Sunday, January 04, 2015

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വത്വപരിണാമങ്ങൾ (ഒന്നാം ഭാഗം)


സ്വത്വവാദത്തോടും, അതിനെക്കാളുപരി സ്വത്വരാഷ്ട്രീയത്തോടും സി.പി.ഐ.എം എന്ന പാർട്ടി സ്വീകരിച്ചു വരുന്ന നിലപാടുകളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും, അഭിപ്രായ യുദ്ധങ്ങളും വിവിധ മാധ്യമങ്ങളിലായി   നടന്നിട്ടുണ്ട്, ഇപ്പോഴും തുടരുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ,  മുഖ്യമായും പാർട്ടി കോൺഗ്രസിൽ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രമേയങ്ങളും,  പാർട്ടി നേതൃത്വവും ബുദ്ധിജീവികളും എഴുതിയിട്ടുള്ള വിവരങ്ങളും പരിശോധിച്ച് പാർട്ടിയുടെ സ്വത്വവാദ, സ്വത്വരാഷ്ട്രീയ നിലപാടുകളുടെ പരിണാമവഴികളെ മനസ്സിലാക്കാനുള്ള ശ്രമമാണിത്. സ്വത്വരാഷ്ട്രീയത്തിന്റെ വിശാലമായ പശ്ചാത്തലചരിത്രാന്വേഷണം ഈ ലേഖനത്തിന്റെ പരിധിക്ക് പുറത്താണ്.
 
ലിഖിത ചരിത്രാരംഭം  ( 1992-2001)


സ്വത്വവാദപരാമർശം ആദ്യമായി സി.പി.എമ്മിന്റെ  രാഷ്ട്രീയപ്രമേയത്തിൽ കടന്നു വരുന്നത് എന്നാണെന്നതിനെക്കുറിച്ച് ഒരു സൂചന 2012-ൽ നടന്ന 20-ആം പാർടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ ഭാഗമായ വിശദീകരണക്കുറിപ്പിൽ കാണാം (ചിത്രം-1).
ചിത്രം-1
ഇതിൻ പ്രകാരം 1992-ൽ നടന്ന 14-ആം പാർടി കോൺഗ്രസിനു ശേഷം  ചൂഷിതവർഗത്തിന്റെ ഐക്യം തകർക്കുവാനുള്ള ശ്രമങ്ങളെക്കുറിച്ച് പാർടിക്ക് അവബോധമുണ്ടായിരുന്നതായി പറയുന്നു. പ്രത്യേകിച്ചും  ആദിവാസി സ്വത്വങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള  അഭിലാഷങ്ങൾ ഉയർന്നു വന്ന സാഹചര്യത്തെ അവലംബിച്ച് തുടർന്നു വന്ന പാർടി  കോൺഗ്രസുകളിൽ  ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതായി സൂചിപ്പിക്കുന്നു.

 1995-ൽ നടന്ന 15-ആം പാർടി കോൺഗ്രസിൽ ജാതി, പ്രാദേശിക, എത്ത്നിക് സ്വത്വങ്ങളെ ഉപയോഗിച്ച് വർഗ ഐക്യത്തെ തകർക്കുവാൻ ശ്രമിക്കുന്നതിനെതിരെയുള്ള സമീപനത്തിനായി പ്രത്യേകം സെക്ഷൻ ഉണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. 15-ആം പാർടി കോൺഗ്രസിലെ പ്രസ്തുത റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ അതിലെ വിശദാംശങ്ങൾ എനിക്ക് അറിയില്ല. പക്ഷെ 1992-1995 കാലഘട്ടങ്ങളിൽ പാർടി 'സ്വത്വവാദത്തെ' മുഖ്യമായും ട്രൈബൽ ദളിത് സ്വത്വങ്ങളുമായി ബന്ധപ്പെട്ടാണ് സമീപിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.  1998-ൽ നടന്ന 16-ആം പാർടി കോൺഗ്രസിന്റെ പ്രമേയവും ഓൺലൈനിൽ ലഭ്യമല്ല.
ചിത്രം-2

ഒടയ്ക്ക് സാമീ സ്വത്വ തേങ്ങ!  (2002-2007)


2002-ൽ നടന്ന 17-ആം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ സ്വത്വവാദത്തെക്കുറിച്ചോ, സ്വത്വരാഷ്ട്രീയത്തെക്കുറിച്ചോ നേരിട്ടുള്ള പരാമർശങ്ങളേയില്ല. ഇതിലെല്ലാം ദളിത്, ആദിവാസി അവകാശങ്ങളും, സാമൂഹ്യപരിവർത്തനവും ഒക്കെ വ്യത്യസ്ത കാറ്റഗറികളിലായി പരിഗണിച്ചിരിക്കുന്നു (ചിത്രം-2).


2005-ൽ നടന്ന 18-ആം പാർടി കോൺഗ്രസിലെ പ്രമേയത്തിലും സ്വത്വവാദം, സ്വത്വരാഷ്ട്രീയം എന്നീ പദപ്രയോഗങ്ങൾ ഇല്ലെങ്കിലും വർദ്ധിച്ചുവരുന്ന ജാതീയതയും, തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ ചിതറിപ്പിക്കുന്നതും ഇടതുപക്ഷത്തിനു വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുന്നു (ചിത്രം 3)


ചിത്രം-3
ചിത്രം-4
ചിത്രം-5
 ഇവിടെ ചില ദളിത് സംഘടനകളും, എൻ.ജി.ഓ-കളും ദളിതർക്കിടയിൽ കമ്മ്യൂണിസ്റ്റ്-വിരുദ്ധവികാരം വളർത്തുവാനും, അവരെ ഇടതുപക്ഷത്തിൽ നിന്നും വേർപെടുത്തുവാനും ശ്രമിക്കുന്നതായി പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് വിദേശത്തു നിന്നും ഫണ്ട് ലഭിക്കുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യവും സാമ്പത്തികവുമായി അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുമായി പാർടി നിശ്ചയമായും താദാത്മ്യം പ്രാപിക്കണമെന്ന് പറയുകയും, അതിനായി നാലിന പരിപാടികൾ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു (ചിത്രം-4, ചിത്രം-5).
ഈ പ്രമേയത്തിലും ആദിവാസികളുടെയും, ന്യൂനപക്ഷങ്ങളുടെയും വിഷയം വേറിട്ട വിഭാഗങ്ങളായി തന്നെ കാണുന്നുണ്ട്.


അതായത് 15-ആം പാർടി കോൺഗ്രസ്സിലെ ഐഡന്റിറ്റി പരാമർശത്തിനു ശേഷം വന്ന 2002-2005 കാലഘട്ടങ്ങളിൽ ദളിതരും മറ്റു പിന്നോക്കവർഗക്കാരും നേരിടുന്ന ജാതീയ പ്രശ്നങ്ങളെ   പാർടി സ്വത്വരാഷ്ട്രീയമെന്ന നിലയിൽ കണക്കാക്കിയിട്ടില്ല എന്ന് വ്യക്തം.മുൻകാലങ്ങളിലെ നയസമീപനം ഏറെക്കുറെ തുടരുന്നു. ദളിത് പ്രശ്നങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു. വിഭാഗീയശക്തികളുടെ പ്രവർത്തനത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് പറയുന്നു.

 'സ്വത്വരാഷ്ട്രീയ'ത്തിന്റെ  രംഗപ്രവേശം (2008)

2008-ൽ നടന്ന 19-ആം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലാണ് ആദ്യമായി 'സ്വത്വരാഷ്ട്രീയം' ഏതാണ്ട് അതേ പേരിൽ പാർടിപ്രമേയത്തിൽ   ഇടം കണ്ടെത്തുന്നത് (ചിത്രം-6).


