Tuesday, January 03, 2006

കാഴ്ച്ചയുടെ നോവുകള്‍

കുമളിയില്‍ നിന്നും (തമിഴ്‌ നാടിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കേരളത്തിലെ ഭംഗിയുള്ള ഒരു സ്ഥലം) ബാംഗ്ലൂരിലേക്കുള്ള ഒട്ടനവധി യാത്രകളില്‍, എന്റെ മനസ്സില്‍ തങ്ങി നിന്ന കാഴ്ച്ചയുടെ നോവുകളില്‍ ഒന്നാണിത്‌. തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലെ അറവുശാലകളിലേക്കു നടത്തിക്കൊണ്ടു വരുന്ന "കന്നുകാലികളുടെ" (ഇതില്‍ കാളകളും, പശുക്കളും, ചിലപ്പോള്‍ പശുക്കുട്ടികളും കാണും) ദയനീയ ചിത്രം. ക്രൂരതയുടേയും പീഢനത്തിന്റേയും ഈ ആസുരകൃത്യം ഇപ്പോഴും തുടരുന്നു (ഇപ്പോള്‍ ലോറികളില്‍ കുത്തിനിറച്ചാണു കടത്തെന്നു മാത്രം: മനുഷ്യര്‍ പുരോഗമിക്കുന്നു!).ഈ യാത്രയ്ക്കു അല്‍പ്പം ദൈര്‍ഘ്യമുണ്ടു സുഹൃത്തുക്കളെ.... ക്ഷമയോടെ തുടങ്ങിയാലും....
കാഴ്ച്ചയുടെ നോവുകള്‍

താഴ്വര തോറും പരക്കുന്ന
പാര്‍വ്വണമതിഗൂഢ മന്ദസ്മിതം
തൂകുന്ന രാത്രി...
മരങ്ങളില്‍, ഇലത്തുമ്പുകളില്‍
വിഷാദരാഗങ്ങളുണര്‍ന്നു പാടുന്നൂ..
മഴ...
മനസ്സിന്റെയുള്‍ക്കാടിലൊരു വന്യഗീതകം.

കാഴ്ച്ചകള്‍ ഓടിയടുക്കുന്നു,
അകലുന്നു, പിന്നെയുമടുക്കുന്നു
യാത്രതന്‍ ഭാവപ്പകര്‍ച്ചകള്‍...

അകലെ,
തെരുവോരങ്ങളില്‍ ചായുന്ന
വിളക്കുകാലില്‍
വെളിച്ചത്തിന്‍ ചിത മങ്ങിയെരിയുന്നു
തെളിയുന്നു മുന്നിലൊരു നിഴല്‍ച്ചിത്രം.

മൃതിയുടെ ശിരോലിഖിതങ്ങള്‍,
അടയാളമുദ്രകള്‍ ചാര്‍ത്തിയ
'കന്നു'കള്‍ കൂട്ടമായ്‌ നിരക്കുന്നു കണ്ണില്‍..
എരിയുന്ന മുളപ്പന്തമുയര്‍ത്തുന്നു* കാവലാള്‍,
മറുകയ്യില്‍ പിടയ്ക്കുന്നു ചാട്ടവാര്‍.
ചാട്ടവാറില്‍ പുളയുമീ കന്നിന്റെ രോദനം
മഴ നക്കിയെടുക്കുന്നു..

മരണം കൊളുത്തിപ്പിടിച്ച എണ്ണപ്പന്തം പോലെ,
കാവല്‍ക്കാരന്റെ കയ്യിലിരുന്ന് കന്നിനെ മേയ്ക്കുന്നു.
നനഞ്ഞ പാത മുന്നിലിരുണ്ടു നീളുന്നു
കാഴ്ച്ചകള്‍, വഴിയോരക്കാഴ്ച്ചകളകലുന്നു.

വ്രണിത പാദങ്ങളില്‍ തുളഞ്ഞു കേറും
തുരുമ്പിച്ച കുളമ്പുമായ്‌ വേച്ചുപോം കന്നിന്റെ
തോലുരിച്ചലറുന്നു ചാട്ടവാര്‍ പിന്നെയും..

കണ്ണീരു വറ്റിയ കണ്ണുകള്‍ കലങ്ങിയോ...?
ഹരിതമൌനങ്ങളുറങ്ങുമീ താഴ്വര തേങ്ങിയോ..?
മഴ മറയ്ക്കുന്നു കാഴ്ച്ചകളൊക്കെയും..
മനസ്സിന്റെയുള്‍ക്കാടിലൊരു വന്യഗീതകം..
മഴ കനക്കുന്നു വീണ്ടും.

