അന്ധത

മിന്നല്‍ക്കരം പിളര്‍ത്തിയ
തെങ്ങിന്‍ നെറുകയില്‍
ഒറ്റക്കണ്ണന്‍ കാക്ക
നിലവിളിക്കുമ്പോള്‍
വിരുന്നുകാരെത്തുമെന്ന്...
ദ്രവിക്കുമാമാശയത്തില്‍
വിശപ്പിന്റെ പൂച്ചകള്‍
മുഖം കഴുകുമ്പോള്‍
അതിഥികളാരോ വരുമെന്ന്...
പണിപ്പെട്ട്
പകലുറക്കത്തിന്‍
പടിക്കലെത്തുമ്പോള്‍
വാതില്‍ക്കലാളനക്കം!
നരച്ച പകലില്‍,
വേര്‍ത്ത കൈകളില്‍
വക്കു പൊട്ടിയ പാത്രം നീട്ടി
പിഴയ്ക്കാത്ത ശകുനമായി
കുരുടി നില്‍ക്കുന്നു.
ഒക്കത്ത്,
കണ്ണുള്ളവന്‍
ഇടവഴിയിലെ ഇരുട്ടില്‍
കഴുവേറ്റിയ കാമത്തിന്റെ
പാല്‍മയമില്ലാത്ത
കുരുന്നു പുഞ്ചിരി.
പാത്രത്തില്‍,
പൊള്ളിക്കിടക്കുന്നു
ചിരപുരാതനം
ദയതന്‍ ചില്ലറത്തുട്ടുകള്‍.
തരക്കേടില്ലാ
കാഴ്ചയെന്നകമേ
തുറക്കുന്നൂ,
വെറിയന്‍ കണ്ണുകള്‍!
ഒരു നൊടിയില്‍
വലിച്ചകത്താക്കി-
ക്കരുത്തു കാട്ടി-
യിരുട്ടിലാഴ്ന്ന്
സ്ഖലിച്ചു പൊങ്ങുമ്പോള്‍,
അരികിലൊരു
കുഞ്ഞിന്‍ കനത്ത
നിശബ്ദത!
‘വിശപ്പൊടുക്കി’
വിയര്‍ത്തെണീറ്റ്,
വളര്‍ത്തുനായതന്‍ കെട്ടഴിച്ച്,
കതകടയ്ക്കുമ്പോള്‍,
കാഴ്ച്ചയില്ലാത്ത
ദൈവങ്ങളെ പ്രാകി
പാതിജീവനെ ചേര്‍ത്ത് വെച്ച്
കുരുടിയോടുന്നു.
പാപനാശം,
ഭക്തിമാര്‍ഗ്ഗം!
തിരുപ്പതിയും,
തീര്‍ത്ഥാടനവും കഴിഞ്ഞ്
രാത്രി വീടെത്തുമ്പോള്‍,
ക്ഷീണനേത്രത്തിലാഞ്ഞു കൊത്തുന്നു
കൂരിരുട്ടിന്‍ കരാളസര്‍പ്പങ്ങള്‍.
നിറമിഴികളില്‍
വിഷദന്തമൂര്‍ച്ചകള്‍.
ഇരുള്‍വഴികളില്‍
ശീത്ക്കാരവേഗങ്ങള്‍.
ഉടഞ്ഞുവീഴുന്നൂ
കാഴ്ച്ചതന്‍ സ്ഫടികം!
വെളിച്ചമെല്ലാമൊലിച്ചു
പൊയ്പ്പോയി,
പുലരിസൂര്യന്‍ വെറും
ചുടുസ്പര്‍ശമാകവെ,
തിരിച്ചറിഞ്ഞു ഞാന്‍
വിശന്നു ചുറ്റും മുരണ്ടടുക്കുന്ന
വഴികാട്ടിനായ്ക്കള്‍തന്‍
ചോരക്കിതപ്പുകള്‍.
ചെറുത്തുനില്‍ക്കാതെ
കീഴടങ്ങവേ
തിരിച്ചറിഞ്ഞില്ല ഞാന്‍
എന്റെ വളര്‍ത്തു നായതന്‍
കൂര്‍ത്ത പല്ലുകള്‍.