ചിത്രം-6
2008-ലെ ഈ പ്രമേയത്തിന് സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട്  തികച്ചും  ശ്രദ്ധേയമായ ചില സവിശേഷതകളുണ്ട്. മുഖ്യമായും 'ജാതി' സ്വത്വത്തിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിലാണ് സ്വത്വരാഷ്ട്രീയം ആദ്യം പ്രത്യക്ഷപ്പെടുന്നതെന്നതാണ് ഒരു സവിശേഷത. ദളിതരുടെയും മറ്റു പിന്നോക്കവർഗക്കാരുടെയും പ്രശ്നങ്ങൾ പാർടി സമൂർത്തമായി ഏറ്റെടുക്കണമെന്ന വാദം സ്വത്വരാഷ്ട്രീയവുമായി ചേർത്ത് വെയ്ക്കുമ്പോൾ,  ദളിതരുടെ ജാതീയ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതും,  വിവിധ പിന്നോക്കവർഗക്കാരുടെയും സ്വത്വപരമായ പൊളിറ്റിക്കൽ മൊബിലൈസേഷനാണ് ഇവിടെ സ്വത്വരാഷ്ട്രീയമായി പരാമർശവിധേയമാകുന്നത് എന്ന് വ്യക്തം. ഇതിൽ സവർണജാതിക്കാരുടെ സ്വത്വരാഷ്ട്രീയം (ഉദാ: നായർ സർവീസ് സൊസൈറ്റി) എടുത്ത് പറയുന്നതേയില്ല  എന്നത് വളരെ പ്രസക്തമാണ്! പാർടി ഈ വിഷയത്തിൽ എടുത്തിട്ടുള്ള നിലപാടുകളെ ശരിയായി മനസ്സിലാക്കുവാൻ മാത്രമല്ല വസ്തുനിഷ്ഠമായി വിലയിരുത്തുവാനും ഈ പ്രമേയത്തിലെങ്ങും പ്രശ്നവൽക്കരിക്കാതെ പോകുന്ന സവർണസ്വത്വരാഷ്ട്രീയത്തിന്റെ അസാന്നിധ്യവും, അദൃശ്യസാന്നിധ്യവും തിരിച്ചറിയേണ്ടതുണ്ട്.


ചിത്രം-7A

ചിത്രം-7B
ചിത്രം-7C
മറ്റൊരു പ്രധാന സവിശേഷത ഈ ദളിത്/പിന്നോക്ക സ്വത്വരാഷ്ട്രീയം പാർടിക്ക് വളരെയധികം ഗൗരവമായ വെല്ലുവിളിയും, പ്രശ്നങ്ങളും ഉയർത്തുന്നതായുള്ള ശക്തമായ ഊന്നലുകളാണ്. അതായത് ഈ കാലയളവിൽ ദളിത് സ്വത്വരാഷ്ട്രീയത്തെ അതിശക്തമായി നേരിടണമെന്ന വാദം പാർടിക്കുള്ളിൽ പ്രബലമായതിന്റെ ലക്ഷണം  2008-ലെ പ്രമേയത്തിലെ ഈ വരികളിൽ വായിച്ചെടുക്കാൻ കഴിയും (ഈ സംഭവത്തെ അടുത്തറിയാൻ ശ്രമിച്ചിട്ടുള്ളവർക്ക് പ്രത്യേകിച്ചും). ആ നിലയ്ക്ക് 2008-നു ശേഷം സ്വത്വരാഷ്ട്രീയത്തെ ചൊല്ലി പാർടിക്കുള്ളിലും പുറത്തും നടന്ന നിരവധി സംഭവികാസങ്ങളിലേക്കുള്ള ചൂണ്ടു പലക കൂടിയാകുന്നു ഈ രാഷ്ട്രീയ പ്രമേയം.


സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ശക്തമായ വാണിങ്ങ് നൽകുന്ന 2008-ലെ ഈ പ്രമേയത്തിലും പക്ഷെ ദളിത് റൈറ്റ്സ്, മുസ്ലീം മൈനോറിറ്റി, എൻ.ജി.ഓ-കൾ എന്നിങ്ങനെ കാറ്റഗറി തിരിച്ചുള്ള വിലയിരുത്തലുകൾ കാണാവുന്നതാണ്(ചിത്രം-7A, 7B, 7C).
 ഇതിൽ വിദേശ ഫണ്ടുകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന എൻ.ജി.ഓകളുടെ എണ്ണം വർദ്ധിക്കുന്നതായും വിദേശ ഫണ്ടിങ്ങ് നിയമപരമായി നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു.

സ്വത്വരാഷ്ട്രീയം റീലോഡഡ്-2012 


2012 ഏപ്രിൽ 4 മുതൽ 9 വരെ കോഴിക്കോട് വെച്ച് നടന്ന   20-ആം പാർടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിനു പുറമെ,  ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ വിശദീകരിക്കുന്നതിനായി പ്രത്യയശാസ്ത്രപ്രമേയവും പുറത്തിറക്കിയിരുന്നു. ഇതിൽ രണ്ടിലും സ്വത്വരാഷ്ട്രീയം തനത് വിഭാഗമായി ഇടം കണ്ടെത്തുകയും അതിനെ നേരിടുന്നതിനായി പ്രയോഗപരിപാടികൾ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ, പ്രത്യയശാസ്ത്ര പ്രമേയം സ്വത്വരാഷ്ട്രീയത്തെ സൈദ്ധാന്തികമായി പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നു.


നമുക്ക് ആദ്യം 2012-ലെ രാഷ്ട്രീയ പ്രമേയത്തിൽ സ്വത്വരാഷ്ട്രീയത്തെ പാർടി എങ്ങനെ വിലയിരുത്തുന്നു എന്നാദ്യം പരിശോധിക്കാം (ചിത്രം-8)


(ചിത്രം-8)
2008-ൽ ദളിത്/പിന്നോക്ക ജാതിക്കാരായിരുന്നു പാർടി പ്രമേയത്തിലെ പ്രധാന സ്വത്വരാഷ്ട്രീയക്കാർ എന്ന് നമ്മൾ കണ്ടു. 2012 ആയപ്പോഴേക്കും സ്വത്വരാഷ്ട്രീയത്തിനുള്ളിൽ ജാതി, മതം, ദേശം, ഗോത്രം, എത്ത്നിസിറ്റി എന്നിവയെ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് വളരെ ശ്രദ്ധേയമായ വസ്തുത.  ഇത്തരം ഉൾചേർക്കലുകളും, പുതുക്കലുകളും, അടവ് നയങ്ങളുമൊക്കെ പാർടിയുടെ പ്രയോഗരീതികളിൽ കാണാമെങ്കിലും, സൗകര്യാനുസരണം സൈദ്ധാന്തിക യാഥാസ്ഥിതികരായ ഒരു വിഭാഗം പാർടിയുടെ നിലപാടുകളെ വളരെ ശക്തമായി സ്വാധീനിക്കുന്നതായി സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് നടന്ന വിവാദചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. അതിനെക്കുറിച്ച് വിശദമായി പിന്നീട്.

ജാതി/മത/ദേശ/ഗോത്ര/എത്ത്നിസിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി സ്വത്വരാഷ്ട്രീയപരിസരം വിപുലീകരിക്കപ്പെട്ടുവെങ്കിലും  2012-ലെ രാഷ്ട്രീയ പ്രമേയത്തിലും സ്വത്വരാഷ്ട്രീയത്തിലെ മുഖ്യവില്ലന്മാർ  ദളിതരും, മറ്റു പിന്നോക്കവർഗക്കാരുമാണ്. സാമൂഹ്യപരമായും, ജാതീയമായും അടിച്ചമർത്തലും, വിവേചനവും, ചൂഷണവും നേരിടുന്ന ഈ സമൂഹം എളുപ്പം 'സ്വത്വരാഷ്ട്രീയത്തിനു' വഴിപ്പെടുമെന്നാണ് പറയുന്നത്.  വർഗ ഐക്യം തകർക്കുന്നതിനായി ചില എൻ.ജി.ഓകളും ഇടുങ്ങിയ മതവിഭാഗങ്ങളും  സ്വത്വരാഷ്ട്രീയത്തെ പണം കൊടുത്ത് വളർത്തുന്നതായും രേഖപ്പെടുത്തുന്നു. സ്വത്വരാഷ്ട്രീയത്തെ നേരിടുന്നതിനായി വർഗാടിസ്ഥാനത്തിലുള്ള പൊതുനീക്കങ്ങൾ കെട്ടിപ്പടുക്കണമെന്നും അതോടൊപ്പം വിവിധവിഭാഗങ്ങളുടെ പ്രശ്നങ്ങളെ പാർടി നേരിട്ട് ഏറ്റെടുക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.