ദേവഭാവനകള്‍ പ്രാര്‍ത്ഥനയാക്കിയ
ദിവ്യധേനുവിന്‍ വംശവിസ്മൃതിയാണു നാമെങ്കിലും
ഓര്‍മ്മകളില്‍ ഒരോടക്കുഴലിന്റെ രാഗധാരയില്‍
യാദവകുലഗാഥകളുറങ്ങുന്നുവെങ്കിലും
ചിരകാലബന്ധങ്ങള്‍ ശിരസ്സറ്റു വീണുപോയ്‌
ചിതതേടി അലയുന്ന കബന്ധങ്ങളായി നാം.

നടക്ക വേഗം നാമിനി,
ഇരുള്‍മൌനങ്ങളില്‍ വിളറിനീളുന്നൊരീ
മൃതിയുടെ ഒടുങ്ങാത്ത ദൂരങ്ങള്‍ താണ്ടുവാന്‍.
അറിയുക, ഈ യാത്രതന്നന്ത്യത്തില്‍
ഒരറവുശാലയില്‍ ചുടു നിണമൂറുന്ന
തേക്കിലപ്പൊതിയാണു* നമ്മള്‍ക്കു ജീവിതം.

കാറ്റു കയര്‍ക്കുന്നു പിന്നെയും
വഴിയിലീ ജീവിതചക്രങ്ങളൂര്‍ജ്ജം തിരക്കുന്നു.

വഴിവക്കിലൊരു വേള മഴച്ചാറ്റില്‍ തളരുമീ
ചെറിയ നാമ്പിന്റെ പരിഭവം കേട്ടുവോ..?
ഒരു പിടി തളിര്‍പ്പച്ചയിലൊടുങ്ങാത്ത
കൊടും വിശപ്പുള്ളിലെരിയുന്നുവെങ്കിലും
നാവൊതുക്കിയിളം പുല്ലിനോടോതിയോ
മെല്ലെ, യാത്രാമൊഴി.... ഇല്ല,
മടങ്ങി വരില്ലയിനിയീ വഴിയൊരിക്കലും..
കാണില്ല തമ്മില്‍..

ജന്മസാധനകളൊക്കെയും
കൊടുംഭാരമായ്‌ വിയര്‍ക്കുമീ യാത്രയില്‍,
കര്‍മ്മദോഷങ്ങളുപേക്ഷിച്ചു പോകുന്നു
നിത്യതമസ്സിന്റെ തീരങ്ങള്‍ തേടുവാന്‍..

മരണമൌനങ്ങള്‍
ചോരയില്‍ തളംകെട്ടി നില്‍ക്കുമീ
അറവുശാലയില്‍ ഊഴവും കാത്തിരിക്കയാണിപ്പൊഴും.
സഹയാത്രികന്റെ ശിരസ്സുണ്ടരികില്‍,
ഇവിടെ, ചോരയിറ്റി കിടക്കുന്നു മണ്ണില്‍.
തലയോട്ടി പിളര്‍ക്കുവാന്‍ ഉയര്‍ന്നു താഴുമൊരു
പുതിയ മൂര്‍ച്ചയെ കാത്തിരിക്കയാവാം.

ഉടല്‍ നഗ്നമായിക്കഴിഞ്ഞു,
ഇനി വരിക, മുറിക്കുക,
പങ്കു പാകത്തിനെടുക്കുക.
രുചിയുടെ രുധിരവസന്തങ്ങള്‍ വിടര്‍ത്തുവാന്‍
ചോരയിറ്റുമീ തേക്കിലപ്പൊതികളില്‍
നാവു കാത്തിരിക്കയായ്‌ ജന്മം.

മഴ കനക്കുന്നു പിന്നെയും...
കണ്ണിലീ കാഴ്ച്ചകള്‍ മറയുന്നു
ഹരിതമൌനങ്ങളുണരുന്നുവോ..?
മനസ്സിന്റെ ഉള്‍ക്കാടില്‍ ഉയരുന്നു പിന്നെയും
മൃതിതാള നിബദ്ധമാം ഒരു വന്യഗീതകം.
...............

*മുളയില്‍ തുണിചുറ്റി എണ്ണയൊഴിച്ചു കത്തിച്ചുണ്ടാക്കുന്ന പന്തം.
*തേക്കിലയില്‍ പൊതിഞ്ഞ്‌ ഇറച്ചി വിറ്റിരുന്നു നാട്ടിലെ അറവുശാലകളില്‍
Post a Comment