തമസ്സുരുകി
തളം കെട്ടി നില്‍ക്കും
നനുത്ത പാളത്തില്‍
കഴുത്ത് ചേര്‍ത്ത്
കാതൊരുക്കി
കുരുടി തേങ്ങുന്നു...
ഉരുക്കുപാളത്തില്‍
ചതഞ്ഞരഞ്ഞൊരു
കുരുന്നു പുഞ്ചിരി
പൊലിഞ്ഞുപോകുന്നു.
കെട്ട കാഴ്ച്ചയില്‍
ഉള്ളുപൊള്ളിത്തിളച്ച
ദൈവങ്ങള്‍
കൊടിയ ശാപത്തിന്‍
കെട്ടഴിച്ച് കതകടയ്ക്കുമ്പോള്‍,
വംശവൃക്ഷത്തിന്‍
പരാഗനേത്രങ്ങളില്‍
ഇരുട്ട് കൊത്തുന്നു.
വസന്തമെത്തി
മിഴിവാതില്‍
തുറന്നുവെയ്ക്കുമ്പോള്‍,
പിറവിയുടെ ചില്ലയാകെ
അന്ധതയുടെ
ജനിതകം പൂക്കുന്നു!



21 Comments:
അന്ധത.
വളരെക്കാലങ്ങള്‍ക്കു ശേഷം ഒരു പോസ്റ്റ് സമര്‍പ്പിക്കുന്നു.
ഇതു മനോഹരം... പൊള്ളുന്ന കവിത..
മനോഹരം..
തീക്ഷ്ണ്മായ വരികള്‍..
ഓന്നോടിച്ചു വായിച്ചേയുള്ളൂ..
ഇനിയും വരാം..
എവിടെ പോയി, യാത്രാ മൊഴി എവിടെ പോയി എന്നു കരുതി ഇരിക്കുമ്പോഴല്ലേ, ഓര്‍ക്കാപുറത്ത്, വര്‍ഷാവസാനത്തില്‍ ഒരു കിണ്ണങ്കാച്ചി കവിതയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
കവിതയെകുറിച്ച് അഭിപ്രായം പറയാന്‍ ഞാനാളല്ല എങ്കിലും വളരെ നന്നായിരിക്കുന്നു. വേദനയില്‍ അല്ലെങ്കില്‍ നൊമ്പരത്തില്‍ കുതിര്‍ന്ന വരികളാണല്ലോ ഒട്ടുമിക്കതും.
മച്ചാന്‍
മൌനം ഭഞ്ജിച്ച് പുറത്തേയ്ക്കുള്ള വരവ് കലക്കി
കവിത വല്ലാതെ പൊള്ളിയ്ക്കുന്നു.
കരുത്താര്‍ന്ന രചന.ചില ബിംബങ്ങള്‍ വിശപ്പിന്റെ പൂച്ചകളുടെ മുഖം കഴുകല്‍ ,ക്ഷീണനേത്രത്തില്‍ ആഞ്ഞുകൊത്തുന്ന സര്‍പ്പങ്ങള്‍ തുടങ്ങിയവ പുതുമയുള്ളവയാണ് .ഇഷ്ടമായി.
‘കെട്ട കാഴ്ച്ചയില്‍
ഉള്ളുപൊള്ളിത്തിളച്ച
ദൈവങ്ങള്‍
കൊടിയ ശാപത്തിന്‍
കെട്ടഴിച്ച് കതകടയ്ക്കുമ്പോള്‍,
വംശവൃക്ഷത്തിന്‍
പരാഗനേത്രങ്ങളില്‍
ഇരുട്ട് കൊത്തുന്നു.
വസന്തമെത്തി
മിഴിവാതില്‍
തുറന്നുവെയ്ക്കുമ്പോള്‍,
പിറവിയുടെ ചില്ലയാകെ
അന്ധതയുടെ
ജനിതകം പൂക്കുന്നു.'
ഈ രണ്ട് ഖണ്ഡങ്ങളിലെ 'വിഷ്വല്‍ 'അപാരം.അഭിനന്ദനങ്ങള്‍.