സൈദ്ധാന്തിക പ്രശ്നവൽക്കരണം (അഥവാ വന്മരങ്ങളെ വീഴ്ത്തുന്ന മുറിക്കോടാലികൾ)

ഇനി 2012-ലെ  പ്രത്യയശാസ്ത്രപ്രമേയത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക പ്രശ്നവൽക്കരണം പരിശോധിക്കാം ( ചിത്രം-9 ചിത്രം-10) 


ചിത്രം-9


ചിത്രം-10
ഈ സൈദ്ധാന്തികവൽക്കരണത്തിൽ വിട്ടുപോയ സുപ്രധാനമായ സംഗതി ആദ്യമേ സൂചിപ്പിച്ചിട്ട് ബാക്കി വിശദാംശങ്ങളിലേക്ക് കടക്കാം. സ്വത്വം (Identity) എന്നതിൽ നിന്ന് മാർക്സിസ്റ്റ് സംഘടനയുടെ  സൈദ്ധാന്തിക നിലനിൽപ്പിന് ജീവവായുപോലെ അത്യാവശ്യമെന്ന് 'ചില വിഭാഗം' കരുതുന്ന സംഗതികൾ നിർബന്ധമായും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി (worker) എന്ന സ്വത്വവും (identity!), അതിന്റെ വിവിധ ഉപസ്വത്വങ്ങളെ സൂചിപ്പിക്കുന്ന toiler, peasant, proletariat എന്നീ പ്രയോഗങ്ങളും സ്വത്വരാഷ്ട്രീയത്തെ സൈദ്ധാന്തികവൽക്കരിച്ച്, പാർടി പ്രമേയത്തിലേക്ക് ആനയിച്ച് അംഗീകരിപ്പിക്കുവാൻ ക്വട്ടേഷനെടുത്തവർ  സ്വത്വനിർവചനപരിസരത്തു നിന്നും പാടെ നീക്കം ചെയ്തിട്ടുണ്ട്. അതായത് തൊഴിലാളിയും അനുബന്ധസ്വത്വങ്ങളും ഒഴിച്ച് ബാക്കിയുള്ളതെല്ലാം 'സ്വത്വ'ങ്ങൾ!  ഈ മുൻകരുതൽ എടുത്തില്ലെങ്കിൽ സ്വത്വസൈദ്ധാന്തിക കസർത്ത് കഴിയുമ്പോഴേക്കും  മാർക്സിസ്റ്റ് പാർടി  സ്വത്വരാഷ്ട്രീയത്തിന്റെ വകഭേദമായിപ്പോകും. 

ശരി ഇനി നമുക്ക് പ്രമേയത്തിലെ തിയറിയിലേക്ക് കടക്കാം. 
സ്വത്വം (identity) എന്നത് മുതലാളിത്തത്തിന്റെ ആവിർഭാവത്തിനും മുൻപേ ഭരണവർഗങ്ങൾ (ruling classes) ഉപയോഗിച്ചിട്ടുള്ള സംഗതിയാണ്. ഇവിടെ ഒരു കാര്യം ഓർക്കണം, റൂളിങ്ങ് ക്ലാസ് (ഭരണവർഗം) ഒരു സ്വത്വമാണെങ്കിലും, വർക്കിങ്ങ് ക്ലാസ് (തൊഴിലാളി വർഗം) ഒരു സ്വത്വമല്ല. വംശീയത മുതലായ (മുതലായവയിൽ പലതും വരില്ലെന്ന് മനസ്സിലയല്ലോ) സ്വത്വങ്ങളെ  തങ്ങളുടെ വർഗപരമായ ഭരണം ബലപ്പെടുത്താനും ദേശീയത രൂപപ്പെടുത്താനും ഉപയോഗിച്ചിട്ടുണ്ട്. സയോണിസം, ഇസ്രായേൽ രൂപീകരണം എന്നിവ ഉദാഹരണങ്ങൾ (തൊഴിലാളിവർഗമെന്ന സ്വത്വമുപയോഗിച്ചുള്ള സോവിയറ്റ് രൂപീകരണാം ഇതിൽപ്പെടൂല്ല) സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനു ഹേതുവായത് സ്വത്വവാദങ്ങളാണ് (ഈ ഒരൊറ്റ പോയന്റ് മതി ഒരു സാദാ കമ്മ്യൂണിസ്റ്റ് കാരനു സ്വത്വവാദത്തിനെതിരെ വാളെടുക്കാൻ).   യുഗോസ്ലോവിയയുടെ തകർച്ചക്കു പിന്നിലും സ്വത്വവാദമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം മത സ്വത്വവാദം ഉപയോഗിച്ചാണ് ഇൻഡ്യൻ ഉപഭൂഘണ്ഡം പിളർത്തിയതെന്ന് ഓർക്കണം. ഇന്നും ജാതിമത മൊബിലൈസേഷൻ ചൂഷിതർക്കിടയിലെ വർഗ ഐക്യത്തിനു തുരങ്കം വെച്ചുകൊണ്ടിരിക്കുന്നു. ബൂർഷ്വാസികൾ ഒരു വശത്ത് വർഗ ഐക്യത്തെ തകർക്കുകയും, മറുവശത്ത് എൻ.ജി.ഓ മുഖേന സ്വതരാഷ്ട്രീയത്തെ വളർത്തുകയും, പൊതുവെ ജനത്തെ അരാഷ്ട്രീയരാക്കുകയും ചെയ്യുന്നു. ഇതാണ് സ്വത്വ'രാഷ്ട്രീയം' വളർത്തി വളർത്തി 'അരാഷ്ട്രീയത' ഉണ്ടാക്കുന്ന സൂത്രം!.


സൂക്ഷ്മതലത്തിൽ അല്ലെങ്കിൽ പ്രാദേശിക (micro or local) തലത്തിൽ മാത്രം നിലനിൽക്കുന്നതും, 'വ്യത്യാസത്തെയും' 'സ്വത്വത്തെയും' മാത്രം അടിസ്ഥാനമാക്കി മാത്രം സാധ്യമാകുന്നതുമാണ് രാഷ്ട്രീയം എന്നതാണ്  മാർക്സിസ്റ്റ്-വിരുദ്ധ പ്രത്യയശാസ്ത്രനിർമ്മിതിയായ ഉത്തരാധുനികതയുടെ വാദം. അങ്ങനെ നിലവിൽ ഉത്തരാധുനികത സ്വത്വരാഷ്ട്രീയത്തിനു പുത്തൻ അടിത്തറയുണ്ടാക്കുന്നു. 
ചുരുക്കത്തിൽ,
a) ഉത്തരാധുനികത=മാർക്സിസ്റ്റ് വിരുദ്ധം,
b) സ്വത്വരാഷ്ട്രീയം=ഉത്തരാധുനികത,
c) സ്വത്വരാഷ്ട്രീയം= മാർക്സിസ്റ്റ് വിരുദ്ധം!
പ്രധാനസമവാക്യങ്ങൾ  നിർമ്മിച്ചു കഴിഞ്ഞു. ഇനി അതിനെ ബലപ്പെടുത്താനുള്ള ചേരുവകൾ ചേർത്താൽ മതിയാകും.

