്  സ്റ്റെം സെൽ  ഇൻസ്റ്റിറ്റ്യൂട്ടിലെ  പ്രൊഫസർ റിച്ചാർഡ്  ടി ലീയും സംഘവും ഈ  പഴേ സങ്കേതത്തെ ഈയിടെ ഒന്ന് പൊടി തട്ടിയെടുത്തു.  വൃദ്ധനായ  യയാതി  ഡീങ്കനെ  യുവാവായ  പുരുഡിങ്കനുമായി കൂട്ടിച്ചേർത്ത് ചോര പങ്ക് വെപ്പിച്ചു. യുവരക്തപ്രവാഹമേറ്റ്  വൃദ്ധന്റെ ഹൃദയകോശങ്ങൾ ചെറുതാകുകയും, വാർധക്യഹൃദയം യുവാവിന്റെ ഹൃദയത്തെപ്പോലെ യൗവനയുക്തമാവുകയും ചെയ്യുന്നതായി കണ്ടു (ചിത്രം 2).

  യുവരക്തത്തിലുള്ള ഗ്രോത്ത്  ഡിഫറൻഷിയേഷൻ ഫാക്ടർ 11 ( ജി.ഡി.എഫ് 11, ഇതിനെ ബോണ്‍ മോർഫോജനിക് പ്രോട്ടീൻ11  അഥവാ ബി.എം;പി 11 എന്നും വിളിക്കുന്നു) എന്ന പ്രോട്ടീൻ ഘടകമാണ്  യൌവനത്തിന്റെ രസക്കൂട്ടെന്ന് കണ്ടെത്തി. മാത്രമല്ല  ജി.ഡി.എഫ് 11 കുത്തിവെച്ച വയസ്സനെലികളുടെ ഹൃദയവും പാരബയോസിസ് ചർമ്മാന്തരം യുവരക്തം ലഭിച്ചപ്പോഴെന്നപോലെ യൌവനം വീണ്ടെടുക്കുന്നതായി കണ്ടു. ഈ പഠനഫലങ്ങൾ 2013-ൽ  സെൽ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു (Cell 153 , 828–839, May 9, 2013).

ഇപ്പോഴിതാ വാർധക്യം ബാധിച്ച പേശികളെയും തലച്ചോറിനെയും യുവരക്തം യൗവനകാലത്തിലേക്ക് മടക്കി കൊണ്ടുപോകുന്നു എന്ന് തെളിയിക്കുന്ന മൂന്ന് പഠനങ്ങൾ പുറത്ത് വന്നിരിക്കുന്നു. പേശികളെയും തലച്ചോറിനെയും സംബന്ധിച്ച രണ്ട് പഠനങ്ങൾ ഹാർവാർഡിലെ സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ്. ഡോ ഏമി വേജേഴ്സ്, ലീ റൂബിൻ എന്നിവരുടെ നേതൃത്വത്തിൽ. മൂന്നാമത്തേത് വാർധക്യ സംബന്ധമായി മങ്ങിപ്പോകുന്ന തലച്ചോറിന്റെ  കോഗ്നിറ്റിവ്  പ്രവര്ത്തനങ്ങൾ (ഓർമ്മ തുടങ്ങിയവ) വീണ്ടെടുക്കാമെന്ന് തെളിയിക്കുന്ന പഠനം സ്റ്റാൻഫോഡ് സർവകലാശാലയിലെ ഡോ.ടോണി വൈസ്-കൊറേയുടെ നേതൃത്വത്തിലും. ഡോ.ടോണിയും കൂട്ടരും രക്തത്തിൽ നിന്നും വേര്തിരിച്ച പ്ലാസ്മ ഉപയോഗിച്ച് പാരബയോസിസിന്റെ ഫലങ്ങൾ കിട്ടുമെന്ന് കാണിചിട്ടുണ്ട്. പ്ലാസ്മ കുത്തിവേയ്ക്കുന്നത്  ഒരു റുട്ടീൻ പ്രൊസീജിയർ ആയത് കൊണ്ട് അവർ ഒരു ചെറിയ ക്ലിനിക്കൽ ട്രയലിൽ ഇത് അൽഷൈമേഴ്സ് രോഗികളിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി അവർ ഒരു കമ്പനി തുടങ്ങിക്കഴിഞ്ഞു.
ഹാർവാർഡ് ജി.ഡി.എഫ് 11 പേറ്റന്റ് ചെയ്യാനുള്ള നടപടികൾ ചെയ്തുകഴിഞ്ഞു. അവരും ഇതിനെ മരുന്നാക്കി മാറ്റുന്നതിനായി കമ്പനികളുമായി ചർച്ചയിലാണ്.

കാര്യങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നു എന്ന് ചുരുക്കം.
വയസ്സന്മാരേ നിങ്ങൾക്കായിതാ ഒരുങ്ങുന്നു നിത്യയൗവനത്തിന്റെ രക്തചഷകം. പക്ഷെ ജി.ഡി.എഫ് 11 ആകുമ്പോ മുടിഞ്ഞ കാശായിരിക്കുമെന്ന് മാത്രം! :).
യുവാക്കളേ നിങ്ങൾ ഓർക്കുക , രക്തദാനം, മഹാദാനം!

ഡിസ്ക്ലെയിമർ:  എഴുത്തിൽ പതിവിനു വിപരീതമായി ഒരല്പം ഊതിവീർപ്പിക്കൽ നടത്തിയിട്ടുണ്ട്. വെറുതെ കൊതിപ്പിക്കാൻ. യൌവനം മുഴുവനുമായി വീണ്ടെടുക്കുകയോന്നുമല്ല. പഠനങ്ങളും പരീക്ഷണങ്ങളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
അപേക്ഷ: ഇത് വായിച്ച്  ആരും ദയവ് ചെയ്ത്  രക്തരക്ഷസ്സുകളാകരുത്. അങ്ങിനെ ആയാൽ ഞാൻ ഉത്തരവാദിയല്ല.

References:
http://news.sciencemag.org/biology/2014/05/young-blood-renews-old-mice
http://www.sciencedaily.com/releases/2014/05/140505094906.htm
http://www.sciencemag.org/content/early/2014/05/02/science.1251152?utm_content=&utm_medium=facebook&utm_campaign=science&utm_source=shortener
http://www.sciencemag.org/content/early/2014/05/02/science.1251141?utm_content=&utm_medium=facebook&utm_campaign=science&utm_source=shortener
http://www.nature.com/nm/journal/vaop/ncurrent/full/nm.3569.html