മാഷെ ഗംഭീരം.
-സുല്‍
ബിംബങ്ങള്ളിലൂടെ ചിരപരിചിതമായ സ്ഥലങ്ങളിലേയ്ക്കു കൂട്ടി ക്കൊണ്ടു പോകുന്നു.
അഭിനന്ദനങ്ങള്‍.
വളരെ നന്നായിട്ടുണ്ട്.
കണ്ണുണ്ടായിട്ടും, നല്ലത് കാണാന്‍ ശ്രമിക്കാത്തവര്‍.
കുരുടിയെപ്പോലെ ജീവന്‍ ത്യജിക്കേണ്ടി വരുന്നവര്‍.
ജീവിതം വെറും മായക്കാഴ്ചയാവുന്നു.
എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
ഈ കവിതക്ക് 17 പേരുകള്‍ ഇടാമല്ലോ എല്ലാം അര്‍ത്ഥവത്തായ വരികള്‍ .. വളരെ നന്നായിരിക്കുന്നു ഒന്നിനൊന്ന് മെച്ചം
നന്ദി
തീവ്ര അമ്ലം! ആസ്വദിച്ചു.
തലക്കെട്ട് ഷുസെ സരമാഗു വിനെ ഓര്‍മ്മിപ്പിച്ചു.. കവിത മനോഹരം..സരമാഗുവിന്റെ അന്ധത എന്നെ പൊള്ളിച്ചത് ഒരു കവിതയായി മാറൂകയും ചെയ്തിരുന്നു.
അഭിനന്ദനങങള്‍.
കണ്ണൂരാന്‍,
നന്ദി.
അത്തിക്കുര്‍ശി,
നന്ദി... വീണ്ടും വരിക.
കുറുമാനേ,
മുടിയാനായിട്ട് ഈ തിരക്കൊന്നൊഴിഞ്ഞിട്ട് വേണ്ടെ. ഇങ്ങനെ മുങ്ങിയും പൊങ്ങിയും കഴിയാനേ പറ്റുന്നുള്ളൂ.
നന്ദി. കരുതലുകള്‍ക്ക്...
തഥാഗതന്‍ മച്ചാ,
മനസ്സെപ്പോഴും ഉണര്‍വ്വിലാണു. വിരല്‍തുമ്പിലേക്ക് പിടഞ്ഞുവരുന്നിടത്താണു മടിയും മൌനവും ചേക്കേറുന്നത്. നന്ദി...
വിഷ്ണു മാഷേ,
സൂക്ഷ്മമായ വായനയ്ക്കും, വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
സുല്‍,
നന്ദി.
വേണു,
നന്ദി.
സു,
നന്ദി. ജീവിതം വെറും മായക്കാഴ്ച്ചയൊന്നുമല്ല. അതൊക്കെ ചില തട്ടിപ്പുവീരന്‍മാര്‍ പറഞ്ഞുവെച്ച “ജ്ഞാനകണം” അല്ലിയോ!
വിചാരം
നന്ദി.
ബാബു മാഷേ,
നന്ദി.
ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
മാധവിക്കുട്ടി,
നന്ദി.
സരമാഗുവിന്റെ അന്ധത ഒരു “ഞെട്ടല്‍” ആയി ഇപ്പോഴും ഉള്ളിലുണ്ട്.
അന്ധത വായിച്ചു. ആശയത്തേക്കാള്‍ ആവിഷ്കാരമാണ് എനിക്കിഷ്ടപ്പെട്ടത്.
qw_er_ty
സന്തോഷ്,
വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി.
കവിതപോലെതന്നെ എനിക്കാഫോട്ടോയും റൊമ്പ പിടിച്ചു. beautiful
അപ്പു,
നന്ദി!
പൊള്ളുന്ന വരികള്‍... യാത്രമൊഴീ അസ്സലായിരിക്കുന്നു. കവിതയും അതിന് മുകളിലെ ചിത്രവും.
നല്ല ആശയം, മനോഹരമായ ആവിഷ്കാരം!
:)
Post a Comment
Links to this post:
Create a Link
<< Home