ഉത്തരാധുനികതയുടെ വക്താക്കൾ പരിശീലിക്കുന്ന സ്വത്വരാഷ്ട്രീയപ്രകാരം ജാതി മുതലായവയെ അടിസ്ഥാനമാക്കി ആളുകളെ കൂട്ടി രാഷ്ട്രീയത്തിലിറങ്ങാം. വർഗത്തെ സ്വത്വത്തിന്റെ ഒരു തുണ്ടുമാത്രമായാണ്  ഉത്തരാധുനികർ കാണുന്നത്. സ്വത്വരാഷ്ട്രീയം അങ്ങിനെ തൊഴിലാളി വർഗമെന്ന സങ്കല്പത്തിനെ തന്നെ ഫലശൂന്യമാക്കുന്നു.സ്വത്വരാഷ്ട്രീയം അതിന്റെ സ്വഭാവം കൊണ്ട് തന്നെ ഒരു സ്വത്വത്തെ മറ്റുള്ളതിൽ നിന്ന്  വേർതിരിക്കുകയും, ഒഴിവാക്കുകയും ചെയ്യുന്നു. സ്വത്വരാഷ്ട്രീയം പിടിമുറുക്കുന്നിടത്തൊക്കെ അത് ആളുകളെ വിരുദ്ധതാത്പര്യങ്ങളുള്ള വിഭാഗങ്ങളായി വിഘടിപ്പിക്കുന്നു. സ്വത്വരാഷ്ട്രീയം ഭരണവർഗമായ  ബൂർഷ്വാസികൾക്ക് പറ്റിയ ആയുധമാണ്. അത് വർഗ ഐക്യത്തിനെതിരെ നിലകൊള്ളുന്നു, സിവിൽ സൊസൈറ്റി എന്നറിയപ്പെടുന്ന എൻ.ജി.ഓകളാണ് ഇതിന്റെ നടത്തിപ്പുകാർ.ഇവർക്ക് വിദേശ ഫണ്ടുണ്ട്.

എല്ലാ ചൂഷിതവർഗത്തിന്റെയും ഐക്യമുന്നണി ഉണ്ടാക്കാൻ ശ്രമിക്കുന്ന മാർക്സിസ്റ്റ്‌ പാർടിക്ക് സ്വത്വരാഷ്ട്രീയം ഒരു വലിയ വെല്ലുവിളിയാണുയർത്തുന്നത്. മാർക്സിസ്റ്റ് വീക്ഷണപ്രകാരം വർഗപ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും പരസ്പരബന്ധിതമായതുകൊണ്ട്, ചൂഷിതവർഗം നേരിടുന്ന ഈ രണ്ട് തരം പ്രശ്നങ്ങളെയും പാർടി നേരിട്ട് ഏറ്റെടുത്ത് വേണം സ്വത്വരാഷ്ട്രീയത്തെ എതിരിടാൻ. 

ഇതിന്റെ ചുരുക്കം പറഞ്ഞാൽ,  ദളിതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സ്വത്വരാഷ്ട്രീയം അങ്ങേയറ്റം മാർക്സിസ്റ്റ് വിരുദ്ധമാണ്. സ്വത്വരാഷ്ട്രീയം ഉയർത്തുന്ന പ്രശ്നങ്ങളെ പാർടി നേരിട്ട് 'കൈകാര്യം' ചെയ്യും. 

ലിഖിത ചരിത്രാരംഭത്തിലേക്ക് ഒരു മടക്കം (1995)

പ്രധാനമായും ദളിതരുടെയും പിന്നോക്കവർഗത്തിന്റെയും   സ്വത്വപരമായ ഉണർവ്വും, അതിൽ നിന്നും രൂപപ്പെടുന്ന സ്വത്വരാഷ്ട്രീയവും 2012-ൽ മാർക്സിസ്റ്റ് വിരുദ്ധമായിത്തീർന്നത് എങ്ങിനെയെന്ന് നമ്മൽ കണ്ടുവല്ലോ. ഈ അവസരത്തിൽ പതിനേഴ് വർഷം മുൻപ്, 1995-ൽ നടന്ന പാർടിയുടെ 15-ആം കോൺഗ്രസിലെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിലെ ചില പരാമർശങ്ങൾ നമുക്ക് ഒന്നു കൂടി പരിശോധിക്കാം (ചിത്രം-11). ഈ പരാമർശങ്ങളും 2012-ലെ പ്രമേയത്തിൽ ചേർത്തിട്ടുള്ളതാണ്. 

ചിത്രം-11
1995-ലെ റിപ്പോർട്ട് പ്രകാരം ദളിതരുടെയും പിന്നോക്കവർഗക്കാരുടെയും ജാതീയ അടിച്ചമർത്തലുകൾക്കെതിരായുള്ള ഉണർവ്വിനു ഒരു ജനാധിപത്യ ഉള്ളടക്കമുണ്ടായിരുന്നു. പക്ഷെ 2012 ആയപ്പോഴേക്കും ആ ജനാധിപത്യ ഉള്ളടക്കത്തെ  അപ്രത്യക്ഷമാക്കുകയും പകരം തികച്ചും മാർക്സിസ്റ്റ്-വിരുദ്ധമായ സ്വത്വരാഷ്ട്രീയമെന്ന അരാഷ്ട്രീയ പ്രക്രിയ ആക്കിത്തീർക്കുകയും ചെയ്തു.

നമ്മുടെ പാർടി ഇത്തരം ജാതി രാഷ്ട്രീയത്തെ എതിർക്കണം. ഒപ്പം ജാതി/സമുദായഭേദമെന്യേ എല്ലാ ചൂഷിതരുടെയും ഐക്യം  പരിരക്ഷിക്കണം. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതിയെ റിസർവേഷനും, വോട്ടു ബാങ്കുമായി ചുരുക്കാൻ സാധ്യമല്ല. അതിനു ഭൂപരിഷ്കരണമെന്ന വർഗ ഉള്ളടക്കം ഉണ്ടായിരിക്കണം.  എല്ലാ സ്വത്വങ്ങൾക്കും ഈ ധാരണകൾ ബാധകമാണ്. പക്ഷെ ഓരോ സ്വത്വത്തെയും അതിന്റെ സവിശേഷതകൾ അനുസരിച്ച്  വേർതിരിച്ച് വേണം കാണാനെന്ന് മാത്രം. അതായത്  നിലവിൽ വിശദീകരിക്കപ്പെട്ട മാർക്സിസ്റ്റ് പ്രത്യശാസ്ത്ര പ്രകാരം  എല്ലാ സ്വത്വത്തെയും ഒരേ പോലെ  ആയിരിക്കില്ല കാണുന്നതെന്ന് ചുരുക്കം. ചില നേരങ്ങളിൽ ചില സ്വതങ്ങൾക്ക് ഇത് ബാധകമായിക്കൊള്ളണമെന്നില്ല. മാർക്സിസ്റ്റ്-വിരുദ്ധമെന്ന് സൈദ്ധാന്തികവൽക്കരിച്ച അതേ ഉത്തരാധുനികതയുടെ 'സൂക്ഷ്മതലപ്രയോഗവുമായി' സമരസപ്പെട്ട് നിലകൊള്ളുന്ന (ഊപ്സ്...!) സ്വത്വങ്ങളുടെ അസാധാരണത്വ പരിഗണനയെ നമുക്ക് പിന്നീട് വിശദമായി പരിശോധിക്കാം.


സൈദ്ധാന്തിക പ്രശ്നവൽക്കരണം: ഉപേക്ഷിക്കപ്പെട്ട  മൂലക്കല്ലുകൾ

സ്വത്വരാഷ്ട്രീയത്തെ സംബന്ധിച്ച് 2012-ലെ പാർടി കോണ്‍ഗ്രസ്  അംഗീകരിച്ച സൈദ്ധാന്തിക  പ്രമേയഭാഗങ്ങളാണ് ഇതുവരെ പരിശോധിച്ചത്. പാർടി ബുദ്ധിജീവികളിൽ പ്രമുഖരായ ഐജാസ് അഹമ്മദ് പ്രകാശ് കാരാട്ട്, എന്നിവർ എഴുതി  2011-ൽ  "ദി മാർക്സിസ്റ്റ്‌"ൽ പ്രസിദ്ധീകരിച്ച രണ്ട്  ലേഖനങ്ങളിൽ  നിന്നും 'തിരഞ്ഞെടുത്ത' ചില ഭാഗങ്ങളാണ്   2012-ൽ  സൈദ്ധാന്തിക പ്രമേയഭാഗമായി ചേർത്തിരിക്കുന്നത് എന്നാണ്  പ്രമേയവും പ്രസ്തുത ലേഖനങ്ങളും വായിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്.   ഐജാസ് അഹമ്മദിന്റെ ലേഖനം ഉത്തരാധുനികത എങ്ങനെ മാർക്സിസ്റ്റ്‌ വിരുദ്ധമാകുന്നു എന്നതിന്റെ സൈദ്ധാന്തിക വിശദീകരണവും, പ്രകാശ് കാരാട്ടിന്റെ ലേഖനം സ്വത്വരാഷ്ട്രീയം ഉത്തരാധുനികതയുടെ ഉൽപ്പന്നമാണെന്ന സൈദ്ധാന്തിക  നിർമ്മിതിയും നടത്തുന്നു. 

ഇതിൽ പ്രകാശ് കാരാട്ടിന്റെ ലേഖനം (The Challenge of Identity Politics, The Marxist, XXVII 1–2, January–June 2011) നമുക്ക് അല്പം വിശദമായി പരിശോധിക്കാം. കാരണം കാരാട്ട് എഴുതിയതിൽ നിന്നും ചില പ്രസക്തമായ ഭാഗങ്ങൾ പാർടി പ്രമേയത്തിൽ ചേർക്കാതെ ഉപേക്ഷിച്ചിട്ടുള്ളതായി കാണാം. ഈ ഉപേക്ഷിക്കലിനു പിന്നിൽ പാർടിയിലെ ഒരു പ്രബല വിഭാഗത്തിന്റെ സ്വത്വതാത്പര്യങ്ങളുണ്ടെന്നു തന്നെയാണ് എന്റെ അനുമാനം. 

ഒന്നാം മൂലക്കല്ല് 
സഖാവ് പ്രകാശ് കാരാട്ട് തന്റെ ലേഖനത്തിൽ സ്വത്വരാഷ്ട്രീയം എന്താണെന്ന് വിശദീകരിക്കുന്നത് നോക്കാം.
WHAT IS IDENTITY POLITICS?
Identity politics means individuals are defined by their identity based on race, ethnicity, gender, language or religion or whatever identity that the person perceives to be his identity. According to the theory of identity politics, a person may have multiple identities but it is the identity which he or she perceives to be the defining one that determines that person’s identity. So a person may be male, a worker and a black. If he perceives his colour as the main identity, then that would be the identity by which he should be recognised. He is to be mobilised as a black person and not on the basis of his being a worker. According to identity politics, it is not the class that he belongs to which determines his identity. Identity politics promotes difference and separateness to stress one’s distinct identity. People getting together and mobilising on the basis of a common identity, whether race, ethnicity, caste or religion, to put forth their demands or assert their rights of the State and society is termed identity politics.
By its nature, identity politics excludes and demarcates those of one identity from others. In fact its identity is established by its being different from the ‘Other’. Based on race, religion, caste or gender, the Other has to be excluded and often pitted against. Identity is established by denying other identities of the individual.
 A black worker is seen as a Black, his identity as a worker is disregarded.A women who is a worker is identified by her gender and not by the status of a worker.

സ്വത്വരാഷ്ട്രീയത്തെ സഖാവ് കാരാട്ട് നിർവചിച്ചിരിക്കുന്നത് ശ്രദ്ധിച്ച് വായിച്ചുവല്ലോ?. ഇതിൽ "തൊഴിലാളി" എന്നത് മറ്റ് സ്വത്വങ്ങളെപ്പോലെ  ഒരു സ്വത്വം (Identity) തന്നെയാണെന്ന്  വ്യക്തമായി പറഞ്ഞിരിക്കുന്നു. ഒരു വ്യക്തിക്ക് പുരുഷൻ, തൊഴിലാളി, കറുത്തവൻ എന്നീ സ്വത്വങ്ങൾ ഉണ്ടെന്ന് കരുതിയാൽ, അതിൽ 'കറുത്തവൻ' എന്ന സ്വത്വത്തെ  അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്നതാണ്  സ്വത്വരാഷ്ട്രീയം. മറിച്ച്   'തൊഴിലാളി' എന്ന സ്വത്വത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ചാൽ അതാവുമല്ലോ കമ്മ്യൂണിസ്റ്റ്/മാർക്സിസ്റ്റ്‌ രാഷ്ട്രീയം! 

അതായത് 'തൊഴിലാളി' എന്നത് ഒരു സ്വത്വമാണെന്ന വസ്തുത   തള്ളിക്കളായാത്തിടത്തോളം കാലം പ്രകാശ് കാരാട്ടിന്റെ ഈ സ്വത്വരാഷ്ട്രീയ  നിർവചനപ്രകാരം,  മാർക്സിസ്റ്റ്‌ പാർടിയും  ഒരു 'സ്വത്വരാഷ്ട്രീയ' പാർടിയാണ്. സ്വത്വരാഷ്ട്രീയത്തെ സംബന്ധിച്ച് നിർണായകമായ  ഈ നിർവചനത്തിന്റെ പൊടിപോലും പാർടി അംഗീകരിച്ച പ്രമേയത്തിൽ കാണാനില്ല. കാരണം ഞാൻ മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. "ഈ മുൻകരുതൽ എടുത്തില്ലെങ്കിൽ സ്വത്വസൈദ്ധാന്തിക കസർത്ത് കഴിയുമ്പോഴേക്കും  മാർക്സിസ്റ്റ് പാർടി സ്വത്വരാഷ്ട്രീയത്തിന്റെ വകഭേദമായിപ്പോകും." 

 രണ്ടാം മൂലക്കല്ല് 
 This type of identity politics is also not confined to dalit and backward class organisations alone. Other dominant caste and upper caste groups also resort to identity politics.
പാർടിയുടെ അംഗീകൃത പ്രമേയത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന മാർക്സിസ്റ്റ്‌ വിരുദ്ധ സ്വത്വരാഷ്ട്രീയ വില്ലന്മാർ ദളിതരും മറ്റു ന്യൂനപക്ഷക്കാരും ആണെന്നത് നമ്മൾ മുകളിൽ കണ്ടു.  ഉയർന്ന ജാതിക്കാരും (സവർണ സ്വത്വം) സ്വത്വരാഷ്ട്രീയം കളിക്കുന്ന കൂട്ടത്തിലാണെന്നാണ്  പ്രകാശ് കാരാട്ട്  തന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നത്. പക്ഷേ ഇക്കാര്യം പാർടി പ്രമേയത്തിൽ ചേർക്കാതെ ഉപേക്ഷിച്ചിരിക്കുന്നു.  സമൂഹത്തിൽ ഡോമിനന്റ് ആയി തന്നെ നില നിൽക്കുന്ന സവർണസ്വത്വരാഷ്ട്രീയം   മാർക്സിസ്റ്റ്‌  പാർടി അംഗീകരിച്ച പ്രമേയത്തിൽ വില്ലൻ റോളെടുത്ത് വരാതെയിരിക്കാൻ ബദ്ധശ്രദ്ധ പുലർത്തുന്ന സ്വത്വബോധങ്ങൾ പാർടിയിൽ പ്രബലമാണെന്ന് വ്യക്തം.

മൂന്നാം മൂലക്കല്ല് 

Wherever identity politics takes hold it divides the people into separate and disparate groups often in conflicting and competing terms.
It should be understood how identity politics fragments and divides the people. It is an intervention to negate class unity and acts as a barrier to building of the united movements of the people.
സ്വത്വരാഷ്ട്രീയം ആളുകളെ പല തുണ്ടുകളായി വിഘടിപ്പിക്കുമെന്ന് ഒന്നിലധികം തവണ ഊന്നിപ്പറയുന്നു സഖാവ് കാരാട്ട്. കേൾക്കുമ്പോ സംഭവം ശരിയാണല്ലോയെന്ന് നമുക്ക് തോന്നും. പക്ഷേ അത് കഴിഞ്ഞ് സഖാവ്  പറയുന്നത് ശ്രദ്ധിക്കൂ...
As far as the majority community is concerned, their political mobilisation assumes the garb of nationalism but it is a form of identity politics too. In fact the BJP term ‘cultural nationalism’ is a cover for religious identity politics. The BJP in order to maintain its overall Hindutva platform has to try and coopt dalit and other identity groups in a pan Hindu platform.
അതായത്, ദേശീയതയുടെ പുതപ്പണിഞ്ഞ ഭൂരിപക്ഷ സമുദായങ്ങളുടെ  രാഷ്ട്രീയ ചലനങ്ങളും (ഹിന്ദുത്വ രാഷ്ട്രീയം) സ്വത്വരാഷ്ട്രീയത്തിന്റെ വകഭേദം തന്നെയാണ്.   ബീജേപിയുടെ സാംസ്കാരിക ദേശീയത എന്ന് പറയുന്ന സാധനം സ്വത്വരാഷ്ട്രീയത്തിന്റെ മറ മാത്രമാണെന്നതാണ് വസ്തുത എന്നും  കാരാട്ട് പറയുന്നു.

സമീപകാല രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താൽ ഹിന്ദുത്വ സ്വത്വരാഷ്ട്രീയം ആളുകളെ വിഘടിപ്പിക്കുന്നതിനെക്കാൾ രാഷ്ട്രീയപരമായി  ഒരുമിപ്പിക്കുന്നതാണ്  നമുക്ക് കാണാൻ കഴിയുന്നത്.  ഈ ഹിന്ദുത്വ  രാഷ്ട്രീയ കൂട്ടായ്മയാണ്  ബീജെപിയെ മൃഗീയഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ചതും.  സ്വത്വരാഷ്ട്രീയം ജനങ്ങളെ വിഘടിപ്പിക്കുന്നു എന്ന്  സഖാവ്   കാരാട്ട്   മുകളിൽ പറഞ്ഞതുമായി  തീരെ യോജിച്ചു പോകുന്നില്ല സഖാവ് തന്നെ പറയുന്ന   ബീജെപിയുടെ സ്വത്വരാഷ്ട്രീയം എന്ന് ചുരുക്കം. 

ബിജെപി 'പാൻ ഹിന്ദു പ്ലാറ്റ്ഫോമിൽ' വിവിധ സ്വത്വങ്ങളെ സഹകരിപ്പിക്കാൻ ശ്രമിക്കുന്നതായി സഖാവ് സൂചിപ്പിക്കുന്നു. "പാൻ വർക്കേഴ്സ് പ്ലാറ്റ്ഫോമിൽ" വിവിധ തൊഴിലാളി സ്വത്വങ്ങളെയും, ഇതര സ്വത്വങ്ങളെയും   സംഘടിപ്പിക്കാനും സഹകരിപ്പിക്കാനും  ശ്രമിച്ചു കൊണ്ടിരിക്കുന്ന  മാർക്സിസ്റ്റ്‌ പാർടിയും ചെയ്യുന്നത്‌ വ്യത്യസ്തമായ കാര്യമല്ല  എന്നത്  കാരാട്ട് തുറന്ന് സമ്മതിക്കുന്നില്ല എന്നേയുള്ളൂ.  അതായത് നിലവിൽ  മാർക്സിസ്റ്റ്‌ പാർടിയുടേത്  തൊഴിലാളിവർഗ പുതപ്പിട്ട   സ്വത്വരാഷ്ട്രീയം തന്നെയാണ്.

ഈയിടെ ഹിന്ദുക്കളിൽ തന്നെ ഒറിജിനൽ (നല്ല) ഹിന്ദുക്കളും സ്യൂഡോ (ചീത്ത) ഹിന്ദുക്കളും എന്ന വ്യത്യസ്ത ഐഡന്റിറ്റികൾ ഉള്ളതായി പ്രഖ്യാപിച്ചു കൊണ്ട് സഖാവ് സീതാറാം യച്ചൂരി എഴുതിയ ലേഖനം ഇവിടെ പ്രസക്തമാകുന്നു.  ബീജേപി സ്യൂഡോ ഹിന്ദുക്കളെയാണ് (ഗോൾവർക്കർ ഹിന്ദൂസ്) പ്രതിനിധാനം ചെയ്യുന്നതെന്നും ദേശസ്നേഹികളായ  പത്തരമാറ്റ് ഒറിജിനൽ ഹിന്ദുക്കൾ (സ്വാമി വിവേകാനന്ദാ/ ആദി ശങ്കരാ ഹിന്ദൂസ് ) ബീജെപിയുടെ പ്രചാരണത്തിൽ വീഴാതെ മാർക്സിസ്റ്റ്‌ പാർടിയുടെ ഒപ്പം നിൽക്കണമെന്നും ആണ് സഖാവ്  യച്ചൂരിയുടെ  ആഹ്വാനത്തിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം. ഭൂരിപക്ഷം വരുന്ന 'പാൻ  ഹിന്ദു പ്ലാറ്റ്ഫോമിൽ' ഇടിച്ചു കയറാതെ തങ്ങൾക്കും രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ മാർക്സിസ്റ്റ്‌ പാർടിയുടെ സ്വത്വരാഷ്ട്രീയ ആഭിമുഖ്യം മറ നീക്കി പുറത്തു വരികയാണ് യച്ചൂരിയുടെ ഈ ലേഖനത്തിൽ.  മാർക്സിസ്റ്റ്‌ പാർടിക്ക് വേണ്ടി സ്വത്വരാഷ്ട്രീയത്തെ, വിശേഷിച്ചും ദളിത് സ്വത്വരാഷ്ട്രീയത്തെ അടിച്ചമർത്താൻ ക്വട്ടേഷനെടുത്ത 'ട്രോൾസ്കികൾ' ( 'സ്വത്വരാഷ്ട്രീയം=ഇടതുവിരുദ്ധം' എന്ന സമവാക്യത്തിൽ മാത്രം ശബ്ദിക്കുന്നവർ) ഇക്കാര്യത്തിൽ    തീർത്തും നിശബ്ദത പാലിക്കുകയാണ് ചെയ്യുക.  

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ എന്ന സ്വത്വപരിഗണനയിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ 'ഇന്ത്യ' എന്ന ജനാധിപത്യ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് നിലകൊള്ളുന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതുപോലെ വ്യത്യസ്ത ജാതികൾ 'ഹിന്ദുത്വ' എന്ന പ്ലാറ്റ്ഫോമിൽ ഒരുമിക്കുന്നതായി സഖാവ് കാരാട്ട് തന്നെ സൂചിപ്പിക്കുന്നു. അതായത് സ്വത്വം എന്നത് എല്ലായ്പ്പോഴും വിഘടിപ്പിക്കുകയും ശിഥിലീകരിക്കുകയും മാത്രം ചെയ്യുന്ന സംഗതിയല്ല. സ്വത്വ പരിഗണനകളെ താൽക്കാലികമായെങ്കിലും മറികടന്ന് ഒരുമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുവാൻ ചില ആശയങ്ങൾക്ക് കഴിയുകയും ചെയ്യും. നിലവിൽ ഹിന്ദു/മുസ്ലിം/കൃസ്ത്യൻ/സവർണ/ദളിത്/സ്ത്രീ/പുരുഷൻ/തൊഴിലാളി എന്നിങ്ങനെ വിവിധ സ്വത്വമിശ്രിതങ്ങൾ മാർക്സിസ്റ്റ്‌ പാർടിയുടെ പ്ലാറ്റ്ഫോമിൽ ഒരുമിക്കുന്നതും ഇതിനു ഉദാഹരണമാണ്. പാർടി മാർക്സിസ്റ്റ്‌ വിരുദ്ധം എന്നു പറഞ്ഞാൽ ഉടൻ തങ്ങളുടെ ഹിന്ദു സ്വത്വം ഉപേക്ഷിക്കാൻ  അംഗങ്ങൾ തയ്യാറാവുകയില്ല. നേരേ മറിച്ച് ഹിന്ദു സ്വത്വം മുറുകെ പിടിച്ച്  ക്ഷേത്രപ്രവർത്തനങ്ങളിലും മറ്റും സജീവമായി പങ്കു ചേരുന്ന പാർടി അംഗങ്ങൾ നിരവധിയുണ്ട്. 


നാലാം മൂലക്കല്ല് 
We should recognise that identity politics gets a response from those communities and sectors who face social oppression and are marginalised in society. The question of the identity of tribal
communities who are facing destruction of their habitat, cultures and way of life is a case in point. That is why the Party stressed in its 18th Congress the importance of taking up these social issues.
When such issues and the struggles connected with them are integrated with the class struggle and the wider platform of the democratic movement, it will help to counter the sectarian identity politics.
There will be occasions when in the development of broad movements we will have to take up some of the issues which are championed by groups adhering to identity politics. For instance when we take up the cause of dalits and fight against caste oppression we may have to join hands with such groups in some places where they have mobilised people. This may apply to some other groups and organisations too. But we have to be vigilant not to allow their sectarian and divisive approach on to the common platform. We should not compromise our basic approach when we are engaged in a common platform. We should also educate our Party members and followers regarding our attitude to these groups and our demarcation from them.


ദളിതരുൾപ്പെടെ സാമൂഹ്യമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ സ്വത്വരാഷ്ട്രീയത്തെ വർഗസമരവുമായി ഇന്റഗ്രേറ്റ് ചെയ്ത് വിശാലമായ ജനാധിപത്യ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നത്  സ്വത്വരാഷ്ട്രീയത്തിന്റെ വിഘടനസ്വഭാവത്തെ പ്രതിരോധിക്കാൻ സഹായകരമാവുമെന്ന് സഖാവ് കാരാട്ട് വ്യക്തമാക്കുന്നു.  അതിലെല്ലാമുപരി, ചില സാഹചര്യങ്ങളിൽ  ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെ ജനമുന്നേറ്റം സൃഷ്ടിക്കുന്ന ദളിത് സ്വത്വരാഷ്ട്രീയക്കാരുമായി കൈകോർത്ത് പ്രവർത്തിക്കേണ്ടതായി വരുമെന്നും അനുഭാവപൂർവ്വം പ്രഖ്യാപിക്കുന്നുണ്ട് സഖാവ് കാരാട്ട്.  ഈ വിഷയത്തിൽ പാർടി അംഗങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും പറയുന്നു.  

ഞാൻ മനസ്സിലാക്കിയിടത്തോളം കമ്മ്യൂണിസ്റ്റ് പാർടിയിൽ ദളിത് സ്വത്വരാഷ്ട്രീയത്തോട് അല്പമെങ്കിലും അനുഭാവം തുറന്ന്  പ്രകടിപ്പിച്ചിട്ടുള്ളവർ പ്രകാശ് കാരാട്ടും, ബൃന്ദാ കാരാട്ടും മാത്രമാണ്.  ഇവരുടെ   അനുഭാവത്തിന്റെ നേരിയ  പൊടി പോലും പക്ഷേ പാർടിയുടെ ഔദ്യോഗിക പ്രമേയത്തിൽ കടന്നു വരാതെ ഉപേക്ഷിച്ചിരിക്കുന്നതായി കാണാം. പാർടിക്കുള്ളിലെ ബദ്ധശ്രദ്ധാലുക്കളായ 'ഒരു വിഭാഗം' ഉണർന്ന് പ്രവർത്തിക്കുന്നതിന്റെ അടയാളമാണ് ഈ ഉപേക്ഷിക്കലുകൾ. 

പാർടിക്ക് പുറമേയുള്ള വ്യത്യസ്ത സ്വത്വരാഷ്ട്രീയ സംഘടനകളെ വിശാലമായ ഇടതുപ്ലാറ്റ്ഫോമിൽ ഒത്തൊരുമിപ്പിക്കാനുള്ള പാർടിയുടെ തന്നെ നിർദേശങ്ങൾക്ക് ഘടകവിരുദ്ധമായി ഒരു പ്രത്യേക വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നിലവിൽ സീപീയെം എന്ന പേരിൽ കേരളത്തിലെ ചില വിഭാഗം ആളുകൾ നടത്തി വരുന്നത്.  ദളിതർ നേരിടുന്ന ജാതീയ അടിച്ചമർത്തലുകളെ ഉൾക്കൊള്ളാൻ മടിക്കുന്ന, തികച്ചും യാന്ത്രികമായി 'വർഗസമര മന്ത്രം' മാത്രം ഉരുവിട്ട് കഴിയുന്ന പാർടിയിലെ 'ഒരു വിഭാഗത്തെപ്പറ്റി'  ബൃന്ദാ കാരാട്ടും  എഴുതിയിട്ടുള്ളതും  ഇവിടെ ശ്രദ്ധേയമാണ്.
  

സൂക്ഷ്മതലവിശകലനം (പാർടിയുടെ സ്വന്തം 'ഉത്തരാധുനികത')

2008-ലെ രാഷ്ട്രീയ പ്രമേയത്തിൽ സ്വത്വരാഷ്ട്രീയം പാർടിക്ക് സംഘടനാതലത്തിൽ  വളരെ 'ഗുരുതരമായ വെല്ലുവിളിയും' പ്രശ്നങ്ങളും ഉയർത്തുന്ന 'ഭീകരാവസ്ഥ' നമ്മൾ വായിച്ചറിഞ്ഞല്ലോ. ഇനി ഇതേ 2008-ലെ പാർടിയുടെ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് നമുക്കൊന്ന് പരിശോധിച്ച് നോക്കാം. കാരണം ഇത്രയും പ്രശ്നവൽക്കരിക്കാൻ മാത്രം പാർട്ടിയെ സ്വത്വരാഷ്ട്രീയം പ്രതികൂലമായി  ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രതിഫലനം സംഘടനാ തലത്തിൽ തന്നെ വെളിപ്പെടണമല്ലോ. ഇവിടെ  രസകരമായ ഒരു സംഗതി കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. രാഷ്ട്രീയം സൂക്ഷ്മതലത്തിൽ എങ്ങനെ വിശകലനം ചെയ്തു നടപ്പിലാക്കപ്പെടുന്നു (micro and local) എന്നതിന് ഉത്തമ 'ഉത്തരാധുനിക' ഉദാഹരണമാണ് സിപിഎമ്മിന്റെ ഈ  സംഘടനാ റിപ്പോർട്ട്.


Party Membership Figures:
2004 -8,67,763
2007- 9,82,155
Increase- 1,14,392
% of increase 13.18
ഇക്കാലയളവിൽ  പാർടിയുടെ മൊത്തം അംഗത്വത്തിൽ 13.18% വർദ്ധനവുള്ളതായി റിപ്പോർട്ട് പറയുന്നു. ഇതിൽ പ്രയോറിറ്റി സ്റ്റേറ്റുകളിലും, ഹിന്ദി-സംസാരിക്കുന്ന സ്റ്റേറ്റുകളിലും അംഗത്വം വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. നിരവധി ബഹുജനസംഘടനകൾ കൂടി ഉൾപ്പെടുന്നതാണ് സി.പി.ഐ.എം എന്ന പാർടി.
ചിത്രം-12 

ബഹുജനസംഘടനകളിലെ അംഗത്വം 25.7% റെക്കോഡ്  വർദ്ധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ചിത്രം-12)!. അതായത് സംഘടനാ തലത്തിൽ ഇപ്പറയുന്നത്ര 'ഗുരുതരമായ' ഒരു പ്രശ്നം ഇക്കാലയളവിൽ ഉണ്ടായിട്ടില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.  അപ്പോൾ പിന്നെ സ്വത്വരാഷ്ട്രീയം (അതും ദളിത് സ്വത്വരാഷ്ട്രീയം!)  ഒരു ഗുരുതരമായ വെല്ലുവിളിയും സംഘടനാ പ്രശ്നവും ആകുന്നതെങ്ങിനെയാണ്?

അതിലേക്കുള്ള ചില സൂചനകളും ഇതേ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിലുണ്ട്. പ്രസ്തുത റിപ്പോർട്ടിലെ ജാതി/മതം തിരിച്ചുള്ള അംഗത്വ സംഖ്യ നമുക്കൊന്ന് പരിശോധിക്കാം.
 
ചിത്രം 13


ചിത്രം 14 

പട്ടികജാതിക്കാരുടെ മൊത്തം ശതമാനം 19.93 %. പട്ടികവർഗം 6.45% (ചിത്രം 13 , ചിത്രം 14 ). ഇതിൽ സംസ്ഥാനതലത്തിലുള്ള അംഗത്വം നോക്കുക (ചിത്രം 13 ). ബംഗാളിനെ  അപേക്ഷിച്ച് കേരളത്തിലും (0.89%,  കുറവ്) ത്രിപുരയിലും പട്ടികജാതിക്കാരുടെ എണ്ണം അല്പം കുറവ് വന്നിട്ടുണ്ട് . പട്ടികവർഗക്കാരുടെ എണ്ണത്തിലും മൊത്തത്തിൽ  വർദ്ധനയുണ്ടായെങ്കിലും കേരളം മാത്രം  അല്പം പിന്നോട്ട് പോയി (0.14% കുറവ്). പഞ്ചാബ് പോലെ പാർടി മൊത്തത്തിൽ പിന്നോട്ട് പോയ സംസ്ഥാനത്തിലും പട്ടികജാതിക്കാരുടെ  അംഗസംഖ്യയിൽ  വൻ വർദ്ധന (15.2%) ഉണ്ടായ ഇക്കാലയളവിൽ പാർടിയുടെ 'അഭിമാനസ്തംഭമായ' കേരളത്തിലുണ്ടായ ഈ ചെറിയ അംഗസംഖ്യക്കുറവ് കേരളഘടകത്തിന്റെ അഭിമാനത്തിനു സാരമായ ക്ഷതമേൽപ്പിച്ചു എന്നു വേണം കരുതാൻ. ഇതിന്റെ പ്രത്യാഘാതമാവണം,  ദളിത് സ്വത്വരാഷ്ട്രീയത്തെ ഒരു അതീവ  ഗുരുതര സംഘടനാ പ്രശ്നമായി കേരളഘടകത്തിലെ ചില വിഭാഗക്കാർ  ഉയർത്തിക്കൊണ്ടു വന്നതും, പ്രമേയത്തിൽ അത് അംഗീകരിപ്പിച്ചതും എന്നു കരുതേണ്ടി വരും. സ്വത്വരാഷ്ട്രീയത്തെ മാർക്സിസ്റ്റ്‌-വിരുദ്ധ  പ്രത്യയശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിച്ച 2012-ലെ സംഘടനാ റിപ്പോർട്ട് പ്രകാരം പട്ടികജാതിക്കാരുടെ എണ്ണത്തിൽ 0.36% വർദ്ധനവും, പട്ടികവർഗക്കാരുടെ എണ്ണത്തിൽ 0.41% വർദ്ധനവും രേഖപ്പെടുത്തിയിരിക്കുന്നു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. 

മറ്റൊരു കാര്യം, പട്ടികജാതി, പട്ടികവർഗം, സ്ത്രീകൾ, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെ വ്യത്യസ്ത സ്വത്വ ഗ്രൂപ്പുകളെ വേർതിരിച്ച് അംഗസംഖ്യകൾ അവതരിപ്പിക്കുന്ന പാർടി പക്ഷേ മറ്റ് പ്രബല ഹിന്ദു സവർണ സ്വത്വങ്ങളെ പ്രത്യേകം  അടയാളപ്പെടുത്തുന്നതേയില്ല. ഹിന്ദു സവർണ സ്വത്വം പാർടി  എന്ന മുറിയിലെ അദൃശ്യനായ ആനയായി നിലകൊള്ളുന്നു എന്ന് ചുരുക്കം.

2008-ലെ സംഘടനാ റിപ്പോർട്ടിൽ നിന്നും മറ്റു ചില പ്രധാന കാര്യങ്ങളെക്കൂടി നമുക്ക് വിലയിരുത്തേണ്ടതുണ്ട്. ബഹുജന മുന്നേറ്റങ്ങളും പാർടിയും എന്ന തലക്കെട്ടിലുള്ള  വിഭാഗം പാർടിയുടെയും, ഇതര ബഹുജന സംഘടനകളുമായുള്ള  പരസ്പര  ബന്ധങ്ങളെ സംബന്ധിക്കുന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ധാരണകളെ നടപ്പിലാക്കുന്നതിനായി  അംഗീകരിക്കപ്പെട്ട നിർദേശങ്ങളും കർമ്മപരിപാടികളും  വിശദമായി പ്രതിപാദിച്ചിരിക്കുന്നു.  ബഹുജന സംഘടനകൾ,   രാഷ്ട്രീയ, ജാതി, വർഗീയ തലങ്ങളിൽ വിഘടിച്ച് നിലകൊള്ളുന്നതായും, ഒരു വലിയ വിഭാഗം അസംഘടിതരാണെന്നും വിലയിരുത്തിക്കൊണ്ട്, ഈ വിവിധ സംഘടനകളുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും,  ഇവരെയെല്ലാം  പ്രശ്നങ്ങളും ആവശ്യങ്ങളും അനുസരിച്ച് ഏകോപിപ്പിക്കുകയുമാണ് പാർടിയുടെ നിലപാടെന്ന് വ്യക്തമാക്കുന്നു.
ചിത്രം 15 
ശ്രദ്ധിക്കുക, ബഹുജനമുന്നേറ്റം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ജാതി മത വർഗീയ സംഘടനകളുമായുള്ളെ സഹകരണം അത്യാവശ്യമാണെന്ന് പാർടി തെളിച്ച് പറയുന്നു. ഇത്തരം സഹകരണത്തിലൂടെയേ പാർടിയുടെ വികസനം സാധ്യമാകൂ എന്നും സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർടി ഭരണഘടന അനുശാസിക്കുന്നതു പ്രകാരം ഇതിനു വേണ്ടി  പാർടി അംഗങ്ങൾ ഇത്തരം സംഘടനകളിൽ (പാർടി ഒഴിവാക്കിയില്ലെങ്കിൽ)  പ്രവർത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് (ചിത്രം 15). അതായത് 'പാർടി വിലക്കാത്തിടത്തോളം' ജാതി മത വർഗീയ  സംഘടനകളിൽ (ഇതിൽ ദളിത് സ്വത്വരാഷ്ട്രീയ സംഘടനകൾ ഉൾപ്പെടും എന്ന് തെളിച്ചു പറഞ്ഞിട്ടില്ല) പാർടി   അംഗങ്ങൾ നേരിട്ട്  പ്രവർത്തിക്കണമെന്നാണ്  പറയുന്നത്. ഇതിൽ നിന്നും ഇതര ബഹുജനസംഘടനകളിൽ പ്രവർത്തിക്കുന്നതിൽ പാർടി വിലക്കുന്നതും വിലക്കാത്തതുമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്ന്  വ്യക്തമാകുന്നു.

2008-ലെ ഈ സംഘടനാ റിപ്പോർട്ടിൽ പറയുന്നതു പ്രകാരമുള്ള ബഹുജന  മുന്നേറ്റത്തിലും സ്വത്വരാഷ്ട്രീയ സംഘടനകളിലും (പ്രത്യേകിച്ചും ദളിതരുടെ സ്വത്വരാഷ്ട്രീയ സംഘടനകളിൽ) താത്പര്യമില്ലാത്ത,  അതിനോട് കടുത്ത വിരോധമുള്ള, പാർടിയിൽ തന്നെ പ്രബലരായ  'ഒരു വിഭാഗം' ആളുകൾ,  ബോധപൂർവ്വം ഇത്തരം സംഘടനകളെയും മുന്നേറ്റങ്ങളെയും മുളയിലെ  തകർക്കുവാനും, പാർടിയെക്കൊണ്ട് കരിമ്പട്ടികയിൽ പെടുത്തി വിലക്കാനും ശക്തമായ ആസൂത്രണങ്ങൾ നടത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. താരതമ്യേന നിസ്സാരമായിരുന്ന  സംഘടനാ പ്രശ്നത്തെ ഊതിപ്പെരുപ്പിച്ചും, സ്വത്വരാഷ്ട്രീയ വിവാദം സൃഷ്ടിച്ചും, 2012 ആയപ്പോഴേക്കും  രാഷ്ട്രീയ പ്രമേയവും, പ്രത്യയശാസ്ത്ര പ്രമേയവും ഒക്കെയായി ദളിത് സ്വത്വരാഷ്ട്രീയത്തെ മാർക്സിസ്റ്റ്-വിരുദ്ധതയിലേക്ക് സൈദ്ധാന്തികവൽക്കരിച്ചതിന്റെ നേട്ടവും ഇക്കൂട്ടർക്ക് തന്നെ എന്ന് വ്യക്തം. 

പാർട്ടിയിലെ  ഈ "ഒരു വിഭാഗം" സ്വത്വരാഷ്ട്രീയ വിരുദ്ധരെക്കുറിച്ച്  പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ബൃന്ദാ കാരാട്ട് ഒരു ലേഖനത്തിൽ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ.

[തുടരും... ]

അവലംബം
1. http://www.cpim.org/party-congress
2. http://www.cpim.org/the-marxist

Post a Comment